നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയാള്‍ ശശി

അയാള്‍ ശശി
രാധാമണിയുടെ വിളിക്കേട്ടാണ് മാധവേട്ടന്‍ അന്നുണര്‍ന്നത്‌ .നല്ലൊരു സുഖമായ ഒരു സ്വപ്നം കണ്ട് അത് ആസ്വദിച്ച് കിടക്കുകയായിരുന്നു മാധവേട്ടന്‍
“ഛെ നശിപ്പിച്ച് “ മുഖത്ത് നിന്ന് പുതപ്പ് നീക്കികൊണ്ട് മാധവേട്ടന്‍ മന്ത്രിച്ചു
“ഓ ...നിങ്ങളിപ്പോഴും അവളെ സ്വപ്നവും കണ്ടിരിക്കുകയായിരിക്കും അല്ലേ ...പിള്ളേരും പിള്ളേരുടെ പിള്ളേരുമായി ..എന്നിട്ടും അവളെ സ്വപനം കണ്ട് കിടക്കുകയാണ് നിരാശകാമുകന്‍ ..നാണമില്ലേ മനുഷ്യാ നിങ്ങള്‍ക്ക് “ കാലത്ത് തന്നെ ടോപ്പ് ഗിയറില്‍ ഇട്ടുകൊണ്ട്‌ രാധാമണി മാധവേട്ടനോട് പറഞ്ഞു.അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ ഇങ്ങനെയാ മര്യാദയ്ക്ക് ഒരു സ്വപ്നത്തില്‍ പോലും തന്‍റെ പഴയ കാമുകിയെ കാണാന്‍ സമ്മതിക്കില്ല .ഭര്‍ത്താക്കന്മാരുടെ സ്വപ്നം പോലും മനസ്സിലാക്കിക്കളയുന്ന പലവിദ്യകളും പഠിച്ചവരാണ് പല ഭാര്യമാരും.എന്നാലോ ഇവരുടെ സ്വപ്നം പോയിട്ട് സ്വഭാവം പോലും മനസ്സിലാക്കാന്‍ പറ്റാത്തവരാണ് ഹതഭാഗ്യരായ ഭൂരിഭാഗം ഭര്‍ത്താക്കന്മാരും.കാലത്തേ സുപ്രഭാതം അവളുടെ വായില്‍ നിന്ന് കേട്ട് എന്നാപിന്നെ എഴുന്നേല്‍ക്കാം എന്ന് പറഞ്ഞുക്കൊണ്ട് മാധവേട്ടന്‍ പുതപ്പൊക്കെ മാറ്റി കൈയൊക്കെ വിടര്‍ത്തി കട്ടിലില്‍നിന്നും എഴുന്നേറ്റു
“നിങ്ങള്‍ അറിഞ്ഞാ അപ്പുറത്തെ ജീവന്‍ സാറിന് ട്രാന്‍സ്ഫര്‍ ആയി ….അട്ടപ്പാടിയിലെയ്ക്ക് ആണത്രേ ട്രാന്‍സ്ഫര്‍ ...വീട് ഷിഫ്റ്റിംങ്ങിന് ഒരുത്തന്‍ പുറത്ത് വന്നു നില്‍ക്കുന്നുണ്ട് “ രാധാമണി മാധവേട്ടനോട് പറഞ്ഞു
“ട്രാന്‍സ്ഫറോ ? ജീവനും മീരയും ടൂറിന് എങ്ങോട്ടോ പോയിരിക്കുകയല്ലേ ? ട്രാന്‍സ്ഫര്‍ ആയ കാര്യം നമ്മളോട് പറഞ്ഞില്ലല്ലോ ..അതെന്ത് പണിയാണ് ജീവന്‍ കാട്ടിയത് “ മാധവേട്ടന്‍ പരിഭവത്തോടെ രാധാമണിയോട് പറഞ്ഞു
“ആ എനിയ്ക്ക് അറിയില്ല …ഷിഫ്റ്റിംങ്ങിന് വന്ന ആ ചെക്കന്‍ പറയുമ്പോഴാ ഞാനും അറിയുന്നെ “ അതും പറഞ്ഞുക്കൊണ്ട് രാധാമണി അടുക്കളയിലേയ്ക്ക് നടന്നു
“എന്നാലും ജീവന്‍ ഇതെന്ത് പണിയാ കാട്ടിയെ ...മാറുന്ന കാര്യം നമ്മളോടൊന്ന് പറയാതെ പോയി കളഞ്ഞല്ലോ “ മാധവേട്ടന്‍ ഷിഫ്റ്റിംങ്ങിന് വന്ന ആ ചെക്കന്‍റെ അടുത്തേയ്ക്ക് നടന്നു.വെളുത്ത ബനിയനും ഒരു ലുങ്കി മുണ്ടും എടുത്ത് തലയില്‍ തോര്‍ത്തുമുണ്ട് കെട്ടിയിട്ട് ഒരാള്‍ ജീവന്‍ സാറിന്‍റെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ ലോറിയിലെയ്ക്ക് കയറ്റികൊണ്ടിരിക്കുന്നു.മാധവേട്ടന്‍ അയാളെ നോക്കി ചിരിച്ചു
“എന്‍റെ പേര് മാധവന്‍ ...ഞങ്ങള്‍ ജീവന്‍റെ അയല്‍ക്കാര്‍ ആണ് ...ആ വീട്ടിലാണ്‌ താമസിക്കുന്നത് “ മാധവേട്ടന്‍ മാധവേട്ടന്‍റെ വീട് ചൂണ്ടിക്കാട്ടി അയാളുടെ പറഞ്ഞു
“ഓ “ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“ജീവന്‍ ട്രാന്‍സ്ഫര്‍ ആയ കാര്യമൊന്നും പറഞ്ഞില്ല...ഞങ്ങള്‍ ഇപ്പോഴാണ് അറിയുന്നത് “ മാധവേട്ടന്‍ സംഭാഷണം തുടര്‍ന്നു
“മം ...എന്നെ ഇന്ന് കാലത്ത് ജീവന്‍ സാറ് വിളിച്ചേല്‍പ്പിച്ചതാണ് ഈ ഷിഫ്റ്റിംങ്ങിന് പണി...ഈ സാധനങ്ങള്‍ എല്ലാം അട്ടപ്പാടിയില്‍ എത്തിക്കണമെന്നും പറഞ്ഞു പിന്നെ “ സാധനങ്ങള്‍ വണ്ടിയിലേക്ക് വെക്കുന്നതിനിടയില്‍ അയാള്‍ മാധവേട്ടന് മറുപടിയും കൊടുക്കുന്നുണ്ട്
“നിങ്ങളുടെ പേര് എന്താ “ മാധവേട്ടന്‍ അയാളോട് ചോദിച്ചു
“ശശി “ പേരുകേട്ടതും എന്തോ മാധവേട്ടന് ചിരിവന്നു .ചിരി അമര്‍ത്തിപ്പിടിച്ച് മാധവേട്ടന്‍ തുടര്‍ന്നു
“ശശി ഒറ്റയ്ക്കാണോ ഷിഫ്റ്റിംങ്ങിന് ? ഒറ്റയ്ക്ക് ഇതൊക്കെ കയറ്റാന്‍ ബുദ്ധിമുട്ടാവില്ലേ ? “
“വളരെ കുറച്ച് സാധനങ്ങളെയുള്ളൂ എന്നാണ് ജീവന്‍ സാര്‍ പറഞ്ഞത് ….പോലീസുകാരന്‍ അല്ലേ ….ഷിഫ്റ്റിംങ്ങിന് കാര്യമായി കാശ് വാങ്ങാനും പറ്റില്ല ...അപ്പൊ ഒറ്റയ്ക്ക് ചെയ്യാമെന്ന് വെച്ചു ...ആളുകള്‍ കൂടിയാല്‍ ലാഭം കിട്ടില്ല ..ഇങ്ങനത്തെ പണിയൊക്കെ ഒറ്റയ്ക്ക് ചെയ്യുമ്പോഴാണ് നമുക്കും മെച്ചം ...വീട്ടിലെ കാര്യം ഇത്തിരി കഷ്ടമാണ് ..ഇതില്‍ നിന്നൊക്കെ എന്തെങ്കിലും കിട്ടിയിട്ട് വേണം വീട്ടില്‍ കഞ്ഞികുടിക്കാന്‍ “ തോര്‍ത്തുമുണ്ട് കൊണ്ട് വിയര്‍പ്പ് തുടച്ചുകൊണ്ട് ശശി പറഞ്ഞു .ആ പറഞ്ഞത് മാധവേട്ടന്‍റെ മനസ്സിലൊന്ന് തട്ടി “പാവം... പ്രാരാബ്ദക്കാരന്‍ ആണെന്ന് തോന്നുന്നു “ മാധവേട്ടന്‍ മനസ്സില്‍ പറഞ്ഞു
“അകത്ത് കിടക്കുന്ന ആ കട്ടില്‍ ഒന്ന് പിടിയ്ക്കാന്‍ സഹായിക്കുമോ ? “ ശശി മാധവേട്ടനോട് ഒരു സഹായം ചോദിക്കും പോലെ ചോദിച്ചു
“അതിനെന്താ സഹായിക്കാല്ലോ “ മാധവേട്ടന്‍ സന്തോഷത്തോടെ മറുപടി കൊടുത്തു .രണ്ടുപേരും കൂടി കട്ടിലില്‍ പിടിച്ച് വണ്ടിയിലേക്ക് നടന്നു
“നല്ല വെയിറ്റ് അല്ലേ...തേക്കാണെന്ന് തോന്നുന്നു “ മാധവേട്ടന്‍ ശശിയോട്‌ ചോദിച്ചു
“ഹേയ് അല്ല ഇത് മലേഷ്യന്‍ ഇരുള്‍ ആണ് ….തേക്ക് ഇതിലും കനം കാണും ...നമ്മള്‍ ഇതെത്രേ കണ്ടിരിക്കുന്നു “ ശശി മാധവേട്ടന്‍റെ ചോദ്യത്തിന് മറുപടി നല്‍കി
“അതെങ്ങനെ ? “ മാധവേട്ടന്‍ ഒരു സംശയത്തോടെ ചോദിച്ചു
“എന്‍റെയൊരു ചങ്ങാതിയുടെ കടയില്‍ മരം കൊടുക്കാന്‍ പോകാറുണ്ട് ...അതുക്കൊണ്ടു അറിയാം “ അങ്ങനെ രണ്ടുപേരും കൂടി കട്ടില്‍ വണ്ടിയിലേക്ക് കയറ്റി
“നല്ല ചൂട് ...കുടിയ്ക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ ? “ മാധവേട്ടനെ നോക്കികൊണ്ട്‌ ശശി പറഞ്ഞു
“ഒരു മിനിറ്റ് “ മാധവേട്ടന്‍ വീട്ടിലേയ്ക്ക് നടന്നു .തിരിച്ചു വന്നത് ഒരു സ്റ്റീല്‍ ജഗില്‍ വെള്ളവുമായിട്ടായിരുന്നു
“ഇതാ കുടിച്ചോളൂ “ വെള്ളം ശശിയ്ക്ക് നേരെ നീട്ടികൊണ്ട് മാധവേട്ടന്‍ പറഞ്ഞു.
“മോരുവെള്ളം കിട്ടോ ? ഈ ചൂടിന് അതാണ് ബെസ്റ്റ്...തലയ്ക്ക് പിന്നെ നല്ല സുഖാ “ ജഗിലേയ്ക്ക് നോക്കികൊണ്ട്‌ ശശി പറഞ്ഞു .ആ ചോദ്യം മാധവേട്ടന് ഇഷ്ടപ്പെട്ടില്ലായെങ്കിലും അയാള്‍ വീണ്ടും വീടിന് അകത്തേക്ക് പോയി .തിരിച്ചുവന്നത് മോരുവെള്ളവുമായിട്ടായിരുന്നു.
“ഇത്ര പെട്ടന്ന് എല്ലാം കയറ്റി കഴിഞ്ഞോ “ മോരുവെള്ളം ശശിയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അതിശയത്തോടെ മാധവേട്ടന്‍ ശശിയോട്‌ ചോദിച്ചു
“ഏതാണ്ട് കഴിഞ്ഞു ...ഇനിയൊരു ഉരുളിയും ചെമ്പും കൂടി ബാക്കിയുണ്ട് ...ഇത് കഴിഞ്ഞ്‌ വേറൊരു ഷിഫ്റ്റിംങ്ങ് കൂടിയും ബാക്കിയുണ്ട് ..അതും ഇന്ന് തന്നെ ചെയ്യണം….ഞാന്‍ പറഞ്ഞല്ലോ ഇതില്‍ നിന്ന് എന്തെങ്കിലും കിട്ടിയിട്ടൊക്കെ വേണം വീട്ടില്‍ അരിവെയ്ക്കാന്‍ “
“പയ്യന്‍ ആള് കൊള്ളാല്ലോ ...പുതുതലമുറ ഇവനെപ്പോലെയുള്ള പയ്യന്മാരെ കണ്ട് പഠിക്കണം ...എന്താ അവന്‍റെ ഒരു ഉന്മേഷം ...എന്താ അവന്റെയൊരു ചുറുചുറുക്ക് ...മൂന്ന്‍ ബംഗാളി ചെയ്യണ്ട അല്ലെങ്കില്‍ നാട്ടിലെ യൂണിയന്‍ക്കാര്‍ ഒരു ദിവസംകൊണ്ട് ചെയ്യുന്ന കാര്യം കേവലം ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ത്തിരിക്കുന്നു ..കേമന്‍ തന്നെ “മാധവേട്ടന്‍ മനസ്സില്‍ പറഞ്ഞു
“വീട്ടില്‍ ആരൊക്കെയുണ്ട് “ മാധവേട്ടന്‍ വീണ്ടും ശശിയോട്‌ ചോദിച്ചു
“എനിയ്ക്ക് ഓര്‍മ്മ വരുന്നതിന് അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയി ...അമ്മയാണ് എന്നെയും മൂന്ന്‍ പെങ്ങമാരെയും വളര്‍ത്തിയത്‌ ...ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് അമ്മ ഒരു വശം തളര്‍ന്ന് കിടപ്പിലാവുന്നത് ….അതോടെ പഠിപ്പ് മുടങ്ങി ...പിന്നെ അവിടുന്ന് അങ്ങോട്ട്‌ ഞാന്‍ ഏറ്റെടുത്തു കുടുംബത്തെ ...വല്യ കഥയാണ് ചേട്ടാ ….ആ ചെമ്പ് കൂടിയും ഒന്ന് പിടിക്കാന്‍ സഹായിച്ചാല്‍ വല്യ ഉപകാരമായിരുന്നു “കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ശശി വീണ്ടും മാധവേട്ടനോട് ചോദിച്ചു
“അതിനെന്താ സഹായിക്കാല്ലോ “ അങ്ങനെ രണ്ടുപേരും കൂടി ചെമ്പ് എടുത്ത് വണ്ടിയിലേക്ക് കയറ്റി വെച്ചു
“ഇനിയും മോരുവെള്ളം വേണോ ? “ മാധവേട്ടന്‍ ശശിയോട്‌ ചോദിച്ചു
“ഹേയ് വേണ്ട “ ശശി ചിരിച്ചുകൊണ്ട് മാധവേട്ടനോട് പറഞ്ഞു .അങ്ങനെ അവസാനത്തെ സാധനവും കയറ്റി ശശി പോവാന്‍ തുടങ്ങുബോള്‍ മാധവേട്ടന്‍ അവന്‍റെ പോക്കറ്റിലേയ്ക്ക് രണ്ടായിരത്തിന്റെ ഒരു നോട്ട് വെച്ചുകൊടുത്തു .
“അയ്യോ അതൊന്ന് വേണ്ട “ശശി അത് വാങ്ങാന്‍ മടിച്ചു
“വെച്ചോളൂ...ഇരിയ്ക്കട്ടെ “
“വേണ്ട ചേട്ടാ ….സ്വന്തമായി അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന കാശെ നിലനില്‍ക്കുകയുള്ളൂ എന്ന് അമ്മ എപ്പോഴും പറയാറുണ്ട്...അതുകൊണ്ട് വേണ്ട ചേട്ടാ ….ഞാന്‍ വാങ്ങില്ല ഇത് “ ശശി കാശ് നിരസിച്ചു .
“എന്നാല്‍ ഞാന്‍ പോട്ടേ ...ചേട്ടന്‍ ഒരിക്കലും എന്നെ മറക്കില്ല “ ശശി മാധവേട്ടനോട് പറഞ്ഞു
“ങേ “ മാധവേട്ടന്‍ മനസ്സിലാവാതെ ചോദിച്ചു
“സോറി ….ചേട്ടനെ ഞാന്‍ ഒരിക്കലും മറക്കില്ല ...എന്നാല്‍ ഞാന്‍ പോട്ടേ “
“ശരി “ മാധവേട്ടനോട്‌ യാത്ര പറഞ്ഞ് ശശിയുടെ വണ്ടി നീങ്ങി .മാധവേട്ടന്‍ വീട്ടിലേയ്ക്ക് നടന്നു .കുറച്ച് സമയം കഴിഞ്ഞ് വീടിന് പുറത്ത് ഒച്ചപാടും പുകിലും കേട്ടാണ് മാധവേട്ടന്‍ വീടിന് പുറത്തേയ്ക്ക് വന്നത്
“ജീവന്‍ അല്ലേ അത് ..അതേലോ മീരയും ഉണ്ടല്ലോ കൂടെ ….ജീവന്‍ ട്രാന്‍സ്ഫര്‍ ആയി പോയില്ലേ അപ്പൊ “ മാധവേട്ടന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് ജീവന്‍റെ അടുത്തേയ്ക്ക് നടന്നു
“മാധവേട്ടാ വീട്ടില്‍ കള്ളന്‍ കയറി ….നോക്കിയേ സാധനങ്ങളെല്ലാം കൊണ്ടുപോയിരിക്കുന്നു” ജീവന്‍ മാധവേട്ടനോട്‌ പറഞ്ഞു
“അപ്പോ ജീവന് ട്രാന്‍സ്ഫര്‍ ആയില്ലേ ?” മാധവേട്ടന്‍ സംശയത്തോടെ ചോദിച്ചു
“ട്രാന്‍സ്ഫറോ ആര്‍ക്ക് ?...മാധവേട്ടന്‍ എന്തൊക്കെയോ പറയുന്നേ “
“അപ്പോ അത് ? അയാള്‍ ?ശശി ? “ മാധവേട്ടന്‍ ഒന്നും മനസ്സിലാവാതെ നിന്നു
“ഏത് ?ആര് ?ഇത് ശശി ? “ ജീവന്‍ തിരിച്ച് ചോദിച്ചു
“ഇല്ല ….ഞാനെ കണ്ടുള്ളൂ ..ഞാന്‍ മാത്രേ കണ്ടുള്ളൂ ...രാധാമണിയെ മോരുവെള്ളം കിട്ടോ ? മോരുവെള്ളം “ മാധവേട്ടന്‍ അതും പറഞ്ഞു വീട്ടിലേയ്ക്ക് നടന്നു.നടക്കുമ്പോഴും അയാള്‍ മനസ്സില്‍ ശശി ശശി എന്ന് പറയുന്നുണ്ടായിരുന്നു

Lijin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot