Slider

ഹൃദയത്തിനു സൗന്ദര്യമില്ലാത്തവര്‍....!!!

0
ഹൃദയത്തിനു സൗന്ദര്യമില്ലാത്തവര്‍....!!!
,.,.,..,.,.,.,.,.,.,.,.,.,.,.,.,.,.,.,.,.,.,.,...,.,.,.,.,.,.,.,,.,.,.,.,.,.,.,.,.
പതിവിലും നേരത്തേ, അടുക്കളപണികളൊക്കെ കഴിഞ്ഞ് ഉമ്മറത്ത്‌ വന്നിരുന്നപ്പോള്‍ ശരിക്കും ഒരു അങ്കം ജയിച്ചു വന്ന യോദ്ധാവിന്‍റെ സന്തോഷമായിരുന്നു എനിക്ക്.... ഇനി പതിവുള്ള പത്രപാരായണത്തിന്‍റെ സമയമാണ്. ഓരോ പേജിലെയും പ്രധാനവാര്‍ത്തകളൊക്കെ വായിച്ചു പോവുന്നതിനിടയ്ക്ക് ആ പേജില്‍ എന്‍റെ കണ്ണുകളുടക്കി....
അശ്വതി...പതിമൂന്നാം ചരമവാര്‍ഷികം...!!ചരമകോളത്തിലിരുന്ന് അച്ചുവിന്‍റെ ഫോട്ടോ എന്നെ നോക്കി പുഞ്ചിരിച്ചു. പക്ഷേ, ആദ്യമായി അവളുടെ ഫോട്ടോ ഇവിടെ കണ്ടപ്പോഴുണ്ടായ ഒരു മരവിപ്പ് ഇപ്പോള്‍ എനിക്കുണ്ടായില്ലെന്നത് സത്യം. കാരണം, അവള്‍ ഓരോര്‍മ്മയായി അവശേഷിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു...പാവം അച്ചു, വിവാഹക്കമ്പോളത്തില്‍ സൗന്ദര്യത്തിന്‍റെ പേരില്‍ ജീവന്‍ ഹോമിക്കപ്പെട്ടവള്‍....അവള്‍ എന്‍റെ മനസ്സിലേക്ക് ഓര്‍മ്മകളുടെ തീക്കനലുകള്‍ കോരിയിട്ടു....
അന്നും പതിവുപോലെ സ്കൂള്‍ ബസ്സിലെ അന്താക്ഷരിയും സൊറപറച്ചിലും കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഏകദേശം പത്തു മിനിട്ടുണ്ട് വീട്ടിലേക്ക്...എന്നെയും കാത്ത് ബോറടിച്ചിരിക്കുന്ന നാലുമണി പലഹാരങ്ങളെ മനസ്സില്‍ ധ്യാനിച്ചുക്കൊണ്ട് നടക്കുമ്പോഴാണ് ആ പിന്‍വിളി കേട്ടത്. അതേയ്, കുട്ടീ ഒന്ന് നില്‍ക്കൂ.. ഇതാരാണപ്പാ ഇങ്ങനെ വിളിക്കാന്‍ എന്നാലോചിച്ച് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ചുരുളന്‍ മുടിക്കാരി എന്നെ നോക്കി ചിരിക്കുന്നു...
" എന്നും വിചാരിക്കും പരിചയപ്പെടണമെന്ന്, എന്താ പേര്?". ഞാന്‍ എന്‍റെ പേര് പറഞ്ഞു. " എന്‍റെ പേര് അശ്വതി ന്നാ, ഏതു ക്ലാസ്സിലാ പഠിക്കുന്നത്?" അവള്‍ വിടാനുള്ള ഭാവമില്ല. "ഒമ്പതില്‍" എന്ന് ഞാന്‍ . "ഞാനും" എന്ന് അവളുടെ മറുപടി. "വീട്ടില്‍ ആരൊക്കെയുണ്ട്?" എന്നായി അടുത്തത്. അങ്ങനെ അവള്‍, സുരേഷ്ഗോപി ചേട്ടനെ പോലെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. അവളോട്‌ "bye" പറഞ്ഞു നടത്തം തുടര്‍ന്നപ്പോള്‍ എന്‍റെ നാലുമണി പലഹാരങ്ങളെ ഞാന്‍ മറന്നിരുന്നു..പകരം അവളെ കുറിച്ചോര്‍ത്തു. നന്നായി സംസാരിക്കുന്ന, ഇരുനിറത്തിലുള്ള , കാണാന്‍ ഒരു ആനച്ചന്തമൊക്കെയുള്ള ആ മിടുക്കിയെ എനിക്ക് ബോധിച്ചു എന്ന് സാരം.
കണക്കില്‍ ഞാന്‍ നല്ല മിടുക്കിയായിരുന്നതുക്കൊണ്ട് സംശയം തീര്‍ക്കാന്‍ ഇടയ്ക്ക് എപ്പോഴോ അവളുടെ വീട്ടില്‍ പോയി. കണക്കൊന്നും തലയില്‍ കയറിയില്ലെങ്കിലും ഒന്ന് മനസ്സിലായി.. കൊച്ചുകൊച്ചു കുസൃതികളിലൂടെ തന്‍റെ അനിയനെ ദേഷ്യം പിടിപ്പിച്ചും, അമ്മയെ കെട്ടിപ്പിടിച്ച് കൊഞ്ചിയും, മറ്റുള്ളവരെ സ്നേഹിച്ചും സന്തോഷിപ്പിച്ചും അവിടമൊക്കെ ഓടിനടക്കുന്ന ആ കൂട്ടുകാരിയെ എനിക്കും നല്ല ഇഷ്ട്ടമായെന്ന്....പിന്നീടുള്ള ദിവങ്ങളില്‍ ചിലപ്പോഴൊക്കെ അവള്‍ എന്നെ കാത്തു നില്‍ക്കുമായിരുന്നു. പ്രത്യേകിച്ച് പരീക്ഷയുള്ള ദിവസങ്ങളില്‍..അത് വേറെ ഒന്നിനുമല്ല കേട്ടോ, രണ്ടാള്‍ക്കും പരീക്ഷ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞാല്‍ വല്ലാത്തൊരു ആത്മനിര്‍വൃതിയായിരുന്നു..
പിന്നീട്, ദേശാടനപക്ഷികളെ പോലെ ഒരു കൂട്ടില്‍ നിന്ന്, മറ്റൊരു കൂട്ടിലേക്കുള്ള ചേക്കേറലുകള്‍ക്കിടയില്‍ എപ്പോഴോ എനിക്ക് ആ കൂട്ടുകാരിയെ നഷ്ട്ടപ്പെട്ടു..അതിനു ശേഷം കോളേജില്‍ പഠിക്കുന്ന കാലത്ത്, അവളെ അവിചാരിതമായി കണ്ടുമുട്ടി.... കാലം ഒരുപാട് മാറ്റങ്ങള്‍ തരുന്ന കൂട്ടത്തില്‍, അവള്‍ക്കും മാറ്റങ്ങള്‍ വന്നിരുന്നു. പഴയ ആ ഒമ്പതാം ക്ലാസ്സുക്കാരി ,അപ്പോള്‍ അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന ഒരു മുതിര്‍ന്ന കുട്ടി ആയിട്ടുണ്ടായിരുന്നു.
പിന്നെയും ദിവസങ്ങള്‍ കടന്നു പോയി. കോളേജില്‍ പോവുമ്പോള്‍ പത്രം വായിക്കുന്ന പതിവില്ലായിരുന്നിട്ടും അന്നെന്തോ, വെറുതേ, പത്രം എടുത്തു നോക്കി...അന്നാണ് ഞാന്‍ അച്ചുവിന്‍റെ ഫോട്ടോ ആദ്യമായി ഈ പത്രത്താളില്‍ കണ്ടത്...നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി, ചിരിച്ചുക്കൊണ്ടു നില്‍ക്കുന്ന അച്ചുവിന്‍റെ ഫോട്ടോ...ഒരുപാട് സ്വപ്നങ്ങളും, മോഹങ്ങളുമായി, പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആരോ പകര്‍ത്തിയ അവളുടെ വിവാഹഫോട്ടോകളില്‍ ഒന്ന്......!!!
ശരിക്കും ഒരു മിന്നല്‍പ്പിണര്‍ എന്നിലൂടെ കടന്നുപോയി....അത് അവളാവരുതെന്ന് സകല ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചുക്കൊണ്ട് പഴയ അയല്‍വാസികളിലൊരാളെ വിളിച്ചു..ആ ചേച്ചിയുടെ വാക്കുകള്‍ അവ്യക്തമായ സ്വരങ്ങളായി എന്‍റെ കാതുകളില്‍ മുഴങ്ങി..."എന്താ ചെയ്യാ മോളെ, പാവം..കല്ല്യാണം കഴിഞ്ഞിട്ട് നാല് മാസം ആവണേ ഉള്ളൂ.. അതിന്‍റെ ഒരു വിധി...ചെക്കന്‍ ഗള്‍ഫിലായിരുന്നു, വീട്ടുക്കാര്‍ വന്ന് പെണ്ണുക്കണ്ടു. ചെക്കന് ഫോട്ടോ അയച്ചുക്കൊടുത്തു..അയാള്‍ക്കും ഇഷ്ട്ടപ്പെട്ടു. ചെക്കന് ലീവ് കിട്ടാത്തതിനാല്‍ വീട്ടുക്കാര്‍ വിവാഹം ഉറപ്പിച്ചു. പിന്നെ, ചെക്കന്‍ വരുന്നത് കല്യാണത്തിന് ഒരാഴ്ച മുന്‍പ്..
കല്യാണത്തിനു ശേഷം, അവള്‍ക്കു ഭംഗി പോരാന്ന് പറഞ്ഞ് അയാള്‍ എന്നും അവളെ വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നത്രേ. , അവളും വീട്ടുക്കാരും ചേര്‍ന്നു അയാളെ പറ്റിച്ചതാണെന്ന്‍ അയാള്‍ കുറ്റപ്പെടുത്തി...അവള്‍ എത്ര കരഞ്ഞപേക്ഷിച്ചിട്ടും അയാള്‍ കനിഞ്ഞില്ല... അവളെ അയാള്‍ക്കിനി വേണ്ടാന്നും അവള്‍ അയാളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോയാലേ താന്‍ ഇനി നാട്ടിലേക്ക് മടങ്ങുവെന്നും അയാള്‍ പറഞ്ഞു..അയാള്‍ ലീവ് ക്യാന്‍സല്‍ ചെയ്ത് ഗള്‍ഫിലേക്ക് തിരിച്ചുപോയി...."
"അവള്‍ മരിക്കുന്ന അന്നും അയാള്‍ കുറേ വഴക്കു പറഞ്ഞുവത്രേ....ദയവുചെയ്ത് എന്‍റെ ജീവിതത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു തരൂ, വീടിനു മുന്നിലുള്ള റെയില്‍വേ ട്രാക്കില്‍ പോയി തലവച്ചൂടെ..ഇല്ലെങ്കില്‍ ഞാനത് ചെയ്യും, നിന്‍റെ മുഖം കണ്ടുക്കൊണ്ട് ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്" എന്നയാള്‍ പറഞ്ഞുവത്രേ..അതും പറഞ്ഞ് ആ കുട്ടി കുറെ കരഞ്ഞു. പിറ്റേന്ന് അവളുടെ അമ്മയും അനുജനും അമ്പലത്തില്‍ പോയി തൊഴുതുവരുമ്പോള്‍ കണ്ടകാഴ്ച ഒരു സാരിത്തുമ്പില്‍ പിടയുന്ന അവളെയാണ്... ജീവന്‍ രക്ഷിക്കാന്‍ പറ്റിയില്ല.. ആര്‍ക്കും ഒരു ശല്ല്യമാവാതെ അവള്‍ പോയി ഈ ലോകത്ത് നിന്നും"
എല്ലാം കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സങ്കടം വന്നു, അതിലേറെ അയാളോട് അടങ്ങാത്ത ദേഷ്യവും...ഒരാള്‍ക്ക് ഇത്ര ക്രൂരനാവാന്‍ പറ്റുമോ? ആ 'സുന്ദരനെ' എന്നെങ്കിലും നേരില്‍ കണ്ടാല്‍ ചോദിക്കണമെന്നു വിചാരിച്ചു..." എന്തിനാണ് ഒരു ചിത്രശലഭത്തെ പോലെ പാറിനടന്നിരുന്ന അവളുടെ ജീവന്‍റെ ചിറകുകള്‍ അയാള്‍ ചവിട്ടിയരച്ചു എന്ന്, എന്തിന്നാണ് അവളെ കൊന്നതെന്ന്?.."പിന്നെ തോന്നി ഹൃദയത്തിനു സൗന്ദര്യമില്ലാത്ത അയാളെപോലുള്ളവരെ കാണുന്നത് തന്നെ പാപമാണെന്ന്..അവള്‍ മരിച്ച് അധികം വൈകാതെ തന്നെ അയാള്‍ വേറെ കല്ല്യാണം കഴിച്ചു...അവളില്ലാത്ത ആ വീട്ടില്‍ താമസിക്കാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാല്‍ അവളുടെ വീട്ടുകാര്‍ ആ വീടുപേക്ഷിച്ച് പോയി...
ഇന്നും വല്ലപ്പോഴും എന്‍റെ പഴയനാട്ടിലേക്കുള്ള യാത്രയില്‍ ഞാന്‍ ആ വീട് കാണാറുണ്ട്‌... അവളുടെ ഓര്‍മ്മകളുടെ പ്രതീകമായി, ഇടിഞ്ഞുപൊളിഞ്ഞ മതിലും, പെയിന്‍റിളകി നരബാധിച്ച ചുമരുകളും,കരിയിലകള്‍ വീണ് കാട് പിടിച്ച മുറ്റവും, ആ രണ്ടുനില വീടിനെ ശരിക്കും ഒരു പ്രേതാലയമാക്കി മാറ്റിയിരിക്കുന്നു...ഇന്നും ആ വീടിന്‍റെ മുന്നിലൂടെ രണ്ടടി നടന്നാല്‍ ഒന്ന് തിരിഞ്ഞു നോക്കും, എന്നെ പുറകില്‍ നിന്ന് അച്ചു ഒന്നുകൂടി വിളിച്ചിരുന്നെങ്കില്‍...."അതേയ്, കുട്ടീ ഒന്ന് നില്‍ക്കൂ .....!!!!"

melby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo