നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒത്തുതീർപ്പ്

ഒത്തുതീർപ്പ്
×××××××××××
ഓഫീസ് കാന്റീനിലെ ടേബിളിനിരു വശവും ഇരുന്നൊരോ ചായയുമായിരിക്കുമ്പോ .... കലുഷിതമായിരുന്നു മുരളിയുടെ മനസ്സ്....
" കഴിഞ്ഞആഴ്ച അവളുടെ കുഞ്ഞമ്മേടെ മോള് വീണെടെ കല്യാണത്തിന് പോയിട്ട് വന്നപ്പോൾ മുതലാ ശ്രീമതിയുടെ മുഖത്തെ തെളിച്ചം മങ്ങിത്തുടങ്ങിയത്...
എല്ലാം മാറിത്തുടങ്ങിയത്... അവിടെവെച്ചു പണ്ടത്തെ കളിക്കൂട്ടുകാരിയും,അയൽ വക്കക്കാരിയുമായ കീർത്തിയെ കാലങ്ങൾക്കുശേഷം അവള് കണ്ടത്.....
അതിലുപരി അവളുടെ കഴുത്തിലെ വീതിയേറിയ, കല്ലുവെച്ച നെക്‌ലേസ് കണ്ണിൽപ്പെട്ടത് !!!
ഒരിറക്ക് ചായ കുടിച്ചശേഷം മുരളി പതിയെ എതിരെ ഇരിക്കുന്ന മധുവിനെ നോക്കി...
" അന്ന് മുതൽ തുടങ്ങിയതാ അതുപോലൊന്നിനോട് അവൾക്ക് പൂതി... "
"ഇപ്പഴെങ്ങനെ നമുക്ക്..."
എന്ന് മാത്രേ ഞാൻ ചോദിച്ചുള്ളൂ... അവൾക്ക് കാര്യം പിടി കിട്ടി... അന്നുമുതൽ തുടങ്ങിതാ വീട്ടിൽ ഒരു അപ്രഖ്യാപിത സമരം !!!
മുരളി നെടുവീർപ്പിട്ടു..
"ആദ്യമാദ്യം മുഖം വീർപ്പിക്കലും കുത്തുവാക്കുകളും മാത്രമായിരുന്നു...
പിന്നെ മിണ്ടാട്ടം പോലും ഇല്ലാണ്ടായി... പിള്ളേരോടും നല്ല ദേഷ്യം !!
എനിക്ക് ഇന്നലെ രാത്രി കൂട്ടത്തിലേറ്റവും കരിഞ്ഞ രണ്ട് ചപ്പാത്തിയും ഉപ്പ് കൂടിയൊരു കിഴങ്ങുകറിയും (ഉപ്പ് എന്റെതിൽ മാത്രമാണോ കൂടുതൽ എന്നൊരു സംശയം ഇല്ലാതില്ല... പിള്ളേര് സ്വാദോടെ കഴിക്കുന്നുണ്ടായിരുന്നു )
"ഇന്നു രാവിലെ ഒരു കാര്യവുമില്ലാതെ പിള്ളേരേം എടുത്തിട്ട് പെരുക്കുന്നണ്ടായിരുന്നു"...
കാര്യങ്ങളുടെ ഒരു ഇത് മനസ്സിലാക്കിയ മധു ഒന്നാലോചിച്ചു...
" സംഭവം ഒരെണ്ണം ഒപ്പിച്ചുകൊടുത്താൽ രംഗം ശാന്തമാവോ" ?
മധു പ്രതീക്ഷയോടെ എന്നെ നോക്കി
" ഒരു രക്ഷയുമില്ലെന്റെ മധു... കഴിഞ്ഞ വർഷം ഞങ്ങള് പുതിയ വണ്ടിയെടുത്തെപ്പിന്നെ ഒരു രക്ഷേമില്ല...
ശമ്പളത്തീന്നു നല്ലൊരു തുക ആ വകയിൽ പോവും " പിന്നെ ബാക്കി ചിലവും മറ്റുകാര്യങ്ങളും നടത്തിക്കൊണ്ടുവേണ്ട പാട് എനിക്കറിയാം...
അതോണ്ട് മാല വാങ്ങുന്ന കാര്യം ഒരു രക്ഷയുമില്ല !!!
പോരാത്തേന് വീണക്ക് കൊടുക്കാൻ ഒരു വള എടുത്തപ്പോ ചിട്ടി കിട്ടിയ വകയിൽ കൈയിൽ വന്നത് അങ്ങനേം പോയി ..
"ഹാ... പറഞ്ഞിട്ടെന്തു കാര്യം "?
മുരളി നെടുവീർപ്പിട്ടു !!
ഇരുവരും സംസാരം മതിയാക്കി എണീറ്റ് പൈസയും കൊടുത്ത് ഓഫീസിലേക്ക് നടന്നു..
വൈകീട്ട് ഇറങ്ങാൻ നേരം മധു ഒരു ചിരിയോടെ അടുത്തുവന്ന് മുരളിയോട് പറഞ്ഞു...
"എന്റെ സാറെ, സാറൊരു കാര്യം ചെയ്യ് !! വീട്ടിച്ചെന്ന് സകല ദേഷ്യവും മറന്നിട്ട്.. പെണ്ണും പിള്ളയെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചൊരു ചുംബനസമരമങ്ങ് നടത്ത്.... ഹല്ല പിന്നെ "
"ഏൽക്ക്വോ" ?.... സംശയം മാറാതെ മുരളി, മധുവിനെ നോക്കി...
"പിന്നല്ല ..... " സാറ് ധൈര്യമായിട്ടിരി"...
ഒരു കള്ളച്ചിരിയോടെ മധു ബൈക്ക് സ്റ്റാർട്ടാക്കി...
മുരളി വീട്ടിൽ വന്നുകയറിയപ്പോ സമയം എട്ടുമണി... വീട്ടിലെത്തിയ മുരളി കാണുന്നത് അരണ്ട വെളിച്ചത്തിൽ... ഭാര്യ മേൽകഴുകി കഴിഞ്ഞ് സാരിമാറുന്നു... കുട്ടികളുടെ കലപില ശബ്ദം അകത്തൂന്ന് കേൾക്കാം...
മുരളി ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി നടന്നു...
അവൾ...
കുളികഴിഞ്ഞീറൻ പകർന്ന്,
വാർകൂന്തൽ ചീകി വകഞ്ഞ്....
പുറകോട്ട് വാരിയിട്ട്....
പിന്നെ മുരളി ഒട്ടും അമാന്തിച്ചില്ല..
. പുറകിലൂടെ ചെന്ന് ഒറ്റപിടുത്തം...
ഒപ്പം കവിളത്തൊരു ചുടുചുംബനവും ഒരുമിച്ചായിരുന്നു !!
പെട്ടെന്നൊരു നിലവിളിയും....
"ഹയ്യോ.... !!!
മുന്നിലോ.... !!!
കത്തിച്ചുപിടിച്ച എമർജൻസി ലൈറ്റ് മുകളിലേക്കുയർത്തിപ്പിടിച്ച് ഭാര്യ...
ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ ചുറ്റും എമർജൻസി ലൈറ്റിന്റെ വെളിച്ചം ഒരു ദീപപ്രഭ സൃഷ്ടിച്ചു !!
ആ കണ്ണുകളിൽ നിന്നും തീ പാറുന്നൊരു നോട്ടം !!
ങേ !! മുരളി ഒരു ഞെട്ടലോടെ പിടിവിട്ടു...
അപ്പോഴാണയാൾ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്..... താൻ കെട്ടിപ്പിടിച്ചത് വേലക്കാരിയെ ആയിരുന്നു... !!
ഭാര്യ നിന്നെങ്ങനെ കലിതുള്ളുകയാണ്... കുട്ടികളും പേടിച്ചു പോയി.. എന്താണ് സംഭവിച്ചതെന്ന് വേലക്കാരിക്കും മനസ്സിലായില്ല...
K.S.E.B യെ മനസ്സാപ്രാകിക്കൊണ്ട്...
ഇപ്പൊ...
ഈ നിമിഷം,
ഈ ലോകമങ്ങ് അവസാനിച്ചിരുന്നെങ്കിൽ എന്ന് മുരളി ആത്മാർത്ഥമായി ആഗ്രഹിച്ചു...
പിറ്റേന്ന് ഉറക്കമുണരുമ്പോൾ മുന്നിൽ വേലക്കാരി ചായയുമായി നിൽക്കുന്നു..
അല്പം നാണത്തോടെത്തന്നെ അവൾ പറഞ്ഞു... "കൊച്ചമ്മ കുട്ട്യോളേം കൊണ്ട് വീട്ടിപ്പോയി സാറെ "...
ഇടിവെട്ടേറ്റവനെപ്പോലെ ഇരുന്നെങ്കിലും.... മനസ്സിൽ ഉറച്ചൊരു തീരുമാനം ഉണ്ടായിരുന്നു മുരളിക്ക്...
മധുവിനെക്കണ്ട്... ഒന്നു പറയണം !!
" നിന്റെ ഒത്തുതീർപ്പ്... ഒടുക്കത്തെ തീർപ്പായിപ്പോയല്ലോടാ..... എന്ന് !!!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot