Slider

ഓര്‍മ്മ തെറ്റുകളുടെ ഓണം കവിത

0
ഓര്‍മ്മ തെറ്റുകളുടെ ഓണം
കവിത
നാലുകൂട്ടം കറികളും
നല്ലരിച്ചോറുമായി നാം
ഇരിപ്പൂ തല താഴ്ത്തിക്കൊ-
ണ്ടാരുമില്ലാത്തൊരോണ നാള്‍
വരാനില്ലാരുമെന്നാലും
അരിമാവു നനച്ചു നീ
അണിഞ്ഞൂ മുറ്റവും മച്ചും
ഓണത്തപ്പനിരിക്കുവാന്‍
മണ്‍ ചായം തേച്ച മാതേവര്‍
തണുത്തു മരവിച്ച പോല്‍
ഉണരാതെയിരിക്കുന്നൂ
ആവണപ്പലകക്കു മേല്‍.
അതിന്നു നീ നിവേദിച്ചൊ-
രടയില്‍ കട്ടുറുമ്പുകള്‍
പൊതിഞ്ഞിരിപ്പതും നോക്കി-
യെത്ര നേരമിരുന്നു നാം.
ഓര്‍ക്കാ,നോര്‍മ്മകളില്ലാതെ
ജര കേറിയ ചിന്തകള്‍;
ഊറിക്കൂടിയ കണ്ണീരാല്‍
പീളകെട്ടിയ കണ്ണുകള്‍.
എന്നിട്ടു,മോര്‍മ്മതന്‍ മുറ്റ-
ത്തോ,ണം വന്നു വിളിച്ച പോല്‍
വിളി കേട്ടുണരുന്നേതോ
ബാല്യത്തിന്‍ ജന്മവാസന.
കാലം കീറിയ പൂത്തൊട്ടി
തോളിലാട്ടി രസിക്കവേ
നിറം നിറഞ്ഞകാലത്തിന്‍
നറു ഗന്ധം മണത്തു നീ.
'' ഓര്‍മ്മ നഷ്ടം വന്ന നമ്മള്‍
ക്കോര്‍ക്കാനാവില്ലൊരിക്കലും
നിറവും മണവും സ്വാദും
നിറഞ്ഞ തിരുവോണനാള്‍.
അന്നാളിന്‍ മണവും സ്വാദും
ഓര്‍ക്കാനില്ലാത്ത കുട്ടികള്‍
വരില്ല നമ്മെയൂട്ടീടാന്‍
ദൂരദേശ നിവാസികള്‍.
ഇല്ലാത്ത നല്ല കാലത്തിന്‍
പഴംപാട്ടുകള്‍ പാടി നാം
വരാത്ത നല്ലകാലത്തിന്‍
വരവും കാത്തിരിപ്പവര്‍.
നിവര്‍ത്തി വെച്ചൊരീ തൂശ-
നിലയില്‍ നീ വിളമ്പുക
പേരോര്‍ത്തെടുക്കാനാവാത്ത
കറിയും മധുരങ്ങളും.
കലമ്പല്‍ കൂട്ടിടുന്നല്ലോ
മാവിന്‍ കൊമ്പത്ത് കാക്കകള്‍
മരിച്ചു പോയരോര്‍മ്മയ്ക്ക്
നാമുരുട്ടുന്ന ചോറിനായ്.
മൃതിയും സ്മൃതിയും കൊക്കിന്‍
കൂര്‍പ്പില്‍ പേറി പറക്കുവോര്‍
അവര്‍ക്കേകാം ഓണനാളി -
ന്നോര്‍മ്മത്തെറ്റുകളൊക്കയും.''

Rajan P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo