നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുഭാഷിണിയുടെ സുവിശേഷങ്ങൾ - Part 2

സുഭാഷിണി :- ശരിയാണ് രജ്ഞൻ പറഞ്ഞോളൂ.
രഞ്ജൻ :- എല്ലാവർക്കും അറിയാവുന്നതും എല്ലാവരും ചെയ്യാറുള്ളതുമാണിത്... മിണ്ടാതിരിക്കുക... അതാണ് ആ സമരം.
സുഭാഷിണി :- 😊😊😊
രഞ്ജൻ :- ഉം ഇതാണ് ഞാൻ ആദ്യം പറഞ്ഞതും ചിരിക്കരുതെന്നു
സുഭാഷിണി :- അല്ല രഞ്ജൻ എങ്ങിനെ ചിരിക്കാതിരിക്കും അങ്ങിനെ മിണ്ടാതിരുന്നാൽ അത്രയും സ്വൈര്യം കിട്ടി എന്നല്ലേ പുരുഷന്മാർ ചിന്തിക്കൂ. പൊതുവെ സ്ത്രീകൾക്ക് വായിൽ നാക്ക് കൂടുതൽ ആണെന്നാണല്ലോ പരാതി... അപ്പോൾ മിണ്ടതിരുന്നാൽ പുരുഷന്മാർക്ക് തീർച്ചയായും സന്തോഷമാവുകയെ ഉള്ളൂ
രഞ്ജൻ :- അത് വെറുമൊരു മിണ്ടാതിരിക്കൽ സമരമല്ല ചില പ്രത്യേക രീതി അതിനു വേണ്ടി അവലംബിക്കണം. ഭർത്താവിന്റേതായ എല്ലാ കാര്യങ്ങളും സ്ത്രീകൾ ചെയ്തു കൊടുക്കണം. എന്തെല്ലാം ആവശ്യത്തിന് ഭർത്താവ് വിളിക്കുമെന്ന് എല്ലാ ഭാര്യമാർക്കും കൃത്യമായി അറിയാം. ഉദാഹരണത്തിന് കുളിക്കാൻ കയറി കഴിഞ്ഞാൽ മറിയിടാനുള്ള ഡ്രെസ് മുതൽ ചീപ്പ് ചായ ചോറ് ചെരുപ്പ് എന്ന് വേണ്ട അവർ മനസ്സിൽ ആലോചിക്കുമ്പോഴേക്കും ചെയ്തു കൊടുക്കണം പക്ഷേ അവരുടെ മുഖത്തേക്ക് നോക്കുകയോ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. അവർ ആദ്യം ഒരുപക്ഷേ അശ്വസിക്കുമായിരിക്കും പക്ഷേ ഒരു ദിവസം കഴിഞ്ഞു അടുത്ത ദിവസവും ഇതുപോലെ തുടരുമ്പോൾ അവർക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങും. നിങ്ങളുടെ ആവശ്യം ന്യായമായത് ആണെങ്കിൽ തീർച്ചയായും അവർക്ക് കുറ്റബോധം തോന്നും. മൂന്നാം ദിവസം അവർ കിണഞ്ഞു പരിശ്രമിക്കും നിങ്ങളെ ഒന്ന് സംസാരിപ്പിക്കുവാൻ ആയി. ഒടുവിൽ അവർ പറയും എന്ത് വേണമെങ്കിലും ആവാം നീയൊന്നു വാ തുറന്നു സംസാരിക്ക്. ഒന്ന് പരീക്ഷിച്ചു നോക്കൂ... ഫലം കാണും തീർച്ച.
സുഭാഷിണി :- അറിയില്ല.
രഞ്ജൻ :- പിന്നെ വേറൊരു കാര്യം പറയുകയാണെങ്കിൽ മടുപ്പ് എന്നൊരു സംഗതിയുണ്ട്. കാരണം മനുഷ്യ മനസ്സ് എന്നും പുതുമ തേടുന്നതാണ്.. കുറേക്കാലം ഒരുമിച്ചു ജീവിക്കുമ്പോൾ പുതുമ എന്നതോന്ന് ഇല്ലെങ്കിൽ മനസ്സ് മടുക്കും അത് എല്ലാ മനുഷ്യർക്കും ഉള്ളതാണ്. അപ്പോൾ മനസ്സ് മറ്റു മേഖലകളിലേക്ക് വ്യതിചലിക്കും. ഇപ്പോൾ സോഷ്യൽ മീഡിയ വന്നതോട് കൂടി അത് ഒന്നുകൂടി എളുപ്പമായി തീർന്നിരിക്കുകയാണ് ആ വഴിയിലാണ് ഇപ്പോൾ നമ്മൾ കണ്ടു മുട്ടിയിരിക്കുന്നത്. പരിഹാരം ഒന്നേയുള്ളൂ എന്നും ആദ്യം കാണുന്ന ഒരാളെപ്പോലെ പങ്കാളിയെ പ്രണയിക്കുക. ഭാര്യയും ഭർത്താവും കുട്ടികളുമായി കൂടുതൽ സമയം പങ്കിടുക.. സുഭാഷിണിയോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ.
സുഭാഷിണി :- അതിനെന്താ ചോദിച്ചോളൂ..
രഞ്ജൻ :- എന്നോട് തുറന്ന് സംസാരിച്ചത് പോലെ എപ്പോഴെങ്കിലും സുഭാഷിണി ഭർത്താവിനോട് തുറന്നു സംസാരിച്ചിട്ടുണ്ടോ.
സുഭാഷിണി :- ഇല്ല
രഞ്ജൻ :- എന്തുകൊണ്ട് ...?? ഒരുപക്ഷേ തുറന്നു പറഞ്ഞിരുന്നെങ്കിൽ സുഭാഷിണിയുടെ പ്രശ്നത്തിന് പരിഹാരമായേനെ.
സുഭാഷിണി :- ശരിയാവാം രഞ്ജൻ , പക്ഷേ അദ്ദേഹം ഒരു പ്രത്യേക ടൈപ്പ് ആണ്. മാത്രമല്ല ഒരു പുരുഷനും അവരുടെ കുറ്റങ്ങൾ സ്ത്രീകൾ പറഞ്ഞാൽ അംഗീകരിക്കില്ല അതിനെതിരെ ന്യായങ്ങൾ നിരത്തുകയെ ഉള്ളൂ. അത് രഞ്ജനറിയാതെയാണ്.
രഞ്ജൻ :- അത് സ്ത്രീകളും അങ്ങിനെ തന്നെയാണ്. അത് മനുഷ്യരുടെ ഒരു പ്രത്യേകതയാണ്. ആർക്കും കുറ്റങ്ങൾ കേൾക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല.
പിന്നെ.. സുഭാഷിണിയുടെ ഭർത്താവ് കേൾക്കും അതിന് ഒരു കാര്യം ശ്രദ്ധിച്ചാൽ മതി.

സുഭാഷിണിയുടെ ഭർത്താവ് കേൾക്കും അതിന് ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. ഒരിക്കലും ഒരാൾ മാനസിക സമ്മർദ്ദത്തിൽ ഇരിക്കുമ്പോൾ പോയി തെറ്റ് കുറ്റങ്ങൾ പറയരുത് അത് ദേഷ്യം ഇരട്ടിക്കാനെ ഇട വരുത്തുകയുള്ളൂ. നിങ്ങൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമുണ്ട് തങ്ങളുടെ ഭർത്താക്കന്മാർ മാനസിക സമ്മർദ്ദത്തിൽ ആണെങ്കിൽ അതിൽ നിന്നും മാറ്റിയെടുക്കാനുള്ള വഴികളാണ് ആദ്യം പഠിക്കേണ്ടത്. കൂടുതലായി ഒന്നും വേണ്ട അതൊന്നും സാരമില്ല എല്ലാം ശരിയാകും നിങ്ങൾ വിഷമിക്കാതിരിക്കു എന്നൊരു വാചകം പറഞ്ഞാൽ മതി. പക്ഷേ കൂടുതൽ പേരും പറയുന്നത് നിങ്ങളെ എന്തിന് കൊള്ളാം അതുകൊണ്ടാണ് ഇങ്ങിനെയൊക്കെ ഉണ്ടായത് എന്ന കുറ്റപ്പെടുത്തലാണ്. അവിടെയാണ് വഴക്കുണ്ടാകുന്നത്.
സുഭാഷിണി :- ശരിയാണ് പരസ്പരം കുറ്റപ്പെടുത്തലുകളാണ് ഏത് വഴക്കിന്റെയും പുറകിൽ
രഞ്ജൻ :- ഇന്നൊരുപാട് സ്ത്രീകൾ പരാതി പറയുന്ന ഒന്നാണ് ഭർത്താക്കന്മാരുടെ മദ്യപാനം. ഞാനൊന്ന് പറയട്ടെ. സ്നേഹസ്‌മൃണമായ അന്തരീക്ഷമാണ് കുടുംബത്തിലെങ്കിൽ ഒരു പുരുഷനും മദ്യത്തിൽ മുഴുകില്ല. സ്വന്തം വീട്ടിലെ സന്തോഷ നിമിഷങ്ങൾ ഓർമ്മയിൽ വരുമ്പോൾ അവൻ അതിൽ നിന്നും വിമുക്തനാകും .സ്നേഹത്തോടെയിരിക്കുന്ന സമയത്ത് ഭാര്യയും കുട്ടികളും ഒരുപോലെ ആവശ്യപ്പെടുകയാണെങ്കിൽ അവൻ തീർച്ചയായും ചിന്തിക്കും. പക്ഷേ സംഭവിക്കുന്നത് നേരെ തിരിച്ചും. നിങ്ങൾ ഇങ്ങിനെ മുഴുക്കുടിയനായി നടന്നോ ഈശ്വരാ ഇങ്ങിനെയൊരു മുഴുക്കുടിയനെ ആണല്ലോ എനിക്ക് കിട്ടിയത് എന്നുള്ള നിലവിളികൾ ഉയരുമ്പോൾ അവൻ കൂടുതൽ കൂടുതൽ മദ്യത്തിൽ മുഴുകുന്നു. ഒരു കാര്യം അറിയുമോ എന്ത് പാടില്ല എന്ന് വിലക്കുമ്പോളാണ് അത് പിന്നെയും പിന്നെയും ചെയ്യാൻ മനുഷ്യന് തോന്നുന്നത്. നമ്മൾ എന്തിലോ തുടങ്ങി എവിടെയോ എത്തി നിൽക്കുന്നു അല്ലേ... ഇനിയുമിത് തുടർന്ന് പോയാൽ സുഭാഷിണിക്കും എനിക്കും ഒന്നും മനസ്സിലാകാതെ പോകും. അതിന്റെ കൂടെ ഒരു കാര്യവും കൂടി പറഞ്ഞോട്ടെ. ഒരു മനുഷ്യൻ ശാന്തനായി ഇരിക്കുന്ന സമയത്ത് അവനോട് സംസാരിക്കുന്നു എങ്കിൽ അവന്റെ കാത് മാത്രമല്ല മനസ്സും തുറന്നിരിക്കുന്നു. സ്നേഹവും വാത്സല്യവും ഏത് പുരുഷന്റെയും ദൗർബല്യങ്ങൾ ആണ്. ഇനി ഭർത്താവിനോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ സുഭാഷിണി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കുക. ഒന്നോ രണ്ടോ വട്ടം പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കുക.
" ഉം... ഞാൻ ശ്രമിക്കാം " സുഭാഷിണി പറഞ്ഞു. " അല്ല രഞ്ജൻ ഭാര്യയുമായി എങ്ങിനെ...?? തുറന്നു സംസാരിക്കാറുണ്ടോ..?? " സുഭാഷിണിയുടെ അടുത്ത ചോദ്യം വന്നു.
രഞ്ജൻ ഒരു നിമിഷം നിശ്ശബ്ദനായി. ചിന്തിച്ചു "സത്യം പറഞ്ഞാൽ ഇല്ല... കാരണം അവൾ ഒരു ഒതുങ്ങിയ ടൈപ്പ് ആണ്.. ഒന്നിനും പരാതിയും പരിഭവവുമില്ല... അവൾക്കെന്നെ ഇഷ്ടമാണ് എനിക്കവളെയും... പക്ഷേ സുഭാഷിണി പറഞ്ഞ പോലെ അവൾ കടമകൾ നിറവേറ്റാനാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഒരർത്തിൽ ഞാനും... ഇപ്പോൾ ഈ നിമിഷം വരെ തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം... " രഞ്ജൻ ആ കുഴയ്ക്കുന്ന ചോദ്യത്തിന് മറുപടി അയച്ചു.
" ഒരു ഭർത്തവെന്ന നിലയിൽ രഞ്ജൻ വിജയമാണോ " "വീണ്ടും സുഭാഷിണിയുടെ കുഴയ്ക്കുന്ന ചോദ്യം വന്നു.
" എന്റെ ചിന്തയിൽ ഇതുവരെ ഞാൻ അങ്ങനെയായിരുന്നു. പക്ഷേ അവളുടെ കാഴ്‌ചപ്പാടിൽ ഞാൻ എങ്ങിനെയാണ് എന്നതിൽ ഇപ്പോൾ ആശങ്കയുണ്ട്. " രഞ്ജൻ അതിനും മറുപടി കൊടുത്തു.
" ഒരു കാര്യം ചോദിച്ചോട്ടെ ..?? എന്നെ ഇഷ്ടമാണോ... " സുഭാഷിണിയുടെ അടുത്ത ചോദ്യം വന്നു.
" എന്തേ ഇപ്പൊ പെട്ടെന്ന് അങ്ങിനെയൊരു ചോദ്യം " രഞ്ജൻ ഒന്ന് അമ്പരന്നു.
" മുഖവുരയില്ലാതെ കാര്യം പറയാം.. രഞ്ജനെ പോലെ എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ് ഞാൻ ഭർത്താവായി ആഗ്രഹിച്ചത്. എന്റെ വിധി ഇങ്ങിനെയായി. പക്ഷേ എന്നെ ഇത്രയ്ക്ക് മനസ്സിലാക്കുന്ന ഒരാൾ എന്നെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എന്നൊരാഗ്രഹം .. അതുകൊണ്ട് തുറന്നു ചോദിച്ചു " സുഭാഷിണിയുടെ മെസ്സേജ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അത് വായിച്ച രഞ്ജൻ ഒരു നിമിഷം സ്തബ്ദനായി..
ഒരു നിമിഷം മാത്രം.. അടുത്ത നിമിഷം സമചിത്തത വീണ്ടെടുത്ത രഞ്ജൻ " ക്ഷമിക്കണം ... എനിക്കതിനാകില്ല... ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ഇതുപോലെ രഹസ്യബന്ധം ഉണ്ട് എന്നത്കൊണ്ട് തന്നെ എന്റെ മനസ്സിലും ആഗ്രഹം ഉണ്ടായിരുന്നു എന്നത് നേരാണ്. ഒരുപക്ഷേ നമ്മൾ ഇത്രയ്ക്ക് തുറന്ന് സംസാരിക്കുന്നതിന് മുമ്പായിരുന്നെങ്കിൽ ഞാൻ സമ്മത്തിച്ചേനെ. പക്ഷേ ഇപ്പോൾ എനിക്ക് എന്റെ ഭാര്യയോട് ഇഷ്ടം കൂടുകയാണ് ചെയ്തത്. ഞാൻ ഇതുവരെ അവളെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ല എനിക്കിപ്പോൾ തോന്നുന്നു. ഒരു ഭർത്താവ് എന്ന നിലയിൽ എനിക്കെന്റെ പോരായ്മകൾ ഇപ്പോൾ മനസ്സിലായി. അത് മനസ്സിലാക്കി തന്നതിന് സുഭാഷിണിയോട് എനിക്കൊരുപാട് നന്ദിയുണ്ട്. അല്ലാതെ വേറൊരു ബന്ധത്തിനും എനിക്ക് താല്പര്യമില്ല സുഭാഷിണി ക്ഷമിക്കണം " എന്ന് മറുപടി അയച്ചു.
" രഞ്ജൻ പ്ലീസ് ... ഇങ്ങിനെ എടുത്തടിച്ചത് പോലെ മറുപടി പറയല്ലേ... ഒന്നാലോചിച്ചു കൂടേ... അനുകൂലമായ ഒരു മറുപടിക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു.. രഞ്ജനറിയുമോ ഒരാളെ കിട്ടാനാണെങ്കിൽ ഞാനൊന്ന് വിരൽ ഞൊടിച്ചാൽ ആയിരങ്ങൾ വരും.. പക്ഷേ എനിക്ക് വേണ്ടത് എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ്.. അതുകൊണ്ടാണ് ഞാൻ രഞ്ജന്റെ മുമ്പിൽ ഇങ്ങിനെയൊരു ആവശ്യമുന്നയിച്ചത്. "
സുഭാഷിണിയുടെ മെസ്സേജ് കണ്ട രഞ്ജന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
" ഇല്ല സുഭാഷിണി.. എന്റെ ഭാര്യയ്ക്ക് എന്നോട് സ്നേഹമാണ്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവളെ വഞ്ചിച്ചു എനിക്കൊന്നും വേണ്ട. സുഭാഷിണി ഭർത്താവിനോട് തുറന്നു സംസാരിക്കൂ. അദ്ദേഹത്തിന് സുഭാഷിണിയെ മനസ്സിലാക്കാൻ സാധിക്കും " രഞ്ജൻ അതിന് മറുപടി കൊടുത്തു.
" ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് രഞ്ജന്റെ ഭാര്യയായി ഞാൻ കൊതിക്കുന്ന ജീവിതം ഒന്ന് രുചിച്ചു നോക്കാൻ അവസരം തന്നുകൂടേ..." സുഭാഷിണിയുടെ ചോദ്യം കേട്ട രഞ്ജന്റെ മനസ്സ് ഒരു നിമിഷം ചഞ്ചലമായി. എങ്കിലും രഞ്ജൻ മറുപടി ടൈപ്പ് ചെയ്തത് ഇങ്ങിനെയാണ്. " സുഭാഷിണി നമുക്ക് ഇത് ഇവിടെ വെച്ച് നിർത്താം വേറൊരു കാര്യം കൂടി സുഭാഷിണിയുടെ ഈ മനസ്സ് അപകടമാണ്. കാരണം അക്കരപ്പച്ചയിലേക്ക് നോക്കി നെടുവീർപ്പിടുന്നവർ സ്വന്തം ജീവിതം ജീവിക്കാൻ മറന്നു പോകുന്നു. അഥവാ അക്കരയ്ക്ക് പോയാലും അവിടെ ഇതിനേക്കാൾ ദാരുണമാകും സ്ഥിതി എന്ന് അവർ അറിയുമ്പോഴേക്കും അവർക്ക് അക്കരയും ഇക്കരയും നഷ്ടമായിരിക്കും. അവരുടെ മനസ്സ് സംതൃപ്ത്മാകാൻ തയ്യാറല്ല എന്നതാണ് അതിന് ഹേതു. നമുക്കീ സംസാരം ഇവിടെ വെച്ച് നിർത്താം . അതാണ് നമുക്ക് രണ്ടുപേർക്കും നല്ലത്. "
ഒരു നിമിഷത്തെ ഇടവേള വീണ്ടും സുഭാഷിണിയുടെ മെസ്സേജ് വന്നു " ഉം... എനിക്കതിനുള്ള ഭാഗ്യമില്ല എന്ന് മനസ്സിലായി. എന്റെ ജന്മം ഇങ്ങിനെ തീരട്ടെ.. "
രഞ്ജന്റെ മനസ്സ് ഒന്ന് പിടഞ്ഞു . കാരണം എപ്പോഴൊക്കെയോ രഞ്ജനു സുഭാഷിണിയോട് ഇഷ്ടം തോന്നിയിരുന്നു പക്ഷേ മനസ്സിൽ രേഷ്മയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു നിന്നതിനാൽ രഞ്ജന് അത് മറക്കാൻ സാധിച്ചു. " സ്വന്തമായി കിട്ടിയതിന് ഭംഗി പോരെങ്കിലും അതിന്റെ രുചി വേറൊന്നിനും ഉണ്ടാകില്ല. കട്ട് തിന്നുന്നതിന് രുചി കൂടുതൽ തോന്നും പക്ഷേ അത് അജീർണ്ണം വരുത്തും. എനിക്കിനിയൊന്നും പറയാനില്ല ഞാൻ പോകുന്നു ബ്ലോക്ക് ചെയ്യുന്നു " ഇതയച്ച ഉടനെ സുഭാഷിണിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ രഞ്ജൻ ബ്ലോക്ക് ചെയ്തു. അപ്പോഴും സുഭാഷിണി ടൈപ്പ് ചെയ്യുന്നത് കാണിക്കുന്നുണ്ടായിരുന്നു.
മൊബൈലിൽ നിന്ന് മുഖമുയർത്തിയ രഞ്ജൻ ഒന്ന് ദീർഘശ്വാസം വിട്ടു. മനസ്സിൽ രേഷ്മയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു. അപ്പോൾ തന്നെ രേഷ്മയുടെ ഫോണിലേക്ക് വിളിച്ചു
" രേഷ്മാ "
"എന്താ രഞ്ജേട്ടാ "
" ഒന്നുമില്ല നീയും പിള്ളേരും റെഡിയായി നിൽക്ക് ഞാനിപ്പോൾ വരും നമുക്കൊരു സിനിമയ്ക്ക് പോകാം.. "
" യ്യോ ഇതെന്തുപറ്റി പെട്ടെന്നിങ്ങനെ തോന്നാൻ മുമ്പു പറഞ്ഞാലും കേൾക്കാത്ത ആളല്ലേ..."
" ഒന്നുമില്ല രേഷൂ... എനിക്കൊരു പ്രമോഷൻ കിട്ടി.. വലിയൊരു പ്രമോഷൻ .. അതുകൊണ്ടാണ്.."
രഞ്ജൻ കാൾ കട്ട് ചെയ്തപ്പോഴേക്കും ക്ലോക്കിൽ അഞ്ചു മണി ആയിരുന്നു. വേഗം ഫയൽസ് എല്ലാം ഒതുക്കി ഇറങ്ങി. വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ എന്തിനോ വേണ്ടി പതിവില്ലാതെ മനസ്സ് തുടി കൊട്ടുന്നുണ്ടായിരുന്നു...
വീട്ടിലേക്കുള്ള ഗേറ്റ് കയറുമ്പോൾ തന്നെ കണ്ടു കുളിച്ചു കുറി തൊട്ടു സുന്ദരിയായി ഗേറ്റിലേക്ക് കണ്ണും നട്ട് നോക്കി നിൽക്കുന്ന രേഷ്മയെ..
പോർച്ചിൽ കാർ കൊണ്ട് നിർത്തിയപ്പോഴേക്കും രേഷ്മ ഓടി വന്നു. എന്ത് പ്രമോഷനാ കിട്ടിയേ രഞ്ജൻ ആ നിഷ്കളങ്ക മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് അവളുടെ തോളിലൂടെ കൈയ്യിട്ട് തന്റെ തോളിലേക്ക് ചേർത്ത് വീട്ടിലേക്ക് നടന്നു..രഞ്ജേട്ടൻ ഇരിക്ക് ഞാൻ ചയയെടുക്കാം.. രേഷ്മ അത് പറഞ്ഞു അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയപ്പോൾ രഞ്ജൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു ചായയൊക്കെ പിന്നെ നീയിങ്ങു വന്നേ... രഞ്ജൻ അവളെയും കൊണ്ട് ബെഡ്റൂമിലേക്ക് കയറി വാതിലടച്ചു ... അയ്യേ എന്താ രഞ്ജേട്ടാ ഇത് പിള്ളേര് അപ്പുറത്തുണ്ടു ട്ടോ.... പിന്നേ പിള്ളേര്....ഞാൻ നിന്നെ കണ്ടിട്ടല്ലേ പിള്ളേരുണ്ടായത്.. രേഷ്മയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ രഞ്ജനു നവവരന്റെ ആവേശമായിരുന്നു... കണ്ണുകളടച്ചു നിൽക്കുന്ന രേഷ്മയ്ക്ക് നവവധുവിന്റെ നാണവും.... അതെ അവരുടെ യഥാർത്ഥ വിവാഹം കഴിഞ്ഞിരിക്കുന്നു.
അതേ സമയം നഗരത്തിലെ പ്രശസ്തമായ അഞ്ജലി ഷോപ്പിംഗ് മാളിലെ മൂന്നാമത്തെ നിലയിൽ ശ്രദ്ധ കൗൺസലിംഗ് സെന്റർ എന്ന ബോർഡ് കീഴെയുള്ള ശീതീകരിച്ച മുറിയിൽ കസേരയിൽ ചാരിയിരുന്നു ഒരാൾ രേഷ്മ രഞ്ജൻ എന്ന ഫയലിന് മുകളിൽ ചുവന്ന മഷി കൊണ്ട് ഗുണനചിഹ്നം വരച്ചു ക്ലോസ്ഡ് എന്നെഴുതി ചേർക്കുകയായിരുന്നു സൈബർ ലോകത്തിന്റെ പുത്തൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ബാധിക്കപ്പെട്ടവർ പോലുമറിയാതെ അവരെ കൗൺസലിംഗ് ചെയ്യുന്ന ആ ഓഫീസിൽ രേഷ്മയുടെ അമ്മയാണ് ഇങ്ങനൊരു കാര്യം അറിയിച്ചത്. അതും പതിവുള്ള കുശലാന്വേഷണങ്ങൾക്കിടയിലെവിടെയോ രേഷ്മയുടെ വായിൽ നിന്നും വീണു പോയ അറിവ് വെച്ച്. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ തങ്ങൾ തമ്മിൽ തമ്മിൽ സംസാരിക്കാതെ പരിഹരിക്കപ്പെട്ടു എന്നത് പരസ്പരം പുണർന്നു നിൽക്കുന്ന രഞ്ജനും രേഷ്മയും അറിഞ്ഞിരുന്നില്ല.
ദാമ്പത്യത്തിൽ ഒരാൾ തന്റെ കുറവുകൾ പരിഹരിക്കാൻ തയ്യാറായാൽ മറ്റെയാൾക്ക് പരാതികളുണ്ടാവില്ല എന്നതാണ് സത്യം തന്മൂലം സന്തോഷപ്രദമായ ജീവിതം അവർക്ക് ലഭിക്കുന്നു...
പോരാട്ടമല്ല ദാമ്പത്യം പരസ്പരമുള്ള വിട്ടുകൊടുക്കലാണ് ദാമ്പത്യം.
ക്ഷമയോട് കൂടി ഇത്രയും വായിക്കുവാൻ മനസ്സ് കാണിച്ച താങ്കൾക്കെന്റെ നന്ദി അറിയിക്കുന്നു.
ജയ്‌സൺ ജോർജ്ജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot