Slider

തേയ്മാനങ്ങൾ

0
തേയ്മാനങ്ങൾ
മുറിവേറ്റു വീണ പകലുകളെ
കണ്ണുനീരാലളന്നെടുത്ത്
ഇന്നലെകളിലെ കാർമേഘങ്ങളിൽ
ഒളിപ്പിക്കുന്നതെന്തിന്?
ആകാശങ്ങളിലേക്ക് വളർന്നിറങ്ങിയ
ഒറ്റ സൂര്യനെ
എയ്തു വീഴ്ത്തിയ കരിങ്കണ്ണുകൾ
ഭൂമിയുടെ ഭ്രൂണം കരിച്ചു വീഴ്ത്തിയ
അമാവാസിയുടെ
വിങ്ങുന്ന നിശബ്ദതയിൽ
കൂരിരുളിനെ തൂകി നിറച്ച
കൊടുങ്കാറ്റുകളെ മറക്കുക.
പകലുകളെയ്‌തു വീഴ്ത്തിയ
സ്വപ്നങ്ങളുടെ ചിതകളിലെരിഞ്ഞു
വിങ്ങുന്ന സായന്തനങ്ങളെ
സാന്ത്വനമോതിയുറക്കാൻ
സ്വപ്ന ഗർഭവും ചുമന്ന്
നിലാവ് ചുരക്കുന്ന
നിശീഥനികൾ
ഇനിയും വരും.
കണ്ണിൽ നിറയാത്ത ആകാശവും
കടലിനെ കുമ്പിടുന്ന
മനസ്സിന്നാഴങ്ങളും
തിരഞ്ഞ് നാം
യുഗങ്ങൾ തൻ തീരങ്ങളിൽ
അണഞ്ഞു തീരുന്നു
മദനോത്സവങ്ങളുടെ രാപ്പകലുകളെ
സൗഗന്ധികങ്ങളാലലങ്കരിക്കുന്ന
ശ്രാവണത്തിൽ
നമുക്ക്
പകലുകളുടെ പ്രീയം രാവിലേക്കിറ്റിച്ച്
ഭൂമിയുടെ പ്രേമത്തെ
നിറച്ചുണ്ണാം.
ശ്വാസത്തെ കൊരുത്തു
കാലത്തിന് മാല കോർക്കുക,
നീയും ഞാനും വഴിപിരിയാതിരിക്കാൻ.

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo