Slider

വല്ലി - ഭാഗം 2 (സാമീപ്യം)

0
വല്ലി - ഭാഗം 2 (സാമീപ്യം)
----------------------------------------
ഡോക്ടർ സണ്ണിയുടെ സഹായം കൊണ്ട് ഗംഗയെ തിരിച്ചു കിട്ടിയ നകുലൻ അൽപനാളുകൾ കഴിഞ്ഞു തിരിച്ച് കൽക്കട്ടയ്ക് പോയി. 10 മാസങ്ങൾക്ക് ശേഷം അവർക്ക് ഒരു പെൺകുഞ്ഞു പിറന്നു. അവർ അവൾക്ക് 'അഹല്യ' എന്ന് പേരിട്ടു. അഹല്യയ്ക്കു ഒരു വയസ്സായപ്പോൾ ഒരു പ്രോജക്ടിന്റെ ഭാഗമായി നകുലനും കുടുംബവും ലണ്ടനിൽ പോയി അവിടെ താമസമാക്കി, പ്രോജെക്ട് കഴിഞ്ഞപ്പോൾ നകുലൻ അവിടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
ലണ്ടനിൽ തന്നെ വളർന്നത് കൊണ്ട് അഹല്യയ്ക്കു മലയാളം എഴുതാൻ അറിയില്ല, വീട്ടിൽ സംസാരിക്കും. അഹല്യയ്ക്കു സ്കൂളിൽ കൂടുതലും ഇംഗ്ലീഷ് കൂട്ടുക്കാർ ആണ്. വർഷത്തിൽ ഒരിക്കൽ അവർ നാട്ടിലേക്കു പോകാറുണ്ട്. നാട്ടിൽ പോയപ്പോൾ ബ്രഹ്മദത്തൻ തിരുമേനി ശരീരം തളർന്നു കിടക്കുന്ന കാര്യം അറിഞ്ഞെങ്കിലും, അഹല്യയ്ക്കു പനി വന്നതിനാൽ ഒരിക്കൽ പോലും അദ്ദേഹത്തെ ഒന്ന് പോയി കാണുവാൻ നകുലനും ഗംഗയ്ക്കും സാധിച്ചിട്ടില്ല. അവരുടെ ലണ്ടൻ ജീവിതത്തിൽ, സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന ഒരു കാലം.
--------******--------
നകുലനും കുടുംബവും താമസിക്കുന്ന വീട്, ലണ്ടൻ, 2000 ആണ്ട് മാർച്ച് മാസം 25ആം തീയതി.
ഓഫീസിൽ നിന്നും എന്തോ അത്യാവശ്യ ഫോൺ കോൾ വന്നിട്ട് നകുലൻ അങ്ങോട്ട് പോയിരിക്കുകയാണ്. അഹല്യ ടിവി കാണുന്നു. ഗംഗ അടുക്കളയിൽ പാചകത്തിൽ ആണ്. ഹാളിൽ നിന്നും വരുന്ന ടിവിയുടെ ശബ്ദം ചെറുതായി ഗംഗയ്ക്കു കേൾക്കാം. അടുക്കളയിൽ ഉള്ള കോർഡ്‌ലെസ്സ് ഫോൺ ശബ്ദിച്ചു, ഗംഗ ഫോൺ എടുത്തു.
"ഹെലോ"
"ഞാനാ ഗംഗേ"
"എന്താ നകുലേട്ടാ, താമസിക്കുമോ?"
"ഏയ്, ഇല്ല ലഞ്ചിന്‌ മുൻപ് ഞാൻ അങ്ങ് എത്തും"
"ആണോ, എന്നാ പെട്ടന്ന് പോരെ, ഞാൻ പായസം ഉണ്ടാക്കുന്നുണ്ട്"
"ഞാൻ എത്തിയേക്കാം"
"ആഹ്.. പിന്നെ.. വരുമ്പോൾ ആ റെഡ്ഡീസ് ഹൈപ്പർമാർക്കറ്റിൽ കയറി ഇഡ്ഡ്ലിമാവ് രണ്ടു പാക്കറ്റ് മേടിച്ചോണ്ടു വരണേ, അഹല്യയ്ക്കു ഇഡ്ഡ്ലി ഉണ്ടാക്കി കൊടുക്കുമോ എന്ന് ചോദിച്ചു"
"ഇഡ്ഡലിയോ, അവൾ എന്ന് തൊട്ടാ ഇഡ്ഡലി ഒക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയത്"
"ആഹ്, അവൾ വേണമെന്ന് പറഞ്ഞു, നകുലേട്ടൻ മേടിച്ചേക്ക്"
"ശരി, മേടിച്ചേക്കാം, ഗംഗേ വേറൊരു കാൾ വരുന്നു, നീ വച്ചോളു"
"ശരി, ബൈ"
ഫോൺ കട്ട് ചെയ്ത ഗംഗ അറിയാതെ ഹോളിലെ ടിവിയുടെ ശബ്ദം ശ്രദ്ദിച്ചു. ചാനലുകൾ പെട്ടെന്ന് പെട്ടെന്ന് മാറ്റുന്ന ശബ്ദം. അഹല്യ പൊതുവെ അങ്ങിനെ ഒന്നും ചെയ്യുന്ന തരത്തിലുള്ള ഒരു കുട്ടി അല്ല. ഗംഗ അടുക്കളയിൽ ഒരു കയ്യിൽ ഫോണും, മറു കയ്യിൽ തവിയുമായി പാചകത്തിന്റെ ഇടയിൽ നിന്ന് കൊണ്ട് വിളിച്ചു - "അഹല്യേ.. മോളെ.."
മറുപടി ഒന്നും വന്നില്ല, ചാനൽ മാറുന്ന ശബ്ദം വീണ്ടും ഗംഗയുടെ കാതുകളിൽ എത്തി.
ഒന്ന് നോക്കിയേക്കാം എന്ന് കരുതി ഗംഗ സ്റ്റവ് ഓഫ് ചെയ്തു. എന്നിട്ട് ടിവി ഇരിക്കുന്ന മുറി ലക്ഷ്യമാക്കി പതുക്കെ നടന്നു. വലതു കയ്യിൽ കോർഡ്‌ലെസ് ഫോണുമായി നടക്കുന്നതിനിടയിലും ഗംഗ അവളെ വിളിച്ചു - "അഹല്യേ.." - പക്ഷെ ഒരു മറുപടിയും വന്നില്ല.
ചാനലുകൾ മാറുന്ന ശബ്ദം നിന്നു, ഇപ്പോൾ ഒരു പാട്ടാണ് കേൾക്കുന്നത്. ഗംഗ ആ ഇടനാഴിയിലൂടെ ശ്രദ്ധിച്ചു കൊണ്ട് നടന്നടുത്തു. ഒരു തമിഴ് പാട്ടാണ് കേൾക്കുന്നത്. ആ ഇടനാഴിയിലൂടെ നടക്കുന്ന ഗംഗയ്ക്കു ആദ്യം തന്നെ ടിവി കാണാൻ കഴിയും, കുറച്ചു കൂടി മുന്നിലോട്ടു ചെന്നാൽ മാത്രമേ, ടിവി കാണാൻ ഇരിക്കുന്ന അഹല്യയെ കാണാൻ സാധിക്കൂ. അവിടേക്കു നടന്ന അവൾ കണ്ടു, ടിവിയിൽ ഒരു തമിഴ് ചാനലിൽ ഭരതനാട്യം പോലത്തെ ഒരു ഡാൻസ് പ്രോഗ്രാം. പക്ഷെ ഗംഗയ്ക്കു എന്തോ സംശയം തോന്നി. അഹല്യ തമിഴ് ചാനൽ കാണാറേ ഇല്ല. മലയാളം തന്നെ അവൾക്കു നേരെചൊവ്വേ മനസിലാവില്ല. അവൾക്ക് പാടാനോ, ഡാൻസ് ചെയ്യാനോ ഒന്നും അറിയുകയും ഇല്ല. അഹല്യ എന്തിനീ ചാനൽ കാണണം? ഗംഗ ആശ്ചര്യത്തോടെ ആ ഹാളിലേക്ക് കടന്നു.
അവൾ ടിവി കാണാൻ ഇരിക്കുന്ന അഹല്യയെ നോക്കി. അവിടെ കണ്ട കാഴ്ച അവളിൽ ഭീതി ഉളവാക്കി. വെറും ആറ് വയസ്സുള്ള തൻ്റെ മകൾ ഇരുത്തം വന്നൊരു നർത്തകിയെ പോലെ ടിവിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നു. ഗംഗയുടെ ഹൃദയം നിലച്ചു പോകുന്നത് പോലെ തോന്നി. സകല നിയന്ത്രണവും വിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഗംഗ മകളെ നോക്കി ഉറക്കെ അലറി - "അഹല്യേ.."
ഗംഗയുടെ ശബ്ദം കേട്ട അഹല്യ നൃത്തം മതിയാക്കി, സോഫയിൽ ചാരി ഇരിന്ന് കൊണ്ട് ഗംഗയുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ചോദിച്ചു -
"യേൻ ആട്ടം എപ്പടി ഇറുക്ക്‌ ??"
ആ തമിഴ് ചോദ്യത്തിൽ ഭയചകിതയായ ഗംഗ എന്ത് ചെയ്യണമെന്നറിയാതെ സ്‌തബ്ധയായി. പെട്ടെന്ന് ഗംഗയുടെ കയ്യിലെ ഫോൺ റിങ് ചെയ്തു. ആ ശബ്ദം അവളെ വീണ്ടും ഞെട്ടിച്ചു. വിറയാർന്ന കൈകൾ കൊണ്ട് അവൾ ഫോൺ അറ്റൻഡ് ചെയ്തു.
ഗംഗയ്ക്കു ശബ്ദം വരുന്നുണ്ടായിരുന്നില്ല, ഫോണിന്റെ അങ്ങേത്തലക്കൽ നകുലൻ ആയിരിന്നു.
"ഗംഗേ, നാട്ടിൽ നിന്നും വിളിച്ചിരുന്നു, നമ്മുടെ ബ്രഹ്മദത്തൻ തിരുമേനി ഇന്നലെ രാത്രി മരിച്ചു"
ഗംഗയുടെ കയ്യിൽ ഇരുന്ന ഫോൺ തൽക്ഷണം തറയിലേക്ക് പതിച്ചു.
അഹല്യ അപ്പോഴും ആർത്തിയോടെ ടിവിയിലെ ആ നൃത്തം ആസ്വദിക്കുന്നുണ്ടായിരുന്നു, കളഞ്ഞു പോയ എന്തോ വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ ഒരു കുട്ടിയെ പോലെ, ഭ്രാന്തമായ ഒരു ആസ്വാദനം..
-തുടരും
Author - Sankaran Kutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo