Showing posts with label LoshyaRajesh. Show all posts
Showing posts with label LoshyaRajesh. Show all posts

ആരും കരയില്ലെങ്കിൽ

Image may contain: 2 people, people smiling


കണ്ണുനീര് തുടയ്ക്കാൻ ഒരു വലിയ തോർത്ത് എടുത്തോണേ...... എങ്കിൽ മാത്രം......എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയ കഥ ചുരുക്കിപ്പറയാം...
എന്റെ അമ്മായി അമ്മ അൾസിമേഷ്യസ് പിടിച്ചിരുപ്പായി എന്നറിഞ്ഞാണ് നല്ലമരുമകളായ ഞാൻ അങ്ങ് ദുഫായിലെ എന്റെ സ്വർഗ്ഗതുല്യമായ ജീവിതവും സ്വപ്നതുല്യമായ ജോലിയും ഉപേക്ഷിച്ചു നാട്ടിൽ വന്ന് അമ്മയുടെ പരിപാലനം ഏറ്റെടുത്തത്. ത്യാഗത്തിന്റെ നിറകുടമായ എനിക്ക് അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഗവ.ജോലി ശരിയായി. അപ്പോൾ വീട്ടിൽ അമ്മയെ നോക്കാൻ ആളെ നിർത്താൻ തീരുമാനിച്ചു. അന്നേരം എന്റെ കെട്ടിയോന്റെ മനസ്സിലും ലഡു പൊട്ടിയോ എന്നൊരു സംശയം. അങ്ങനെ ഞാൻ Agency യിൽ വിളിച്ച് 55 വയസ്സിന് മുകളിൽ പ്രായമുള്ള ജോലിക്കാരിയെ അമ്മച്ചിയെ നോക്കാൻ ആവശ്യമുണ്ടെന്ന് അറിയിച്ചു. അത് കേട്ട് എന്റെ ഭർത്താവിന്റെ മുഖത്ത് കടുന്നല് കുത്തിയോ എന്ന് ഞാൻ ശങ്കിച്ചു.അങ്ങനെ നമ്മുടെ കഥാനായിക മുച്ചക്ര വാഹനത്തിൽ രംഗ പ്രവേശനം ചെയ്തു. അക്ഷമയോടെയുള്ള എന്റെ കാത്തിരിപ്പിനു വിരാമമായി. ഓടിച്ചെന്നു ഞാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ഓട്ടോയിൽ നിന്നിറങ്ങി. അടുത്തതായി നമ്മുടെ കഥാനായിക. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഈശ്വരാ കുട്ടിയാനയെ ആണോ ജോലിക്കാരി എന്നും പറഞ്ഞ് വിട്ടത്.ഇനി മനുഷ്യ സ്ത്രീ എന്ന് ഞാനെടുത്തു പറയാഞ്ഞിട്ടാണോ. എന്തായാലും അവർ വന്ന് ചാർജ്ജെടുത്തു. അമ്മയും അവരെ കണ്ടൊന്നു ഞെട്ടിയോ എന്നൊരു സംശയം. അവരെ കണ്ടാൽ നമ്മുടെ പുരാണത്തിലെ ശൂർപ്പണഖ സാരി ഉടുത്തത് പോലെ തന്നെ എന്നൊക്കെ ഓർത്ത് അവർക്ക് കൊടുക്കാനുള്ള ചായ ഉണ്ടാക്കുകയായിരുന്ന ഞാൻ ആന അലറലോടലറൽ എന്ന ഒരു ഒച്ച കേട്ട് ചെന്ന് നോക്കുമ്പോഴുണ്ട് നമ്മുടെ നായിക കൂടെ വന്ന ആളുടെ നെഞ്ചത്ത് തലയിട്ടടിച്ച് കരയുന്നു എന്റെ ജോയിച്ചാ ജോയിച്ചാ എന്നും പറഞ്ഞ് നായകൻ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എവിടെ എത്താൻ. അങ്ങനെ ചായ കുടിയും കഴിഞ്ഞ് "ജോയിച്ചാൻ" ഒരു അഞ്ഞൂറു രൂപയും എന്റെ കയ്യിൽ നിന്നും വാങ്ങി ഗദ്ഗദ കണ്ഡനായി യാത്ര പറഞ്ഞിറങ്ങി. അങ്ങേരുടെ മുഖത്ത് ഒരു 'ഹാവു രക്ഷപെട്ടു' ഭാവം ഇല്ലേ എന്നൊരു സംശയം. എന്തായാലും അവരുടെ സ്വയം പുകഴ്ത്തലും അമ്മയെ പരിചരണവും തുടങ്ങി. ഞാൻ അണ്ണന് ഫോൺ ചെയ്തു. ഒറ്റ റിംഗിൽ ആശാൻ ഫോണെടുത്തു. ദുഷ്ടൻ ,സാധാരണ ഞാൻ ഫോൺ വിളിച്ചാൽ അടിച്ചു തീർന്നിട്ട് എപ്പോഴെങ്കിലും തിരിച്ചു വിളിക്കാറാണ് പതിവ്. എന്തായാലും ഒരു പണി കൊടുത്തേക്കാം എന്നു വിചാരിച്ച് ഞാൻ വളരെ ദു:ഖഭാവത്തിൽ പറഞ്ഞു "അണ്ണാ സേർവന്റ് വന്നു. ഞാൻ പറഞ്ഞ പ്രായത്തിൽ ആളില്ലാഞ്ഞത് കൊണ്ട് പ്രായം കുറച്ച് കുറവാ വന്ന ആൾക്ക്. അണ്ണൻ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ" "നിനക്കെന്താ എന്നെ വിശ്വാസമില്ലെ അച്ചു " എന്ന മനസ്സിൽ തുള്ളിച്ചാടിക്കൊണ്ടുള്ള ഡയലോഗ് കേട്ടു ഞാൻ ഫോൺ കട്ട് ചെയ്ത് ചിരിച്ച് ചിരിച്ച് മരിച്ച്. അപ്പോഴാണ് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം. ഡോർ തുറന്നപ്പോൾ ദാ മുൻപിൽ നിൽക്കുന്നു എന്റെ കെട്ടിയോൻ. "ഇവിടെ നിന്നപ്പോളാണോ ഞാൻ വിളിച്ചത്" എന്ന് ചോദിച്ചതൊന്നും കേൾക്കാത്ത മട്ടിൽ ആശാൻ ദാ വലിയ ഗമയിൽ ഒരു പുതിയ നെഞ്ചുവിരിവോടു കൂടി അകത്തേക്കു കയറി പോകുന്നു. എനിക്കാണെങ്കിൽ ചിരി സഹിക്കാൻ പറ്റുന്നില്ല. ഭഗവാനെ എന്റെ ചിരി കാത്തോണെ എന്ന പ്രാർത്ഥനയോടെ ഞാൻ അടുക്കളയിലേക്കും. നായിക എന്നോട് വന്ന് മോളുടെ വീടെവിടാ സാറിന്റെ പേരെന്താ മക്കളുടെ പേരെന്താ അങ്ങനെ നൂറു ചോദ്യങ്ങളും ചോദിച്ചങ്ങനെ നിൽക്കുന്നു. അപ്പോൾ എന്റെ കെട്ടിയോൻ ''അച്ചൂ ചായ '' എന്ന സുരേഷ് ഗോപി സ്റ്റൈലിലെ ഡയലോഗും നടത്തവുമായി ലിവിംഗ് റൂമിലേക്ക് ഒരു പോക്ക്. ഏറു കണ്ണിട്ട് അടുക്കളയിലേക്ക് നോക്കിയില്ലേ എന്നൊരു സംശയം. ദൈവമേ നല്ല പെർഫ്യൂമിന്റെ മണവും. അങ്ങേർക്ക് കാണരുതാത്ത എന്റെ പൊന്നാങ്ങള കൊണ്ടുവന്ന T Shirt ഉം ഇട്ടിരിക്കുന്നു. ഒരുവർഷമായി അവൻ അത് കൊണ്ട് കൊടുത്തിട്ട് ഇന്ന് വരെ അതിട്ടിട്ടില്ല എന്റെ പുന്നാര കെട്ടിയോൻ. അങ്ങേർക്ക് പറ്റാൻ പോകുന്ന പറ്റോർത്ത് എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ ഫോൺ ബെല്ലടിക്കുന്നത് കേട്ട് നമ്മുടെ നായിക മന്ദം മന്ദം പുറകും കുലുക്കി അമ്മയുടെ മുറിയിലേക്ക് പോയി. ഈശ്വരാ ആനയുടെ പുറകുവശം തന്നെ എന്നു വിചാരിച്ച് കണ്ണും തള്ളി നിന്ന ഞാൻ പെട്ടെന്ന് എന്റെ കെട്ടിയോനെ നോക്കി ഏറു കണ്ണിട്ട് ആനയുടെ പുറകിലേക്ക് നോക്കുന്നതും പെട്ടെന്ന് പേടിച്ച് കണ്ണുവെട്ടിച്ച് ഞാൻ കാണുന്നുണ്ടോന്നു നോക്കുന്നതും കണ്ടു. ആ നോട്ടവും ഇരിപ്പും കണ്ടപ്പോൾ മനസ്സിലായി ആശാൻ ആനയുടെ അല്ല നമ്മുടെ നായികയുടെ മുഖം കണ്ടിട്ടില്ലാന്ന്. കുറച്ചു കഴിഞ്ഞ് എന്നെ സഹായിക്കാനെന്ന വ്യാജേന അടുക്കളയിൽ കയറിയ എന്റെ കെട്ടിയോൻ ഞെട്ടിത്തരിച്ച് ചമ്മി വളിച്ച് കാറ്റുപോയ ബലൂൺ പോലെ അടുക്കളയിലേക്ക് കയറി വന്ന നമ്മുടെ നായികയെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്തോ നേടിയ ഭാവത്തിൽ ഞാൻ പറഞ്ഞു "അണ്ണാ ഇതാണ് അമ്മയെ നോക്കാൻ വന്ന കുഞ്ഞുമോൾ " എന്ന്. ശരി എന്നു പറഞ്ഞ് ആശാൻ ലിവിംഗ് റൂമിൽ പോയിരുന്നു. എന്തായാലും പുള്ളിക്കാരന് കുടിക്കാൻ വെള്ളം വേണ്ടിവരും എന്നു മനസ്സിലാക്കിയ ഞാൻ ഒരു വലിയ ഗ്ലാസ് എടുത്ത് ഫിൽറ്ററിൽ നിന്നും വെള്ളം നിറച്ചു കൊണ്ട് നിൽക്കുമ്പോൾ നമ്മുടെ നായിക നാണം കൊണ്ട് കുണുങ്ങി കുണുങ്ങിച്ചിരിക്കുന്നു. എന്നിട്ട് എന്നോട് "മോളേ ജോയിച്ചായനാ വിളിച്ചത് ജോയിച്ചായൻ പറയുവാ എന്നെയും മോളെയും കണ്ടാൽ ഒരമ്മ പെറ്റതാന്നേ പറയൂന്ന് " എന്റെ തല കറങ്ങു തായി തോന്നിയതുകൊണ്ട് ഞാൻ സ്ലാബിൽ മുറുക്കി ഒന്നു പിടിച്ചു കൊണ്ട് ആ കുഞ്ഞുമോളുടെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി .പതിയെ വെള്ളവുമായി കെട്ടിയോന്റെ അടുത്തേക്ക് ചെന്നു അപ്പോളതാ കെട്ടിയോന്റെ വക അടുത്ത കമന്റ് "ശരിയാ നിങ്ങൾ ഇരട്ടപെറ്റതാന്നല്ലാതെ ആരും പറയില്ല" എന്ന്. ഗോളടിച്ച് ഗ്യാലറിയിലേക്ക് നോക്കി കാറുന്ന മെസ്സി കണക്കേ എന്റെ കെട്ടിയോൻ തുള്ളിച്ചാടുന്നു. സർവ്വ മൂഡും പോയ ഞാൻ റൂമിൽ പോയി കണ്ണാടിയിൽ നോക്കിയപ്പോളാ മനസ്സിലായത് ശരിയാണല്ലോ അവര് പറഞ്ഞതെന്ന്. ഈശ്വരാ എത്ര രൂപയാ ഞാൻ ഓരോ മാസവും ബ്രൂട്ടീഷൻ ചെയ്യാൻ കൊടുക്കുന്നത് എന്നിട്ടും.....

ചട്ടമ്പി to നാണക്കാരി......

ചട്ടമ്പി to നാണക്കാരി......
ചട്ടമ്പിക്കല്യാണിയായി നടന്ന എന്നെ എന്റെ അച്ചുവേട്ടൻ പാവം തൊട്ടാവാടി ആക്കിയതെങ്ങനാണെന്നറിയുമോ?
സിവിൽ ഡിപ്ളോമ കഴിഞ്ഞ് ആദ്യമായി PSC test എഴുതാൻ ഞാനും കൂട്ടുകാരും കൂടി പൂത്തോട്ട സ്ക്കൂളിലെത്തി, അപ്പോഴതാ അവിടെ 2, 3 ആൺകുട്ടികൾ ഓരോ പെൺകുട്ടികളോടും പേരും വീടും ചോദിച്ച് നടക്കുന്നു. അവർ ഞങ്ങളുടെ അടുത്തും വന്നു. എന്റെ കൂട്ടുകാരി രശ്മിയോട് പേര് എന്താ വീടെവിടാ എന്നൊക്കെ ചോദിച്ചു... അതിൽ ഇരുനിറവും പൊക്കവുമുള്ള കുറച്ചു പ്രായം തോന്നുന്ന ആൾ എന്റെ അടുത്തേക്ക് വന്നിട്ട് മോളാരുടെ കൂടെ വന്നതാ എന്നൊരു ചോദ്യം.. എനിക്കിഷ്ടമല്ലാത്ത കാര്യമാഈ മോളേ വിളി പിന്നെ ആരുടെ കൂടെ വന്നതാ എന്ന ചോദ്യവും കൂടായപ്പോൾ എനിക്ക് കലി കയറി... "ചേട്ടനെന്താ ബ്രോക്കറാണോ? ഇവിടെ വന്ന പെൺ പിള്ളേരുടെ സർവ്വ കാര്യങ്ങളും തിരക്കുന്നുണ്ടല്ലോ ? അറിഞ്ഞിട്ടിപ്പം എന്നാത്തിനാ" "എടാ മോളു ഭയങ്കര കലിപ്പിലാ ആർച്ചേന്നാണോ മോളേ പേര് " കൂട്ടത്തിലൊരുവൻ ചോദിച്ചു.... അപ്പോഴേക്കും ഹാളിൽ കയറാൻ ബല്ലടിച്ചതുകൊണ്ട് ഞങ്ങളെല്ലാവരും അവരവരുടെ ഹാളിലേക്ക് പോയി. ഇറിഗേഷൻ ഡിപാർട്ട്മെൻറിലേക്കുള്ള പരീക്ഷയായിരുന്നു. എഴുതി കഴിഞ്ഞ് ഒന്നുകൂടി OMR ഷീറ്റ് ചെക്ക് ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് ജനലിൽകൂടി മുൻപേ കണ്ട ചേട്ടൻ ബൈക്കിന്റെ മുകളിൽ ഇരുന്ന് എന്നെ നോക്കുന്നത് കണ്ടത്... ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഒരു ചിരി.... അയ്യേ വായിനോക്കി..... നാശം ഇയാൾ പരീക്ഷയ്ക്ക് വന്നതല്ലേ എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ Paper കൊടുത്ത് hall ൽ നിന്നും ഇറങ്ങി.... ഞാനും രശ്മിയും ശ്രീദേവിയും ലക്ഷ്മിയും എല്ലാവരും കൂടി നടന്നു Ground ലേക്ക് വരുമ്പോൾ എക്സാമിന് മുൻപ് കണ്ട ചേട്ടൻമാർ ഞങ്ങളുടെ മുൻപിലേക്ക് വരുന്നു... ദേ നാശം പിടിക്കാൻ.... ഇന്ന് ഇവൻമാരെ ഞാൻ കൊല്ലും എന്നും പറഞ്ഞ് മുന്നോട്ടാഞ്ഞ എന്റെ കയ്യിൽ രശ്മി പിടിച്ചു നിർത്തി "എടീ അമ്മൂ അവരെ മൈൻഡ് ചെയ്യണ്ട വിട്ടേര് " അപ്പോഴേക്കും അവർ ഞങ്ങളുടെ മുൻപിലെത്തി. "മോളേ ഒന്നു പരിചയപ്പെടാൻ വന്നതാ " " മോളേ മോളേ മോള് ആരാടോ തന്റെ മോള് " ഞാൻ ദേഷ്യം വന്നിട്ട് ഒച്ചവച്ചു.... അതു കേട്ട് ഞങ്ങളുടെ ഫ്രൻണ്ട് സ് എല്ലാവരും അങ്ങോട്ട് വന്നു.... എന്താ എന്താ പ്രശ്നം എന്നും ചോദിച്ച് വന്ന റോണിയോട് ഞാൻ പറഞ്ഞു "റോണീ , രാവിലെ വന്നപ്പോൾ മുതൽ ഇവൻമാർ ഓരോരുത്തരെ പരിചയപ്പെടലും നടത്തവും പിന്നെ മോളേ വിളിയും... അത്രേ ഉള്ളോ എന്നും ചോദിച്ച് അവർ തമ്മിൽ ഷേക്ക് ഹാൻഡ് ഒക്കെ കൊടുത്ത് സംസാരിക്കുന്നതു കണ്ടു... അപ്പോഴേക്കും ബസ് വന്നു ഞങ്ങളെല്ലാവരും ഓടി ബസിൽ കയറി. "എന്റെ അമ്മു നിന്നെ കൊണ്ട് തോറ്റല്ലോ അവരോട് നീ എന്തിനാ വഴക്കുണ്ടാക്കാൻ പോയേ " രശ്മിയുടെ വക വിസ്താരം തുടങ്ങി... ഞാനൊന്നും മിണ്ടാതെ കേൾക്കാത്ത മട്ടിൽ നിന്നു ... കോട്ടയത്ത് ബസി റങ്ങി സ്റ്റാൻഡിൽ നിന്നും സ്ക്കൂട്ടറിൽ ഞാൻ വീട്ടിലെത്തി.... അച്ഛനും അമ്മയും നാട്ടിലുള്ള സമയമായിരുന്നു..... വന്നയുടൻ കഥകളെല്ലാം പറഞ്ഞ്..... ഞാൻ TV കണ്ടിരുന്ന് ഉറങ്ങിപ്പോയി.... സന്ധ്യക്ക് വിളക്ക് വയ്ക്കാറായപ്പോൾ അച്ഛമ്മ വന്നു വിളിച്ചു "അമ്മുക്കുട്ടി തൃസന്ധ്യയ്ക്ക് കിടന്നുറങ്ങാൻ പാടില്ലാന്ന് നിനക്കറിയില്ലേന്ന് ചോദിച്ച് " ഞെട്ടിയുണർന്ന് ഞാനോടിപ്പോയി കൈയും കാലും കഴുകി വന്ന് വിളക്ക് കത്തിച്ച് സന്ധ്യാനാമം ചൊല്ലി ക്കഴിഞ്ഞ് നോക്കുമ്പോൾ സിറ്റൗട്ടിൽ അച്ചമ്മയും കൊച്ചച്ചനും അച്ഛനും അമ്മയും എല്ലാവരും കൂടി എന്തൊക്കെയോ ഗഹനമായ ചർച്ചയിലാണ്....കൊച്ചച്ചനെപ്പോ വന്നു എന്നും ചോദിച്ച് ഞാനങ്ങോട്ട് ചെന്നപ്പോൾ എല്ലാവരും സംസാരം നിർത്തി പരസ്പരം നോക്കുന്നു.... ''എന്താ എല്ലാവരുടെയും മുഖത്തൊരു കള്ള ലക്ഷണം " എന്റെ ചോദ്യം കേട്ട് അച്ചമ്മ പറഞ്ഞു അമ്മൂട്ടി ഇവിടെ വന്നിരിക്ക് ഒരു കാര്യം പറയട്ടെ.... "എന്ത് കാര്യം" "അതേ അമ്മുക്കുട്ടിക്ക് കുറെ ആലോചനകൾ വന്നിട്ടുണ്ട് " "എന്താലോചന " "കല്യാണാലോചന " "അയ്യേ കല്യാണോ എനിക്കോ" എന്റെ ചോദ്യം കേട്ട് എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു. "അച്ഛാ ഈ അച്ഛമ്മയെന്തൊക്കെയാ ഈ പറയുന്നത് ".. " അമ്മ പറയുന്നത് സത്യാ അമ്മു " അച്ഛൻ പറയുന്നതു കേട്ടപ്പോളേക്കും എന്റെ കണ്ണു നിറഞ്ഞു പോയി "അയ്യേ അമ്മുക്കുട്ടി കരയുവാണോ?" കൊച്ചച്ചൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.... "മോളെ അമ്മു നിന്റെ ജാതക പ്രകാരം ഇപ്പോൾ നിന്റെ കല്യാണം നടക്കണം ഇല്ലെങ്കിൽ ഒരുപാട് താമസിക്കും" എന്താ അച്ഛാ ഇത് 18 വയസ്സേ എനിക്കായിട്ടുള്ളൂ എനിക്ക് BTech ചെയ്യണം M Tech ചെയ്യണം professor ആയി ജോലിക്ക് കയറണം ഇതൊക്കെ അച്ഛനറിയാവുന്നതല്ലേ.... " അമ്മു നിന്നെ കല്യാണം കഴിഞ്ഞും പഠിപ്പിക്കും എന്നുറപ്പുള്ളയാളെ കൊണ്ടേ നിന്നെ കെട്ടിക്കൂ" "ഇല്ല അച്ഛഅതൊന്നും നടക്കില്ല നിങ്ങളാരു മെന്താ എന്നെ മനസ്സിലാക്കാത്തത് " ഇതും പറഞ്ഞ് ഞാനോടി എന്റെ റൂമിലേക്ക് പോന്നു... കട്ടിലിൽ കിടന്നു കരഞ്ഞു.... അമ്മ വന്ന് വിളിച്ചു അമ്മു നിന്നെ നാളെ പിടിച്ച് കെട്ടിക്കത്തൊന്നുമില്ല..... ആലോചനകൾ തുടങ്ങുന്നു എന്നു മാത്രം...... അച്ഛനും എനിക്കും sugar ഉം Cholestrol ഉം Pressure ഉം അങ്ങനെ എല്ലാ അസുഖങ്ങളുമുണ്ട്..... നിനക്കറിയാമല്ലോ ? എപ്പഴാ എന്താ സംഭവിക്കുക എന്നൊന്നും പറയാൻ പറ്റില്ല..... അതിന് മുൻപ് നിന്നെ സുരക്ഷിതമായ കൈകളിലേൽപ്പിക്കണം.... നിന്റെ അച്ഛൻ കല്യാണത്തിനു ശേഷം എന്നെ പഠിപ്പിച്ചിട്ടല്ലെ എനിക്ക് ഇന്ന് ജോലി ആയത്.... അതുപോലെ നിനക്കും പഠിക്കാം.... അമ്മയെ ഞാൻ തിരിഞ്ഞ് ഒന്നു നോക്കുക പോലും ചെയ്തില്ല.... വൈകിട്ട് ഞാൻ ഒന്നും കഴിച്ചില്ല... എല്ലാവരും വന്നു വിളിച്ചു.... എന്നിട്ടും ഞാൻ അനങ്ങിയില്ല.....
പിറ്റെ ദിവസം ഞാനാരെയും മൈൻഡ് ചെയ്തില്ല..... അവരാരും എന്നെയും മൈൻഡ് ചെയ്തില്ല.... അടുക്കളക്കാരി തങ്കമ്മയോട് എനിക്ക് കഴിക്കാൻ തരാൻ പറഞ്ഞു..... ഇഡ്ഡലിയും സാമ്പാറും രണ്ടെണ്ണം കഴിച്ചു ഞാനെഴുന്നേറ്റപ്പോൾ അവരുടെ വക ഉപദേശം ഇനി ഇങ്ങനെ ഒന്നുമായാൽ പറ്റില്ല... കൂടുതൽ കഴിക്കണം... ശരീരം പുഷ്ടിപ്പെടണം എന്നൊക്കെ അതൂടായപ്പോൾ എനിക്ക് അരിശം കൊണ്ട് വയ്യാതായി അവരോടും എഴുന്നള്ളിപ്പിച്ചിരിക്കുന്നു കല്യാണക്കാര്യം... എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ എന്നാലോചിച്ച് സ്ക്കൂട്ടറിന്റെ കീ എടുത്ത് പോർച്ചിൽ ചെന്നപ്പോൾ സിറ്റൗട്ടിൽ ഇരുന്ന അച്ഛന്റെ വക ഒരു ആജ്ഞ പെട്ടെന്ന് തിരിച്ചു വരണം ഉച്ചക്ക് നിന്നെക്കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന്..... എനിക്ക് അപ്പോഴാണ് മനസ്സിലായത് സംഗതി സീരിയസാണെന്ന്.... അല്ലെങ്കിൽ അച്ഛൻ ഒന്നും ആജ്ഞാപിക്കാറില്ല....
ഈശ്വരാ ഒരുത്തനേം ലൈനിട്ടിട്ടുമില്ല.... ഇനി എന്തു ചെയ്യുമോ എന്തോ..... ഒരു പരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിച്ച് അയാളുടെ വീട്ടിൽ പോയി താമസിക്കുക ഓർക്കാനേ വയ്യ.... അടുത്തുള്ള പള്ളിയിൽ ഒരു മെഴുകുതിരി കത്തിച്ച് എന്തോ പ്രാർത്ഥിച്ചിട്ട് ഞാൻ തിരിച്ചു വീട്ടിലെത്തി...... ഉച്ച ആയപ്പോളേക്കും ഒരു കാറിൽ കുറച്ചു പേർ വന്നു..... എന്നെ അച്ഛമ്മ അവരുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി അവരെന്തൊക്കെയോ ചോദിച്ചു ഞാനതിനൊക്കെ മറുപടി പറഞ്ഞു.... കുരച്ചു കുരച്ചു മലയാളം പറയുന്ന ഒരു ഹിന്ദി സിനിമാ നടനെ പോലിരിക്കുന്ന ചെറുക്കൻ..... ഞാൻ അധികം മൈൻഡ് ചെയ്തില്ല..... അവർ എല്ലാവരും വളരെ സന്തോഷത്തോടെ സംസാരിച്ചു.... ഭക്ഷണം കഴിച്ചു.... ഷാരൂഖാൻ സീ യൂ ലേറ്റർ പറഞ്ഞ് പോയി..... അച്ഛന്റെ സുഹൃത്തിന്റെ c/o ൽ വന്നതാത്രെ അമേരിക്കക്കാരൻ...... വീട്ടിലെല്ലാവർക്കും സന്തോഷം.... അച്ഛമ്മയ്ക്ക് അത്ര പിടിച്ചിട്ടില്ല.... ആ ചെക്കന്റെ അമ്മ പത്രാസുകാരിയാ എന്നൊക്കെ പറയുന്നുണ്ട്..... ഞാനൊരക്ഷരവും മിണ്ടാതെ മുറിയിലേക്കു വന്നു walk man ൽ പാട്ടുകേട്ട് കിടന്നു ഏകദേശം 4 മണി ആയപ്പോഴേക്കും അച്ഛമ്മ വന്ന് വിളിച്ചപ്പോളാണെഴുന്നേറ്റത് "അമ്മൂട്ടി നിന്നെ അച്ഛൻ വിളിക്കുന്നു നീ അവിടം വരെ ചെല്ലാൻ " എന്താ കഥ അച്ഛൻ സാധാരണ എന്റെ മുറിയിലേക്കാണല്ലോ വരാറ്... എഴുന്നേറ്റ് മുഖം കഴുകി തുവർത്തിക്കൊണ്ട് എന്താ അച്ഛാ എന്നും വിളിച്ച് hall ലേക്ക് ചെന്നതും എന്റെ ചങ്കിടിച്ചു പോയി... ഈശ്വരാ ഇതെന്താ ഇയാളിവിടെ ( PSC പരീക്ഷയ്ക്ക് വഴക്ക് പിടിച്ച ചേട്ടൻ ) .... അമ്മൂ നിന്നെക്കാണാൻ വന്നതാ ഇവർ..... കൊച്ചച്ചനും ഉണ്ട് കൂടെ..... എന്താ കൊച്ചച്ചാ എന്ന് ഒരു വിധത്തിൽ ചോദിച്ചു ഞാൻ.... അമ്മൂ നിങ്ങൾ പരീക്ഷയ്ക്ക് പോയപ്പോൾ കണ്ടതും പരിചയപ്പെട്ടതുമൊക്കെ അരവിന്ദ് പറഞ്ഞു..... ആരാ അരവിന്ദ് എന്ന് ചോദിക്കാനാ എനിക്കു വന്നത് എങ്കിലും ഞാനത് വിഴുങ്ങി.... എന്റെ നിൽപ് കണ്ടിട്ടാവും അച്ഛൻ പറഞ്ഞു അമ്മു അമ്മയെ ഇങ്ങ് വിളിച്ചോണ്ട് വരാൻ.... ഞാൻ അടുക്കളയിൽ ചെന്നപ്പോളുണ്ട് അമ്മ ചായയും പലഹാരങ്ങളുമൊക്കെ എടുത്തു വയ്ക്കുന്നു. "അമ്മു നിനക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടായിരുന്നെങ്കിൽ നേരത്തേ പറഞ്ഞൂടായിരുന്നോ?" ഇഷ്ടോ എനിക്കോ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അമ്മ ഒറ്റപ്പോക്ക് അച്ഛന്റെ അടുത്തേക്ക്.... തങ്കമ്മ നാണം കലർന്ന ഒരു ചിരി എന്നെ നോക്കി.... അതൂടായപ്പോൾ ദേഷ്യം കൊണ്ട് കണ്ണ് കാണാൻ പാടില്ലാതായി എനിക്ക്... അപ്പോൾ അതാ അമ്മൂ എന്നൊരു വിളി കൊച്ചച്ചൻ, തിരിഞ്ഞു നോക്കിയപ്പോളേക്കും അയാളെയും കൂട്ടി എന്റെ പുറകിൽ നിൽക്കുന്നു കൊച്ചച്ചൻ.... നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞ് കൊച്ചച്ചൻ സ്ഥലം വിട്ടു. എന്റെ നോട്ടം കണ്ടിട്ടാവണം ആളൊരു ചോദ്യം "അമ്മുവിനെന്നെ മനസ്സിലായില്ലെ? ഞാൻ അരവിന്ദ് KSEB എൻജിനീയർ വൈക്കത്താണ് വീട് അച്ഛൻ അമ്മ ഞാൻ അനിയൻ ഇത്രയും പേരാണ് വീട്ടിൽ..... വീട്ടിൽ അച്ചു എന്നാ വിളിക്കുന്നത്.....വയസ്സ് 28 ...... അച്ഛന് കൃഷിയാണ്.... നന്നായി പഠിക്കുമായിരുന്നതുകൊണ്ട് TKMൽ മെറിറ്റിൽ കിട്ടിയാണ് ഇലക്ട്രിക്കൽ എൻജിനീയറിംഗ് പഠിച്ചത് ".... ഇത്രയും കേട്ടപ്പോഴേക്കും ഞാൻ ഫ്ലാറ്റ്.... എന്റെ ദേഷ്യമൊക്കെ പമ്പ കടന്നു.... "പിന്നെ അന്ന് കണ്ട തന്റേടിയായ അമ്മുക്കുട്ടിയെ കാണാനാ ഞാൻ വന്നത് അല്ലാതെ ഈ പൂച്ചക്കുട്ടിയെ കാണാനല്ല ".... എന്നും പറഞ്ഞ് ഒരു ചിരീം ചിരിച്ച് ആളു പോയി കൊച്ചച്ചന്റെ അടുത്തിരുന്നു.....
അപ്പോഴാ ഞാനോർത്തത് അയ്യേ ഞാൻ എന്താ ഇട്ടിരിക്കുന്നത് ഒരു ത്രീ ഫോർത്ത് നിക്കറും ബനിയനും മുടി ചീകീട്ടു കൂടിയില്ല.... ആകെ ചമ്മലായല്ലോ ഈശ്വരാ..... അവരിറങ്ങുന്നു എന്ന് അമ്മ വന്നു പറഞ്ഞപ്പോഴേക്കും മുടി ചീകി ഒരു പൊട്ടൊക്കെ കുത്തി ഞാനോടി ചെന്നു.... അവരപ്പോഴേക്കും കാറിനരികത്തെത്തിയിരുന്നു... കാറിൽ കയറുന്നതിനു മുമ്പ് അച്ചുവേട്ടൻ എന്നെ തിരിഞ്ഞു നോക്കി.... ജീവിതത്തിൽ ആദ്യമായി നാണം കൊണ്ടെന്റെ മുഖം ചുവന്നു..... ശരിയെന്നു തലയാട്ടി കാണിച്ച് അച്ചുവേട്ടൻ കാറിൽ കയറി..... അമ്മയ്ക്ക് ഒട്ടുമിഷ്ടമായില്ല അച്ചുവേട്ടന്റെ വീട്ടുകാരെ.... അച്ഛമ്മയ്ക്ക് വല്യ സന്തോഷമായിരുന്നു " ഒന്നുമില്ലെങ്കിലും നീ നാട്ടിൽ തന്നെ കാണുമല്ലോ അച്ഛമ്മയ്ക്ക് കാണണോന്ന് തോന്നുമ്പോൾ നിനക്ക് ഓടിവരാല്ലോ" അച്ഛൻ എന്റെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം അമ്മയോട് പറയുന്നതു കേട്ടു " വിഷമിക്കാതെടോ അമേരിക്കക്കൊക്കെ കെട്ടിച്ചു വിട്ടാൽ പിന്നെ നമുക്ക് വല്ലപ്പോഴുമല്ലേ അവളെ കാണാൻ പറ്റൂ " "എന്താ ആരും മക്കളെ അമേരിക്കക്ക് കെട്ടിച്ചു വിടില്ലേ? ഇപ്പോൾ നമ്മൾ വല്ലപ്പോഴുമല്ലേ അവളെ കാണുന്നത് ,ഞാനന്നേ പറഞ്ഞതാ അവളെ നമ്മുടെ കൂടെ നിർത്തി പഠിപ്പിച്ചാൽ മതിയെന്ന് എങ്കിൽ ഇങ്ങനൊന്നും വരില്ലായിരുന്നു... അവൾ നമ്മുടെ സ്റ്റാറ്റസ് അനുസരിച്ച് ജീവിച്ചേനെ ഇതിപ്പോ... നമ്മുടെ ഫ്രണ്ട്സിനോടൊക്കെ ഞാനെന്തു പറയും " "എടോ താനെന്തൊക്കെയാ ഈ പറയുന്നത് ആ പയ്യന്റെ വീട്ടുകാർക്ക് സാമ്പത്തികമേ കുറവുള്ളൂ.... രണ്ട് തലമുറയ്ക്കുള്ള സമ്പത്ത് നമ്മൾ സമ്പാദിച്ചിട്ടില്ലേ ? അത് അമ്മുവിനും വിനുവിനും തുല്യമായുള്ളതല്ലേ?.... ആ പയ്യന് നല്ല വിദ്യാഭ്യാസമില്ലേ? അവനെ കാണാൻ നല്ലതല്ലേ.... ഞാൻ നോക്കിയിട്ട് ഒറ്റകുറവേ അവനുള്ളൂ അമ്മുവിനേക്കാൾ 10 വയസ്സ് കൂടുതൽ ".. വയസ്സ് ഒരു പ്രശ്നമല്ല എന്ന വക്കാലത്തുമായി അച്ഛമ്മ അവരുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടു... അമ്മ കരച്ചിലും പിഴിച്ചിലും പട്ടിണി കിടക്കലും എന്തായാലും ഞാൻ ഹാപ്പി.... പിറ്റേ ദിവസം മുതൽ തങ്കമ്മ ഉണ്ടാക്കിത്തന്ന കാച്ചെണ്ണ തലയിൽ തേച്ച്, കസ്തൂരി മഞ്ഞളും തൈരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടി കുളിക്കുവാനും കണ്ണെഴുതുവാനും വളകളും പാദസരവും ഒക്കെ ഇടാനും തുടങ്ങി.....

Loshya

അവൾ പെണ്ണായി.......


അവൾ പെണ്ണായി.......
രാവിലെ 11:30 കഴിഞ്ഞപ്പോഴാണ് മക്കളുടെ സ്ക്കൂളിൽ നിന്നും ഫോൺ വന്നത്.ആ സമയത്ത് ഓഫീസിൽ നല്ല തിരക്കായിരുന്നുവെങ്കിലും സ്ക്കൂളിൽ നിന്നും ഫോൺ വന്നപ്പോൾ ഒരു പേടിയോടെയാണ് അറ്റൻഡ് ചെയ്തത്. മാഡം ഞാൻ വർഷയുടെ ക്ലാസ് ടീച്ചർ ആണ്. വർഷക്ക് ക്ലാസിൽ വച്ച് പീരിയഡ്സ് ആയി. അത് കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്നതു പോലെയാണ് തോന്നിയത് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പീരിയഡ് സോ ? ഈശ്വരാ.. മിസ്സേ അവൾക്ക് എന്തെങ്കിലും സുഖമില്ലാഴിക തോന്നുന്നുണ്ടോ? അവൾക്ക് പാഡ് കൊടുത്തോ? വെള്ളം കൊടുത്തോ? ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദിച്ചപ്പോഴേക്കും മിസ്സ് പറഞ്ഞു മാഡം വിഷമിക്കേണ്ട ഞങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പാഡ് ഒക്കെ എങ്ങനാ യൂസ് ചെയ്യേണ്ടത് എന്നൊക്കെ കാണിച്ച് കൊടുത്തു. ഉടുപ്പിലൊന്നുമായിട്ടില്ല. ബാത്ത് റൂമിൽ പോയപ്പോൾ Blood കണ്ട് പേടിച്ച് വന്നു പറയുകയായിരുന്നു. Now She is ok. Don't worry. മാഡം evening വന്ന് pick ചെയ്താൽ മതി. ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ.
ഫോൺ cut ചെയ്ത് കഴിഞ്ഞിട്ടും എനിക്കൊരു മനസ്സമാധാനവുമില്ല. ഈശ്വരാ ഇനി എങ്ങനെയാ അവളെ ഞാനിതൊക്കെ പറഞ്ഞ് മനസ്സിലാക്കുക. കൊച്ചു കുട്ടിയല്ലേ അവൾ ഒൻപത് വയസ്സായതേ ഉള്ളൂ . എനിക്ക് ഒൻപതാം ക്ലാസിൽ വച്ചാ പീരിയഡ്സ് ആയത്. എന്നിട്ട് തന്നെ എന്തൊരു ബുദ്ധിമുട്ടായിരുന്നു. എന്റെ ശരീരം ആകെ തളരുന്നതുപോലെ തോന്നി. എന്റെ ഭാവവ്യത്യാസം കണ്ട് അഞ്ചു ചോദിച്ചു എന്തു പറ്റി ധന്യാ. ഞാൻ കാര്യം പറഞ്ഞപ്പോൾ അഞ്ചുവും അയ്യോ പാവം കുട്ടി എന്നു പറഞ്ഞ് വിഷമത്തിലായി. അഞ്ചു പറഞ്ഞു ധന്യേ ഹർഷയല്ലേ വർഷയേക്കാൾ ശരീര വലുപ്പമുള്ളത് ഇനി ഉടനേ ഹർഷക്കും ആകുമായിരിക്കും അല്ലേ? ശരിയാണ് വർഷയുടെ അനിയത്തി ഹർഷ ഒന്നാം ക്ലാസിലാണ് എന്നാൽ മൂത്തവളേക്കാൾ വലുപ്പം അവൾക്കാ ഈശ്വരാ ഇനി ഉടനെ അവൾക്കും ആകുമോ എനിക്കെന്തോ ഒരു പേടി പോലെ. ഓഫീസിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. Lunch കഴിക്കാനിരുന്നപ്പോൾ അഞ്ചു ആചാരങ്ങളെപ്പറ്റിയും ആദ്യമായി periods ആകുമ്പോൾ ചേയ്യേണ്ട കാര്യങ്ങളെപ്പറ്റിയുമൊക്കെ വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കതൊന്നും ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ half day leave എഴുതി വച്ച് ഓഫീസിൽ നിന്നും ഉച്ചക്കിറങ്ങി. ഞാൻ അച്ചുവേട്ടനെ Phone വിളിച്ചു. എന്റെ sound ഇടറിയിരുന്നത് കൊണ്ട് എന്തു പറ്റിയെ ടോ ഭാര്യേ എന്നാണ് ആദ്യം തന്നെ അച്ചുവേട്ടൻ ചോദിച്ചത്. ഏട്ടാ അതു പിന്നെ, എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എന്താടാ എന്തു പറ്റി.അച്ചുവേട്ടനും വല്ലാതായി.കരച്ചിലാണെനിക്ക് വന്നത്. നീ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ പറയുന്നുണ്ടോ എന്താണെന്ന്. അച്ചുവേട്ടൻ ദേഷ്യപ്പെടാൻ തുടങ്ങി. ഏട്ടാ നമ്മുടെ വർഷ. എന്താ അവൾക്ക്. അവൾക്ക് പീരിയഡ്സ് ആയി. അതു കേട്ടതും അച്ചുവേട്ടൻ ഒറ്റച്ചിരി. ഇതിനാണോ നീ കരയുന്നത്. അവൾ പെൺകുട്ടിയായതിന് സന്തോഷിക്കുകയല്ലേ വേണ്ടത്. ഞാൻ ഇപ്പോൾ തന്നെ ഇറങ്ങാം. നീയും വേഗം വാ നമുക്ക് ഇന്ന് അവളെ കൂട്ടി കുറച്ച് സാധനങ്ങൾ വാങ്ങാൻ പോവാം. നീ എല്ലാവരോടും വിളിച്ച് പറയൂ ഈ സന്തോഷം.. അതു കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്.. ഈ മനുഷ്യനെന്താ വട്ടാണോ ഒരു കുഞ്ഞുകുട്ടിക്ക് periods ആയത് നാട്ടുകാരെ മുഴുവൻ അറിയിക്കണോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
ഞാൻ സ്ക്കൂളിൽ ചെന്നപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് മറ്റു കുട്ടികൾ കളിക്കുന്നത് കാണുന്ന വർഷയെയാണ് കണ്ടത്. ഹർഷ അവിടെ ഓടി നടക്കുന്നുണ്ട്.. എല്ലാ ദിവസവും ആ കളിക്കുന്ന കുട്ടികളുടെ ഇടയിൽ നിന്നും വളരെ കഷ്ടപ്പെട്ടാണ് ഞാൻ വർഷയെ കണ്ടു പിടിക്കുന്നത്.. വായാടിയും കുസൃതിയുമായ അവളുടെ വിഷമിച്ചുള്ള ഇന്നത്തെ ഇരിപ്പുകണ്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ഞാൻ കാർ പാർക്ക് ചെയ്ത് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ എന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു, ഞാനും കരഞ്ഞുപോയി. അമ്മാ ഞാൻ വല്യ കുട്ടിയായിപ്പോയി എന്നു പറഞ്ഞ് അവൾ ഏങ്ങലടിച്ചു. എന്റെ ചക്കരേ അതെല്ലാ പെൺകുട്ടികൾക്കും ഉള്ളതല്ലേ എന്റെ കുട്ടൻ വിഷമിക്കല്ലേ എന്നു പറഞ്ഞു ഞാനവളുടെ കണ്ണുനീർ തുടച്ചു.. അപ്പോഴേക്കും ഹർഷ ഓടി വന്നു. എന്താ അമ്മേ ഈ കുഞ്ഞേച്ചിക്ക് പറ്റിയത് കളിക്കാൻ വിളിച്ചിട്ട് വന്നില്ല. അമ്മ എന്തിനാ കരയുന്നത് എന്ന് ചോദിച്ച് അവളും എന്നെ കെട്ടിപ്പിടിച്ചു. ഒന്നുമില്ലെടാ വാ നമുക്ക് പോകാം അച്ഛൻ ഇപ്പോൾ വന്നു കാണും ഇന്ന് outing ന് പോകാമെന്ന് പറഞ്ഞ് അവരുടെ ബാഗ് ഊരി കൈയിൽ പിടിച്ച് കാറിനടുത്തേക്ക് നടന്നു. എന്റെ സുന്ദരിക്കുട്ടി തല കുനിച്ച് പതിയെ നടക്കുന്നത് എനിക്ക് സഹിക്കാവുന്ന തിലുമപ്പുറമായിരുന്നു. എല്ലാ ദിവസവും front Seat ൽ ഇരിക്കാൻ വഴക്കു കൂടുമായിരുന്ന വർഷ back door തുറന്ന് കാറിൽ കയറി. ഹർഷ സന്തോഷത്തോടെ front Seat ൽ കയറി ഇരുന്നു.
എന്നാൽ ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ഇതെന്തു പറ്റി രണ്ടു പേർക്കും എന്ന് പിറുപിറുത്തു കൊണ്ട് അവൾ front Seat ൽ ചാരിക്കിടന്നു. വീടിന്റെ ഗേറ്റ് തുറന്ന് ഇട്ടിരിക്കുന്നത് കണ്ടപ്പോഴേ ഹർഷ കൈയടിക്കാൻ തുടങ്ങി അച്ഛ വന്നല്ലോ എന്നും പറഞ്ഞ്. കാർ , പോർച്ചിലേക്ക് ഒതുക്കി ഞാനിറങ്ങാൻ തുടങ്ങിയപ്പോഴാണ് വർഷ കാറിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്നത് കണ്ടത്. വാവേ ഇറങ്ങെടാ എന്നും പറഞ്ഞ് ഞാൻ അവൾക്ക് ഡോർ തുറന്നുകൊടുത്തു. പാവം പയ്യെ ഇറങ്ങി എന്റെ പുറകെ പതിയെ നടന്നു വന്നു. വാവ എവിടെ എന്നും ചോദിച്ച് അച്ചുവേട്ടൻ ഹർഷ യെയും എടുത്ത് കൊണ്ട് വരുന്നുണ്ടായിരുന്നു. എന്റെ പുറകിൽ പതുങ്ങി നിൽക്കുന്ന അവളെ പിടിച്ച് മുൻപിലേക്ക് നിർത്തിക്കൊണ്ട് അച്ചുവേട്ടൻ ചോദിച്ചു എന്റെ കുട്ടിക്കിതെന്തു പറ്റി. എന്റെ മോള് വല്യ കുട്ടിയായി പോയോ എന്റെ വാവ എത്ര വല്യ കുട്ടിയായാലും അച്ഛന്റെയും അമ്മയുടെയും ചക്കര വാവയല്ലേ എന്നും പറഞ്ഞ് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ വച്ചു. പെട്ടെന്ന് റെഡി ആവൂ ഇന്ന് നമ്മൾ ഔട്ടിങ്ങിന് പോവാ വാവക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം. വർഷ റൂമിലേക്ക് പോയി, അച്ചേ എനിക്കും വാങ്ങണം കുറച്ച് സാധനം എന്നും പറഞ്ഞ് ഹർഷ ചിണുങ്ങാൻ തുടങ്ങി. എന്താടോ താനിങ്ങനെ നിൽക്കുന്നത് വേഗം Ready യാകൂ എന്ന് എന്നോടായി അച്ചുവേട്ടൻ പറഞ്ഞു. 
അച്ചുവേട്ടൻ വളരെ ഉൽസാഹത്തോടെ സംസാരിച്ചു കൊണ്ടേയിരുന്നു. ഞാൻ വർഷയുടെ കൂടെ back Seat ൽ ആണിരുന്നത്. ഹർഷയ്ക്ക് വല്യ സന്തോഷമായിരുന്നു front Seat സ്വന്തമായി കിട്ടിയതിന്. ഇനിയെന്നും കുഞ്ഞേച്ചി back ലാണോ ഇരിക്കുന്നത് അമ്മേ എന്നവൾ ചോദിക്കുന്നുണ്ടായിരുന്നു. ആദ്യം josco യിലേക്കാണ് പോയത് ഹർഷയ്ക്കും വർഷയ്ക്കും ഓരോ ചെയിനും വർഷയ്ക്ക് ഒരു കമ്മലും വാങ്ങി. തനിക്കൊന്നും വേണ്ടേടോ എന്ന് അച്ചുവേട്ടൻ എന്നോട് ചോദിച്ചു. ബില്ലടച്ച് അവിടെ നിന്നും ഇറങ്ങി നേരെ ശീമാട്ടിയിൽ പോയി മൂന്ന് frock വീതം രണ്ടു പേർക്കും വാങ്ങി. Best Hotel ൽ കയറി Dinner കഴിച്ച് വീട്ടിലെത്തി. കുട്ടികളുടെ Lunch box കഴുകി വച്ച് അടുക്കളയും വൃത്തിയാക്കി തിരിഞ്ഞു നോക്കിയപ്പോൾ വാവ നിൽക്കുന്നു അമ്മേ എന്നും വിളിച്ച് എന്താടാ എന്നും ചോദിച്ച് ഞാനവളുടെ കൈയിൽ പിടിച്ചു. പാഡ് മാറുന്നത് കാണിച്ചു തരാമോ എന്ന് ചോദിച്ചാണ് പാവം നിൽക്കുന്നത്. ഈശ്വരാ ഞാൻ ആ കാര്യം ഓർത്തില്ലല്ലോ. അവളെ കൂട്ടി ബാത്ത് റൂമിൽ പോയി എല്ലാം പറഞ്ഞു കൊടുത്തു. ഒറ്റ ദിവസം കൊണ്ടു തന്നെ എന്റെ കുട്ടി വല്യ പെണ്ണിനേ പോലെ പെരുമാറുന്നു. പക്വത വന്നതു പോലെ.രണ്ടു പേരെയും അവരുടെ മുറിയിൽ കിടത്തിയിട്ട് ഞാൻ അച്ചുവേട്ടന്റെ അടുത്തേക്ക് ചെന്നു. ബാൽക്കണിയിൽ എന്തോ ആലോചിച്ച് ചാരു ബഞ്ചിലിരിക്കുകയായിരുന്നു അച്ചുവേട്ടൻ. പുറകിൽ കൂടി ചെന്ന് കഴുത്തിൽ കൂടി കൈയിട്ട് തോളിൽ മുഖം വച്ചു അച്ചുവേട്ടാ എന്ന് വിളിച്ചു. തല കൊണ്ട് എന്റെ മുഖത്തേക്ക് മുട്ടിച്ച് കൈകൾ രണ്ടും മുറുക്കെ പിടിച്ചിട്ട് ചോദിച്ചു എന്താടാ നീ ഇങ്ങനെ എന്നായാലും പെൺകുട്ടികൾ വയസ്സറിയിക്കില്ലേ പിന്നെന്താ നീ കൊച്ചു കുട്ടികളെപ്പോലെ ഇങ്ങനെ. അച്ചുവേട്ടാ എനിക്ക് പത്രത്തിൽ വരുന്ന വാർത്തകൾ ഓർക്കുമ്പോൾ പേടിയാ. 
ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ അച്ചുവേട്ടൻ എനിക്കു വേണ്ടി സാധിച്ചു തരുമോ?
എന്താടാ പറയ്
അച്ചുവേട്ടൻ അനിയനോടുള്ള വാശിയൊക്കെ കളഞ്ഞ് അവിടെ പോയി അച്ഛനെയും അമ്മയേയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം. നമ്മൾ ഇല്ലാത്തപ്പോൾ മക്കൾക്ക് കൂട്ട് വേണം .മുൻപത്തെ പോലെ ഇനി അവരെ അടുത്ത വീട്ടിലൊന്നും ഇരുത്താൻ പറ്റില്ല. പണിക്കാരിയുടെ കൂടെയും അധികം ഇരുത്താൻ പറ്റില്ല അച്ചൂ. അതു തന്നെയല്ല അച്ഛന് അസുഖം കൂടി വരികയാ ഇവിടെയാകുമ്പോൾ ഹോസ്പിറ്റലും അടുത്തുണ്ടല്ലോ? 
അമ്മു നീ എന്താ ഒന്നുമറിയാത്തതുപോലെ ഇങ്ങനെ സംസാരിക്കുന്നത്... ഞാൻ ചെന്ന് വിളിച്ചാൽ അവർ വരില്ല. ഹരി അവരെ വിടില്ല. അവനെ പേടിച്ച് അവർ വരാനും തയാറാകില്ല. അവന്റെ ഭാര്യ സമ്മതിക്കില്ല... അല്ലെങ്കിൽ തന്നെ അവനല്ലേ അച്ഛനെയും അമ്മയെയും നോക്കേണ്ടത്. ആ ഉറപ്പിലല്ലേ ഒരു സെന്റ് ഭൂമി പോലും വേണ്ടാന്ന് പറഞ്ഞ് ഞാൻ അവന് എല്ലാം എഴുതി കൊടുത്തത്.
അച്ചുവേട്ടൻ എന്നെ വഴക്കു പറയരുത് കഴിഞ്ഞ ദിവസം ഞാൻ ഹരിയെയും ഭാര്യയെയും വിളിച്ച് സംസാരിച്ചിരുന്നു. അപ്പോഴാണ് അറിഞ്ഞത് അച്ഛന് ശ്വാസംമുട്ടൽ ഇടയ്ക്കിടയ്ക്ക് കൂടുന്ന കാര്യം. ഇങ്ങോട്ട് കൊണ്ട് വന്ന് Dr. നെ കാണിക്കുന്ന കാര്യം പറഞ്ഞപ്പോൾ ലക്ഷ്മി എതിരൊന്നും പറഞ്ഞില്ല . ഞാൻ വിളിച്ചത് ഹരിക്ക് സന്തോഷമാവുകയും ചെയ്തു. അച്ഛനും അമ്മയ്ക്കും സന്തോഷമേയുള്ളൂ നമ്മുടെ അടുത്തു വന്നു നിൽക്കാൻ. 
പെട്ടെന്ന് അച്ചുവേട്ടൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു നീ ആരോട് ചോദിച്ചിട്ടാ അവരെ വിളിച്ചത്... നിനക്കറിയാവുന്നതല്ലേ അവനെന്നോട് പറഞ്ഞതൊക്കെ... അവൻ പഠിക്കാതെ തോന്നിയപോലെ നടന്നിട്ട് ഞാൻ കാരണമാ അവന് പഠിക്കാൻ പറ്റാഞ്ഞതെന്ന് പറഞ്ഞില്ലെ? അവൻ കള്ളുകുടിക്കുന്നത് ഞാനവനോട് ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോഴാണെന്ന് പറഞ്ഞില്ലെ? അടുത്ത വീട്ടിലെ പെണ്ണിനെ അവൻ വിളിച്ചു കൊണ്ട് വന്നപ്പോൾ മറുത്തൊരക്ഷരം പറയാതെ ഞങ്ങൾ സ്വീകരിച്ചതല്ലേ? എന്നിട്ട് ഞാൻ നിന്നെ കെട്ടി കൊണ്ട് ചെന്നപ്പോഴോ, പണക്കാരന്റെ മകളെ കെട്ടിക്കൊണ്ട് വന്ന് അവനെയും ഭാര്യയെയും വേലക്കാരാക്കി എന്നൊക്കെ പറഞ്ഞത് നീയും കേട്ടതല്ലേ?
അച്ചുവേട്ടൻ എന്തൊക്കെ പറഞ്ഞാലും ശരി 9 വർഷമായില്ലേ ഏട്ടൻ അവനോട് മിണ്ടിയിട്ട് അതു തന്നെയല്ലേ അവന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ .ഇനി മതി. അന്ന് കള്ളു കുടിച്ചിട്ട് ഹരി , ഏട്ടനോട് അങ്ങനെയൊക്കെ പറഞ്ഞതിന് അവന് നല്ല വിഷമമുണ്ട്.
എന്നിട്ടാണോടീ ഞാൻ കഴിഞ്ഞ ഓണത്തിന് വീട്ടിൽ ചെന്നപ്പോൾ അവൻ ഭാര്യയെയും മക്കളെയും കൂട്ടി ഇറങ്ങിപ്പോയത്..
എന്റെ അച്ചുവേട്ടാ ഏട്ടനെ പേടിച്ചിട്ടാ അവർ പോയത്. ഞാനിടക്ക് വിളിക്കാറുണ്ടായിരുന്നു അവരെ . അവർക്ക് ഒരു പിണക്കവുമില്ല.
ഏട്ടാ എന്തായാലും ഏട്ടന്റെ സ്വന്തം അനിയനല്ലേ..... ചെറുപ്പത്തിൽ നിങ്ങൾ എത്ര വഴക്ക് കൂടിയിട്ടുണ്ടാവും.. എന്നാൽ കുറച്ചു സമയം കഴിയുമ്പോൾ തന്നെ കൂട്ടാവില്ലായിരുന്നോ എന്നിട്ട് ഇപ്പോൾ എന്താ പറ്റിയത്? ....ഒൻപതു വർഷം ഒക്കെ പിണക്കത്തിനു വളരെ കൂടുതലാ.... അച്ഛനും അമ്മയ്ക്കും എത്ര വിഷമമുണ്ടായിരിക്കും എന്ന് അച്ചുവേട്ടൻ ചിന്തിച്ചിട്ടുണ്ടോ?
എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാൻ വർഷത്തിൽ 10- 20 ദിവസമല്ലേ സാധിക്കാറുള്ളൂ... കല്യാണം കഴിഞ്ഞപ്പോൾ ഞാൻ അച്ചുവേട്ടന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കാമല്ലോ എന്നോർത്ത് എത്ര സന്തോഷിച്ചൂന്നോ.... എന്നാൽ എനിക്ക് അതിനും ഭാഗ്യമുണ്ടായില്ല നിങ്ങളുടെ പിണക്കം കാരണം.... ഓണത്തിനും വിഷുവിനുമല്ലാതെ എപ്പോഴെങ്കിലും പോകാറുണ്ടോ അവരെ കാണാൻ .
ഞാൻ മാസാമാസം അവർക്ക് ചിലവിനുള്ള കാശ് കൊടുക്കുന്നില്ലേ പിന്നെന്താ എന്ന അച്ചുവേട്ടന്റെ ചോദ്യം എനിക്ക് സഹിക്കാവുന്ന തിലുമപ്പുറമായിരുന്നു....
അച്ചുവേട്ടൻ എന്താ വിചാരിച്ചത് മാസാമാസം കാശ് കിട്ടിയാൽ എല്ലാമായെന്നോ?
എന്റെ അച്ഛനും അമ്മയും എന്നെയും വിനുവിനെയും ഞങ്ങളുടെ പത്താം വയസ്സിൽ ബോർഡിംഗ് സ്ക്കൂളിൽ ആക്കിയിട്ട് ദുബയിൽ പോയതല്ലേ..... എന്നിട്ട് മാസാമാസം School ലേക്ക് അവർ അയച്ചു തന്ന കാശ് അവരുടെ സ്നേഹത്തിനു പകരമായോ? വിനു ആൺകുട്ടി ആയതു കൊണ്ട് അവൻ കാനഡയ്ക്ക് പോയപ്പോൾ അച്ചനും അമ്മയും അവന്റെ കൂടെ പോയി എങ്കിലും യാതോരു വിധ അറ്റാച്ച്മെൻറും അവന് അവരോടില്ല എന്ന് അച്ചുവേട്ടന് അറിയാവുന്നതല്ലേ? ഇവിടെ അവർ വന്നു നിൽക്കുമ്പോൾ എനിക്കും അവർ അപരിചിതർ അല്ലെ ?
പക്ഷെ അങ്ങനെയാണോ അച്ചുവേട്ടനെയും ഹരിയെയും നിങ്ങളുടെ അച്ഛനും അമ്മയും വളർത്തിയത്?.അച്ചുവേട്ടൻ തന്നെ പറഞ്ഞിട്ടില്ലെ ബന്ധുവീടുകളിൽ പോലും താമസിക്കാൻ വിട്ടിട്ടില്ല എന്ന്. ആ അച്ഛനെയും അമ്മയെയും ഇപ്പോൾ വീതം വയ്ക്കുന്നതെന്തിനാ?.. ദൈവം സഹായിച്ച് അവരെക്കൂടെ നോക്കാനുള്ള എല്ലാ സാഹചര്യങ്ങളും നമുക്കുണ്ടല്ലോ? നമ്മുടെ കുട്ടികൾ അച്ചാച്ചന്റെയും അച്ഛമ്മയുടെയും സ്നേഹം കിട്ടി വേണം വളരാൻ. എന്റെ അച്ചുവേട്ടനെ വളർത്തി ഇത്ര നല്ല ഒരു വ്യക്തിയാക്കാൻ അവർക്കു സാധിച്ചില്ലെ? അതുപോലെ നമ്മുടെ മക്കളെയും അവർ ചൊല്ലി വളർത്തട്ടെ. എനിക്ക് അറിയില്ല നന്നായി മക്കളെ വളർത്താനൊന്നും.
ഒന്നും മിണ്ടാതെ അച്ചുവേട്ടൻ Room ലേക്കു പോയി. ഞാനും പുറകെ ചെന്നു എന്നാലും എന്നെ mind ചെയ്യാതെ കിടന്നു അച്ചു. സാധാരണ പിണങ്ങിയാലും കിടക്കുന്നതിന് മുൻപ് കൂട്ടാവാറാണ് പതിവ്. ഞാൻ പതിയെ അച്ചുവേട്ടന്റെ ദേഹത്തേക്ക് എന്റെ കൈവച്ചു. എന്റെ കൈ എടുത്തു മാറ്റി തിരിഞ്ഞു കിടന്നു അച്ചുവേട്ടൻ... കരഞ്ഞു പോയി ഞാൻ.... കരഞ്ഞു കരഞ്ഞ് എപ്പഴോ ഞാൻ ഉറങ്ങിപ്പോയി....
രാവിലെ എന്തോ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. സമയം ഏഴു മണി. ഈശ്വരാ ഇന്നെന്താ അച്ചുവേട്ടൻ എന്നെ വിളിച്ച് എഴുന്നേൽപ്പിക്കാഞ്ഞത് എന്നോർത്ത് അടുക്കളയിലേക്ക് ഓടിയപ്പോൾ അതാ രണ്ടു കാന്താരികളും പുതിയ ഉടുപ്പൊക്കെ ഇട്ട് ഒരുങ്ങി നിൽക്കുന്നു.... അച്ചുവേട്ടനും ഒരുങ്ങുകയാണ് .... തലേദിവസത്തെ പിണക്കം ഓർത്ത് ഞാനും മൈൻഡ് ചെയ്യാൻ പോയില്ല... ഹും രണ്ടു കാന്താരികളും എന്നെ നോക്കുന്നതുപോലുമില്ല.
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ കാപ്പി ഇട്ട് ഫ്ലാസ്ക്കിൽ വച്ചിരിക്കുന്നതു കണ്ടു. അപ്പോൾ പുറകിൽ ഒരു അനക്കം തിരിഞ്ഞു നോക്കുന്നതിന് മുൻപ് തന്നെ എന്റെ അരക്കെട്ടിൽ ഒറ്റ പിടുത്തം എന്നിട്ട് എടീ അമ്മുക്കുട്ടി വല്യമ്മേ, ഞങ്ങൾ പോയി അച്ഛനെയും അമ്മയെയും കൂട്ടി വരാം നീ Dinner ഒക്കെ റെഡി ആക്കി വച്ചേക്കൂ.... എന്നും പറഞ്ഞ് എന്റെ പിൻകഴുത്തിനൊരു ഉമ്മ.....
ഞാൻ പറഞ്ഞു , അച്ചുവേട്ടാ കള്ള ബടുക്കൂസേ എനിക്കറിയാം അവർ വന്നാൽ നിങ്ങളുടെ ഈ കള്ളക്കളിയൊന്നും നടക്കില്ലാ എന്നു വിചാരിച്ചല്ലേടാ കള്ളാ മസിലുപിടിച്ചത്......
അപ്പോഴേക്കും കാന്താരികൾ രണ്ടും ഓടി വന്നു ഈ അച്ഛയ്ക്കും അമ്മയ്ക്കും നാണമില്ലേ എന്നും പറഞ്ഞ്....
എന്തായാലും ഞാനിന്ന് വളരെ സന്തോഷത്തിലാണ് അച്ഛനെയും അമ്മയെയും കൂട്ടി വരാൻ അച്ചുവേട്ടൻ പോയതു കൊണ്ട്. അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട താറാവ് മപ്പാസും പാലപ്പവും ഉണ്ടാക്കി നോക്കിയിരിക്കുകയാണ് ഞാൻ...... ഇന്നലത്തെ എന്റെ അച്ചുവേട്ടന്റെ പിണക്കവും മാറ്റണ്ടേ......
........................ ലോഷ്യാ മാധവം.......................

പരേതയുടെ കത്ത്.......


പരേതയുടെ കത്ത്.......
ഓഫീസിലെ തിരക്കുകൾക്കിടയിൽ അശ്വതി മാഡത്തിന് ഒരു കത്തുണ്ടെന്ന് പറഞ്ഞ് ഓഫീസ് ബോയ് ഒരു കത്ത് എന്റെ മേശപ്പുറത്തു കൊണ്ട് വച്ചു. കത്തോ ഇപ്പോളാരാ കത്തയയ്ക്കുന്നത്? ഈ whats app ന്റെയും email ന്റെയുമൊക്കെ കാലത്ത് കവർ നോക്കിയപ്പോൾ കൈയക്ഷരം മനസ്സിലാകുന്നില്ല, from അഡ്രസ്സും ഇല്ല. ഞാൻ ആ എഴുത്ത് മേശയുടെ drawയിൽ വച്ചു, പിന്നീട് നോക്കാം. ഇപ്രാവശ്യത്തെ ബില്ലുകൾ തീർന്നിട്ടില്ല. ഇനി രണ്ടു ദിവസം കൂടിയേ ബില്ലെടുക്കൂ എന്ന് ട്രഷറിയിൽ നിന്ന് പറഞ്ഞിട്ടുമുണ്ട്. ഈ അവസാന ദിവസം വരെ കോൺട്രാക്ടർമാർ ഈ ബിൽ വച്ചോണ്ടിരിക്കുന്നതെന്താണോ എന്നുള്ള പതിവ് പല്ലവി പിറുപിറുത്ത് കൊണ്ട് ഞാൻ എന്റെ പണി തുടർന്നു.
തിരക്കൊക്കെ കഴിഞ്ഞ് മേശപ്പുറമൊക്കെ വൃത്തിയാക്കി വന്നപ്പോഴാണ് ഞാനാ കത്തിന്റെ കാര്യം ഓർത്തത്. ഡ്രോ തുറന്ന് ആ കവർ എടുത്ത്, പൊട്ടിച്ചു വായിക്കുവാൻ തുടങ്ങിയ ഞാൻ ഞെട്ടിപ്പോയി.
മോളേ അച്ചു ഇതു ഞാനാടാ മൃദു, ഈശ്വരാ മൃദു എന്റെ പഴയ ക്ലാസ്മേറ്റ് ഞങ്ങൾ ഡിപ്ലോമക്ക് ഒരുമിച്ച് പഠിച്ചതാണ്, പക്ഷെ അവൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയതാണ്. എന്നിട്ടിപ്പോൾ എങ്ങനെ? അയ്യോ എന്ന് ഞാനറിയാതെ ഉറക്കെ വിളിച്ചു പോയി എന്റെ കയ്യിൽ നിന്നും കത്തു താഴെ വീണു ഞാൻ വിയർത്തു കുളിച്ച് കസേരയിൽ നിന്നു ചാടി എഴുന്നേറ്റു. എന്റെ സഹപ്രവർത്തകർ ഓടിക്കൂടി എന്തു പറ്റി മാഡം എന്നും ചോദിച്ച്. അവരോട് എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു. നിലത്തു കിടന്ന എഴുത്ത് പ്രീത എടുത്ത് വായിച്ചു.
മോളെ അച്ചു ഇത് ഞാനാടാ മൃദു. നീ പള്ളത്തെ ബ്ലോക്ക് ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നതെന്ന് കഴിഞ്ഞയാഴ്ച ഷറഫുദ്ദീനെ കണ്ടപ്പോഴാ അറിഞ്ഞത്. അവന്റെ കയ്യിൽ നിന്റെ നമ്പർ ഉണ്ടായിരുന്നില്ല. ഞാൻ ദുബയിൽ ALC0 എന്ന കമ്പനിയിൽ Design Section ൽ work ചെയ്യുന്നു. നമ്മൾ തമ്മിൽ കണ്ടിട്ട് ഇപ്പോൾ 15 വർഷം ആയി അല്ലെ.? ഞാനെപ്പോളും നിന്നെപ്പറ്റി ഓർക്കാറുണ്ട്. നിന്നെ Contact ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യത്തിലായിരുന്നില്ല ഞാൻ. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ലേ രഞ്ചിത്തേട്ടനെപ്പറ്റി, എന്റെ സീനിയറായി സ്ക്കൂളിൽ പഠിച്ചിരുന്ന രഞ്ചിത്ത്. ഞാനും രഞ്ചിത്തേട്ടനും തമ്മിലുള്ള അടുപ്പം എന്റെ വീട്ടിലറിഞ്ഞപ്പോൾ ഏട്ടൻമാർ ഭയങ്കര വഴക്കായി. ഞങ്ങൾ വ്യത്യസ്ത വിശ്വാസരീതി എന്നതിനേക്കാളും രഞ്ചിത്തേട്ടന്റെ അച്ഛൻ പെങ്ങൾ എന്റെ വീട്ടിലെ
അടിച്ചു തളിക്കാരിയായിരുന്നു എന്നതായിരുന്നു എല്ലാവരുടെയും പ്രശ്നം. നിന്റെ കല്യാണത്തിന് അതാ എന്റെ വല്യേട്ടനും എന്റെ കൂടെ വന്നത്, ഞാൻ ശരിക്കും വീട്ടുതടങ്കലിലായിരുന്നു എന്ന് പറയാം. നിന്നെ ഒന്നു Phone ചെയ്യാൻ പോലും എനിക്ക് സ്വാതന്ത്ര്യമില്ലാതായി. എന്നാൽ എന്റെ സങ്കടം അച്ഛമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അച്ഛമ്മ രഞ്ചിത്തേട്ടന് കുറച്ച് രൂപ കൊടുത്തിട്ട് ദുബയിക്ക് പോകാൻ വിസ റെഡിയാക്കാൻ പറഞ്ഞു. ഏട്ടന്റെ friends ദുബയിൽ ഉണ്ടായിരുന്നത് കൊണ്ട് കൊമേഴ്സ് ബിരുദദാരിയായ രഞ്ചിത്തേട്ടന് രണ്ടു മാസം കൊണ്ട് ജോലി ശരിയായി. ഏട്ടന് അച്ഛമ്മയുടെ വാക്കുകളെയും അത്ര വിശ്വാസമല്ലാതിരുന്നതുകൊണ്ട് അച്ഛമ്മ പോലുമറിയാതെ ഞങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്തിട്ടാണ് ദുബയിക്കു പോയത്. രഞ്ചിത്തേട്ടൻ ദുബയിക്കു പോയി കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ എല്ലാവർക്കും സമാധാനമായി. പിന്നെ അവർ എനിക്ക് കല്യാണാലോചന തുടങ്ങി. അച്ഛമ്മ പക്ഷെ എന്നെ PSC കോച്ചിംഗിന് വിടണമെന്നു പറഞ്ഞ് ബഹളം വച്ചു.അങ്ങനെ ഞാൻ കൊല്ലത്ത് കോച്ചിംഗിനു ചേർന്നു.വീട്ടിൽ കല്യാണാലോചനകൾ മുറുകി വന്നു. പല ചെറുക്കൻമാരും കാണാൻ വന്നു. ഒരു കല്യാണം ഉറയ്ക്കുമെന്നായപ്പോൾ ഞാൻ രഞ്ചിത്തേട്ടന്റെ കൂട്ടുകാരൻ നാസറിക്കയുടെ ടൗണിലെ കടയിൽ ചെന്ന് രഞ്ചിത്തേട്ടനെ വിളിച്ചു. രഞ്ചിത്തേട്ടൻ എന്നോട് പറഞ്ഞു നീ നേരെ എന്റെ വീട്ടിലേക്ക് പൊയ്ക്കോ ഞാൻ വീട്ടിലേക്ക് വിളിച്ച് പറഞ്ഞോളാം എന്ന്. എന്റെ മനസ്സിൽ അങ്ങനെ ഉറപ്പിച്ചു തന്നെയാണ് ഞാൻ ക്ലാസിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും ഞാൻ എടുത്തിട്ടുണ്ടായിരുന്നു. അല്ലെങ്കിൽ ഏട്ടൻമാർ അതൊക്കെ ചുട്ടുകരിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു.
ഞാൻ രഞ്ചിത്തേട്ടന്റെ വീട്ടിലെത്തിയപ്പോഴേക്കും അവിടെ എല്ലാവരും വണ്ടിയൊക്കെ റെഡിയാക്കി നിൽക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ അവരെന്നെ സ്വീകരിച്ചു. രഞ്ചിത്തേട്ടന്റെ അച്ഛനും അമ്മയും അനിയത്തിയും പിന്നെ രഞ്ചിത്തേട്ടന്റെ രണ്ട് കൂട്ടുകാരും കൂടെ എന്നെ കൂട്ടി രഞ്ചിത്തേട്ടന്റെ കുഞ്ഞമ്മയുടെ എറണാകുളത്തെ വീട്ടിലേക്കു പോയി. അപ്പോൾ രഞ്ചിത്തേട്ടൻ അച്ഛന്റെ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ നിന്റെ വിസ റെഡിയാകും നീ ഒന്നും പേടിക്കേണ്ട എന്ന് .
ഈ സമയം ഏട്ടൻമാർ നാട്ടിൽ ഒരു ലഹള തന്നെ ഉണ്ടാക്കി.രഞ്ചിത്തേട്ടന്റെ വീടൊക്കെ തല്ലിത്തകർത്തു. പിന്നീട് പോലീസ് കേസൊക്കെ ആയിരുന്നു. എന്തായാലും നാല്‌ ദിവസങ്ങൾ കൊണ്ട് ഞാൻ രഞ്ചിത്തേട്ടന്റെ അടുത്ത് എത്തി.
ഷറഫുദ്ദീൻ പറഞ്ഞാണ് കഴിഞ്ഞ ദിവസം ഞാനറിഞ്ഞത് ഏട്ടൻമാർ ഞാൻ മരിച്ചു പോയി എന്ന് എന്നെ വീട്ടിലേക്ക് വിളിച്ച നമ്മുടെ കൂട്ടുകാരോട് പറഞ്ഞിരുന്നു എന്നും, നിങ്ങൾ അനുശോചന യോഗം നമ്മുടെ കോളേജിൽ കൂടിയെന്നുമൊക്കെ. എന്നെപ്പറ്റി രണ്ട് വാക്ക് സംസാരിക്കാൻ പറഞ്ഞപ്പോൾ നീ എഴുന്നേറ്റ് ഒന്നും പറയാനാവാതെ ബോധംകെട്ടുവീണുവെന്നു കേട്ടപ്പോൾ, എന്റെ അച്ചു ഞാനും കരഞ്ഞു പോയി കേട്ടോ. ജീവിച്ചിരിക്കുമ്പോൾ തന്നെ പരേത ആകേണ്ടി വന്ന ഞാൻ ഇന്നും എന്റെ വീട്ടുകാർക്ക് പരേത തന്നെയാണ്. അച്ഛൻ മരിച്ചപ്പോൾ പോലും ഏട്ടൻമാർ എന്നെ കാണാൻ സമ്മതിച്ചില്ല. അവരുടെ ശാപമായിട്ടാവും ഞങ്ങൾക്കിതുവരെ മക്കളുമായില്ല. നിന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ ഞാനൂഹിക്കുന്നുണ്ട് അച്ചൂ. നീ വിളിക്കെടി പെണ്ണേ ഈ നമ്പറിൽ 
00971501664841
എന്ന് നിന്റെ മൃദു.
കത്ത് വായിച്ചു തീർന്നപ്പോഴേക്കും എല്ലാവർക്കും കാര്യം പിടികിട്ടി. അശ്വതി മാഡത്തിന് പരേതയുടെ കത്ത് വന്നു എന്നു പറഞ്ഞ് എല്ലാവരും ചിരിക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്ത് മൃദുവിന്റെ നമ്പർ ഡയൽ ചെയ്തു. മറുതലയ്ക്കൽ ഹലോ കേട്ടപ്പോഴേക്കും എടീ മാക്കാത്തീ എന്നു വിളിച്ചു ഞാൻ കരഞ്ഞു പോയി ,അവൾക്കും കുറച്ചു നേരം കരയാനേ കഴിഞ്ഞുള്ളൂ............
............................ ലോഷ്യാ മാധവം.........................

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo