Showing posts with label KVANazerAmminikkad. Show all posts
Showing posts with label KVANazerAmminikkad. Show all posts

കെടാത്ത കൈത്തിരി.


കൂടെ പഠിച്ച സുഹൃത്തിനെ കാണാനാണ് അവൻ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് കഴിഞ്ഞതിന്റെ മുമ്പത്തെ വെക്കേഷന് ഞാൻ പോയത്.ലഞ്ച് ബ്രേക്കാവാൻ സമയം കുറച്ചുകൂടി ഉണ്ടായിരുന്നു.
വിശാലമായ സ്‌കൂൾ കോമ്പൗണ്ട്..വലിയ ബഹളങ്ങളൊന്നും ഇല്ലായിരുന്നു.തൊട്ടു മുമ്പിലെ ക്‌ളാസിനു പുറത്തു ഒരു ആൺകുട്ടി നിൽക്കുന്നു.ക്ളാസിൽ നിന്നും പുറത്താക്കിയതാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലായി.വിഷമവും ദൈന്യതയും അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റും.
ബെൽ മുഴങ്ങി ക്ളാസ്സിനു പുറത്തു വന്ന ടീച്ചറോട് എന്താണ് അവൻ ചെയ്ത കുറ്റം എന്നു ഞാൻ ചോദിച്ചു..സ്ഥിരം അനുസരണക്കേട് കാണിച്ചാൽ പിന്നെ ഇതല്ലാതെ ഞാൻ എന്തു ചെയ്യും എന്നുള്ള ടീച്ചറുടെ മറുപടിയിൽ നിന്നും എന്റെ ചോദ്യം അവർക്കിഷ്ടപ്പെട്ടിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി.
കുറേക്കാലത്തിനു ശേഷം സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴുള്ള ഊഷ്മള വികാര നിമിഷങ്ങൾക്ക് ശേഷം ആ ടീച്ചറെ ഒന്ന് കാണണമെന്ന് ഞാൻ സുഹൃത്തിനോടാവശ്യപ്പെട്ടു.
സുഹൃത്ത് അവരെയും കൂട്ടിക്കൊണ്ടു വന്നു.ഫ്രഷ് അപ്പോയിന്റിമെന്റ് ആയിരുന്നു അവർ..ഇപ്രാവശ്യം അവരുടെ മുഖത്ത് നേരിയൊരു പുഞ്ചിരിയുണ്ടായിരുന്നു.
ഞാനും അവന്റെ കൂടെ ഒരു അധ്യാപക വിദ്യാർത്ഥി ആയിരുന്നെന്ന് അവൻ പറഞ്ഞിട്ടുണ്ടാവണമെന്ന് ഞാൻ ഊഹിച്ചു.
ഞാൻ ചോദിച്ചു.."കുട്ടികളെ പഠിപ്പിക്കാൻ ടീച്ചർക്കൊരു പ്രൊഫഷണൽ ഡിഗ്രി ഉണ്ട്..ചൈൽഡ് സൈക്കോളജി ക്ലാസ്സുകളിൽ നിന്ന് നാം നേടിയെടുത്ത അറിവ് വെച്ച് കുട്ടികൾക്ക് അവർക്ക് പഠിക്കാനുള്ള കഴിവുകൾ വ്യത്യസ്തമാണെന്നും കൗമാര കാലത്തിലെ അവരുടെ മാനസികാവസ്ഥ കളെക്കുറിച്ചും ആ സമയത്തു അവരോട് ഏത് രീതിയിൽ ട്രീറ്റ് ചെയ്യണമെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്..ചിലരിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തവണ്ണം ചിലപ്പോൾ വേറെന്തെങ്കിലും പ്രശ്നം ആ കുട്ടിക്ക് ഉണ്ടോ എന്നും മനസ്സിലാക്കേണ്ടതുണ്ട്.പാഠ്യപദ്ധതിയിൽ ഗൈഡൻസിന്റെയും കൗൺസിലിങ്ങിന്റെയും ആവശ്യകതയും നാം പഠിച്ചിട്ടുണ്ട്.
ഇന്ന് ടീച്ചർ ആ കുട്ടിയെ പുറത്താക്കിയത് അവനിൽ ഒരുപാട് നിരാശാബോധത്തിനു വഴിവെച്ചിട്ടുണ്ടാവും.മാനസികമായി മുറിവേൽപ്പിച്ചിട്ടുണ്ടാവാം
നേരെ മറിച്ചു അവനെ അടുത്ത് വിളിച്ചു അവൻറെ പ്രശ്നങ്ങളെന്തെല്ലാമാണെന്നു അവനോട് തന്നെ ചോദിച്ചു അതിനു പരിഹാരം കണ്ടെത്തി അവനെ ഒന്ന് സമാശ്വസിപ്പിക്കാൻ ടീച്ചർ സമയം കണ്ടെത്തിയിരുന്നെങ്കിൽ പിൽക്കാലത്തു ടീച്ചറുടെ സ്ഥാനം അവന്റെ മനസ്സിൽ എത്രത്തോളം മഹോന്നത സ്ഥാനത്താവും.നമ്മുടെയെല്ലാം മനസ്സിൽ നമ്മെ പഠിപ്പിച്ച അത്തരം ചില അധ്യാപകരെ ഹൃദയത്തോട് ചേർത്ത് നാം സൂക്ഷിച്ചിട്ടില്ലേ..കെടാത്ത കൈത്തിരി വിളക്ക് പോലെ അവരുടെ വാക്കുകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും പ്രകാശം പരത്തുന്നില്ലേ..?
തിരിച്ചിറങ്ങുമ്പോൾ ഒരു കാര്യത്തിൽ എന്റെ മനസ്സിനുറപ്പുണ്ടായിരുന്നു.ഈ ടീച്ചറും നാളെ കുട്ടികളുടെ മനസ്സിൽ എന്നെന്നും കെടാവിളക്കായ് പ്രകാശം ചൊരിയുമെന്ന്!!
K V A നാസർ അമ്മിനിക്കാട്

ഫ്രണ്ട് റിക്വസ്റ്റ്


"നീയെന്താടീ എന്റ്റെ ഫ്രണ്ട് റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്യാത്തെ"??
അതിന് ഈ 'എടാ' യെ എനിക്കറിയില്ലല്ലോ"??പിന്നെ കണ്ണുരുട്ടിയതും പുരികം ചുളിച്ചതുമായ കുറെ സ്മൈലികളും.
ഞാൻ പ്ലിംങ്!!
എനിക്കിത് തന്നെ വേണം..ശ്ശോ..ഇൻബോക്സിൽ പോകണ്ടായിരുന്നു.തിരിഞ്ഞു നോക്കിയത് നേരെ കണ്ണാടിയിലേക്ക്..ഇതിപ്പോ ആരാ ഇവിടെ കൊണ്ടു വന്നു വെച്ചേ..?ജഗതി ശ്രീനിവാസനെ പോലും പഠിപ്പിച്ചിട്ടില്ലാത്ത പുതിയൊരു രസം മുഖത്ത്!.
ഒന്നര മാസം മുമ്പ് അയച്ച റിക്വസ്റ്റാ..ബൈ ചാൻസ് ഇന്നലെ കണ്ടപ്പോ ആഡിയിട്ടില്ല..ന്നാ പിന്നെ അതൊന്ന് ചോയ്ച്ചിട്ടു തന്നെ കാര്യം..അരയും തലയും മുറുക്കിയാ ഇൻബോക്സിൽ ചെന്നെ..അവൾക്ക് ഓർമയുണ്ടാകും ന്നല്ലേ ഞാൻ കരുതിയെ..അതിപ്പോ ഇങ്ങനൊരു പണി കിട്ടും ന്ന് കരുതാമോ??
ഡിഗ്രിക്ക് പഠിക്ക്ണ കാലം.ഈവനിങ് പ്രീഡിഗ്രി ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പ് കുട്ടികൾടെ സുഖവിവരമന്വേഷിക്കാൻ ചെന്നിരുന്ന(അസൂയക്കാർ വായ്നോട്ടം ന്ന് പറയും) ഒരു ദിവസം യാദൃശ്ചികമായാണ് അവളുടെ ബുക്‌സെല്ലാം കവർ ചെയ്തിരിക്കണത് മമ്മൂട്ടിയുടെ ചിത്രങ്ങൾ കൊണ്ടാണെന്ന് ഞാൻ കണ്ടെത്തിയത്..
ഇഷ്ട താരം മമ്മൂക്കയാണെന്നും വീട്ടിൽ പോയാൽ വീട്ടുകാരൊന്നിച്ചു ആദ്യദിനം തന്നെ തിയേറ്ററിൽ പോയി ഇഷ്ടതാര ഫിലിം കാണുമെന്നും സംസാര മദ്ധ്യേ അവൾ പറഞ്ഞു.അതിൽ പിന്നീട് അവളോട് മമ്മൂട്ടി വിശേഷങ്ങൾ കൈമാറാനായി മാത്രം കുറേ വെള്ളിനക്ഷത്രം,നാന,ചിത്രഭൂമി മാഗസിനുകൾ ഞാൻ വാങ്ങിക്കൂട്ടിയിരുന്നുവെന്ന് ഗോസിപ്പുകാർ പറയുന്നത് നിങ്ങൾ കാര്യമാക്കേണ്ട.
പെരിന്തൽമണ്ണയിലെ റിലീസിംഗ് സെന്ററിൽ നിന്ന് ആദ്യ ദിനം ഞാൻ കാണുന്ന മമ്മൂട്ടി ഫിലിം കഥ കേൾക്കാൻ ആകാംക്ഷയോടെ അവൾക്കൊരു ഇരിപ്പുണ്ട്.കഥാസാരം മൊത്തം കേൾക്കണം..സൂക്ഷ്മ കാര്യങ്ങൾ വരെ ചോയ്ക്കും..ആ പെണ്ണാണിപ്പോൾ എന്നെ അറിയില്ലെന്ന് പറഞ്ഞേക്ക് ണെ..മമ്മൂക്ക പോലും പൊറുക്കില്ല!!
ചിന്തകൾ ഇത്രത്തോളം എത്തിയപ്പോൾ "ടിങ്" ന്നൊരു ശബ്ദം..മൊബൈലീന്ന്.നോക്കിയപ്പോൾ ലവൾ തന്നെ..ഒരു ഹായ് എറിഞ്ഞിരിക്കുവാ..പിന്നെയും കുറെ ഹലോകളും "സ്മൈൽ"കളും.ഞാനും ഒരു ഹായ് റിപ്ലി.
"മണ്ണാർക്കാട് കോളേജിൽ പഠിച്ചിരുന്ന ആ ആളാണല്ലേ..?
"അങ്ങനെ വേണ്ടി വന്നിട്ടുണ്ട്"
"സോറി ട്ടോ..കഷ്ടായിപ്പോയി..ഇങ്ങടെ റിക്വസ്റ്റ് ഞാൻ കണ്ടിരുന്നു.പക്ഷേ എങ്ങനെ അറിയാനാ.?എവിടാ പഠിച്ചതെന്ന് പോലും അന്നില്ലായിരുന്നു.പിന്നെ കുറെ സുന്ദരനായ ഒരാളുടെ ഫോട്ടോകൾ.!!മെലിഞ്ഞു നീണ്ടൊരു കോലമായിരുന്ന നിങ്ങളാണിതെന്നു സ്വപ്നേപി കരുതിയില്ല.മമ്മൂക്കയുടെ കഥ പറഞ്ഞു തന്നിരുന്ന നിങ്ങളിങ്ങനെ മമ്മൂക്കയെപ്പോലെ സുന്ദരനാണെന്നു ഞാനെങ്ങനെ അറിയാനാ"..
ഞാനങ്ങു പൊങ്ങിപ്പോയി..തല സീലിങ്ങിലിടിച്ചു വീണ്ടും കട്ടിലിൽ തന്നെ വന്നു വീണു."അപ്പോൾ നീയൊന്നും മറന്നിട്ടില്ല അല്ലേ?..ആട്ടെ..കുട്ടിസ്രാങ്കിലെ മമ്മൂക്കയെപ്പോലെ എന്നാണോ ഉദ്ദേശിച്ചേ.."??
"അല്ല..കുട്ടേട്ടനിലെ മമ്മൂക്കയെപ്പോലെ".
മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി..ആദ്യം.ഒന്ന്..പിന്നെ തുരുതുരെ ഒരഞ്ചാറെണ്ണം..
"അതേയ്..ഇനിയെങ്കിലും ആർക്കെങ്കിലും റിക്വസ്റ്റ് അയക്കുമ്പോ ഒരു ചെറു വിവരണം ഇൻബോക്സിൽ കൊടുക്കുന്നത് നന്നായിരിക്കും..ന്നാ ഞാൻ പോയി പിന്നെ വരാം"
യാത്ര പറഞ്ഞു അവൾ പോയപ്പോഴും മനസ്സിന്റെ കോണിൽ പൊട്ടാതെ കിടന്നിരുന്ന ചില ലഡ്ഡുകൾ പൊട്ടിക്കൊണ്ടിരുന്നു!!.
KVA നാസർ അമ്മിനിക്കാട്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഗാനഭൂഷണം കുഞ്ഞാപ്പുട്ടി


80 കളുടെ രണ്ടാം പകുതി.നാട്ടിലെ പ്രധാന ഗായകപട്ടം അലങ്കരിച്ചിരുന്നത് നമ്മുടെ കഥാനായകൻ കുഞ്ഞാപ്പുട്ടിയാണ്.ബീഡിതെറുപ്പുകാരനായ കുഞ്ഞാപ്പുട്ടിയിലെ ഗായകനെ തേച്ചുമിനുക്കിയെടുത്തത് തൊട്ടപ്പുറത്തെ നാണിപ്പയുടെ ചായമക്കാനിയിലെ റേഡിയോ ആയിരുന്നു.കല്യാണവീടുകളിലെ മാപ്പിളപ്പാട്ടുകളിലൂടെ നാട്ടിലെ തരുണീമണികളുടെ ഹൃദയത്തിൽ കുഞ്ഞാപ്പുട്ടിക്ക് ഹീറോ പരിവേഷമുണ്ടായിരുന്നു.
ഒരിക്കലെങ്കിലുംഒരു
ഓർക്കസ്ട്ര ടീമിനൊപ്പം പാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം.പലപ്പോഴും കുഞ്ഞാപ്പു ഈ സ്വപ്നംകണ്ട്‌ പുളകിതനായി.
അങ്ങനെയിരിക്കെ കുഞ്ഞാപ്പുട്ടിയുടെ വീടർ(ബീവി) മൈമ്മൂനയുടെ നാട്ടിലെ ചില ചെറുപ്പക്കാർ തങ്ങളുടെ ക്ലബിന്റെ വാർഷികത്തിന് നാട്ടിൽ ഒരു ട്രൂപ്പിന്റെ ഗാനമേള നടത്താൻ തീരുമാനിക്കുന്നതും ഭാര്യവീട്ടുകാരുടെ ശുപാർശയാൽ കുഞ്ഞാപ്പുവിനു പാട്ടിനു അവസരമൊരുങ്ങുന്നതും. കണാരേട്ടന്റെ വൈദ്യശാലയിൽ നിന്ന് ഇരട്ടിമധുരം-ചുക്ക്-കല്ക്കണ്ടാതികൾ പൊടിച്ചു തേനിൽ ചേർത്ത് സേവിച്ചു കുഞ്ഞാപ്പുട്ടി സ്വരശുദ്ധി വരുത്തി.
കൊയ്ത്തു കഴിഞ്ഞ പാടത്ത് വേദിയൊരുങ്ങി.മനോഹരമായ ആ സായാഹ്നത്തിൽ ഗ്രാമീണർ ഒന്നടങ്കം ഗാനമേള കേൾക്കാൻ എത്തിച്ചേർന്നു.തന്റെ സഹപാഠിയും കൈപ്പുണ്ണ്യം തെളിയിച്ച നാട്ടുചികിൽസകനുമായ അപ്പോത്തിക്കിരി അവുക്കറിന്റെ ചേതക്കിൽ വെള്ളമുണ്ടും ജൂബയുമണിഞ്ഞു സുസ്മേരവദനനായി കുഞ്ഞാപ്പുട്ടി സ്ഥലത്തെത്തി.
അന്നേവരെ ഒരു ഓർക്കസ്ട്രയിൽപോലും പാടിയിട്ടില്ലാത്ത കുഞ്ഞാപ്പുട്ടിക്ക് ഇത്രേം പേരെ ഒന്നിച്ചുകണ്ടതും നട്ടെല്ലിലൂടെ ഒരു മിന്നലുപോലെ എന്തോ ഒന്ന് പാഞ്ഞ് തലക്കകത്തെക്ക് കേറിപ്പോയതായി തോന്നി.ഗ്രീൻറൂമിലെത്തിയ കുഞ്ഞാപ്പുട്ടിയുടെ കൈകൾ വിയർത്തു.മുട്ടുകൾ കൂട്ടിയിടിച്ചു.
സദസ്സിനെ ഇളക്കിമറിച്ച ഭക്തിഗാനത്തോടെ ഗാനമേള തുടങ്ങി.ഇനി ഏത് നിമിഷവും തന്റെ ഊഴം വരുമെന്ന ആധിയിലും വ്യാധിയിലും കുഞ്ഞാപ്പുട്ടി തളർന്നു.തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കിയെടുക്കാൻ വന്ന കരയോഗം പ്രസിഡന്റിനെപ്പോലെ ഗ്രീൻറൂമിലെ കൂജയിലെ വെള്ളം കുഞ്ഞാപ്പുട്ടി കുടിച്ചുവറ്റിച്ചു.
അടുത്തത് മാപ്പിളപ്പാട്ടിലെ ഭാവി വാഗ്ദാനം നമ്മുടെ പ്രിയങ്കരനായ കുഞ്ഞാപ്പുട്ടിയുടെ മനോഹരഗാനം എന്ന അനൌണ്സ്മെന്റ് വേദിയിൽ മുഴങ്ങിയതും കുഞ്ഞാപ്പുട്ടിയുടെ ചങ്കിലെ വെളളം വറ്റി.നാക്ക് കുഴഞ്ഞു.പതറിപ്പതറി വേദിയിലെത്തിയ കുഞ്ഞാപ്പുട്ടിയെ വേദിയുടെ സൈഡിൽ തന്റെ ചേതക്കിലിരുന്നു വീക്ഷിച്ച അപ്പോത്തിക്കിരിക്ക് അപകടം മണത്തു.മൈക്കിനു മുന്നിലെത്തിയ കുഞ്ഞാപ്പൂന്റെ കയ്യീന്ന് ശ്രുതിയും ഷഡ്ജവും സംഗതികളും ഒന്നിച്ചുപോയി.
" വമ്പുറ്റ ഹംസ റളീയളള ചാടീ" എന്ന പാട്ട് ഒരു ദീനരോദനമായ് കുഞ്ഞാപ്പുട്ടിയുടെ തിരുവായിൽ നിന്നും പുറത്തുചാടിയതും സദസ്സിൽ കൂവലുയർന്നു.ആരെടാ അത്...ഞ്ഞി അവനെ വിടരുത്..കൊല്ലെടാ..തുടങ്ങിയ ആക്രോശങ്ങളോടൊപ്പം കല്ലേറും വരാൻ തുടങ്ങി.
ഇനി ഇവിടെ നിന്നാൽ തൻറെ കാര്യം കൂടി കട്ടപ്പൊകയാകും എന്ന തിരിച്ചറിഞ്ഞ അപ്പോത്തിക്കിരി തൻറെ ചേതക്കിൽ 120 ൽ വടക്കോട്ട്‌ പിടിച്ചു.2 km പോയി ആശ്വാസത്തോടെ തിരിഞ്ഞുനോക്കിയ അപ്പോത്തിക്കിരി തന്റെ സ്കൂട്ടറിനു പിറകിൽ കൂനിക്കൂടിയിരിക്കുന്ന ഗായകനെ ക്കണ്ട് അന്താളിച്ചുപോയി. "ഹല്ല പടപ്പേ ജജ് ങ്ങനാ ന്റെ വണ്ടീൻറെ പൊറകില്‌ ഞാൻ പോലും അറിയാതെ കേറിക്കൂടി"?
"ജീവനെപ്പേടി..ആദ്യത്തെ ഏറു ചെവിക്കു മോളിലൂടെ ചീറിപ്പാഞ്ഞു പോയപ്പം തന്നെ ഞമ്മൾ വേദീന്നു പുറത്തേക്കു ചാടി..രണ്ടാമത്തെ ചാട്ടം ഈ സ്കൂട്ടറിന്റെ മോളിലോട്ടും".
KVA.നാസർ അമ്മിനിക്കാട്.

പിണങ്ങാനെന്തെളുപ്പം


" മൻസാ..ഞാനൊരു കാര്യം അറിഞ്ഞു"
ഉള്ളൊന്നു കാളി.ലവളുമായുളള തൻറെ ഫേസ്ബുക്ക്‌ അടുപ്പമെങ്ങാനും ഇനി അവൾ അറിഞ്ഞോ..ഹേയ്..അതിനു വഴിയില്ല.ആന്തൽ പുറത്ത് കാണിക്കാതെ ചോദിച്ചു."എന്താണാവോ കാര്യം"
"അതേയ് നമ്മളൊക്കെ മക്കളെ രാവിലെ സ്കൂളീ പറഞ്ഞയക്കുമ്പോ ഇഡലീം പുട്ടും ദോശേം ഒക്കെ അല്ലെ തിന്നാൻ കൊടുക്ക്വാ..ന്നാ നമ്മടെ അപ്പ്രത്ത്‌ ഫ്ലാറ്റീ താമസിക്ക്ണ ഗ്രേസി പറയ്വാ..അവൾ കിഡ്സിനു രാവിലെ കൊടുക്കുന്നത് ബ്രെയ്ക്ക്ഫാസ്റ്റാണത്രേ.ഞാനാകെ ചമ്മിപ്പോയി.ഇന്നുതന്നെ നിങ്ങൾ മാർക്കെറ്റീ പോയി വരുമ്പോ 2 പാക്കറ്റ് ബ്രേക്ക്‌ഫാസ്റ്റ് വാങ്ങിച്ചുകൊണ്ടു വരണം"
"എടീ അന്തം കമ്മീ..രാവിലെ കഴിക്ക്ണ ഭക്ഷണത്തിനു പറയണ പേരാ ബ്രേക്ക്ഫാസ്റ്റ് ന്ന്..അല്ലാതെ അങ്ങിനെ ഒരു സാധനം വാങ്ങാൻ കിട്ടൂല..നിനക്കൊക്കെ ഇനി എപ്പോഴാ ബുദ്ധീം വിവരോം ഒക്കെ വര്വാ" ..
"അയിനു കല്യാണം കഴിച്ചിട്ട് 10 കൊല്ലായിട്ടും എൻറെ ഈ ബുദ്ധിയില്ലായ്മ കൊണ്ട് ങ്ങക്ക് കൊയപ്പം ഒന്നും ഉണ്ടായിട്ടില്ലല്ലോ.സൗന്ദര്യം കണ്ടെന്നല്ലേ ങ്ങൾ ന്നെ കെട്ടിയത്..ഇങ്ങക്കറിയ്വോ..കഴിഞ്ഞ ആഴ്ച തുണിക്കടെന്ന് ഞാൻ ഷുക്കൂറിനെ കണ്ടപ്പം ൻറെ ചങ്ക് പൊടിഞ്ഞു.മൂപ്പര് എന്നെ തന്നെ അങ്ങനെ നോക്കി നിൽക്ക്വാ..കണ്ണീരോടെ..അന്ന് ആറാം ക്ലാസ്സീന്ന് എനിക്ക് ഒരു പ്രേമലേഖനം തന്നതിൻറെ പേരിൽ ഞാൻ മാഷെക്കൊണ്ട് ഒരുപാട് തല്ലിച്ചു.പൊന്നുപോലെ നോക്കാം ന്ന് രണ്ട് മൂന്ന് സ്ഥലത്ത് ആ കത്തിലെഴുതീർന്നു."
"എടീ മരക്കഴുതേ..സന്തോഷക്കണ്ണീരാ..നിന്നെയെങ്ങാനും കെട്ടി പണ്ടാരടങ്ങി ജീവിതം നഷ്ട്ടപ്പെട്ടില്ലല്ലോ എന്ന സന്തോഷം..പൊന്നുപോലെ നോക്ക്വാന്നു വെച്ചാ അവൻ നിന്നെ എവിടെയെങ്കിലും പണയം വെച്ചേനെ"
"എനിക്കിത് തന്നെ വേണം..എന്തോരം കല്യാണാലോചനകൾ എനിക്ക് വന്നതാ..അപ്പോളൊക്കെ സൽസ്വഭാവിയും വിദ്യാസമ്പന്നനുമായ നിങ്ങളെപ്പറ്റി പറയാനായിരുന്നു ഉപ്പാക്ക്‌ താൽപര്യം..സൽസ്വഭാവം..മണ്ണാങ്കട്ട.."
ചവിട്ടിത്തുളളി അവൾ അകത്തേക്ക് പോകുന്നത് ഉളളിലൂറിയ ചിരിയോടെ ഞാൻ നോക്കിനിന്നു.ഇന്നെങ്കിലും ഇനി ബാക്കി സമയം സ്വസ്ഥതയോടെ ഇരിക്കാലോ എന്ന 'വ്യാമോഹ'ത്തോടെ.
KVA നാസർ അമ്മിനിക്കാട്.

കടലാസുപൂക്കൾ


"ഹേയ് ശ്യാം"..ഒരു പിൻവിളി
കേട്ടാണ് തിരിഞ്ഞുനോക്കിയത്.ആരാണീ ബംഗ്ലൂർ നഗരത്തിൽ തന്നെ വിളിക്കാൻ ഒരു സ്ത്രീ ശബ്ദം!.പരിചയം തോന്നിയില്ല.എങ്കിലും പുഞ്ചിരിച്ചു.
"എനിക്കങ്ങട്"
"മനസ്സിലായില്ലാന്ന് അല്ലേ..എനിക്കും സംശയമായിരുന്നു..രണ്ടുമൂന്നു തവണ നോക്കിയാ ശ്യാമാണെന്ന് ഉറപ്പിച്ചെ.പിന്നെ വലതു കവിളിലെ ഈ കാക്കാപ്പുള്ളി എനിക്ക് മറക്കാൻ കഴിയില്ലല്ലോ".

" ഹർഷ" എൻറെ മനസ്സു മന്ത്രിച്ചു.ഒരു കാലത്ത് തൻറെ എല്ലാമെല്ലാമായിരുന്നവൾ.
"ഹർഷ ഇവിടെ?..ആളാകെ മാറിപ്പോയല്ലോ..?
"പറയാം.. ആദ്യം ശ്യാമിന്റെ വിശേഷങ്ങൾ പറ.?
കഴിഞ്ഞ 10 വർഷമായി ദുബായിയിൽ ഒരു പ്രൈവറ്റ് ഫേമിലാണ് ജോലിചെയ്യുന്നത്.വെക്കേഷനിൽ ഒരു ഫ്രണ്ടിനെ കാണാനാ ഈ നഗരത്തിലെത്തിയെ.അപ്പം അൽപ്പം ഷോപ്പിംഗ്‌ ആവാന്നു വെച്ചു.അങ്ങനെ ഇപ്പോ ദാ നിൻറെ മുമ്പിലും.

"ഫാമിലി?
"നാട്ടിൽ തന്നെ..2 മക്കളും"
അവളുടെ കണ്‍കോണിൽ ഒരു നേരിയ നനവ്‌ പടരുന്നത് കണ്ടില്ലെന്നു നടിച്ചു.
"നിന്നെപ്പറ്റി പറഞ്ഞില്ല?
"ഇവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ ടീച്ചറാണ്..ഹസ് നേവിയിൽ ഉദ്യോഗസ്ഥനും.ഒരു മോൻ..പഠിക്കുന്നു."
നാളെ തിരിച്ചുപോവുന്നില്ലെങ്കിൽ ഞങ്ങടെ വില്ലയിൽ നിർബന്ധായും വരണം..ശ്യാമിനൊരു സർപ്രൈസ് ഗിഫ്റ്റ് ഞാൻ തര്ണ് ണ്ട്.നീട്ടിയ വിസിറ്റിങ്ങ്കാർഡ് യാന്ത്രികമായി
വാങ്ങിച്ചു.
തിരികെ ലോഡ്ജിലെക്ക് മടങ്ങുമ്പോൾ മനസ്സ് പിറകിലോട്ട് പാഞ്ഞു.തന്റെ അവസാനവർഷ ഡിഗ്രിക്കാലം.നിറയെ കടലാസുപൂക്കൾ വിരിഞ്ഞു നിന്നിരുന്ന ആ വീട്ടിലേക്ക്‌ അവളും കുടുംബവും താമസിക്കാനെത്തി.എന്നും താൻ കോളേജിൽ പോകുമ്പോൾ ഗേറ്റിൽ തന്നെക്കാത്ത് അവൾ നിൽക്കുമായിരുന്നു.കണ്ണുകളാൽ കൈമാറിയിരുന്ന അനുരാഗം മനസ്സിലേക്കെത്താൻ വൈകിയില്ല.എപ്പോഴും ധൈര്യപൂർവ്വം കടന്നു ചെല്ലുമായിരുന്ന അവളുടെ വീട്ടിൽ ചില്ലറ പിണക്കങ്ങളും കുസൃതികളും അതിലേറെ സ്നേഹവുമായി ആ വർഷം കടന്നുപോയി.
ബിസിനസ്‌മാനേജ്മെന്റിൽ ഉന്നത പഠനത്തിനു പോകുന്നതിന്റെ തലേന്ന് യാത്ര പറയാൻ അവിടെ ചെന്ന അന്നാണ് ഒരു കരച്ചിലോടെ തൻറെ മാറിലേക്ക് അവൾ വീണതും വലതുകവിളിൽ ഒരു സ്നേഹചുംബനം അർപ്പിച്ചതും.
തൊട്ടടുത്ത തൻറെ വെക്കേഷനു മുമ്പു തന്നെ ട്രാൻസ്ഫർ ആയി ഞങ്ങടെ നാട്ടീന്നു പോയിരുന്ന അവരെ പിന്നീട് ശ്രമിച്ചിട്ടും എനിക്ക് കണ്ടെത്താനായിരുന്നില്ല.പക്ഷേ തന്റെ വീടിനു ചുറ്റും അവൾ നാട്ടു വളർത്തിയ കടലാസുപൂക്കളിലൂടെ എന്നും തന്റെ ഓർമയിൽ ഒരു തലോടലായ് അവൾ നിറഞ്ഞുനിന്നിരുന്നു.
പ്രിയപ്പെട്ടവളേ..ഇപ്പോൾ എൻറെ മനസ്സിൽ എന്താണ്?നിർവചിക്കാനാവുന്നില്ലല്ലോ നിന്നോടെനിക്കുള്ള ഹൃദയവികാരം!!
KVA നാസർ അമ്മിനിക്കാട്

അസ്കർ ദി റാസ്കൽ


മുമ്പ് ഞാൻ എന്റെ വാളിൽ എഴുതിയതാണ്..ഈ ഗ്രൂപ്പിൽ എന്റെ ആദ്യ എഴുത്ത്‌...മിന്നിച്ചേക്കണേ..
അസ്കർ ദി റാസ്കൽ
**************************
അവിചാരിതമായാണ് അസ്കറിനെ ഞാൻ വീണ്ടും കണ്ടുമുട്ടിയത്.നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ഫസ്റ്റ്ക്ലാസ് ലോഞ്ചിൽ വെച്ച് അറിയുമോ ഈ അസ്കർ ദി റാസ്കലിനെ എന്ന് ചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ച എന്റെ പഴയ ചെങ്ങായിയെ കണ്ട് എൻറെ കണ്ണുകളും നിറഞ്ഞു.വിശേഷങ്ങൾ ചോദിച്ച എന്നോട് നെക്സ്റ്റ് വീക്ക് വീട്ടിൽ വന്നിട്ട് വിശേഷങ്ങൾ നേരിട്ട് മനസ്സിലാക്ക് എന്ന് പറഞ്ഞ് സസ്പെൻസ് ഇട്ടു അസ്കർ.
അസ്കറിനെ ആദ്യമായി റാസ്കൽ എന്ന് വിളിച്ചത് സ്വന്തം പിതാശ്രീ തന്നെയായിരുന്നു.ലോ കോളേജിലെ രണ്ടാം വർഷത്തിൽ ഒരു അടിപിടി പ്രശ്നത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസ്കറിന്റെ പിതാവിനെ കാണാൻ ചെന്ന എന്നോട് അയാൾ ആക്രോശിച്ചു."തനിക്കങ്ങനെയൊരു മകനില്ലെന്നും മേലാൽ ആ റാസ്കലിനോട് തൻറെ‌ വീട്ടിൽ കേറിപ്പോകരുതെന്നും പറഞ്ഞേക്കണം".വിവരമറിഞ്ഞ് പൊട്ടിച്ചിരിച്ച അസ്കർ കോളേജിനടുത്തു വീട് വാടകക്കെടുത്തു താമസം അങ്ങോട്ട്‌ മാറ്റി.കൂടെ ഞാനും.
സ്വതന്ത്രനായി മത്സരിച്ചു ഇരുമുന്നണി ക്കാരെയും തോൽപ്പിച്ചു ആർട്സ് ക്ലബ് സെക്ര‌ട്ടറിയായ അസ്കരിനെക്കുറിച്ചു അഡ്മിനിസ്ട്രെറ്റീവ് ലോ പഠിപ്പിക്കുന്ന പോൾ സക്കറിയ സാറാണ് തമാശ രൂപത്തിൽ അവൻ ആളൊരു റാസ്കൽ തന്നെ എന്ന് പിന്നീട് മൊഴിഞ്ഞത്..
തൊട്ടടുത്തുള്ള വുമൻസ് കോളേജിലെ മഞ്ഞുതുള്ളിപോലെ സുന്ദരിയായ ഫരിഹയുമായുള്ള അടുപ്പമായിരുന്നു മൂന്നാം വർഷത്തെ ആദ്യ ഹൈലൈറ്റ്.അവർ തമ്മിൽ വല്ലാത്തൊരു അടുപ്പം എനിക്ക് ഫീൽ ചെയ്തിരുന്നു.ചിലപ്പോൾ അസ്കറിനെതേടി അവൾ ഞങ്ങളുടെ വീട്ടിലും വന്നിരുന്നു.
അവർ പിണങ്ങിയ ഒരുനാളിൽ ഫരിഹയെ ഞാൻ കണ്ടിരുന്നു.അവളുടെ വാക്കുകളിൽ.."അയാൾ ഒരു കാസനോവയാ..പലരും എന്നോടത് സൂചിപ്പിച്ചിട്ടുണ്ട്. ഒരേ സമയം നല്ലവനും റാസ്കലുമാകാൻ അയാള്ക്കെങ്ങിനെ കഴിയുന്നു?
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചു അസ്കർ പറഞ്ഞു."അസ്കർ റാസ്കൽ തന്നെയാ..നീയില്ലാത്ത വീക്കെൻറ്റുകളിൽ ഞാൻ പലരുമൊത്തും ഔട്ടിങ്ങിനു പോയിരുന്നു..എന്നുവെച്ചു അസ്കർ ഒരു വണ്ടല്ല..മറിച്ചു പൂവുകൾ വണ്ടിനെത്തേടി വരാറായിരുന്നു പതിവ്"അത് സത്യവുമായിരുന്നു.ആണ്‍പെണ്‍ഭേദമന്യേ അന്ന് ടൌണിൽ വലിയൊരു സൗഹൃദവലയം അസ്കരറിനുണ്ടായിരുന്നു.
ആറുവർഷത്തിനുശേഷം ഇന്നലെ അസ്കറിന്റെ പുതിയ വീട്ടിലേക്ക് പുറപ്പെട്ട എൻറെ മനസ്സിൽ ഓടിയെത്തിയ കാര്യങ്ങളോടൊപ്പം ഞാൻ ഏറെ ആകാംക്ഷാഭരിതനായിരുന്നു.അസ്കർ വില്ലയിൽ പിതാശ്രീയോടൊപ്പം എന്നെ സ്വീകരിച്ചു അസ്കർ പറഞ്ഞു..അന്ന് വീട്ടിലേക്ക് നിങ്ങൾ എന്നോട് ഇനി തിരിച്ചു വരരുതെന്ന് പറഞ്ഞയച്ച എന്റെ കൂട്ടുകാരൻ..എന്നെ കെട്ടിപ്പിടിച്ചു അദ്ദേഹം പറഞ്ഞു.."അസ്കറിനെ മനസ്സിലാക്കാൻ ഞാൻ വൈകി.റാഗിങ്ങിനെ എതിർത്തതുമായി ബന്ധപ്പെട്ടായിരുന്നു ആ അടിപിടി എന്ന് ഞാൻ അറിഞ്ഞില്ല..ഇപ്പം 2വർഷമായി ഞാനും അവൻറെ ഉമ്മയും ഭാര്യയും മോനുമായി ഇവിടെയാ ..മരണം വരെ അങ്ങനെ വേണമെന്നാ ആഗ്രഹവും.
ഭാര്യയെ കാണണമെന്ന എൻറെ മനസ്സ് കണ്ടറിഞാവണം അസ്കർ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.എനിക്ക്‌ എൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..മോനെയും കയ്യിലെടുത്തുകൊണ്ട് സാക്ഷാൽ ഫരിഹ തൊട്ടു മുമ്പിൽ.അസ്കർ എന്നെ നോക്കി കണ്ണിറുക്കി.പിന്നെ പൊട്ടിച്ചിരിച്ചു.
"അല്പം കളികൾ അസ്കറിനുണ്ടായിരുന്നെങ്കിലും അസ്കർ എന്നെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ എന്ന കാര്യത്തിൽ എനിക്കുറപ്പുണ്ടായിരുന്നു.ഇപ്പോൾ ഞാനത് ശരിക്കും ആസ്വദിക്കുന്നു.
തിരിച്ചുപോരുമ്പോൾ എൻറെ മനസ്സിനെ മഥിച്ചിരുന്ന ചോദ്യം ഇതായിരുന്നു."യഥാർഥത്തിൽ അസ്കർ ഒരു റാസ്കലായിരുന്നോ"?
********************************************
KVA നാസർ അമ്മിനിക്കാട്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo