80 കളുടെ രണ്ടാം പകുതി.നാട്ടിലെ പ്രധാന ഗായകപട്ടം അലങ്കരിച്ചിരുന്നത് നമ്മുടെ കഥാനായകൻ കുഞ്ഞാപ്പുട്ടിയാണ്.ബീഡിതെറുപ്പുകാരനായ കുഞ്ഞാപ്പുട്ടിയിലെ ഗായകനെ തേച്ചുമിനുക്കിയെടുത്തത് തൊട്ടപ്പുറത്തെ നാണിപ്പയുടെ ചായമക്കാനിയിലെ റേഡിയോ ആയിരുന്നു.കല്യാണവീടുകളിലെ മാപ്പിളപ്പാട്ടുകളിലൂടെ നാട്ടിലെ തരുണീമണികളുടെ ഹൃദയത്തിൽ കുഞ്ഞാപ്പുട്ടിക്ക് ഹീറോ പരിവേഷമുണ്ടായിരുന്നു.
ഒരിക്കലെങ്കിലുംഒരു
ഓർക്കസ്ട്ര ടീമിനൊപ്പം പാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം.പലപ്പോഴും കുഞ്ഞാപ്പു ഈ സ്വപ്നംകണ്ട് പുളകിതനായി.
ഓർക്കസ്ട്ര ടീമിനൊപ്പം പാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം.പലപ്പോഴും കുഞ്ഞാപ്പു ഈ സ്വപ്നംകണ്ട് പുളകിതനായി.
അങ്ങനെയിരിക്കെ കുഞ്ഞാപ്പുട്ടിയുടെ വീടർ(ബീവി) മൈമ്മൂനയുടെ നാട്ടിലെ ചില ചെറുപ്പക്കാർ തങ്ങളുടെ ക്ലബിന്റെ വാർഷികത്തിന് നാട്ടിൽ ഒരു ട്രൂപ്പിന്റെ ഗാനമേള നടത്താൻ തീരുമാനിക്കുന്നതും ഭാര്യവീട്ടുകാരുടെ ശുപാർശയാൽ കുഞ്ഞാപ്പുവിനു പാട്ടിനു അവസരമൊരുങ്ങുന്നതും. കണാരേട്ടന്റെ വൈദ്യശാലയിൽ നിന്ന് ഇരട്ടിമധുരം-ചുക്ക്-കല്ക്കണ്ടാതികൾ പൊടിച്ചു തേനിൽ ചേർത്ത് സേവിച്ചു കുഞ്ഞാപ്പുട്ടി സ്വരശുദ്ധി വരുത്തി.
കൊയ്ത്തു കഴിഞ്ഞ പാടത്ത് വേദിയൊരുങ്ങി.മനോഹരമായ ആ സായാഹ്നത്തിൽ ഗ്രാമീണർ ഒന്നടങ്കം ഗാനമേള കേൾക്കാൻ എത്തിച്ചേർന്നു.തന്റെ സഹപാഠിയും കൈപ്പുണ്ണ്യം തെളിയിച്ച നാട്ടുചികിൽസകനുമായ അപ്പോത്തിക്കിരി അവുക്കറിന്റെ ചേതക്കിൽ വെള്ളമുണ്ടും ജൂബയുമണിഞ്ഞു സുസ്മേരവദനനായി കുഞ്ഞാപ്പുട്ടി സ്ഥലത്തെത്തി.
അന്നേവരെ ഒരു ഓർക്കസ്ട്രയിൽപോലും പാടിയിട്ടില്ലാത്ത കുഞ്ഞാപ്പുട്ടിക്ക് ഇത്രേം പേരെ ഒന്നിച്ചുകണ്ടതും നട്ടെല്ലിലൂടെ ഒരു മിന്നലുപോലെ എന്തോ ഒന്ന് പാഞ്ഞ് തലക്കകത്തെക്ക് കേറിപ്പോയതായി തോന്നി.ഗ്രീൻറൂമിലെത്തിയ കുഞ്ഞാപ്പുട്ടിയുടെ കൈകൾ വിയർത്തു.മുട്ടുകൾ കൂട്ടിയിടിച്ചു.
സദസ്സിനെ ഇളക്കിമറിച്ച ഭക്തിഗാനത്തോടെ ഗാനമേള തുടങ്ങി.ഇനി ഏത് നിമിഷവും തന്റെ ഊഴം വരുമെന്ന ആധിയിലും വ്യാധിയിലും കുഞ്ഞാപ്പുട്ടി തളർന്നു.തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കിയെടുക്കാൻ വന്ന കരയോഗം പ്രസിഡന്റിനെപ്പോലെ ഗ്രീൻറൂമിലെ കൂജയിലെ വെള്ളം കുഞ്ഞാപ്പുട്ടി കുടിച്ചുവറ്റിച്ചു.
അടുത്തത് മാപ്പിളപ്പാട്ടിലെ ഭാവി വാഗ്ദാനം നമ്മുടെ പ്രിയങ്കരനായ കുഞ്ഞാപ്പുട്ടിയുടെ മനോഹരഗാനം എന്ന അനൌണ്സ്മെന്റ് വേദിയിൽ മുഴങ്ങിയതും കുഞ്ഞാപ്പുട്ടിയുടെ ചങ്കിലെ വെളളം വറ്റി.നാക്ക് കുഴഞ്ഞു.പതറിപ്പതറി വേദിയിലെത്തിയ കുഞ്ഞാപ്പുട്ടിയെ വേദിയുടെ സൈഡിൽ തന്റെ ചേതക്കിലിരുന്നു വീക്ഷിച്ച അപ്പോത്തിക്കിരിക്ക് അപകടം മണത്തു.മൈക്കിനു മുന്നിലെത്തിയ കുഞ്ഞാപ്പൂന്റെ കയ്യീന്ന് ശ്രുതിയും ഷഡ്ജവും സംഗതികളും ഒന്നിച്ചുപോയി.
" വമ്പുറ്റ ഹംസ റളീയളള ചാടീ" എന്ന പാട്ട് ഒരു ദീനരോദനമായ് കുഞ്ഞാപ്പുട്ടിയുടെ തിരുവായിൽ നിന്നും പുറത്തുചാടിയതും സദസ്സിൽ കൂവലുയർന്നു.ആരെടാ അത്...ഞ്ഞി അവനെ വിടരുത്..കൊല്ലെടാ..തുടങ്ങിയ ആക്രോശങ്ങളോടൊപ്പം കല്ലേറും വരാൻ തുടങ്ങി.
ഇനി ഇവിടെ നിന്നാൽ തൻറെ കാര്യം കൂടി കട്ടപ്പൊകയാകും എന്ന തിരിച്ചറിഞ്ഞ അപ്പോത്തിക്കിരി തൻറെ ചേതക്കിൽ 120 ൽ വടക്കോട്ട് പിടിച്ചു.2 km പോയി ആശ്വാസത്തോടെ തിരിഞ്ഞുനോക്കിയ അപ്പോത്തിക്കിരി തന്റെ സ്കൂട്ടറിനു പിറകിൽ കൂനിക്കൂടിയിരിക്കുന്ന ഗായകനെ ക്കണ്ട് അന്താളിച്ചുപോയി. "ഹല്ല പടപ്പേ ജജ് ങ്ങനാ ന്റെ വണ്ടീൻറെ പൊറകില് ഞാൻ പോലും അറിയാതെ കേറിക്കൂടി"?
"ജീവനെപ്പേടി..ആദ്യത്തെ ഏറു ചെവിക്കു മോളിലൂടെ ചീറിപ്പാഞ്ഞു പോയപ്പം തന്നെ ഞമ്മൾ വേദീന്നു പുറത്തേക്കു ചാടി..രണ്ടാമത്തെ ചാട്ടം ഈ സ്കൂട്ടറിന്റെ മോളിലോട്ടും".
"ജീവനെപ്പേടി..ആദ്യത്തെ ഏറു ചെവിക്കു മോളിലൂടെ ചീറിപ്പാഞ്ഞു പോയപ്പം തന്നെ ഞമ്മൾ വേദീന്നു പുറത്തേക്കു ചാടി..രണ്ടാമത്തെ ചാട്ടം ഈ സ്കൂട്ടറിന്റെ മോളിലോട്ടും".
KVA.നാസർ അമ്മിനിക്കാട്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക