നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്റർവ്യുന്പോടാ....


രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ അതാ അച്ഛൻ മുന്നിൽ നിൽക്കുന്നു.
ഞാൻ : എന്താ അച്ഛാ കയ്യിൽ ഒരു ചായയൊക്കെയായിട്ട്. ?
അച്ഛൻ : ഇതേ.... എനിക്കുള്ളതാ നിനക്കുള്ളതല്ല... ആ ഞാൻ വന്നത് നിന്നോട് ഒരു കാര്യം പറയാനാണ്. എന്നും ഈ മുറിയിൽ ഇങ്ങനെ കിടന്നുറങ്ങിയാൽ മതിയോടാ ?
ഞാൻ : ശരി... ഇനി ഇവിടെ കിടക്കില്ല അടുത്ത മുറിയിൽ പോയി കിടന്നോളാം
അച്ഛൻ : ഫാ.....!!!! ഒരു ജോലിക്കു ശ്രമിക്കാതെ ഇവിടെത്തന്നെ കിടന്നാ മതിയോന്നാടാ ഞാൻ ചോദിച്ചത്.
ഞാൻ : നോക്കുന്നുണ്ട്.
അച്ഛൻ : ആ.. ഇനി നീ അധികം നോക്കണ്ട. ഇന്ന് ഗോപാലൻ ഒരു ഇന്റർവ്യൂ കാര്യം പറഞ്ഞിരുന്നു. ഇതാ കമ്പനി അഡ്രസ്.മര്യാദയ്ക്ക് ഇന്റർവ്യൂ ന് പോയിക്കൊള്ളണം.
ഞാൻ : നാളെ പോയാ മതിയോ ????
അച്ഛൻ കയ്യിലുണ്ടായിരുന്ന ചൂട് ചായ എന്റെ നേരെ ഒറ്റയേറ്. ഒഴിഞ്ഞു മാറിയപ്പോൾ ചായചെന്ന് പതിച്ചത് എന്റെ പുത്തൻ ലാപ് ടോപ്പിന്റെ സ്ക്രീനിലും.
ഇന്ന് ഇന്റർവ്യുന്പോയിക്കൊള്ളണം. അതും പറഞ്ഞ് അച്ഛൻ മുറിക്ക് പുറത്തേക്ക്.
ലാപ്ടോപ്പന്റെ സ്ക്രീനിന്റെ മുകൾവശത്ത് നിന്നും താഴോട്ടേക്ക് ആര് ആദ്യം എത്തും എന്നും പറഞ്ഞ് അഞ്ചാറ് ചായത്തുള്ളികൾ മത്സരിച്ച് ഇറങ്ങി വരുന്ന മനോഹര കാഴ്ചയും കണ്ട് ഞാനിരുന്നു.
എതായാലും ഇന്റർവ്യൂന് പോകാൻ തീരുമാനിച്ചു. ഭാഗ്യത്തിന് സ്വന്തം നാട്ടിൽത്തന്നെയാണ് ഇന്റർവ്യൂ .
അങ്ങനെ ഇന്റർവ്യൂ നടക്കണ സ്ഥലത്തേക്ക് പോയി. നല്ല മനോഹരമായ സ്ഥലം, ചുറ്റും വീടുകൾ പക്ഷെ ഇന്റർവ്യൂ നടത്തണ കമ്പനി മാത്രം കാണാനില്ല.
പെട്ടെന്ന് ഒരു വീട്ടിൽ നിന്ന് ഒരു കാരണവർ ഇറങ്ങി വന്നു.
"ഇന്റർവ്യൂന് വന്നതാണല്ലേ ?
ഞാൻ : അതെ നിങ്ങൾക്കെങ്ങനെ മനസ്സിലായി ?
ഇതാണ് ഇന്റർവ്യൂ നടത്തണ സ്ഥലം
ഞാൻ : ഇതോ .. ഇതൊരു വീടല്ലേ ?
അല്ല ഇത് ഒഫീസാണ്.
ഞാൻ : നിങ്ങളാരാണ് ?
ഞാൻ മാനേജരാണ്. ഇവിടുത്തെ മാനേജർ
ഞാൻ: മാനേജറോ ? ങ്ങള് മാനേജറാ ?
എന്താ കണ്ടിട്ട് തോന്നുന്നില്ലേ ?
ഞാൻ : അയ്യോ അതല്ല...... പെട്ടെന്ന് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല അതാണ്.
അങ്ങനെ ഓഫീസിന്റെ അകത്തേക്ക്...... അതാ മാഡം ഇരിക്കുന്നു.
ഞാൻ : മേ ഐ കം ഇൻ
മാഡം :വരൂ ഇരിക്കൂ
നന്ദി മാഡം..
മാഡം: സർട്ടിഫിക്കറ്റ് സ് എല്ലാം ഉണ്ടല്ലോ അല്ലേ?????
എല്ലാ സർട്ടിഫിക്കറ്റുകളും ഒന്നു പോലും വിട്ടു പോവാതെ എടുത്തു കൊടുത്തു -
മാഡം : എന്താണ് ഇയാളുടെ പേര് ?
മിഥുൻ
മാഡം : വേർഡു യുലിവിൻ ?
ഞാൻ : എന്താണ് ?
മാഡം : എവിടെയാണ് താമസിക്കുന്നതെന്ന് ?
ഞാൻ : ഞാങ്കോയിക്കോട്ടാ......
മാഡം : ഞാങ്കോയിക്കോട്ടയോ ?
ഞാൻ : ഞാൻ കോഴിക്കോട്ടാണ് മാഡം
മാഡം : കോഴിക്കോട് എവിടെ ബസ്റ്റാന്റിലോ ?എടോ ഈ കമ്പനിയും കോഴിക്കോട് തന്നെയാണ്. കോഴിക്കോട് എവിടെയാണെന്ന് പറയൂ മിഥുൻ ?
ഞാൻ : മാഞ്ചോട്ടിലാ
മാഡം : എന്ത് ?????
ഞാൻ : മാവിൻ ചുവട്ടിലാ മാഡം.
മാഡം :ഇതിന് മുമ്പ് എവിടെയാണ് വർക്ക് ചെയ്തത് ?
(ഇതാണ് മനുഷ്യന്മാർക്ക് പിടിക്കാത്ത ചോദ്യം )
ഞാൻ : ഫ്രഷറാണ് മാഡം
മാഡം : ബെസ്റ്റ് ...ഒകെ ഹൗ ഇസ് യോർ ഹെൽത്തത്?
ഞാൻ :ങേ....?
മാഡം : ഹൗ ഇസ് യോർ ഹെൽത്ത് ?
ഞാൻ : എന്താ ????
മാഡം : എന്റെ ശിവനേ ........ എടോ ആരോഗ്യനില എങ്ങനെയുണ്ടെന്ന് .... വല്ല രോഗവും ഉണ്ടോ ?
ഇല്ല മാഡം
മാഡം : ഡിഗ്രി ഇൻ കമ്പ്യൂട്ടർ ........ അല്ലേ............
ഞാൻ : അതേ.......
മാഡം : ക്ഷമിക്കണം നിന്നെ ഇവിടെ ജോലിക്ക് എടുക്കാൻ പറ്റില്ല. ഈ ദയനീയ ആറ്റിറ്റ്യൂഡും കൊണ്ട് നീ എങ്ങനെ എല്ലാ വീടുകളിലും പോകും??
ഞാൻ : എല്ലാ വീടുകളിലും പോവാനോ ????ഏത് വീട്?
മാഡം : സാധനങ്ങൾ വിൽക്കണ്ടേ?
ഞാൻ : സാധനങ്ങൾ വിൽക്കാനോ ?
മാഡം : അതെ ഞങ്ങളുടെ ഉൽപന്നങ്ങൾ നീ വീടുവീടാന്തരം കയറി വിൽക്കണം. പലതും ഉണ്ട് സോപ്പ് , കണ്ണാടി...... കൂടുതലും ബേക്കറി ഐറ്റം ആണ്.
ഞാൻ : അതു ശരി അപ്പോ ഇത് ബാഗും തൂക്കി സാധനങ്ങൾ വിൽക്കാൻ പോണ പണിയാണോ? ഇതിനാണോ മിനിമം യോഗ്യത ഡിഗ്രി എന്ന് പരസ്യം വച്ചത്.
അന്റെ കടലവറുത്തതും കായ വറുത്തതും വിൽക്കാനെന്തിനാ ടോ കമ്പ്യൂട്ടും എം എസ് ഓഫീസും??
മാഡം : പിന്നീട് നിങ്ങൾക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും
ഞാൻ :മതിയെടോ പച്ചടിയുണ്ടാക്കിയത്‌. മനുഷ്യന്മാരെ പറ്റിക്കാൻ ഓരോ പരസ്യവും കൊടുത്തോളും.ഇയ്യേ..... ഒരു കാര്യം ചെയ്. വല്ല എംബിബിഎസ് കാരെയും കിട്ടുമോയെന്ന് നോക്ക് .......... ഈ പറഞ്ഞ പണിക്ക് നിങ്ങൾ പറഞ്ഞ എന്റെ ദയനീയ ആറ്റിറ്റ്യൂഡ് ഒക്കെ മതി ട്ടാ...... പക്ഷെ എനിക്ക് സൗകര്യമില്ല. ആളെ വിടീൻ പെണ്ണുങ്ങളെ............. ഉഡായിപ്പ് ഇന്റർവ്യൂ.
ഞാൻ വീട്ടിലേക്ക് പോയി. അതാ വീടിന് മുന്നിൽ അച്ഛനും അമ്മയുംനിൽക്കുന്നു
നോക്കുന്ന നോട്ടം കണ്ടാൽ ഞാൻ പണിക്ക് പോയിട്ട് വേണം ഈ വീടിന് ജീവിക്കാൻ എന്ന ഭാവം..
അച്ഛൻ: പോയിട്ടെന്തായി?
ഞാൻ : ഓ....... അവിടെ ഒരു പത്തമ്പത് പേര് ഉണ്ടായിരുന്നു. ഫുൾ റെക്കമന്റാണ്. നമ്മൾക്കൊന്നും കിട്ടില്ല
അച്ഛൻ: അങ്ങനെയല്ലല്ലോ ഗോപാലൻ പറഞ്ഞത്?
ഞാൻ : ഗോപാലനല്ല എന്നെ ഇന്റർവ്യൂ ചെയ്തത് .
അമ്മ : മോനേ നീ അവിടെയെത്തിയിട്ട് വിളിച്ചില്ലാലോ ?
അതിന് ഞാൻ ഗൾഫിലോട്ടല്ല പോയത് അവിടെയെത്തിയിട്ട് വിളിക്കാൻ
ഞാൻ പതുക്കെ മുറിയിലേക്ക് പോയി
ദേ കിടക്കുന്നു അടുത്ത ജോലി പരസ്യം

ഹിന്ദുസ്ഥാൻ ഗ്രൂപ്പ്
പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ഹിന്ദുസ്ഥാനിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. മിനിമം യോഗ്യത ഡിഗ്രി
കമ്പ്യൂട്ടർ പരിഞ്ജാനമുള്ളവർക്ക് മുൻഗണന.........
ഇത് പൊളിക്കും. ഉടനെ തന്നെ ഞാൻ ആനമ്പറിൽ വിളിച്ചു. ഉടനെ മറുപടിയും വന്നു
ഹലോ ആരാണ് ?
ഞാൻ : ഹിന്ദുസ്ഥാൻ ഗ്രൂപ്പല്ലേ
ആ ഗ്രൂപ്പൊക്കെത്തന്നെ ങ്ങളാരാണ്?
ഞാൻ :പത്രപ്പരസ്യം കണ്ടിട്ട് വിളിച്ചതാണ്
ഓ.... ഇയ്യ് ഏത് വരെ പഠിച്ചു.?
ഞാൻ :ഡിഗ്രി കമ്പ്യൂട്ടർ ആണ്.
അയിന്റെയൊന്നും ആവശ്യമില്ലാപ്പാ...ഇയൊരു കാര്യം ചെയ്യ് നാളെത്തന്നെ പെട്ടീം കെടക്കെയും ഒക്കെയെടുത്ത് ഇങ്ങ് പോര്.
ഞാൻ :പെട്ടീം കെടക്കയമെടുത്ത് വരാനോ?
അന്റെ കുപ്പായങ്ങളൊക്കെയും എടുത്ത് പോരെന്ന് താമസ സൗകര്യങ്ങളൊക്കെ ഞമ്മള് കമ്പനി നോക്കിക്കൊള്ളാം
ഞാൻ :അല്ല അപ്പോൾ എന്നെ ഹിന്ദുസ്ഥാൻ ഗ്രൂപ്പിൽ എടുത്തോ ?
ഓന്ന്... അന്നെ എടുത്തിരിക്കണ്
അനക്ക് രണ്ട് കൈ ഉണ്ടോ?
ഞാൻ : ഉണ്ട്
രണ്ട് കാലോ?
ഞാൻ: ഉണ്ടെന്ന്
മതീന്ന്. അന്ന കമ്പനി സെലക്ട് ചെയ്തിരിക്കണ്.
ഞാൻ - : അല്ല അപ്പോ ഈ വോക്ക് ഇൻ ഇന്റർവ്വൂ ഒന്നും ഇല്ലേ?
ഇല്ല.പക്ഷെ വോക്ക് വിത്ത് ബാഗ്‌ ഉണ്ട്.
ഞാൻ :വോക്ക് വിത്ത് ബാഗോ?
അതേന്ന് ഈ ബാഗും തൂക്കി നടക്കണ സംഭവം... അയിനെന്തിനാണ് ചങ്ങായീ ഇന്റർവ്യൂ... അനക്ക് കാര്യങ്ങളൊക്കെ ഞമ്മള് പഠിപ്പിച്ച് തന്നോളും
ഞാൻ : അതിനെന്തിനാണ് ബാഗും തൂക്കി നടക്കണത്?
അതേന്ന് സാധനങ്ങള് വിൽക്കണ്ടേ?
ഞാൻ : സാധനങ്ങള് വിൽക്കാനോ?
അതെ ഞമ്മള ഉൽപ്പന്നങ്ങള് ഇയ്യ് കൊണ്ട് പോയി വീട് വീടാന്തരം കയറി വിൽക്കണം.
ഞാൻ :അപ്പോ ഇത് ബാഗും തൂക്കി സാധനങ്ങള് വിൽക്കാൻ പോണ പണിയാണോ?
പിന്നെ ഇയ്യെന്താ വിചാരിച്ചെ കലക്ടറുദ്യോഗാ ന്നാ?
ഞാൻ: തന്റെ കമ്പനിയുടെ പേരൊന്ന് പറഞ്ഞേ
ഹിന്ദുസ്ഥാൻ ഗ്രൂപ്പ്
ഞാൻ :ഹിന്ദുസ്ഥാൻ ഗ്രൂപ്പ് പേര് കേട്ടാൽ എതോ വലിയ പെട്രോളിയം കമ്പനി പോലെയുണ്ടല്ലോടോ? പരസ്യം കൊടുത്തേക്കണ കണ്ടില്ലേ ? ഡിഗ്രിക്കാർക്ക് മുൻഗണനപോലും
അത് പിന്നെ അനക്ക് മുകളിലോട്ട് കയറ്റം കിട്ടും
ഞാൻ :എങ്ങോട്ട്കയറ്റം കിട്ടാൻ തെങ്ങിന്റെ മണ്ടയിലോട്ടോ? തന്റെ കമ്പനിക്ക് പറ്റിയ പേര് ഹിന്ദുസ്ഥാൻ ഗ്രൂപ്പ് എന്നല്ല ഉഡായിപ്പ് ഗ്രൂപ്പ് എന്നാണ്‌.
ഞാൻ ഫോൺ കട്ട് ചെയ്തു.മെല്ലെറൂമിലോട്ട്ചേക്കേറി. വാതിലടക്കാനായി തിരിഞ്ഞ് നിന്നതും അതാ പുറകിൽ അച്ഛൻ നിൽക്കുന്നു.
ഇനിയും എന്താണ് അച്ഛാ ?
അച്ഛൻ: നീ പഠിച്ച് കഴിഞ്ഞിട്ട് ഒരു വർഷമായി. വിദ്യാഭ്യാസ വായ്പ അടുത്ത മാസം മുതൽ അടച്ചു തുടങ്ങണം.. പൊന്നുമോനേ അഞ്ചിന്റെ പൈസ ഞാൻ അടയ്ക്കുമെന്ന് നീ കരുതണ്ട. നിന്റെ ഈ ഉഴപ്പൊക്കെ ബാങ്ക് കാരു മാറ്റിത്തരും.
ഞാൻ :എന്റെ ഫേസ്ബുക്കിൽ അമ്മയുടെ പ്രൊഫൈൽ പരിശോധിച്ചാൽ അവിടെ എനിക്കൊരു മ്യൂച്ചൽ ഫ്രണ്ട് ഉണ്ട്. അത് അച്ഛനാണ്.
അച്ഛൻ: ചക്കാന്ന് പറയുമ്പോൾ മാങ്ങാന്ന് പറയുന്നോടാ? ഫേസ്ബുക്കും വിദ്യാഭ്യാസ വായ്പയും തമ്മിലെന്താടാ ബന്ധം ?
ഞാൻ : അത് പോലെ ബാങ്കിലെ ലോൺ അക്കൗണ്ട് നോക്കിയാൽ അവിടെയും എനിക്കൊരു മ്യൂച്ചൽ ഫ്രണ്ട് ഉണ്ട് അതും അച്ഛനാണ്. എനിക്ക് ജാമ്യം നിന്നത് അച്ഛനാണ്. തിരിച്ചടച്ചില്ലേൽ ആർക്കാണ് പ്രശ്നം? അച്ഛന് മാത്രമാണ് പ്രശ്നം.
അച്ഛൻ: ഫാ.......!!! സംഭവം നീയെന്റെ മോനൊക്കെത്തന്നെ എന്നാലും പറയുവാ നീയൊന്നും നന്നാവാൻ പോണില്ലെടാ
അതും പറഞ്ഞ് അച്ഛൻ മുറിക്ക് പുറത്തേക്ക് പോയി.. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കാരണം ഞാൻ കിടന്നുറങ്ങി.
രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ മുന്നിൽ അച്ഛൻ
ഞാൻ : വീണ്ടും അച്ഛനോ ?
അച്ഛൻ: ഞാൻ നിനക്കൊരു പണി ശരിയാക്കിയിട്ടുണ്ട്.
ഞാൻ :അതു പിന്നെ എന്നും എനിക്കിട്ട് പണി തരുന്നുണ്ടല്ലോ ?
തർക്കുത്തരം പറയാതെ പറയുന്നത് മുഴുവൻ കേൾക്കെടാ.ഒരു ജോലി ഞാൻ ശരിയാക്കി വച്ചിട്ടുണ്ട്.ഒരു ഇലക്ട്രോണിക് കമ്പനിയുടെ ഷോറൂമിലാണ്. അവരു നിന്നെ വിളി ച്ചോളും.
ഇത് കേട്ടപ്പോൾ നൂറ്റിപ്പത്ത് വോൾട്ട് ബൾബ് കത്തിച്ച പ്രകാശം മുഖത്ത് വന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു
ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്.ഡി സി ബുക്സിന്റെ ഓഫീസിലേക്ക്. കമ്പ്യൂട്ടർ ഡിഗ്രി ക്കാരെയാണ് വിളിച്ചത്.
അച്ഛൻ: വേണ്ട നീതൽക്കാലം ഈ ജോലിക്ക് പോ.. അവരു നിന്നെ വിളിച്ചോളും
ഞാൻ : എന്നാലും ഒന്ന് പോയ് നോക്കട്ടെ. ഇത്തവണയെങ്കിലും എന്റെ കഴിവ് തെളിയിക്കണം
അച്ഛൻ: ഉവ്വാ!!തെളിയും
അങ്ങനെ ഞാൻ ഇന്റർവ്യൂ ന് പോകാൻ തീരുമാനിച്ചു.കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അച്ഛൻ ജോലി ശരിയാക്കി വച്ചിട്ടുണ്ടല്ലോ
അങ്ങനെ ഇന്റർവ്യൂ നടക്കണ സ്ഥലത്തെത്തി. മാനേജരുടെ ക്യാബിനിലേക്ക് കയറി. ഇന്റർവ്യൂ തുടങ്ങി
മാനേജർ :ഹലോ മിഥുൻ എവിടെയാണ് വീട്
ഞാൻ :കോഴിക്കോട് ആണ്
മാനേജർ: ബയോഡാറ്റയൊക്കെ ഞാൻ നോക്കി. കമ്പ്യൂട്ടർ അപ്ലിക്കേഷനാണല്ലേ.... കുഴപ്പമില്ല അത് മതി .കാര്യങ്ങളിലേക്ക് വരാം. നമ്മുടെ ജോലിക്ക് ആദ്യം വേണ്ടത് ഗുഡ് ആറ്റിറ്റ്യൂഡ് ആണ്. അത് താങ്കളിൽ ഞാൻ കാണുന്നുണ്ട്
ഞാൻ: നന്ദി സർ
കസ്റ്റമറുമായി നല്ല ഒരു ബന്ധം എന്നും ഉണ്ടായിരിക്കണം.
ഞാൻ : എന്നും ഉണ്ടാക്കാം സാർ
മാനേജർ: പ്രശ്നം അതല്ല ചില കസ്റ്റമർ നമ്മൾ ഗേറ്റിന് മുന്നിൽ എത്തുമ്പോൾത്തന്നെ നമ്മളെ തടഞ്ഞു നിർത്തും പക്ഷെ അവരെ മയത്തിൽ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ ജോലിയാണ്.
ഞാൻ: ഗേറ്റിന്റെ മുന്നിലോ ?ഏത് ഗേറ്റ്?
അല്ല നമ്മളീ ബാഗൊക്കെയായിട്ട് പോവുമല്ലോ?
ഞാൻ: ബേഗോ???
അതെ നമ്മുടെ പ്രൊഡക്ട്സ് മിഥുൻ വീടുവീടാന്തരം കയറി വിൽക്കണം.അതിപ്പോ വീടു തന്നെ വേണമെന്നില്ല കേട്ടോ കടകളോ ബസ് സ്റ്റാന്റോ എവിടെ വേണേലും മിഥുന് പോയി വിൽക്കാം .
ഞാൻ: ഇത് ഓഫീസ് വർക്കല്ലേ ബാഗും തൂക്കി നടക്കാനെന്തിനാണ് മിസ്റ്റർ എം എസ് ഓഫീസും ഡിഗ്രിയും പീ ജിയുമൊക്കെ?
നിങ്ങൾ ആദ്യം എന്റെ ഉൽപന്നങ്ങൾ വിറ്റ് കഴിവ് തെളിയിക്കൂ അതിന് ശേഷം ഞാനിരിക്കുന്നത് പോലെയുള്ള ഒരു കസേര തനിക്കീ ഓഫീസിൽ കിട്ടും .
ഞാൻ: കസേരയോ ?
അതെ. ഓഫീസ് സ്റ്റാഫിന്റെ കസേര
ഞാൻ: എനിക്ക്യേ നല്ല ഒന്നൊന്നര കസേര എന്റെ വീട്ടിലുണ്ട്.ഞാൻ അതിൽ പോയിരുന്നോളാം. മനുഷ്യന്മാരെ പറ്റിക്കാൻ ഓരോ ഉഡായിപ്പ് പരസ്യങ്ങൾ കൊടുത്തോളും പത്രത്തിൽ. എന്റച്ഛനെ വരെ വെല്ലുവിളിച്ചിട്ടാ ഈ ഇന്റർവ്യൂ ന് വന്നത്
ഈ ഇന്റർവ്യൂ പരസ്വം ഉണ്ടാക്കിയവനെ ഒന്നു കാണാൻ പറ്റ്വോ?
മാനേജർ : അവൻ ഇന്ന് ലീവാണ്
ഞാൻ :നന്നായി
പിന്നൊന്നും നോക്കിയില്ല അവിടെ നിന്നിറങ്ങി നേരെ വീട്ടിലോട്ട് .
ഓരോ തരക്കാര് ജോലി വാഗ്ദാനവുമായി ഇറങ്ങിക്കൊള്ളും. പരസ്യം കൊടുക്കുന്നത് ഒരു തരത്തിലും കിട്ടുന്ന ജോലിയുടെ സ്വഭാവം വേറൊരു തരത്തിലും.
ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ, കണ്ണിൽ ഇരുട്ടുകയറുന്നത് പോലെ മൊത്തത്തിൽ ഒരു നിരാശ.
നാശം ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഈ ഭ്രാന്ത് പിടിച്ചസമയത്ത് ഏതവനാണ് വിളിക്കുന്നത്
ഞാൻ: ഹലോ
ഹലോ നിന്റച്ഛൻ....
ഞാൻ: ഫാ ....!!ഫോണിൽ വിളിച്ചിട്ട്അച്ഛന് വിളിക്കുന്നോടാ
നിന്റച്ഛൻ.....
ഞാൻ:നിനക്ക് മതിയായില്ലെടാ എന്റച്ഛനല്ലെടാ നിന്റച്ഛൻ .ഫോണിൽ വിളിച്ചിട്ട് ചീത്ത വിളികുന്നോടാസംസ്കാരമില്ലാത്തവനേ.അല്ലെങ്കിൽത്തന്നെ ഭ്രാന്ത്പിടിച്ച് നിൽകുകയാണ്
മിസ്റ്റർ പറയുന്നത് മൂഴുവനുംകേൾക്കൂ
ഇനി താനൊന്നുംപറയണ്ട .അച്ഛന് വിളിച്ചതുംപോരാഞ്ഞിട്ട് ഇനി നീപറയുന്നത് മുഴുവൻ ഞാൻ കേൾക്കാമെടാതെണ്ടീ.നിന്റെ അഡ്രസ്താടാ ഞാൻ അവിടെ വന്ന് കണ്ടോളാമെടാ
അതേടാ അഡ്രസ് തരാൻ തന്നെയാടാവിളിച്ചത്' .ഇത് നിന്റെ അച്ഛൻ പറണ്ടിട്ടാണ് വിളിക്കുന്നത്.ഇതേസോണിയുടെ ഷോറൂമീന്നാണ് വിളിക്കുന്നത്. നിന്റച്ഛൻ ഒരുജോലി ക്കാര്യം പറഞ്ഞിരുന്നു. പരിചയത്തിന്റെ പുറത്ത് നിനക്കിവിടെജോലി കൊടുക്കാമെന്ന് ഞങ്ങളും ഏറ്റു.അത് പറയാൻവിളിച്ചതാണ്.
ഞാൻ: ങ്ങളായിരുന്നോ എവിടെയാ വരണ്ടത്' ?
ഇനിനിന്നെയിപ്പരിസരത്ത് കണ്ട് പോവരുത്.അച്ഛനോട് ഞങ്ങൾ പറഞ്ഞോളാം .നീഅയാളുടെ മോൻ തന്നെയാണോടാ .
പണിപോയി .ഫോൺ കട്ടായി.
' നൂല് പൊട്ടിയ പട്ടം പോലെ ഞാൻവീട്ടിലെത്തി .വീടിന് മുന്നിൽ ഉഗ്രരൂപിയായ അച്ഛൻ നിൽക്കുന്നു. ഉറഞ്ഞുതുള്ളിയുളള നിൽപ്പാണ്.
ഞാൻമെല്ലെ അച്ഛന്റെയടുത്തെത്തി.
ഞാൻ: അച്ഛാ വിരോധമില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. എന്റെ സ്റ്റഡിലോൺ അത് ഒരുജോലിയൊക്കെകിട്ടിയിട്ട് ഞാൻ തന്നെ അടച്ചോളാം' .,
പറഞ്ഞു തീരുന്നതിന് മുൻപ് അച്ഛന്റെഒരടി മുഖത്ത് വീണു'അടുത്ത അടി വീഴുന്നതിനു മുമ്പേ ഞാൻ വീട്ടീന്ന് ഇറങ്ങി ഓടി .തോപ്പുംപടി ബീച്ചിലേക്ക് .വേണമെങ്കിൽ അവിടുന്ന് തിരയെണ്ണാം
മിഥുൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot