നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രസവിക്കാത്ത അമ്മ



നാളെ എന്റെ ദേവൂട്ടിയുടെ കല്യാണമാണ്. മകളെന്ന് പറഞ്ഞാൽ അവളെ പ്രസവിച്ചത് ഞാൻ അല്ലാട്ടോ. ദേവൂട്ടിയുടേയും, ശ്രീക്കുട്ടിയുടേയും പ്രസവിക്കാത്ത അമ്മ അതാണ് ഞാൻ. ഒരു പക്ഷേ ഈ കുഞ്ഞു മുഖങ്ങളാവണം എന്നെ അനന്തേട്ടന്റെ ഭാര്യാ പദവിയിലേക്ക് എത്തിച്ചത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ വീട്ടിലേക്ക് അനന്തേട്ടന്റെ ഭാര്യയായി കടന്ന് വരുമ്പോൾ ദേവൂട്ടിക്ക് 10 ഉം ,ശ്രീക്കുട്ടിക്ക് 4 ഉം വയസ്സായിരുന്നു. ഈ കുഞ്ഞു മുഖങ്ങൾ ആണ് വേണു വേട്ടനെ മറക്കാൻ എന്നെ പ്രേരിപ്പിച്ചത്.
എന്റെ ജീവന്റെ പാതിയായിരുന്നു എന്റെ വേണുവേട്ടൻ, ഒരു പാട് പ്രതീക്ഷകളുമായിട്ടായിരുന്നു ഞാൻ ആ വീട്ടിലേക്ക് കയറി ചെന്നത്.വേണുവേട്ടൻ ആ വീട്ടിലെ ഒറ്റ മകനായത് കൊണ്ട് മകളുടെ സ്നേഹവും, മരുമകളുടെ സ്റ്റേഹവും സ്വന്തമാക്കാമെന്ന് വെറുതെ മോഹിച്ചു.എല്ലാ സ്വപ്നങ്ങളും തകർന്നടിയാൻ ഒരു രാത്രി മതിയായിരുന്നു. കല്യാണ രാത്രി തന്നെ സുഖമില്ലെന്ന് പറഞ്ഞ് വേണുവേട്ടനെ സ്വന്തം മുറിയിൽ അമ്മ പിടിച്ച് കിടത്തിയപ്പോൾ തന്നിലെ സ്ത്രീത്വം തന്നെ അപമാനിച്ചതിന് തുല്യമായിരുന്നു. ഒന്നും പറയാൻ കഴിയാതെ അന്ധാളിപ്പ് മാത്രമായിരുന്നു എന്നിൽ നിറനിന്നിരുന്നത്.
ഒരു ഇടത്തരം കുടുംബത്തിലാണ് ഞാൻ ജനിച്ചത്., അച്ഛനെ കണ്ട ഓർമ്മയില്ല, ആ കുറവ് വരുത്താതെയാണ് അമ്മയും ,ഏട്ടന്മാരും ചേച്ചിയേയും, അനിയത്തിയേയും, എന്നേയും വളർത്തിയത്. വന്ന് കയറിയ ഏട്ടത്തിയമ്മമാരും സ്വന്തം കൂടെപിറപ്പുകളെ പോലെയാണ് ഞങ്ങളോട് പെരുമാറിയത്. കൂട്ടത്തിൽ കറുമ്പിയായിരുന്ന എന്നെ അനിയത്തിയുടെ കല്യാണത്തിന് ശേഷം ഒത്തിരി വൈകിയാണ് വേണുവേട്ടൻ കെട്ടി കൊണ്ടുപോയത്.
ക്രമേണ എനിക്ക് മനസ്സിലായി വേണുവേട്ടന്റെ അമ്മയ്ക്ക്, ഒരു മരുമകളെയല്ല, ശമ്പള്മില്ലാതെ വീട്ട് പണിക്ക് ഒരാളെയായിരുന്നു ആവശ്യമെന്ന്.
വേണുവേട്ടനും അമ്മയായിരുന്നു എല്ലാം. കിടപ്പറയിൽ പോലും അമ്മ എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരം പുലരുoമ്പോഴേക്ക് 5,6 തവണ അമ്മയുടെ മുറിയിൽ സുഖവിവരം അന്വേഷിക്കാൻ കയറിയിറങ്ങുമായിരുന്നു. പരാതികളൊന്നുമില്ലാതെ ടൈപിംഗ് സെന്റ് റിലെ ആ ചെറിയ ജോലി മാത്രമായിരുന്നു ഏക ആശ്വാസം .രാവിലെ അടുക്കളയിലെ മൊത്തംപണി കഴിഞ്ഞ് പോയി തിരിച്ചു വരുമ്പോൾ അമ്മയുടെ ശകാരമായിരുന്നു പ്രതിഫലം. ഒന്നും കണ്ടില്ലാന്ന് നടിക്കുമ്പോഴും ആ വീട്ടിൽ നിന്ന് എന്നെ അടിച്ചിറക്കാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു അമ്മ. മകന്റെ സ്റ്റേഹം പകുത്തു പോകുമെന്ന ഭയമായിരിക്കണം അവരുടെ ഉള്ളിൽ, അതിന് വേണ്ടി എന്നെ കള്ളിയാക്കാനും ആ സ്ത്രീ മുതിർന്നു .കെട്ടി കൊണ്ട് പോയ പെൺകുട്ടി സ്വന്തം വീട്ടിൽ വന്ന് കയറുന്നത് അധികപറ്റാണെന്ന് നന്നായിട്ടറിയുന്നത് കൊണ്ട് എല്ലാം സഹിച്ച് അവിടെ നിൽക്കാനേ കഴിഞുള്ളൂ. എല്ലാത്തിനും പ്രതിവിധിയായി ഒരു കുഞ്ഞ് വലിയൊരാശ്വാസമാകുമെന്ന ഏട്ടത്തിയമ്മയുടെ ഉപദേശമാണ് അന്ന് വേണുവേട്ടനെ നിർബന്ധിച്ച് അമ്മയറിയാതെ ഡോക്ടറുടെ അടുത്തേക്ക്പരിശോധനയ്ക്ക് കൊണ്ടുപോയത്.പരിശോധനയ്ക്ക്ശേഷം രണ്ട് പേരുടേയും കുഴപ്പങ്ങൾ മനസ്സിലാക്കി ഡോക്ടർ മരുന്ന് കുറിച്ചപ്പോൾ ഒരമ്മയാകാനുള്ള എന്റെ മനസ്സ് തുടിക്കുകയായിരുന്നു. പക്ഷേ ആ സന്തോഷം വീടെത്തും വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഹോസ്പിറ്റലിൽ പോയ കാര്യം അമ്മയിൽ നിന്ന് മറച്ച് വയ്ക്കാൻ വേണുവേട്ടന് കഴിയുമായിരുന്നില്ല. എന്റെ മകനെ അസുഖക്കാരനാക്കിയോ എന്ന ചോദ്യത്തോടൊപ്പം ,അമ്മയുടെ വിരലുകൾ എന്റെ ചെകിട്ടത്ത് വീണതും ഒന്നിച്ചായിരുന്നു'. പ്രസവിക്കാത്തവൾ എന്ന മുദ്രക്കുത്തി എന്നെ ആ വീട്ടിൽ നിന്ന് പടിയിറക്കാൻ അമ്മയോടൊപ്പം വേണു വേട്ടനും ഉണ്ടായിരുന്നു.എല്ലാത്തിനും മറുപടിയായി കണ്ണീരൊഴുക്കി അന്ന് അവിടെ നിന്ന് പടിയിറങ്ങുമ്പോൾ ഓർത്തിരുന്നില്ല, വേണുവേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ എന്നന്നേക്കുമായി പടിയിറങ്ങുകയാണെന്ന്.
ദിവസങ്ങൾക്ക് ശേഷം വീട്ടിൽ വന്ന വക്കിലിന്റെ ഡൈവേഴ്സ് നോട്ടീസ് വാങ്ങി ഒപ്പിടാൻ വേണ്ടി ശ്രമിക്കുമ്പോഴാണ്കൈവിരലുകൾ വിറയ്ക്കുന്നത് ഞാനറിഞത്. അപ്പോഴാണ് ആ വീടീനേയും, വേണുവേട്ടനേയും താൻ എത്ര മാത്രം സ്റ്റേഹിച്ചിരുന്നു എന്ന സത്യം മനസ്സിലാക്കിയത്.
കെട്ട് കഴിഞ്ഞ് വന്ന പെൺകുട്ടി വീട്ടുക്കാർക്ക് ഒരു അധികപറ്റാണെന്ന് അറിയാമായിരുന്ന ഞാൻ, അതനുഭവിച്ചറിയാനുo അധിക ദിവസം വേണ്ടി വന്നില്ല. എനിക്ക് മറ്റൊരു വിവാഹം ആലോചിക്കാൻ തിടുക്കം കൂട്ടുന്ന ഏട്ടന്മാരോട് പറയാൻ എനിക്ക് ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രസവിക്കാൻ കഴിവില്ലെന്ന് ഡോക്ടറേക്കാൾ ഉറച്ച് വിധിയെഴുതിയ വേണുവേട്ടന്റെ മുന്നിൽ ഒരു കുട്ടിയുടെ അമ്മയാകാൻ പ്രസവിക്കേണ്ട
ആവശ്യമില്ലെന്ന് മനസ്സിലാക്കി കൊടുക്കണം.
. അങ്ങനെയാണ് അനന്തേട്ടൻ അമ്മ മരിച്ചു പോയ നാല് വയസ്സുകാരി മകളോടൊപ്പം എന്നെ പെണ്ണ് കാണാൻ വന്നത്. ഒറ്റ നിമിഷത്തിൽ തന്നെ എന്റെ ഹൃദയം കീഴടക്കിയ ശ്രീക്കുട്ടിയുടെ അച്ഛനെ സ്വീകരിക്കാമെന്ന് പറയാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ഞാൻ ആഗ്രഹിച്ചത് പോലെ ഒന്നല്ല, രണ്ട് പെൺകുട്ടികളാണ് പേറ്റ് നോവറിയാതെ എന്നെ അമ്മെയെന്ന് വിളിച്ച് സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നത്. ഞാനവർക്ക് സ്വന്തം അമ്മയും, അവർ എന്റെ സ്വന്തം മക്കളും ആയിരുന്നു ഇക്കാലമത്രയും.
നാളെ ഈ ഭൂമിയിലെ സ്വർഗ്ഗത്തിൽ നിന്ന് എന്റെ ദേവൂട്ടി മംഗല്യവതിയായി പടിയിറങ്ങുകയാണ്. അവിടെ സ്വർഗ്ഗത്തിലിരുന്ന് എനിക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു തന്ന എന്റെ മക്കളുടെ അമ്മ ഇതൊക്കെ കണ്ട് സന്തോഷിക്കുമെന്ന വിശ്വാസത്തോടെ ഞാനെന്റെ മോളെ യാത്ര യാക്കട്ടെ!
ശുഭം.
പത്മിനി നാരായണൻ കൂക്കൾ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot