Showing posts with label പത്മിനി നാരായണൻ. Show all posts
Showing posts with label പത്മിനി നാരായണൻ. Show all posts

= കഥയല്ലിതു ജീവിതം.=


= കഥയല്ലിതു ജീവിതം.=
________________________
ചേച്ചിക്കും അറിയായിരുന്നോ ?
ആ പന്ത്രണ്ടു വയസ്സുകാരിയുടെ ചോദ്യം കേട്ടപ്പോൾ ഞാനൊന്നു പകച്ചു പോയി
അമ്പരപ്പോടെ അവളെ തന്നെ ഉറ്റുനോക്കിയപ്പോൾ ,അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി, ആശ്ലേഷിക്കുന്നതോടൊപ്പം ,ആശ്വാസവാക്കുകളായി എനിക്കിത്രയുമേ പറയാൻ കഴിഞ്ഞുള്ളു.
പോട്ടെ മോളെ ,ഞങ്ങളൊക്കെയില്ലേ മോൾക്ക്.
നന്ദിനി അതാണവളുടെ പേര്. ഇളം കറുപ്പു നിറത്തിൽ, നിതംബം മറയ്ക്കുമാറ് ചുരുളൻ മുടികളുള്ള ഒരു സുന്ദരിക്കുട്ടി.
ഞങ്ങൾ മക്കളൊക്കെ കല്യാണം കഴിച്ച് ഓരോ സ്ഥലത്ത് ജീവിതമാരംഭിച്ചപ്പോൾ എന്റെ അമ്മയ്ക്കുള്ള ഏകാശ്വാസമാണ് അയൽക്കാരായ ഗൗരി ചേച്ചിയും മകൾ നന്ദിനിക്കുട്ടിയുo
ഗൗരി ചേച്ചിയാണ് ഞങ്ങളെ ചെറുപ്പത്തിൽ കൊണ്ടുനടന്നതെന്ന് പലപ്പോഴും അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ സ്വന്തം കുടുംബത്തിൽ ഉള്ള ആരെയെക്കെയോ പോലെയാണ് ഗൗരി ചേച്ചിയോടുള്ള ഞങ്ങളുടെ അടുപ്പം. ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനും, തെറ്റുകാണുമ്പോൾ കുറ്റപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം എന്നും അവർക്കുണ്ടായിരുന്നു. പ്രവാസ ജീവിതം തുടങ്ങിയതിൽ പിന്നെ ഇടയ്ക്കിടെ നാട്ടിൽ വരുമ്പോൾ കഴിക്കാൻ എന്ത് ആഗ്രഹം തോന്നിയാലും സംഘടിപ്പിച്ചുതരാൻ ഗൗരി ചേച്ചിക്ക് എന്നും ഉത്സാഹമായിരുന്നു.
അങ്ങനെയൊരിക്കെയാണ് അച്ഛനും അമ്മയും മരിച്ച്, സഹോദരങ്ങളൊക്കെ കുടുംബവുമായി മാറിതാമസിക്കുന്നതിനാൽ ഒറ്റയ്ക്ക് താമസിക്കുന്ന ഗൗരി ചേച്ചിയുടെ വീട്ടിലേക്ക് പുതിയൊരതിഥി വന്നു കയറിയത്.
3 ദിവസം മാത്രം പ്രായമായ ഒരു പെൺകുഞ്ഞ്.
ഈ കാര്യം അമ്മ വന്നു പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ,ഞാനും ആ കുഞ്ഞിനെ കാണാനായി ഗൗരി ചേച്ചിയുടെ വീട്ടിലേക്ക് ഓടി .
കല്യാണം കഴിഞ്ഞ് നാലു് വർഷമായി കുട്ടികളില്ലാത്തതിനാൽ ചികിത്സയിലിരിക്കുന്ന സമയമായിരുന്നു എനിക്കപ്പോൾ.
അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. കൈ വിരൽ ചൂടുവെള്ളത്തിൽ മുക്കി കുഞ്ഞു ചുണ്ടിലേക്ക് പകരുമ്പോൾ, അതു നുകർന്നു കൊണ്ട് ഗൗരി ചേച്ചിയുടെ കൈയ്യിൽ വെള്ള തുണിയിൽ പൊതിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമായഒരു പെൺകുഞ്ഞ്.
ഉദ്വോഗത്തോടെ കാര്യം അന്വേഷിച്ചപ്പോഴാണ് ഗൗരി ചേച്ചി ആ സത്യം പറഞ്ഞത്.
ആരോ ,ഗവൺമെന്റ് ഹോസ്പിറ്റലിൽപ്രസവിച്ചതിനു ശേഷം ഉപേക്ഷിച്ചു പോകാനുളള തീരുമാനത്തിൽ, സാക്ഷിയാകേണ്ടി വന്ന ഗൗരി ചേച്ചിയുടെ ബന്ധു കുമാരേട്ടൻ ആ കുട്ടിയെ സ്വീകരിച്ച് കല്യാണം പോലും കഴിക്കാത്ത ഗൗരി ചേച്ചിയെ ഏൽപ്പിക്കുകയായിരുന്നത്രേ.....
കഥ കേട്ടു കഴിഞ്ഞപ്പോൾ, ഒരു കുട്ടിക്ക് വേണ്ടി ചികിത്സയിലായിരുന്ന എന്നിലെ അമ്മമനം ഒന്നു തേങ്ങാതിരുന്നില്ല.
തിരിച്ചു വന്നു ആ കുട്ടിയെ ഞാൻ ദത്തെടുക്കട്ടെയെന്ന് അമ്മയോട് ചോദിച്ചപ്പോൾ ,പിന്നെ അതിന്റെ പിറകിലുള്ള നൂലാമാലകളെ കുറിച്ചുള്ള ആശങ്കകളായിരുന്നു അമ്മയ്ക്കപ്പോൾ.
ആ ആഗ്രഹം ഉള്ളിലൊതുക്കി
ഞാൻ ആ വീട്ടിലെ നിത്യസന്ദർശകയായി.കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച്, ജീവിതവും മാറി മറഞ്ഞു. ഗൗരി ചേച്ചിയും, കുമാരേട്ടനും നന്ദിനിക്കുട്ടിയുടെ അച്ഛനും, അമ്മയുമായി. ഗൾഫിലേക്ക് തിരിച്ചുപോയ ഞാനുംഅധികം വൈകാതെ അമ്മയായി.
എന്നാലും നന്ദിനിക്കുട്ടിയെകുറിച്ച് ഞാനെന്നും അന്വേഷിക്കാറുണ്ടായിരുന്നു. നാട്ടിൽ വരമ്പോഴോക്കെ ചെറിയ ചെറിയ സമ്മാനങ്ങൾ നൽകാറുമുണ്ടായിരുന്നു.എന്നാൽ ഒരിക്കൽ പോലും അവളെ പ്രസവിച്ച അമ്മയോ, ജന്മം കൊടുത്ത അച്ഛനോ ആരാണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല.
ഇന്നലെ ഞങ്ങടെ നന്ദിനി കുട്ടിക്ക് ഹൈസ്ക്കൂളിലേക്ക് അഡ്മിഷൻ നേടേണ്ട ദിവസായിരുന്നു. ഉപരിപഠനത്തിനായി മറ്റൊരു സ്കൂളിലേക്ക് പോയപ്പോഴാണ് അവിടുത്തെ ഹെഡ്മിസ്ട്രസ് നന്ദിനിക്കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
പാവം ന്റെ ഗൗരി ചേച്ചി,
അവർക്ക് സാറന്മാർക്കു മുന്നിൽ നിർന്നിമേഷയായി നോക്കി നിൽക്കാനേയായുള്ളു. നന്ദിനി കുട്ടിയെ മാറ്റി നിർത്തി അവളുടെ ജീവിതകഥ ഒരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ, തെല്ലൊരു മടിയുമില്ലാതെ ഗൗരി ചേച്ചിയെ അഭിനന്ദിക്കുന്നതിനോടൊപ്പം, കുട്ടിക്കുള്ള അഡ്മിഷൻ ശരിയാക്കുകയായിരുന്നത്രേ......
തന്നെ മാറ്റി നിർത്തി അമ്മ ടീച്ചേർഴ്സിനോട് സംസാരിച്ച കാര്യത്തെ കുറിച്ചായിരുന്നത്രേ, തിരിച്ചു വരുന്ന വഴിയിലുടനീളം നന്ദിനിക്കുട്ടിയുടെ സംശയം.
ഇനിയും സത്യം മറച്ചുവയ്ക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കിയ ഗൗരി ചേച്ചി ഒരു വിധം സത്യം പറഞ്ഞു അവളെ മനസ്സിലാക്കുകയായിരുന്നു.
ഇന്ന് ആ ചോദ്യം അവൾ വീണ്ടും എന്നോട് ആവർത്തിച്ചിരിക്കുന്നു, പാവം കുട്ടി ഞാനെന്തു പറയാൻ?
അവളെ ഒരു വിധം ആശ്വസിപ്പിച്ച് ഗൗരി ചേച്ചിയോടൊപ്പം പറഞ്ഞു വിട്ടപ്പോൾ തെല്ലൊരു ആശ്വാസം എന്റെ മനസ്സിലെന്ന പോലെ അവളിലും ഉണ്ടായിട്ടുണ്ടാവണം.
ഗൗരി ചേച്ചി നന്ദിനിയുടെ മനസ്സിലിപ്പോൾ വാനോളം ഉയർന്നിട്ടുണ്ടാവണം. ചില ജീവിതങ്ങൾ പകർന്നു നൽകുന്ന വെളിച്ചo ഇനിയുള്ള കാലമത്രയും നടന്നു തീർക്കാനുള്ള വഴിത്താരകളെ പ്രകാശപൂരിതമാക്കും.!!
= പത്മിനി നാരായണൻ=

അനാഥ



കുളിച്ച് ഈറൻമാറി കസവ് നേര്യേതുമുടുത്ത്, നെറ്റിയിൽ ചന്ദനക്കുറിയുമായി ഉടുത്തൊരുങ്ങി നിലക്കണ്ണാടിയിൽ മുന്നിൽ വന്നു നിന്നപ്പോൾ അനാമികയ്ക്ക് പതിവിലും കൂടുതൽ സുന്ദരിയായതുപോലെ തോന്നി.
മൂന്നു വർഷമായി താൻ ഹോസ്റ്റൽ ജീവിതം തുടങ്ങിയിട്ടെങ്കിലും, രണ്ട് ദിവസം മുൻപ് വന്നു കയറിയ ആ മുറിയോട് അവൾക്കെന്തോ ഒരു ഇഷ്ടം തോന്നി. ഇന്റെർവ്യൂ കഴിഞ്ഞ് ജോലിക്ക് അപ്പോയിൻമെന്റ് ഓർഡർ കൈയ്യിൽ തന്നപ്പോൾ മേനോൻ സാർ ഏർപ്പെടുത്തിത്തന്ന റൂമായിരുന്നതിനാൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. കുടുംബസുഹൃത്തുകൂടിയായ അദ്ദേഹത്തിന് താൻ എന്നും മകളെ പോലെയായിരുന്നല്ലോ.
വീട്ടിൽ നിന്നു പോരുമ്പോൾ മുത്തശ്ശി പ്രത്യേകം ഓർമ്മിപ്പിച്ചതാണ്, ജോലിക്ക് ജോയിൻ ചെയ്യാൻ പോവുന്നതിന് മുമ്പ് അടുത്തുള്ള ക്ഷേത്രത്തിൽ പോയി ഭഗവാനെ തൊഴുതു വരണമെന്ന്.
അല്ലെങ്കിലും മുത്തശ്ശി അങ്ങനെയാണ്.
ഒരു തലവേദനയുടെ കാര്യം പറഞ്ഞാൽ മതി, അപ്പോ നേരും ദൈവങ്ങൾക്ക് തന്റെ പേരിൽ പുഷ്പാർച്ചനയും, നിവേദ്യവും.
പാവം മുത്തശ്ശി
ഒരു വയസ്സു മുതൽ തുടങ്ങിയതാണ് തന്നെ പരിചരിക്കാൻ..... അമ്മയുടെ സ്നേഹം എന്താണെന്ന് അറിയാത്ത എന്നെ ,അതറിയിക്കാതെയാണ് വളർത്തിയത്.
ഒരു സർക്കാർ ഉദ്യാഗസ്ഥനായിരുന്ന അച്ഛൻ അമ്മയെ കല്യാണം കഴിക്കുമ്പോൾ അമ്മ ഡിഗ്രിക്ക് പഠിക്കുകയായിരുന്നത്രേ. കാണാൻ സുന്ദരിയായിരുന്ന അമ്മയെ എവിടെയോ വെച്ച് കണ്ട് ഇഷ്ടപെട്ടാണ'ത്രേ അച്ഛൻ കല്യാണമലോചിച്ചത്. തടസ്സങ്ങൾ ഒന്നുമുണ്ടായില്ല . അച്ഛനു കൂട്ടായി അമ്മ ഈ വീട്ടിൽ അങ്ങനെ വലതു കാൽ വച്ചു കയറി .ഇടയ്ക്കപ്പോഴോ പഠനം നിർത്തിവെയ്ക്കുമ്പോൾ അമ്മയുടെ വയറ്റിൽ ഞാനെന്ന മകൾ ജന്മമെടുത്തിരുന്നു.
രണ്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഒരു ദിവസം വീട്ടിൽ അച്ഛനില്ലാത്ത നേരത്ത് കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയോടൊപ്പം ,എനിക്കും വായിൽ വച്ച് തന്നപ്പോൾ; വിധിയുടെ വൈരുദ്ധ്യമാവാം എന്നെ തനിച്ചാക്കി അമ്മ മാത്രം മരണത്തിനു കീഴടങ്ങിയത്.
മുത്തശ്ശിയുടേയും ,മുത്തശ്ശന്റേയും സംരക്ഷണയിലായിരുന്ന ഞാൻ വളരുന്തോറും അന്വേഷിച്ചറിയാൻ ശ്രമിച്ച സത്യമായിരുന്നു, അമ്മയുടെ ആത്മഹത്യയുടെ കാരണം. പലപ്പോഴും, പഠനാവശ്യത്തിനായി കാശിനു വേണ്ടി മാമനോട് ആവശ്യപെടുമ്പോൾ അമ്മായി പറയുന്നതു കേൾക്കാമായിരുന്നു,
അസത്ത്, അമ്മയോടൊപ്പം അങ്ങ് പോയാൽ മതിയായിരുന്നെന്ന്.
നിർവികാരതയോടെ, കണ്ണു നിറച്ച് ആ മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ, മുത്തശ്ശിയുടെ ഒരു ചുoബനം മതിയായിരുന്നു എനിക്ക് എല്ലാം മറന്ന് ആശ്വസിക്കാൻ.
വല്ലപ്പോഴും അച്ഛൻ വാങ്ങി തരുന്ന പുത്തനുടുപ്പുകളും, സമ്മാനങ്ങളും മാത്രമായിരുന്നു അച്ഛനും ഞാനും തമ്മിലുള്ള ബന്ധം.
അങ്ങനെയാണ് ,പത്താം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം മുത്തശ്ശിയറിയാതെ അമ്മയുടെ മരണകാരണമന്വേഷിച്ച് ഞാൻ അച്ഛന്റെ അടുത്തെത്തിയത്. ആ വീട്ടിൽ ചെന്നുകയറാൻ എനിക്ക് അന്ന് ഭയമൊന്നും തോന്നിയില്ല . രണ്ടാനമ്മ അവിടെത്തന്നെയുണ്ടായിരുന്നു. ആ മുഖത്തേക്ക് നോക്കിയില്ലെങ്കിലും തന്നെ കണ്ടപ്പോൾ തന്നെ കടന്നൽ കുത്തിയത് പോലെ ഇരുണ്ടു കയറിയത് എനിക്ക് മനസ്സിലാവാതിരുന്നില്ല.
"അച്ഛൻ?"
ചോദ്യം പ്രതീക്ഷിച്ചതു പോലെയായിരുന്നു പിന്നീട് അവരുടെ സമീപനം.
"ആരുടെ അച്ഛൻ?, തേക്കേടത്തെ ശശീന്ദ്രന് മക്കൾ രണ്ട് പേരാ. അവർ ഇവിടെ തന്നെയുണ്ട്. അല്ലാതെ വലിഞ്ഞ് കേറി വരുന്നവർക്ക് അച്ഛനുണ്ടാക്കുന്ന സ്ഥാപനമൊന്നും അല്ലിത്."
അച്ഛന്റെ ഭാര്യയെ താൻ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും, തന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു. ദേഷ്യത്തോടെ അവർ പറയുന്നത് കേട്ടാണ് അച്ഛൻ കയറി വന്നത്.
"അച്ഛാ"
മറുപടിയൊന്നും പറയാതെ അച്ഛൻ മുറിയിലേക്ക് കയറിപ്പോയപ്പോൾ തകർന്നത് എന്റെ വിശ്വാസമായിരുന്നു.
തളർന്നിരുന്ന എന്റെ ചെവിയിലേക്ക് പിന്നേയും ആ സ്ത്രിയുടെ കൂരമ്പുപോലുള്ള വാക്കുകൾ വന്നു തറച്ചു .
അല്ലെങ്കിൽ തന്നെ വെളുത്തു സുന്ദരിയായിരുന്ന അമ്മയ്ക്കും, വെളുത്ത നിറമുള്ള അച്ഛനും എങ്ങനെയുണ്ടായി ഇവളെപോലെ കറുത്ത നിറത്തിലുള്ള ഒരു മകൾ?
തന്റെ ആത്മാഭിമാനത്തെ വ്രണപെടുത്തിയ വാക്കുകളായിരുന്നു അത്, ആ വാക്കുകളിൽ നിന്നു തന്നെ അമ്മയുടെ മരണകാരണം മനസ്സിലാക്കിയ തനിക്ക് ഇതു വരെ അച്ഛനെങ്കിലും ഉണ്ടെന്ന വിശ്വാസം തകർന്നു . ഒരു അനാഥയുടെ അവസ്ഥ.
ആ വീട്ടിൽ നിന്ന് ഇറങ്ങി പുറപ്പെട്ട താൻ നേരെ ചെന്നത് റെയിൽവേ ട്രാക്കിൽ ആയിരുന്നു. അടുത്ത വണ്ടിയുo പ്രതീക്ഷിച്ച് കരച്ചിലോടെ ഇരിക്കുന്ന എന്നെ കണ്ട ആരോ ഒരാൾ പോലിസിൽ അറിയിക്കുകയും , പിന്നീട് വീട്ടിൽ എത്തിക്കുകയുമായിരുന്നു.
അന്ന് കണ്ണീരിൽ കുതിർന്ന മുത്തശ്ശിയുടെ കണ്ണുകൾ പിന്നീടൊരിക്കലും താനായിട്ട് നനയാൻ ഇടയാക്കിയിട്ടില്ല.
അന്നു ഉപേക്ഷിച്ചതാണ് തന്റെ പേരിനോടൊപ്പം കൊണ്ടു നടന്ന ശശീന്ദ്രൻ എന്ന പദം.
അനാമിക ശശിന്ദ്രൻ ......
നാഥനില്ലാത്തവൾ എന്നത്പോലെ തന്നെ നാമമില്ലാത്തവൾ കൂടി ആവട്ടെ..
അനാമിക . ഇനി മുതൽ അതു മതി.
പിന്നെയുളള ദിവസങ്ങൾ ജീവിതത്തോട് പടവെട്ടുകയായിരുന്നു.
പഠനത്തിൽ ശ്രദ്ധ ചെലുത്തി ഓരോ ക്ലാസ്സും ഉയർന്ന മാർക്കു നേടി മുന്നോട്ട് പോകവേയാണ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സീനിയർ ആയിരുന്ന അഭിഷേകിനെ പരിചയപെടുന്നത്.
തന്റെ ജീവിതകഥയറിഞ്ഞ അയാൾ തന്നെ ആശ്വസിപ്പിക്കുന്നതോടൊപ്പം പ്രണയിക്കുകയാണെന്ന് അറിയാൻ അധികനാൾ വേണ്ടി വന്നില്ല.
അങ്ങനെ മൂന്നു വർഷം പ്രണയിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അഭിഷേക് ഗൾഫിലേക്ക് പോകാനുള്ള തീരുമാനം തന്നെ അറിയിക്കുന്നത്. ഒരു എൻഗ്വേജ്മെന്റ്റങ്കിലും നടത്തി വയ്ക്കാമെന്ന തന്റെ അഭിപ്രായത്തെ അവൻ പാടെ അവഗണിക്കുകയായിരുന്നു.
തന്നെ പോലെ ഒരാനാഥയെ അംഗീകരിക്കാൻ ഒരിക്കലും അവന്റെ വീട്ടുകാർ സമ്മതിക്കില്ലത്രേ. എത്ര ലാഘവത്തോടെയാണ് അവൻ പറഞ്ഞവസാനിച്ചത്.
അന്നു തിരുമാനിച്ചതാണ് ഇനി ഒരിക്കലും ഒരാളുടെ മുന്നിലും തല കുനിക്കാൻ പാടില്ലാന്ന്, പഠിക്കണം ജോലി നേടണം.പുരുഷനില്ലാതെയും ജീവിച്ചു തീർക്കാമെന്ന് തെളിയിക്കണം.
ഒന്നിലും തളരാതെ ഡിഗ്രി കഴിഞ്ഞ് പി ജിക്ക് ജേർണലിസം തെരഞ്ഞെടുക്കുമ്പോഴും ' എല്ലാത്തിനും എന്റെ കൂടെ നിൽക്കാൻ മുത്തശ്ശനും മുത്തശ്ശിയുo മാത്രമാണുണ്ടായിരുന്നത്.
ഇന്ന് താൻ ജോലിക്ക് പ്രവേശിക്കുകയാണ്, ആദ്യത്തെ അപ്പോയിൻമെന്റ് .അനാഥലയത്തിലെ കുട്ടികളെ കുറിച്ചുള്ള ഒരു ഡോക്യുമെന്റ്റി തയ്യാറാക്കാൻ . തനിക്ക് പറ്റിയ ജോലി.
കോളിംഗ് ബെല്ലിന്റ ഒച്ച കേട്ടാണ് അനാമിക ചിന്തയിൽ നിന്നും ഉണർന്നത്, ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി നെടുവീർപ്പിട്ട് അവൾ വാതിൽ തുറന്ന് വെളിയിലിറങ്ങി.
തൊട്ടടുത്ത റൂമിൽ താമസിക്കുന്ന കൂട്ടുകാരി ആര്യയുമായി അമ്പലത്തിലേക്ക് നടക്കുമ്പോൾ ,വഴിമദ്ധ്യേ യുള്ള അവളുടെ ചോദ്യങ്ങൾ വീണ്ടും അസ്വസ്ഥയാക്കാതിരുന്നില്ല.
"എന്തായി മുത്തശ്ശി പറഞ്ഞ കല്യാണകാര്യം?"
ഈ ബന്ധത്തിനും നീ തയ്യാറല്ലാന്നുണ്ടോ? അഭിഷേകിനെ ഇനിയും നീ മറന്നില്ലേ?
ഇതിപ്പോ എത്ര പ്രാവശ്യമാ ആമി നീ പാവം മുത്തശ്ശിയെ വിഷമിപ്പിക്കുന്നത്,
ഇതിനെങ്കിലും സമ്മതിച്ചൂടേ മോളെ നിനക്ക്? നിന്റെ സന്തോഷ പരമായ ജീവിതം കണ്ട് കൊണ്ടായിരിക്കട്ടെ അവരുടെ മരണം."
"എന്റെ തീരുമാനം എന്റേത് മാത്രമാണ്, ഇനിയൊരിക്കൽ കൂടി മറ്റൊരാളുടെ മുന്നിൽ തലകുനിക്കാൻ എനിക്ക് വയ്യ", ചോദ്യങ്ങൾ കൂടി വന്നപ്പോൾ ഞാൻ അറിയാതെ പൊട്ടിത്തെറിച്ചു
വാക്കുകൾ മനസ്സിലാവാതെ മിഴിച്ചു നോക്കുന്ന ആര്യയെ കൂട്ടാക്കാതെ ധൃതിയിൽ തൊഴുത് മടങ്ങിയെത്തിയപ്പോഴേക്കും ,മേനോൻ സാർ പറഞ്ഞ പ്രകാരം ക്യാമറാമാനും, വണ്ടിയും റെഡിയായി ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ധൃതിയിൽ ഡ്രസ്സ് മാറി അവരോടൊപ്പം അനാഥാലയത്തിലേക്ക് പോകുമ്പോൾ മനസ്സിൽ നിറയെ ആധിയായിരുന്നു. മാതൃവാത്സല്യം എന്താണെന്ന് അറിയാത്ത താൻ അനാഥ കുട്ടികളുടെ നൊമ്പരം പകർത്തണം.
ഏതാണ്ട് അര മണിക്കൂറിനുള്ളിൽ 'സ്നേഹ കവാടം ' എന്നെഴുതിയ ഗേറ്റിനരികിലെത്തിയപ്പോൾ മനസ്സിനൊരു വിറയൽ, നേരത്തെ പറഞ്ഞുറപ്പിച്ചതിനനുസരിച്ച് കുട്ടികളെല്ലാം സുന്ദരികുട്ടികളായി നിൽക്കുന്നു. പൊടികുഞ്ഞു മുതൽ വിവാഹപ്രായം എത്തിയവർ വരെ.....
അതിൽ ഇളം മഞ്ഞനിറത്തിൽ ഫ്രോക്കിട്ട ഒരു സുന്ദരിക്കുട്ടി എന്റെ കണ്ണിൽ ഉടക്കാതിരുന്നില്ല...
കുട്ടികളോടൊപ്പം ചേർന്ന് ഉച്ചഭക്ഷണവും കഴിച്ച് ഡൊക്യമെന്റെറിയും തയ്യാറാക്കി തിരിച്ചു പോരാൻ നേരം ആ സുന്ദരികുട്ടിയെക്കുറിച്ച് മേട്രനോട് പ്രത്യേകം ചോദിക്കാതിരിക്കാൻ കഴിഞില്ല .
"അമ്മു, പിറന്ന ഉടനെ അമ്മ തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട പൊന്നുമോൾ"
അവളുടെ കണ്ണുകളിൽ താനിപ്പോൾ കാണുന്നത് എന്നെ തന്നെയാണ്.
ദത്തെടുക്കലിന്റെ നിയമങ്ങളെ കുറിച്ച് മേട്രനോട് അന്വേഷിച്ച്, ഇനി മുത്തശ്ശിയെ കൂടി സമ്മതിപ്പിക്കലിന്റെ ഉത്തരവാദിത്വവുമായി , തന്റെ ജീവിത ലക്ഷ്യം പൂർത്തികരിച്ച സംതൃപ്തിയോടെ സ്നേഹകവാടത്തിന്റെ പടിയിറങ്ങുമ്പോൾ താനറിയാതെ അവളിലൊരു മാതൃഹൃദയം ഉടലെടുത്തിരുന്നു.
by
പത്മിനി നാരായണൻ.

പറയാതെ പോയ പ്രണയo


പറയാതെ പോയ പ്രണയo
*****************************
" ശങ്കര മാമയ്ക്ക് തീരെ വയ്യ. ഇത്രടം വരെ വന്ന് ഒന്ന് കണ്ടിട്ടു പോയ്കൂes കുട്ടി നിനക്ക് "?
രാവിലെ അമ്മമ്മയുടെ ഫോണിലൂടെയുള്ള പരിഭവം കലർന്ന സംസാരം കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത. വരാമെന്നോ, ഇല്ലായെന്നോ പറയാനാവാതെ ഫോൺ വയ്ക്കുമ്പോൾ നീറുകയായിരുന്നു മനസ്സ്. എന്നും അമ്മമ്മയെ വിളിക്കുമ്പോൾ താൻ തറവാട്ടിൽ ചെല്ലാത്തതിന്റെ പരിഭവം പറയുമായിരുന്നെങ്കിലും ഇന്നന്തോ ആ സംസാരം കേട്ടപ്പോൾ വല്ലാത്ത സങ്കടമായിരുന്നു. പോരാത്തതിന് ശങ്കരമാമയുടെ വിശേഷംകൂടിയായപ്പോൾ ...
വൈകിട്ട് ഓഫീസ് വിട്ടു വന്ന രാജീവേട്ടനോടും അമ്മുമ്മ വിളിച്ച കാര്യം പറഞ്ഞപ്പോൾ ഏട്ടനും ഇതു തന്നെ പറയാനുണ്ടായിരുന്നുള്ളു.
ശങ്കരമാമയെ ഒന്ന് പോയി കാണായിരുന്നില്ലേ നിനക്ക് ?
അങ്ങനെ ഒരു പാട് ചിന്തകൾക്ക് വിരാമമിട്ടാണ് 15 വർഷങ്ങൾക്ക് ശേഷം ഞാൻ ശങ്കരമാമയെ കാണാൻ പോകാൻ തീരുമാനിച്ചത്.
ഒരിക്കൽ കൂടി ഞാൻ ജനിച്ചു വളർന്ന തറവാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമല്ല ഇപ്പോ എന്റെയുള്ളിൽ. അവിടെയുള്ളവർ എന്നെ എങ്ങനെ സ്വീകരിക്കും എന്ന ആധിയാണ് മനസ്സുനിറയെ........ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്ന ഒരു ജന്മം അതാണ് ഇന്ന് എല്ലാവരുടേയും കണ്ണിൽ ഞാനെന്ന ഗായത്രി.
എല്ലാത്തിനും മുൻകൈയ്യടുത്ത് ബാഗ്ലൂരിൽ നിന്ന് യാത്രയാക്കാൻ രാജിവേട്ടൻ തയ്യാറെടുക്കുമ്പോഴും മനസ്സിൽ ആധിയായിരുന്നു. വരുന്നത് വഴിയിൽ വച്ച് കാണാമെന്ന ദൃഢനിശ്ചയത്തോടു കൂടി തന്നെയാണ് രാത്രി 9.30 ന് മജസ്റ്റിക് ബസ് സ്റ്റോപിൽ നിന്ന് കേരള k.S R T C യുടെ ബസ്സിൽ പുറപ്പെട്ടത്.ഇനി ഒമ്പതര മണിക്കൂർ യാത്ര. രാവിലെ 6.30 ന് മാത്രമേ കാസർഗോഡ് ടൗണിലെത്തൂ. 2 വയസ്സുകാരി ആമിയാണെങ്കിൽ നല്ല ഉറക്കവും. കൈയ്യിലിരിക്കുന്ന മാസിക അലക്ഷ്യമായി വെറുതെ മറിച്ചു നോക്കി. ഒന്നും മനസ്സിൽ പതിയുന്നില്ല ചിന്ത മുഴുവൻ നാടിനെ കുറിച്ചാണ്.
വടക്കാശ്ശേരി തറവാട് അതാണ് പേരുകേട്ട എന്റെ തറവാട്ട് പേര്. മുത്തച്ഛനുo മുത്തശ്ശിയ്ക്കും മക്കൾ ആറുപേരായിരുന്നു. അതിൽ മൂത്ത മകൾ സാവിത്രി കുട്ടിയുടെ മൂത്ത മകളാണ് ഞാനെന്ന ഗായത്രികുട്ടി. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ അനിയനെ പ്രസവിച്ചത്.പ്രസവം കഴിഞ്ഞ് അമ്മ അനിയനുമായി അച്ഛൻ വീട്ടിലേക്ക് പോകുമ്പോൾ എന്നെ അമ്മമ്മയെ ഏൽപിച്ചിട്ടണത്രേ പോയത്. അന്നു മുതൽ അമ്മമ്മയും, അച്ഛാച്ഛനും എന്റെ അമ്മയും അച്ഛനുo ,ബാക്കിയുള്ളവർ എന്റെ കൂടെ പിറപ്പുകളുമായിരുന്നു. വല്ലപ്പോഴും പോയി വരുന്ന അതിഥി വീട് മാത്രമായിരുന്നു എനിക്കന്റെ സ്വന്തം വീട്.
അങ്ങനെ എല്ലാവരുടേയും പൊന്നോ മനയായി വളർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഋതുമതിയാവുന്നത്.വീട്ടിലെല്ലാവരും ഒരു ഉത്സവമായിട്ടായിരുന്നു അതിനെ എതിരേറ്റത്. കിട്ടിയ സമ്മാനപൊതികളിൽ എന്നെ ഏറ്റവും അത്ഭുത പെടുത്തിയത് അനന്തേട്ടന്റെ സമ്മാനപൊതിയായിരുന്നു. ഒരു ജോഡി ഡ്രസ്സും ഒരു ഡിക്ഷണറിയുമായിരുന്നു അതിനകത്ത്.
അനന്തേട്ടൻ...
അമ്മയുടെ വകയിലുള്ള ശങ്കരമാമയുടെ മകൻ. എന്നും കുഞ്ഞമ്മാവനായ അച്ചുമാമനോടൊപ്പo വീട്ടിൽ വരാറുണ്ടായിരുന്ന ഏട്ടൻ. അതു മാത്രമായിരുന്നു എനിക്ക് അനന്തേട്ടൻ.
പിന്നീട് വിശേഷ ദിവസങ്ങൾക്ക് അനന്തേട്ടൻ ഡ്രസ്സ് വാങ്ങി തരിക പതിവായിരുന്നു. എനിക്ക് മാത്രമായിരുന്നില്ല അത്.വീട്ടിലെ സ്ത്രിജനങ്ങൾക്ക് മുഴുവനും ഉണ്ടാവുമായിരുന്നു. എപ്പോഴും വില പിടിപ്പുള്ളത് വാങ്ങിയിരുന്നത് എനിക്കാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല.
ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്യണമെന്ന എന്റെ ആഗ്രഹത്തെ വീട്ടുകാർ എതിർത്തെങ്കിലും ,അനന്തേട്ടനായിരുന്നു എന്റെ കൂടെ നിന്ന് എന്നെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചത്.
എന്നാലും പെറ്റമ്മയുടെ വാശിയോ, എന്റെ ഭാഗ്യമോ അച്ഛൻ വീടിനടുത്തുള്ള രാജിവേട്ടൻ എന്നെ പെണ്ണുകാണാൻ വന്നത് അപ്രതീക്ഷിതമായിരുന്നു. തന്റെ കുടുംബത്തെ പറ്റി എല്ലാം അറിയാവുന്ന രാജിവേട്ടൻ തുടർന്ന് പഠിപ്പിക്കാം എന്ന നിബന്ധനയോടു കൂടി എന്റെ കഴുത്തിൽ താലികെട്ടാൻ തയ്യാറായി.
അതറിഞ്ഞായിരുന്നു അനന്തേട്ടൻ അന്നാദ്യമായി മദ്യപിച്ച് വന്ന് വീട്ടിൽ വഴക്കുണ്ടാക്കിയത്. ഇത്ര പെട്ടെന്ന് ആ കുട്ടിയെ പിടിച്ച് കൊടുക്കാൻ എന്തായിത്ര ധൃതിയെന്നായിരുന്നു അനന്തേട്ടന്റെ ചോദ്യം. അവസാനം കുഞ്ഞമ്മാമയുമായി വഴക്കിട്ടു ബൈക്കിൽ കയറി അനന്തേട്ടൻ പോയത് മരണത്തിന്റെ വക്കിലേക്കായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
അനന്തേൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഒരു ബസ്സിൽ ഇടിക്കുകയാരുന്നത്രേ..... എന്തായിരുന്നു നിയന്ത്രണം വിടാൻ കാരണം എല്ലാവരുo അന്വേഷിച്ചു കൊണ്ടിരുന്ന കാരണം. അന്ന് തളർന്നതാണ് ശങ്കരമാമ.
അനന്തേട്ടന്റെ മരണത്തിന്റെ പന്ത്രണ്ടാം നാളിലാണ് ഞാൻ ആ വീട്ടിൽ ചെന്നത്, അനന്തേട്ടന്റെ മുറിയിൽ വെറുതെ കയറിയ എന്റെ കണ്ണിൽ പെട്ട ഡയറിയൊന്ന് മറിച്ച നോക്കിയ എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല, തന്റെ ഫോട്ടോ .ഡയറി താളുകളിൽ നിന്ന് ഊർന്നു വീഴുന്നു. ആരും കാണാതെ അതെടുത്തു മാറ്റി ,തിരിച്ചുവരുന്ന വഴിയിൽ അമ്മമ്മയോട് ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴും അമ്മമ്മയും അതു തന്നെയാണ് പറഞ്ഞത്, ആരോടും ഇതേ കുറിച്ച് മിണ്ടരുതെന്ന്. സത്യത്തിൽ അനന്തേട്ടന് തന്നോട് പ്രണയമായിരുന്നോ? ഇപ്പോഴും എന്റെ മനസ്സിൽ സമസ്യയായി തുടരുന്ന ചോദ്യം.
താനറിയാതെ തന്നെ പ്രണയിക്കുകയായിരുന്നോ അനന്തേട്ടൻ?
പിന്നിടപ്പോഴോ ഈ കാര്യം നാട്ടുകാരിൽ വാർത്തയായി. താൻ അനന്തേട്ടനെ പ്രണയിച്ച് വഞ്ചിച്ചവളായി മാറി ബന്ധുക്കൾക്കിടയിൽ.തന്നെ മനസ്സിലാക്കാൻ അപ്പോഴും ശങ്കരമാമ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു.
ഒരു മാസത്തിന് ശേഷംഎല്ലാം തുറന്ന് പറഞ്ഞ് രാജിവേട്ടന്റെ ഭാര്യയായി, ആ നാട്ടിൽ നിന്നിറങ്ങുമ്പോൾ എന്തായിരുന്നു തന്റെ മനസ്സിൽ, കുറ്റവാളിയുടേതോ. അതോ കൊലപാതകിയുടേയോ?
ഓരോന്നാലോചിച്ച് എപ്പോഴാ ഉറക്കത്തിലേക്ക് വഴുതി പോയതെന്ന് ഓർമ്മയില്ല, കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. പകച്ചു നോക്കി ചുറ്റും കണ്ണോടിച്ച് ബസ്സിറങ്ങുമ്പോൾ കണ്ടു, പറഞ്ഞുറപ്പിച്ച പോലെ തന്നെ സ്വീകരിക്കാനായി കാറുമായി കാത്തിരിക്കുന്ന കുഞ്ഞമ്മാമ്മയെ. അമാമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ കൊടുക്കുമ്പോഴും, ദൈന്യതയാർന്ന ആ നോട്ടം അവഗണിക്കാനേ എനിക്ക് പറ്റിയുള്ളൂ.
ഇനി അരമണിക്കൂർ കാറിൽ യാത്ര .അതു കഴിയണം തറവാട്ടിലെത്താൻ. വഴിയിലൂടെ നീളമുളള നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആമിമോളുടെ കരച്ചിലാണ് കുറച്ചെങ്കിലും ആശ്വാസമായത്. അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എപ്പോഴോ തറവാട്ടിലെത്തി.
താൻ ജനിച്ചു വളർന്ന വീട് .ഇത്തിരി പഴക്കം ചെന്നിട്ടുണ്ടെങ്കിലും പഴയത് പോലെ തലയുയർത്തി നിൽക്കുന്നു. എല്ലാവരും കല്യാണം കഴിച്ച് ഭാഗം വെച്ച് പിരിഞ്ഞതിനാൽ ,അച്ഛച്ഛൻ മരിച്ചതിൽ പിന്നെ അമ്മമ്മയോടൊപ്പം കുഞ്ഞമ്മാവനും, ലക്ഷ്മിയമ്മായിയുമാണ് തറവാട്ടിൽ കൂടെയുള്ളത്. കാറിൽ നിന്നിറങ്ങി മുറ്റത്ത് കാൽവെച്ചതും മണൽ തരികൾക്കു പോലും തന്നോട് പരിഭവം ഉള്ളതുപോലെ തോന്നിപ്പിച്ചു.
എന്നാലും എന്റെ കുട്ടി?
മുഴുവനാക്കും മുന്നേ അമ്മമ്മയുടെ നെഞ്ചിലേക്ക് ഊർന്നു വീഴുകയായിരുന്നു താനപ്പോൾ. ഒന്നും മനസ്സിലാവാതെ ആമി മോളും കരച്ചിലിലായിരുന്നു. എല്ലാവരുടേയും സ്നേഹപ്രകടനങ്ങൾ കരച്ചിലിൽ തീർത്തപ്പോഴാണ് അമ്മമ്മ പറഞ്ഞത് .
കുഞ്ഞിനേയും, കുളിപ്പിച്ച് ,മോളും ഒന്ന് കുളിച്ചു വന്നോളൂ. അമ്മ കാപ്പിയെടുത്തു വയ്ക്കാം. എന്നിട്ട് വേണം ശങ്കര മാമയെ കാണാൻ ചെല്ലാൻ.....
ശങ്കര മാമയുടെ വീട്ടിലേക്ക് ഇനി 10 മിനിട്ട് ദൂരമേയുള്ളു. കുഞ്ഞിനെ അമ്മമ്മയെ ഏൽപ്പിച്ച് ലക്ഷ്മിയമ്മായിയോടൊപ്പമായിരുന്നു അങ്ങോട്ട് ചെന്നത്.പാട പാരമ്പിലൂടെ നടന്നപ്പോൾ താൻ ആ പഴയ കുട്ടിയായി മാറിയോന്നൊരു സംശയം. എല്ലാ സസ്യജാലങ്ങളും തന്നോട് പരിഭവമറിയിച്ച് ഉറ്റുനോക്കുന്ന പോലെ. താനും കൂട്ടുകാരും സ്ഥിരമായി കുളിക്കുമായിരുന്ന ചാലിൽ നിന്ന് കൈകുമ്പിളിൽവെള്ളമെടുത്ത് മുഖം കഴുകിയപ്പോൾ വല്ലാത്ത തണുപ്പ്.
വഴിമദ്ധ്യേ ലക്ഷ്മിയമ്മായിയോട് വെറുതെയാണെങ്കിലും ചോദിക്കാതിരുന്നില്ല. എന്തുകൊണ്ടായിരിക്കും അനന്തേട്ടൻ തന്നോടത് തുറന്നു പറഞ്ഞില്ല.?
അതൊക്കെ മറന്നില്ലേ നീയ്, ദേ വീടെത്തിട്ടോ. ലക്ഷ്മിയമ്മായി തന്റെ ചോദ്യ ത്തിന് ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
അനന്തേട്ടന്റെ വീട്, പഴയതിൽ നിന്ന് ഇത്തിരി മാറ്റം വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാൽ ബാക്കിയെല്ലാം പഴയതുപോലെ തന്നെ. വീടിനു ചുറ്റും മതിൽ കെട്ടി ഗേയ്റ്റ് വെച്ചിട്ടുണ്ടെന്ന് മാത്രം. ഗേയ്റ്റുതുറന്നെതും, ആറു വയസ്സുക്കാരി പെൺകുട്ടി തന്റെയടുത്തെത്തി , പരിചിതമല്ലാത്ത മുഖം കണ്ടതിനാലാവണം അമ്മയെ വിളിച്ച് അകത്തേക്കോടി പോയത്.
ആരാ വിരുന്നുകാര്? കുട്ടിയുടെ കൂടെ വന്ന സ്ത്രിയെ മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. അനന്തേട്ടന്റ ഇളയ അനിയത്തി.
ഗായത്രിയോ ? സംസാരത്തിൽ പരിഭവമില്ലായെന്നൊരു തെല്ല് ആശ്വാസം.
ശങ്കര മാമ?
ആരാത്?
അകത്ത് നിന്ന് അവ്യക്തമായ സ്വരം. ഞാനാ വടക്കാശ്ശേരിയിലെ ഗായത്രി .
എന്റെ മോള് വന്നോ?
എഴുന്നേൽക്കാൻ ശ്രമിച്ച ശങ്കരമാമയെ പിടിച്ചേഴ്ന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ,അകത്ത് നിന്ന് മീനാക്ഷി അമ്മായി കടന്നു വന്നത്.അനന്തേട്ടന്റെ അമ്മ. അനന്തേട്ടൻ മരിച്ചപ്പോൾ തന്നെ ഏറ്റവും അധികം ക്രൂശിച്ച സ്ത്രി.
കുട്ടി മാറിനിന്നോളൂ. ആകെ അഴുക്കായിരിക്കുകയാ.... അമ്മായിയുടെ ശബ്ദത്തിൽ ഇപ്പോഴും നീരസം മാറിയിട്ടില്ലെന്ന തോന്നലായിരിക്കണം തന്നെ കൂടുതൽ സമയം അവിടെ നിൽക്കാൻ മനസ്സ് അനുവദിക്കാതിരുന്നത്.
ശങ്കരമാമയുടെ കാൽതൊട്ട് വന്ദിക്കുമ്പോൾ തന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു സംതൃപ്തി തോന്നാതിരുന്നില്ല. യാത്ര പറഞ്ഞിറങ്ങാൻ നേരം അനന്തേട്ടൻ ഉറങ്ങുന്ന അസ്ഥിത്തറയിലേക്ക് കണ്ണോടിക്കാതിരിക്കാൻ പറ്റിയില്ല. അവിടെയതാ സിമെന്റ് പാകിയ അസ്ഥിത്തറ. അവിടെ വിരിഞ്ഞു നിൽക്കുന്ന റോസാ പൂവു നുള്ളി അസ്ഥിത്തറയ്ക്കുമുകളിൽ വെച്ചപ്പോൾ ഒരിളം കാറ്റ് വന്നു തഴുകുന്നതിനോടൊപ്പം മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....
"സുഖാണോ ഗായത്രി കുട്ടിക്ക് "?
നേരത്തെ നിശ്ചയിച്ചതു പോലെ പിറ്റേന്ന് തിരിച്ചുപോരാൻ തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞമ്മാമയുടെ മൊബൈലിലേക്ക്ആരോ വിളിച്ചറിയിച്ചത്.... ശങ്കരമാമ മരിച്ചത്രേ......
എന്റെ ദേവി...
. എന്റെ കുട്ടിയെ കാണാനായിരുന്നോ അപ്പോ ഇതുവരെ?
മോളിന് യാത്ര മുടക്കേണ്ട.... പോയി കണ്ടതല്ലേ?
കാറിലേക്ക് കയറാൻ എടുത്തു വെച്ച കാലുകൾ പിൻവലിക്കുമ്പോൾ, അമ്മമ്മയുടെ വാക്കുകൾ കണ്ണീരിനിടയിലും കേൾക്കാമായിരുന്നു.

by
പത്മിനി നാരായണൻ

= ചില വീട്ടുവിശേഷങ്ങൾ= ( ചെറുകഥ)


= ചില വീട്ടുവിശേഷങ്ങൾ= ( ചെറുകഥ)
-----------------------------------------------
നല്ല തണുപ്പുള്ള ഒരു വെള്ളിയാഴ്ച ദിവസം, എല്ലാ ദിവസവും 4.30 ന് അടിക്കുന്ന അലാറം അവധി ദിവസമായ വെള്ളിയാഴ്ച മാത്രം 8 മണിക്കാണ് അടിക്കുക. പതിവുപോലെ ആ ദിവസവും 8 മണിക്ക് അലാറാം അടിച്ചപ്പോൾ,ബ്ലാങ്കറ്റിനുള്ളിൽ സുഖനിദ്രയിൽ ആയിരുന്ന ഭാര്യയുടെ അസ്പഷ്ടമായ സംസാരo കേട്ടപ്പോഴാണ് ഭർത്താവ് ഉണർന്നത്.
പണ്ടാരമടങ്ങാൻ..
ഏട്ടാ അതൊന്ന് ഓഫാക്കാമോ?
പാവം ,ശ്രീമതിയുടെ ഉറക്കത്തിലുള്ള നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ബ്ലാങ്കറ്റ് ഒന്നുകൂടി നേരയാക്കി പുതപ്പിച്ച് അലാറാം ഓഫും ചെയ്ത് അയാളും കിടക്കുകയായിരുന്നു.
സമയം പിന്നേയും കടന്നു പോയി, ഇത്തവണ ഉറക്കം ഞെട്ടിയപ്പോഴാണ് അവൾ മൊബൈലിൽ സമയം നോക്കിയത്.9 മണി കഴിഞ്ഞിരിക്കുന്നു. എന്തോ പിറുപിറുത്തു' കൊണ്ട് അടുക്കളയിലേക്ക് നടക്കുന്നതിനിടയിലാണ് തലേ ദിവസം ഫെയ്സ് ബുക്കിലെ രണ്ട് സാഹിത്യ ഗ്രൂപ്പിൽ പോസ്റ്റിയ ഒരു കഥയെ കുറിച്ച് ഓർമ്മ വന്നത്.നെറ്റ് ഓൺ ചെയ്ത് നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുമ്പോഴാണ് മനസ്സിലാകുന്നത് 200 പിന്നിട്ട ലൈക്കും, കമന്റും.
എന്റിശ്വരാ.....
ഇതിനൊക്കെ ഇനി എപ്പോ റിപ്ലെ കൊടുത്തു തീരും? ആകെ അസ്വസ്ഥമായ മനസ്സുമായി അടുക്കളയിലേക്ക് ചെന്നു.
നാശം
അല്ലെങ്കിൽ വ്യാഴാഴ്ചകളിൽ പിറ്റേ ദിവസത്തേക്ക് മാവാട്ടിവയ്ക്കുക പതിവായിരുന്നു. ഇന്നലെയെന്തോ ഒരു കഥയെഴുതി പോസ്റ്റിയതിന്റെ ആവേശത്തിൽ അത് മറന്ന് എന്നതാണ് സത്യം.
ഓ.. ഭാഗ്യം പഴം ഇരിപ്പുണ്ട്. ആശ്വാസം ഇനിയിപ്പോ പുട്ടുണ്ടാക്കാം, അതാണല്ലോ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത്. തന്റെ ബുദ്ധി സ്വയം സമർത്ഥിച്ചു കൊണ്ട് അവൾ
പുട്ടിനുള്ള മാവ് എടുത്ത് കുഴയ്ക്കുമ്പോഴും ശ്രദ്ധ മുഴുവൻ മൊബൈലിൽ ആയിരുന്നു. കമന്റിനൊക്കെ ലൈക്കടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുട്ടിന്റെ മാവിൽ ഉപ്പ് ചേർത്തിട്ടില്ലെന്ന കാര്യം ഓർമ്മ വന്നത്.
കബോർഡ് ഒന്നു തുറന്ന് നോക്കിയതേയുള്ളു. ദേ തന്നെ നോക്കി ചിരിക്കുന്നു വെളുത്ത പൗഡർ.പാകത്തിന് ഉപ്പും ചേർത്ത് മാവ് കുഴച്ച് (പ്രവാസത്തിന്റെ മറ്റൊരു സഹായമാണ് സൂപ്പർമാർക്കറ്റിൽ കിട്ടുന്ന ചിരകിയ തേങ്ങ) പുട്ടുണ്ടാക്കുമ്പോഴും ശ്രദ്ധ മുഴുവൻ മൊബൈലിൽ ആയിരുന്നു.
ഒരു ഗ്രൂപ്പിലെ കമന്റിന് റിപ്ലെ കൊടുത്ത് കഴിയുമ്പോഴേക്ക് പുട്ടും തയ്യാറായി കഴിഞ്ഞിരുന്നു.പിന്നെ കാപ്പി ക്കുള്ള വെള്ളവും സ്റ്റൗവിൽ വെച്ച് ഭർത്താവിനേയുo മക്കളേയും വിളിച്ചുണർത്തിയപ്പോൾ സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു..
പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ് ഏഴ് വയസ്സുകാരിയായ ചെറിയ മകളുടെ പരിഭവം .
എനിക്ക് പുട്ട് ഇഷ്ടല്ലാന്ന് അമ്മക്കറിഞ്ഞൂടേ.... എനിക്കിതൊന്നും വേണ്ട.
എന്റെ പൊന്നുമോളെ നാളെ ഒരുത്തന്റെ കൂടെ ചെന്ന് കഴിയേണ്ടതാ.. എല്ലാo കഴിച്ചോണം, അങ്ങനെയാ എന്നെ അമ്മുമ്മ പഠിപ്പിച്ചിട്ടുള്ളത്.വീണിടം വിദ്യയാക്കി അവളേയും അനുനയിപ്പിച്ച് കഴിക്കാനിരുന്നപ്പോഴാണ് ഭർത്താവിന്റെ ഡയലോഗ്.
"ഇതിന് പഴം വേണമെന്നില്ല, ഇഷ്ടം പോലെ പഞ്ചസാര ചേർത്തിട്ടുണ്ട് അമ്മ."
ആകെ ഇളഭ്യയായി അടുക്കളയിൽ ചെന്ന് നോക്കിയപ്പോഴാണ് അടുത്തടുത്ത് വെച്ചിരുന്ന പഞ്ചസാര ടിന്നും, ഉപ്പുടിന്നും മാറിയതറിയുന്നത്.
ഓരോ ടിന്നിനും സ്പൈസസിന്റെ പേരെഴുതി വെയ്ക്കുന്ന പ്രവാസത്തിലെ ബാച്ച്ലർഴ്സിനെ മനസ്സാസ്തുതിച്ചു കൊണ്ട്, വീണ്ടും ടൈനിംഗ് ടേബിളിൽ വന്നിരിക്കുമ്പോൾ മുഖത്തുള്ള ചമ്മൽ മാറ്റാനായി പറയാതിരിക്കാനായില്ല.
പഞ്ചസാരയിട്ട പുട്ടിന് വല്യ ടേസ്റ്റാ അല്ലേ മക്കളെ.....
തന്നെ ആക്കിയതായിരിക്കുമോ എന്തോ പെട്ടെന്ന് അവിടെ ഉയർന്ന കൂട്ടച്ചിരിയിൽ പങ്കുകൊള്ളാതിരിക്കാൻ അവൾക്കും കഴിഞ്ഞില്ല.
സമയം 11 മണിയോടടുക്കുന്നു. ഇനിയിപ്പോ ഉച്ചഭക്ഷണം ഉണ്ടാക്കണം. ഭർത്താവിനാണെങ്കിൽ ദിവസവും പുറത്ത് നിന്നുള്ള ഭക്ഷണമാകയാൽ വെള്ളിയാഴ്ച ദിവസം വീട്ടിലെ ഭക്ഷണത്തോടാണ് താൽപര്യം.
എങ്കിലും ചെറിയൊരു പ്രതീക്ഷയോടെ അവൾ കാര്യം അവതരിപ്പിക്കാതിരുന്നില്ല.
എട്ടാ...... ഇന്നത്തെ ലഞ്ച് പുറത്തുന്ന് ആക്കിയാലോ..?
ദേ.. എനിക്കെന്റെ പോസ്റ്റിന് മറുപടി കൊടുക്കാതെ ഒരു സമാധാനവുമില്ലാട്ടോ...
പെട്ടെന്നായിരുന്നു പ്രിയതമന്റ് പ്രതികരണം. നീയൊരു കാര്യം ചെയ്യ് .
,ഫ്രിഡ്ജിലെ മീനെടുത്ത് ഒന്ന് വൃത്തിയാക്കി തരാമോ?
ഓ.. അത് ഞാനേറ്റു. എന്താ പരിപാടി. അതൊന്നും നീ അറിയേണ്ട പറഞ്ഞത് ചെയ്താൽ വലിയ ഉപകാരമായിരുന്നു.
എങ്ങനെയോ അരമണിക്കൂറിനുള്ളിൽ ഫ്രീസറീൽ കിടന്ന ചെമ്മിനേയും വൃത്തിയാക്കി കഴിഞ്ഞ്അടുക്കളയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ഉച്ചഭക്ഷണം തയ്യാറാക്കിയ പ്രതീതിയായിരുന്നു മനസ്സിൽ.
വീണ്ടും fb തുറന്ന് മകൾ ഇടയ്ക്കിടെ എന്തെക്കെയോ വായിൽ ഇട്ടു തരുന്നതും കഴിച്ചു കൊണ്ടിരിക്കുമ്പോഴും അടുക്കളയിൽ നിന്ന് വരുന്ന മണം ശ്വസിച്ചില്ല എന്ന് വിശ്വസിക്കാൻ തീരുമാനിച്ചു. അല്ല അടുക്കളയിൽ കയറ്റിയില്ല എന്നതാണ് സത്യം.
സമയം 2.30
അടുക്കളയിൽ നിന്നുള്ള മണം അടിച്ചിട്ടാണാവോ? വിശപ്പ് ഇന്ന് ഇത്തിരി കൂടുതലാണല്ലോ എന്നലോചിച്ച് മുഖപുസ്തകം close ചെയ്ത് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് ഡൈനിംഗ് ടേബിളിലിൽ നിറയുന്ന ചെമ്മീൻ ബിരിയാണി പ്ലേറ്റുകൾ
.
അപ്പോ ഇതായിരുന്നല്ലേ അച്ഛനും മക്കളും കൂടി അടുക്കളയിൽ. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു.(അതുവരെ അടുക്കളയിൽ സഹായിച്ചിട്ടുണ്ടെങ്കിലും ആദ്യായിട്ടായിരുന്നു ഒറ്റയ്ക്കുള്ള ഭർത്താവിന്റെ പരീക്ഷണം)
എന്നാലും എന്റെ ഏട്ടാ .. എനോടൊന്ന് സൂചിപ്പിക്കായിരുന്നില്ലേ ബിരിയാണി ഉണ്ടാക്കുന്ന കാര്യം, ഇതെങ്ങനെ ഒപ്പിച്ചു.
കണ്ണുകൾ തുടയ്ക്കുന്നതിനിടയിൽ കുറ്റബോധത്തിന്റെ ലാഞ്ചന ആ മുഖത്ത് നിന്ന് മനസ്സിലാക്കിയ ഭർത്താവ് ,അവളെയൊന്ന് ആശ്വസിപ്പിക്കാനും മറന്നില്ല .ഇതൊക്കെ വല്യ കാര്യമാണോ പെണ്ണേ.......
അമ്മച്ചിയുടെ അടുക്കള ഉണ്ടെങ്കിൽ?
അപ്പോ ഇതായിരുന്നു ഇത്രയും സമയം എന്നെ അടുക്കളയിൽ കയറ്റാതെ വാതിലടച്ച് അച്ഛനും മക്കളും ചെയ്തു തീർത്ത ജോലി.
അല്ലെങ്കിലും ഈ ആണുങ്ങൾക്ക് ഒരു കൈപുണ്യം തന്നെയാപ്പാ -.... കഴിക്കുന്നതിനിടയിൽ അവളുടെ പ്രശംസയുടെ പൊരുൾ മനസ്സിലാക്കിയ ഭർത്താവു് അർത്ഥം വെച്ച്തല കുലക്കി സമ്മതിക്കുമ്പോൾ മക്കളും അച്ഛനെ പ്രശംസീനിയമായി നോക്കുന്നുണ്ടായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം....
അച്ഛാ....... നാളെ അച്ഛന് ലീവെടുത്തൂടെ?
മൂത്ത മകളുടെ ചോദ്യം കേട്ട ഭർത്താവ് ഒന്ന് സംശയിച്ച ശേഷം മകളെ നോക്കി.
നാളെയെന്താടി പ്രത്യേകത?
നാളെ womens day ആണത്രേ.... അമ്മയ്ക്ക് Rest എടുക്കേണ്ട ദിവസമല്ലേ? നമുക്കൊരു ബിരിയാണി ഉണ്ടാക്കി അമ്മയെ ആദരിച്ചാലോ....
ഇതു കേട്ട അമ്മ.
എന്നാലും എന്റെ പൊന്നുമോളെ നീ അമ്മടെ മോള് തന്നെയാടി. ഒത്തിരി ഉമ്മ .
പരസ്പരം വിശ്വാസവും, സഹകരണവും ഉണ്ടെങ്കിൽ കുടുംബത്തിൽ തന്നെ നമൊക്കൊരു കൊച്ചു സ്വർഗ്ഗം ഉണ്ടാക്കാം. ഭാര്യയെ മനസ്റിഞ്ഞ് സഹായിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും സമർപ്പിക്കുന്നു.
by
=പത്മിനി നാരായണൻ =
-----------------------------------------------

മാനസ്സാന്തരം


മാനസ്സാന്തരം
xxxxxxxxxxxxxxxxx
"സോറി ഡാ റിയലി സോറി "
മേസേജിനോടൊപ്പം വന്ന ആ പേരും കൂടി കണ്ടപ്പോൾ പ്രിയയ്ക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റിയില്ല. ആ സന്ദേശം മുഴുവനും വായിക്കാനാവാതെ, കൈയ്യിലിരിക്കുന്ന
മൊബൈൽ ഫോൺ കട്ടിലിലേക്കെറിഞ്ഞ്, കമിഴ്ന്ന് കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തിയപ്പോൾ നിറഞ്ഞൊഴുകിയ കണ്ണുനീരിനിടയിലും അവന്റെ മുഖം അവളിലേക്കോടിയെത്തി.
അവളുടെ ഓർമ്മകൾ പഴയ എട്ടാം ക്ലാസ്സുകാരിയിലേക്ക് തിരിച്ചു പോയി. അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ സാധാരണ കുടുംബത്തിലെ മൂത്ത മകളായിരുന്നു അവൾ. അച്ഛൻ ഗൾഫിലായതു കൊണ്ടു തന്നെ കൊച്ചു നാളിൽ തന്നെ അമ്മയോടൊപ്പം വീട്ടിലെ പ്രാരാബ്ധങ്ങൾ മനസ്സിലാക്കിയാണ് വളർന്നത്.
സ്വതവേ പഠിക്കാൻ മിടുക്കിയായിരുന്ന അവളായിരുന്നു ക്ലാസ്സിൽ എപ്പോഴും ലീഡർ സ്ഥാനത്ത്.അന്നും ടീച്ചർ പറഞ്ഞതിനനുസരിച്ച് സ്റ്റാഫ് റൂമിലേക്ക് ബുക്ക് എടുക്കാൻ ചെന്നതായിരുന്നു അവൾ. അപ്പോഴാണ് തൊട്ടടുത്ത ക്ലാസ്സ്റൂമിന്റ വാതിൽക്കൽ ഒരു കുട്ടി നിൽക്കുന്നതായി കണ്ടത്. അവളെ കണ്ടതും അവൻ ജാള്യത മറയ്ക്കാനായി പുറം തിരിഞ്ഞു നിന്നു നിൽപുറപ്പിച്ചു. സ്റ്റാഫ് റൂമിൽ ചെന്ന് ബുക്ക് എടുത്തു തിരിച്ചു വരുവോളം അവന്റെ ആ നിൽപ്പ് തുടരുകയാണ്. ഏതെങ്കിലും ബുക്ക് കൊണ്ടു വരാത്തതിലാവണം ടീച്ചർ ക്ലാസിൽ നിന്ന് പുറത്തു നിർത്തിയിട്ടുണ്ടാവുകയെന്ന് അവൾ ഊഹിച്ചു.കാരണം അത്രയ്ക്ക് മുഷിഞ്ഞതായിരുന്നു അവൻ അന്ന് ഇട്ടിരുന്ന യൂണിഫോം. അവന്റെ ആ നിൽപ്പ് കണ്ടപ്പോൾ അവൾക്കെന്തോ അവനോട് സഹതാപം തോന്നി.
ക്ലാസ്സിൽ തിരിച്ചെത്തിയിട്ടും അവളുടെ മനസ്സ് മുഴുവൻ അവനെ കുറിച്ചോർത്തായിരുന്നു.എന്തിനായിരിക്കും ടീച്ചർ അവനെ ക്ലാസ്സിൽ നിന്ന് വെളിയിൽ നിർത്തിയിട്ടുണ്ടാവുക എങ്ങനെയെങ്കിലും അവനോട് കാര്യങ്ങൾ ചോദിച്ചറിയണമെന്ന് മനസ്സിൽ കണക്കു കൂട്ടി, അവസാന ബെല്ലടിയും കാത്തിരുന്നു സമയം തള്ളി നീക്കി.
അന്നത്തെ ക്ലാസ്സ് കഴിഞ്ഞുള്ള അവസാന ബെല്ലടി മുഴുങ്ങിയപ്പോൾ അവൾ ആദ്യം ഓടിയെത്തി ഗേറ്റിനടുത്തായി നിൽപുറപ്പിച്ചു. പ്രതീക്ഷിച്ചതു പോലെ അൽപ്പസമയത്തിനുള്ളിൽ അവൻ അവിടേക്ക് വരുന്നതായി കണ്ട അവൾ അടുത്തെത്തിയതും അവനെ നോക്കി പറഞ്ഞു.
കുട്ടി ഒന്ന് നിന്നേ.
അവളുടെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ നടന്നകന്ന അവനോട് അവൾക്കപ്പോൾ ദേഷ്യമാണ് തോന്നിയത്.
പിന്നിടുള്ള രണ്ടു ദിവസവും അവളുടെ കണ്ണുകൾ അവനു വേണ്ടി തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം.
അന്നൊരു ഞായറാഴ്ചയായിരുന്നു. വീട്ടുകാരോടൊത്ത് ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയതായിരുന്നു അവൾ.കല്യാണം കഴിഞ്ഞ് സദ്യയ്ക്കിരുന്നപ്പോഴാണ് ,വിളമ്പാനായുള്ള ഇലയുമായി അവൻ വന്നത്. ഒരു നിമിഷം അവൾ ഒന്ന് പതറിയെങ്കിലും, അവളെ കണ്ടിട്ടും ഭാവഭേദമില്ലാതെ അവൻ തന്റെ ജോലിയിൽ മുഴുകി.
തിരിച്ചു വീട്ടിൽ പോകും വഴി അമ്മയോട് അവനെ പറ്റി പറഞ്ഞപ്പോൾ അവനെ കുറിച്ച് അമ്മയുടെ മനസ്സിലും വിഷമമുളവാക്കി എന്നവൾക്ക് മനസ്സിലായി.
പിറ്റേന്ന് സ്ക്കൂളിൽ ചെന്നപ്പോഴാണ് അപ്രതീക്ഷിതമായി അവൻ അവളുടെ മുന്നിലേക്ക് വന്നു നിന്നത്.
കുട്ടി ഇന്നലെ അവിടെ കണ്ട കാര്യം കൂട്ടുകാരോട് പറയരുത്ട്ടോ.
അവൻ പറഞ്ഞു കഴിഞ്ഞതും നടന്നു നീങ്ങിയപ്പോൾ അവളും അവനെ പിന്തുടർന്നു.അവളുടെ ചോദ്യങ്ങൾക്ക് അവന് മറുപടി പറയാനേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.
പ്രസാദ് അതായിരുന്നു അവന്റെ പേര്, അച്ഛനില്ലാത്ത വീട്ടിലെ രണ്ടനിയത്തിമാരുടെ ഏട്ടൻ.സുഖമില്ലാത്ത അമ്മ വീട്ടുജോലികൾ ചെയ്ത് കിട്ടുന്ന ഏക വരുമാനമാണ് ജീവിത മാർഗ്ഗം. അനിയത്തിമാർ പഠിക്കാൻ മിടുക്കരായതുകൊണ്ട് ,ഒഴിവു ദിവസങ്ങൾ കൂടാതെ സ്ക്കൂൾ അവധിയെടുത്തും അവൻ അമ്മയെ സഹായിക്കുന്നു. രണ്ട് ദിവസം ക്ലാസ്സിൽ ചെല്ലാത്തതിന്റെ ശിക്ഷയായിട്ടാണ് ടീച്ചർ അന്ന് വെളിയിൽ നിർത്തിയത്. പറഞ്ഞു കഴിഞ്ഞതും നിറഞ്ഞു വന്ന കണ്ണീർ അവൾ കാണാതിരിക്കാനായി അവൻ തിരിഞ്ഞു നടന്നു.
അസ്വസ്ത നിറഞ്ഞ മനസ്സുമായിട്ടാണ് അന്നവൾ വീട്ടിലെത്തിയത്, അമ്മയോടും അച്ഛൻ വിളിച്ചപ്പോഴും അവനെ കുറിച്ചു മാത്രമായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്. മകളുടെ വാക്കുകളിലൂടെ അവന്റെ അവസ്ഥ മനസ്സിലാക്കിയ അവളുടെ വീട്ടുകാർ അങ്ങനെയാണ് അവന്റെ അമ്മയെ വീട്ടുജോലിക്ക് സ്ഥിരമായി ഏർപെടുത്തിയത്. ജോലിക്കാരി എന്നതിലുപരി ആ വീടുമായി നല്ല ബന്ധം സ്ഥാപിക്കാനും, പ്രസാദിനും വീട്ടുകാർക്കും കഴിഞ്ഞു.
അങ്ങനെ +2 പഠനം വരെ അവർ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. ഇടയ്ക്കെപ്പോഴേ അവരുടെ ബന്ധം പ്രണയത്തിലേക്ക് വഴിമാറി തുടങ്ങി. പ്രസാദിന്റെ കഴിവിൽ സംതൃപ്തി തോന്നിയ അച്ഛനും ആ ബന്ധം എതിർത്തിരുന്നില്ല.
+2 പഠനത്തിനു ശേഷം എന്ത് എന്ന ചോദ്യത്തിനുത്തരവുമായാണ് ,അവനെ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന പ്രിയയുടെ അച്ഛന്റെ ആഗ്രഹം എല്ലാവരും ശരിവെച്ചത്.ബാധ്യതകൾ ഏറെയുള്ള വീട്ടിൽ അതൊരാശ്വാസവുമായിരുന്നു.
എല്ലാം നിശബ്ദമായി കേട്ട് പ്രതികരിക്കാൻ കഴിയാതെ നിൽക്കുന്ന പ്രിയയെ ,എല്ലാം നമുടെ നാളെത്തെ സന്തോഷത്തിനു വേണ്ടിയല്ലേ എന്നവൻ പറഞ്ഞു ആശ്വസിപ്പിക്കുമ്പോൾ അവൾ മനസ്സിലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു.
അങ്ങനെ ആദ്യമായിഒരു പാട് മോഹങ്ങളും സ്വപ്നങ്ങളുമായി അയാൾ പ്രവാസ ലോകത്തേക്ക് വിമാനം കയറുമ്പോൾ ,അവനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കാൻ അമ്മയുടേയും, പെങ്ങന്മാരുടേയുമൊപ്പം പ്രിയയുടെ മനസ്സും ഉണ്ടായിരുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവന്റെ ബുദ്ധിയും, സാമർത്ഥ്യവുമുപയോഗിച്ച് നല്ലൊരു ജോലി സമ്പാദിക്കാനും, രണ്ട് വർഷത്തിനുള്ളിൽ പെങ്ങന്മാരെ കെട്ടിക്കാനും കഴിഞ്ഞു. അവന്റെ ആ ഉയർച്ചയിൽ പ്രിയയുടെ അച്ഛനും മതിപ്പുളവാക്കി.
രണ്ട് വർഷക്കാലം അവരുടെ പ്രണയവും തളിർത്തു വരികയായിരുന്നു. അവന്റെ വീട്ടുകാർ രക്ഷപെടുന്നതു കാണുമ്പോൾ അവളുടെ മനസ്സും അതിയായി ആഹ്ളാദിച്ചു കൊണ്ടേയിരുന്നു. അനിയത്തിമാരുടെ കല്യാണം നടത്താൻ എല്ലാത്തിനും മുൻപന്തിയിൽ പ്രിയയും വീട്ടുകാരും ആയിരുന്നു.അങ്ങനെ പ്രസാദിന്റെ ഭാവി വധുവായി ജീവിക്കാനുള്ള സ്വപ്നങ്ങൾ നെയ്തു കൊണ്ട് ദിവസങ്ങൾ മുന്നോട്ട് പോകവേ യാണ്..
രണ്ടു ദിവസമായിട്ട് പ്രസാദിന്റെ വിളിയൊന്നും ഇല്ലാത്തത് കൊണ്ട് അവൾ അച്ഛനെ വിളിച്ചന്വേഷിച്ചത്, അദ്ദേഹത്തേയും വിളിച്ചിട്ട് കുറച്ചു ദിവസമായി എന്നായിരുന്നു കിട്ടിയ മറുപടി. ആകെ അസ്വസ്ഥയായിരുന്ന അവളേയും കൂട്ടി പ്രസാദിന്റെ വീട്ടിൽ പോകാനേ ആ അമ്മയ്ക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളു.
അവിടുന്ന് കിട്ടിയ വാർത്ത വിശ്വസിക്കാനാവാതെ ,അവൾ കുഴഞ്ഞ് വീഴുകയായിരുന്നു.രണ്ട് ദിവസം കഴിഞ്ഞാൽ പ്രസാദ് നാട്ടിൽ വരുന്നുണ്ടത്രേ.... കല്യാണം നടത്താനുള്ള തയ്യാറെടുപ്പോടെ... ഇന്റെർനെറ്റിലൂടെ പരിചയപെട്ട ഗായത്രിയാണ് വധു.
ബോധം തെളിയുമ്പോൾ അവൾ സിറ്റിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലായിരുന്നു. തികച്ചും മാനസികനില തെറ്റിയ രോഗിയെ പോലെയുള്ള അവളുടെ പെരുമാറ്റം ആ കുടുംബത്തെ തളർത്തുകയായിരുന്നു. മകളുടെ അവസ്ഥയറിഞ്ഞ അച്ഛൻ ജോലി രാജി വെച്ച് അവളുടെ ചികിത്സയ്ക്കായി .ഹോസ്പിറ്റലുകൾ ഓടിയിറങ്ങുകയായിരുന്നു. ജീവിതം തകിടം മറിഞ്ഞ നാളുകൾ.
എല്ലാം അറിഞ്ഞ് അവളെ സ്നേഹിക്കാനും, സ്വീകരിക്കാനും ബന്ധുവും സുഹൃത്തുമായ ഉണ്ണി തയ്യാറായത് ആ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു. ഉണ്ണിയുടെ സ്നേഹവും പരിചരണവും പ്രിയയെ പതുക്കെ പതുക്കെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കാലതാമസം വേണ്ടിവന്നു. ഉണ്ണിയിൽ അവൾ മറ്റൊരു പ്രസാദിനെ കണ്ടെത്തിയിരിക്കുന്നു എന്ന കാര്യം ആ വീട്ടുകാർ സന്തോഷത്തോടു കൂടിയാണ് ഉൾകൊണ്ടത്.
ഒരു ദിവസമെങ്കിലും ഉണ്ണിയേട്ടന്റെ പെണ്ണായി ജീവിക്കണം എന്ന അവളുടെ വാക്കുകൾ യാഥാർത്ഥ്വമാകാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെയാണ്,
ആ സന്ദേശം അവളെ തേടിയെത്തിയത്.
ഭാര്യയും കുട്ടിയുമായി പ്രസാദ് എവിടെയോ ജീവിക്കുന്നുണ്ടെന്നാണ് അമ്മയിൽ നിന്ന് കിട്ടിയ വിവരം, കൂടുതൽ ചോദിക്കാനും പറയാനും തനിക്കെന്താവകാശം?
ഓർമ്മകളെ ചികഞ്ഞുമാറ്റികൊണ്ട് ഒരിക്കൽ കൂടി അവൾ ഫോൺ കൈയ്യിലെടുത്ത് ആ സന്ദേശം മുഴുവനുo വായിച്ചു.
"മാപ്പ് പറയാൻ പോലും എനിക്ക് അർഹതയില്ലെന്ന് അറിയാം.എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി നീയിത് അറിയണം. തന്നെ തള്ളി പറഞ്ഞതിനുള്ള ശിക്ഷ മറ്റൊരു രൂപത്തിലാണ് ദൈവം എനിക്ക് വിധിച്ചത്.ഗായത്രി അവൾ ഇന്ന് എന്നോടൊപ്പം ഇല്ല. എന്നെ കൂടാതെ മറ്റൊരു കാമുകൻ കൂടി അവൾക്കുണ്ടെന്ന സത്യം വൈകിയാണ് ഞാൻ അറിഞത്. ഡൈവേഴ്സിനു വേണ്ടി ഞാനിന്ന് കോടതികൾ കയറിയിറങ്ങുന്നു. എന്റെ മോൻ അവന് വേണ്ടിയാണ് ഇനി ഞാൻ ജീവിക്കുന്നത്. തന്റെ കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു. ഭാവി ജീവിതത്തിന് ആശംസകൾ"
സന്ദേശം വായിച്ചു കഴിഞ്ഞ അവളിൽ ചെറിയൊരു നടുക്കമുണ്ടാക്കിയെങ്കിലും, മനോധൈര്യം വീണ്ടെടുത്ത് അവന്റെ മുഖത്തോടൊപ്പം ആ നമ്പർ കൂടി ബ്ലോക്ക് ചെയ്തപ്പോൾ മനസ്സിൽ വല്ലാത്തൊരു സംതൃപ്തി തോന്നി.
മനസ്സുകൊണ്ടുo, ശരീരം കൊണ്ടും ഉണ്ണിയുടെ പെണ്ണായി മാറാൻ തയ്യാറെടുത്ത്, അവൾ അവന്റെ വിളിക്കായി കാeതാർത്തിരുന്നു.
ശുഭം
.....................................................................................
സമർപ്പണം.. ആത്മാർത്ഥ പ്രണയത്തിന്റെ പേരിൽ ചതിക്കപ്പെടേണ്ടി വന്ന എല്ലാ പെൺകുട്ടികൾക്കും.
bye
.......... പത്മിനി നാരായണൻ.............

പ്രണയം


പ്രണയം
.................
people You may Know... പ്രൊഫൈൽ ഫോട്ടോ കണ്ടപ്പോൾ നല്ല പരിചയം, അവളുടെ വാളിൽ നോക്കി, ഈ കുട്ടിയെ എവിടെയോ വച്ച് കണ്ടിട്ടുണ്ട്.നല്ല ഐശ്വര്യ മൊത്ത മുഖം കണ്ടാൽ തന്നെ ഉയർന്ന തറവാട്ടിൽ ജനിച്ചാതാണെന്ന് വ്യക്തം.കൂടാതെ ഒത്തിരി family ഫോട്ടോസും upload ആണ്.... വേറൊന്നും ആലോചിക്കാതെയാണത്രേ ഹരി അവൾക്ക് ഒരു മെസ്സേജ് അയച്ചത്.
എന്നെ അറിയാമോ?
പ്രതീക്ഷിച്ചതു പോലെ മറുപടി ഇല്ല. അവളെ കുറിച്ചോർത്ത് അഭിമാനം തോന്നി. ഇൻബോക്സിൽ വന്ന മെസ്സേ ജുകൾക്ക് മറുപടി കൊടുക്കാത്ത സൽസ്വഭാവി.രണ്ട് ദിവസം വെറുതെയാണെങ്കിലും അവളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഇനി ഉണ്ടാവില്ലായെന്നോർത്ത് ആ വിഷയം മറക്കുകയായിരുന്നു.
പതിവുപോലെ face book ഉം നോക്കിയിരിക്കുമ്പോഴാണ് മൂന്നാമത്തെ ദിവസം അവളുടെ മറുപടി വന്നത്.
അറിയില്ല.
കൂടുതൽ പരിചയപെടാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവളെന്ത് വിചാരിക്കും എന്നോർത്ത്, ഓക്കേ പറഞ്ഞ് പിന്മാറാൻ ശ്രമിക്കുമ്പോഴാണ് അവളുടെ അ ചോദ്യം
നാട്ടിലെവിടെയാ?
നാടും, സ്ഥലവും പറഞ്ഞു കൊടുത്തപ്പോൾ സ്വന്തം നാട്ടുകാരായതിൽ അവൾക്കും സന്തോഷം. പീന്നീട് അവർ കൂടുതൽ സ്വാതന്ത്ര്യത്തോടെ സംസാരിക്കുകയായിരുന്നു. രണ്ടു പേരുടേയും കുടുംബ കാര്യo, പറഞ്ഞു വന്നപ്പോൾ അവർ അകന്ന ബന്ധുക്കളായി മാറി.
ഭാര്യയേയും മക്കളേയും വിട്ട് പ്രവാസിയായി കഴിയുന്ന ഹരിക്ക് അവളോട് സംസാരിക്കുന്നത് വലിയൊരു ആശ്വാസമായിരുന്നു. ഏറ്റവും അടുത്തൊരു കൂട്ടുക്കാരിയായി മാത്രമേ അയാൾ അവളെ കണ്ടിരുന്നുള്ളൂ. അവൾ ഭാര്യയേയും മക്കളേയും കുറിച്ച് അന്വേഷിക്കാറുള്ളപ്പോഴൊക്കെ അവരുടെ ഫോട്ടോസ് കൊടുത്ത് ,വാതോരാതെ സംസാരിച്ചിരിക്കുമ്പോഴുo അവളെ കുറിച്ച് മതിപ്പായിരുന്നു. ഇത്രയും നല്ലൊരു friendne കിട്ടിയതിൽ അയാൾ സന്തോഷവാ നായിരുന്നു.
അങ്ങനെയിരിക്കെ പതിവുപോലെ സംസാരിച്ചിരിക്കുമ്പോഴാണ്, പ്രതീക്ഷ തെറ്റിച്ച് കൊണ്ട് അവൾ അയാളോട് തന്റെ പ്രണയം വെളിപെടുത്തുന്നത്. കേട്ടപ്പോൾ ഒന്നമ്പരന്നെങ്കിലും, താനും അവളെ ഇഷ്ടപെട്ടിരുന്നു എന്ന തോന്നൽ അയാളെ വല്ലാതെയാക്കി.
മറുപടിക്ക് കാത്തുനിൽക്കാതെ, തന്നെ വിളിക്കാനായി Mobile നമ്പർ കൊടുത്തു, onlinil നിന്നും പോയപ്പോൾ, അയാൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി.
പിന്നീട് രണ്ട് ദിവസം onlinil കാണാത്തത് കൊണ്ടാണ് , അയാൾ അവളെ വിളിച്ചത്.
അപ്പോഴും പ്രണയം മറന്ന് മാന്യമായി തന്നെയാണ് അവൾ പെരുമാറിയത്.
ഫോൺ കട്ട് ചെയ്തതും, ഉടനെ തന്നെ അവളുടെ മെസ്സേജ്.
എനിക്കറിയാം ഹരിയേട്ടന് എന്നെ ഇഷ്ടമാണെന്ന്‌ അതു കൊണ്ടല്ലേ എന്നെ കാണാതായപ്പോൾ വിളിക്കാൻ തോന്നിയത്.
മെസ്സേജിനോടൊപ്പംസ്നേഹത്തിന്റെ കുറേ സിംമ്പൽസും കൂടി വന്നപ്പോൾ ,അതിലെന്തോ പന്തികേടുള്ളതായി അയാൾക്ക് തോന്നി.
ഭർത്താവും, കുട്ടിയുമായി പ്രവാസിയായി കഴിയുന്ന അവൾ, അയാളെ പ്രണയിക്കാൻ മാത്രം എന്തെങ്കിലും കാരണമുണ്ടോന്നറിയാൻ വേണ്ടിയായിരുന്നു പിന്നീടുള്ള ശ്രമങ്ങൾ.
ആ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്ക് അധികനേരം വേണ്ടി വന്നില്ല. ഒരിക്കൽ അവൾ ജീവന് തുല്യം സ്നേഹിച്ച കാമുകന്റെ രൂപസാദൃശ്യം ആയിരുന്നത്രേ അയാൾക്ക്.
മുരളിധരൻ അതായിരുന്നു, അയാളുടെ പേര്.കോളേജിൽ വെച്ചുള്ള രണ്ട് വർഷത്തെ പ്രണയമായിരുന്നു അവരുടേത്. ശുദ്ധമായ പ്രണയത്തിനപ്പുറം ഒരു നോട്ടം കൊണ്ടു പോലും മുരളിയേട്ടൻ എന്നെ അശുദ്ധിയാക്കിയിട്ടില്ല. അതു കൊണ്ടു തന്നെയാണ്, എന്റെ മുരളിയേട്ടനെ എനിക്ക് മറക്കാൻ പറ്റാത്തതും. ജാതിഭേദത്തിന്റെ പേരിൽ, അഭിമാനിയായിരുന്ന എന്റെ അച്ഛനെ തോൽപ്പിക്കാനുള്ള മന കരുത്തിലാത്തത് കാരണമാണ് എനിക്കെന്റ് മുരളിയേട്ടനെ നഷ്ടമായത്. അച്ഛനെ ധിക്കരിക്കാൻ പാടില്ലായെന്ന് പറഞ്ഞതും മുരളിയേട്ടൻ തന്നെയായിരുന്നു.അങ്ങനെയാണ്, എനിക്കിഷ്ടമില്ലാതെ ഒരാളെ പിടിച്ച് എന്നെ കെട്ടിച്ചു വിട്ടത്. പുറത്തു നിന്ന് കാണുന്നവർക്കൊക്കെ ഞാൻ ഭാഗ്യവതിയാണെങ്കിലും, ഉള്ളിൽ നീറുകയായിരുന്നു. കുടുംബത്തിന് വേണ്ടി ഞാൻ എന്റെ ജീവിതം ബലിയാടാക്കുകയായിരുന്നു. ഒരു കുട്ടി ഉണ്ടായെങ്കിലും ഭർത്താവിനെ പൂർണ്ണമായി മനസ്സിലാക്കാനും, സ്നേഹിക്കാനും ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് എന്നും ബിസിനസ്സിനോടു മാത്രമായിരുന്നു താൽപര്യം, എനിക്കറിയാം, അദ്ദേഹത്തിന് എന്നെ സ്നേഹമാണെന്ന കാര്യം ഞാൻ ആവശ്യപെടുന്നതെന്തുo വാങ്ങിത്തരാനും, മോനേയും എന്നേയും പൊന്നുപോലെ നോക്കുമ്പോഴും, ഞാൻ ആഗ്രഹിച്ച സ്നേഹം അയാളിൽ നിന്നും ലഭിച്ചില്ല. അതു കൊണ്ട് തന്നെ ഞാൻഎന്റെ ഭർത്താവിനേയും, മകനേയും ഉe പക്ഷിക്കാൻ ഒരുക്കവുമല്ല.. പക്ഷേ എനിക്ക് സ്റ്റേഹിക്കണം ഇനിയുള്ള ജീവിതം മനസ്സറിഞ്ഞ് ഒരാളെ, ഹരിയേട്ടനെ ഞാൻ സ്നേഹിച്ചോട്ടെ, ഞാൻ കാരണം ഹരിയേട്ടന്റെ കുടുംബത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല .
ഭാര്യയേയും മക്കളേയും ജീവനു തുല്യം സ്നേഹിക്കുന്ന ഹരിക്ക് അവളുടെ ആഗ്രഹം അംഗീകരിക്കുവാനോ, ഉൾക്കൊള്ളുവാനോ, കഴിയുമായിരുന്നില്ല.
അവൾ പറഞ്ഞു നിർത്തിയപ്പോൾ ഹരിക്ക് അവളോടുള്ള ഇഷ്ടത്തേക്കാൾ സഹതാപമാണ് തോന്നിയത്, അവളുടെ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ന്യായീകരിച്ചപ്പോഴും അതൊന്നും കേൾക്കാൻ അവൾ തയ്യാറല്ലായിരുന്നു. ഇനിയും ഈ ബന്ധം തുടരുന്നത് ശരിയല്ലെന്ന് തോന്നി, ബിസിനസ്സ് ആവശ്യത്തിന്റെ തിരക്ക് പറഞ്ഞ് account close ചെയ്യുകയാണെന്ന് പറയാനേ അയാൾക്ക് ആവുമായിരുന്നുള്ളൂ. ഇനിയും നന്മ നശിച്ചിട്ടില്ലാത്ത അവളിൽ, അയാളായിട്ട് തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അയാൾക്ക് അവളോട് കള്ളം പറയേണ്ടി വന്നതിൽ വിഷമം തോന്നാതിരുന്നില്ല. അവൾ ജീവിക്കട്ടെ ഭർത്താവിനെ മനസ്സിലാക്കി, നല്ലൊരു ഭാര്യയായി.
ഇത് ഒരാളുടെ ജീവിതാനുഭവത്തിൽ നിന്ന് പകർത്തിയ ചില വരികളാണ്, ഇവിടെ ഹരിയെ പോലെ മറ്റു പലരും ചിന്തിച്ചിരുന്നെങ്കിൽ, പല ഭർത്തക്കന്മാർക്കും, ഭാര്യയേയും മക്കൾക്ക് അമ്മയേയും നഷ്ടപെടില്ലായിരുന്നു.
ഭാര്യയോട് ഒരുപാട് സ്നേഹമുണ്ടായിട്ടും, പ്രകടിപ്പിക്കാൻ വൈമുഖ്യം കാണിക്കുന്ന എല്ലാ ഭർത്ത ക്കന്മാരും ,ഇതൊന്നു വായിച്ച് മനസ്സിലാക്കണേ... ഒരു പക്ഷേ നിങ്ങൾ തന്നെയായിരിക്കാം ഭാര്യമാർ വഴി തെറ്റിയ ബന്ധം തിരഞ്ഞെടുക്കാൻ കാരണം.
പ്രണയo നല്ലതാണ് അത് അർഹിക്കുന്നവർ തമ്മിലാകുമ്പോൾ... എല്ലാവർക്കും പ്രണയ ദിനാശംസകൾ....
by
................ പത്മിനി നാരായണൻ...........

ഒരു വിവാഹ വാർഷിക സമ്മാനം



ഏട്ടാ....
ഈ വിവാഹ വാർഷികത്തിന് ഏട്ടൻ എന്താ എനിക്ക് വാങ്ങി തരിക?
അപ്രതീക്ഷിതമായി പ്രിയതമയായ ശ്രീ കുട്ടിയുടെ ചോദ്യം കേട്ട് കമ്പ്യൂട്ടറിൽ മുഖം പൂഴ്ത്തിയിരുന്ന മഹേഷ് മുഖമൊന്നുയർത്തി ചോദ്യഭാവത്തിൽ ഭാര്യയെ നോക്കി .
കാരണം ,പതിവില്ലാത്തതായിരുന്നു ആ ചോദ്യം. കല്യാണം കഴിഞ്ഞ് എട്ടാമത്തെ വിവാഹ വാർഷികമാണ് വരാൻ പോകുന്നത്. ഇതു വരെ അവളായിട്ട് അവനോട് ഒന്നും ആവശ്യപെട്ടിരുന്നില്ല. വില കൂടിയതെന്തെങ്കിലും വാങ്ങിയാൽ തന്നെ അവൾ അതിന് പരിഭവം പറഞ്ഞിട്ടേയുള്ളു.. വെറുതെ കാശ് ചിലവാക്കാൻ എന്നേ അവൾ പറയുമായിരുന്നുള്ളൂ. എല്ലാവരും അവളെ പിശുക്കത്തി എന്ന് പറയുമ്പോഴും അവന്റെ ഉള്ളിൽ ഭാര്യയെ കുറിച്ച് മതിപ്പായിരുന്നു. അവന്റെ വരുമാനത്തിനനുസരിച്ചുള്ള ആഗ്രഹങ്ങളെ അവൾക്കും ഉണ്ടായിരുന്നുള്ളു.
എന്താ ഇപ്പോ ഇങ്ങനെയൊരു ചോദ്യം?
മഹേഷ് അവളോട് ചോദിച്ചു.
അതേ.. ഏട്ടാ..
ഒന്ന് സംശയിച്ചതിനു ശേഷം അവൾ തുടർന്നു.
ഞാനൊരു ആഗ്രഹം പറഞ്ഞാൽ ഏട്ടൻ സാധിപ്പിച്ചു തരുമോ? അവന്റെ മുടിയിഴകളിൽ വിരലോടിച്ച് കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു.
കൊഞ്ചാതെ കാര്യം പറ പെണ്ണേ, എന്നിട്ട് നമുക്ക് നോക്കാം സാധിക്കണോ, വേണ്ടയോ എന്ന്? ശബ്ദത്തിൽ ഇത്തിരി ഗാംഭീര്യം വരുത്തി കൊണ്ട് മഹേഷ് പറഞ്ഞു,
ഭർത്താവിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ ശ്രീക്കുട്ടിആഗ്രഹം പറഞ്ഞു തുടങ്ങി..
അതേട്ട...... ഇപ്രവാശ്യം നാട്ടിൽ പോയാൽ
നമുക്ക് കോട്ടയത്ത് നിന്ന് മംഗലാപുരത്തേക്ക് ട്രെയിനിൽ ഒരു യാത്ര പോകണം,.
അവൻ അവളുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നു. അവളുടെ മുഖം നാണം കൊണ്ട് റോസാപൂ പോലെ ചുവന്നു തുടക്കുന്നതായി അവന് തോന്നി. എഴുന്നേറ്റ് നിന്ന് കൊണ്ട് അവളുടെചുമലുകളിൽ കൈവെച്ച് മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ അവന്റെ മനസ്സ് എട്ട് വർഷങ്ങൾക്ക് പുറകിലോട്ട് പോയി.
കാസർഗോഡ് നിന്ന് നീലേശ്വരത്തേക്കുള്ള വല്യച്ചന്റെ വീട്ടിൽ പോയതായിരുന്നു അന്നവൻ. അന്നത്തെ ദിവസം അവിടെയായിരുന്നു താമസം. രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് പിറ്റേന്ന് ഏതോ രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലാണെന്ന വാർത്ത ടി.വിയിൽ കാണാൻ ഇടയായത്. പിറ്റേന്ന് വീട്ടിൽ ചെന്നിട്ട് അത്യാവശ്യ കാര്യമുള്ളതിനാലാണ് രാവിലെ 6 മണിക്കുള്ള പരശുറാം എക്‌സ്പ്രസിൽ പോകാൻ തിരിച്ചു പോകാൻ തീരുമാനിച്ചത്.
പിറ്റേന്ന് പതിവിലും നേരത്തെ തന്നെഉറക്കമുണർന്ന്, റെയിൽവെ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ, അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. മുന്നറിയിപ്പില്ലാതെ ഹർത്താൽ നടത്തുന്ന രാഷ്ട്രീയ പാർട്ടികളെ മനസ്സിലൊന്ന് ശപിക്കുകയും ചെയ്തു കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.
കൃത്യ സമയത്ത് തന്നെ ട്രെയിൻ വന്നു.ഹാർത്താൽ ആയതു കാരണം, നല്ല തിരക്ക്. എങ്ങനെയോ അള്ളി പിടിച്ച് കയറി ഒരു വശത്ത് നിൽപ്പുറപ്പിച്ചു. അവൻനിൽക്കുന്ന ഭാഗത്തായുള്ള സീറ്റിൽ മൂന്ന് പെൺകുട്ടികൾ. കോളേജ് കുമാരികളാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ട്രയിനിലെ തിക്കും,തിരക്കും, പെട്ടെന്നുള്ള ഹർത്താലുo, ആ കുട്ടികളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് മുഖം കണ്ടാലറിയാം.
കൂട്ടത്തിൽ വെളുത്തു തുടുത്ത് ഉണ്ടക്കണ്ണുള്ള ഒരു സുന്ദരികുട്ടിയിൽ അവന്റെ കണ്ണൊന്നുടക്കി.മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന ചുരുളൻ മുടികളെ മാടി ഒതുക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു., ഏതോ വലിയ തറവാട്ടിലെ കുട്ടിയാണെന്ന് കണ്ടാലറിയാം, അത്രയ്ക്ക് ഐശ്വര്യമായിരുന്നു ആ മുഖത്ത്. അവന് അവളോടൊരു ഇഷ്ടo തോന്നാനും അധിക നേരം വേണ്ടി വന്നില്ല. ഇടയ്ക്കപ്പോഴോ അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് പതിഞ്ഞതായി അവന് തോന്നി.പിന്നെ ആ നോട്ടം ഇടയ്ക്കിടെ തുടരുന്നുണ്ടായിരുന്നു. എന്തെക്കെയോ ചോദിക്കാനും പറയാനുമുണ്ടെങ്കിലും സാഹചര്യം പ്രതികൂലമായതിനാൽ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് പിൻമാറേണ്ടി വന്നു. അപ്പോഴേക്കും അവന് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. ഇറങ്ങാൻ നേരം കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞപ്പോൾ ,ഒരു യാത്രാനുമതി അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അവനു കഴിഞ്ഞു.
കുറച്ച് ദിവസങ്ങൾ ആ പെൺകുട്ടി അവന്റെ മനസ്സിൽ സുഖമുള്ള ഒരോർമ്മ ആയിരുന്നെങ്കിലും, പിന്നീടെവളെ പറ്റി ഓർത്തതേയില്ല എന്നു പറയുന്നതായിരിക്കും ശരി.
ആ സംഭവത്തിനു ശേഷം ഏകദേശം 6 മാസങ്ങൾക്ക് ശേഷമാണ് മഹേഷിന്റെ അച്ഛന് പെട്ടെന്ന് സുഖമില്ലാതായത്. അച്ഛനേയും കൊണ്ട് അവർ മംഗലാപുരം ഫാദർ മുള്ളേർഴ്സ് ഹോസ്പിറ്റലിൽ ആയിരുന്നു പോയത്. ഒരു പക്ഷേ അച്ഛന് അന്നു വന്ന അസുഖം മഹേഷിന്റ ഭാഗ്യമായിരിക്കാം, അതു കൊണ്ടാണല്ലോ വീണ്ടും ആ പെൺകുട്ടിയെ അവന് അവിടെ വെച്ച് കാണാനായത്.
ഒരിക്കൽ അവൻ ട്രെയിനിൽ വെച്ച് കണ്ട പെൺകുട്ടി ദേ അവിടെ മലാഖയുടെ വേഷത്തിൽ...
കണ്ട മാത്രയിൽ തന്നെ അവൾ അവനെ തിരിച്ചറിഞ്ഞതിലാവണം, ആ മുഖത്തൊരു പുഞ്ചിരി വിടർന്നത്.
കുട്ടി..?
അതെ
എന്റെ പേര് ശ്രി കുട്ടി. അന്ന് ട്രെയിനിൽ കണ്ടത് എന്നെ തന്നെ ആയിരുന്നു.പാലായിലാണ് എന്റെ വീട്.ഇവിടെ അവസാന വർഷB, S., C നേഴ്സിംഗ് കോഴ്സിന് പഠിക്കുകയാ...ചോദിക്കാതെ തന്നെ അവളുടെ മറുപടി കേട്ടപ്പോൾ ,അവൾ തന്നെ ഓർക്കുന്നുണ്ടല്ലോ എന്നോർത്ത്അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അച്ഛനെ പരിചരിക്കുവാനും, അമ്മയോട് സംസാരിക്കാനുമുള്ള അവളുടെ താൽപര്യം അവനും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
10 ദിവസങ്ങൾക്ക് ശേഷം അച്ഛൻ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തു മടങ്ങുമ്പോൾ, എന്തോ ഒരു നഷ്ടബോധം അയാളിൽ ഉണ്ടായിരുന്നു. അവളോട് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം പോലും താൻ കാട്ടിയില്ലല്ലോ എന്നോർത്ത് അവന് നിരാശ തോന്നാതിരുന്നില്ല.
അങ്ങനെയിരിക്കെ
കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി ആ ഫോൺ കോൾ അവന്റെ മൊബൈലിലേക്ക് വന്നത്. ആശുപത്രി ഫയലുകൾക്കിടയിൽ നിന്ന് തപ്പിയെടുത്ത് അച്ഛന്റെ സുഖവിവരം അന്വേഷിക്കാൻ വിളിച്ച ശ്രീ കുട്ടിയുടേതായിരുന്നു ആ കോൾ. പരസ്പരം വിശേഷങ്ങൾ പറഞ്ഞു, ഫോൺ കട്ട് ചെയത്
അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്കും എന്തോ അവളുടെ വിശേഷങ്ങൾ അറിയാൻ താൽപര്യമുള്ളതായി മഹേഷിന് തോന്നി.
ആ നമ്പർ ഇങ്ങു തരൂ,
ആ കുട്ടിയോട് എനിക്കൊന്ന് സംസാരിക്കണമെന്ന് അമ്മ ആവശ്യപെട്ടതിനനുസരിച്ച് നമ്പർ കൊടുത്തപ്പോഴും,ഒരു കല്യാണാലോചനയ്ക്കുള്ള മുന്നോടിയായിരുന്നു അതെന്ന് പിന്നീടാണ് അവന് മനസ്സിലായത്.
ഒരു സാധാരണ കുടുoബത്തിൽ പെട്ട മഹേഷുമായി വിവാഹബന്ധം നടത്താൻ ശ്രീ കുട്ടിയുടെ വീട്ടുകാർക്കും, ബുദ്ധിമുട്ടുമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ശ്രീക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ആ ഓർമ്മ പുതുക്കാനാണ് 2 മക്കളുടെ അമ്മയായി പ്രവാസ ഭൂമിയിൽ തന്നോടൊപ്പം കഴിയുന്ന ശ്രീ കുട്ടി വീണ്ടും തിരഞ്ഞെടുത്ത ആ ട്രെയിൻ യാത്ര -
എന്താ ഒന്നും മിണ്ടാത്തത്?
ശ്രീ കുട്ടിയുടെ വീണ്ടുമുള്ള ചോദ്യമാണ് അയാളെ ഓർമ്മകളിൽ നിന്നുണർത്തിയത്.
എന്റെ പെണ്ണിനെ എനിക്കു തന്ന ആ ട്രെയിനിൽ ഒരിക്കൽ കൂടി യാത്ര ചെയ്യാമെന്ന് അവൻ വാക്കു കൊടുത്തപ്പോൾ 100 പൂർണ്ണചന്ദ്രന്മാർ ഒന്നിച്ചു യുർന്ന പ്രതീതിയായിരുന്നു അവളുടെ മനസ്സിലും
സമർപ്പണം: മഹേഷിനെ പോലെ ഒറ്റനോട്ടത്തിൽ
എനിക്കും ഇഷ്ടപെട്ട എന്റെ കൂട്ടുകാരിക്ക്.
by.
പത്മിനി നാരായണൻ.

അതിജീവനം


അതിജീവനം
.........................
അന്നൊരു ജൂലായ് മാസത്തിലെ വെള്ളിയാഴ്ചയായിരുന്നു. ഇനി വരുന്ന 2 ദിവസങ്ങൾ അവധിയായിതിനാൽ ഞങ്ങൾ സ്ക്കൂൾ കുട്ടികൾ പതിവിലും കൂടുതൽ സന്തോഷത്തിലായിരുന്നു സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
അച്ഛനും, അമ്മയും, ചേച്ചിയും, രണ്ട് ഏട്ടന്മാരും, അനിയത്തിയും അടങ്ങുന്നതാണെന്റെ കുടുംബം.കൂലി പണിക്കാരാനായ അച്ഛന്റെ വരുമാനത്തിലാണ് ഞങ്ങൾ 6 അംഗ കുടുംബം കഴിഞ്ഞിരുന്നത്. ചേച്ചിയെ ചെറുപ്പത്തിലേ കല്യാണം കഴിപ്പിച്ചയച്ചിരുന്നു. ഏട്ടന്മാരും ഞങ്ങൾ രണ്ട് അനിയത്തിമാരും വളരെ സ്റ്റേഹത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
സ്ക്കൂൾ വിട്ടു വന്നാൽ ഞങ്ങൾക്ക് പശുവിന് പുല്ല് പറിക്കാനുള്ള ജോലി കൂടിയുണ്ട്. അന്ന്പുല്ലു പറിക്കുമ്പോൾ അനിയത്തിക്ക് പറയാൻ ഉണ്ടായിരുന്നത് അവൾ സ്ക്കൂൾ ഗാർഡനിൽ വെച്ചു പിടിപ്പിച്ച റോസ് ചെടിയിൽ പൂവ് വിരിഞ്ഞതും, അദ്ധ്യാപകർ അവളെ പ്രശംസിച്ച കഥയുമായിരുന്നു. അല്ലെങ്കിലും അവളുടെ കഥ കേൾക്കാൻ ഏട്ടൻമാർക്ക് വലിയ ഉത്സാഹമാണ്, അതിന് കാരണവുമുണ്ടായിരുന്നു'. അവൾ പഠിക്കാനും, മറ്റെല്ലാ കാര്യത്തിലും എന്നേക്കാളും മിടുക്കിയാണത്രേ...കേൾക്കുമ്പോൾ അവളോട് ദേഷ്യം തോന്നാറുണ്ടെങ്കിലും, സത്യമതാണല്ലോ എന്നോർത്ത് നെടുവീർപ്പിടുകയാണ് പതിവ്.
അന്നും പതിവുപോലെ കളിതമാശകൾ പറഞ്ഞ് പശുവിനുള്ള പുല്ലുമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ തൊട്ട് നല്ല മഴയായിരുന്നു.
വൈക്കോൽ കൊണ്ട് മേഞ്ഞ കുഞ്ഞുവീടായിരുന്നതിനാൽ ഞങ്ങളുടെ വീട്ടിൽവേണ്ടത്ര സൗകര്യം ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ വീട്ടിൽ കഴിഞ്ഞു കൂടിയിരുന്നത്. അതു കൊണ്ട് തന്നെ ഏട്ടന്മാർ സ്ഥിരമായി തൊട്ടടുത്ത തറവാട്ടിലാണ് കിടന്നുറങ്ങിയിരുന്നത്.(തെയ്യം കെട്ടിയാടിക്കാറുള്ള വീട്) അവിടെ അന്തിതിരി കൊളുത്തുന്നതും ഏട്ടന്മാർ ആയിരുന്നു. തറവാടിന് തൊട്ട് മുകളിലായി വലിയൊരു മാവും ഉണ്ടായിരുന്നു. ഏതാണ്ട് 100 വർഷങ്ങൾക്ക് മുമ്പുള്ളത് വയസ്സൻ മാവ് എന്നാണ് ആ മാവ് അറിയപ്പെട്ടിരുന്നത്. തെയ്യം കാണാനെത്തുന്നവർക്ക് തണലൊരുക്കി ആശ്രയവും അത്താണിയുമായിരുന്നു ഞങ്ങളുടെ വയസ്സനപ്പൂപ്പൻ മാവ്. അതിൽ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞു നാഗങ്ങൾ ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു. വളരെ ശ്രദ്ധയോടു കൂടി തന്നെയായിരുന്നു ഞങ്ങൾ അവരെയൊക്കെ പരിപാലിച്ചു പോന്നിരുന്നത്.
അന്ന് നല്ല മഴയായതിനാൽ അച്ഛനും പണി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയിരുന്നു. കള്ളനും പോലിസുകളിയുമൊക്കെയായി ഞങ്ങൾ കളിച്ചോണ്ടിരുന്ന് സമയം പോയതേ അറിഞ്ഞില്ല. പത്ത് മണിയായപ്പോഴാണ് അമ്മ ഏട്ടന്മാരോട് പറഞ്ഞത് ,നല്ല മഴയായതിനാൽ ഇന്നിനി തറവാട്ടിലേക്ക് പോകേണ്ടാന്നും ചോറ് കഴിച്ചിട്ട് വീട്ടിൽ തന്നെ കിടുന്നുറങ്ങാനും.
അത്താഴമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന തായിരുന്നു ഞങ്ങൾ. എന്നും ഞാനും, അനിയത്തിയും ഒന്നിച്ചാണ് കിടന്നുറങ്ങാറുള്ളതെങ്കിലും ,മാസമുറ വന്നതിനാൽ ഞാൻ അടുക്കള ഭാഗത്തായി ഓല മേഞ്ഞ ചായ്പ്പിൽ ഒറ്റയ്ക്കായിരുന്നു അന്ന്. പാതിരാത്രിയിലെപ്പോഴോഒരു അലർച്ച കേട്ടിട്ടാണ് ഉറക്കം ഞെട്ടിയത്. എന്താണെന്ന് മനസ്സിലാവാതെ എഴുന്നേൽക്കാൻ ശ്രമിക്കുന്തോറും കൈകാലുകൾ പൊങ്ങാനാവാതെ തളരുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ അനിയത്തിയുടെ ചേച്ചി എന്നുള്ള വിളി കേൾക്കാമായിരുന്നു.
ചേച്ചി ഇവിടെയുണ്ട് മോളെ ...
മോള് ഉറങ്ങിക്കോ എന്ന് പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ. പിന്നെ എന്താണ് അവിടെ സംഭവിക്കുന്നതറിയാതെ അeബാധാവസ്ഥയിലേക്ക് വീഴുകയായിരുന്നു ഞാൻ.
ബോധമുണരുമ്പോൾ ഞാൻ നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ 1 C റൂമിൽ.
അവിടെ വെച്ച് എന്നെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന തൊട്ടയൽപക്കത്തെ ചേച്ചിയിൽ നിന്നും ഞാൻ ആ സത്യം പതുക്കെ മനസ്സിലാക്കി.
എന്നെ മാത്രം തനിച്ചാക്കി ഞങ്ങളുടെ വയസ്സ് ൻ അപ്പൂപ്പൻ മാവ് എന്റെ വീടീനേയും ,അച്ഛനേയും അമ്മയേയും, കൂടെ പിറപ്പുകളേയും ഇല്ലാതാക്കിയിരിക്കുന്നു. രാത്രിയിലെ മഴയത്ത് അപ്പൂപ്പൻ മാവു് ഞങ്ങളുടെ വീടിന് മുകളിലേക്ക് നിലംപൊത്തി വീഴുകയായിരുന്നത്രേ.....
കേട്ടപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ, എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് ഒരു മാസത്തെ ചികിത്സകൾക്കൊ ടുവിൽ തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച വീടിരിക്കുന്ന സ്ഥലത്ത് വെട്ടിനിരത്തിയ നിലയിൽ കുറച്ച് മര കഷ്ണങ്ങൾ മാത്രമായിരുന്നു. ഒന്നിച്ച് ചിരിച്ച് കളിച്ച് ഭക്ഷണം കഴിച്ച് കിടന്നിരുന്ന എന്നെ മാത്രം തനിച്ചാക്കി എല്ലാവരും മറ്റൊരു ലോകത്തേക്ക് മറഞ്ഞിരിക്കുന്നു.
പിന്നേ സ്വന്തമെന്ന് പറയാൻ ചേച്ചിയും, സ്വന്തം മോളെ പോലെ കരുതി സ്നേഹിക്കാൻ ചേച്ചിയുടെ ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെക്കെയോ പ്രമുഖ വ്യക്തികൾ എന്നെ വന്നു കണ്ടു പോയുമിരുന്നു. ഒന്നും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും, എപ്പോഴോ ഞാനറിഞ്ഞു.അന്നത്തെ സർക്കാർ എന്നെ കേരളത്തിന്റെ ദത്തുപുത്രിയായി ഏറ്റെടുത്തെന്ന്.
അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നെങ്കിലും ,പിന്നേയും 2, 3 വർഷങ്ങൾക്കൊടുവിൽ പത്താം ക്ലാസ്സ് പാസായി കലക്ടറേറ്റിൽ ജോലിയിലും പ്രവേശിച്ചു, ആയിടയ്ക്കാണ് അജയേട്ടൻ എന്നെ കല്യാണം കഴിച്ചത്. എല്ലാം ഒരു യാന്ത്രികമെന്നോണം നിന്നുകൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഇന്ന് 20 വർഷങ്ങൾക്ക് ശേഷം 2 പെൺകുട്ടികളുടെ അമ്മയായി ഞാൻ സുഖമായി ജീവിക്കുമ്പോഴും നഷ്ടപ്പെട്ട എന്റെ വീടും അച്ഛനും, അമ്മയും, കൂടെപിറപ്പുകളും മനസ്സിൽ മായാതെ കിടക്കുന്നു. എല്ലാം സഹിക്കാൻ മനസ്സു തന്ന ദൈവങ്ങളോട് കടപാട് മാത്രം.
...................................................................
സമർപ്പണം.20 വർഷങ്ങൾക്ക് മുമ്പ് മരം വീണ് കുടുംബത്തിന്റെ മുഴുവൻ ജീവൻ എടുത്തപ്പോൾ അവശേഷിച്ച കേരളത്തിന്റെ ദത്തുപുത്രിയും, എന്റെ പ്രിയപെട്ട കൂട്ടുകാരിയുമായ ശ്രീജയ്ക്ക്.
പത്മിനി നാരായണൻ

പ്രാണന്റെ സംഗീതം


പ്രാണന്റെ സംഗീതം
xxxxxxxxxxxxxxxxxxxxxxxxx
അന്നും പതിവുപോലെ അച്ഛന്റെ ശവകല്ലറയ്ക്ക് മുന്നിൽ വന്നിരിക്കുമ്പോൾ ദേവികയുടെ മനസ്സ് പതിവിലും കൂടുതൽ അസ്വസ്ഥമായിരുന്നു. അച്ഛൻ ഈ ലോകത്ത് നിന്ന്, അമ്മയേയും, ഏട്ടനേയും തന്നെയും തനിച്ചാക്കി പോയിട്ട് 7 വർഷത്തോളമായെങ്കിലും എന്നും ആ ശവകല്ലറയ്ക്ക് മുന്നിൽ വന്നിരിക്കുമ്പോൾ അച്ഛൻ കൂടെയുണ്ട് എന്നുള്ള പ്രതീതിയായിരുന്നു അവൾക്ക്. 7 വർഷം മുമ്പ് അച്ഛൻ മരിക്കുമ്പോൾ താൻ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അന്ന് തുടങ്ങിയതാണ് രാവിലെ സ്ക്കൂളിൽ പോകുന്നതിന് മുമ്പായി അച്ഛന്റെ ശവകല്ലറയ്ക്ക് സമീപം ഇരിക്കാറുള്ള ഈ പതിവ്.
പക്ഷേ ഇന്ന് അസ്വസ്ഥതയുണ്ടാകാൻ പ്രത്യേകിച്ച് കാരണമുണ്ട് താനും. ഇന്നത്തെ ദിവസം കഴിഞ്ഞാൽ തന്റെ കല്യാണമാണ്. അച്ഛൻ തനിക്ക് വേണ്ടി ആഗ്രഹിച്ചത് പോലെയൊരു ബന്ധo. അച്ഛന് തന്നോടായിരുന്നു കൂടുതൽ സ്നേഹമെന്ന് ഏട്ടൻ പരാതി പറയുമെങ്കിലും, അതിലും ഒരു സത്യം ഇല്ലാതിരുന്നില്ല. ചിറ്റപ്പനും, ചെറിയമ്മയ്ക്കും ആൺകുട്ടികളായതിനാൽ കുടുംബത്തിലെ ഏക പെൺതരി എന്ന സ്ഥാനവും സ്റ്റേഹവും തനിക്കായിരുന്നു'
വൈശാഖൻ
തനിക്ക് അച്ഛന്റെ ആഗ്രഹം പോലെ ദൈവം നൽകിയ പുണ്യo. എന്റെ മകളെ നാട്ടിൽ ജോലിയുള്ള ഒരാളെ കൊണ്ടേ കെട്ടിക്കൂ എന്നുള്ളത് അയാളുടെ ആഗ്രഹമായിരുന്നു.പക്ഷേ അത് കാണാനും, തന്നെ അനുഗ്രഹിക്കാനും അച്ഛൻ കൂടെയില്ല എന്ന സത്യം അവളെ വീണ്ടും വീണ്ടും കണ്ണീരിലാഴ്ത്തി.
പ്രവാസിയായ ബാലുവിനും, ഗിരിജയ്ക്കും മക്കൾ രണ്ട് പേരാണ്. അനന്തുവും, ദേവികയും. ഒരു ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന അയാളേയും ജീവിതപ്രാരാബ്ധങ്ങൾ തന്നെയാണ് പ്രവാസിയാക്കിയത്.വീട്ടിലെ മൂത്ത മകൻ എന്ന നിലയിൽ ചെറുപ്പത്തിൽ തന്നെ കല്യാണo കഴിക്കേണ്ടി വന്ന അയാൾക്ക് പിന്നീടങ്ങോട്ട് ഒരു പാട് വിഷമതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അച്ഛന്റെ ആകസ്മികമായ മരണവും പിന്നീട് രോഗശയ്യയിലായ അമ്മയുടെ ചികിത്സയും അയാളുടെ വരുമാനത്തിൽ ഉതകുന്നതല്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് വലിയൊരു തുക മുടക്കി സുഹൃത്തിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസ സംഘടിപ്പിച്ചതും ദുബൈ എന്ന സ്വപ്ന ലോകത്തേക്ക് വിമാനം കയറിയതും. അന്ന് ചെറിയ ശമ്പളത്തിൽ നിന്നു കൊണ്ടു തന്നെ അനിയത്തിയുടെ കല്യാണം നടത്താനും, അനിയനെ ഗൾഫിലേക്ക് കൊണ്ടുവരാനും അയാൾക്ക് നന്നേ പ്രയാസപെടേണ്ടി വന്നു. എല്ലാത്തിനും വലം കൈയായി ഗിരിജ കൂടെ നിന്നത് അയാൾക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു
എല്ലാ പ്രാരാബ്ധങ്ങളും കുറച്ചൊക്കെ മാറിയപ്പോഴാണ് അയാൾ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ തുടങ്ങിയത്.ബാങ്കിൽ നിന്ന് കിട്ടിയ ചെറിയൊരു ലോണും, ഭാര്യയുടെ ആഭരണം പണയ പെടുത്തിയും ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം അയാൾ അത് നിറവേറ്റുകയായിരുന്നു'. ഇതിനിടയിൽ മക്കൾ അച്ചനെ കാണാൻ ആഗ്രഹം പറഞ്ഞെങ്കിലും തന്റെ പ്രാരാബ്ധം എന്ന കടമ്പ അയാളെ അതിനനുവദിച്ചില്ല.
അങ്ങനെയൊരു ഏപ്രിൽ മാസത്തിലാണ് പാലുകാച്ചൽ എന്ന സദ്കർമ്മo നടത്താൻ വരുന്നുണ്ടെന്ന സന്തോഷ വാർത്ത അയാൾ ഭാര്യയേയും മക്കളേയും അറിയിക്കുന്നത്. പിന്നീടങ്ങോട്ടുള്ള നാളുകൾ സന്തോഷത്തിന്റേതായിരുന്നു ആ വീട്ടിൽ.
അന്നൊരു വെളളിയാഴ്ചയായിരുന്നു .നിറുത്താതെയുള. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഗിരിജ ഫോണെടുത്തത് പ്രതീക്ഷിച്ചത് പോലെ തന്നെ അത് ബാലുവായിരുന്നു.പതിവ് വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി നെഞ്ചിനകത്ത് ചെറിയൊരു അസ്വസ്ഥത അനുഭവപെട്ട കാര്യം അയാൾ ഭാര്യയോട് പറഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞ് ഹോസ്പിറ്റലിൽ പോകാമായിരുന്നില്ലേ എന്ന ഭാര്യയുടെ ചോദ്യത്തിന് കൂടുതലായി ഒന്നുമില്ല നാളെയാവട്ടെ എന്നായിരുന്നു അയാളുടെ മറുപടി .
പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അയാളുടെ കോൾ വരാതിരുന്നപ്പോഴാണ് ഗിരിജ ഈ കാര്യം സഹോദരന്റെ ഭാര്യയോടായി പറയുന്നത്.
വെള്ളിയാഴ്ച ഗിരിജയോട് സംസാരിച്ചു കഴിഞ്ഞ് ഫോൺ വയ്ക്കു മ്പോഴും ബാലുവിന് നെഞ്ചുവേദന അനുഭവപെടുന്നുണ്ടായിരുന്നു. യാതൊരു ദുശീലവുo ഇല്ലാതിരുന്ന അയാൾ അത് കാര്യമാക്കിയില്ല എന്നതായിരുന്നു സത്യം.
പിeറ്റ ദിവസം ജോലിക്ക് പോകാനും അയാൾ മടി കാണിച്ചില്ല. സൈറ്റിൽ മറ്റു തൊഴിലാളികളോടൊപ്പം ജോലി ചെയ്യുമ്പോൾ അയാളുടെ നെഞ്ചിനകത്തൊരു വല്ലാത്തൊരു അസ്വസ്തതയാണെന്ന് കൂട്ടുകാരനോട് പറയുന്നതിന് മുന്നേ തന്നെ അയാളവിടെ വീഴുകയായിരുന്നു.
കൂട്ടുകാർ തത്രപെട്ട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം എന്ന രംഗഭോദമില്ലാത്ത കോമാളി അയാളേയും കീഴടക്കിയിരുന്നു
ഏട്ടത്തിയമ്മയുടെ ആശങ്കകലർന്ന വാക്കുകൾ കേട്ട സഹോദരന്റെ ഭാര്യ ഗൾഫിലായിരുന്ന ഭർത്താവിനോട് ഈ കാര്യം പറയുമ്പോൾ എല്ലാം സത്യങ്ങളും അറിഞ്ഞിരുന്ന അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ ചുണ്ടുകൾ വിതുമ്പിയത് അവളറിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ഏടത്തിയമ്മയിൽ നിന്നും, മക്കളിൽ നിന്നും ഈ സത്യം മറച്ചുവയ്ക്കാൻ അവൾക്ക് നന്നേ പണി പെടേണ്ടി വന്നു.
ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ആ മൃതശരീരം നാട്ടിലെത്തുവോളം, പാവം ദേവികയും അമ്മയും ഏട്ടനും വീടിന്റെ പാൽകാച്ചൽ ചടങ്ങിനെ കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയായിരുന്നു. തങ്ങളുടെ പുതിയ വീട്ടിലുള്ള താമസത്തിനു പകരം വിധി ആ കുടുംബത്തിന് കാത്ത് വെച്ചത് അയാളുടെ മരണമായിരുന്നു.പിന്നെ ആ സത്യവുമായി പൊരുത്തപ്പെടാൻ നാളുകൾ വേണ്ടിവന്നു.
അന്ന് തുടങ്ങിയതാണ് രാവിലെ വിളക്ക് വെച്ച് ആ ശവകല്ലറയ്ക്ക് അരികെ കുറച്ചു സമയമുള്ള ദേവികയുടെ ഇരിപ്പ്.ഇന്നിതാ 7 വർഷങ്ങൾക്ക് ശേഷം അതിന് മുടക്കം വരാൻ പോകുന്നു. നാളെ ഞാൻ ഈ വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് ചെക്കേറാൻ പോകുന്നു എന്ന ചിന്ത അവളുടെ കണ്ണീരിന് ആക്കം കൂട്ടി.
മോളെ നീ ഇതെവിടെ?
എന്നും രാവിലെ അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ പോയി തിരിച്ചു വരാറുള്ള മകൾ പതിവു സമയമായിട്ടും കാണാത്തതിൽ അന്വേഷിച്ചുവരികയായിരുന്ന ഗിരിജ കണ്ടത്, കല്ലറയ്ക്കടുത്ത് സ്വയം മറന്ന് കണ്ണീരിൽ കുതിർന്നിരിക്കുന്ന മകളെയാണ്.
എന്താ മോളെ ഇത്.
സമയo എത്രയാന്നാ വിചാരം ഇനി എന്റെ കുട്ടി കരയരുത്ട്ടോ, ഇനി കരഞ്ഞാൽ അച്ഛന് സഹിക്കില്ല. അച്ഛന്റെ ആത്മാവ് എന്നും മോളൊടൊപ്പം ഉണ്ടാവും. തൊണ്ടയിടറി കൊണ്ട് മകളുടെ കണ്ണുനീർ തുടച്ച് കൊണ്ട് അവളെ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ പ്രാണന്റെ സംഗീതം പോലെ ഒരിളo കാറ്റ് അവിടമാകെ വന്ന് തഴുകിയപ്പോൾ അച്ഛന്റെ അനുഗ്രഹം അവൾ ശരിക്കും അനുഭവിക്കുകയായിരുന്നു.
സമർപ്പണം. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി പ്രവാസഭൂമിയിൽ ജീവൻ വെടിയേണ്ടിവന്ന എല്ലാ ആത്മാക്കൾക്കും.
പത്മിനി നാരായണൻ കൂക്കൾ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo