നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറയാതെ പോയ പ്രണയo


പറയാതെ പോയ പ്രണയo
*****************************
" ശങ്കര മാമയ്ക്ക് തീരെ വയ്യ. ഇത്രടം വരെ വന്ന് ഒന്ന് കണ്ടിട്ടു പോയ്കൂes കുട്ടി നിനക്ക് "?
രാവിലെ അമ്മമ്മയുടെ ഫോണിലൂടെയുള്ള പരിഭവം കലർന്ന സംസാരം കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത. വരാമെന്നോ, ഇല്ലായെന്നോ പറയാനാവാതെ ഫോൺ വയ്ക്കുമ്പോൾ നീറുകയായിരുന്നു മനസ്സ്. എന്നും അമ്മമ്മയെ വിളിക്കുമ്പോൾ താൻ തറവാട്ടിൽ ചെല്ലാത്തതിന്റെ പരിഭവം പറയുമായിരുന്നെങ്കിലും ഇന്നന്തോ ആ സംസാരം കേട്ടപ്പോൾ വല്ലാത്ത സങ്കടമായിരുന്നു. പോരാത്തതിന് ശങ്കരമാമയുടെ വിശേഷംകൂടിയായപ്പോൾ ...
വൈകിട്ട് ഓഫീസ് വിട്ടു വന്ന രാജീവേട്ടനോടും അമ്മുമ്മ വിളിച്ച കാര്യം പറഞ്ഞപ്പോൾ ഏട്ടനും ഇതു തന്നെ പറയാനുണ്ടായിരുന്നുള്ളു.
ശങ്കരമാമയെ ഒന്ന് പോയി കാണായിരുന്നില്ലേ നിനക്ക് ?
അങ്ങനെ ഒരു പാട് ചിന്തകൾക്ക് വിരാമമിട്ടാണ് 15 വർഷങ്ങൾക്ക് ശേഷം ഞാൻ ശങ്കരമാമയെ കാണാൻ പോകാൻ തീരുമാനിച്ചത്.
ഒരിക്കൽ കൂടി ഞാൻ ജനിച്ചു വളർന്ന തറവാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമല്ല ഇപ്പോ എന്റെയുള്ളിൽ. അവിടെയുള്ളവർ എന്നെ എങ്ങനെ സ്വീകരിക്കും എന്ന ആധിയാണ് മനസ്സുനിറയെ........ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്ന ഒരു ജന്മം അതാണ് ഇന്ന് എല്ലാവരുടേയും കണ്ണിൽ ഞാനെന്ന ഗായത്രി.
എല്ലാത്തിനും മുൻകൈയ്യടുത്ത് ബാഗ്ലൂരിൽ നിന്ന് യാത്രയാക്കാൻ രാജിവേട്ടൻ തയ്യാറെടുക്കുമ്പോഴും മനസ്സിൽ ആധിയായിരുന്നു. വരുന്നത് വഴിയിൽ വച്ച് കാണാമെന്ന ദൃഢനിശ്ചയത്തോടു കൂടി തന്നെയാണ് രാത്രി 9.30 ന് മജസ്റ്റിക് ബസ് സ്റ്റോപിൽ നിന്ന് കേരള k.S R T C യുടെ ബസ്സിൽ പുറപ്പെട്ടത്.ഇനി ഒമ്പതര മണിക്കൂർ യാത്ര. രാവിലെ 6.30 ന് മാത്രമേ കാസർഗോഡ് ടൗണിലെത്തൂ. 2 വയസ്സുകാരി ആമിയാണെങ്കിൽ നല്ല ഉറക്കവും. കൈയ്യിലിരിക്കുന്ന മാസിക അലക്ഷ്യമായി വെറുതെ മറിച്ചു നോക്കി. ഒന്നും മനസ്സിൽ പതിയുന്നില്ല ചിന്ത മുഴുവൻ നാടിനെ കുറിച്ചാണ്.
വടക്കാശ്ശേരി തറവാട് അതാണ് പേരുകേട്ട എന്റെ തറവാട്ട് പേര്. മുത്തച്ഛനുo മുത്തശ്ശിയ്ക്കും മക്കൾ ആറുപേരായിരുന്നു. അതിൽ മൂത്ത മകൾ സാവിത്രി കുട്ടിയുടെ മൂത്ത മകളാണ് ഞാനെന്ന ഗായത്രികുട്ടി. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ അനിയനെ പ്രസവിച്ചത്.പ്രസവം കഴിഞ്ഞ് അമ്മ അനിയനുമായി അച്ഛൻ വീട്ടിലേക്ക് പോകുമ്പോൾ എന്നെ അമ്മമ്മയെ ഏൽപിച്ചിട്ടണത്രേ പോയത്. അന്നു മുതൽ അമ്മമ്മയും, അച്ഛാച്ഛനും എന്റെ അമ്മയും അച്ഛനുo ,ബാക്കിയുള്ളവർ എന്റെ കൂടെ പിറപ്പുകളുമായിരുന്നു. വല്ലപ്പോഴും പോയി വരുന്ന അതിഥി വീട് മാത്രമായിരുന്നു എനിക്കന്റെ സ്വന്തം വീട്.
അങ്ങനെ എല്ലാവരുടേയും പൊന്നോ മനയായി വളർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഋതുമതിയാവുന്നത്.വീട്ടിലെല്ലാവരും ഒരു ഉത്സവമായിട്ടായിരുന്നു അതിനെ എതിരേറ്റത്. കിട്ടിയ സമ്മാനപൊതികളിൽ എന്നെ ഏറ്റവും അത്ഭുത പെടുത്തിയത് അനന്തേട്ടന്റെ സമ്മാനപൊതിയായിരുന്നു. ഒരു ജോഡി ഡ്രസ്സും ഒരു ഡിക്ഷണറിയുമായിരുന്നു അതിനകത്ത്.
അനന്തേട്ടൻ...
അമ്മയുടെ വകയിലുള്ള ശങ്കരമാമയുടെ മകൻ. എന്നും കുഞ്ഞമ്മാവനായ അച്ചുമാമനോടൊപ്പo വീട്ടിൽ വരാറുണ്ടായിരുന്ന ഏട്ടൻ. അതു മാത്രമായിരുന്നു എനിക്ക് അനന്തേട്ടൻ.
പിന്നീട് വിശേഷ ദിവസങ്ങൾക്ക് അനന്തേട്ടൻ ഡ്രസ്സ് വാങ്ങി തരിക പതിവായിരുന്നു. എനിക്ക് മാത്രമായിരുന്നില്ല അത്.വീട്ടിലെ സ്ത്രിജനങ്ങൾക്ക് മുഴുവനും ഉണ്ടാവുമായിരുന്നു. എപ്പോഴും വില പിടിപ്പുള്ളത് വാങ്ങിയിരുന്നത് എനിക്കാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല.
ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്യണമെന്ന എന്റെ ആഗ്രഹത്തെ വീട്ടുകാർ എതിർത്തെങ്കിലും ,അനന്തേട്ടനായിരുന്നു എന്റെ കൂടെ നിന്ന് എന്നെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചത്.
എന്നാലും പെറ്റമ്മയുടെ വാശിയോ, എന്റെ ഭാഗ്യമോ അച്ഛൻ വീടിനടുത്തുള്ള രാജിവേട്ടൻ എന്നെ പെണ്ണുകാണാൻ വന്നത് അപ്രതീക്ഷിതമായിരുന്നു. തന്റെ കുടുംബത്തെ പറ്റി എല്ലാം അറിയാവുന്ന രാജിവേട്ടൻ തുടർന്ന് പഠിപ്പിക്കാം എന്ന നിബന്ധനയോടു കൂടി എന്റെ കഴുത്തിൽ താലികെട്ടാൻ തയ്യാറായി.
അതറിഞ്ഞായിരുന്നു അനന്തേട്ടൻ അന്നാദ്യമായി മദ്യപിച്ച് വന്ന് വീട്ടിൽ വഴക്കുണ്ടാക്കിയത്. ഇത്ര പെട്ടെന്ന് ആ കുട്ടിയെ പിടിച്ച് കൊടുക്കാൻ എന്തായിത്ര ധൃതിയെന്നായിരുന്നു അനന്തേട്ടന്റെ ചോദ്യം. അവസാനം കുഞ്ഞമ്മാമയുമായി വഴക്കിട്ടു ബൈക്കിൽ കയറി അനന്തേട്ടൻ പോയത് മരണത്തിന്റെ വക്കിലേക്കായിരുന്നു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
അനന്തേൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഒരു ബസ്സിൽ ഇടിക്കുകയാരുന്നത്രേ..... എന്തായിരുന്നു നിയന്ത്രണം വിടാൻ കാരണം എല്ലാവരുo അന്വേഷിച്ചു കൊണ്ടിരുന്ന കാരണം. അന്ന് തളർന്നതാണ് ശങ്കരമാമ.
അനന്തേട്ടന്റെ മരണത്തിന്റെ പന്ത്രണ്ടാം നാളിലാണ് ഞാൻ ആ വീട്ടിൽ ചെന്നത്, അനന്തേട്ടന്റെ മുറിയിൽ വെറുതെ കയറിയ എന്റെ കണ്ണിൽ പെട്ട ഡയറിയൊന്ന് മറിച്ച നോക്കിയ എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല, തന്റെ ഫോട്ടോ .ഡയറി താളുകളിൽ നിന്ന് ഊർന്നു വീഴുന്നു. ആരും കാണാതെ അതെടുത്തു മാറ്റി ,തിരിച്ചുവരുന്ന വഴിയിൽ അമ്മമ്മയോട് ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴും അമ്മമ്മയും അതു തന്നെയാണ് പറഞ്ഞത്, ആരോടും ഇതേ കുറിച്ച് മിണ്ടരുതെന്ന്. സത്യത്തിൽ അനന്തേട്ടന് തന്നോട് പ്രണയമായിരുന്നോ? ഇപ്പോഴും എന്റെ മനസ്സിൽ സമസ്യയായി തുടരുന്ന ചോദ്യം.
താനറിയാതെ തന്നെ പ്രണയിക്കുകയായിരുന്നോ അനന്തേട്ടൻ?
പിന്നിടപ്പോഴോ ഈ കാര്യം നാട്ടുകാരിൽ വാർത്തയായി. താൻ അനന്തേട്ടനെ പ്രണയിച്ച് വഞ്ചിച്ചവളായി മാറി ബന്ധുക്കൾക്കിടയിൽ.തന്നെ മനസ്സിലാക്കാൻ അപ്പോഴും ശങ്കരമാമ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു.
ഒരു മാസത്തിന് ശേഷംഎല്ലാം തുറന്ന് പറഞ്ഞ് രാജിവേട്ടന്റെ ഭാര്യയായി, ആ നാട്ടിൽ നിന്നിറങ്ങുമ്പോൾ എന്തായിരുന്നു തന്റെ മനസ്സിൽ, കുറ്റവാളിയുടേതോ. അതോ കൊലപാതകിയുടേയോ?
ഓരോന്നാലോചിച്ച് എപ്പോഴാ ഉറക്കത്തിലേക്ക് വഴുതി പോയതെന്ന് ഓർമ്മയില്ല, കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. പകച്ചു നോക്കി ചുറ്റും കണ്ണോടിച്ച് ബസ്സിറങ്ങുമ്പോൾ കണ്ടു, പറഞ്ഞുറപ്പിച്ച പോലെ തന്നെ സ്വീകരിക്കാനായി കാറുമായി കാത്തിരിക്കുന്ന കുഞ്ഞമ്മാമ്മയെ. അമാമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ കൊടുക്കുമ്പോഴും, ദൈന്യതയാർന്ന ആ നോട്ടം അവഗണിക്കാനേ എനിക്ക് പറ്റിയുള്ളൂ.
ഇനി അരമണിക്കൂർ കാറിൽ യാത്ര .അതു കഴിയണം തറവാട്ടിലെത്താൻ. വഴിയിലൂടെ നീളമുളള നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആമിമോളുടെ കരച്ചിലാണ് കുറച്ചെങ്കിലും ആശ്വാസമായത്. അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എപ്പോഴോ തറവാട്ടിലെത്തി.
താൻ ജനിച്ചു വളർന്ന വീട് .ഇത്തിരി പഴക്കം ചെന്നിട്ടുണ്ടെങ്കിലും പഴയത് പോലെ തലയുയർത്തി നിൽക്കുന്നു. എല്ലാവരും കല്യാണം കഴിച്ച് ഭാഗം വെച്ച് പിരിഞ്ഞതിനാൽ ,അച്ഛച്ഛൻ മരിച്ചതിൽ പിന്നെ അമ്മമ്മയോടൊപ്പം കുഞ്ഞമ്മാവനും, ലക്ഷ്മിയമ്മായിയുമാണ് തറവാട്ടിൽ കൂടെയുള്ളത്. കാറിൽ നിന്നിറങ്ങി മുറ്റത്ത് കാൽവെച്ചതും മണൽ തരികൾക്കു പോലും തന്നോട് പരിഭവം ഉള്ളതുപോലെ തോന്നിപ്പിച്ചു.
എന്നാലും എന്റെ കുട്ടി?
മുഴുവനാക്കും മുന്നേ അമ്മമ്മയുടെ നെഞ്ചിലേക്ക് ഊർന്നു വീഴുകയായിരുന്നു താനപ്പോൾ. ഒന്നും മനസ്സിലാവാതെ ആമി മോളും കരച്ചിലിലായിരുന്നു. എല്ലാവരുടേയും സ്നേഹപ്രകടനങ്ങൾ കരച്ചിലിൽ തീർത്തപ്പോഴാണ് അമ്മമ്മ പറഞ്ഞത് .
കുഞ്ഞിനേയും, കുളിപ്പിച്ച് ,മോളും ഒന്ന് കുളിച്ചു വന്നോളൂ. അമ്മ കാപ്പിയെടുത്തു വയ്ക്കാം. എന്നിട്ട് വേണം ശങ്കര മാമയെ കാണാൻ ചെല്ലാൻ.....
ശങ്കര മാമയുടെ വീട്ടിലേക്ക് ഇനി 10 മിനിട്ട് ദൂരമേയുള്ളു. കുഞ്ഞിനെ അമ്മമ്മയെ ഏൽപ്പിച്ച് ലക്ഷ്മിയമ്മായിയോടൊപ്പമായിരുന്നു അങ്ങോട്ട് ചെന്നത്.പാട പാരമ്പിലൂടെ നടന്നപ്പോൾ താൻ ആ പഴയ കുട്ടിയായി മാറിയോന്നൊരു സംശയം. എല്ലാ സസ്യജാലങ്ങളും തന്നോട് പരിഭവമറിയിച്ച് ഉറ്റുനോക്കുന്ന പോലെ. താനും കൂട്ടുകാരും സ്ഥിരമായി കുളിക്കുമായിരുന്ന ചാലിൽ നിന്ന് കൈകുമ്പിളിൽവെള്ളമെടുത്ത് മുഖം കഴുകിയപ്പോൾ വല്ലാത്ത തണുപ്പ്.
വഴിമദ്ധ്യേ ലക്ഷ്മിയമ്മായിയോട് വെറുതെയാണെങ്കിലും ചോദിക്കാതിരുന്നില്ല. എന്തുകൊണ്ടായിരിക്കും അനന്തേട്ടൻ തന്നോടത് തുറന്നു പറഞ്ഞില്ല.?
അതൊക്കെ മറന്നില്ലേ നീയ്, ദേ വീടെത്തിട്ടോ. ലക്ഷ്മിയമ്മായി തന്റെ ചോദ്യ ത്തിന് ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
അനന്തേട്ടന്റെ വീട്, പഴയതിൽ നിന്ന് ഇത്തിരി മാറ്റം വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാൽ ബാക്കിയെല്ലാം പഴയതുപോലെ തന്നെ. വീടിനു ചുറ്റും മതിൽ കെട്ടി ഗേയ്റ്റ് വെച്ചിട്ടുണ്ടെന്ന് മാത്രം. ഗേയ്റ്റുതുറന്നെതും, ആറു വയസ്സുക്കാരി പെൺകുട്ടി തന്റെയടുത്തെത്തി , പരിചിതമല്ലാത്ത മുഖം കണ്ടതിനാലാവണം അമ്മയെ വിളിച്ച് അകത്തേക്കോടി പോയത്.
ആരാ വിരുന്നുകാര്? കുട്ടിയുടെ കൂടെ വന്ന സ്ത്രിയെ മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. അനന്തേട്ടന്റ ഇളയ അനിയത്തി.
ഗായത്രിയോ ? സംസാരത്തിൽ പരിഭവമില്ലായെന്നൊരു തെല്ല് ആശ്വാസം.
ശങ്കര മാമ?
ആരാത്?
അകത്ത് നിന്ന് അവ്യക്തമായ സ്വരം. ഞാനാ വടക്കാശ്ശേരിയിലെ ഗായത്രി .
എന്റെ മോള് വന്നോ?
എഴുന്നേൽക്കാൻ ശ്രമിച്ച ശങ്കരമാമയെ പിടിച്ചേഴ്ന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ,അകത്ത് നിന്ന് മീനാക്ഷി അമ്മായി കടന്നു വന്നത്.അനന്തേട്ടന്റെ അമ്മ. അനന്തേട്ടൻ മരിച്ചപ്പോൾ തന്നെ ഏറ്റവും അധികം ക്രൂശിച്ച സ്ത്രി.
കുട്ടി മാറിനിന്നോളൂ. ആകെ അഴുക്കായിരിക്കുകയാ.... അമ്മായിയുടെ ശബ്ദത്തിൽ ഇപ്പോഴും നീരസം മാറിയിട്ടില്ലെന്ന തോന്നലായിരിക്കണം തന്നെ കൂടുതൽ സമയം അവിടെ നിൽക്കാൻ മനസ്സ് അനുവദിക്കാതിരുന്നത്.
ശങ്കരമാമയുടെ കാൽതൊട്ട് വന്ദിക്കുമ്പോൾ തന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു സംതൃപ്തി തോന്നാതിരുന്നില്ല. യാത്ര പറഞ്ഞിറങ്ങാൻ നേരം അനന്തേട്ടൻ ഉറങ്ങുന്ന അസ്ഥിത്തറയിലേക്ക് കണ്ണോടിക്കാതിരിക്കാൻ പറ്റിയില്ല. അവിടെയതാ സിമെന്റ് പാകിയ അസ്ഥിത്തറ. അവിടെ വിരിഞ്ഞു നിൽക്കുന്ന റോസാ പൂവു നുള്ളി അസ്ഥിത്തറയ്ക്കുമുകളിൽ വെച്ചപ്പോൾ ഒരിളം കാറ്റ് വന്നു തഴുകുന്നതിനോടൊപ്പം മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ....
"സുഖാണോ ഗായത്രി കുട്ടിക്ക് "?
നേരത്തെ നിശ്ചയിച്ചതു പോലെ പിറ്റേന്ന് തിരിച്ചുപോരാൻ തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞമ്മാമയുടെ മൊബൈലിലേക്ക്ആരോ വിളിച്ചറിയിച്ചത്.... ശങ്കരമാമ മരിച്ചത്രേ......
എന്റെ ദേവി...
. എന്റെ കുട്ടിയെ കാണാനായിരുന്നോ അപ്പോ ഇതുവരെ?
മോളിന് യാത്ര മുടക്കേണ്ട.... പോയി കണ്ടതല്ലേ?
കാറിലേക്ക് കയറാൻ എടുത്തു വെച്ച കാലുകൾ പിൻവലിക്കുമ്പോൾ, അമ്മമ്മയുടെ വാക്കുകൾ കണ്ണീരിനിടയിലും കേൾക്കാമായിരുന്നു.

by
പത്മിനി നാരായണൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot