ഓര്‍മ്മകള്‍
മകന്‍ ഗോപന്‍ പന്ത്രണ്ടാം ക്ലാസ്സില്‍ തോറ്റ് ഒരു പണിയും ചെയ്യാതെ “തേരാപാരാ” നടക്കുന്നത്കണ്ട് വിഷമിച്ചാണ് നാരായണന്‍മാഷ് പട്ടണത്തിനടുത്ത് തന്നെ ഒരു സ്റ്റേഷനറി കട തുടങ്ങാനുള്ള ഏര്പ്പാപടുകള്‍ ചെയ്തുകൊടുത്തത്. നാട്ടിലെ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നതുകൊണ്ട് ശിഷ്യന്മാരിലൊരാളുടെ ഒരു കടമുറിയാണ് വലിയ വാടകയൊന്നും ചോദിക്കാതെ തന്നെ കിട്ടിയത്. ഗോപന്റെ അവസ്ഥയില്‍ സഹപാഠിയായ ആ ശിഷ്യനും വിഷമമുണ്ടായിരുന്നു. എങ്ങിനെയെങ്കിലും നേരെയാകട്ടെ എന്ന് അയാളും കരുതി.
കടയിലേക്ക് വേണ്ട സാധനങ്ങളെടുക്കാന്‍ നാരായണന്‍ ഗോപന്റെ കൂടെ പോയിരുന്നു. അല്പം ലാഭത്തിനു സാധനങ്ങളെല്ലാം കിട്ടിയിരുന്നു. അങ്ങിനെ നാലഞ്ചു പ്രാവശ്യം പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം കൂടെ പോകാതായി. ഗോപന്‍ തന്നെ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുവരും. കച്ചവടവും നഷ്ടമില്ലാതെ പോയിക്കൊണ്ടിരുന്നു. ഗോപന് നല്ല ഉത്സാഹമായി. മാഷ്ക്കും സമാധാനമായി, വെറുതെയിരിക്കാതെ ഒരു വരുമാനമാര്‍ഗ്ഗമായല്ലോ?.
അങ്ങിനെയിരിക്കെ ഗോപന്‍ ഒരു പ്രാവശ്യം ചരക്കെടുത്തുവരുമ്പോള്‍ തന്റെ കൃഷ്ണന്‍ എന്ന് പേരുള്ള പഴയ സഹപാഠിയെക്കണ്ടു ആളിപ്പോള്‍ ഗള്‍ഫിലാണ്. ലീവിന് നാട്ടില്‍ വന്നതാണ്. ഗോപന്‍ അയാളോട് കുശലങ്ങളെല്ലാം ചോദിച്ചു, തന്‍റെ കടയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതനുസരിച്ച് കൃഷ്ണന്‍ കടയിലേക്ക് വന്നു. കച്ചവടങ്ങല്‍ക്കിടയില്‍ കുശലപ്രശ്നവും മറ്റും നടന്നു.
കുറച്ചു ദിവസം കഴിഞ്ഞു കൃഷ്ണന്‍ വന്നപ്പോള്‍ വേറൊരു സഹപാഠി കൂടി ഉണ്ടായിരുന്നു. അങ്ങിനെ ദിവസങ്ങള്‍ പോയതോടെ കൂടെ പഠിച്ചവരുടെ എണ്ണം കൂടിക്കൂടിവന്നു കടയില്‍. നില്‍ക്കാന്‍ സ്ഥലമില്ലാതായി. ഗോപന്‍ ഒരു ബെഞ്ച് വാങ്ങി എല്ലാവര്‍ക്കും ഇരിക്കാന്‍. പിന്നെപ്പിന്നെ ഗോപന്‍ കട തുറക്കുന്നതിനു മുന്‍പായി അഞ്ചാറുപേരുണ്ടാകും കടയുടെ മുന്‍പില്‍, കട തുറക്കുന്നതും കാത്ത്.
ക്രമേണ ആ കടയൊരു വെടിവട്ടത്തിനുള്ള സ്ഥലമായി. കച്ചവടവും വരവും കുറഞ്ഞു. എങ്കിലും ഗോപന് കടയില്‍ പോകാന്‍ വലിയ ഉത്സാഹമായിരുന്നു. പൂട്ടി വരാന്‍ മടിയും.
ഈ വിവരമൊക്കെ നാരായണന്‍മാഷ് അറിയുന്നുണ്ടായിരുന്നു. ഒരു ദിവസംകച്ചവടം എങ്ങിനെയുണ്ടെന്നറിയാന്‍ ഒരാളെ അദ്ദേഹം കടയിലേക്ക് വിട്ടു. അയാള്‍ കടയില്‍ചെന്നപ്പോള്‍ കുറെ പേരുണ്ട് എല്ലാവരും എന്തോ ചര്‍ച്ചയിലാണ്. അയാള്‍ അവിടെ ചെന്ന് കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. ഗോപന്‍ അല്പം വെറുപ്പോടെ അതെടുത്തു നോക്കി എന്നിട്ട് അലക്ഷ്യമായി പറഞ്ഞു – ഈ സാധനങ്ങളൊന്നും ഇവിടെയില്ലല്ലോ?
സാധനം വാങ്ങാന്‍ വന്നയാള്‍ ലിസ്റ്റില്‍ എഴുതിയ ഓരോ സാധനവും ഇരിക്കുന്ന സ്ഥലം കാണിച്ച്കൊടുത്തിട്ടു ചോദിച്ചു – “അതാ അവിടെയുണ്ടല്ലോ എല്ലാം. ഒന്നെടുത്തുതന്നുകൂടെ?”
അപ്പോള്‍ ഗോപന്‍റെ മറുപടി “ഞങ്ങള്‍ ഒരു കാര്യം ഗൌരവമായി സംസാരിക്കുന്നത് കണ്ടില്ലേ? അത് കഴിയാന്‍ കുറച്ചു നേരമെടുക്കും. അതുകഴിഞ്ഞ് ഇവിടെ നിന്നെണീട്ടുപോയി അതെല്ലാം എടുക്കുന്ന നേരം കൊണ്ട് നിങ്ങള്‍ വേറെ ഏതെങ്കിലും കടയില്‍ പോയി വാങ്ങിക്കൊള്ളൂ. സമയം കളയണ്ട."
ശിവദാസ് കെ വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക