Slider

കുഞ്ഞു മനസ്സുകളിലെ നന്മകൾ

0

കുഞ്ഞു മനസ്സുകളിലെ നന്മകൾ
**********************************
കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസ് നടക്കുന്നതിന്റെ ഇടയിൽ ഒരു പെൺകുട്ടി ഒരു മുന്നറിയിപ്പും ഇല്ലാതെ ..ഒരു അനുവാദം പോലും ചോദിക്കാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി പുറത്തേക്കു പോയി ....എന്താണ് സംഭവിച്ചതെന്നറിയാൻ ..എന്തിനാണ് ആ കുട്ടി പുറത്തേക്കോടിയതെന്നറിയാൻ ഞാനും ആ കുട്ടിയുടെ പിന്നിൽ പോയി .കുറച്ചു ദൂരം നടന്നപ്പോൾ സ്കൂളിലെ ഒരു മരച്ചുവട്ടിൽ ആ കുട്ടിയിരിക്കുന്നുണ്ട് അടുത്തൊരു പൂച്ചയും നിൽപ്പുണ്ട് ...ആ പൂച്ചയെ സർവ്വശക്തിയുമെടുത്തു ആട്ടിപായിക്കാനുള്ള ശ്രമത്തിലാണ് ആ കുട്ടി ...ആ കുട്ടിയുടെ മുഖത്ത് ഒരു തരം വേദനയും ഭയവും ഒക്കെ വ്യക്തമായി കാണാനുണ്ട്
അപ്പോഴും എനിക്ക് കാര്യമെന്തെന്നു മനസിലായില്ല ...ഞാൻ കുറച്ചു കൂടി അടുത്തേക്ക് നീങ്ങി ആ കുട്ടിയുടെ അടുത്തെത്തി എന്താണ് കാര്യമെന്നന്വേഷിച്ചു ....അപ്പോൾ ആ കുട്ടി നെഞ്ചോട് ചേർത്തുവെച്ച ഒരു കുരുവിക്കൂട് എന്റെ നേർക്ക് നീട്ടി ...അതിനുള്ളിൽ പറക്കമുറ്റാത്ത രണ്ടു കുരുവികുഞ്ഞുങ്ങൾ ഉണ്ടായിരുന്നു ...എങ്ങനെയോ താഴെ വീണ ആ കുരുവിക്കൂട്ടിലെ കുരുവികുഞ്ഞുങ്ങളെ തിന്നാൻ വേണ്ടി വന്ന പൂച്ചയെ കണ്ടു ആ കുരുവികുഞ്ഞുങ്ങളെ രക്ഷിക്കാൻ പരിസരം മറന്നു ഓടി വന്നതായിരുന്നു ആ കുട്ടി .....ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ അവളുടെ അരുകിൽ ചെന്ന് അവളെ എന്നോട് ചേർത്ത് നിർത്തി അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു ......അപ്പോഴും ആ കുട്ടിയുടെ നടുക്കം മാറിയിട്ടുണ്ടായിരുന്നില്ല .....
ആ കുരുന്നു മനസ്സിലെ നന്മ എന്നെ അത്രത്തോളം അത്ഭുതപ്പെടുത്തി ....ആ കുരുവിക്കൂടിനെ അതിന്റെ സ്ഥാനത്തേക്ക് തന്നെ മരച്ചില്ലയിൽ തിരികെ വെച്ച് അവളെയും കൂട്ടി ഞാൻ ക്ലാസ്സിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ദേ മുന്നിൽ നിൽക്കുന്നു പ്രിൻസിപ്പലും ...മാനേജരും ..ചെയർമാനും ....
അവർ എന്നെയും ആ കുട്ടിയേയും ഇനി പറയാൻ ബാക്കിയൊന്നുമില്ല ....കുറെ കേട്ട് നിന്നപ്പോൾ ഞാൻ ചോദിച്ചു ....ഞങ്ങൾ ചെയ്ത തെറ്റെന്താണെന്നു ...അപ്പോഴവർ പറഞ്ഞു അവരുടെ സ്കൂളിന്റെ ഡിസിപ്ലിൻ ബ്രേക്ക് ആയി ത്രേ...
അതുകേട്ടതോടെ എന്റെ കൺട്രോൾ മുഴുവൻ പോയി ...പിന്നെ ഞാൻ ലെക്ചർ കൊടുത്തതു കുട്ടികൾക്കല്ല ...അവിടെയുള്ള വിവരമില്ലാത്തവർക്കാണ് ...
സത്യത്തിൽ എന്താണ് വിദ്യാഭ്യാസം ...എന്താണ് വിദ്യാലയം എന്നറിയാതെയുള്ള ഒരു തരം കച്ചവടസ്ഥാപനങ്ങളായി മാറുകയാണ് ഇന്നത്തെ വിദ്യാലയങ്ങൾ ....ഒരു വിദ്യാലയത്തെ ആയിരം ദേവാലയങ്ങൾക്കു സമമാണെന്നു പറയും ...
അധ്യാപകർ തത്തമ്മേ പൂച്ച പൂച്ച എന്ന് തത്തമ്മയെ കൊണ്ട് പറയിപ്പിക്കുന്ന പോലെ കുട്ടികളെ വാർത്തെടുക്കുന്ന ഒരു പ്രവണതയാണ് ഇന്നത്തെ അധ്യാപനം ...
മനസ്സ് നിറയെ നന്മയുള്ള ആ പെൺകുട്ടിയെ ഒന്ന് അഭിനന്ദിക്കാൻ പോലും തയ്യാറാവാതെ ...ക്ലാസ്സിൽ നിന്നും ഇറങ്ങിയോടിയതിന്റെ പേരിൽ ആ കുട്ടിയോടും ...ആ കുട്ടിയെ അഭിനന്ദിച്ച എന്നോടും വിശദീകരണം ആവശ്യപ്പെട്ടപ്പോൾ എന്റെ ഓർമ്മകൾ എന്റെ വിദ്യാലയദിനങ്ങളിലേക്കു പോയി ...
ഞാൻ പഠിച്ച വിദ്യാലയത്തിന്റെ ഉയർന്ന മതിലിനു മുകളിൽ എങ്ങനെയോ വന്നു പെട്ട ഒരു മുയല്കുഞ്ഞു ....അതിനു കാലുകൊണ്ട് വയ്യ ...അത് ആ മതിലിൽ നിന്ന് വീഴും എന്ന് കണ്ടപ്പോൾ ക്ലാസ്സിൽ നിന്നും ഒന്നും പറയ്യാതെ ഇറങ്ങിയോടി ഞാൻ അതിനരികിലേക്കു ചെന്നപ്പോഴേക്കും മതിലിനു മുകളിൽ നിന്ന് താഴെ വീണു പിടയുന്ന ആ മുയൽ കുഞ്ഞിനെ എടുക്കാൻ മതിലിന് മുകളിൽ നിന്നും ചാടി ആ മുയൽകുഞ്ഞിനെ ചേർത്തുപിടിച്ചു കരഞ്ഞ എന്നെ കണ്ടു അന്നത്തെ ഹെഡ് മാസ്റ്റർ ചന്ദ്രശേഖരൻ മാസ്റ്റർ എന്നെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചതും ....പിന്നീടൊരു അസ്സംബ്ലിയിൽ എന്നെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അഭിനന്ദിച്ചത് ഓർത്തുപോയി .... കാലമെത്ര കഴിഞ്ഞിട്ടും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെങ്കിലും അദ്ദേഹം ഇന്നും എന്റെ മാതൃകാഅധ്യാപകനാണ്
നന്മകൾ അഭ്യസിപ്പിക്കേണ്ടതിനു പകരം സ്വാർത്ഥതയും ...കച്ചവടവുമാണ് ഇന്നത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പിക്കുന്നത് ......
N .B(പ്രിയപ്പെട്ട മാതാപിതാക്കളോട് ....."എന്റെ മക്കൾ ഡോക്ടറാണ് എൻജിനീയറാണ്" എന്ന് പറയുന്നതിനേക്കാൾ എത്രയോ അഭിമാനമാണ് "എന്റെ മക്കൾ നന്മയുള്ളവരാണ് എന്ന് പറയുന്നതും ..അത് മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതും ......മക്കളെ ഡോക്ടർ ആക്കാനും എൻജിനീയറാക്കാനും അല്ല മാതാപിതാക്കളും നല്ല അധ്യാപകരും മത്സരിക്കേണ്ടത് ...മറിച്ചു അവരെ നന്മയുള്ള വ്യക്തികളാക്കാനാണ് മത്സരിക്കേണ്ടത്)
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo