നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===പട്ടി മാതാവ് ====


===പട്ടി മാതാവ് ====
---------------------
"ഡീ..ഇവിടെ, ഇങ്ങട്ടു നോക്കെടി, പട്ടീ "
ഞാൻ ഫുൾ കലിപ്പിലായിരുന്നു.. വൈകുന്നേരം പഞ്ചാരേം മണ്ണണ്ണയും വാങ്ങി സൈക്കിൾ വലിച്ചു ചവിട്ടി വീടിന്റെ മുറ്റത്തു എത്തിയപ്പോ ആണ് അവൾ കുരച്ചു പിന്നാലെ വന്നത്. സൈക്കിൾ താഴെ ഇട്ടു വീടിനകത്തേക്ക് ഒറ്റ ചാട്ടം ആയിരുന്നു. വീടിന്റെ ഉള്ളിൽ കയറി കതക് അടച്ചിട്ടാണ് ശ്വാസം വീണത്.
ജനൽ തുറന്നു നോക്കിയപ്പോ അവൾ മുറ്റത്തു നിന്ന് മോങ്ങുന്നു.
"നന്ദി വേണമെടി.. നന്ദി.. എന്റെ ഒറ്റ ഒരാളുടെ ഔദാര്യം കൊണ്ടാണ് നീ ജീവിക്കുന്നത്.. അതെങ്കിലും ഓർക്കണമായിരുന്നെടി.. പട്ടീ.."
എനിക്ക് കലിപ്പ് തീർന്നില്ല.
"എന്റെ സൈക്കിൾ.. എന്റെ പഞ്ചാര.. എന്റെ മണ്ണെണ്ണ.. എടീ ദുഷ്ടേ.. വിടില്ല ഞാൻ" ഞാൻ കയ്യിൽ കിട്ടിയ എന്തോ എടുത്തു അവളെ എറിഞ്ഞു.. അത് പക്ഷെ വരുന്ന വഴി കടയിൽ നിന്നു വാങ്ങിയ തേങ്ങാ ബിസ്കറ് ആയിരുന്നു.. അവൾ അത് ചാടിപിടിച്ചു, തലയാട്ടി കൊണ്ട് അത് കടിച്ചു മുറിച്ചു.
"ഹോ .. ഈശ്വരാ, എറിഞ്ഞാലും മനസിലാവില്ല ഈ പട്ടിക്ക്"
അവൾ മോങ്ങൽ നിർത്തി വാൽ ആട്ടാൻ തുടങ്ങി.. പട്ടി വാൽ ആട്ടിയാൽ സ്നേഹം എന്നല്ലേ. ആ.. ആർക്കറിയാം.. ഒരെണ്ണത്തിനെ വിശ്വസിക്കാൻ പറ്റില്ല. ഒരു റിസ്ക് എടുക്കാൻ വയ്യ. മാത്രമല്ല എനിക്ക് ഒരു പട്ടീടേം സ്നേഹം വേണ്ട. പട്ടിക്ക് അതിന്റെ വഴി എനിക്ക് എന്റെയും.
ഇന്ന് രാവിലെ പല്ലു തേച്ചു പറമ്പിൽ കറങ്ങി നടക്കുമ്പോൾ ആണ് തെക്കേ അതിരിൽ മുളയുടെ ചുവട്ടിൽ ഈ പട്ടി മഹതിയെ കണ്ടത്. എനിക്ക് ഇവറ്റകളെ കണ്ടൂട. എന്ന്ന മാത്രമല്ല, നല്ല പേടിയും ആണ്.
അത്യാവശ്യം സേഫ് ഡിസ്റ്റൻസ് ആയതു കൊണ്ട് ഞാൻ ഒരു മച്ചിങ്ങ എടുത്തു എറിയാൻ ഉന്നം നോക്കി. അപ്പോഴാണ് അത് ശ്രദ്ധിച്ചത്. അവൾ ഒറ്റക്കല്ല!! കൂടെ മൂന്നു കുഞ്ഞുങ്ങളും ഉണ്ട്. പട്ടി മഹതി ആ പരിസരത്തു തന്നെ കുറെ നാളായി ഉണ്ട്. ഇപ്പൊ മൂന്നു കുഞ്ഞുങ്ങളും കൂടെ ആയി. ആദ്യം തോന്നിയത് "അയ്യോ.. ഈ മൂന്നെണ്ണം കൂടി വലുതായാൽ എങ്ങനെ ജീവിക്കും" എന്നാണ്. പക്ഷെ ഉടനെ തന്നെ എന്റെ ഭയവും ദേഷ്യവും ഒരു കൗതുകത്തിലേക്ക് മാറി.
ഞാൻ പതുക്കെ രണ്ടടി മുന്നോട്ടു വച്ചു.
മനോഹരം! ഇച്ചിരിക്കോളം പോന്ന മൂന്നു കുഞ്ഞുങ്ങൾ. നനുത്ത പഞ്ഞി പോലെ. ഒരെണ്ണം തൂ വെള്ളയാണ്, മറ്റു രണ്ടും വെള്ളയും തവിട്ടും കൂടിയ നിറം. ഞാൻ വീണ്ടും രണ്ടടി മുന്നോട്ടു വച്ചു. അമ്മപ്പട്ടി എന്നെ തന്നെ നോക്കി കിടക്കുകയാണ്. ജാഗരൂകയാണ്. ഞാൻ അതിനെ എപ്പോ കണ്ടാലും കയ്യിൽ കിട്ടുന്നത് എടുത്തു എറിയും. ആ ഓർമ്മയിൽ ആവണം,
അവൾ ഒന്ന് മുരണ്ടു..
"വേണ്ടാ.. അടുത്തു വരണ്ട" എന്ന ഒരു മുന്നറിയിപ്പ് പോലെ. ഞാൻ പിന്നെ ഒരു റിസ്ക് എടുത്തില്ല. അവിടെ തന്നെ നിന്നു അവരെ വീക്ഷിച്ചു. അതെ.. അതിമനോഹരം.. മനുഷ്യരെപ്പോലെ തന്നെ..
എന്റെ സാമീപ്യം കൊണ്ടാവണം ആ 'അമ്മ കുഞ്ഞുങ്ങളെ തന്റെ അരികിലേക്ക് സുരക്ഷിതത്തിലേക്കു അടുപ്പിച്ചു നിർത്താൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു . കുഞ്ഞുങ്ങളുണ്ടോ കേൾക്കുന്നു. ആ വികൃതികുട്ടികൾ ഒന്നും അറിയാതെ അമ്മയുടെ പുറത്തും ചുറ്റിലും ചാടിയും മറിഞ്ഞും കളിക്കുന്നു. 'അമ്മ മുരണ്ടു കൊണ്ട് വീണ്ടും അവരെ തന്നിലേക്ക് അടുപ്പിക്കുന്നു. ആ സീൻ അങ്ങനെ കുറച്ചു നേരം പോയി. പിന്നെ ഞാൻ അപകടകാരി അല്ലെന്നു തോന്നിയതുകൊണ്ടാവണം അവൾ കുട്ടികൾക്ക് പാല് കുടിക്കാൻ സൗകര്യത്തിന് തിരിഞ്ഞു കിടന്നത്.. കുഞ്ഞുങ്ങൾ അമ്മിഞ്ഞപ്പാൽ മൊത്തികുടിക്കുമ്പോൾ ആ അമ്മയുടെ എന്റെ നേരെ തന്നെ ആയിരുന്നു.. പിന്നെ ഏതോ നിർവൃതിയിലേക്കു അലിഞ്ഞു ചേരുന്നു എന്ന പോലെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. മണ്ണിലേക്ക് തല ചെയ്യ്തു കിടക്കുന്ന അവളുടെ മുഖത്തു എന്തൊക്കെയോ വർണ്ണിക്കാൻ കഴിയാത്ത ഭാവങ്ങൾ ഉണ്ടായിരുന്നു. ഇടക്ക് പാലുകുടി നിർത്തി മുന്നിൽ വന്ന കുഞ്ഞുങ്ങളെ അവൾ സ്നേഹവാൽസ്യങ്ങളോടെ നക്കി തുടച്ചു. അവർ വീണ്ടും അവളുടെ മേലെ കുത്തിമറിയാൻ തുടങ്ങി. എന്തൊരു മനോഹരമായ കാഴ്ച! എത്ര നേരം ഞാൻ അങ്ങനെ നിന്നു എന്നറിയില്ല. അങ്ങനെ ഒന്ന് ഒരിക്കലും അത്ര ശ്രദ്ധയോടെ അത്ര അടുത്തു നിന്നു ഞാൻ കണ്ടിട്ടില്ലായിരുന്നു. മനസ് വെറുതെ തുടിച്ചു.. നിറഞ്ഞു.
ഉച്ചക്കാണ് നായപിടുത്തക്കാർ വന്നത്. നായകൾക്ക് എന്ന പോലെ അവർക്കും ഉണ്ട് നായിന്റെ മണത്തു പിടിക്കാൻ ഉള്ള കഴിവ് എന്ന് തോന്നുന്നു. കൃത്യമായി അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ തന്നെ എത്തി. വീടിന്റെ ഗേറ്റ് തുറന്നപ്പോഴേ അവൾ അപകടം തിരിച്ചറിഞ്ഞിരുന്നു. അവളുടെ കുര കേട്ടാണ് ഞാൻ പുറത്തു വന്നത്. അവൾ കുരക്കുകയാണ്, എല്ലാ രൗദ്രഭാവത്തോടും കൂടി. കുട്ടികളിൽ ഒരാൾ അവളുടെ ഒപ്പം തന്നെ മുന്നോട്ടു വന്നു കുരക്കുന്നു.. മറ്റു രണ്ടും പക്ഷെ ഭയന്നിട്ടുള്ള രോദനം ആയിരുന്നു. വിട്ടുകൊടുക്കാനോ, വിട്ടുപോവാനോ അവൾ തയ്യാറല്ലായിരുന്നു. എല്ലാ വീറോടും കൂടി അവൾ പട്ടിപിടുത്തക്കാരെ തുരത്താൻ ശ്രമിച്ചു. കുരച്ചു കൊണ്ട് മുന്നോട്ടു വന്നു.. പിന്നെ തിരിച്ചു കുഞ്ഞുങ്ങളുടെ അടുത്തേക്ക് പാഞ്ഞു. വീണ്ടും കുരച്ചു മുന്നോട്ടാഞ്ഞു. അന്ത്യം വരെ പോരാടും എന്ന നിശ്ചയത്തോടെ ആയിരുന്നു അവൾ. പക്ഷെ മരണത്തെ മുന്നിൽ കണ്ടെന്ന പോലെ പതുക്കെ അവളുടെ കുര തളർന്നു. ദയനീയ ഭാവത്തോടെ അവൾ ചുറ്റിലും നോക്കി. പിന്നെ മക്കളെയും. വീണ്ടും എങ്ങു നിന്നോ ലഭിച്ച ആർജ്ജവത്തോടെ മുന്നോട്ടു വന്നു പൊരുതി.
മൂന്നു പേരായിരുന്നു അവർ പട്ടിപിടുത്തക്കാർ. ഒരാളുടെ കയ്യിൽ ഒരു ചാക്കും മറ്റു രണ്ടു പേരുടെ കയ്യിൽ ഓരോ കുരുക്കും. ഞാൻ കണ്ടിട്ടുണ്ട് അവർ കുരുക്കെറിഞ്ഞു പട്ടിയെ പിടിക്കുന്നത്. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ പട്ടി പിടയുന്നത്. എനിക്ക് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല ആ കാഴ്ച. ദയനീയം എങ്കിലും പട്ടിശല്യം തീരുമല്ലോ എന്നായിരുന്നു മനസ്സിൽ. രാത്രിയും പകലും ഒക്കെ പുറത്തിറങ്ങാൻ പേടിയാണ് ഇവറ്റകൾ കാരണം. എന്നാലും ഈ കുരുക്കെറിഞ്ഞു പിടിക്കൽ അൽപം ക്രൂരം തന്നെ!
അത് തന്നെ ആണ് ഇവിടെയും സംഭവിക്കാൻ പോവുന്നത്. കൂടെ ആ കുഞ്ഞുങ്ങളെയും അവർ കൊണ്ടുപോവും. അവസാനം കൊല്ലുമായിരിക്കും.
ഞാൻ നോക്കുമ്പോൾ ആ 'അമ്മയുടെ കണ്ണുകൾ എന്റെ മുഖത്താണ്. ദയനീയമായ നോട്ടം. സഹായിക്കൂ എന്നൊരു ഭാവം ആണോ ആ മുഖത്ത്!
"അയ്യോ.. വേണ്ട.. ഇത് ഞങ്ങൾ വളർത്തുന്ന പട്ടി ആണ്"
പെട്ടന്ന് ഒന്നും ഓർക്കാതെ ഞാൻ ഇടയിലേക്ക് ചെന്ന് അവരെ തടഞ്ഞു.
"ഇവറ്റകളോ?"
"അതെ.. ഇവർ ഈ പറമ്പു വിട്ടു പോവില്ല.. ഞങ്ങൾ ഗേറ്റ് ഒക്കെ അടച്ചു ഇടുന്നതാ" ഞാൻ പറഞ്ഞു.
അവർ വഴങ്ങിയില്ല.. അവസാനം ഒരു പട്ടിക്ക് ഇരുപതു രൂപ നിരക്കിൽ എൺപത് രൂപ കൊടുത്ത് അവരെ ഒഴിവാക്കി. അതിനു അമ്മയുടെ വക കുറെ ചീത്തയും കേട്ടു.
എന്നിട്ടാണ് ഈ പട്ടി എന്നോട് ഈ ചതി ചെയ്തത്. എന്റെ പുറകെ കുരച്ചു വരാൻ ആര് പറഞ്ഞു.. പഞ്ചാര പോയി.. മണ്ണെണ്ണ പോയി.. റേഷൻ കടയിൽ പോയി പട്ടി ഓടിച്ചു എന്ന് പറഞ്ഞാൽ വേറെ തരുമോ.. ഇല്ല! 'അമ്മ സഹിക്കുമോ.. ഇല്ല.. ചീത്ത കേൾക്കാൻ തന്നെ വിധി..
അവൾ അപ്പോഴും മുറ്റത്തു നിന്നു വാലാട്ടി മോങ്ങുന്നു.
ഉം.. സ്നേഹം കൊണ്ട് തന്നെ ആണ് എന്ന് തോന്നുന്നു. ഒരു പക്ഷെ നന്ദി പറയാൻ വന്നതാവും.
ഞാൻ ജനലിലൂടെ കൈ നീട്ടി തൊഴുതു..
"എന്റെ പൊന്നു പട്ടീ. സ്നേഹിക്കുന്നതിലും നന്ദി പറയുന്നതിലും എനിക്ക് ഒരു വിരോധോം ഇല്ല.. പക്ഷെ ഒരു പത്തു ഇരുപത് അടി ദൂരെ നിന്നു ആയാൽ കൊള്ളാം. പിന്നെ നിന്റെ കുര, അതും നമുക്ക് ഒഴിവാക്കിക്കൂടെ! ഒരു നയത്തിൽ പോയാൽ എനിക്കും കൊള്ളാം നിനക്കും കൊള്ളാം. അല്ലെങ്കിൽ ഞാൻ ആ പട്ടിപിടുത്തക്കാരെ വിളിക്കും. അവർ നിന്നേം പോക്കും നിന്റെ മക്കളേം പോക്കും. മൈൻഡ് ഇറ്റ്.. "
സംഗതി ഏറ്റു എന്ന് തോന്നുന്നു.. അൽപം സംശയിച്ചു നിന്ന ശേഷം അവൾ തല ആട്ടി അവളുടെ മക്കളുടെ അടുത്തേക്ക് പോയി. ഞാൻ അമ്മയുടെ ചീത്ത കേൾക്കാൻ അടുക്കളയിലേക്കും..
####

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot