കഴിഞ്ഞ മാസമായിരുന്നു ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവം, ഞങ്ങള്‍, തദ്ദേശ്ശീയരുടെ പ്രാദേശികോത്സവം. ഒരു നാടിന്റെ വൈകാരികവും ആത്മീയവുമായ ഒരാഘോഷം. തദ്ദേശവാസികള്‍ക്ക് ഓണവും പെരുന്നാളും വിഷുവും ഒക്കെ ഈ ഉത്സവത്തിനു പിന്നിലെ നില്ക്കു, ഒരു കൂട്ടം ഉത്സാഹങ്ങള്‍ക്കൊടുവിലെ ഉത്സവം.
മറ്റ് തിരക്കുകളധികമില്ലാത്ത നാട്ടുകാര്‍ ചേര്‍ന്ന് ഉത്സവക്കമ്മിറ്റി രൂപീകരിച്ച്, ക്ഷേത്ര കലകളും, ക്ഷേത്രാചാരങ്ങളും മറ്റ് കലാപരിപാടികളും കെട്ടു കാഴ്ചകളൂമൊക്കെയായി മൂന്ന് ദിവസത്തെ ഉത്സരുവം തീരുമാനിച്ചുറപ്പിച്ചു. ക്ഷേത്രമൊരുക്കി, നാടും വീഥികളും ഒരുക്കി, വിരുന്നുകാരെയും ബന്ധുക്കളെയും സ്വീകരിക്കാന്‍ വീടുകളൊരുങ്ങി.
എന്റെ വീടും ക്ഷേത്രവും തമ്മില്‍ ഒരു മതിലിന്റെ വിഭജനം മാത്രം. ഞങ്ങളും ഭഗവാനും അയല്‍ക്കാരാണു. ഞങ്ങള്‍ക്ക് തൊട്ടടുത്ത് മറ്റ് അയല്‍ക്കാരാരുമില്ല. ഞാന്‍ വീട്ടിലിരുന്നു വിളിച്ചാല്‍ ഭഗവാനു കേള്‍ക്കാം , ഭഗവാന്‍ വിളിച്ചാല്‍ എനിക്ക് കേള്‍ക്കാം .
അന്യ ദേശത്തേക്ക് കെട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികള്‍ "അമ്മവീട്ടി"ലെത്തും. വിദേശത്ത് ജോലി ചെയ്യുന്ന തദ്ദേശവാസികള്‍ നാട്ടിലെത്തും. ഈ ആഘോഷത്തില്‍ പങ്ക് ചേരാം. ഉത്സവം കാണാം, പണ്ട് പിന്നാലെ നടത്തിച്ചവളുമാരേയും പഴയ പ്രണയിനിമാരെയും കണ്ട് അവരുടെ ഒക്കത്തിരിക്കുന്നതും വിരല്‍ തുമ്പില്‍ തൂങ്ങുന്നതുമായ പിള്ളാര്‍ക്ക് ബലൂണ്‍ മേടിച്ച് കൊടുത്തും കൊച്ചു വര്‍ത്തമാനം പറയാം.
ഉത്സവത്തലേന്ന്, കമ്മറ്റി വീണ്ടും കൂടി അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ഇനി ഓരോരുത്തര്‍ക്കുള്ള ഉത്തരവാദിത്വങ്ങള്‍ വീതം വയ്പാണു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് ഓരോ ഐറ്റം വെവ്വേറെ പേപ്പറിലെഴുതി സൂക്ഷിച്ചിട്ടുണ്ട്, കലാ പരിപാടികള്‍ക്കും പൂജകള്‍ക്കും ഘോഷയാത്രക്കുമൊക്കെയുള്ള ലിസ്റ്റും അവര്‍ക്ക് വേണ്ട സാധനങ്ങളും അവരുടെ ഭക്ഷണ ക്രമീകരണങ്ങളുമൊക്കെ.
ചില പരിപാടികളുടെ ലിസ്റ്റും ചുമതലയും പലരേയും നിര്‍ബന്ധിച്ച് ഏല്പിച്ചപ്പോള്‍ മറ്റ് ചില പരിപാടികളുടെ ഉത്തരവാദിത്വം ചിലരൊക്കെ നിര്‍ബന്ധപൂര്വ്വം പിടിച്ച് വാങ്ങുകയായിരുന്നു
ഗജ വീരനെ ആരു നോക്കും എന്നു ചോദിച്ചപ്പൊള്‍, അതിനു പാപ്പാനുണ്ടെന്ന് ഒരുത്തന്‍ വിളിച്ചു പറഞ്ഞു. അവസാനം പ്രസിഡന്റ് തന്നെ ആനയുടെ കാര്യം ഏല്ക്കേണ്ടി വന്നു. കഥാപ്രസംഗ ടീമിലെ കാഥികനു പകരം കാഥികയായിരുന്നുവെങ്കില്‍ ഞാന്‍ നോക്കിയേനെയെന്ന് മുന്‍ പ്രസിഡന്റിന്റെ ഓഫര്‍.
ശിങ്കാരി മേളം എന്ന് പ്രസിഡന്റ് പറഞ്ഞ് തീരുന്നതിനു മുന്നെ, ഒരേഴെട്ടണ്ണം ചാടി വീണൂ. ഇരുപത്തി ഒന്നു പെണ്കുുട്ടികളുടെ ശിങ്കാരിമേളമാണെ! അവരെ ഒരുക്കാനും കഴിപ്പിക്കാനുമൊക്കെ എന്തൊരു ശുഷ്കാന്തി. കയ്യൂക്കുള്ള ഒരുത്തന്‍ കീറിപ്പറിഞ്ഞ ലിസ്റ്റുമായി നിലത്തിന്നെഴുന്നേറ്റു.
അടുത്തത് നാടകം, അറുപതിനുമേല്‍ പ്രായമുള്ള എന്റടുത്തിരുന്ന ഒരു പ്രമാണി എഴുന്നേറ്റു നിന്നു ലിസ്റ്റ് സ്വീകരിച്ചു. പ്രമാണിക്ക് എതിരാളികളില്ലാത്തതിന്റെ കാരണം എനിക്ക് മനസ്സിലായില്ല. ഞാന്‍ നാടകത്തിലെ പോസ്റ്ററില്‍ നോക്കി. രണ്ട് നടിമാരുണ്ട്. പക്ഷെ പ്രായം ഒരല്പം കൂടുതലാണു, പ്രൊഫൈല്‍ പിക്‌ചര്‍ പോരാ! ലിസ്റ്റുമായി ഇരുന്ന പ്രമാണിയുടെ ചെവിയില്‍ ഞാന്‍ മെല്ലെ പറഞ്ഞു - ഇപ്പോള്‍ നാടകമൊന്നും ഒരു സുഖമില്ല. സ്ത്രീകളൊന്നും അഭിനയിക്കുന്നില്ല, ഒക്കെ ആണുങ്ങള്‍ പെണ്‍ വേഷം കെട്ടുന്നതാണു. പ്രമാണി അവിശ്വസനീയമായി എന്നെ നോക്കി, ഞാന്‍ തല കുലുക്കി ഉറപ്പിച്ചു. പ്രമാണി എഴുന്നേറ്റ് നിന്നു പറഞ്ഞു - പ്രസിഡന്റെ, ക്ഷമിക്കണം. നാടകം മറ്റാരെയെങ്കിലും ഏല്പിക്കണം. വീട്ടില്‍ മക്കളും കൊച്ചു മക്കളുമൊക്കെ വരുന്നുണ്ടേ? ഭാര്യയ്ക്കാണെങ്കില്‍ നല്ല സുഖോമില്ല. അതൊരു ബുദ്ധിമുട്ടാകും.
അന്നദാനമൊരുക്കുന്ന കലവറയുടെ ചുമതല, കമ്മിറ്റിയിലെ വനിതാ അംഗങ്ങളും, സഹോദരിമാരുമായ അനിത- സുലോചന ടീമിനെ ഏല്പിക്കാന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഏകകണ്ഠ തീരുമാനം സഹോദരിമാര്‍ പുച്ഛിച്ച് തള്ളി, ഉറക്കമൊഴിച്ച് പച്ചക്കറിയരിയാനും അടുപ്പിലെ തീയൂതാനും കൂലിക്കാളെ വയ്ക്കാന്‍ പറഞ്ഞിട്ട്, പൊങ്കാല നിവേദ്യത്തിന്റെ ചുമതല സ്വമേധയാ ഏറ്റെടുത്തു. എഫ് ബി പോസ്റ്റുകളില്‍ പൊങ്കാലയിട്ടുള്ള എക്സ്പീരിയന്‍സ് അനിത ചേച്ചിക്ക് ഒരു മുതല്‍ക്കൂട്ടാണല്ലൊ?
എനിക്കൊരുത്തരവാദിത്വം എന്തായാലും കിട്ടും. നല്ലതൊരെണ്ണം സ്വീകരിക്കണം, അധികം അലച്ചല്ലില്ലാത്തത്. ഞാന്‍ ചുറ്റും നോക്കി, പലതും കണ്ണിനു മുന്നിലൂടേ കടന്ന് പോയി, ഗാനമേളയുടെ പോസ്റ്ററടക്കം. ഞാന്‍ നോട്ടം തിരികെകൊണ്ട് വന്ന് ഗാനമേളയില്‍ നിര്‍ത്തി. കൊള്ളാം, പ്രൊഫൈല്‍ പിക്ചര്‍ കൊള്ളാം. ഇത് യാര്‍ക്കും കൊടുക്കമാട്ടെ. ഞാന്‍ തയ്യാറായി. കസേരയില്‍ ഒരല്പം മുന്നോട്ടാഞ്ഞിരുന്നു, ഗാനമേളയുടെ "ഗ" യില്‍ തന്നെ പിടിക്കണം. അല്ലെങ്കില്‍ പിള്ളേര്‍ കൊണ്ട് പോകും.
അടുത്ത ഐറ്റങ്ങളൊക്കെ നാടകീയമായി ഒഴിവക്കി ഗാനമേള എന്ന് കേട്ടതും ചാടിയെഴുന്നേറ്റു, എന്റെ പിന്നിലിരുന്ന ഒരുത്തന്‍ എന്നെയും ചവിട്ടി തള്ളി താഴെയിട്ട് ഞാനിരുന്ന കസേരയും ഒടിച്ച് മുന്നിലേക്ക് കുതിച്ചു. അത് പോലെ പല ഭാഗങ്ങളില്‍ നിന്നും, പ്രസിഡന്റിന്റെ കയ്യിലിരുന്ന കടലാസിനു വേണ്ടീ കസേരകളിലിരുന്നവരുടെ തോളില്‍ ചവിട്ടി ആളെത്തി. ഞാന്‍ ചാടിപിണഞ്ഞ് എഴുന്നേറ്റു. എങ്ങനേയും ലിസ്റ്റ് കൈക്കലാക്കണം. പക്ഷെ വൈകി പോയി. എന്റെ തോളില്‍ ചവിട്ടി പോയവന്റെ കയ്യില്‍ ലിസ്റ്റ്. ദേഹത്ത് പറ്റിയ മണ്ണ് തട്ടിതുടക്കുന്നതിനടയില്‍ ഞാന്‍ അവനെ ദയനീയതയോടെ നോക്കി.
ലിസ്റ്റുമായി അവന്‍ ഗാനമേളയുടെ പോസ്റ്ററിനരികില്‍ ചെന്ന് അതിലെ പ്രൊഫൈല്‍ പിക്‌ചറില്‍ മെല്ലെ തലോടിക്കൊണ്ട് എന്നെ നോക്കി. ഞാന്‍ നിറകണ്ണുകളോടെ നോട്ടം പിന്‍വലിച്ചു. അതും കഴിഞ്ഞ്, അവന്‍ എന്റെ പിന്നില്‍ വന്നിരുന്ന് മെല്ലെ പറഞ്ഞു, "ഇതാണ്‍പിള്ളേര്‍ക്കുള്ളതാണു! ലോക്കല്‍സിലെ പയ്യന്മാരോട് മത്സരിക്കണ്ട, ചെല്ല്, ചെന്ന് വല്ല കതിരു കാളയൊ ചെണ്ടയോ മേടീക്കു. ഞാന്‍ ഇടറിയ മനസ്സോടെ അത് കേട്ടു, എന്നിട്ടെന്റെ മനസ്സിനോട് പറഞ്ഞു - മാര്‍ക്ക് ഹിം. മനസ്സ് റിപ്ലൈഡ്, "യെസ് ബോസ്".
അവന്‍ പറഞ്ഞ പോലെ എനിക്ക് ചെണ്ട കിട്ടി.
ഉത്സവം ആരംഭിച്ചു. രണ്ടാ ദിവസം രാവിലെ പൊങ്കാല നിവേദ്യത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഉത്തരവാദിത്വപ്പെട്ട അനിത-സുലോചന സഹോദരിമാര്‍ ഓടി നടന്ന് സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. ഞാന്‍ മാറി നിന്നു പൊങ്കാലയിടാന്‍ വന്ന സ്ത്രീകളെ സ്ക്രീന്‍ ചെയ്യുന്നു. പണ്ഡാരയടുപ്പിലേക്ക് ശ്രീകോവിലില്‍ നിന്നുള്ള തിരിയില്‍ നിന്നും തീ കൊളുത്തി. അതില്‍ നിന്നും മറ്റ് അടുപ്പുകളിലേക്ക് തീ പടര്‍ന്നു. അന്തരീക്ഷം പെട്ടെന്ന് പുകയും ചൂടും കൊണ്ട് നിറഞ്ഞു. പുക ഒരു പരിധിവരെ എന്റെ സ്ക്രീനിങ്ങ് തടസ്സപ്പെടുത്തി.
തീയും പുകയും കൂടിയപ്പോള്‍ അതിനിടയില്‍ നിന്നും അനിത ചേച്ചി ഒരു രസീത് കുറ്റിയും പേനയും കൊണ്ട് എന്നരികിലെത്തി പറഞ്ഞു - "സണ്ണി എനിക്കൊരല്പം തിരക്കുണ്ട്, നീ ഇതും കൊണ്ട് പോങ്കാലയിടുന്നവരില്‍ നിന്നും പത്ത് രുപാ വീതം പിരിക്ക്". എന്റെ മറുപടിക്ക് കാക്കാതെ രസിത് കുറ്റിയും പേനയും എന്നെ ഏല്പിച്ച് ചേച്ചി പോയി. തീയും പുകയും ചൂടും സഹിച്ച് ഞാന്‍ പണവും പിരിച്ച് തിരികെ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ കണ്ട കാഴ്ച,
അനിത ചേച്ചിയും സുലോചന ചേച്ചിയും കൂടി,
കമ്മിറ്റി ഓഫീസിലെ മൂലയിലിരുന്നു..
ഒരു മൊബൈല്‍ ഫോണില്‍ എന്തോ കാണുന്നു... പൊട്ടിച്ചിരിക്കുന്നു. പിന്നേയും നോക്കുന്നു,, ചിരിക്കുന്നു..
എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചിരി നിര്ത്തി മൊബൈല്‍ ഫോണ്‍ എന്നെ കാണിച്ചു.. ശ്രീമാന്‍. ഷൗക്കത്ത് മൊയ്തീന്റെ ലുങ്കി ഡാന്‍സ് വായിച്ച് ചിരിക്കുന്നു.
ഒന്നു രണ്ടും ദിവസത്തെ പരിപാടികള്‍ കഴിഞ്ഞു. പ്രധാനപ്പെട്ട മൂന്നാം ദിവസം.
ഗാനമേള രാത്രി പതിനൊന്നരക്കാണു. പാര്‍ട്ടി എത്താന്‍ എന്തായാലും എട്ട് മണിയെങ്കിലുമാകും. ഇത് കൊണ്ടാകണം, ഉത്തരവാദിത്വപ്പെട്ട ഫ്രീക്കന്‍ ഘോഷയാത്രക്കൊപ്പം പോയി.
ആറു മണിയായപ്പോള്‍ പ്രസിഡന്റ്, നല്ല പൊക്കമുള്ള, ജീന്സും ജാക്കറ്റും ധരിച്ച്, ഷോള്‍ഡര്‍ ബാഗ് തൂക്കിയ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട് വന്നു. ഗാനമേളക്ക് പാടാന്‍ വന്ന കുട്ടിയാണു, വളരെ ദൂരെനിന്ന് വരികയാണു. ട്രൂപ്പിലെ മറ്റംഗങ്ങള്‍ എത്തുന്നത് വരെ റെസ്റ്റ് എടുക്കുന്നതിനും സുരക്ഷിതമായി ഇരിക്കുന്നതിനും വേണ്ടി വീട്ടിലെത്തിച്ചതാണു.
പെണ്‍കുട്ടി വീട്ടിനുള്ളില്‍ വിശ്രമിച്ചു. ഇതിനിടയില്‍ ഫ്രീക്കനു വിവരം കിട്ടി. കിട്ടിയ ബൈക്കില്‍ ഫ്രീക്കന്‍ അസ്ത്രം വിട്ട കണക്കെ ക്ഷേത്രത്തിലെത്തി. പ്രസിഡന്റിനോട് എന്തോ സംസാരിക്കുന്നത് ഞാന്‍ മതിലിനു മുകളിലൂടേ കണ്ടു. ഞങ്ങളുടെ വീടിനു നേരെ പ്രസിഡന്റ് വിരല്‍ ചൂണ്ടുന്നുമുണ്ട്. ബൈക്ക് കളഞ്ഞിട്ട് ഫ്രീക്കന്‍ എന്റെ വീട്ടിലേക്ക് വരുന്നത് കണ്ട്, ഞാന്‍ വീടിന്റെ ഗേറ്റ് വലിച്ചടച്ച് പൂട്ടിയെടുത്തു. ഇത് കണ്ട അമ്മ കാര്യമന്വേഷിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു- ഉത്സവമല്ലെ, ആരൊക്കെയാ വരുന്നതെന്നറിയില്ല. വല്ല ബൈക്കൊ കാറൊ കൊണ്ട് ഗേറ്റിനുള്ളില്‍ വച്ചാല്‍ പിന്നെ അത് മെനക്കേടാകും. പരിചയക്കാര്‍ വന്നാല്‍ മാത്രം തുറന്നാല്‍ മതി.
ഇതിനിടയില്‍ ഫ്രീക്കന്‍ ഗേറ്റിലെത്തി. ഒന്നു മറീയാത്തവനെ പോലെ ഞാന്‍ ഗേറ്റിനരികിലെത്തി എന്തെ എന്നു ചോദിച്ചു?
"അണ്ണാ, ഗാനമേളക്ക് പാടുന്ന പാട്ടുകാരി വന്നൊ ?
എത്തിയല്ലൊ? നീയെവിടെ ആയിരുന്നു? നിനക്കൊരു ഉത്തരവാദിത്വമില്ലെ? നിന്നെയല്ലെ ഇവരുടെ ഒക്കെ കാര്യമേല്പിച്ചിരുന്നത്? ഞാന്‍ ചോദിച്ചു.
"അണ്ണാ അവരിത്രപെട്ടെന്ന് എത്തുമെന്ന് കരുതിയില്ല, അണ്ണന്‍ ഗേറ്റ് തുറന്നെ? ആ കുട്ടിയെ ഒന്നു വിളീക്കു ..ഞാന്‍ എല്ലാം അറൈഞ്ച് ചെയ്തിട്ടുണ്ട്".
"ഇപ്പോള്‍ വിളിക്കാന്‍ പറ്റില്ല, അവള്‍ റെസ്റ്റ് എടുക്കുകയാണു". ഞാന്‍ മറുപടി പറഞ്ഞു.
"ഞാന്‍ ആ കുട്ടിക്ക് റെസ്റ്റെടുക്കാന്‍ എന്റെ വിട്ടില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്". അവനവളേ കൊണ്ടേ പോകു എന്ന മട്ടില്‍.
"ഇനിയിപ്പോള്‍ അവളിവിടെ റെസ്റ്റ് എടുക്കട്ടെ, നീ ചെന്ന് മറ്റ് കാര്യങ്ങളൊക്കെ ചെയ്യ്. ജനറേറ്ററിലൊഴിക്കാനുള്ള ഡീസലൊക്കെ മേടീച്ചോന്ന് നോക്ക്"?
അത്രയും പറഞ്ഞ് ഞാന്‍ വീട്ടിനുള്ളിലേക്ക് കയറീ. എന്റെ വാക്കിലെ പരിഹാസം അവനു മനസ്സിലായി.
"നിങ്ങളൊരുമാതിരി മറ്റേ പരിപാടി കാണിക്കരുത് കേട്ടൊ". അതും പറഞ്ഞ്, ചവിട്ടി ഞെരിച്ച് അവനും താഴെ ക്ഷേത്രത്തിലേക്ക് പോയി.
അര മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍ ഫ്രീക്കനും രണ്ട് കൂട്ടുകാരും വീണ്ടൂമെത്തി. ഇത്തവണ കയ്യില്‍ ഒരു ഫ്ലാസ്കും ഒരു ചെറിയ പൊതിയുമുണ്ട്. ഗേറ്റ് തുറക്കാതെ ഞാന്‍ കാര്യമന്വേഷിച്ചു.
"കുട്ടിക്കുള്ള ചായയും കടിയുമാണു, അണ്ണന്‍ ഗേറ്റ് തുറന്നെ?"
"ആ കുട്ടി ചായ കുടിച്ചു, ദേ ഇപ്പൊള്‍ ഒന്നു മയങ്ങാന്‍ കിടന്നു, നിങ്ങള്‍ ശല്യം ചെയ്യരുത്", ഞാന്‍ പറഞ്ഞു.
"കിടന്നോ? എവിടെ കിടന്നു"? അവനു ആകാംക്ഷ.
ഞാന്‍ ഗേറ്റിലോട്ട് തല ചേര്‍ത്ത് വച്ച് രഹസ്യം പറയുന്ന പോലെ പറഞ്ഞു : "അവള്‍റൂമില്‍ കിടന്നുറങ്ങുന്നു. പകലു മുഴുവന്‍ യാത്ര ചെയ്ത് തൊടുപുഴേന്ന് വന്നതല്ലെ, നല്ല ക്ഷീണമുണ്ട്, ഇനി രാത്രി മുഴുവന്‍ തൊണ്ട കീറി പാടണം" .
"ഓഹൊ' അപ്പോള്‍ കാര്യങ്ങളൊക്കെ ഭംഗിയായി അറിഞ്ഞ് ചെയ്യുന്നുണ്ടല്ലെ" ഫ്രീക്കന്റെ കുരു പൊട്ടുന്ന ലക്ഷണമുണ്ട്.
ഞാനൊരു കള്ളച്ചിരിയും ചിരിച്ച്, തലയൊന്നു ചരിച്ച്, ഇന്നസെന്റിനു നാണം വരുന്ന പോലെ അവന്മാരെ പാളി നോക്കി, കണ്ണൊന്നു ഇറുക്കി കാണിച്ചിട്ട്, നൃത്തച്ചുവടുകളോടെ എന്റെ വീടിന്റെ പടികയറീ. പിന്നില്‍, ഫ്രീക്കന്‍ കൈകൊണ്ട് ഗേറ്റിലിടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു.
ഗായിക വിട്ടിലുറങ്ങുന്നു എന്ന വാര്‍ത്ത ക്ഷേത്രപരിസരത്ത് വ്യാപിച്ചു. എന്റെ വീടിന്റെ മതിലിന്റെ കീഴില്‍ മൊബൈലും കുത്തിപിടിച്ച് ഫ്രീക്കന്മാര്‍ കറങ്ങി നടക്കുന്നു. ഇതിനിടയില്‍ കുറച്ച് തണുത്ത വെള്ളം ചോദിച്ച മറ്റൊരു ഫ്രീക്കനു ഞാന്‍ ഹോസ് എടുത്ത് റോഡിലേക്ക് കൊടുത്തു, ആവശ്യത്തിനു കുടിക്കുകയോ കുളിക്കുകയോ ആവാം. അവന്റെ ആവശ്യം വെള്ളമയിരുന്നില്ല വീട്ടില്‍ കയറുക എന്നത് മാത്രമായിരുന്നു.
എട്ട് മണിയോടെ വീടിന്റെ പിന്നില്‍ നിന്നും ഉച്ചത്തില്‍ അമ്മയുടേ നിലവിളി കേട്ട് ഓടിചെന്നപ്പൊള്‍, രണ്ട് പേര്‍ പിന്നിലെ മതിലു ചാടി അകത്ത് കടന്നിരിക്കുന്നു. അത് കണ്ടാണു അമ്മ നിലവിളിച്ചത്. ഞാന്‍ ലൈറ്റിട്ട് നോക്കിയപ്പോള്‍ നേരത്തെ ഫ്രീക്കന്റെ കൂടെ ചായയുമായി വന്നവന്മാരാണു. കയ്യിലൊരു പ്ലാസ്റ്റിക് ക്യാരി ബാഗുമുണ്ട്. കാര്യമന്വേഷിച്ചപ്പൊള്‍ ഗായികക്കുള്ള പൊറോട്ടയും ചിക്കന്‍ ഫ്രൈയ്യും കയ്യീന്ന് കാശ് മുടക്കി മേടിച്ച് പിന്നാമ്പുറം വഴി വന്നതാണു. ഒന്നു വിരട്ടി, ചാടിക്കടന്ന മതില്‍ തിരികെ ചാടിച്ചു. പൊറോട്ടയും ചിക്കന്‍ ഫ്രൈയ്യും ഞാന്‍ മേടിച്ച് അടുക്കളയില്‍ കൊണ്ട് പോയി ഞാനും മകനും കൂടി കഴിച്ചു.
ഒന്‍പത് മണിയോടെ ഗാനമേളയുടെ മറ്റ് ട്രൂപ്പംഗങ്ങളും എത്തി. അവര്‍ ഭക്ഷണം കഴിക്കാന്‍ പോകാന്‍ തയ്യാറായപ്പോള്‍, മെയിന്‍ ഫ്രീക്കന്‍ വീണ്ടും ഗേറ്റിലെത്തി അടിയും വിളിയും. ഞാന്‍ അവന്റെ അരികിലേക്ക് ചെന്നു.
"അണ്ണാ അവളെ ഇറക്കി വിട്, ആഹാരം കഴിച്ചിട്ട് റെഡിയാകാനുള്ളതാണു"
"അവള്‍ ആഹാരം കഴിച്ചു". ഞാന്‍ ശാന്തതയോടേ പറഞ്ഞു.
"ആരു കൊടുത്തു, എപ്പോ കഴിച്ചു, ആരുടെ കൂടെ കഴിച്ചു"? ഫ്രീക്കന്‍ കണ്ട്രോള്‍ വിട്ട് ചോദിച്ചു.
ഞാന്‍ സൗമ്യനായി പറഞ്ഞു: "ഞാനും അവളും ഒരുമിച്ചിരുന്നു കഴിച്ചു, സാമ്പാറും, ചോറും, അവിയലും, തോരനും ഇഞ്ചിക്കറിയും ഒക്കെ ഉണ്ടായിരുന്നു. പായസവും കഴിച്ചു, ഇനി അവള്‍ ആഹാരം കഴിക്കാന്‍ വരുമെന്ന് തോന്നുന്നില്ല. നീ ചെന്ന് മറ്റുള്ളവര്ക്ക് ഭക്ഷണം കൊടുക്കു".
"അണ്ണ, ആ കുട്ടിക്ക് വെജിറ്റേറിയന്‍ അല്ല, പൊറോട്ടയും ബീഫുമാണു പറഞ്ഞു വച്ചിരിക്കുന്നത്"
"അറിയാം അനിയ, എന്റെ കൂടേ ഇരുന്ന കഴിക്കുമ്പൊള്‍ അവിയലിനും പോലും ബീഫിന്റെ ടേസ്റ്റ് എന്നാ അവള്‍ പറഞ്ഞത്, ബീഫും പൊറോട്ടയും ഒന്നും ഇനി വേണ്ട. ഇനി ഒരു കാര്യം കൂടി പറയാം, നീ ആരോടും പറയരുത്"
അവന്റെ ഉണ്ടക്കണ്ണു തള്ളി... ചെവി വട്ടം പിടിച്ചു.
"എടാ അവള്‍ വീശുന്ന കൂട്ടത്തിലാണു. എന്നോട് സാധനമുണ്ടോന്നു തിരക്കി, സ്റ്റേജില്‍ കയറുന്നതിനു മുന്നെ രണ്ടെണ്ണം പതിവാണെന്ന്"
മറു ചോദ്യം അവനില്‍ നിന്നും ഉണ്ടായില്ല.. അന്തം വിട്ട പ്രതിയെക്കണക്ക് അവന്‍ വാ പൊളിച്ച് നിന്നു. അവന്റെ അവസ്ഥ കണ്ട് ആവേശം കൂടീയ ഞാന്‍ പറഞ്ഞു;
"ഞങ്ങളീരണ്ട് ഹെന്നസ്സെ വീശി"
"അതെന്തെരു സാധനം" അവന്‍ യാന്ത്രികമായി, വായടക്കാതെ ചോദിച്ചു.
"കോണ്യാക്, നല്ല ഫ്രഞ്ച് വാറ്റ് തൈലം" അത് പറഞ്ഞ് ഞാനൊരു അവലക്ഷണംകെട്ട ചിരി ചിരിച്ചു.
"അണ്ണാ നിങ്ങളു കളിക്കരുത്, ഊപ്പാട് വന്നു പോകും. ഗാനമേളക്ക് വന്ന പെണ്ണിനെ വാറ്റ് ചാരായം കൊടുത്ത് , ഉത്സവം കലക്കാനാ പരിപാടി അല്ലെ? ... കൊള്ളാം കയ്യിലിരിപ്പ്, നിങ്ങളുടെ അസുഖം മനസ്സിലായി, ഞാനിത് പ്രസിഡന്റിനോട് പറയും" അവനെ വിറക്കാന്‍ തുടങ്ങി.
അപ്പോഴേക്കും മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോകാനായി കയറിവന്നു.
ഫ്രീക്കന്‍ എന്നെ തെറിയും പറഞ്ഞ് മറ്റുള്ളവരേയും കൊണ്ട് ആഹാരം കഴിപ്പിക്കാന്‍ പോയി.
മറ്റുള്ളവരെ ആഹാരം കഴിപ്പിച്ച് കൊണ്ട് വന്നിട്ട്, ഫ്രീക്കന്‍ വീണ്ടും ഗേറ്റിലെത്തി അടിച്ച് വിളിച്ചു. ഞാന്‍ ചെന്ന് ഗേറ്റ് തുറന്നു. അപ്പോഴാണു അവനു മനസ്സിലായത് അതപ്പോള്‍ പൂട്ടിയിട്ടില്ലായിരുന്നുവെന്ന്. ഇടിച്ചിട്ട് അവന്‍ അകത്ത് കയറി പടി വരെയെത്തി. അവിടെ ഞാനവനെ തടഞ്ഞു.
"ആ കൊച്ചിനോട് വരാന്‍ പറ, ബാക്കിയുള്ളവരൊക്കെ സ്റ്റേജിലെത്തി. ഞാനാ കൊച്ചിനെ സ്റ്റേജില്‍ കൊണ്ടാക്കാം" എന്റെ മുഖത്ത് നോക്കാതെ ഗൗരവത്തില്‍ അവന്‍ പറഞ്ഞു.
"അവള്‍ സ്റ്റേജിലെത്തിയല്ലോ" ഞാന്‍ മറുപടി പറഞ്ഞു.
"എപ്പോ" അവിശ്വസനീയതയോടെ അവന്‍
"നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പൊള്‍, ഞാനാ കുട്ടിയെ സ്റ്റേജില്‍ കൊണ്ടാക്കി, ബാക്കിയുള്ളവര്‍ തിരുച്ചു വരുന്നത് വരെ ഞാനവിടേ കൂട്ടിരിക്കുന്നത് നീ കണ്ടില്ലായിരുന്നോ"?
"അണ്ണാ..നിങ്ങളൊരുമാതിരി മറ്റെ പരിപാടി കാണിക്കരുത്. നമ്മളൊക്കെ ഊളയാണെന്ന് കരുതരുത്. നിങ്ങടെ മൂത്ത മോനെ കെട്ടിക്കാറായില്ലെ..എന്നിട്ടും ഇപ്പോഴും..നാണമില്ലെ മനുഷ്യ"
അവനെന്നെ പ്രാകി കൊല്ലുമെന്നായപ്പോള്‍, ഞാനവന്റെ തോളില്‍ കൈയ്യിട്ട് കൊണ്ട് പറഞ്ഞു "അനിയ..നീ വെറൂം ലോക്കല്‍, ലോക്കല്‍ ഫ്രീക്കന്‍... ഞാന്‍ വേറേ ലെവല്‍... ഇന്റര്‍ നാഷണല്‍ ഫ്രീക്കന്‍, സാരമില്ല.. ട്രൈ നെക്സ്റ്റ് ടൈം". അതും പോരാഞ്ഞ് അമീര്‍ഖാന്റെ ദംഗലിലെ ഒരു ഡയലോഗ് കൂടി കാച്ചി
"യേ ദില്‍ ചോട്ടാ മത് കര്‍!!! നാഷണല്‍ ലെവല്‍ ചാമ്പ്യന്സെ ഹരാ ഹെ തു"
വീട്ടില്‍ വൈദ്യുതദീപാലങ്കാരം ഇട്ട് ടെറസില്‍ നിന്നും മുറ്റത്തേക്കിറങ്ങുമ്പോള്‍, ഗൗരവം നിറച്ചു സ്നേഹം ഒളിച്ചു വച്ച ശബ്ദം ഞാന്‍ കേട്ടു- വീട് മുഴുവന്‍ ലൈറ്റിട്ട് കറണ്ടൊക്കെ എരിക്ക്, അടുത്ത ബില്ല് വരുമ്പൊള്‍ നോക്കിക്കൊ.
ഞാന്‍ ചാരു കസേരയിലേക്ക് നോക്കി. ഇല്ല. ശ്യൂന്യമാണു.
മനസ്സില്‍ ആഘോഷവും ആരവവും നിറച്ച് പുറമെ ഗൗരവം നിറച്ച്, മറ്റെല്ലാം ഒരു മന്ദഹാസത്തിലൊതുക്കി നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ചാരുകസേരയിലില്ല
കൊച്ചു കൊച്ചു ജയങ്ങളിലൂടെയും പരാജയങ്ങളിലൂടെയും തമാശകളിലൂടേയും ഉത്സവത്തിന്റെ ലഹരി നിറക്കുമ്പൊള്‍, കാലം നല്‍കിയ വലിയൊരു പരാജയത്തിന്റെ കയ്പുകള്‍ കണ്കോണുകളില്‍ ജലകണങ്ങള്‍ നിറക്കാതെ ഒരുത്സവവും കഴിഞ്ഞ് പോകാറില്ല.
വര്‍ഷങ്ങള്‍ക്ക് മുന്നെ, ഒരുത്സവത്തലേന്ന്, മുറ്റത്ത് ഓടി നടന്ന്‍ നിര്‍ദ്ദേശങ്ങള്‍ നല്കി, കേളി കൊട്ടിന്റെ താളവും കാത്ത് ഉമ്മറത്തെ ചാരു കസേരയില്‍ ചാരി കിടന്നപ്പോള്‍, അപശ്രുതി ഉണര്‍ന്നത് ഹൃദയ താളത്തിനായിരുന്നു. പ്രതീക്ഷകളോടെ ഡോക്ടറുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന നിമിഷങ്ങള്‍ക്കൊടുവില്‍, പുറത്തേക്ക് വന്ന ഡോക്റ്റര്‍ മുഖത്ത് നോക്കാതെ കൈകളില്‍ അമര്‍ത്തി പിടിച്ച് കടന്ന് പോയപ്പോള്‍, മനസ്സില്‍ അസ്തമിച്ചത് ഒരു സൂര്യനായിരുന്നു, ജീവിതത്തിലെ മറ്റൊരു ഉത്സവമായിരുന്നു. ഒരു വഴിവെട്ടമായി മുന്നില്‍ നടക്കാനാളില്ലെന്ന പരമമായ സത്യം ഉള്‍ക്കിടിലത്തോടെ ഉള്‍ക്കൊള്ളുകയായിരുന്നു.
ഇന്നും, ഞങ്ങളുടെ ഉത്സവപറമ്പില്‍, ചെണ്ടയുടേ താളം മുറുകുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഞാന്‍ തേടുന്നുണ്ട് ആ മുഖം. എനിക്കുറപ്പുണ്ട്, അവിടുണ്ടാകും. ഞാന്‍ കാണാതെ ഒളിച്ച് നിന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടാകും. അല്ലേ?
(അശോക് വാമദേവന്‍)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക