നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വസന്തം പൂക്കുന്നു


വസന്തം പൂക്കുന്നു
===============
രഖു വീട്ടിലെ കാർപോർച്ചിലേക്കു കാർ നിർത്തുമ്പോൾ അയാളിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുണർന്നു. അയാളുടെ മുഖം പതിവിലും കവിഞ്ഞ സന്തോഷമുണ്ടായിരുന്നു.
പോക്കറ്റിലിൽ നിന്നും താക്കോലെടുത്ത് വാതിൽ തുറന്നു. അകത്ത് കയറി വാതിലടച്ചു കുറ്റിയിട്ടു.
ഹാളിലെ സോഫാസെറ്റില്ലെ വിരികവറുകൾ അലസമായി കിടക്കുന്നു. ടീപ്പോയിലിൽ പത്രങ്ങളും മാസികകളും പരന്നു കിടക്കുന്നു. അയാൾക്ക് അരിശം തോന്നി. അകത്തേക്ക് നോക്കി അലറാൻ അയാൾക്ക് തോന്നിയെങ്കിലും പിന്നീട് വേണ്ടാന്ന് വെച്ചു. എല്ലാം ക്രമമായി അടുക്കിപെറുക്കി വെച്ചു. ഇതുവരെ ശ്രദ്ധിക്കാത്ത കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നതിൽ അയാൾക്ക് തന്നോട് തന്നെ അതിശയം തോന്നി.
ഉടുത്ത വസ്ത്രങ്ങൾ മാറാതെ ബെഡിൽ മലർന്നു കിടന്നു. അങ്ങനെ കുറേനേരം കിടക്കാൻ അയാൾ ആഗ്രഹിച്ചു. എന്തൊക്കെയോ ഭാരങ്ങൾ തന്നിൽ നിന്നും വേർപെട്ടപോലെയും മനസ്സിന് ഒരാശ്വാസം കിട്ടിയതും, രാവിലെയുള്ള അലച്ചിലിൽ തളർന്ന ശരീരംവും, തല വേദനയും കാരണം കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ അയാൾ മയക്കത്തിലേക്ക് ആണ്ടു.
അവ്യക്തവും എന്നാൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തതുമായ പല സ്വപ്‌നങ്ങൾ കണ്ടാണ് അയാൾ ഉണർന്നത്. മയക്കത്തിന്റെ താഴ്ച കൊണ്ടന്നറിയില്ല അയാളിലെ തല വേദന അസഹ്യമായിരുന്നു. ഒരു ചുടു ചായ കുടിക്കാൻ അയാൾ ആഗ്രഹിച്ചു.
രഖു ഉറക്കെ നീട്ടിവിളിച്ചു ''രാധികെ.. കടുപ്പത്തിൽ ചായ ...''
മറുപടി ഒന്നും കേൾക്കാതിരുന്നപ്പോൾ അയാൾക്ക് തന്റെ തെറ്റിനോട് ഈർഷ്യ തോന്നി. സ്വയം പിറുപിറുത്ത് അയാൾ അടുക്കളയിലേക്കു നടന്നു.
വലിച്ചു വാരിയിട്ടു കഴുകാത്ത പാത്രങ്ങൾ അവയിൽ നിന്ന് ഉത്ഭവിക്കുന്ന അറപ്പുളവാക്കുന്ന ദുർഗന്ധം അയാളെ വീർപ്പു മുട്ടിച്ചു. പൈപ്പ് തുറന്നു പാത്രങ്ങളിൽ വെള്ളം നനച്ചു.
''രഖുവേട്ടാ.... രഖുവേട്ടൻ എപ്പോഴും അലസനാണ് ... കാര്യ ഗൗരവം ആയിട്ടില്ല...'' തന്റെ തൊട്ടു പിന്നിൽ നിന്ന് അവൾ തന്നെ താഴ്ത്തി കെട്ടുന്നത് കേട്ടപ്പോൾ അയാൾ ദേഷ്യത്തോടെ അടിക്കാനായി കൈ ഉയർത്തി പിന്തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാത്തതിൽ സ്വയം ജാള്യത തോന്നി.
ഒറ്റപെട്ടു ഒഴിഞ്ഞു കിടക്കുന്ന മുറികളും നിശ്ശബ്ദമായ വീടും അയാളെ വീർപ്പ് മുട്ടിച്ചു.
അകത്തിരിക്കാൻ മടിച്ച അയാൾ, ആവിപാറുന്ന കട്ടൻ ചായയുമായി ഉമ്മറ കസേരയിൽ ഇരുന്നു തന്റെ ഉമ്മറത്തെ ചെടിത്തോട്ടങ്ങളെ നോക്കി. പല ചെടികളും വെള്ളം കുറെ കാലം കിട്ടാതെ വാടികരിഞ്ഞിരുന്നു. ഒരു പൂക്കൾ പോലും തളിർത്തിരുന്നില്ല. രാധിക ഉണ്ടായിരുന്നപ്പോൾ എന്നും വെള്ളം ഒഴിക്കുമായിരുന്നു. പൂത്തു വിരിഞ്ഞു നിൽക്കുന്ന റോസാച്ചെടിയും, ഉണ്ട മുല്ലയും, തെച്ചിയും മന്താരവും... ഓർമ്മകളിൽ മാത്രം. ചെടികളെ തീരെ ഇഷ്ടമില്ലാതിരുന്ന തന്നോട് അവൾ ചെടികൾ വാങ്ങാൻ എപ്പോഴും കലഹിച്ചിരുന്നു. അവൾ പോയതിനു ശേഷം താൻ അവയെ ശ്രദ്ധിച്ചിട്ടില്ല. വെള്ളം ഒഴിച്ചിട്ടില്ല.
പ്രണയം ബസ്‌സ്റ്റോപ്പിൽ ആണ് മുളപൊട്ടിയത്. പതിവായി ഓഫിസിലേക്കു ബസ്സിലാണ് യാത്ര. സ്ഥിരം സമയത്തു പോകാറുള്ള അമ്പിളി ബസ്സിലെ പെൺ കുട്ടികളെ താൻ ശ്രദ്ധിക്കാറില്ല. കാരണം പ്രണയം തനിക്കു അന്യമായിരുന്നു. തന്നെ ആകർഷിക്കാനും തനിക്കു ആകർഷിക്കാനും പഠിപ്പു കഴിയുന്ന കാലം വരെ കണ്ടിട്ടില്ല. ആകസ്മികമായാണ് ഒരു ദിവസം ... ഇന്നും ഓർക്കുന്നു ആ ദിവസം ജുലൈ പതിനഞ്ചു. ബസ്സിന്റെ ജനാല സീറ്റിൽ ഇരിക്കുന്ന തിളങ്ങുന്ന മുഖം. തന്റെ ഇടനെഞ്ചിലൂടെ ഒരു കുളിർകാറ്റ് തഴുകിപോയി. ഒരു തരം കാന്തിക ആകർഷണം ആ കണ്ണുകൾക്ക് ഉണ്ടായിരുന്നോ...
എത്രയോ നല്ല സ്വർഗീയ നിമിഷങ്ങൾ. അഞ്ചു വർഷം ഒരുമിച്ചു കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. എപ്പോഴാണ് തങ്ങളിൽ മടുപ്പും, അന്യോന്യം വെറുപ്പും, കലഹവും വന്നു ചേർന്നത്. വേർപിരിയാൻ നിസ്സാര കാരണങ്ങൾ മതിയാവാതെ വന്ന അവസരത്തിലാണ് അവൾക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന സത്യം കോടതിയിൽ തുറന്നടിച്ചത്. അത് അവളെ എത്രമാത്രം വേദനിപ്പിച്ചെന്ന് അറിയില്ല.
''സാർ ....''
ഞെട്ടി തരിച്ചു കണ്ണ് മിഴിച്ചു നോക്കുമ്പോൾ ഒരു വൃദ്ധൻ. മെലിഞ്ഞു പ്രാകൃതമായ രൂപം. അയഞ്ഞ നിറം മങ്ങിയ ഷർട്ടും പാൻസും, കാലങ്ങളായി എണ്ണ തേക്കാത്ത വെട്ടാത്ത പാറി പറക്കുന്ന പൊടിപിടിച്ച നര കയറിയ മുടി. കാറ്റിൽ വസ്ത്രങ്ങൾ അയാളുടെ ശരീരത്തിൽ പാറിപറക്കുന്നു.
''സാർ... വല്ലതും തന്നു സഹായിക്കണം... എന്റെ ഭാര്യക്ക് സുഖമില്ല. അവളുടെ ചികിത്സക്കായി വല്ലതും തരണം.''
''എന്തുപറ്റി...''
''സാർ ... അവൾക്കു ബ്രെസ്റ്റ് കാൻസർ ആണ്. അവളെ ചികിൽസിക്കാൻ എന്റെ കയ്യിൽ പണമില്ല.'' അയാൾ ഒന്ന് നിർത്തി തന്റെ കഥ പറയാൻ തുടങ്ങി.'' ഞങ്ങൾ പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഒളിച്ചോടിയുള്ള വിവാഹം. എനിക്ക് ബിസിനസ്സായിരുന്നു. ഞങ്ങൾക്ക് രണ്ടു ആൺ മക്കളുണ്ടായി. അവരെ ഞാൻ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തി വലുതാക്കി. മക്കൾ എന്ത് ചോദിച്ചാൽ ഞാൻ സാധിപ്പിച്ചു കൊടുത്തിരുന്നു. രണ്ടു പേർക്കും നല്ല ജോലിയായി. അവർ പ്രണയിച്ച പെൺകുട്ടികളെ ഞാൻ കല്യാണം കഴിപ്പിച്ചു കൊടുത്തു. കല്യാണത്തിന് ശേഷം എന്റെ മക്കളുടെ സ്വഭാവം മാറി. അവരുടെ ഭാര്യമാരുടെ വാക്കു കേട്ട്. സ്വത്തുക്കൾ എല്ലാം അവരുടെ പേരിലേക്ക് എഴുതിവാങ്ങി. എന്നെയും ഭാര്യയെയും വീട്ടിൽ നിന്ന് പുറത്താക്കി. ഒരു ചെറിയ വാടക വീട്ടിൽ ചില്ലറ ജോലിയുമായി ഇരിക്കുമ്പോഴാണ് ഭാര്യയുടെ ഈ അസുഖം വന്നത്. ചികിൽസിപ്പിക്കാൻ പണമില്ലാതെ ഞാൻ മക്കളുടെ അടുത്തേക്ക് ചെന്നു എന്നാൽ അവരെന്നെ ആട്ടിപ്പായിച്ചു. പ്രായം കൂടിയത് കാരണം ഭാരമുള്ള ജോലികൾ ചെയ്യാനാവാതെ പിച്ചക്കാരനായി മാറി.''
അയാൾ രഖുവിന്റെ മുന്നിൽ പെട്ടിക്കരഞ്ഞു. രഖു അയാളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി. വാക്കുകൾ കിട്ടാതെ അയാളുടെ കണ്ണിലും നനവ് പടർന്നു. പോക്കറ്റിൽ കയ്യിട്ടു കുറച്ചു നോട്ടുകൾ എടുത്ത് അയാൾക്ക് നേരെ അവൻ നീട്ടി. വിറയ്ക്കുന്ന കയ്യാലെ അയാൾ വാങ്ങി. അയാൾ നടന്നു ഗെയ്റ്റ് കടക്കുന്നു പോകുന്നത് വരെ രഖു അയാളെ നോക്കിയിരുന്നു. മിഴികളിൽ നിന്ന് ഒരിറ്റു കണ്ണുനീർ അടർന്നു വീണു.
ചെറിയ കാര്യങ്ങൾക്ക് വേണ്ടി കലഹിച്ചു കലഹിച്ചു അവസാനം വിവാഹമോചനത്തിലേക്ക് എത്തിനിൽക്കുന്ന താനെവിടെ സ്വന്തം ഭാര്യയുടെ അസുഖത്തിന് വേണ്ടി ഈ പ്രായത്തിലും കഷ്ടപ്പെടുന്ന അയാൾ എവിടെ...? രഖുവിനു തന്നോട് തന്നെ അറപ്പു തോന്നി. നാളെ അവസാന തീർപ്പാണ്..
രഖു മൊബൈൽ എടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു.
''രഖുവേട്ടാ....'' എന്ന് വിളിച്ചു ഒരെറ്റ കരച്ചിൽ ആയിരുന്നു. ഒന്നും പറയാനാവാതെ അയാൾ നിശബ്ദനായി. ''രഖുവേട്ട .... എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല... എനിക്ക് ഭ്രാന്തായി പോകും.. എന്നോട് ക്ഷമിക്കുമോ ... ഞാൻ ഇനി ഒരിക്കലും രഖുവേട്ടനുമായി കലഹിക്കില്ല...'' അവൾ തേങ്ങി കരഞ്ഞു. രഖുവിനു ഒന്നും പറയാനാവാതെ കുറച്ചു നിമിഷം നിന്നു. '' നീ ഒരുങ്ങിക്കോ ഞാനിപ്പോ വരാം..'' അതും പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തു.
വാതിലടച്ചു കാറിനടുത്തേക്ക് പോകുമ്പോൾ ചെടിത്തോട്ടത്തിൽ കരിഞ്ഞ ചെടികൾക്കിടയിൽ ഒരു റോസാ പൂ വിരിഞ്ഞു നിൽക്കുന്നു. ആ പൂ അയാളെ നോക്കി പുഞ്ചിരിച്ചു. മുള്ളു തട്ടാതെ അയാൾ ആ പൂ ഇഴുതെടുത്ത് പോക്കറ്റിൽ വെച്ചു. അവൾക്ക് സമ്മാനിക്കാൻ.
വലിയൊരു സാഹസികന്റെ മികവോടെ അയാൾ റോഡിലൂടെ കാർ ഓടിച്ചത്. എത്രയും പെട്ടന്ന് അവളിലേക്ക് എത്തുവാൻ അയാൾ ആഗ്രഹിച്ചു. കൂടെ അവളെ ആശ്വസിപ്പിക്കുന്ന പുതിയ പല തീരുമാനങ്ങളും അയാൾ മനസ്സിൽ ഉറപ്പിച്ചു.
===================
നിഷാദ് മുഹമ്മദ്... "

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot