നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേതം വില്പനക്ക് !!! (ഓ...ചുമ്മാ !!)


പ്രേതം വില്പനക്ക് !!! (ഓ...ചുമ്മാ !!)
--------------------------------------------------
പതിവു പോലെ അന്നു വൈകുന്നേരവും മാനത്ത് നടക്കാനിറങ്ങിയതാണ് ഞാന്‍. പെട്ടെന്നൊരു വികൃതി നക്ഷത്രപ്പയ്യന്‍ കാലു കൊളുത്തി എന്നെ താഴേക്ക് തള്ളിയിട്ടു.
പിടഞ്ഞെണീറ്റ്, പൊടിതട്ടി, കുത്തിക്കൂനി കണ്ട വഴികളിലൂടെയെല്ലാം നടക്കവേ പെട്ടെന്നൊരു മതിലും ബോര്‍ഡും കണ്ടു: “എഴുത്ത്..എഴുത്ത്”
എന്ത് എഴുത്തോ.?..എന്നാപ്പിന്നെ ഒന്ന് കയറി നോക്കിയാലോ ..? (കണക്കിന്‍റ ക്ലാസ്സില്‍ ‘ജലസുന്ദരി’ എന്ന ശൃങ്കാര കവിത എഴുതി രണ്ടു ദിവസം സ്കൂളിനു പുറത്തു നില്‍ക്കേണ്ടിവന്ന കാര്യം വീണ്ടും മറന്നു).
പെണ്ണും പ്രേതവും എഴുത്തും മനസ്സിൽ കുടിയിരുന്നാൽ അടിച്ചാലും ഇറങ്ങില്ലെന്ന് ഞാൻ പണ്ട് പറഞ്ഞത് വെറുതെയല്ല.
ഗേറ്റ് പൂട്ടിയിരിക്കുകയാണല്ലോ...മതില്‍ ചാടി അകത്തു കടന്നു... ഉള്ളില്‍ മാത്രമേ വെളിച്ചമുള്ളൂ. ഇടനാഴിയിലെ ഇരുട്ടില്‍ ആരുമായല്ലോ കൂട്ടിയിടിച്ചു......
ഉള്ളില്‍ ഭയങ്കര ആള്‍ക്കൂട്ടമാണല്ലോ....ചുമര്‍ മുഴുവന്‍ എഴുതി തൂക്കിയിട്ട കടലാസുകള്‍...ആളുകള്‍ വായിക്കുന്നു, ശേഷം താഴെ ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ എഴുതുന്നു...
ഞാനും വായന തുടങ്ങി...
കുറെ വായിച്ചപ്പോള്‍ ഒന്നിരിക്കണമെന്നു തോന്നി.... ഒരു ചായ കിട്ടിയെങ്കില്‍
“.....മഹേഷ്‌...ഏക്‌ ചായ പിലാവോ യാര്‍...”
ആളുകള്‍ വായന നിര്‍ത്തി എന്‍റെ നേരെ നോക്കി വട്ടാണോ എന്ന് ആഗ്യം കാണിച്ചു.
ഓ...ശരിയാ...ഇതെന്‍റെ ഓഫിസ് അല്ലല്ലോ.
അപ്പോഴേക്കും ഒരാൾ വന്നു...സെക്യുരിറ്റി ആണെന്ന് തോന്നുന്നു.: മുഖം വ്യക്തമല്ല
“നിങ്ങള്‍ എവിടുന്നാ ? ഏത് കാറ്റഗറിയാ ?”
“ആകാശത്തു നിന്ന്”
“ആളെ തമാശയാക്കല്ലേ ഭായ്....”
""അല്ലാ ആശാനേ ...ആ കാണുന്ന രണ്ട് വലിയ ആൾക്കൂട്ടം എന്താണ്..?"
"ഒന്ന് ഗൾഫ് പ്രവാസികളൂടേതാണ്...നാടും കുടുംബവുമൊന്നുമില്ലാത്ത ഇവറ്റകൾ പച്ച പാവങ്ങളാ...ഒരു കട്ടൻ ചായയും കുബൂസും കിട്ടിയാൽ പുലരുന്നതുവരെ ഇരുന്നു എല്ലാം വായിച്ചു കമന്റ് പാസ്സാക്കും...വായിക്കാൻ പറ്റാത്തതിന് "കേൾക്കാത്ത പാട്ടും വായിക്കാത്ത കഥയും എത്ര മനോഹരം" എന്ന് അഭിപ്രായം വെച്ച് കാച്ചും
അപ്പുറം കാണുന്ന ചേച്ചിമാരുടെ കൂട്ടവും അങ്ങിനെതന്നെ..പിള്ളേരെ സ്കൂളില്‍ അയച്ചാല്‍ പിന്നെ കാര്യമായിട്ടൊന്നുമില്ല.... ഒരു നേരംപോക്ക്. അതും പാവങ്ങളാ...ഒന്ന് ചിരിക്കണം, കുറെ ചിരിച്ചാൽ ഒന്ന് കരയണം ..അത്രേയുള്ളൂ.
" മൂലയിൽ അവിടെയുമിവിടെയുമൊക്കെ ഇരിക്കുന്ന ഗ്രൂപ്പുകളോ ?"
"അല്ലാ....നിങ്ങൾ എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ ...?"
"അത്...ഞാൻ ..ഞാൻ ..വെറുതെ വായിക്കാൻ കേറിയതാ....."
"എല്ലാവരും ആദ്യം അങ്ങിനെയാ പറയാ ....പെണ്ണിനെ പ്രണയിക്കാൻ തുടങ്ങുമ്പം പറയുന്നത് പോലെ ......
ഭായ് ....നിങ്ങളെ കോലം കണ്ടിട്ട് ഒരു എഴുത്താണി പോലെയുണ്ട്....സമയം കളയാതെ എന്തെങ്കിലും എഴുതി ഇട്...."
അല്ല, ശരിയാണല്ലോ, ഞാൻ മോശമില്ലാത്ത ഒരു എഴുത്തുകാരനാണ് . (ജലസുന്ദരിയെ വീണ്ടും മറന്നു)
ഓടിപ്പോയി ട്രേയിൽ നിന്ന് ഒരുകൂട്ടം കടലാസെടുത്തു എഴുതി ഒഴിവുള്ള ചുമരിൽ തൂക്കിയിട്ടു...ആളുകൾ ഞാൻ എഴുതി ഒട്ടിച്ചതിനു അടുത്ത് പോകുമ്പോൾ ഒരു രോമാഞ്ചം ....അതാ...ആരോ എന്തോ കുറിപ്പ് എഴുതുന്നു. ..ഓടിപ്പോയി നോക്കി
"ഹോ ...മനോഹരം ...വീണ്ടും വീണ്ടും എഴുതൂ ..വായിക്കാൻ ഞങ്ങൾ തയ്യാർ"
ഒന്നയാളെ (ഭാഗ്യത്തിന് പെണ്ണല്ല) കെട്ടിപ്പിടിച്ചു കഴുത്തിൽ ഒരുമ്മ കൊടുക്കാൻ ഞാൻ പിന്നാലെ ഓടി ....പക്ഷെ അപ്പോഴേക്കും ആൾ പോയിക്കഴിഞ്ഞിരുന്നു.
 ആകെ മൊത്തം പത്തു ഇഷ്ടം കിട്ടി. (പത്തു പെൺകുട്ടികൾ ഒന്നിച്ചു ഇഷ്ടമാണെന്നു പറയുമ്പോഴുള്ള കുളിരും അഹങ്കാരവും മനസ്സിൽ)...പത്താളുകളുടെയും പേരും തറവാട്ട് പേരും മനഃപാഠമാക്കി. ഇനി വായന വേണ്ട ...പണ്ട് നമ്പൂതിരി പറഞ്ഞപോലെ ആ സമയത്തു രണ്ടു എഴുതി ഇടാം...
അടുത്തത് എഴുതി തൂക്കി.....ആകെ മൊത്തം 25 ഇഷ്ടം.. പക്ഷെ ഈ 25 ഉം പുതിയ ആൾക്കാരാ. അപ്പോൾ നേരത്തെ കിട്ടിയ 10 ഉം ഇപ്പോഴത്തെ 25 ഉം സമം 40 ....അടുത്തത് 80 , 160 , 320 ...640... എടാ ഞാൻ ആള് കൊള്ളാലോ ...ഇനിയിപ്പോ ഏതായാലും ഇന്നിവിടെ ഉറങ്ങാം
"അരേ...സെകുരിറ്റി ഭായ് ...."
മുഖം കാണിക്കാതെ അയാൾ വന്നു.
"ഞാൻ ഇവിടെ തങ്ങുകയാ....പല്ലു തേക്കാനും കുളിക്കാനും വെള്ളമുണ്ടോ ?"
"ഭായ്...പല്ലു തേക്കുന്ന സമയമുണ്ടെങ്കിൽ മൂന്നു പോസ്റ്റ് നടാം.....പിന്നെ കിടക്കാൻ ഉള്ളിൽ ഒരിഞ്ചു സ്ഥലം ബാക്കിയില്ല...വേണെങ്കിൽ പുറത്തു തൊഴുത്തിൽ കിടന്നോ...പേടിക്കേണ്ട പശുക്കളൊക്കെ കയറുപൊട്ടിച്ചു പണ്ടേ ഓടിപ്പോയി"
എന്നെപ്പോലുള്ള ഒരു എഴുത്തുകാരനെ അപമാനിക്കുകയോ ..? ഇന്ന് ഞാൻ ഉറങ്ങുന്നില്ല...ഒരു ക്‌ളാസ്സിക് തന്നെ എഴുതണം . ഒരുപിടി പേപ്പർ വാരി എഴുതി..പത്തു മിനിട്ടു കൊണ്ട് ഒരു ക്‌ളാസ്സിക് എഴുതി തൂക്കിയിട്ടു. പക്ഷേ പിറ്റേന്ന് ഉച്ചയായിട്ടും ഒരാളനക്കവും ഇല്ല.
എനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നില്ല. . ഇപ്പോളാ ജലസുന്ദരിയെ ഓര്മ വന്നത്. വെറുതെ വേണ്ടാത്തതിന് വന്നു പോയി ...പോയിക്കളയാം.
ഞാൻ പുറത്തേക്കുള്ള വഴി നോക്കി. ഇതെന്താ ഇത് ? ..അകത്തുന്നും പുറത്തുന്നും അടച്ചിരിക്കയാണോ ? മതിൽ തന്നെ ചാടിക്കയറി..പുറത്തേക്ക് നോക്കിയപ്പോളുള്ള കാഴ്ച കണ്ട് ഞെട്ടിപ്പോയി....പുറത്തു മുഴുവൻ പല തരത്തിലുള്ള ബോഡുകൾ തൂങ്ങിക്കിടക്കുന്നു ...എഴുത്തും, തൂലികയും, അക്ഷരവും, കവിതയുമൊക്കെയായി. .... എത്ര നീട്ടി ചാടിയാലും ഏതിന്റെയെങ്കിലും അടുക്കളയിലോ അതെല്ലെങ്കിൽ തൊഴുത്തിലെങ്കിലും എത്തും..
ആകാശത്തു നോക്കുമ്പോൾ എന്നെ തള്ളിയിട്ട നക്ഷത്ര പയ്യൻ കൈകൊട്ടി ചിരിക്കുന്നു
ദേഷ്യം സഹിക്കവയ്യാതെ ഓടിവന്നു തൂക്കിയിട്ട എന്റെ കടലാസ്സ് മുഴുവൻ കീറി ശക്തിയായി ഒരേറു വെച്ചുകൊടുത്തു.
"ഹമ്മേ...അയ്യോ....."
ഉറക്കത്തു നിന്നും ഞാൻ ഞെട്ടിയുണർന്നു നോക്കുമ്പോൾ അടികൊണ്ട കവിളും പിടിച്ചു കെട്ട്യോൾ നിലവിളിക്കുകയാണ്.
"നട്ടപ്പാതിരാക്ക് നിങ്ങൾ എന്നെ അടിച്ചു അല്ലെ ...ഇപ്രാവശ്യം നിങ്ങൾ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്....ഇത് പ്രേതം കയറിയത് തന്നെയാ .."
ഇപ്പൊ കരഞ്ഞുപോയതു ഞാനാണ്.
"എന്നെ അടിച്ചിട്ട് നിങ്ങൾ കരയുന്നോ...ഇത് ഗൾഫിലെ മരുഭൂമിയിലൊക്കെയുള്ള മൂത്ത പ്രേതം തന്നെയാ ..."
"എടീ ....അടി കിട്ടിയാലും ഒഴിഞ്ഞുപോകാത്ത ഒരെണ്ണം ഇപ്പോൾ തന്നെ ഉള്ളപ്പോൾ രണ്ടാമതൊന്നു..."
"ങേ...എന്ത്..?"
"അതെ... ..ഈ എഴുത്ത്......എഴുത്തെന്നു പറയുന്ന മൂത്ത ബാധ..... അതുള്ളപ്പോൾ ഇനി ഏതോ ചാനലിൽ ബീഡിയും വലിച്ചിരിക്കുന്ന പ്രേതത്തെക്കൂടി എൻറെ മേൽ കെട്ടിയേൽപ്പിക്കല്ലേ പൊന്നെ...
 ----------------------------------
ഹാരിസ് കോയ്യോട്
(ആരും സംശയിക്കേണ്ട ...ഇത് ഞാൻ എന്നെക്കുറിച്ചു തന്നെ എഴുതിയതാണ്. ഈ ബാധ ഒഴിയുന്നത് വരെ നിങ്ങൾ സഹിച്ചേ പറ്റൂ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot