നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിധി നൽകിയ ക്രൂരത


ജിത്തുവിന്റെ മാറിൽ തലവെച്ചു കിടക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനെന്നു കരുതി.
ചൂട് പറ്റി കിടക്കുമ്പോൾ എന്റെ നെറുകയിൽ ഒരു ചുംബനം അർപ്പിച്ചു കൊണ്ട് ജിത്തു എന്നും തലോടി തരുമായിരുന്നു എന്നെ.....
നെഞ്ചിലേറ്റിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ചിറകിട്ടടിച്ചു പറന്നുയർന്ന ഞങ്ങളുടെ ചിറകുകൾ അരിഞ്ഞു വീഴ്ത്തിയത് ആരാണ്??
ഞാനിന്ന് അനുഭവിക്കുന്ന വേദനകൾക്ക് കാരണക്കാരൻ ആരാണ്??
ഉത്തരം കിട്ടാത്ത ചോദ്യ ശരങ്ങൾ മനസ്സിനെ തളർത്തുമ്പോൾ കഴിഞ്ഞു പോയ ഓർമ്മകൾ ഹൃദയത്തെ കീറി മുറിക്കുകയാണ്............
അന്യ വിഭാഗത്തിൽ ജനിച്ചവരായതിനാൽ എന്റെ വീട്ടുകാർക്ക് ഞങ്ങളുടെ പ്രണയം അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനാൽ അവരെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ ഞങ്ങളുടെ ഭാഗത്തു നിന്ന് ചെയ്യാൻ തീരുമാനിച്ചു.
ഒരു സുപ്രഭാതത്തിൽ എനിക്ക് അച്ഛനെയും അമ്മെയയെയും ഉപേക്ഷിച്ചു സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി പോകേണ്ടി വന്നു. ഇരു കയ്യും നീട്ടി എന്നെ സ്വീകരിക്കാൻ ജിത്തുവിന്റെ വീട്ടുകാർ തയ്യാറായിരുന്നു.
അങ്ങനെ ഒളിച്ചോട്ടം മുഖേന ഞാൻ ജിത്തുവിന്റെ ഭാര്യയായി.
ഒരു നടുക്കത്തോടെ ഇത് അറിഞ്ഞ എന്റെ വീട്ടുകാർ പിണ്ഡം വെച്ചെന്നെ പടിയടച്ചു. അന്ന് മുതൽ ഇങ്ങനെയൊരു മകൾ തങ്ങൾക്ക് ഇല്ലന്ന് അച്ഛനും അമ്മയും അവരുടെ മനസ്സിൽ എഴുതിയുറപ്പിച്ചു.
വീട്ടുകാരോട് ഇങ്ങനെയൊരു കടും കൈ ചെയ്യേണ്ടി വന്നതിൽ കുറ്റബോധവും സഹതാപവും എന്നെ വേട്ടയാടിയെങ്കിലും സ്നേഹം എന്ന വശീകരണത്തിലൂടെ ജിത്തു എന്നെ മാറ്റിയെടുത്തു...
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ രണ്ടു പേരും ജോലിക്കു പോകാൻ തുടങ്ങി. ഒരേ സ്കൂളിൽ ടീച്ചറും മാഷുമായി ജോലി ചെയ്യുകയാണ് ഞങ്ങൾ. അത് തന്നെ ആയിരുന്നു പ്രണയം പുഷ്പ്പിക്കാനുള്ള മുഖ്യ കാരണവും.
ദിവസവും ഞാനും ജിത്തുവും ഒരുമിച്ചാണ് സ്കൂളിൽ പോയി വരുന്നത്. ബൈക്കിന്റെ പുറകിൽ ഇരുന്നു കെട്ടിപിടിച്ചുള്ള ആ യാത്ര എനിക്ക് വല്ലാത്തൊരു ഇഷ്ട്ടമായിരുന്നു....
അങ്ങനെ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് പോയ്‌കൊണ്ടിരുന്നപ്പോൾ മനസ്സിൽ അന്ന് വരെ തോന്നാത്ത അനുഭൂതി എന്നിൽ വന്നു ചേരുകയായിരുന്നു.
തലചുറ്റലും ക്ഷീണവും എന്നെ പിടികൂടിയപ്പോൾ കാരണം തിരക്കി ഹോസ്പിറ്റലിൽ പോയപ്പോളാണ് അറിഞ്ഞത് ഞാനൊരു അമ്മയാകാൻ പോകുകയാണെന്ന്... അന്ന് ജിത്തുവിന്റെ കണ്ണുകളിൽ തിളങ്ങി നിന്ന സന്തോഷം ഒരു ഭാര്യ എന്നതിലുപരി ഞാനൊരു സ്ത്രീയാണെന്ന ബോധം എന്നെ അഹങ്കാരിയാക്കി.... ഇതിനേക്കാൾ വലിയ ഭാഗ്യം മറ്റൊന്നുമില്ല എന്ന് തിരിച്ചറിയുകയായിരുന്നു ആ നിമിഷം.
ഞാനൊരു ഗർഭിണി ആണെന്ന് അറിഞ്ഞാലെങ്കിലും വീട്ടുകാർക്കു എന്നോടുള്ള വൈരാഗ്യം തീരുമെന്ന് കരുതിയിട്ടായിരിക്കും ജിത്തു എന്റെ വീട്ടിൽ വിളിച്ചു ആ സന്തോഷ വാർത്ത അറിയിച്ചത്. എന്നാൽ അവർ പരിഹസിച്ചുകൊണ്ട് കാർക്കിച്ചു തുപ്പുകയായിരുന്നു ഞങ്ങളെ.....
ഞാൻ അവരോടു അത്രയ്ക്കും വലിയ ദുഷ്ടതയാണോ ചെയ്തത്?? സ്നേഹിച്ച പുരുഷനെ വിവാഹം ചെയ്തു തരാതിരുന്നപ്പോൾ മനസ്സാൽ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. അത് തെറ്റായിരുന്നു എന്നെനിക്കറിയാം. എങ്കിലും ഏതൊരു തെറ്റിനും ശരിയുടെ ഒരു അവസാനമുണ്ടാകില്ലേ??
ഇങ്ങനെ ആട്ടിയോടിക്കാൻ അവർക്കു എങ്ങനെ കഴിയുന്നു എന്ന എന്റെ ചോദ്യത്തിന് ജിത്തുവാണ് എനിക്ക് ഉത്തരം തന്നത്....
"അവരുടെ വിഷമം നമുക്കിപ്പോൾ മനസിലാകില്ല.അത് മനസ്സിലാകണമെങ്കിൽ നമ്മുക്കും ഈ അവസ്ഥ വരണം. നമ്മുടെ കുഞ്ഞിനെ എല്ലാ സുഖ സൗകര്യങ്ങളോടുകൂടി വളർത്തി വലുതാക്കി ,അവസാനം അവൾ അവളുടെ ഇഷ്ട്ടത്തിനനുസരിച്ചു ഒരുത്തന്റെ കൂടെ ഇറങ്ങി പോകുമ്പോൾ നമുക്കുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും?? സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞു കണ്ടവന്റെ കൂടെ ഒളിച്ചോടി പോയാൽ ഏതൊരു മാതാപിതാക്കൾക്കും ഇതേ വേദന ആയിരിക്കും..."
ശരിയാണ് ജിത്തു പറഞ്ഞത്.. അനുഭവിച്ചാൽ മാത്രേ ഓരോന്നിന്റെയും വേദന നമ്മൾ തിരിച്ചറിയുകയുള്ളു അല്ലെ.....
'നീ ഒന്നും ഓർത്തു വിഷമിക്കണ്ട.. നിനക്കു ഞാനുണ്ട് മരണം വരെ.. ഇന്നത്തെ ദിവസം സന്തോഷിക്കേണ്ട നമ്മൾ ഇങ്ങനെ വിഷമിച്ചിരിക്കാൻ പാടില്ല.. നീ ഇങ്ങോട്ടു നീങ്ങി കിടക്കു എന്ന് പറഞ്ഞു കൊണ്ട് ജിത്തു എന്നെ വാരി പുണർന്നു.....
ആ പുണരൽ എനിക്കൊരു ആശ്വാസമായിരുന്നു...
രാവിലെ ചായയുമായി ജിത്തു വന്നു വിളിച്ചപ്പോളാണ് ഉറക്കമെഴുന്നേറ്റത്.....

ഗർഭിണി ആയതിനാൽ ജോലിയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു. റെസ്റ്റ് എടുക്കണമെന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിരുന്നു...
ക്ഷീണത്തോടെ കിടന്നിരുന്ന എന്റരികിൽ വന്നു നെറുകയിൽ ഒരു ചുംബനം ചാർത്തി ജിത്തു ജോലിക്കു പോയി.....
ഉച്ച വെയിലിന്റെ മയക്കത്തിൽ വീണ ഞാൻ ഫോണടിയുന്ന ശബ്ദം കേട്ടപ്പോൾ ആണ് എഴുന്നേറ്റു.
നമ്പർ കണ്ടപ്പോൾ ഉള്ളിലൊരു ഭീതിയാണുണ്ടായത്. ആർക്കേലും എന്തെങ്കിലും ആപത്തുണ്ടായോ ഈശ്വര?? ഇങ്ങനെയൊരു വിളി പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല.
രാത്രി വിളിച്ചപ്പോൾ പോലും പരിഹാസത്തോടെ കുത്തുവാക്കുകൾ പറഞ്ഞ അച്ഛനാണ് ഇപ്പോൾ തന്നെ വിളിക്കുന്നത്.
ഒരു നെടുവീർപ്പോടെ അതിലുപരി ഉൾഭയത്തോടെ ഫോൺ ചെവിയോട് ചേർത്ത് വെച്ചു.....
മോളെ എന്ന് നീട്ടി വിളിച്ചപ്പോൾ മനസ്സൊന്നു ഉരുകി...
"കാണാതിരിക്കാൻ പറ്റുന്നില്ലെടി നിന്നെ... ഞങ്ങളിന്നു അങ്ങോട്ടേക്ക് വരുന്നുണ്ട്. നിനക്കു വിശേഷമാണെന്നറിഞ്ഞപ്പോൾ മുതൽ 'അമ്മ നിന്നെ കാണണമെന്ന് പറഞ്ഞു വാശി പിടിക്കുന്നു. ജിത്തുവിനോട് ഇന്നലെ രാത്രി അങ്ങനെ സംസാരിച്ചതിൽ ദുഃഖമുണ്ട്. നീ ക്ഷമിക്മോളെ "
അച്ഛന്റെ വാക്കുകൾ എന്നെ കണ്ണ് നനയിച്ചു.....
അച്ഛാ ക്ഷമ ചോദിക്കേണ്ടത് ഞാനല്ലേ....??
"സാരമില്ല മോളെ നീ വിഷമിക്കണ്ട..... ഞങ്ങളിപ്പോൾ അങ്ങോട്ട് വരുന്നുണ്ട്. എന്നിട്ടു സംസാരിക്കാം എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ ഫോൺ വെച്ചു..
സന്തോഷം സഹിക്ക വയ്യാതെ ജിത്തുവിനെ വിളിച്ചു. ക്ലാസ് റൂമിൽ ആയതു കൊണ്ടാകണം ജിത്തു ഫോൺ എടുത്തില്ല....
ക്ഷീണമൊക്കെ മറന്നു ഞാൻ അടുക്കളയിലൊക് ഓടി വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങി...അത്രയ്ക്കും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല എന്റെ സന്തോഷത്തെ....
അച്ഛൻ പണ്ടേ കർക്കശക്കാരൻ ആണ്. എന്നിട്ടും അച്ഛനിപ്പോൾ ഉണ്ടായ മാറ്റമെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.....
ഓരോന്നും ആലോചിച്ചു കൊണ്ട് അടുക്കളയിൽ മുഴുകിയ ഞാൻ ആ ശബ്ദം കേട്ടാണ് മുറ്റത്തേക്കോടിയത്.
എന്റെ വിശ്വാസങ്ങളെ ചവിട്ടിയരച്ചുകൊണ്ട് കാലൻ അവിടെ പിറവി എടുക്കുകയായിരുന്നു......
ആംബുലൻസ് മുറ്റത്തേക്ക് കുതിച്ചു കയറി.. തൊട്ടു പിന്നാലെ അച്ഛനും അമ്മയും മറ്റൊരു വണ്ടിയിൽ നിന്ന് മുറ്റത്തേക്കു ഇറങ്ങി വന്നേന്നെ കെട്ടിപിടിച്ചു.
ഒരു നടുക്കത്തോടെ കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു... ജിത്തുവിന്റെ ശരീരം പുറത്തേക്കെടുത്തത് മാത്രം ഓർമയുണ്ട്... ബോധം നഷ്ട്ടപെട്ടു നിലത്തേക്ക് വീഴുമ്പോളും എന്റെ കണ്ണുകൾ ജിത്തുവിൽ ആഴ്ന്നിറങ്ങുകയായിരുന്നു.......
അച്ഛനും അമ്മയ്ക്കും ഉണ്ടായ മാറ്റത്തിന് കാരണം ജിത്തുവിന്റെ മരണം ആയിരുന്നു എന്ന് പിന്നീടാണ് മനസിലായത്..
സ്കൂളിൽ നിന്ന് വരുന്ന വഴി ബൈക്ക് ഒരു പോസ്റ്റിൽ തട്ടി മരണമടയുകയായിരുന്നു എന്റെ ജിത്തു... അന്ന് തന്നെ എന്റെ ജീവനും ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചതാ.. പക്ഷെ വയറ്റിൽ കുരുത്ത ജീവന് വെളിച്ചം കാണിക്കേണ്ടത് എന്റെ കടമയാണ്... ജിത്തു പോകുമ്പോൾ ഏൽപ്പിച്ചു തന്ന ഉത്തരവാദിത്യം നിറവേറ്റാൻ എനിക്ക് എനിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ....
അമ്മേ..................
അമ്മവിടെ എന്താലോചിച്ചു ഇരിക്കുകയാ എനിക്ക് നാളെ പരീക്ഷയാണെന്നുള്ള കാര്യം മറന്നു പോയോ??
മോളുടെ ചോദ്യം കേട്ടപ്പോളാണ് 5 വര്ഷം പിറകോട്ടു പോയ ഓർമകളെ തിരികെ കൊണ്ട് വന്നത്...
നനഞു കുതിർന്ന കണ്ണുകൾ കണ്ടിട്ടായിരിക്കണം മോള് ചോദിച്ചത്...
"'അമ്മ എന്തിനാ കരയുന്നത്.. 'അമ്മ കരഞ്ഞാൽ മോളും കരയും ട്ടോ..."
ഏയ് ഇല്ല മോളെ 'അമ്മ കരഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ട് മോളെ ഞാൻ നെഞ്ചോടു ചേർത്ത് നിർത്തി.. ജിത്തു ചുംബിക്കുന്നത് പോലെ അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി കൊണ്ട് അന്നത്തെ ദിനവും കഴിച്ചു കൂട്ടി....
ഇനിയും എത്രനാൾ ഇതുപോലെ ജീവിക്കും എന്ന ചോദ്യം ഇപ്പോളും അവശേഷിക്കുന്നു.....
പക്ഷെ എന്റെ ജിത്തുവിന് വേണ്ടി ജീവിച്ചേ മതിയാകു...അല്ലെങ്കിൽ അമ്മയും ഇല്ലാതെ എന്റെ മോൾ വളരുന്നത് ആലോചിക്കാൻ വയ്യ.....
കണ്ണ് തുടച്ചു കൊണ്ട് ഞാൻ മോളെയും എടുത്തു റൂമിലേക്ക് പോയി... ജിത്തുവിന്റെ മാറിൽ ഞാൻ കിടക്കുന്നതു പോലെ മോളെ എടുത്തു മാറോടു ചേർത്തു കിടത്തി.
ശുഭം
ഒരു യഥാർത്ഥ ജീവിതതമാണ് നിങ്ങൾക്ക് മുൻപിൽ ഞാൻ സമർപ്പിച്ചത്... ജീവിച്ചു തുടങ്ങും മുൻപേ പൊലിഞ്ഞു പോയ ജീവൻ, അതിൽ വെന്തുരുകുന്ന ഭാര്യ, അച്ഛനില്ലാതെ ജീവിക്കേണ്ടി വന്ന മോള്... ഇന്നും മറക്കാൻ കഴിയുന്നില്ല വിധി നൽകിയ ക്രൂരതയെ....
ഹരിത വി ഹരിദാസ്

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot