ഗോപാലകൃഷ്ണനും രാജശേഖരനും ചേട്ടാനുജന്മാരാണ്. മൂത്തവന്‍ ഗോപാലകൃഷ്ണന്‍ വിദ്യാഭ്യാസം കുറവാണ്. വയസ്സ് അന്പടതിലേറെ ആയിട്ടുണ്ടെങ്കിലും അവിവാഹിതന്‍. പെണ്ണ് കിട്ടാഞ്ഞിട്ടല്ല, ധാരാളം ആലോചനകള്‍ വന്നതാണ്, പക്ഷെ ആള്‍ക്ക് വേണമെന്ന് തോന്നിയില്ല. കൃഷിയിലും മറ്റുമാണ് താല്പര്യം. അതുകൊണ്ട് വേറെ ജോലിക്കൊന്നും ശ്രമിച്ചില്ല. അച്ഛനമ്മമാരെയും നോക്കി അല്പസ്വല്പം പറമ്പിലെ പണികളും നോക്കി സംതൃപ്തനായി കഴിഞ്ഞുകൂടുന്നു.
അനിയന്‍ രാജശേഖരന്‍. പഠിത്തം കഴിഞ്ഞ ഉടനെ ബോംബേയില്‍ നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടി. മുപ്പതോളം വര്‍ഷമായി. വിവാഹിതന്‍, രണ്ടു കുട്ടികളുടെ അച്ഛന്‍. എല്ലാ വര്‍ഷവും മുടങ്ങാതെ കുടുംബസമേതം വീട്ടില്‍ വന്ന് രണ്ടാഴ്ചയെങ്കിലും താമസിക്കും. ചേട്ടനെ വളരെ ഇഷ്ടമാണ്. കുട്ടികള്‍ക്കും അങ്ങിനെ തന്നെ. ഗോപാലകൃഷ്ണനും കുട്ടികളെ പ്രാണനാണ്. പറമ്പില്‍ നിന്നും മാങ്ങയും ചക്കയും മറ്റും അവരെക്കൊണ്ടു കഴിപ്പിക്കാന്‍ വളരെ ഉത്സാഹമാണ്.
അങ്ങിനെയിരിക്കെ രാജശേഖരന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചു. വരന്‍ ബോംബേയില്‍ തന്നെയുള്ള ആളാണ്. അയാളുടെ കുടുംബവും – കേരളത്തില്‍നീന്നാണെങ്കിലും – വളരെക്കാലമായി അവിടെ തന്നെയാണ് താമസം. അതുകൊണ്ട് വിവാഹം അവിടെവച്ച് തന്നെ മതിയെന്നാണ് തീരുമാനിച്ചത്.
രാജശേഖരന്‍റെ മകള്‍ക്ക് വലിയച്ഛന്‍ വരണമെന്ന് നിര്‍ബന്ധം. ഭാര്യക്കും മകനും അതുപോലെ തന്നെ. അയാള്‍ക്കും ചേട്ടന്‍ വരുന്നതില്‍ വളരെ സന്തോഷം തന്നെ. പക്ഷേ പ്രായമായ അച്ഛനെയും അമ്മയെയും ഒറ്റക്കാക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ വരാന്‍ പറയാനും ബുദ്ധിമുട്ട്.
അവസാനം രാജശേഖരന്‍ ഒരു പോംവഴി കണ്ടെത്തി. വിവാഹദിവസം അതിരാവിലെയും വൈകീട്ടും ഉള്ള ഫ്ലൈറ്റിന്‍റെ ടിക്കറ്റ് അയച്ചുകൊടുക്കാം. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണവും കഴിച്ചു വൈകീട്ട് തന്നെ തിരിച്ചെത്താന്‍ പാകത്തിന്.
എല്ലാവരും കൂടി അങ്ങിനെ തീരുമാനിച്ച് ഗോപാലകൃഷ്ണനെ വിളിച്ചു വിവരം പറഞ്ഞു – തീര്‍ച്ചയായും വരണമെന്നും പറഞ്ഞു.
ഗോപാലകൃഷ്ണന്‍ പറഞ്ഞു – അവളുടെ കല്യാണത്തിന് പങ്കെടുക്കണമെന്ന് മോഹമൊക്കെയുണ്ട്. പക്ഷെ ഇത്രയും കാശൊക്കെ മുടക്കി അവിടം വരെ വരണ്ടേ, അതൊന്നും വേണ്ടടാ. സദ്യയില്‍ പങ്കെടുക്കണമെങ്കില്‍ നീ ഒരു കാര്യം ചെയ്യ്, അതിനുള്ള പണം എനിക്കയച്ചുതാ. കല്യാണദിവസം ഇവിടെ അടുത്തുള്ള ഏറ്റവും നല്ല ഹോട്ടലില്‍ നിന്ന് നല്ലൊരു സദ്യ ഉണ്ടോളാം, പോരെ?
.
.
ശിവദാസ് കെ വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക