Slider

ഇരട്ടി മധുരം.( ചെറുകഥ)

0

ഇരട്ടി മധുരം.( ചെറുകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അന്ന് സ്കൂളിൽ പഠിക്കണ കാലത്ത് ഓൾക്ക് എരട്ടിമധരം ഇഷ്ടാന്ന് പറഞ്ഞപ്പൊ, പിന്നെ ഞാനൊന്നും നോക്കീല.വെയിലും മഴേം ഇനിക്ക് ഒരു പ്രശ്നല്ലാർന്ന്. ഓൾക്ക് അത് ഒപ്പിച്ച് കൊട്ത്ത് ആ മൊഞ്ച്ള്ള മോത്തെ ആ മൊഞ്ച്ള്ള ചിരി ഒന്ന് കാണാന് എന്ത് മൊഞ്ചാന്ന് അറ്യോ?.
അത് കാണുമ്പൊ ഞമ്മളെ ഖൽബില് പതിനാലാം രാവ് ഉദിക്കും. ബല്യ പെര്ന്നാളിന്റെ പൂത്തിരി കത്തും.
അങ്ങനെ ഞാന് അങ്ങാടില് വൈദ്യരെ കടന്റെ മുമ്പില് പോയി മാറിനിക്കും. കഷായത്തിന് അരിഞ്ഞു കൂട്ട്യ പൊട്ടും പൊട്യും പൊറത്ത്ക്ക് കൊട്ന്ന് തട്ടുമ്പോ അതില് എരട്ടി മധരംണ്ടാവും.
രാവിലെത്തന്നെ പോയി കടന്റെ മുമ്പില് ഞമ്മള് പാത്തും പതുങ്ങിം ഒരാഴ്ച നിന്നിട്ടും ഞമ്മക്ക് എരട്ടി മധരം കിട്ടീല.
ഞാൻ തോൽക്കോ ഞമ്മക്കാ മൊഞ്ച്ള്ള മോറ് കാണണ്ടെ?.
ഞാൻ ഓടി പറമ്പായ പറമ്പ് മുയ്മൻ ഓടി. എന്തിനാന്നറ്യോ?.
കുറുന്തോട്ടി പറിക്കാനാ.
കുറുന്തോട്ടി പറിച്ചിട്ട് വേര് മണ്ണ് കളഞ്ഞ് വൈദ്യർക്ക് കൊണ്ടോയി കൊട്ത്താ പൈസ കിട്ടും.
അങ്ങനെ കുറുന്തോട്ടി പറിച്ചിട്ട് ഇന്റെ കൈപ്പല രണ്ടും എളകി.ന്നാലും ഞാൻ തോൽക്കോ?.
അന്ന് പറിച്ച കുറുന്തോട്ടി വൈദ്യരെ അട്ത്ത് കൊട്ത്തപ്പൊ വേലായുധൻ വൈദ്യര് പറ്യാ.
"കിട്ടപ്പോ.ന്താച്ചാ കൊട്ത്താളിം'.
കൊറച്ച് കയിഞ്ഞപ്പം കിട്ടപ്പൻ ഒരു ചരടെയ്റ്റ് വരണ്. അത് കണ്ട് ഞാന് വൈദ്യരെ മോത്ത്ക്ക് നോക്കി.
ഹേയ്.... ഹേയ്... എന്തൂട്ട് പരിപാട്യാ കിട്ടപ്പോ.
മ്മളെ കുട്ട്യാ. ആ വേര് നോക്കിന്താച്ചാ കൊട്ക്കിൻ".
ഞമ്മക്ക് മന്ത്രിച്ച ചരട് ആയിട്ട് വന്ന കിട്ടപ്പൻ ചേട്ടൻ ശശി ആയി. അങ്ങനെ കിട്ടപ്പേട്ടൻ ഞമ്മളിം അവുത്ത് ക്ക് കൊണ്ടോയി.
അവ്ടെ ഞമ്മളെ എരട്ടി മധരം വച്ച സ്ഥലം മനസ്സിലാക്കി. അത് കണ്ടപ്പൊ ഞമ്മളെ കരളിനൊരു ആഞ്ചല്. കിട്ടപ്പേട്ടൻ വേര് നോക്കി നോക്കി ഇനിക്ക് പാസാക്കി തന്നത് ഇരുപത് പൈസ. എരട്ടി മധരം കിട്ടാൻ നാൽപത് പൈസ മാണം.
ഞാ പിന്നിം പാഞ്ഞ്. പാഞ്ഞ് പാഞ്ഞ് അവസാനം വള്ളിക്കാട്ടില് മിതുണ്ടി കാക്കാന്റെ പർങ്കൂച്ചിക്കാട്ടില് കേറി പറിച്ച്. മിതുണ്ടി കാക്കേണെങ്കിലോ അണ്ടിക്കള്ളന്മാരെ പുടിക്കാന് പാത്തും പതുങ്ങിം നടക്കണ സമയോം.
മിതുണ്ടി കാക്ക അണ്ടിക്കള്ളനാണെന്ന് ബിജാരിച്ച് ചുള്ളിക്കമ്പും ഇട്ത്ത് ഇന്റെ പിന്നാലെ പാഞ്ഞ്. ഞാൻ പുടികൊട്ക്കോ?.ഇന്റെ ബാപ്പ ആണെങ്കി ഞമ്മള് പുടികൊട്ക്കോ?.
ഞമ്മളെ ഖൽബില് മൊഹബ്ബത്ത് കേറി നിക്കല്ലെ. അങ്ങനെ ഞമ്മള് ചുള്ളിക്കമ്പിനേക്കാളും സ്പീഡില് വേലായുധൻ വൈദ്യരെ കടേലെത്തി.
അങ്ങനെ ഞമ്മളെ വേലായുധൻ വൈദ്യരെ 'കിട്ടപ്പോ' ന്ന് ള്ള വിളി നടക്ക് ണ തിന്റെ ടീല് ഒരു എരട്ടി മധരം ഞമ്മള് മടീ ലാക്കി. പിന്നെ ഞമ്മള് മാന്യായി നാപ്പത് പൈസക്ക് ഒരു കഷ്ണം വാങ്ങി. അങ്ങനെ രണ്ട് കഷ്ണം ഓൾക്ക് ഞമ്മള് കൊണ്ടോയിക്കൊടുത്തപ്പൊ ഓള് ണ്ടിന്റെ കൗളത്ത് ഒരു നുള്ള് നുള്ളിറ്റ്. ദാ പ്പളും ണ്ട് അവ്ടെ തൊടുമ്പോ ഒരു വേദന. അവുടെ മാത്രല്ല ന്റെ ഖൽബിലും.
അങ്ങനെ ത്യാഗം സഹിച്ച് സഹിച്ച് ന്റെ മൊഞ്ചത്തിനെ സന്തോഷിപ്പിച്ച് കാലം കൊറെ പോയപ്പൊ ഓളെ ഉള്ളില് ഒരു എരട്ടി മധരം ബളർന്നത് ഞാനറിഞ്ഞീല.
മരം ബളർന്ന് അതിൽ നെറയെ പൂവും കായും ആയതും ഞമ്മളറിഞ്ഞീല. അവസാനം ഒരു കാക്ക വന്ന് ആ മരത്തിലെ കായൊക്കെ കൊത്തിക്കൊണ്ട് പോണത് ഞമ്മള് നോക്കി നിക്കണ്ടി വന്ന് കൂട്ടരെ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo