Slider

രക്തബന്ധങ്ങൾക്കപ്പുറം

0

രക്തബന്ധങ്ങൾക്കപ്പുറം
••••••••••••••••••••••••••••••••
ഇടയ്ക്കിടെ ഉണ്ടാകുന്ന കഴുത്ത് വേദനയ്ക്ക് ശമനമില്ലാതായപ്പോൾ ഒന്നു ഡോക്ടറെ കണ്ടു കളയാമെന്നു കരുതിയാണ് അന്നു ഞാനാ ക്ലിനിക്കിൽ എത്തിയത്.എന്നെ ക്ലിനിക്കിനുമുന്നിൽ ഇറക്കിയിട്ട് ഭർത്താവ് വണ്ടി പാർക്ക് ചെയ്യാൻ പോയി.ബിൽഡിങ്ങിനുള്ളിലേക്ക് പ്രവേശിച്ച ഞാൻ ചുമരിലെ നെയിം ബോർഡ് നോക്കി...ഒന്നാം നിലയിലാണ് ക്ലിനിക്ക്.ലിഫ്റ്റിനു കാത്തുനിൽക്കാതെ പടികൾ കയറി ഞാൻ മുകൾ നിലയിലെത്തി.
റിസപ്ഷനിൽ പേരും,അഡ്രസ്സും എഴുതിക്കൊടുത്തു.എനിക്ക് മുന്നെ ആറേഴ് രോഗികളുണ്ടെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു.വെയ്റ്റിങ്ങ് ഏരിയയിലുള്ള കസേരകളിലൊന്നിൽ ഞാനിരുന്നു.
അപ്പോഴാണ് മുന്നിൽ ഒരു ചെറുപ്പക്കാരൻ ഇത് ചേച്ചിയുടേതാണോ എന്ന് ചോദിച്ച് വന്നത്.അവന്റെ കയ്യിൽ എന്റെ ഐഡി കാർഡായിരുന്നു.അയ്യോ ഇതെങ്ങനെ എന്ന് ഞാൻ ചോദിക്കുമ്പൊ ആ റിസപ്ഷനു മുന്നിൽ നിന്നു കിട്ടിയതാന്നു പറഞ്ഞു കൊണ്ട് എനിക്കു മുന്നിലുള്ള സീറ്റിൽ അവൻ ഇരിപ്പുറപ്പിച്ചു.നന്ദി പറഞ്ഞു കൊണ്ട് ഞാനതു വാങ്ങി ബാഗിൽ വച്ചു.
നാട്ടിലെവിട്യാ ചേച്ചീടെ വീട് എന്നവൻ ചോദിച്ചു.കണ്ണൂരാണെന്ന് ഞാൻ പറഞ്ഞു.സന്ദീപ് എന്നാണവന്റെ പേരെന്നും നാട് തൃശ്ശൂരാണെന്നും ഞാൻ ചോദിക്കും മുന്നെ അവൻ പറഞ്ഞു കഴിഞ്ഞു.സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.
കുറച്ച് സമയമേ സംസാരിച്ചുള്ളുവെങ്കിലും അവന്റെ സ്നേഹത്തോടെയുള്ള സംസാരശൈലി എനിക്കിഷ്ടമായി.ഏകദേശം 22..23 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന അവനോട് സ്വന്തം അനിയനോടുള്ള വാൽസല്യം തോന്നിയെനിക്ക്.എന്റെ മകനെക്കാൾ അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനിയൻ....എന്റെ ഫെയ്സ്കട്ടുള്ള ഒരു ചേച്ചി അവനുണ്ടത്രെ.ഇന്ന് അവളുടെ വീട്ടിലാണ് ഞാൻ പോകുന്നതെന്നും നാട്ടിൽ അമ്മ തനിച്ചാണെന്നും പറ്റിയാൽ രണ്ടുമാസത്തിനുള്ളിൽ അമ്മയെ ഇവിടേക്ക് കൊണ്ടുവരണമെന്നുമൊക്കെ അവൻ പറഞ്ഞു.സംസാരത്തിനിടയിൽ എന്റെ ഭർത്താവ് വന്നപ്പൊ അവനെഴുന്നേറ്റ് നിന്ന് ഷെയ്ക്ഹാന്റ് ചെയ്തു സ്വയം പരിചയപ്പെടുത്തി.
സിസ്റ്റർ വന്നെന്റെ പേര് വിളിച്ചപ്പൊ ഞങ്ങൾ ഡോക്ടറെ കാണാൻ പോയി.പരിശോധനയ്ക്കു ശേഷം ഡോക്ടറെനിക്ക് എക്സ്റെയും,ബ്ലഡ് പരിശോധനയും കുറിച്ചു തന്നു.എക്സ്റേ കഴിഞ്ഞ് ബ്ലഡ് പരിശോധനയ്ക്കുള്ള റൂമിലെത്തുമ്പോൾ അതിനു പുറത്ത് അവനും വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു സന്ദീപ്...ഞങ്ങളെക്കണ്ടപ്പൊ ആഹാ ചേച്ചിയെയും ഇവർ വെറുതെ വിട്ടില്ല അല്ലെ...ഇവൻമാരുടെ സ്ഥിരം തട്ടിപ്പാ ഇത്.. എനിക്കും എഴുതീട്ടുണ്ട് ബ്ലഡ് പരിശോധന...എനിക്ക് ഒരു കുഴപ്പവുമില്ല ചേച്ചീ...കാലിൽ ചെറ്യ ഒരു വേദന...അത് അമ്മയുടെ കുഴമ്പിട്ടൊന്നു തടവിയാൽ മാറും
ഇതിപ്പൊ ബ്ലഡ് പരിശോധനയും..മണ്ണാങ്കട്ടയും...ഏതായാലും പെട്ടു...ഇനി റിപ്പോർട്ട് വാങ്ങിയിട്ട് പോകാമെന്നവൻ സിസ്റ്റർ കേൾക്കാതെ പതിയെ ഞങ്ങളോട് പറഞ്ഞു...സിസ്റ്റർ എന്നെ വിളിച്ചപ്പൊ ഞാൻ ഉള്ളിലേക്ക് പോയി.അവനും,ഭർത്താവും സംസാരം തുടരുന്നുണ്ടായിരുന്നു.
അകത്തേക്ക് ചെന്ന എന്റെ കയ്യിലൊരു കറുത്ത സ്ട്രാപ്പിട്ട് സിസ്റ്റർ ഒരു ചെറിയ സിറിഞ്ചിൽ രക്തം ശേഖരിച്ചു.അതിനിടയിൽ വേറൊരു സിസ്റ്റർ ഒരു റിപ്പോർട്ടുമായി വന്നു.അവരുടെ മുഖം വല്ലാതെ വാടിയിരുന്നു.വന്ന ഉടനെ ആ റിപ്പോർട്ട് മേശമേൽ വെച്ച് അവരവിടെയുള്ള കസേരമേൽ തളർന്നിരുന്നു.അവർ കൂടെയുള്ള സിസ്റ്ററോട് പറയുന്നത് എനിക്കു കേൾക്കാമായിരുന്നു "ആരെങ്കിലും ഈ റിപ്പോർട്ടവന് കൊടുക്കൂ എന്നെക്കൊണ്ടാവില്ല ഇത് കൊടുക്കാൻ...23 വയസ്സല്ലേ അവനുള്ളൂ...ഇതെങ്ങനെ അവൻ സഹിക്കും...ഇത് കണ്ടാലവൻ തലകറങ്ങി വീഴും...ഒരു കോഫി എടുത്തുവെച്ചിട്ട് അവനിത് കൊടുത്താൽ മതി..ഞാനിതെന്റെ കൈ കൊണ്ടവന് കൊടുക്കില്ല"...
ഇത്രയും കേട്ടപ്പൊ എന്റെ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി...ഒരു മിനുട്ടുകൊണ്ട് ഞാനാകെ വിയർത്തു...ശരീരം മുഴുവൻ വിറയൽ ബാധിച്ച പോലെ ..ആ റിപ്പോർട്ട് അവന്റെതാകരുതേന്നായിരുന്നു എന്റെ പ്രാർത്ഥന..സിസ്റ്റർ കഴിഞ്ഞു;എഴുന്നേറ്റോളൂന്ന് പറഞ്ഞപ്പൊ ഒരുവിധം ഞാനെഴുന്നേറ്റു..മേശ മേൽ കിടക്കുന്ന റിപ്പോർട്ടിലേക്ക് ഞാനൊന്നു പാളി നോക്കി...അതെ അതവന്റെ തന്നെയായിരുന്നു..സന്ദീപ് മേനോൻ...23 വയസ്സ്..ബാക്കിയുള്ളതൊന്നും ഞാൻ കണ്ടില്ല.. കണ്ണിലിരുട്ടായിരുന്നു.ഡോക്ട്ടർ എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഇന്ന് നേരത്തേ പോയി..നാളെ വന്ന് റിപ്പോർട്ടും വാങ്ങി ഡോക്ടറേ കണ്ടോളൂന്ന് സിസ്റ്റര്‍ പറയുന്നത് സ്വപ്നത്തിലെന്നപോലെ ഞാൻ കേട്ടു...ഇടറിയകാലുകളോടെ ഞാൻ പുറത്തേക്കിറങ്ങി...
പുറത്തവനുണ്ടായിരുന്നു..സന്ദീപ്.... റിപ്പോർട്ട് കിട്ടിയോ ചേച്ചീ..എന്റേത് ഇപ്പോ കിട്ടും...എന്ന് ചിരിയോടു കൂടിയവൻ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു.റിപ്പോർട്ട് നാളെയേ കിട്ടൂ എന്ന് പറഞ്ഞ് വിളറിയ ഒരു ചിരി അവന് സമ്മാനിച്ച്...വാ പോകാം എന്ന് ഭർത്താവിനോട് പറഞ്ഞ് ഞാനദ്ധേഹത്തിന്റെ കൈ മുറുകെപിടിച്ചു....ഇല്ല പറ്റുന്നില്ല.... കാലുകൾക്ക് വല്ലാത്ത ഭാരംപോലെ...എങ്ങിനെയോ നടന്ന് ഞങ്ങൾ പാർക്കിങ്ങിലെത്തി....
വഴിനീളെ ഭർത്താവ് അവനെപ്പറ്റിയായിരുന്നു സംസാരിച്ചത്..."നല്ല പെരുമാറ്റമുള്ള പയ്യൻ...അവന്റെ കഠിനാദ്ധ്വാനം കൊണ്ട് പഠിച്ചിറങ്ങുമ്പൊത്തന്നെ ജോലി കിട്ടി..ഈ പ്രായത്തിൽ ഇത്ര നല്ല പൊസിഷനിലവനെത്തണമെങ്കിൽ അതവന്റെ മിടുക്കുതന്നെയാണ്"...ഒന്നും മിണ്ടാതിരുന്ന എന്നോട് പോകുമ്പൊ റേഡിയോ ഓൺ ചെയ്തപോലെ സംസാരിച്ച നിനക്കിതെന്താ പറ്റിയേന്നദ്ധേഹം ചോദിച്ചപ്പൊ ഒരു പൊട്ടിക്കരച്ചിലോടെ ഞാനവന്റെ ബ്ളഡ് റിപ്പോർട്ടിന്റെ കാര്യം പറഞ്ഞു.എന്താണതിലെഴുതിയതെന്നദ്ധേഹം ചോദിച്ചപ്പൊ ഞാൻ നോക്കിയില്ല..സംതിങ്ങ് സീരിയസ്...എന്നു ഞാൻ പറഞ്ഞു...അതു നോക്കാനുള്ള മനഃശക്തി ഉണ്ടായിരുന്നില്ലെനിക്ക്.അതായിരുന്നു സത്യം...ഒരുവേള അവനെ പരിചയപ്പെടേണ്ടിയിരുന്നില്ലെന്ന് വരെ എനിക്ക് തോന്നി....
ഈ ചുരുങ്ങിയ സമയം കൊണ്ട് തീർത്തും അപരിചിതയായ എന്നെ സ്വന്തം ചേച്ചിയായ് അവനും കുഞ്ഞനിയനായ് എനിക്കും തോന്നിയതേതു മുൻജൻമബന്ധം കൊണ്ടാണെന്നെനിക്കറിയില്ല.അല്ലെങ്കിലും ചിലബന്ധങ്ങൾ അങ്ങിനെയാണ്.... രക്തബന്ധത്തെക്കാൾ അതീതമായ ചില ബന്ധങ്ങൾ...പലതും ചിന്തിച്ച് സങ്കടപ്പെട്ടോണ്ടിരുന്ന എന്നെ നീ ഒരു തൊട്ടാവാടിയായോണ്ടാ ഇങ്ങനെ...മനസ്സിന് ധൈര്യം വേണം വെറുതെ അതുമിതും ആലോചിക്കാതെയെന്ന് പറഞ്ഞ് ആശ്വസിപിക്കാനദ്ധേഹം ശ്രമിക്കുമ്പോൾ ഞാനവന്റെ ചേച്ചിയെപ്പറ്റി ആലോചിക്കുകയായിരുന്നു.... അനിയന്റെ വരവും കാത്ത് ഷാർജയിലേതോ ഫ്ളാറ്റിൽ കാത്തിരിക്കുന്ന അവന്റെ ചേച്ചിയെ....
ഇനി ഒരിക്കലും കണ്ടുമുട്ടാൻ സാദ്ധ്യത ഇല്ലെന്നറിഞ്ഞിട്ടും ഇന്നും ഞാനവനു വേണ്ടി പ്രാർത്ഥിക്കുകയാണ്....എവിടെയോ അവൻ ജീവിച്ചിരിക്കുന്നുണ്ടെന്ന ശുഭചിന്തയോടെ...

By 
Maya Dinesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo