നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സർപ്രൈസ്


സർപ്രൈസ്
* * * * * * * *
വയറുനിറച്ചും ചക്കക്കൂട്ടാൻ കഴിച്ച് ഫുൾ സ്പീഡിൽ ഫാനുമിട്ട് ഒരു കിടത്തം കിടന്നതാണ്. ഭാര്യയുടെ ചവിട്ടുനാടകത്തിന്റെ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ചവിട്ടുനാടകത്തിലെ ഒരു സ്റ്റെപ്പ് എന്റെ ഊരക്കിട്ട് കൊണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല.
നല്ല ഊര വേദനയുണ്ടെന്നല്ലാതെ ആരോപണമുന്നയിക്കാനോ ചോദ്യം ചെയ്യാനോ എന്റെ കൈയിൽ തെളിവുകളൊന്നുമില്ലായിരുന്നു.
" എന്തേ... കുറച്ചു നേരം ഒന്നുറങ്ങാമെന്നു വിചാരിച്ചാൽ അതിനും സമ്മതിക്കില്ലേ നീ..."
"കുറച്ചു നേരം..പതിനൊന്ന് മണിക്ക് കിടന്നുറങ്ങാൻ തുടങ്ങിയതാ.. ഇപ്പൊ സമയം മൂന്ന് മണിയായി..അറിയോ നിങ്ങക്ക്..."
ശരിയാണല്ലോ... പതിനൊന്ന് മണിക്ക് കിടന്നതാണല്ലോ.. ഇപ്പഴാ ഓർമ്മ വന്നത്....
" ആട്ടെ എന്താ ഇപ്പോ പ്രശ്നം..?" കിടക്കയിൽ കിടന്നു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം..
"എനിക്ക് വീടു വരെ ഒന്നു പോകണം... കുട്ടികളുടെ സ്കൂളൊക്കെ പൂട്ടിയതല്ലേ... ഇനി കുറച്ച് ദിവസം അവിടെ പോയി നിക്കട്ടെ..."
ഞാൻ കിടക്കയിൽ നിന്നും ചാടിയെണീറ്റു. എന്താ ഞാനീ കേട്ടത്.. അവൾ അവളുടെ വീട്ടിലേക്ക് വിരുന്ന് പോകുകയോ... മഴക്ക് കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ എത്ര ദിവസമായി ഞാൻ അവൾ അവളുടെ വീട്ടിലേക്ക് പോകുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട്.ഇടക്കൊരു സ്വാതന്ത്ര്യം ആരായാലും കൊതിച്ചു പോകില്ലേ..
"എന്തായിപ്പോ പെട്ടെന്നൊരു തീരുമാനം.. " ഉള്ളിലെ സന്തോഷം മറച്ചുവെക്കാൻ ഏറെ പാടുപെട്ടു ഞാൻ.
" ഉമ്മ വിളിച്ചിരുന്നു.. അവിടെ എല്ലാവരുമെത്തിയിട്ടുണ്ടത്രേ.. എന്നോടും വരാൻ പറഞ്ഞു... "
" എന്നാപ്പിന്നെ നാലരയുടെ ബസിന് പൊയ്ക്കോ... നേരം കളയണ്ട.."
"സാധനങ്ങളൊക്കെ അടുക്കളയിലുണ്ട്.. കഴിയുമ്പോലെയൊക്കെ ഉണ്ടാക്കിത്തിന്നോളണം"
അങ്ങനെ നാലരയുടെ ബസിൽ അവരെ കയറ്റി വിട്ടു. മുക്കത്തുള്ള ബീവറേജ് പൂട്ടിയതാണ്.. സാധനം കിട്ടണമെങ്കിൽ മഞ്ചേരി വരെ പോകണം.. അല്ലെങ്കിൽ വേണ്ട വോഡ്കാഭിഷേകം നാളത്തേക്ക് മാറ്റാം... പക്ഷേ ഇന്നെന്ത്..?ഇന്ന് തൽക്കാലം ഫേയ്സ്ബുക്കിൽ കയറി അർമാദിക്കാം... കുറെ ലേഡീഫ്രന്റസുകളുണ്ട്.. ഓൺലൈനിലുള്ളവരോടൊക്കെ ഒരു ഹായ് പറഞ്ഞ് തുടങ്ങാം.ചാടിക്കൊത്തുന്നവരുടെ പിറകെ കൂടാം... ഇന്നത്തേക്ക് തൽക്കാലം അങ്ങിനെ തിരുപ്പതിയടയാം...
വീട്ടിലെത്തി ഫെയ്സ് ബുക്കിൽ മാന്താൻ തുടങ്ങി.. കാണാൻ ഗ്ലാമറുള്ളവർക്കൊക്കെ ആദ്യം ഹായ് കൊടുത്തു. അഡ്മിൻ പാനലിൽ പെട്ടവരെയും വെറുതെ വിട്ടില്ല.. എവിടുന്നാ ബിരിയാണി കിട്ടുന്നതെന്നറിയില്ലല്ലോ..പാവം അഡ്മിൻസ്.. വളർന്നു വരുന്ന ഒരെഴുത്തുകാരന്റെ കുശലാന്വേഷണങ്ങളായി മാത്രം കരുതുകയേയുള്ളൂ..
ഹായ്കൾക്ക് പകരം ചിലർ മാത്രം ഹായ് തിരിച്ചെറിയുന്നുണ്ട്.. അവിടുന്നങ്ങോട്ട് ഒരനക്കം നീങ്ങുന്നില്ല.. എന്തെങ്കിലുമൊരു പിടുത്തം കിട്ടണ്ടെ വലിഞ്ഞുകയറാൻ... ആകെ കൺഫ്യൂഷനിലിരിക്കുമ്പോഴാണ് മൊബൈൽ ബെല്ലടിച്ചത്... എന്റെ ഇഷ്ടറിംഗ്ടോൺ...
" കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു.. "
പരിചയമില്ലാത്ത നമ്പറാണ്... എങ്കിലും കടവൊഴിയാൻ ഞാൻ സമ്മതിക്കില്ല.. ഹായ് വിട്ടവരാരെങ്കിലും ബ്ലോഗിൽ നിന്നോ ഫേസ് ബുക്ക് പ്രൊഫൈലിൽ നിന്നോ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നതാണെങ്കിലോ.... ഞാനൊരു ലഡുവെടുത്ത് അരികിൽ വെച്ചു.. ആവശ്യമുണ്ടെങ്കിൽ പൊട്ടിച്ചാൽ മതിയല്ലോ..
"ഹലോ... ആരാ...?"
"എന്റെ പേര് സോഫിയ.. എന്നെ അറിയാൻ വഴിയില്ല.. ഞാൻ സാറിനെയൊന്ന് പരിചയപ്പെടാമെന്ന് കരുതി വിളിച്ചതാ.. സാറിന് ബുദ്ധിമുട്ടായോ"
അരികിലുള്ള ലഡു ഞാൻ കാലുകൊണ്ട് ചവിട്ടിപ്പൊട്ടിച്ചു. സാറേന്ന്... അതും എന്നെ.. ഇതിന് മുൻപ് കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ മാത്രമേ സാറ് വിളി കേട്ടിട്ടുള്ളൂ.. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.
"ഏയ് ബുദ്ധിമുട്ടൊന്നുമില്ല.. ചെറിയൊരു തിരക്കിലാണ്. എന്നാലും സോഫിയ പറയൂ.. "
"സാറ് നല്ലെഴുത്തിലെഴുതുന്ന എല്ലാ പോസ്റ്റുകളും ഞാൻ വായിക്കാറുണ്ട്. സാറിന്റെ കോമഡി എനിക്കേറെ ഇഷ്ടമാണ്.. എന്റെ ഫ്രണ്ട്സിനും സാറിനെ ഭയങ്കര ഇഷ്ടമാണ്...'
"ശ്ശൊ.. സോഫിയാ ഇടക്കുള്ള ഈ സാറ് വിളി ഒന്ന് നിർത്തിക്കൂടെ... "
" നിങ്ങള് വലിയ എഴുത്തുകാരല്ലേ.. "
" എന്നു കരുതി...? എന്റെ വായനക്കാർ എന്നോട് അടുത്തിടപഴകുന്നതാണ് എനിക്കിഷ്ടം.. "
" നിങ്ങള് കല്യണം കഴിച്ചതാണോ.?'
"അതെ.. രണ്ട് കുട്ടികളുമുണ്ട്... "
" കണ്ടാ തോന്നില്ലാട്ടോ.. നിങ്ങളുടെ കണ്ണുകൾ കാണാൻ നല്ല ചേലാ... "
എന്റെ ദൈവമേ... ഭാര്യ ഇന്ന് തന്നെ വീട്ടിൽ പോയതിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇല്ലെങ്കിൽ ഇങ്ങനെ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാൻ പറ്റുമായിരുന്നോ.. എല്ലാറ്റിനും മറുപടിയായി മൂളിക്കൊടുക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ..
സംസാരം അങ്ങനെ നീണ്ടുനീണ്ടു പോയി. ഇടക്ക് സീൽക്കാരങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഒരു സൽക്കാരമുണ്ടായി... ഒഴിവുള്ള ഒരു ദിവസം അവളുടെ വീട്ടിലേക്ക് വരുമോയെന്ന്.... എന്ത് ചോദ്യമായിത്... ഇതല്ലേ നമ്മൾ പ്രതീക്ഷിച്ചിരിക്കുന്നത്... ഞാനതിന് ഓക്കെ പറഞ്ഞു.നാളെ വിളിക്കാമെന്ന് വാക്കും തന്ന് അവൾ ഫോൺ വെച്ചു.. സംസാരത്തിനിടയിൽ കുറെ പിപ്പിപ്പി സൗണ്ട് വന്നിരുന്നു. ഹായ് വിട്ടവർ ഇടക്ക് കയറി വന്നതാ.... ഇനിയാർക്കു വേണം അവരെ.. ഞാൻ മറുപടി കൊടുക്കാനൊന്നും പോയില്ല. ഇന്നത്തേക്കുള്ളതായി...
ഓരോന്നാലോചിച്ചു കിടന്ന് രാത്രി പന്ത്രണ്ട് മണിയായിക്കാണും ഉറങ്ങിയപ്പോൾ.കോളിംഗ് ബെൽ നിർത്താതെയടിക്കുന്നത് കേട്ടാണ് ഉറക്കമുണർന്നത്. മൊബൈലെടുത്തു നോക്കി. എട്ടു മണിയായിരിക്കുന്നു. രാവിലെത്തന്നെ ഏതെങ്കിലും പിരിവുകാരായിരിക്കും. നാശങ്ങള്... മനുഷ്യന്റെ ഉറക്കം കളയാൻ...
ബെഡിലെവിടെയോ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്ന ലുങ്കി തപ്പിയെടുത്തുടുത്ത് വാതിൽ തുറന്നു....
കുറച്ച് ദിവസം വീട്ടിൽ നിൽക്കാനെന്ന് പറഞ്ഞ് പോയ ഭാര്യയും മക്കൾസും ഇതാ മുമ്പിൽ നിൽക്കുന്നു...മുഖം അൽപം വീങ്ങിയിട്ടുണ്ട്..
"എന്ത് പറ്റി....? നിന്നെ ഉമ്മ ഇറക്കി വിട്ടോ...?"
ഞാൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു.
അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി...
എന്ത് പറ്റിയെന് ഞാൻ മക്കൾസിനോട് ആംഗ്യ ഭാഷയിൽ ചോദിച്ചു..
"നിങ്ങക്കൊരു സർപ്രൈസുണ്ട് " മകന്റെ മുഖത്തെ ചിരിയൊന്ന് കാണേണ്ടതായിരുന്നു.
ഇന്നെന്റെ ജന്മദിനമൊന്നുമല്ലല്ലോ... പിന്നെന്തോന്ന് സർപ്രൈസ്...
"നിങ്ങൾ ഇതൊന്ന് നോക്കി... ഇന്നലെ എന്റെ ഫ്രണ്ടിനോട് ഒരാൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത താ. ആളെ നിങ്ങക്ക് അറിയുമോന്ന് നോക്കാനാ. " ഇത്രയും പറഞ്ഞ് അവളുടെ ഫോൺ എന്റെ കൈയിൽ തന്ന് ഒരു വോയ്സ് ക്ലിപ്പ് പ്ലെ ചെയ്ത് അവൾ അടുക്കളയിലേക്ക് പോയി.. എനിക്കും കൗതുകമായി.. ആരായിരിക്കുമാ വിരുതൻ...?
ഇയർഫോൺ വെച്ച് ഞാനാ വോയ്സ്ക്ലിപ്പ് കേൾക്കാൻ തുടങ്ങി.. ഞാൻ ഞെട്ടിപ്പോയി... ഇന്നലത്തെ എന്റെ സംസാരം.. സോഫിയ.... കോമഡി....ഭംഗിയുള്ള കണ്ണുകൾ.....
ഹെന്റെ പടച്ചോനെ അപ്പൊ ഇന്നലെ നടന്നത് ഒരു ഹണി ട്രാപ്പ് ആയിരുന്നോ....? എല്ലാം കുളമായല്ലോ.. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ച് അന്തം വിട്ട് നിൽക്കുമ്പോഴാണ് അടുക്കളയിൽ നിന്നും ലൈക്കില്ലാത്ത ഒരു കമന്റ് വന്നത്.
"ഇയർഫോൺ വെച്ചിട്ട് കേട്ടാ മതിയേ... അല്ലെങ്കിൽ കുട്ടികളെ അടുത്ത് നിന്ന് മാറ്റിക്കോളീ.. "
ആകെ അണ്ടി പോയ എഴുത്തുകാരനെപ്പോലെ നിൽക്കുമ്പോഴതാ അടുക്കളയിൽ നിന്നും ഒരു ചോദ്യം....
"സാറിന് പ്രാതലിന് ചപ്പാത്തി മതിയോ അതോ പുട്ട് തന്നെ വേണമെന്നുണ്ടോ."
ശശിയാകാനായിട്ടൊരു ജന്മം... അല്ലാതെന്തു പറയാൻ.... __________________________
എം.പി.സക്കീർ ഹുസൈൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot