Showing posts with label Bini Bharathan. Show all posts
Showing posts with label Bini Bharathan. Show all posts

നന്മകൾ മാത്രം


തെറാപ്പി സെന്ററിന്റെ വെയ്റ്റിംഗ് റൂമിൽ നിരനിരയായിട്ടിരിക്കുന്ന കസേരകളിൽ വെറുതെ സമയം തള്ളി നീക്കുമ്പോളാണ് പലരെയും പരിചയപ്പെട്ടിട്ടുള്ളത്.ഞാൻ അങ്ങനെ പരിചയപ്പെടുന്ന ആദ്യത്തെ അച്ഛൻ ആണ് വിനോദ് (പേര് സാങ്കല്പികം ).
ഞങ്ങൾ അമ്മ മാരെ പ്പോലെ കരുതലും, ക്ഷമയും, മോന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വരെ ഭംഗിയായി അറിഞ്ഞു ചെയ്യുന്ന ആ അച്ഛനെ അറിയാതെ ശ്രദ്ധിച്ചിരുന്നു പലപ്പോഴും...
ഭാര്യ പ്രസവിച്ചു കിടക്കുകയാണെന്നും, അതു കൊണ്ടാണ് മോനെ കൊണ്ടു താൻ വരുന്നതെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
അമ്മമാരുടെ മാനസികാവസ്ഥയോടെ കുഞ്ഞിന്റെ ഓരോ കാര്യങ്ങളും നോക്കുന്ന കണ്ടാൽ അറിയാം, അമ്മേടേം അച്ഛന്റേം റോളുകൾ ആൾ ആണെന്ന് ...
ഒരുദിവസം എന്തോ പറഞ്ഞപ്പോളാ ആള് തുറന്നു പറയുന്നത്, അയാളുടെ ഭാര്യ 50% ഓട്ടിസ്റ്റിക് ആണെന്ന്...
ആദ്യത്തെ ഞെട്ടലിൽ നിന്നും വിമുക്ത മായപ്പോഴാണ് കൂടുതൽ ചോദിച്ചറിഞ്ഞത്...
കല്യാണാലോചനകൾ തകൃതി യായി നടക്കുന്നതിനിടയിൽ, യാദൃശ്ചികമായി മാട്രിമോണിയൽ കോളത്തിൽ കണ്ടാണ് ഈ കുട്ടിയെ പറ്റി അറിയുന്നത്.
വീട്ടിൽ പറഞ്ഞപ്പോൾ, അല്പം മൗനത്തിനു ശേഷം അച്ഛൻ പറഞ്ഞത്രേ, ജീവിതകാലം മുഴുവൻ നോക്കാമെന്നുണ്ടെങ്കിൽ നീ കെട്ടിക്കോ... ഞങ്ങളുണ്ട് എന്ന്.
പെണ്ണുകാണാൻ ചെന്നപ്പോൾ കുറച്ചു പിള്ളേരുടെ കൂടെ കളിച്ചുല്ലസിച്ചു വന്ന് ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്ത് മുറ്റത്തേക്ക് ഓടിപ്പോയ അവളെ കൂടെ കൂട്ടാൻ മനസ്സ്‌ അപ്പഴേ സമ്മതം !!
പിന്നീട് ഇതിനെ പറ്റി ഒരുപാട് സേർച്ച്‌ ചെയ്തു, രണ്ടുപേരും കൂടി ഒരുപാട് കൗൺസിലിംഗ് കൾ... ചെറിയ മീറ്റിംഗുകൾ അങ്ങനെ കല്യാണം ആവുമ്പോഴേക്ക് അവളുടെ ഏറ്റവും പ്രിയപ്പെട്ടവനായിക്കഴിഞ്ഞു വിനോദ്...
ഒരുപാട് ആശങ്കകളും, അങ്കലാപ്പുകളും നിറഞ്ഞ ഒരു ഗർഭകാലത്തിനൊടുവിൽ അവൾ ഒരു ആൺ കുഞ്ഞിന് ജന്മം കൊടുത്തു...
വിധി അവിടെയും അവരെ ചെറുതായൊന്നു തോൽപ്പിച്ചു, മോന് ഐ കോൺടാക്ട് ഇല്ല, സ്‌പീച് ഇല്ല.. ചില പെരുമാറ്റ വൈകല്യങ്ങൾ..
ഒരുവാക്കുകൊണ്ടോ, പ്രവർത്തി കൊണ്ടോ കുറ്റപ്പെടുത്താതെ വിനോദിന്റെ അച്ഛനും അമ്മയും അയാൾക്കൊപ്പം നിന്നും. ഒരിക്കൽ പോലും കുറ്റപ്പെടുത്തിയില്ല.. ഇപ്പോ മോന് ചില നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്...
മോന് രണ്ടര വയസ്സായപ്പോൾ അവൾ വീണ്ടും ഗർഭിണിയായി. അത്ര കുഴപ്പങ്ങളില്ലാതെ അവൾ തന്റെ ഗര്ഭകാലം കഴിച്ചു കൂട്ടി.. ഒരു പൊന്നു മോളെ പ്രസവിച്ചു..
മോള് നല്ല മിടുക്കിയാണ്.. എല്ലാത്തിനോടും പ്രതികരിച്ചും, ചിരിച്ചും, കണ്ണിൽ നോക്കിയും അവൾ മിടുക്കിയായി വളരുന്നു. മോൾടെ കാര്യങ്ങൾ നോക്കുന്നത് മുഴുവൻ അവരു തന്നെ ആണ്.
മൊബൈലിൽ ഞങ്ങൾക്ക് ഫോട്ടോയും കാണിച്ചു തന്നു. അല്പം ബുദ്ധി വൈകല്യം തോന്നിപ്പിക്കുന്ന മുഖം.. പക്ഷെ ആ മുഖത്തും ഒരു അമ്മയുടെ സംതൃപ്തി ഉണ്ട്... നിറഞ്ഞ സ്നേഹമുണ്ട്...
ഇതൊക്കെ കേട്ടിരുന്ന ഞാൻ അപ്പുറത്തെ ദീപയെ നോക്കി കാണെകാണെ അവളുടെ കണ്ണു നിറഞ്ഞു വന്നു... എന്റേം കണ്ണു നിറഞ്ഞു..
അപ്പോഴും ഇതൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ വിനോദ് ചിരിയോടെ ഞങ്ങളെ കളിയാക്കി ചിരിച്ചു...
ഒന്നു കുനിഞ്ഞു ആ കാലിൽ തൊട്ടു കണ്ണിൽ വെച്ചു.. പെട്ടെന്ന് കാൽ വലിച്ചു കൊണ്ടു...
"ഛെ, എന്തായിത് .... "
എന്ന്..
ഞാൻ പറഞ്ഞു, "ഞാൻ ഇതുവരെ ദൈവത്തെ നേരീട്ട് കണ്ടിട്ടില്ല. കണ്ടപ്പോൾ തൊട്ടു വണങ്ങുന്നു ന്ന് മാത്രം " എന്ന്.
ഇപ്പഴും പെണ്ണ് കാണാൻ പോകുന്ന ചിലർ പെണ്ണിന്റെ, മുഖവും, മുടിയും, നിറവും അളന്നു കുറിച്ച് പോരായ്മകൾ പറഞ്ഞു ഒഴിവാക്കുന്നത് കാണാം, തിരിച്ചും... അങ്ങനുള്ളിടത്താണ് വിനോദ്... നിങ്ങൾ ഒരുപാട് ഉയർത്തപ്പെടുന്നത്... ആ അച്ഛനും അമ്മയും ഉദാത്ത മാതൃകകൾ ആവുന്നത്..
നിങ്ങൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ,

മാർത്താണ്ഡവർമയുടെ **************************** ഭരണപരിഷ്കാരങ്ങൾ.. ഒരു തിരിഞ്ഞുനോട്ടം !!

മാർത്താണ്ഡവർമയുടെ
**************************** ഭരണപരിഷ്കാരങ്ങൾ.. ഒരു തിരിഞ്ഞുനോട്ടം !!
************************************************
ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഹിസ്റ്ററി യിൽ അത് വിപ്ലവങ്ങളുടെ പെരുമഴക്കാലം.. റഷ്യൻ വിപ്ലവം, അമേരിക്കൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം.. അങ്ങനെ അങ്ങനെ ...
ഇതൊക്കെ വളരെ പ്രധാനപ്പെട്ടവയാണെന്നും പറഞ്ഞു ടീച്ചർ എല്ലാരെക്കൊണ്ടും പഠിപ്പിച്ചെടുക്കുന്ന സമയം. ആഴ്ചയിൽ രണ്ടു ദിവസം ലഞ്ച് ബ്രേക്ക്‌ ടൈമിൽ ഏതെങ്കിലും ഒരു വിപ്ലവം ഉപന്യാസം എഴുതിക്കുമായിരുന്നു..
എല്ലാവരും നന്നായി പഠിച്ചു വരികയും ചെയ്യും. എന്നാൽ ഇതിലൊന്നും പെടാതെ ഒരാളുണ്ടായിരുന്നു. നമ്മുടെ കഥാനായിക !! ( ഞാനല്ലെന്നു മാത്രം പറയാം )... ഇങ്ങനെ എഴുതിക്കുന്ന ദിവസം അവൾക്കൊരു സിദ്ധിയുണ്ട് .. അവൾക്കു മിക്കവാറും അന്ന് തലവേദന, വയറുവേദന, പല്ലുവേദന, കാലുവേദന തുടങ്ങി അസുഖങ്ങൾ ബാധിക്കുമായിരുന്നു. വീട്ടിലെല്ലാരും പോയാൽ അസുഖത്തിന് നല്ല കുറവുണ്ടാവുകയും, അച്ഛമ്മയുടെ കണ്ണുവെട്ടിച്ചു കളിക്കാൻ പോവുകയും, ആഴ്ചപ്പതിപ്പ് വായിക്കുകയും, അയൽവക്കത്തെ ചേച്ചിമാരുടെ വെടിവട്ടത്തിൽ കൂടുകയും ചെയ്യുമായിരുന്നു..
അങ്ങനെയിരിക്കെ പരീക്ഷ വന്നെത്തി... പ്രതീക്ഷിക്കാതെ കുറെ സമരങ്ങളും, മറ്റും വന്നതിനാൽ പരീക്ഷക്കുള്ള പാഠങ്ങൾ മുഴുവൻ എടുത്തുകഴിഞ്ഞിരുന്നില്ല. പക്ഷെ, എടുക്കാത്ത ഭാഗത്തു നിന്നും ചോദ്യം വന്നാൽ ചോദ്യം മാറ്റിത്തരാമെന്നു ടീച്ചർ പറഞ്ഞിരുന്നു..
അങ്ങനെ പരീക്ഷ ആയി. ഹിസ്റ്ററി പരീക്ഷയും വന്നു. ആകെക്കൂടി അവസാനത്തെ ഉപന്യാസം മാത്രമേ എടുക്കാത്ത ഭാഗത്തു നിന്നും വന്നിട്ടുള്ളൂ. അതിനു ചോയ്‌സും ഉണ്ട്. അതായത്... റഷ്യൻ വിപ്ലവം അല്ലെങ്കിൽ മാർത്താണ്ഡവർമയുടെ ഭരണപരിഷ്കാരങ്ങൾ.
സെക്കന്റ്‌ ചോയ്സ് എടുക്കാത്ത പാഠത്തിലെ ആയിരുന്നു. പക്ഷെ റഷ്യൻ വിപ്ലവം എല്ലാർക്കും അറിയുന്നതിനാൽ പ്രത്യേകിച്ച് ടീച്ചർ ചോദ്യം മാറ്റിയൊന്നുമില്ല.. എല്ലാരും പരീക്ഷ തകർത്തെഴുതി..
ക്രിസ്തുമസ്സും, ന്യൂ ഇയറും കഴിഞ്ഞു സ്കൂൾ തുറന്നു.. അന്നുതന്നെ ഹിസ്റ്ററി പേപ്പറുമായി ക്ലാസ്സ്‌ ടീച്ചർ കൂടിയായ, ടീച്ചർ ക്ലാസിലെത്തി...
എല്ലാരുടെയും ഹാർട്ട്‌ ബീറ്റ്, പൾസ്, പ്രഷർ, എല്ലാം ക്രമം തെറ്റി തുടങ്ങി.. അറ്റന്റൻസ് എടുക്കുമ്പോൾ പ്രസന്റ് പറയാൻ പോലും തൊണ്ടയിൽ വെള്ളമില്ലാത്ത അവസ്ഥ..
ടീച്ചർ എല്ലാർക്കും പേപ്പർ കൊടുത്തു.. എന്നിട്ട് കഥാനായികയേ അടുത്ത് വിളിച്ചു പേപ്പർ കൊണ്ടുവരാൻ പറഞ്ഞു.. അവൾ മന്ദം മന്ദം പേപ്പറുമായി ടീച്ചറുടെ അടുത്തെത്തി... പേപ്പർ ടീച്ചർക്ക്‌ കൊടുത്തു.. പോയി ഇരുന്നോളാൻ പറഞ്ഞതനുസരിച്ചു സ്വന്തം സ്ഥലത്തു വന്നിരുന്നു..
ഇനിയാണ് തമാശ... നിങ്ങൾ ഊഹിച്ചു കാണുമെന്നറിയാം എന്നാലും ഞാൻ പറയുന്നതാണല്ലോ അതിന്റെ ഒരു ഇത്... സ്വാഭാവികമായും റഷ്യൻ വിപ്ലവം വലിയ പിടിയില്ലാത്തതു കൊണ്ട് നായിക, മാർത്താണ്ഡവർമയുടെ ഭരണപരിഷ്‌കാരങ്ങൾ ആണ് എഴുതിയത്..
ദോഷം പറയരുതല്ലോ, എടുക്കാത്ത ഭാഗത്തു നിന്നായതു കൊണ്ടാവാം ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യസിക്കേണ്ട സംഭവം കക്ഷി, നാല് പുറം നിറച്ചും എഴിതിയിട്ടുണ്ട്.
ടീച്ചർ അത് ഉറക്കെ വായിച്ചു.. മാർത്താണ്ഡവർമ ഒരുപാട് പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്.. അതിൽ ചില പരിഷ്‌കാരങ്ങൾ വളരെ നല്ല പരിഷ്കാരങ്ങളും, ചിലത് അത്ര നല്ലതല്ലാത്ത പരിഷ്കാരങ്ങളും, ചിലത് ഒട്ടും നല്ലതല്ലാത്ത പരിഷ്കാരങ്ങളും, ബാക്കിയുള്ളവ ഏറ്റവും മോശം പരിഷ്കാരങ്ങളും ആയിരുന്നു എന്ന് എടുത്തു പറയേണ്ടതാണ്. ഈ പരിഷ്‌കാരങ്ങൾ തന്നെ ഇടക്കിടക്ക് മാറ്റി പരിഷ്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന പരിഷ്‌കാരങ്ങൾ.
അതിൽ ചില പരിഷ്‌കാരങ്ങൾ ജനങ്ങൾക്കു വളരെ ഉപകാരമുള്ളവ ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇവ പിന്നീട് പരിഷ്കരിച്ചപ്പോൾ ആർക്കും ഇഷ്ടപ്പെട്ടില്ല !!
എന്നാൽ ചില പരിഷ്‌കാരങ്ങൾ ആദ്യമേ മോശമായതിനാൽ അതൊക്കെ ആദ്യം തന്നെ ആർക്കും ഇഷ്ടപ്പെട്ടില്ല, അതിൽ ചിലത് പരിഷ്കരിച്ചപ്പോഴും ഇഷ്ടപ്പെട്ടില്ല..
റോഡിലെ പരിഷ്‌കാരങ്ങൾ, കൊട്ടാരത്തിലെ പരിഷ്‌കാരങ്ങൾ, വീടുകളിലെ പരിഷ്‌കാരങ്ങൾ, അമ്പലങ്ങളിലെ പരിഷ്‌കാരങ്ങൾ എന്നിങ്ങനെ പല പല തരത്തിലുള്ളവയായിരുന്നു അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾ.
അദ്ദേഹം ചില പരിഷ്‌കാരങ്ങൾ ഒരു കടലാസ്സിൽ കുറിച്ചു വെച്ചു. ചില നല്ല പരിഷ്‌കാരങ്ങൾ എന്തു കൊണ്ടോ അദ്ദേഹം കുറിച്ചു വെച്ചില്ല. അതുകൊണ്ട് ജനങ്ങൾ ആ പരിഷ്‌കാരങ്ങൾ കുറിച്ചു വെച്ചു.........
......
....
അങ്ങനെയൊക്കെ ആയിരുന്നു മാർത്താണ്ഡവർമയുടെ ഭരണപരിഷ്‌കാരങ്ങൾ..
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ, ഇത് ഒരു വല്ലാത്ത പരിഷ്കാരമായിപ്പോയി എന്ന് മനസ്സിൽ പറഞ്ഞു..
രസകരമായ വസ്തുത ഇത് എന്തിനാണ് അവിടെ വായിച്ചത് എന്ന് അവൾക്കു മനസ്സിലായില്ല എന്നതാണ്. ഞാൻ പറഞ്ഞു... "ഡീ അത് എടുക്കാത്ത പാഠത്തിലെ ചോദ്യം ആയിരുന്നു "എന്ന്... അതെയോ ഇത് എടുക്കാത്ത പോർഷൻ ആണെന്ന് ടീച്ചർ പറഞ്ഞില്ലല്ലോ... അത് പറഞ്ഞെങ്കിൽ ഞാൻ എഴുതില്ലായിരുന്നു... അവൾ നിഷ്കളങ്കതയോടെ പറഞ്ഞു...
എന്തായാലും റഷ്യൻ വിപ്ലവവും, മാർത്താണ്ഡവർമയുടെ പരിഷ്കാരങ്ങളും പഠിച്ചു പറഞ്ഞു കേൾപ്പിച്ചിട്ടേ പിന്നെ അവൾക്കു രക്ഷയുണ്ടായുള്ളു...
( അതുകഴിഞ്ഞു ടീച്ചർ ഈ ഭാഗം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ... എന്തായിരിക്കും ആ പരിഷ്‌കാരങ്ങൾ എന്നറിയാനുള്ള ആ കാംക്ഷയിൽ ഞങ്ങളെല്ലാം അതീവ ശ്രദ്ധയോടെ ക്ലാസ്സിൽ കാതുകൂർപ്പിച്ചിരുന്നു, )
എന്റെയൊരു ഊഹം ശരിയാണെങ്കിൽ ഇപ്പഴും അവൾ ആ പരിഷ്കാരങ്ങളൊന്നും ഒരിക്കലും മറന്നുകാണാനും വഴിയില്ല...
സ്നേഹത്തോടെ ബിനി.

സൂര്യതേജസ്സുള്ള പെൺകുട്ടി

സൂര്യതേജസ്സുള്ള പെൺകുട്ടി
*****************************
ട്രെയിൻ അല്പം ഒച്ചയോടെ നിരങ്ങി നിന്നപ്പോഴുണ്ടായ അസ്വസ്ഥതയിൽ ഞാൻ കണ്ണു തുറന്നപ്പോൾ ആളുകൾ ധൃതിയിൽ തള്ളിക്കയറുകയും, തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും, ബാഗുകളും മറ്റും ഒതുക്കി വക്കാനുമുള്ള തിടുക്കത്തിലായിരുന്നു. അല്പം ഉയരം കുറഞ്ഞു, വട്ടമുഖമുള്ളൊരു ചെറുപ്പക്കാരി സ്ത്രീ, ഒരു ഷോൾഡർ ബാഗും ഒതുക്കി പിടിച്ച് മറ്റൊന്ന് കയ്യിലും തൂക്കി, എന്റെ അഭിമുഖമായി വന്നിരുന്നു.
ഉറക്കം നഷ്ടപ്പെട്ട ഞാൻ, ബാഗിൽ നിന്നും ഫ്ലാസ്കെടുത്തു അല്പം ചുക്കുവെള്ളം കുടിച്ചു. ആകസ്മികമായാണ് ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയത്.. ഞാൻ എന്തോ ചിന്തിക്കുന്ന കണ്ടിട്ടാവണം പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. "അതെ, ഞാൻ അവൾ തന്നെ.. പഴയ സൂര്യ. തീർത്തും വാടിയ മുഖവും പതിഞ്ഞ സ്വരവും...
പതിയെ ഒരു ഞെരുക്കത്തോടെ ചലിക്കാൻ തുടങ്ങിയ ട്രെയിനേക്കാൾ, ഒരുപാട് വേഗതയോടെ എന്റെ ഓർമ്മകൾ ഓടി എത്തിയത് ഞങ്ങളുടെ യു പി സ്കൂളിലെ ആനിവേഴ്സറി ആഘോഷം നടക്കുന്ന സ്റ്റേജിനു പിറകിലെ ഗ്രീൻ റൂമിലേക്കായിരുന്നു.
ഞാനന്ന് ആറാം ക്ലാസ്സിൽ, എല്ലാ ഒരുക്കങ്ങളും തീർന്ന് മേക്കപ്പ് സാധനങ്ങളൊക്കെ ബോക്സിലാക്കി ഞങ്ങൾ സംഘനൃത്തക്കാർ പത്തുപേരും അടുത്ത ചെസ്റ്റ് നമ്പർ കാത്ത് നിൽക്കുന്നു. അപ്പോഴാണ് ആറാം ക്ലാസ്സിലെ വേറെ ഡിവിഷനിലെ ഏതോ ഒരുകുട്ടി എന്റടുത്തോട്ടു ഓടി വന്നിട്ട് "നിങ്ങളുടെ മേക്കപ്പ് കഴിഞ്ഞതല്ലേ,ആ ലിപ്സ്റ്റിക്കും, ഐ ബ്രോ പെൻസിലും ഒന്നു തരോ " എന്ന് ചോദിച്ചു...
"അയ്യോ !! ഞങ്ങൾ എല്ലാം പാക്ക് ചെയ്തു ബോക്സിലാക്കി, ഇപ്പോ ഞങ്ങളെ വിളിക്കും ഇനി അത് എടുക്കാൻ സമയമില്ലല്ലോ... "ഞാൻ കൈമലർത്തി
"ആരുടേലും ഒന്നു വാങ്ങിത്താ, അടുത്തത് ഞങ്ങളുടെയാ ".. വന്നവൾ വെപ്രാളത്തോടെ പറഞ്ഞു..
ഞാൻ ഒന്നു ചുറ്റും നോക്കി, അവിടൊരു കുട്ടി "ഒരു മുറയ്‌ വന്ത് പാർത്തായാ... "കളിക്കാനായി മേക്കപ്പ് ഇട്ടോണ്ടിരിക്കുന്നു..
അവരുടെ മേക്കപ്പ് സഹായിയോട് ഞാൻ ചോദിച്ചു... "ആവശ്യം കഴിഞ്ഞെങ്കിൽ, ആ ലിപ്സ്റ്റിക്കും, ഐ ബ്രോ പെൻസിലും ഒന്നു തരുവോ?"
അത് വാങ്ങി, അങ്ങോട്ട്‌ കൈമാറിയതും ഞങ്ങളുടെ ചെസ്റ്റ് നമ്പർ വിളിച്ചതും ഒരുമിച്ചായിരുന്നു...
സ്റ്റേജിൽ എത്തിയതും, താളത്തിനൊപ്പം ചുവടുവെച്ചു, കളിച്ചു തിമിർത്തു. അത് കഴിഞ്ഞതും ഞങ്ങൾ ടീച്ചറുടെ നിർദേശപ്രകാരം ഓഡിയൻസിന്റെ കൂടെ ഇരുന്നു. അടുത്തഇനം കഴിഞ്ഞു ഒരു ക്ലാസ്സിക്കൽ ഡാൻസും കഴിഞ്ഞു, സമ്മാനദാനത്തിന് വരിയായി നിൽക്കുമ്പോഴാണ് അറിഞ്ഞത്, സ്പോർട്സ് ഡേ യുടെ സമ്മാനവും ഇവിടെ കൊടുക്കുന്നുണ്ടെന്ന്.. എന്തായാലും ഇഷ്ടപ്പെട്ട രണ്ട് കളർ സോപ്പ് പെട്ടിയുമായി ക്ലാസ്സിലേക്കുള്ള നീണ്ട വരാന്തയിലൂടെ തിടുക്കത്തിൽ നടക്കുമ്പോൾ എതിരെ വരുന്നു നമ്മുടെ നാഗവല്ലി. ദോഷം പറയരുതല്ലോ.. നല്ല പ്രകടനമായിരുന്നു അവളുടേത്‌.. "ദാ, ആ ചേച്ചിയല്ലേ " എന്നെ നോക്കിയാണത് പറഞ്ഞതെന്നുറപ്പുവരുത്താൻ ഞാൻ പിന്തിരിഞ്ഞു നോക്കി, പിറകിൽ ആരും ഇല്ല. എന്നെത്തന്നെ !!
"ആ ചിലങ്കകൾ കിലുങ്ങി കിലുങ്ങി, എന്റടുത്തെത്തിയതും, ഒരു ചോദ്യം...
"ചേച്ചി, ഞാൻ സൂര്യ, എന്റെ ലിപ്സ്റ്റിക്കും, ഐബ്രോ പെൻസിലും ചേച്ചി വാങ്ങിയിരുന്നു, അത് തിരിച്ചു താ...
ഓഹ് !! അതാണോ, ഒരൊറ്റ മിനിറ്റ് ഞാനിപ്പോ കൊണ്ടരാം.
ചാരിയിട്ട ഗ്രീൻ റൂമിന്റെ വാതിലിനപ്പുറം, ഡ്രസ്സ്‌ മാറുകയും സാധനങ്ങൾ പാക്ക് ചെയ്യുകയും, സാരി മറകെട്ടി പല പല കൊച്ചു സംഘങ്ങൾ... ഞാൻ തേടിയ മുഖം അവിടൊന്നും കണ്ടതുമില്ല, പേരുപോലും ഞാൻ ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഞാൻ ഓർത്തത്... ക്ലാസ്സിന്റെ പേര് പറഞ്ഞപ്പോൾ," അവരൊക്കെ നേരത്തെ പോയല്ലോ" എന്ന് ആരോ പറഞ്ഞപ്പോൾ വെള്ളിടി വെട്ടിയ പോലെ തരിച്ചു നിൽക്കാനേ എനിക്കായുള്ളു..
തിരികെ വന്നു സൂര്യയോട് കാര്യം ധരിപ്പിച്ചപ്പോഴാണ് ഞാൻ ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള പകർന്നാട്ടം ശരിക്കും അടുത്ത് കണ്ടത്... അഴിഞ്ഞുലഞ്ഞ മുടിയും, വിയർപ്പിൽ പടർന്നു തുടങ്ങിയ മേക്കപ്പും തീപാറുന്ന കണ്ണുകളും എന്നെ ശരിക്കും തളർത്തിക്കളഞ്ഞു..
"നാളെ കഴിഞ്ഞാൽ പരീക്ഷയല്ലേ .. ഞാൻ അവളുടെ കയ്യിന്നു വാങ്ങിത്തരാം".
എങ്ങനെയോ ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു... കരച്ചിലിന്റെ വക്കോളമെത്തിയ അവൾ, നിരാശയോടെ തിരിഞ്ഞു നടന്നു..
ഒരാഴ്ചത്തെ സ്റ്റഡിലീവ് തീർന്ന് പരീക്ഷ തുടങ്ങിയ അന്ന്... ആദ്യം പോയത് അവളെ കാണാനായിരുന്നു... ആ പേരറിയാത്ത ആ മുഖം തേടി... എന്നെ കണ്ടതും അവൾക്ക് യാതൊരു പരിചയഭാവവും ഇല്ലാത്തത് എന്നെ അല്പമൊന്നു കുഴക്കി.
"കുട്ടി, അന്ന് പരിപാടിയുടെ അന്ന് ഞാൻ നിങ്ങൾക്കൊരു ലിപ്സ്റ്റിക്കും ഐബ്രോ പെൻസിലും വാങ്ങി തന്നില്ലേ... അതിങ്ങു തരൂ, ആ സൂര്യയുടെയാ അത്. അവൾക്കു കൊടുക്കണം.. "ഞാൻ കാര്യം പറഞ്ഞു.
"എനിക്കറിയില്ല, അത് ഞാൻ എനിക്കുവേണ്ടി വാങ്ങിയതല്ല, ക്ലാസ്സിലെ മറ്റൊരു കുട്ടിക്കാ,അവള് വരട്ടെ ചോദിക്കാം.
പരീക്ഷക്ക്‌ ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചതും, ഞാൻ എന്റെ ക്ലാസ്സിലേക്കോടി.. ആവർത്തിച്ച് പഠിച്ച ചോദ്യങ്ങൾ പോലും എന്റെ മുൻപിൽ അപരിചിതരായപ്പോൾ എന്റെ പേന എന്തൊക്കെയോ പേപ്പറിൽ എഴുതുന്നത് ഞാൻ അറിയാതെ സംഭവിച്ചതാണോ... അറിയില്ല.. കത്തി ജ്വലിച്ച സൂര്യയുടെ കണ്ണുകൾ എന്നെ പിന്തുടരുന്നതിനാൽ എന്റെ കൈ വിറക്കുന്നപോലെയോ, തൊണ്ട ഇടറുന്നപോലെയോ ഒക്കെ തോന്നിപ്പോയി.
പരീക്ഷ കഴിഞ്ഞു, അവരുടെ ക്ലാസ്സിലെത്തിയതും പരുങ്ങലോടെ അവൾ വന്നു പറഞ്ഞു... "സത്യം പറയാലോ, അത് ഞങ്ങളുടെ കൈയിൽ ഇല്ല, എങ്ങിനെയോ അന്ന് അത് ഞങ്ങളുടെ പക്കൽ നിന്ന് കളഞ്ഞു പോയി "
കാൽ ചുവട്ടിലെ മണ്ണ് മൊത്തം ഒലിച്ചു പോവുന്ന പ്രതിഭാസം അനുഭവപ്പെട്ടെങ്കിലും, സൂര്യ ഉച്ചക്ക് പരീക്ഷക്ക്‌ വരുമ്പോഴേക്കും ഞാൻ എങ്ങനെയോ വീട്ടിലേക്കുള്ള വഴിയിലേക്ക് ഓടികയറി... അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂളും പൂട്ടി..
എല്ലാം മറന്നൊരു മധ്യവേനലവധി തിമിർപ്പിൽ ആറാടി, ഒരു ജൂൺ മഴയിൽ കുടയും ചൂടി നനഞ്ഞു കുതിർന്നു സ്കൂളിലേക്ക്, കാലെടുത്തു വെച്ച എന്നെ വരവേൽക്കാൻ തീ പാറുന്ന രണ്ട് ഉണ്ടക്കണ്ണുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
"ചേച്ചീ, അവൾ എന്റെ അരികിലേക്ക് ഓടിവന്നു...
ഞാൻ ഞെട്ടലോടെ ചോദിച്ചു...
"എന്താ "?
"അന്ന് തന്ന സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ "?
പരീക്ഷക്ക് കാണാൻ പറ്റിയില്ല...
"അത്... അത് പിന്നെ, അവർക്ക് അതേപ്പറ്റി അറില്ലെന്നാ പറയണേ... എങ്ങനെയോ വേറെ ആരുടെയോ കൈയിൽ നിന്ന് പോയെന്ന്... ""
"പോയെന്നോ "?
അവൾ കരച്ചിലിന്റെ വക്കോളമെത്തിയെന്ന് മനസ്സിലായി...
"എന്റെ അരങ്ങേറ്റത്തിന്, അമ്മ പണിക്കുപോന്ന വീട്ടിലെ സാറ് ഗൾഫിന്നു വന്നപ്പോൾ കൊണ്ടുവന്നു തന്ന മേക്കപ്പ് കിറ്റിലെയാ അത് "...ഒറ്റത്തവണ ഉപയോഗിച്ചിട്ടേ ഉള്ളൂ... എനിക്കത് വേണം !!
അവളുടെ കരച്ചിൽ ക്ലാസ്സുകൂടാനുള്ള കൂട്ടമണിയിൽ മുങ്ങിപ്പോയെങ്കിലും എന്റെയുള്ളിൽ അവ പ്രതിധ്വനിച്ചു കൊണ്ടിരുന്നു !!
ഒടുവിൽ ഞാൻ കാര്യം വീട്ടിൽ അവതരിപ്പിച്ചു ..
ഒരാഴ്ചക്ക് ശേഷം, അമ്മയോടൊത്തു ടൗണിൽ പോയപ്പോൾ സ്വര്ണനിറമുള്ള കുത്തുകളുള്ള കവറിലെ നല്ല വിലപിടിപ്പുള്ള ലിപ്സ്റ്റിക്കും, ഭംഗിയുള്ള ഒരു ഐബ്രോ പെൻസിലും വാങ്ങിത്തന്നു.
ഒരുദിവസം അത് കൈയിൽ വെച്ചു ഭംഗിനോക്കിയും താലോലിച്ചും പിറ്റേന്ന് അതവൾക്കു കൈമാറി..
പിന്നീട് ക്ലാസ്സ് വേറെ ഭാഗത്തേക്ക്‌ മാറ്റിയതിനാൽ അധികം അവളെ കാണാറില്ലെങ്കിലും .. ഇടക്കൊക്കെ ക്ലാസ്സ്‌ വരാന്തകളിൽ, വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകളും ഇരുവശവും പിന്നിയിട്ട ഉള്ളുള്ള നീളൻ മുടി യുമായി അവളെന്നെ കടന്നു പോവുകയും ചെയ്തിരുന്നു...
പിന്നെ ഇന്നാണ് ...
ഓർമകളിൽ നിന്നും തിരിച്ചു വന്ന ഞാൻ, മിഴികൾ ഉയർത്തിയപ്പോൾ അവൾ ചാരിയിരുന്നൊരു മയക്കത്തിലാണ്...
മുഖത്തു പഴയ തിളക്കമില്ല, കൺതടങ്ങൾ ആകെ കരുവാളിച്ചിരിക്കുന്നു.. ക്ഷീണിച്ച മുഖം, തോള് വരെ എത്തിനിൽക്കുന്ന മുടി... ഞാൻ അത്ഭുതത്തോടെ അവളെനോക്കി... അവൾ മെല്ലെ കണ്ണു തുറന്നു... ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ടെന്നെ നോക്കി...
"എന്താ ഇങ്ങനെ നോക്കുന്നെ ചേച്ചീ... "
ഞാൻ ഓർക്കുവായിരുന്നു... ഓരോന്ന്... നിന്റെ പാട്ടും, നൃത്തവും .. പഴയ കാലവും എല്ലാം...
"നൃത്തം" !!!
അവൾ പുച്ഛത്തോടെ ചിറികോട്ടി...
"എന്ത് പറ്റി നിനക്ക് സൂര്യാ..".
"വല്ലാതെ മാറിപ്പോയി നീ"...
അറിയാതെ ഉതിർന്നുപോയ രണ്ടുതുള്ളി കണ്ണുനീർ വിരൽത്തുമ്പാൽ തുടച്ചു കൊണ്ട് അവൾ തുടർന്നു...
"ചേച്ചിക്കറിയാലോ, അച്ഛൻ ഉപേക്ഷിച്ചു പോയ ഞങ്ങളുടെ വീടിന് ഏക ആശ്രയം അമ്മയായിരുന്നു. ഞാൻ പ്രീഡിഗ്രി ക്കു പഠിക്കുന്ന സമയത്ത് അമ്മക്ക് പെട്ടെന്നൊരു ആക്‌സിഡന്റ് പറ്റി, ഒരുപാട് ചികിത്സക്കു ശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും അമ്മ ആകെ അവശയായിപ്പോയി, ആ സമയത്താണ് എനിക്കൊരു കല്യാണാലോചന വരുന്നത്... നല്ല പണക്കാരനായ ഒരു ബിസിനസ്‌കാരന്റെ ഇളയ മകൻ.. അവർക്ക് നല്ല കുട്ടിയായാൽ മാത്രം മതി, സ്വത്തും, പണവും ഒന്നും വേണ്ടെന്ന ബ്രോക്കറുടെ വാക്കുകളിൽ അമ്മ എന്റെ ഭാവിജീവിതം ഭദ്രമാക്കി... ഞാനും മൗനസമ്മതം കൊടുത്തു...
അവരുടെ, സുന്ദരനും മനോരോഗിയുമായ മകന് ചികിത്സയുടെ ഭാഗമായി വൈദ്യർ നിർദേശിച്ച അവസാന പരിഹാരമായിരുന്നു ആ വിവാഹം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞു ജീവൻ എന്നിൽ തുടിച്ചു തുടങ്ങിയിരുന്നു...
ചില ദിവസങ്ങളിൽ, ഭ്രാന്തിന്റെ എല്ലാ സംഹാരഭാവങ്ങളും എന്റെ മേൽ തീർത്തു കഴിയുമ്പോൾ മിക്കവാറും ഞാൻ പാതി ചത്തു കഴിഞ്ഞിരിക്കും. മുടിയിൽ പിടിച്ചു കറക്കി വലിച്ചു രസിക്കുന്നത് പതിവാക്കിയപ്പോൾ.. അവിടത്തെ അമ്മയെന്റെ മുടി വെട്ടികളഞ്ഞു... കണ്ണീരോടെ... ഒടുവിൽ നിറവയറോടെ അവിടന്നിറങ്ങിയ ഞാൻ തിരിച്ചു പോയില്ല...
ഇന്നെനിക്ക് എന്റെ മകനും, സുഖമില്ലാത്ത അമ്മയും മാത്രമേ ഉള്ളൂ.. ജീവനിൽ കൊതിയുള്ളത് കൊണ്ട് അയാളിൽ നിന്നും വിവാഹമോചനം വാങ്ങി, അവർ തന്ന നഷ്ടപരിഹാരത്തുക കൊണ്ട് കടമെല്ലാം തീർത്തു... എന്റെ ജീവന്റെ വില... എന്റെ ജീവിതത്തിന്റെ വില .. "
അവൾ സാരി കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു...
അന്ന് വിലപിടിപ്പുള്ളൊരു ലിപ്സ്റ്റിക്കിനും, പെൻസിലിനും വേണ്ടി വീറോടെ വാദിച്ചൊരു അഞ്ചാം ക്ലാസ്സുകാരി, സ്വന്തം ജീവിതം മറ്റാരോ ചവിട്ടിയച്ചുകളയും നേരം,നിന്റെ കണ്ണിലെ തീയും, വാക്കുകളിലെ തീക്ഷണതയും ... എവിടെപ്പോയൊളിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഞാനപ്പോൾ....

മാലിനി

മാലിനി
********
ഞാൻ ഡിഗ്രി ഫൈനൽ ഇയർ ക്ലാസ്സിൽ പഠിക്കുന്ന സമയം.
എല്ലാരും എന്റെ കൂട്ടാണെങ്കിലും അല്പം ഇഷ്ടക്കുറവ് മാലിനി യെ ആയിരുന്നു. അവൾ ഇപ്പഴും എന്നെ ഓരോന്ന് പറഞ്ഞു ശുണ്ഠി പിടിപ്പിക്കുമായിരുന്നു.അങ്ങനെ ക്ലാസ്സ്‌ കഴിയാറായപ്പോഴാണ് ക്ലാസ്സിൽ നിന്നും ശശി സാറിന്റെ നേതൃത്വത്തിൽ ഒരു വണ് ഡേ ട്രിപ്പ്‌ പോയത്. അതിരപ്പിള്ളി - വാഴച്ചാൽ ആയിരുന്നു സ്ഥലം.
രസകരമായ ട്രിപ്പ്‌ കഴിഞ്ഞു സന്തോഷത്തോടെ മടങ്ങിയ ഞങ്ങൾക്ക് വഴിയിൽ വെച്ച് ഒരു ഒന്നരമണിക്കൂർ ബ്ലോക്ക്‌ കിട്ടി.ശ്രീ K.മുരളിധരന്റെ കേരള രക്ഷായാത്ര !!
6 മണിക്ക് എത്തേണ്ട ഞങ്ങൾ 7. 30 ക്കെ എത്തുള്ളു എന്ന് മനസ്സിലായി.
ബസ്‌സ്റ്റോപ്പിൽ നിന്നും ഒരുപാട് ദൂരം നടക്കണമെന്നതിനാൽ, മാലിനിയെ എന്റെ കൂടെ എന്റെ വീട്ടിലേക്കു കൊണ്ടു പോകാൻ എന്റെ ബന്ധു കൂടിയായ ശശി സർ അധികാരത്തോടെ ആവശ്യപ്പെട്ടു.
മനസ്സിലാമനസ്സോടെ ഞാൻ തലയാട്ടി.. പിന്നെ മാഷ് മാലിനിയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു.. ഞാൻ പിന്നെ എങ്ങനെയോ വീട്ടിലെത്തി, മാലിനിയും..
വീട്ടിൽ എല്ലാരേം പരിചയപ്പെട്ടു, ഞങ്ങൾ മേൽ കഴുകി, ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു.. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങള് നല്ല കൂട്ടായി. പിറ്റേന്ന് അമ്മയുടെ വക ഒരു കുഞ്ഞു സദ്യ ഉണ്ട് അവളും ഞാനും ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ബസ്സിൽ കേറി ടാറ്റാ കാണിച്ചു ഞാൻ വീട്ടിലേക്കു തിരിച്ചു പോന്നു.
ക്ലാസ്സ് തീർന്നു പരീക്ഷയും കഴിഞ്ഞ് പിറ്റേവർഷം ഏകദേശം ഒരേ സമയത്ത് ഞങ്ങളുടെ കല്യാണവും കഴിഞ്ഞു. മറവിയുടെ ആഴങ്ങളിലേക്ക് മറന്നുപോയി എല്ലാം..
ഒരിക്കൽ വീട്ടിൽ പോയപ്പോൾ , പഴയ പേപ്പർ കൊടുക്കുന്നതിനിടയിൽ മാലിനിയുടെ ഇൻവിറ്റേഷൻ കൈയിൽ കിട്ടി.. നോക്കിയപ്പോൾ ഭർത്താവിന്റെ വീട്ടിലെ ഫോൺ നമ്പർ ഉണ്ട് അതിൽ.. ഞാനൊന്നു വിളിച്ചു...
അവൾ അവിടെ ഇല്ല. ഫോണെടുത്തത് അനിയന്റെ ഭാര്യ രേഖ. അനിയൻ എന്നാൽ ഭർത്താവിന്റെ ചെറിയമ്മയുടെ മകൻ. കാലങ്ങളായി ഇവരോടൊപ്പം താമസം. ഞാൻ രേഖയോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. രേഖ ഡിഗ്രി ഫൈനൽ ഇയർ ആണ്. മാത്‍സ്. ഭർത്താവ് വിനോദ് ഗൾഫിൽ ആണ്..
ആ നമ്പർ ഞാനൊരു പേപ്പറിൽ കുറിച്ചെടുത്തു പേഴ്സിൽ വെച്ചു.
കാലം പിന്നേം കടന്നു പോയി, ഇടക്ക് മാലിനിയെ വിളിക്കും രേഖയോടും മിണ്ടും.. പിന്നെ കുറെ കാലം കോൺടാക്ട് ഒന്നും ഇല്ലായിരുന്നു.
ഒരു വിഷു സമയത്തു വീട് അടുക്കിപ്പെറുക്കുമ്പോൾ പഴയൊരു പോക്കറ്റ് ഡയറി യുടെ ആദ്യ പേജിൽ വീണ്ടും അവളുടെ നമ്പർ കിട്ടിയപ്പോൾ, ഒന്നു വിളിക്കാൻ തോന്നി..
മാലിനിയാണ് ഫോണെടുത്തത്... ഞാനാണെന്ന് പറഞ്ഞതും ഒറ്റ കരച്ചിലായിരുന്നു.. എനിക്കൊന്നും മനസ്സിലായില്ല..
രേഖപോയി എന്നാണ് അതിനിടയിലൂടെ ഞാൻ കേട്ടത്...
മാലിനിയും രേഖയും ഏകദേശം ഒരേ സമയത്താണ് പ്രഗ്‌നെന്റ് ആയത്. മാലിനി പ്രസവം കഴിഞ്ഞു മോളേം കൊണ്ട് അവളുടെ വീട്ടിൽ പോയി. രേഖക്ക് പ്രസവ സമയത്ത് ഉണ്ടായ ബ്ലീഡിങ് മൂലം, മോന്റെ മുഖം പോലും കാണാനാവാതെ മരണത്തിനു കീഴടങ്ങേണ്ടി വന്നു. രേഖയുടെ മോനെ മാലിനിയുടെ വീട്ടിൽ കൊണ്ടുപോയി, അവൾ രണ്ടുപേരേം ഇരട്ടക്കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തി ഇപ്പോൾ മൂന്നു വയസ്സായി രണ്ടാൾക്കും. രണ്ട് തവണ നാട്ടിൽ വന്നു പോയ വിനോദ് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിച്ചു.
മാലിനിയെ പിരിയാൻ വയ്യാതെ കുഞ്ഞു മോൻ, വാവിട്ടു കരഞ്ഞപ്പോൾ കുറച്ചു ദിവസം കൂടി കഴിയട്ടെ അവൻ വരും എന്ന് പറഞ്ഞു വിനോദിനെ യാത്രയാക്കി.
ഇന്ന് മാലിനിക്ക് മൂന്ന് മക്കളാണ്. അവനു മുലപ്പാലൂട്ടിവളർത്തിയ മാലിനിയെ പിരിയാൻ വയ്യ. അവനെ പിരിയാൻ ഇവർക്കും. ഇന്ന് മാലിനിയുടെ കൂടെ അവൻ ഹാപ്പി ആണ് 13 വയസ്സായി..
ഇപ്പോ ഞങ്ങൾ വാട്സാപ്പ് വഴി കോൺടാക്ട് ഉണ്ട്. വിളിക്കാറുമുണ്ട്.
ഞാനിന്നും ഒരു രാഷ്ട്രിയപാർട്ടിയുടെയും അനുഭാവിയല്ല.. എന്നാലും എന്റെ നാട്ടുകാരൻ കൂടിയായ ശ്രീ k.മുരളീധരനോട് അളവറ്റ നന്ദിയും കടപ്പാടുമുണ്ട്. കേരള രക്ഷായാത്ര കൊണ്ട് കേരളം രക്ഷപെട്ടില്ലെങ്കിലും.. ഇത്രയും നന്മയുള്ളൊരു കൂട്ടുകാരിയെ, ഞാൻ തിരിച്ചറിയാതെ പോകുമായിരുന്ന ആ പ്രിയ സഖിയെ, അറിയാതെയെങ്കിലും എനിക്കു സമ്മാനിച്ചതിന് നന്ദിയുണ്ട്... ഒരുപാട് നന്ദി
സ്നേഹപൂർവ്വം ബിനിഭരതൻ.

വാത്സല്യം

വാത്സല്യം
@@@@@
രാത്രി ഏറെ വൈകി ഇന്ദീവരത്തിന്റെ പോർച്ചിൽവന്ന കാറിൽ നിന്നും രേവതിവർമ ഇറങ്ങി വന്നപ്പോൾ.. ഏഴാം ക്ലാസ്സിലെ ക്ലാസ്സ്‌ ടോപ്പറും, ഫുൾ എ പ്ലസിന്റെ പ്രോഗ്രസ്സ് കാർഡിന്റെ ഉടമയുമായി അക്ഷമയോടെ കാത്തിരുന്ന നീതു മോള് ഓടി വന്ന് വാതിൽ തുറന്നു വന്ന് അവരെ കെട്ടിപ്പിടിച്ചു.
മാനേജരെ വിളിച്ചിട്ട് ലൈനിൽ കിട്ടാത്തതിന്റെ ദേഷ്യമത്രയും തീർക്കാൻ, ശബ്ദം കനപ്പിച്ച് "എന്തിനാടീ നീ കെടന്നു തുള്ളുന്നെ ".... എന്നൊരു ചോദ്യവും തീപാറുന്നൊരു നോട്ടവും കൂടിയായപ്പോൾ നീതുവിന്റെ നേർക്ക്.. ആ കുഞ്ഞുമുഖം തീർത്തും വാടിപ്പോയി.
ഇത് രേവതി വർമ്മ. ടൗണിലെ പ്രശസ്തമായ വസ്ത്രവ്യാപാര ശൃംഘലയായ സ്മാർട്ട്‌ & സ്റ്റൈലിന്റെ ഉടമ. M. G റോഡിൽ പുതുതായി തുടങ്ങാനിരിക്കുന്ന ഷോറൂമിന്റെ ഉത്‌ഘാടനത്തിന് പറഞ്ഞുറപ്പിച്ച പുതുമുഖതാരത്തിന് അത്യാവശ്യമായി ഒരു ഔട്ട്ഡോർ ഷൂട്ടിംഗ്... വരാൻ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. ഇനിയീ പതിനൊന്നാം മണിക്കൂറിൽ ആരെ അറേഞ്ച് ചെയ്യുമെന്നോർത്ത് ടെൻഷനടിച്ചു നിൽക്കുമ്പോഴാണ് മകൾ നീതുവിന്റെ വരവ്.
ഭർത്താവ് മഹേഷ്‌ വർമ്മ. വിദേശത്തും നാട്ടിലുമായി ആറു ജ്വല്ലറി ഉണ്ട്. ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും യാത്രയും തിരക്കുമായി ബിസി ആണ് അയാളും.
നീതുവിനെക്കൂടാതെ ഒരു മകൻ കൂടിയുണ്ട് മഹേഷ്‌ - രേവതി ദമ്പതികൾക്ക്. നിധിൻ. ചെന്നെയിൽ M. BA ക്ക് പഠിക്കുന്നു. രേവതിയും മഹേഷും മക്കളും അപൂർവമായി സംഗമിക്കുമ്പോൾ ഇന്ദീവരത്തിൽ തീർത്തും ഔപചാരികമായ സംഭാഷണങ്ങൾ, കുശലം പറച്ചിലുകൾ.
ക്ലാസ്സിലെ ശ്രീനന്ദ പറഞ്ഞുള്ള അറിവാണ് ഇടക്കൊക്കെ അത്ഭുതത്തോടെ നീതു ഇടയ്ക്കിടെ ഓർക്കുന്നത്.. അമ്മയും, അച്ഛനും, അനിയനും അവളും കൂടി ചപ്പാത്തിക്ക് കുഴക്കുന്നതും, ഒരുമിച്ചിരുന്നു പരത്തുന്നതും. അച്ഛൻ അമ്മയെ തൊടീക്കാതെ കുറുമക്കറി ഉണ്ടാക്കിയതും അതിൽ ഉപ്പിടാൻ മറന്നുപോയതും. എല്ലാരും കൂടി കളിയാക്കിയപ്പോ അച്ഛൻ ചമ്മിപ്പോയതും.. ഇടക്ക് ഓപ്പൺ ടെറസിലെ കാറ്റിലിരുന്ന് പാട്ടുകേട്ടുകൊണ്ട് അത്താഴം കഴിക്കുന്നതും, തമാശപറച്ചിലും,
അമ്മ ഭക്ഷണം വിളമ്പുന്നതും ഒക്കെ..
ഓർക്കുമ്പോൾ തന്നെ കൊതിതോന്നുന്ന ഒരുപാട് വിശേഷങ്ങൾ.
ഇവിടെ ഒരിക്കലും അമ്മ ആർക്കും വിളമ്പുന്നത് കണ്ടിട്ടില്ല. ഗീതാന്റി ഉണ്ടാക്കി കാസറോളിലാക്കി വെച്ചത് ഓരോരുത്തരുടെ വിശപ്പിനനുസരിച്ച് സ്വയം എടുത്തു കഴിക്കുന്നു. അമ്മ സ്നേഹത്തോടെ വിളമ്പിയാലേ ഭക്ഷണത്തിനു രുചിയും, അംഗങ്ങൾ തമ്മിൽ ഐക്യവും ഉണ്ടാവൂ എന്ന് ഗീതാന്റി എന്നോട് മാത്രമായി പറഞ്ഞു തന്നിട്ടുണ്ട്.
ഗീതാന്റി എന്നാൽ ഇന്ദീവരത്തിലെ ഹൌസ് മെയ്ഡ് ആണ്. രാവിലെ വന്നാൽ വൈകീട്ട് 7 മണിവരെ ഇവിടെയുണ്ടാകും. ഭർത്താവുപേക്ഷിച്ച് ഏക ആശ്രയമായ മകൾ കൂടി മരിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ ഒരു സാധു. കവലയിലെ ഒറ്റമുറി വീട്ടിൽ വാടകക്ക് താമസിക്കുന്നു.
അവധിദിവസങ്ങളിൽ ഗീതയെ ഒറ്റയ്ക്ക് കിട്ടുമ്പോൾ നീതു അവരെ "അമ്മേ " എന്നാണ് വിളിക്കുക. രേവതി കേട്ടാൽ കൊന്നുകളയും. എന്നാലും ആ പദം ഉച്ചരിക്കുമ്പോൾ ഉള്ളിലൊരു കുളിർമ തോന്നുന്നത് ഗീതാന്റിയെ വിളിക്കുമ്പോളാണെന്ന് നീതുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഉച്ചക്ക് ഊണുകഴിഞ്ഞ്, ഗീതമ്മയെ കെട്ടിപ്പിടിച്ച്, ആ പാട്ടും, തലോടലുമേറ്റ് അങ്ങനെ കിടക്കുമ്പോൾ അവരറിയാതെ തന്നെ അവര് അമ്മയും മകളും ആയി മാറുകയായിരുന്നു.
" ഗീതാന്റിയെ ഇവിടെ താമസിപ്പിച്ചൂടെ അമ്മേ "എന്നുള്ള നീതുവിന്റെ ചോദ്യത്തിന് തീപാറുന്നൊരു നോട്ടമായിരുന്നു രേവതിയുടെ മറുപടി.
കാലം അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. കലണ്ടർ താളുകൾ പലകുറി പലതും മറിഞ്ഞു. പഴയ ഏഴാംക്ലാസ്സുകാരി ഇന്ന് പ്ലസ്ടുക്കാരിയായി.
രേവതിയും, മഹേഷും പുതിയ നേട്ടങ്ങൾ വെട്ടിപ്പിടിച്ചുകൊണ്ട് മുന്നോട്ടുതന്നെ.. നിധിന്റെ കോഴ്സ് കംപ്ലീറ്റ് ആയതും മഹേഷ്‌ അവനെ വിദേശത്തേക്ക് കൊണ്ടുപോയി.
അവിടത്തെ പുതിയ പാർട്ണർ ആയ ചാറ്റർജിയുടെ ഏക മകൾ നിഹാരികയോട് നിധിന് തോന്നിയ ഒരാകർഷണം മഹേഷ്‌ അതിവിദഗ്ദമായി ഒരു മോതിരം മാറ്റത്തിലേക്കെത്തിച്ചു മഹേഷിന്റെ ബിസിനെസ്സ് മൈൻഡ്.
പ്ലസ്ടുവിന് 88% മാർക്കോടെ നീതു ജയിച്ചു. എൻട്രൻസിന് മെറിറ്റിൽ സീറ്റ് കിട്ടാൻ മാത്രം നല്ലറാങ്ക് നേടാൻ നീതുവിനായില്ല. ബാംഗ്ലൂരിലെ സുഹൃത്ത് ജയേഷ് രാജ് വഴി അവിടുത്തെ ഒരു സ്വാശ്രയമെഡിക്കൽ കോളേജിൽ നീതുവിന് സീറ്റ് തരപ്പെടുത്തിക്കൊടുത്തു മഹേഷ്‌.
അഡ്മിഷനായി നീതുവും മഹേഷും കൂടി ബാംഗ്ലൂർക്ക് പോയി. കാലങ്ങൾക്ക് ശേഷം അച്ഛനൊത്തൊരു യാത്ര... ത്രില്ലടിച്ചു പോയ നീതുവിന് ഫോൺ കാൾസിനും, ലാപ്‌ടോപ്പിനും പങ്കിട്ടുപോയ അച്ഛന്റെ സമയത്തിൽ അൽപം പോലും അവൾക്ക് കിട്ടിയില്ല എന്നത് തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
അവിടന്ന് അഡ്മിഷനും, ഫീ പേയ്‌മെന്റും മറ്റു ഫോർമാലിറ്റീസും കഴിഞ്ഞ് ഇറങ്ങിയത് നേരെ ജയേഷ് അങ്കിളിന്റെ വീട്ടിലേക്ക്. അവിടന്ന് ഫുഡ്‌ കഴിച്ച് തനിക്കു താമസിക്കാൻ ഒരു സിംഗിൾ ബെഡ്‌റൂം അപ്പാർട്മെന്റ് കാണാനും താക്കോൽ വാങ്ങാനുമായി പോയി. എല്ലാം കഴിഞ്ഞ് ഈവനിംഗിൽ ഉറങ്ങുന്ന അച്ഛനോടൊപ്പം കാറിൽ മടക്കയാത്ര...
പിറ്റേന്ന് കിടക്കാൻ നേരം രേവതി അവളുടെ റൂമിൽ ചെന്നു. നീതുവിന് അത്ഭുതം തോന്നി ഒപ്പം പരിഹാസവും.
" നീതു, നെക്സ്റ്റ് വീക്ക്‌ നിനക്ക് ക്ലാസ്സ്‌ തുടങ്ങും. പോവാനുള്ളതെല്ലാം പാക്ക് ചെയ്തോളു..
ഡ്രസ്സ്‌ വല്ലതും വേണേൽ ഷോപ്പിൽ വന്ന് സെലക്ട്‌ ചെയ്യ്.. പിന്നെ അങ്കിൾ എടുത്ത അപാർട്മെന്റ് ഇഷ്ടപ്പെട്ടല്ലോ ലേ. ഫുഡ്‌ ഒക്കെ താഴെ കിട്ടും. ആവശ്യത്തിന് പൈസ വേണേൽ അക്കൗണ്ടിൽ ഇട്ടോളാം.
പിന്നെ ആഴ്ചയിൽ ആഴ്ചയിൽ ചിപ്സും, പിക്കിളുമായി കാണാൻ വരാൻ ഞാനൊരു നാട്ടിൻപുറത്തുകാരി അമ്മയല്ലെന്ന് ഓർമ്മവേണം. എന്നാൽ നീ കെടന്നോ, ഗുഡ്‌നൈറ്റ് "...
അളന്നു തൂക്കിയ വാക്കുകൾ മാത്രം തനിക്കു നൽകിക്കൊണ്ട് അവർ വാതിൽ ചാരി നടന്നുപോയി.
പിറ്റേന്ന് ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ, അമ്മ ഗീതാന്റിയെ വിളിച്ച് കുറച്ചു രണ്ടായിരത്തിന്റെ നോട്ടുകൾ ഏൽപ്പിക്കുന്നതും, അടുത്ത ദിവസം മുതൽ വരേണ്ടെന്ന് പറയുകയും ചെയ്തു.ഞെട്ടലോടെ നീതു ആ മുഖത്തേക്ക് നോക്കിയപ്പോ ഒരു നിസ്സംഗതയായിരുന്നു മുഖത്ത്..
" അല്ലേലും മോള് പോയിട്ട്, ഞാനെന്തിനാ ഇവിടെ.... മുഴുമിക്കാൻ നിൽക്കാതെ ആ വാചകം ഇടയിൽ മുറിഞ്ഞു പോയി..
വൈകീട്ട് അച്ഛനാണ് പറഞ്ഞത്..
"നീ പോയിക്കഴിഞ്ഞാൽ ഞങ്ങൾ ഒന്ന് പോവാ, നിധിന്റെ കാര്യങ്ങൾ ഒന്നു ശരിയാക്കാനുണ്ട്. പിന്നെ അമ്മക്ക് കുട്ടിയെ ഒന്നുനേരിൽ കാണേം വേണല്ലോ". അച്ഛനെങ്കിലും എന്തെങ്കിലും വിശേഷം പറയുന്നുണ്ടല്ലോ എന്നൊരല്പം ആശ്വാസം അവൾക്ക് തോന്നി...
എങ്ങിനെയൊക്കെയോ ആ വിരസമായ നാലഞ്ചു ദിവസം കടന്നുപോയി.
നാളെ പോവാനുള്ളതോണ്ട്, നീതുവിന് പിടിപ്പത് ജോലിയുണ്ടായിരുന്നു. എന്നാലും വൈകീട്ട് അമ്പലത്തിൽ പോയി വരും വഴി അവൾ ഗീതാന്റിയുടെ വീട്ടിൽ കയറി, ഒരാഴ്ചകൊണ്ട് അവരാകെ മാറിപ്പോയിരിക്കുന്നു. ക്ഷീണിച്ചവശയായ മുഖം. നീതുവിനെ കണ്ടപ്പോൾ അവരുടെ മുഖം വിടർന്നു.
ഇറങ്ങാൻ നേരം അവരുടെ കൈപിടിച്ച് അവൾ പറഞ്ഞു... "ഞാൻ നാളെ പോകും വഴി ഇതിലെ വരാം. റെഡിയായി നിന്നോണം. എനിക്കുവേണം എന്റെ അമ്മയെ... ബാക്കി പറയാൻ കഴിയാതെ അവൾ ഇറങ്ങി നടന്നു...
പിറ്റേന്ന്, ഡ്രൈവറോട് ജങ്ഷനിൽ വണ്ടി നിർത്താൻ പറഞ്ഞു ചുറ്റും നോക്കിയപ്പോൾ ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഗീതാന്റിയെ കണ്ട് നീതുവിന്റെ മുഖം വിടർന്നു...
അതിവേഗത്തിൽ നിരത്തിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ആ കാറിന്റെ പിൻസീറ്റിൽ ഗീതയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവൾ മനസ്സിൽ ആരോടോ വിളിച്ചു പറയാൻ കൊതിച്ചു.. "കണ്ടോളൂ, ഇനിയാണ് ഞാനൊരു മകളായി ജീവിക്കാൻ പോവുന്നത്.. ഏറ്റവും സമ്പന്നയായ മകൾ !!

അനുഭവങ്ങൾ പാളിച്ചകൾ

അനുഭവങ്ങൾ പാളിച്ചകൾ
****************************
പണ്ട്....
പണ്ട് .....
കൃത്യായിപ്പറഞ്ഞാൽ ഒരു ആറേഴ്‌ വർഷം മുൻപ് ...സുക്കറണ്ണന്റെ സ്വന്തം പ്രസ്ഥാനത്തിൽ ഞാനും അണിചേർന്നു ...
മ്മ്‌ടെ ഫേസ്ബുക്കിലേയ്....(ഒരു അന്തോം കുന്തോമില്ലെങ്കിലും എല്ലാത്തിലും പോയി തല വെച്ചു കൊടുക്കും )

പിന്നെ കുറച്ചൂസം കഴിഞ്ഞപ്പോ ....ദാ വരുന്നു ...നഴ്സറിയിൽ കൂടെ പഠിച്ചവര് തൊട്ട് ,തൊട്ടയല്പക്കത്തെ ടിട്ടു വരെ .പിന്നെ നാട്ടുകാരായി ,വീട്ടുകാരായി കൂട്ടുകാരായി ...ആകെ മേളം ...വഴിയിൽ കണ്ടാൽ ചിരിക്കാത്ത നാട്ടുകാര് വരെ സുഹൃത്തുക്കളായി ...
എന്നാലും വല്യേ അഭ്യാസമൊന്നും പിടിയില്ല ...
ഒന്നു പ്രൊഫൈൽ പിക്ച്ചർ മാറ്റണേൽ പോലും നാലാളോട് സംശയം ചോദിക്കണം ..
നമ്മളങ്ങോട്ട് വാരിക്കോരി ലൈക്കും ,കമന്റും കൊടുത്താലും ഒറ്റയൊരെണ്ണം ഇങ്ങോട്ട് തരില്ല ..ആകെ പത്തു ലൈക്കും ,രണ്ട് കമന്റും ...ഒരു നോട്ടിഫിക്കേഷൻ വരാൻ കൊതിച്ചനാളുകളിൽ ഞാൻ ജനലഴികളിലൂടെ വിദൂരതയിലേക്ക് നോക്കി ശോഭനയെപ്പോലെ പാടും ...
"വരുവാനില്ലാരുമൊരു
ലൈക്കുമായ് ...
ഈ വഴിക്കറിയാം ,
അതെന്നാലുമിന്നും ...
കൈതട്ടി വീണൊരു-
ലൈക്കെങ്ങാൻ വരുമെന്ന് ....
വെറുതെ കൊതിക്കാറുണ്ടെന്നും
ഞാൻ വെറുതെ ......
കൊതിക്കാറുണ്ടെന്നും ".....
നോട്ടിഫിക്കേഷനോ ഇല്ലാ ...
എന്നാപ്പിന്നെ മറ്റുള്ളോരുടെ പോസ്റ്റ് ഒക്കെ നോക്കി തേരാ പാരാ കറങ്ങിനടക്കാമെന്ന് കരുതി ഇറങ്ങും ..
അപ്പോ കാണാം ...
ആനിവേഴ്സറി ,
ബർത്ത്ടഡേ ,
പുതിയ ചെരുപ്പ് വാങ്ങിയത് ,
ഇന്നത്തെ അത്താഴം
സ്പെഷ്യൽ എന്നും പറഞ്ഞ് ടേബിളിൽ കുറേ കറികളും ചോറും നിരത്തി (രണ്ട് കറിയെങ്കിലും അയല്പക്കത്തുനിന്നു കടം വാങ്ങിക്കാണും )ഫോട്ടോ ഇടും ...
സ്വന്തം പിള്ളേര് വിശന്ന് കാറിക്കൂവി കരഞ്ഞാലും ഫോട്ടോ അപ്‌ലോഡ് ചെയ്യാതെ വിളമ്പി കൊടുക്കൂല ...
അങ്ങനെ കുറേനാൾ ....വല്ലപ്പോഴും ഒന്നു വരും ...തെങ്ങിൻ തോട്ടത്തിൽ വീണു കിടക്കുന്ന കൊട്ടത്തേങ്ങ പോലെ ഒന്നോ രണ്ടോ ലൈക്ക് വീണു കിട്ടും ...പിന്നെ ഇങ്ങു പോരും
അങ്ങനെ കുറേ കാലം കടന്നുപോയി ...
പിന്നെ കാണാം കുറേ ആപ്പുകൾ ...
നിങ്ങൾ കഴിഞ്ഞ ജന്മം ആരായിരുന്നു ?
നിങ്ങളുടെ ഭർത്താവ് ഏതു മോഹൻലാൽ കഥാപാത്രമായിരുന്നു ?
നിങ്ങളുടെ മുഖച്ഛായയുള്ള സിനിമാനടി ആരാണ് ?
നിങ്ങളുടെ ഛായയുള്ള സുഹൃത്ത് ആരാണ് ?
തുടങ്ങിയ ആപ്പുകൾ ...
എല്ലാത്തിലും കൊണ്ടുപോയി തല വെച്ചുകൊടുത്തു ...
കഴിഞ്ഞ ജന്മത്തിൽ ഒരു മരം വെട്ടുകാരനായിരുന്നെന്നും , ഭർത്താവ് ദൃശ്യത്തിലെ മോഹൻലാൽ ആണെന്നും ,എന്നെ കണ്ടാൽ നയൻതാരയെ പറിച്ചു വെച്ചിരിക്കയാണെന്നും ,എന്റെ ഛായയുള്ള സുഹൃത്ത് എന്റെ മോള് ആണെന്നും അവര് പറഞ്ഞു തന്നു ..
ഈ വക ആപ്പുകളൊക്കെ നമ്മുടെ പ്രൊഫൈലിലെ എല്ലാ വിവരങ്ങളും ചൂണ്ടാനുള്ള പണിയാണെന്നും ..നമ്മളെ ആപ്പിലാക്കുമെന്നും മനസ്സിലായപ്പോ ആ പണി വിട്ടു ..
അങ്ങനെ സൂചി വിഴുങ്ങിയ പിള്ളേർക്ക് ഷെയർ കൊടുത്ത് ( നമ്മടെ പറമ്പിന്റെ ഷെയർ അല്ലാട്ടാ ...)ഒരു രൂപ കൊടുപ്പിച്ചു കാരുണ്യപ്രവർത്തനങ്ങൾ ചെയ്തു പോരുന്ന കാലം .
അപ്പഴാണ് ഒരു കൂട്ടുകാരി വഴി ഇവിടെ എത്തിച്ചേരുന്നത് ...കുറേ നല്ല നല്ല എഴുത്തുകൾ ,നല്ല കഥകൾ കവിതകൾ ...അതിനൊക്കെ മനോഹരമായ കമന്റുകൾ ...കമന്റുകൾ കണ്ടാൽ അറിയാം എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്നേഹോം ബഹുമാനവും ഉള്ളവർ ...
കുറേ നാള് കഥ വായിച്ചിട്ട് ഒരു നാൾ ഞാനും ഒരു പോസ്റ്റ് ഇട്ടു ..
ഒരു മോഹത്തിന്...
അപ്പോഴതാ ...
ആദ്യത്തെ ലൈക്കും ,കമന്റും തന്നൊരു സുഹൃത്ത് രംഗത്ത് വന്നു ....( അതിന് ശേഷം അദ്ദേഹത്തിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു ട്ടാ ...)
പിന്നെ കുറേ പേര് ,നല്ല അഭിപ്രായങ്ങളും ,ആശംസകളും ,
അഭിനന്ദനങ്ങളുമൊക്കെ ആയി വന്നു ...
പണ്ടൊക്കെ എന്തെങ്കിലും ഒന്നെഴുതി ,വീട്ടിൽ ആരെയെങ്കിലും കാണിച്ചാൽ മുട്ടൻ വഴക്ക് കേൾക്കുമായിരുന്നു .പഠിക്കാനുള്ള നേരത്ത് ഓരോ വേണ്ടാതീനം എഴുതിവെക്കും എന്ന് പറഞ്ഞ് ...
ഒരിക്കൽ സ്കൂളിൽ പഠിക്കുമ്പോ ചെറുകഥക്ക് സമ്മാനം കിട്ടിപ്പോ ടീച്ചർ ഒരു നല്ല വാക്ക് പറഞ്ഞതെ ഓർമയിലുള്ളു ...
പിന്നെ ഇപ്പഴാണ് കുറേ പേര് നല്ലതെന്നും ,അപാകതകളും പറഞ്ഞു തരുന്നേ ...സന്തോഷായി ...
പിന്നേം ഇവിടെ കഥകൾ വായിക്കും ...
കഥയിലൂടെയും കമന്റിലൂടെയും ഇവിടന്നും കുറച്ചു കൂട്ടുകാരെ കിട്ടി ...
കുറച്ചു കഴിഞ്ഞപ്പോ ഒന്നൂടെ എഴുതി ....
അങ്ങനെ സന്തോഷായി നടക്കണ കാലം ..
കഥകൾ വാളിലും ഇടും .നേരത്തെ പറഞ്ഞ ഫ്രണ്ട്സ് ഒക്കെ വായിക്കും ,നാട്ടുകാര് വായിക്കും ..ചിലര് അഭിപ്രായം പറയും ..
ബട്ട് ..ചില അഭ്യുദയകാംക്ഷികളുണ്ട്‌ ...ഇവിടെ കമന്റൂല ...സുക്കറണ്ണനെ പേടിച്ചാവും !!
ഭരതേട്ടനോടാണ് കമന്റ് ..
" ഭാര്യ ഓരോന്നൊക്കെ എഴുതുന്നുണ്ടല്ലോ ,വായിക്കാറുണ്ട് !!
ഒരു വരി കമന്റില് കുറിക്കില്ല ...
കഴിഞ്ഞ ആനിവേഴ്സറിക്ക് ,മത്തങ്ങാ പോലിരിക്കണ അവനും ,വെളുത്തു മെലിഞ്ഞ് ഉയരം കുറഞ്ഞ ഭാര്യയും കൂടി നിൽക്കുന്ന ഫോട്ടോക്ക് ,
" മെയ്ഡ് ഫോർ ഈച്ച് അദർ "
എന്ന് കമന്റുകൊടുത്ത എന്നോട് തന്നെ വേണമിത് ....
***********************
അങ്ങനിരിക്കെ ...ചില സുപ്രൻമാരെ പരിചയപ്പെട്ടു ..
ഓഹ് ...സുപ്രനെ അറിയില്ലല്ലേ ....
കോപ്പി പേസ്റ്റ്കാരുടെ ഓമനപ്പേരാ ...അവരെങ്ങാനാന്നു വെച്ചാ ...
ആകാശത്തിലെ പറവകളെപ്പോലെയാ ...അവര് ചിന്തിക്കുന്നില്ല ,ടൈപ്പുന്നില്ല ,വാളിൽ സൂക്ഷിക്കുന്നില്ല ...നേരെ കോപ്പി എടുത്തത് അപ്പ്രൂവലിനു സമർപ്പിക്കും ...ഒറിജിനലിനേക്കാൾ കൂടുതൽ ലൈക്കും ,കമന്റും ഇവിടെ ആയിരിക്കും ..
പിന്നെ മീശമാധവനെപ്പോലെയാ ...മാധവൻ കട്ടതൊന്നും ചേക്ക് വിട്ട് പോയിട്ടില്ലെന്നപോലെ ....ഫേസ്ബുക്ക് വിട്ട് ഒരു മോഷണമുതലും പുറത്ത് പോയിട്ടില്ല ,അത്‌ സത്യം !!
*********************
അങ്ങനെയിരിക്കെ ഓണം വന്നു ...ഇവിടന്നു സമ്മാനങ്ങളുമായി ചിത്രദീപയെ കാണാൻ മാവേലി സൗദിയിൽ പോയി ....മാവേലിയുടെ കൈയിൽ ഇങ്ങോട്ടും ഒരു കെട്ട് സാധനങ്ങള് കൊടുത്തു വിട്ടു ...അങ്ങനെ എല്ലാരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ആ കഥവായിച്ചു സന്തോഷിച്ചു ചിരിച്ചു ..
ചിരിയുടെ കാര്യം പറയണ്ട ...ഓരോരുത്തര് നല്ല രസമായിട്ട് ചിരിക്കഥകൾ എഴുതും ..അത്‌ പിന്നെ മനസ്സിന്നു പോവില്ല ...സങ്കടങ്ങളും കാണും ..അത്‌ കൂടെ കൂട്ടില്ല ..ബസ്സിലിരിക്കുമ്പഴാവും ഓരോന്ന് ഓർമ്മ വരാ ..
ഓൺലൈൻ ഓമനയും ,ജ്യൂസ് കുടിക്കണ മലേഷ്യക്കാരനും ,ഹെൽത്ത് ക്ലബ്ബിലെ അമ്മയും ,റിസർച്ച് ക്ലാസ്സിലെ എക്സ്ട്രാക്ഷനും ,കളഞ്ഞു കിട്ടിയ പേഴ്‌സിലെ കൽക്കണ്ടവും ,കിടുക്കാച്ചി ചേച്ചിയും ,ആറുവരിപ്പാതയും ,തവളക്കും ,മീനിനും ചായമടിച്ച നിഷ്കളങ്കയും, ശ്രീകൃഷ്ണപ്പരുന്ത് സിനിമ സെക്കന്റ് ഷോ കാണാൻ പോയതും ,ടൈ കെട്ടിയ കോഴിയും ,ബോബൻ പ്രണയവും
ആനവാക്കും ,, ലൈക്കിനും കമന്റിനും സാരിവാങ്ങിയതും , നിരഞ്ജൻ ആയ ലാലേട്ടനെയും....ഒക്കെ അങ്ങട് ഓർമയിലേക്കോടി വരും ...ചിരി അടക്കാൻ പറ്റില്ല ..എന്നാണാവോ ആൾക്കാരെന്നെ ബസ്സിന്ന് ഇറക്കിവിടണേ ...പിന്നെ ചിരി വന്നാൽ രണ്ട് ചുമയിലേക്ക് തിരിച്ചുവിടാൻ എനിക്കു പണ്ടേ അറിയാം !!!
ഇപ്പൊ ഉള്ളൊരു പ്രശ്‍നം മെൻഷിക്കലാണ് ..
അമ്മുവിനാണ് മെൻഷൻ അസുഖം കൂടുതൽ ...വായിച്ച് ഇഷ്ടപ്പെട്ടാൽ എന്നെയങ്ങ് മെൻഷിക്കും ...ബിനി എന്നൊക്കെ പേരിട്ട അച്ഛനെ പറഞ്ഞാൽ മതി ..വല്ല "സിനിമാവോഭണ്ഡാരനായകെ " എന്നൊക്കെ ഇട്ടിരുന്നേൽ ഇങ്ങനെ മെൻഷിക്കില്ലായിരുന്നു ..
ബസ്സിലിരിക്കുമ്പോ മെൻഷൻ കിട്ടും ...
ഞങ്ങടെ ബസ്സ്റൂട്ട് ആണെങ്കി സൂപ്പറാ ...
നിറയെ കുണ്ടും കുഴിയും ഗർത്തങ്ങളും ആണ് ...ബസ്സ് ഇങ്ങനെ ആടിയാടി കുണ്ടിലൊക്കെ ചാടി ഒരുമാതിരി 'വണ്ടർലാ'യിലെ റൈഡ് പോലെയാ....അതിനിടയിൽ എങ്ങിനെയെങ്കിലും കഥ വായിക്കും ...കമന്റിടാൻ പറ്റൂല ....അപ്പ വരും ഭീഷണി .
" എന്താ കമന്റാത്തെ " ....
എന്റെ കമന്റ് ഇഷ്ട്ടാണത്രെ ...
ഞാൻ മനസ്സിൽ പറയും "ഞാൻ ഇപ്പൊ ഐ .സി .യു വിൽ കെടക്കണ പേഷ്യന്റിന്റെ അവസ്ഥയിലാ ...എല്ലാം കാണുന്നുണ്ട് വായിക്കുന്നുണ്ട് ...ഒരു വാക്ക് മിണ്ടാൻ വയ്യ " ..
പിന്നെ ചില മെൻഷനൊന്നും നമ്മള് കാണൂല ...ചറ പറ നോട്ടി അല്ലേ ..എവിടെയെങ്കിലും കമന്റിയാൽ പിന്നെ അതിനെ ആരൊക്കെ കമന്റിയാലും നമ്മളോട് വന്ന് പറയും ..പണ്ട് ഒരു നോട്ടിഫിക്കേഷന് കൊതിച്ചതിനുള്ള ശിക്ഷ ..ഒന്നു കണ്ണടച്ചു തുറന്നാൽ മിനിമം 50 നോട്ടി വരും .
ചിലർക്ക് ഒരു അസുഖമുണ്ട് ...പോസ്റ്റ് വായിച്ചുകഴിഞ്ഞു നേരെ പ്രൊഫൈലിലൊട്ടൊരു വരവാണ് ..പിന്നെ എന്തോ മറന്നുവെച്ചമാതിരി ഭയങ്കര തിരച്ചിലാണ് ..നമ്മുടെ ആദ്യത്തെ പോസ്റ്റിന്റെ അസ്ഥികൂടത്തെ വരെ പൊക്കിയെടുത്ത് ലൈക്കിട്ടെ പോവൂ ...പിന്നെ അവരെ കാണില്ലട്ടോ ..
അതിനിടയിൽ കാണാം ...പുതിയ അംഗങ്ങളുടെ കലാപരിപാടി ...ഏതേലും ഒരാളുടെ എഴുത്ത് ഇഷ്ടപ്പെട്ടാൽ പിന്നെ അവരുടെ വാളിൽ പോയി ആദിപുരാതനകാലം തൊട്ടുള്ള കഥയൊക്കെ കമന്റി അങ്ങ് മേലെ കൊണ്ടു വരും ...അപ്പോ ആവേശത്തോടെ അതും വായിച്ചു കമന്റും ...
കമന്റിടാൻ ഒരു ബുക്ക് ഇറങ്ങിയിട്ടുണ്ടത്രെ ....
ഓർഡർ കൊടുക്കണം !!!
ചില കമന്റുകൾ ഒരു അംഗീകാരമാണ് ..ഒരിക്കൽ എന്റെ പോസ്റ്റില് ഉണ്ണിമാഷ്‌ടെ ഒരേ കമന്റ് രണ്ട് തവണ ...നെറ്റ്‌ പ്രോബ്ലം ആയിരിക്കും ..എന്തായാലും ഓസ്കർ കിട്ടിയ സന്തോഷം തോന്നി ...( നെറ്റ്‌ സ്ലോ നോടൊക്കെ ഒരു ബഹുമാനോം )
പിന്നെ ചിലരുണ്ട് ....ഒന്നു പരിചയപ്പെട്ട് ഫ്രണ്ട് ആയാൽ പിന്നെ നമ്മളെ തട്ടികൊണ്ടോയി പലപല ഗ്രൂപ്പിലും ചേർക്കും ...നമ്മള് പിന്നെ കയ്യോടെ ചാടിപ്പോരും ...
ഇതിപ്പോ മൊത്തം ഇവിടന്നു വിട്ടു പോവാമെന്നു വെച്ചാൽ അതും പറ്റൂല ...ലഹരിക്കടിമപ്പെട്ട പോലെ ആയി ...പല പ്രശ്നങ്ങളുമുണ്ട് ...പക്ഷേ തലയൂരിപോരാനും തോന്നുന്നില്ല ..
എന്തോ ഒരു മാസ്മരികത,സ്നേഹത്തിന്റെ കാണാനൂലിലാലൊരു ബന്ധനം ...
എന്തോ ...ഇഷ്ടമാണ് നല്ലെഴുത്ത് !!!

ഓർമ്മകളിലെ ഒക്ടോബർ ×°×°×°×°×°×°×°×°×°×°×°×°×°

ഓർമ്മകളിലെ ഒക്ടോബർ
×°×°×°×°×°×°×°×°×°×°×°×°×°
ഒരു വർഷം കൂടി വിടപറയാൻ പോവുന്നു ..ആയുസ്സിന്റെ പുസ്തകത്തിലെ ഒരു താളു കൂടി മറയുവാൻ പോകുന്നു ...പിന്നിലേക്ക് നോക്കുമ്പോൾ ഈ കാലം ഒട്ടേറെ സ്മരണകൾ തന്നിരുന്നു ..പണ്ടത്തെ ഒക്ടോബറിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓര്മവരിക സ്‌കൂൾ ദിനങ്ങൾ തന്നെ ...
ഗാന്ധിജയന്തിയും അതിനോടനുബന്ധിച്ച സേവനവാരവും ആണ് ..അഞ്ചാം ക്ലാസ്സുമുതലാണ് സേവനവാരത്തിന് ഞങ്ങൾ കുട്ടികൾക്ക് എന്തെങ്കിലുമൊന്ന് ചെയ്യാനുണ്ടായിരുന്നത് ..ഓരോ ക്ലാസ്സിനും വീതിച്ചു നൽകിയിരുന്ന നിർദിഷ്‌ടപ്രദേശം തങ്ങളാൽ കഴിയുന്നവിധം ഭംഗിയാക്കുവാൻ അന്ന് ആ കുഞ്ഞുകൈകൾ പ്രയത്നിച്ചിരുന്നു ...കൈക്കോട്ടെടുത്ത് പുല്ലുചെത്താനും ,പടർന്നുകയറിയ വള്ളിച്ചെടികൾ അരിവാൾ കൊണ്ടു വീശിയിടാനും മാത്രമായി വര്ഷങ്ങളോളം ഒരേ ക്ലാസ്സിൽ സംശയം തീർത്തു പഠിച്ചിരുന്ന തലമുതിർന്ന ഏട്ടന്മാരും ഉണ്ടായിരുന്നു ..പുല്ലു പറിക്കാനെന്ന വ്യാജേന വെറുതെ വട്ടം കൂടിയിരുന്ന് കത്തിവെക്കുന്ന പെൺപിള്ളേരുടെ കുറവ് കൂടി നികത്താൻ അത്യാവശ്യം വീട്ടുപണികളിൽ സഹായിച്ചു ശീലിച്ച കുറച്ചു പെമ്പിള്ളേരും കാണും ..
സ്‌കൂളിൽ എല്ലാവർക്കുമായി തയ്യാറാക്കുന്ന സദ്യയും ,നാലുമണിയിലെ ചായയും ലഘുഭക്ഷണവുമാണ് അന്നത്തെ മെയിൻ അറ്റ്രാക്‌ഷൻ ...കാര്യം സാമ്പാറിന് അമ്മവെക്കണ സാമ്പാറിന്റെ രുചിയൊന്നും ഇല്ലാരിക്കും ...കുറേ പച്ചക്കറി വെട്ടിക്കൂട്ടി സാമ്പാറുപൊടിം കലക്കിയുള്ളൊരു തട്ടിക്കൂട്ടായിരിക്കും ...എങ്കിലും വെയിലത്ത് പണിയെടുത്ത് ഒരു പരുവമായിരിക്കുമ്പോ ആ സാമ്പാറിനും ചോറിനും ,തോരനും ,അച്ചാറിനുമൊക്കെ എന്നാ ടേസ്റ്റ് ആണെന്നെ ...അതും എല്ലാരും ഒരുമിച്ചിരുന്ന് കഴിക്കുമ്പോ ...!!!
ഇതൊക്കെ വൃത്തിയാക്കിയിട്ടിട്ട് എന്തോ കാട്ടാനാ എന്നുള്ള തോന്നൽ മാറിയത് ഹൈസ്കൂളിൽ ചെന്നപ്പോഴാണ് ...രണ്ടാഴ്ചകഴിഞ്ഞാൽ നടത്തുന്ന സ്പോർട്സ് ഡേ ക്കുള്ള വിശാലമായ ഗ്രൗണ്ടിന്റെ അണിഞ്ഞൊരുങ്ങലായിരുന്നു അത്‌ ..
ഹൈസ്കൂളിലെ പ്യൂൺ ഉണ്ണികൃഷ്‌ണേട്ടൻ നല്ലൊരു പാചകക്കാരൻ കൂടി ആയതിനാൽ ...പതിനൊന്നു മണിക്ക് നല്ല കപ്പപുഴുക്കും ചായയും ,ഉച്ചക്ക് പായസം കൂട്ടി നല്ല സദ്യയും ....ഇടക്ക് ദാഹിക്കുമ്പോൾ കുടിക്കാനായ് ഇഞ്ചിം ,കാന്താരി മുളകും ,വെപ്പിലേം ചതച്ചിട്ട സംഭാരവും റെഡിയായിരുന്നു ...
എല്ലാം മറന്നുകൊണ്ട് നമുക്കു പങ്കുവെച്ചു തന്നിട്ടുള്ള പ്രദേശമൊക്കെ ക്ലീൻ ക്ലീൻ ആക്കി കാണിക്കാൻ ടീച്ചറുമുണ്ടാവും കൂടെ ...അത് കഴിഞ്ഞു സ്പോർട്സ് ഡേ ,യൂത്ത് ഫെസ്റ്റിവൽ അതിനിടയിൽ പൂജ അവധി എല്ലാം കൂടി ഒഴിവുദിനങ്ങൾ ഒരുപാടുണ്ടാവും ...വിരസമായ ക്ലാസ്സ് റൂമിൽനിന്നും പ്രകൃതിയിലേക്കും ,കലാ കായികാവസാനകളിലേക്കുമൊരു പറിച്ചുനടൽ ...ശരിക്കും ഒരു റിഫ്രഷ്മെന്റ് ....മിസ്സ് യൂ മൈ സ്കൂൾഡേയ്‌സ് ...

#പുനഃസമാഗമം

#പുനഃസമാഗമം
••••••••••••••••••••••
വൈകുന്നേരത്തെ ബസ്സിലെ തിക്കും തിരക്കും കൊണ്ട് ക്ഷീണിച്ച മനസ്സും ശരീരവുമായി വീടിനകത്തേക്ക് കയറിയപ്പോൾ, വേഗം ഡ്രെസ്സൊന്നു മാറി കിടന്നാൽ മതിയെന്നായിരുന്നു ഹേമക്ക്....
ബാഗ് സെറ്റിയിലേക്ക് ചാരിവെച്ചിട്ട്, കണ്ണുകളടച്ച് പിറകോട്ടു ചാരി സെറ്റിയിലിരിക്കുമ്പോളാണ് സുമതി ചായയുമായി വന്നത്....
ചായക്കപ്പിനൊപ്പം, " കുഞ്ഞിനൊരു കത്തുണ്ടെന്നു " പറഞ്ഞൊരു ഇൻലൻഡ് നീട്ടുമ്പോ സ്വല്പം നീരസമാണ് അവരോട് തോന്നിയത്...
ചായകുടിച്ച്, റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച് ചെയ്തു, തലവേദനക്കൊരു ഗുളികയും കഴിച്ച് അവൾ കിടന്നു...
തല പൊട്ടിപ്പിളരുന്ന വേദന... കുറേ നേരം കംപ്യൂട്ടറിൽ നോക്കിയിരുന്നോണ്ടാവും.... അവൾ ഡ്രോയിൽ നിന്ന് ബാമെടുത്തു പുരട്ടി, കണ്ണടച്ചു കിടന്നു...
അരുണമോൾ വന്നു തട്ടി വിളിച്ചപ്പോഴാണ് താനൊന്നു മയങ്ങിപ്പോയെന്ന് അവൾക്കു മനസ്സിലായത്...
കുറച്ചു മയങ്ങിയതിനാലാവണം തലവേദനക്ക് അല്പം ആശ്വാസം തോന്നി...
എഴുന്നേറ്റിരുന്നു മോളുടെ ഹെയർബാൻഡും ക്ലിപ്പും ഊരി വെക്കുമ്പോഴാണ് ടേബിളിലെ കത്ത് അവൾ വീണ്ടും കാണുന്നത്...
അഡ്രസ്സിൽ വെറുതെയൊന്നു കണ്ണോടിച്ചപ്പോഴേക്ക് അറിയാത്തവർ ചാടിയെണീറ്റു പോയി !! മീര... അതെ മീരയുടെ കയ്യക്ഷരം !!! ഈശ്വരാ.... അവൾ അറിയാതെ ഒരു പുഞ്ചിരി വന്നുപോയി... കത്ത്‌ പൊട്ടിക്കുമ്പോൾ മയിൽ‌പ്പീലിത്തുണ്ടുകളും, കുപ്പിവളകളും കണ്ടാൽ തുടിക്കുന്ന പഴയ ഹേമയായിപ്പോയി ഒരു നിമിഷം....
ഇൻലൻഡ് മുഴുവൻ കുനുകുനാ എഴുതി നിറച്ചിരിക്കുന്നു . മീരയുടെ സ്വഭാവത്തിനൊരു മാറ്റവുമില്ല... അവൾ ഓർത്തു... ആ പഴയ മാമ്പഴക്കാലത്തെപ്പറ്റി... പൂമ്പാറ്റകളായ് പറന്നു നടന്ന ആ കൗമാരദിനങ്ങളെപ്പറ്റി...എത്ര മനോഹരങ്ങളായിരുന്നു ആ ദിനങ്ങൾ !!
ഇന്നത്തെപ്പോലെ ജീവിതത്തിനു ഇത്ര തിരക്കും അന്നില്ലായിരുന്നല്ലോ ?
"അമ്മാ, ചായ " മോളുടെ വിളിയാണ് ഹേമയെ ഓർമകളിൽ നിന്നുണർത്തിയത് ...
താനിവിടുള്ളപ്പോ മോളുടെ കാര്യങ്ങൾ എല്ലാം ചെയ്യണമെന്ന് ഹേമക്ക് നിർബന്ധമാണ്... സുമതിയെയും അത്‍ ചട്ടം കെട്ടിയിട്ടുണ്ട്
മോൾക്ക് ചായയും ബിസ്കറ്റും എടുത്തു കൊടുക്കുമ്പോഴും... അവൾ നഴ്സറി ക്ലാസ്സിലെ വിശേഷങ്ങൾ നിർത്താതെ പറയുമ്പോഴും തന്റെ മനസ്സ് വർഷങ്ങൾക്കു പിറകിലെവിടെയോ ആണെന്ന് അവൾ അറിയുന്നുണ്ടായിരുന്നു.
വൈകീട്ട് ഹരിയേട്ടൻ വന്നപ്പോൾ, രാവിലത്തെ പിണക്കത്തിന്റെ കാര്യമൊക്കെ മറന്ന് ഓടിച്ചെല്ലുമ്പോൾ ആകെയൊരു വെപ്രാളമായിരുന്നു... പണ്ട് താൻ വാതോരാതെ വിശേഷങ്ങൾ പറയാറുണ്ടായിരുന്ന കൂട്ടുകാരി മീരയുടെ കത്ത് വന്ന വിവരം പറയാനുള്ള വെമ്പൽ... വിവരം പറഞ്ഞപ്പോൾ അവളെ ഒന്നു കളിയാക്കി ചിരിക്കുകയായിരുന്നു ഹരി ചെയ്തത്.. അല്പം വിഷമം തോന്നിയെങ്കിലും, അതൊന്നും പുറമേകാണിക്കാതെ അവൾ കത്തിലെ വിശേഷങ്ങളുമായി ഹരിയുടെ പുറകെക്കൂടി...
രാത്രി മേൽ കഴുകുമ്പോൾ മീരയെ മറ്റന്നാൾ കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൾ.. മറ്റന്നാൾ പാർക്കിൽ കാണാമെന്നാണ് അവൾ എഴുതിയിരിക്കുന്നത്... അഡ്രെസ്സ് മാറിയോണ്ട് കത്ത് കുറേ കറങ്ങിത്തിരിഞ്ഞാണ് വന്നത്...ഭാഗ്യം ഇന്നെങ്കിലും കിട്ടിയത് അവൾ ഓർത്തു...
അന്ന് രാത്രി അവൾക്ക് തീരെ ഉറക്കം വന്നില്ല.. മനസ്സിൽ സന്തോഷത്തിന്റെ ഒരു വല്ലാത്ത തിരയിളക്കമായിരുന്നു.. ഡിഗ്രി ക്കും പിജിക്കുമായി അഞ്ചുവർഷമാണ് തങ്ങൾ ഒരുമിച്ചുണ്ടായിരുന്നത്.. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാർ.. സ്റ്റഡി ലീവിൽപോലും താൻ അങ്ങോട്ടോ അവളിങ്ങോട്ടോ വരും.. ഒരുമിച്ചാണ് പഠിപ്പ്.. എങ്ങനെയൊക്കെ പഠിച്ചാലും ഒന്നോ രണ്ടോ മാർക്ക് കൂടുതൽ വാങ്ങുന്നത് അവൾ തന്നെ..അതിപ്പോ സൗന്ദര്യത്തിന്റെ കാര്യത്തിലും അവൾ തന്നേ മുന്നിൽ... പക്ഷേ അതിലവൾക്ക് ഒട്ടും സങ്കടമില്ലായിരുന്നു..അവളുടെ കൂട്ടുകാരിയാണെന്നതിൽ സ്വല്പം അഭിമാനമേ തോന്നിയിട്ടുള്ളൂ..എന്നും
ഓരോന്ന് ഓർത്ത് ഓർത്ത് രാത്രി വൈകി എപ്പഴോ അവൾ ഉറങ്ങിപ്പോയി...
രാവിലെ, ബ്രേക്ക് ഫാസ്റ്റും ഊണും തിടുക്കത്തിൽ ശരിയാക്കി, ഹരിയേട്ടനെ യാത്രയാക്കി എന്തോ കഴിച്ചെന്നു വരുത്തി അവൾ മോളേം റെഡിയാക്കി വീടും പൂട്ടി ഇറങ്ങി...ബാക്കി ജോലികൾ സുമതി വന്നിട്ട് ചെയ്തോളും ഒരു കീ സുമതിയുടെ കൈയിലാണ് .. കുടുംബത്തിലെ ഒരാളെപ്പോലെ വിശ്വസിച്ചേൽപ്പിക്കാവുന്ന ഒരാളെ സഹായത്തിനു കിട്ടിയതാണ് തങ്ങൾക്കു വലിയൊരാശ്വാസം...
"ഇന്നെന്താ ഹേമക്ക് ഇത്ര സന്തോഷം" ?
തൊട്ടടുത്ത സീറ്റിലെ ക്ലാർക്ക് ജയശ്രീ ചേച്ചി ചോദിച്ചു...
"അതൊക്കെ ഉണ്ട് ചേച്ചീ, ഉച്ചക്ക് ഡൈനിങ് ഹാളിൽ വരുമ്പോ പറയാം "... എന്നും പറഞ്ഞു അവൾ ഇന്നലെ ബാക്കിയാക്കി വെച്ച ഫയൽ തുറന്നു ജോലിയാരംഭിച്ചു... എല്ലാം തീർത്തു കൊടുത്താലേ നാളേക്ക് സൂപ്രണ്ടിനോട് ലീവ് ചോദിക്കാൻ പറ്റൂ...
ഒരു ചിരിയോടെ ജയശ്രീയും തലയാട്ടി..
ഉച്ചക്ക് ജയശ്രീയോട് അവൾ എല്ലാം വിശദമായി പറഞ്ഞു . അവൾക്ക് ജോലിസ്ഥലത്ത് ആകെയുള്ളൊരു സൗഹൃദം ജയശ്രീയാണ് . നാല് വർഷമായി അവര് ഇവിടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട്.. ഭർത്താവ് ചന്ദ്രശേഖരൻ പോലീസ് ഡിപ്പാർട്മെന്റിലാണ് . അവിടത്തെ ക്വാർ ട്ടേഴ്സിലാണ് താമസം... രണ്ടുപെൺകുട്ടികൾ . രണ്ടാളും സ്കൂളിൽ പഠിക്കുന്നു... ഇടക്ക് അവര് എല്ലാരും കൂടി ഹേമയുടെ വീട്ടിൽ വരാറുണ്ട് ഉച്ചയാവുമ്പോഴേക്കും രണ്ടാളും കൂടി ഒരു കൊച്ചു സദ്യയൊരുക്കും.. അപ്പോഴേക്കും ചന്ദ്രശേഖരനും ഹരിയും എത്തും.. പിന്നെ കളിയും ചിരിയും ബഹളമാണ്... നാലുമണിയിലെ ചായകുടിയും കഴിഞ്ഞ് സന്ധ്യയാവുമ്പഴേ പിരിയൂ... അവര് രണ്ടാളും ഇവിടുത്തുകാരല്ലാത്തോണ്ട് ഇവിടെ ഇവരല്ലാതെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല.. ആകെയുള്ള സൗഹൃദം ഹേമയുടെ കുടുംബം മാത്രം..
ഒരു ദിവസത്തിന് ഇത്രയും ദൈർഘ്യമുണ്ടെന്ന് ഹേമക്ക് തോന്നിപ്പോയി,എങ്കിലും ആ സുദിനം അവൾക്കു മുന്നിൽ വന്നെത്തി.. അലമാരയിൽ കുറേ തിരഞ്ഞെങ്കിലും അവൾക്ക് ഏത് സാരിയാണ് ഉടുക്കേണ്ടത് എന്ന് നിശ്ചയമില്ലായിരുന്നു.. ഒടുവിൽ ഇളം മഞ്ഞയിൽ സിൽക്ക് ബോർഡറുള്ള സാരി എടുത്ത് പതിവിലും സമയമെടുത്ത് അത്‍ ഭംഗിയായി ഉടുത്തു.. മീരക്ക് ഇഷ്ടമുള്ള നിറമാണത്.. നന്നായി ഒരുങ്ങി... അവളുടെ സൗന്ദര്യത്തിനു മുന്നിൽ പിടിച്ചു നിൽക്കണമല്ലോ ?
ഹേമ, വരാൻ പറഞ്ഞേൽപ്പിച്ച പ്രകാരം ഓട്ടോ വന്നു... സുഭാഷ് പാർക്കിലേക്ക് പോവാം വേണു... എന്ന് പറഞ്ഞു കൊണ്ട് വണ്ടിയിൽ കേറി..
പാർക്കിലെത്തി, വേണുവിന് പൈസയും കൊടുത്ത് പാർക്കിന്റെ പടവുകൾ കയറുമ്പോൾ അവളുടെ കാലുകൾക്ക് പതിവിലും വേഗതയായിരുന്നു .. പാർക്കിൽ വലിയ തിരക്കൊന്നും ഇല്ല.. അവിടവിടെ കുറച്ചു കുട്ടികളും അച്ഛനമ്മമാരും, പിന്നെ കുറച്ചു കോളജ് പിള്ളേരും കൂട്ടം കൂടി ഇരിപ്പുണ്ട് ചിലര് നടന്നു സംസാരിക്കുന്നുണ്ട്... ഉച്ചതിരിഞ്ഞാൽ നല്ല തിരക്കാണ്... ഇടക്കൊക്കെ മോളേം കൂട്ടി അവളിവിടെ വരാറുണ്ട്...
അവൾ ചുറ്റും നോക്കിയെങ്കിലും മീരയെ അവിടൊന്നും കണ്ടില്ല.. നോക്കിയപ്പോ അവള് പറഞ്ഞ സമയം ആവുന്നേയുള്ളു.. ഇനിയും ഇരുപതുമിനിറ്റ് കൂടിയുണ്ട്..
" തിരക്കുകൂടിയിട്ട് താൻ തന്നെയല്ലേ നേരത്തെ ഇറങ്ങിയത് "?
ഹരിയേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മറുപടി..
"എന്തായാലും നീ വെയ്റ്റ് ചെയ്യ് ... ഓൾ ദി ബെസ്റ്റ്‌ "
ഹരി ഫോൺ കട്ട് ചെയ്തു.. സിഗ്നലിലാണത്രെ...
"ഹേമയല്ലേ"....? പുറകിൽ നിന്നുള്ള ശബ്ദംകേട്ട് അവൾ തല തിരിച്ചു നോക്കി... തികച്ചും അപരിചിതമായ ഒരു രൂപം കണ്ട് അവൾ യാന്ത്രികമായി പറഞ്ഞു
" അതെ "....
"ആരാ"... ഹേമ ചോദിച്ചു ..
"ഞാനാ "... മീര. വിറയാർന്ന ശബ്ദത്തിലൊരു മറുപടികേട്ട് ഹേമക്ക് തല കറങ്ങുന്നതായി തോന്നി ..
വിറച്ചു വീഴാതിരിക്കാനായി അവൾ ചാരുബെഞ്ചിന്റെ കൈപ്പിടിയിൽ അമർത്തിപ്പിടിച്ചു.. അവൾ ഒന്നുകൂടി മീരയെ നോക്കി...
ഒക്കത്ത് ഒന്നരവയസ്സു പ്രായമുള്ളൊരാൺ കുഞ്ഞ്, ഇപ്പോഴാണ് ഹേമ കാണുന്നത്.. നല്ല പ്രസരിപ്പുള്ള മുഖം മീരയുടെ അതേ തിളക്കമുള്ള കണ്ണുകൾ.. നിഷ്കളങ്കമായ ചിരി.. പക്ഷേ മീര... മുടിയെല്ലാം കൊഴിഞ്ഞു തീരാറായ തലയിൽ ഒരു സ്കാർഫ് കെട്ടിയിരിക്കുന്നു.. കണ്ണുകൾതിളക്കം മങ്ങി, കവിളൊട്ടി, അല്പം കറുത്തുപോയിരിക്കുന്നു മുഖം.. ശരീരം നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട്.. ഒരു സാരി എങ്ങനെയോ വലിച്ചുവാരി ചുറ്റിയിരിക്കുന്നു.. പഴയ മീരയുടെ ഒരു പ്രാകൃത രൂപം !! ഹേമ ഒന്നും മിണ്ടാനാകാതെ ഒന്നു ശ്വാസം വിടാൻ പോലും ആകാതെ നടുങ്ങി ഇരിപ്പാണ്.
മീര ആ ചാരുബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്നു.. മോനെ മടിയിലിരുത്തി ബാഗിൽ നിന്നും ഫീഡിങ് ബോട്ടിലെടുത്ത് ക്യാപ്പു തുറന്നു കുടിക്കാൻ കൊടുത്തു.. അവൻ ആർത്തിയോടെ അത് കുടിക്കാൻ തുടങ്ങി..
"ഹേമാ "..... മീരയുടെ ആർദ്രമായ വിളിയോടൊപ്പം അവളുടെ ശുഷ്കിച്ച വലം കൈ എടുത്ത് ഹേമയുടെ കൈയിൽ പിടിച്ചു .. അവൾ ഒരു ഞെട്ടലിൽ പിടഞ്ഞുകൊണ്ട് മീരയെ നോക്കി....
"എന്ത് പറ്റി മോളെ... "അത്രയേ ഹേമക്ക് ചോദിക്കാനായുള്ളൂ..
"എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു...എനിക്കിപ്പോ " പഠിപ്പു കഴിഞ്ഞ് ഒരു സ്വകാര്യബാങ്കിൽ ജോലിക്കു പോയതും, നവാസുമായി ഇഷ്ടത്തിലായതും, വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതും.. കഷ്ടപ്പാടിന്റെ ഇടയിലും സ്നേഹവും സന്തോഷവും ഉണ്ടായിരുന്ന ആ കൊച്ചു വീട്ടിലേക്ക് ഒരു കുഞ്ഞിക്കാല് വരാൻ പോകുന്ന വാർത്തയിൽ സന്തോഷത്തോടെ വീട്ടിലേക്കു വരുകയായിരുന്ന നവാസിനെ ടാങ്കർ ലോറിയുടെ രൂപത്തിൽ തങ്ങളിൽ നിന്നും തട്ടിപ്പറിച്ചതും... അവസാനം എന്റെ കുഞ്ഞിന്റെ യൊപ്പം വളർന്നുകൊണ്ടിരിക്കുന്ന ട്യൂമർ അപകടകാരിയാണെന്നറിഞ്ഞതും അടക്കം എല്ലാം... "
തരിച്ചിരിക്കാനല്ലാതെ ഒന്നുമായില്ല ഹേമേക്കപ്പോൾ..
മീര തുടർന്നു.. "ഒരു ദിവസം ഞാൻ ഹോസ്പിറ്റലിൽ വെച്ച് അമ്മയെ കണ്ടു.. മുത്തശ്ശിയെ കാണിക്കാൻ വന്നതായിരിക്കും.. എന്നെ കണ്ട് അരികിലേക്കോടി വരാനിരുന്ന അച്ഛനെ ഒരു നോട്ടത്തിന്റെ താക്കീതിൽ 'അമ്മ തടഞ്ഞു കളഞ്ഞു.. തറവാടിന്റെ പേരു കളഞ്ഞു കുളിച്ച എന്നെ അമ്മ എന്നേ മറന്നുകളഞ്ഞെന്ന് ഞാനൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു...
അച്ഛൻ ഒരിക്കൽ വീടുതേടിപ്പിടിച്ചു വന്നിട്ട് ഒരുപാട് സങ്കടം പറയേം, പോവാൻ നേരം കയ്യിലൊരു ചെക്കും തന്നിട്ട് പോയി.. " അച്ഛന് തരാനിപ്പോ ഈ പണം മാത്രേ ഉള്ളൂ " എന്നും പറഞ്ഞ് കണ്ണീരോടെ ഇറങ്ങിപ്പോയി..
" അടുത്ത ആഴ്ച ഞാൻ ചികിത്സക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയാണ്.. എന്റെ മോനെ ഏൽപ്പിക്കാൻ നീയല്ലാതെ എനിക്കാരുമില്ല... " യാതൊരു മുഖവുരയും കൂടാതെ അവൾ പറഞ്ഞു
സമയം കുറേ ആയത് രണ്ടാളും അറിഞ്ഞില്ല... മീരയെ ആശ്വസിക്കാനൊരു വാക്കുപോലുമില്ലാതെ ഹേമ അവളുടെ തല ചായ്ച്ചു ചുമലിൽ വെച്ചു, മെല്ലെ തലോടി...

"ചേച്ചീ, പോവാം "പെട്ടെന്ന് വേണുവിന്റെ വിളികേട്ടാണ് ഇരുവരും ചിന്തയിൽ നിന്നുണർന്നത്....
ഹേമക്ക് പോകാൻ മനസ്സില്ലായിരുന്നു,മീര അവളെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു.. അവളുടെ കൈയിൽ നിന്നും ഉറങ്ങുന്ന മോനേം വാങ്ങി ഹേമ ഓട്ടോക്കരികിലേക്ക് നടന്നു...
വണ്ടിയിൽ കയറി, മോനെ മടിയിൽ ചാരിക്കിടത്തി അവൾ തല പുറത്തേക്കിട്ട് മീരയെ ഒന്നുകൂടി നോക്കി... അപ്പോഴേക്കും വേണു വണ്ടി സ്റ്റാർട്ടാക്കി തിരിച്ചിരുന്നു...
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കൊണ്ട് ഒന്നും കാണാൻ വയ്യെങ്കിലുംഅവൾ നോക്കിക്കൊണ്ടിരുന്നു മീരയുടെ രൂപം നേർത്തു നേർത്തു വരുന്നത് വരെ......

ഓർമ്മയിലെന്നും...

ഓർമ്മയിലെന്നും...
:=:=:=:=:=:=:=:=:=:=:
എന്റെ നാട്ടില് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിച്ചു പോരുന്ന ഒരു മനയുണ്ട്. " ചന്ദനവേലി മന ".
പലതലമുറകൾക്കു മുൻപ് അവിടത്തെ മനയിൽ നിത്യവൃത്തിക്കുതന്നെ വകയില്ലാത്ത അവസ്ഥയായിരുന്നത്രെ... കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന അവസ്ഥ. അന്ന് അവർ വിശപ്പടക്കാൻ കവുങ്ങിൻ പൂക്കുലകൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് ഭക്ഷണമായി കഴിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്ന തിരുമേനിയുടെ അടുത്ത് വിശന്നുവലഞ്ഞ ഒരു ബാലൻ ഭിക്ഷക്കു വരുകയും ദയാലുവായ തിരുമേനി തന്റെ ഭക്ഷണം ആ ബാലന് നൽകുകയും ചെയ്തത്രേ !! ഭക്ഷണം കഴിച്ചു ക്ഷീണമകറ്റിയ ബാലൻ ഇനിയിവിടെ ദാരിദ്രമുണ്ടാകില്ലെന്ന് അനുഗ്രഹിച്ചിട്ട് പെട്ടന്ന് മറഞ്ഞുകളഞ്ഞുവത്രേ. പിന്നീടൊരവസരത്തിൽ അഷ്ടമംഗല്യ പ്രശ്‍നം വെച്ചപ്പോൾ അന്ന് ബാലനായി വന്നത് സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി ആണെന്നും അദ്ദേഹത്തിന്റെ ചൈതന്യം ആ മനയിൽ കുടികൊള്ളുന്നുണ്ടെന്നും ജ്യോത്സ്യർ പ്രവചിച്ചതായി ഐതിഹ്യം.... !!!!!
പക്ഷേ ഐതിഹ്യങ്ങളുടെയൊന്നും പിൻബലമില്ലാതെത്തന്നെ സാക്ഷാൽ സരസ്വതിദേവി കൂടി അവിടെ വാണരുളുന്നു എന്നതാണ് ഞങ്ങളുടെ അനുഭവസാക്ഷ്യം....
എന്റെയൊക്കെ കുട്ടിക്കാലത്ത് ആ മനയിൽ കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന പതിവുണ്ടായിരുന്നു. വീട്ടിൽ ട്യൂഷനെടുക്കുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും അവിടെ അതൊരു കിടിലൻ സംഭവമായിരുന്നു ട്ടോ..... ...
വലിയൊരു പറമ്പിലാണ് മന സ്ഥിതി ചെയ്യുന്നത്. കാവും, കുളവും, കവുങ്ങിൻപറമ്പും, നിറയെ മാവുകളും, പശുത്തൊഴുത്തും ഒക്കെയായി വലിയൊരു പുരയിടം. അതിലാണ് മൂന്ന് നിലയുള്ള ഈ മന. നടുമുറ്റം, കോലായി, തെക്കിനി, വടക്കിനി, തളം, ഇടനാഴി എന്നിവ കൂടാതെ ചെറുതും വലുതുമായ അറകൾ....എല്ലാം തട്ടിട്ട മുറികൾ. മുന്നിലെ തളത്തിൽ നിന്നും, നടുമുറ്റത്തുനിന്നും രണ്ടു മരഗോവണികൾ മുകളിലേക്കുണ്ട്. എല്ലായിടത്തുമായി ഓരോ ക്ലാസ്സുകാർക്കും ഓരോ മുറികൾ.... ക്ലാസ്സ് മുറി മുകളിലത്തെതാണെങ്കിൽ സംഗതി കുശാലായി... അവിടെയാണെങ്കിൽ ആട്ടുകട്ടിലിൽ ഇരുന്നു പഠിക്കാം... ഇടക്ക് ഓരോ ചൂരൽകഷായം കിട്ടുമെന്നതൊഴിച്ചാൽ അവിടത്തെ പഠനവും ബാക്കിയെല്ലാതും മധുരതരം...
അവിടെ അച്ഛൻ തിരുമേനിയും, അന്തർജനവും, മൂന്നു പെൺമക്കളും രണ്ടാണ്മക്കളും ആണ്. തിരുമേനിയും മുതിർന്ന രണ്ടു പെണ്മക്കളുമാണ് ട്യൂഷനെടുക്കുക. അവിടത്തെ ഇളയമകൾ രശ്മിച്ചേച്ചി വിളിക്കുന്നപോലെ ഞങ്ങളും അവരെ "ഏടത്തി " എന്നാണ് വിളിച്ചിരുന്നത്.
കണക്കും, ഇംഗ്ലീഷും പൊതുവെ അല്പം വിഷമം പിടിച്ച വിഷയമാകയാൽ കർക്കശക്കാരിയായ ഉഷേടത്തി യാണ് അവ കൈകാര്യം ചെയ്തിരുന്നത്. ഹിന്ദി, സയൻസ് എന്നിവ ലീലേടത്തിം. ഇംഗ്ലീഷിലും സംസ്കൃതത്തിലും നല്ല പാണ്ഡിത്യമുള്ള അച്ഛൻ തിരുമേനിയും കുട്ടികളെ പഠിപ്പിക്കാൻ സഹായിച്ചിരുന്നു.
സൗമ്യ ശീലയും നിഷ്കളങ്കയുമായ അവിടത്തെ അമ്മയാകട്ടെ.... കുട്ടികളോട് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയിരുന്നത്. കൃത്യനിഷ്ഠയും അച്ചടക്കവും കര്ശനമായി പാലിച്ചിരുന്നെങ്കിലും കളിക്കാനും ഉല്ലസിക്കാനുംകൂടി അവർ ഞങ്ങൾക്ക് സമയം അനുവദിച്ചു തന്നിരുന്നു, ആ വലിയവീട്ടിൽ അനുവാദമില്ലാതെ എവിടെവേണമെങ്കിലും ഞങ്ങൾക്ക് കയറിയിറങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ജാതി ചിന്തയോ ഉച്ച നീചത്വമോ അവിടെ ഒരു വിഷയമേ അല്ലായിരുന്നു.
ഓണാവധിക്ക് ട്യൂഷനില്ലെങ്കിലും ഞങ്ങൾ കുട്ടികൾ അവിടെ ഹാജരാണ്. പറമ്പിലെ വലുതും ചെറുതുമായ മാവുകളിൽ പല വലുപ്പത്തിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ടാവും.ഊഞ്ഞാലാടാൻ ധൈര്യമില്ലാത്തവർ വേറെ എന്തേലും കളിക്കും. കളികഴിഞ്ഞു വിശ്രമിക്കുമ്പോ അവിടത്തെ 'അമ്മ ഞങ്ങൾക്കു മധുരമൂറുന്ന പഴം നുറുക്കും, കായ വറുത്തതും, ശർക്കര ഉപ്പേരിയും (അവിടെ മനപ്പറമ്പിലെ നേന്ദ്രക്കായകൊണ്ടുണ്ടാക്കിത്) കഴിക്കാൻ തരും. അതിന്റെയൊന്നും രുചി ഇപ്പകിട്ടുന്നെനില്ലാട്ടോ....
സ്റ്റഡി ലീവിനും, പരീക്ഷയടുക്കുന്ന ശനി, ഞായർ ദിവസങ്ങളിലും ഞങ്ങൾ അവിടെയാവും... ട്യൂഷനൊന്നും ഉണ്ടാവില്ല.... പക്ഷേ പഠിക്കണം. വീട്ടിലല്ല ട്ടാ ..... തൊടിയിൽ; ഞാറു പാവിനിർത്തിയ ഞാറ്റടിയുടെ വരമ്പിലോ, മാവിന്റെ താഴത്തെ കൊമ്പിലോ, കടപ്ലാവിൻ ചോട്ടിലോ, കുളത്തിന്റെ പടിക്കെട്ടിലോ, കവുങ്ങിൻതോട്ടത്തിലെ നിരപ്പായ സ്‌ഥലത്തു പഴയ പുൽപ്പായ വിരിച്ചോ ഇരുന്നു പഠിക്കാം. പഠിക്കുന്നില്ലേ എന്നറിയാൻ ഇടക്കാരെങ്കിലും ചെക്കിങ്ങിനു വരും. വെറും കയ്യോടെ യല്ലാ....... പഴുക്കാറായ മൂവാണ്ടൻ മാങ്ങ ചെത്തി ഉപ്പ്, മുളക്, വെളിച്ചെണ്ണ ഒക്കെ പുരട്ടി ഒരു പ്ലേറ്റിൽ നിറച്ചുണ്ടാവും. അല്ലെങ്കിൽ ചെറുപഴം, അവിലുവിളയിച്ചത്, അതുമല്ലെങ്കിൽ സംഭാരം.....എല്ലാത്തിലും സ്നേഹത്തിന്റെ ഒരു മെമ്പൊടീം..... ഇതൊക്കെ പങ്കിട്ടു കഴിക്കുമ്പോ പഠിപ്പിന്റെ വിരസത മറന്ന് ഞങ്ങൾ വീണ്ടും ഉഷാറായിട്ടുണ്ടാവും.
ഏറ്റവും ഓർമയിൽ നിൽക്കുന്ന സംഗതി അവിടത്തെ പൂജവെപ്പാണ്. ട്യൂഷന്‌വരുന്ന എല്ലാ കുട്ടികളും അവിടെത്തന്നെയാണ് പൂജവെക്കുക. പൂജവെക്കുന്ന അന്ന്‌ എല്ലാവരും പുസ്തകം പൊതിഞ്ഞു കെട്ടി സന്ധ്യയാവും മുമ്പേ അവിടെ യെത്തും. എല്ലാരുടേം പുസ്തകങ്ങൾ ഒതുക്കിവെച്ച്, അവിടത്തെ ഗ്രന്ഥങ്ങളും എല്ലാം അടുക്കി ചുവന്ന പട്ടുതുണി കൊണ്ടു മൂടി, കിണ്ടി, വിളക്ക്, ധൂപം, പൂവ് എന്നിവയൊക്കെ കൊണ്ടു പൂജ,അത് കഴിഞ്ഞു ഞങ്ങൾ തൊഴുത് വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ മയങ്ങും.
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു കുളിച്ചു പൂജക്കു വെച്ചത് തൊഴാൻ പോവും. പിന്നെ ഉച്ചവരെ അവിടെ കളിയാണ്. വരിവരിയായി നട്ടുവളർത്തിയ ഓറഞ്ചും മഞ്ഞയും ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് അമ്മാനമാടിക്കളിക്കും.എത്ര പൊട്ടിച്ചാലും തീരാത്തത്ര പൂക്കളുണ്ടാവും.
പിറ്റേന്ന് പൂജക്കെടുക്കുന്നത് ഒരു വലിയ ആഘോഷം തന്നെയാണ്. രാവിലെ എല്ലാവരും നേരത്തെ ത്തന്നെ എത്തിച്ചേരും. തിരുമേനി പുസ്‌തകം വെച്ചത് പൂജിച്ച ശേഷം, ഓരോരുത്തരുടെയായി പുസ്‌തകപ്പൊതി തരും. എല്ലാരും നിലത്ത് ചമ്രംപടിഞ്ഞിരുന്ന് മണലിൽ "ഹരിശ്രീഗണപതയെ നമഃ "എന്നും അക്ഷരമാലയും എഴുതും. അതിനുശേഷം കൈകഴുകി വന്നാൽ ഇലയിൽ പ്രസാദം....
നേദിച്ച അട, കദളിപ്പഴം, അവൽ നിവേദ്യം, ശർക്കരപ്പായസം, പാൽപ്പായസം, നെയ്യപ്പം എല്ലാമുണ്ടാവും. പിന്നെ എല്ലാരും പുസ്‌തകമെടുത്തു പഠിക്കണം ഒരുമണിക്കൂറെങ്കിലും പഠിച്ചാലേ ഞങ്ങളെ വിടുള്ളൂ....
അവിടെ നിന്ന് ഞങ്ങൾ പഠിച്ചത് സിലബസ്സിലെ വെറും പാഠഭാഗങ്ങൾ മാത്രമല്ല മറിച്ച് സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പുതിയ ജീവിത പാഠങ്ങൾ കൂടിയായിരുന്നു... രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞനിയത്തി മാരായ ജ്യോതി, സുജ, മുതൽ പത്താം ക്ലാസ്സിലെ വല്യേട്ടൻ മാരടക്കമുള്ള പത്തറുപതു പേരുള്ള ഒരു കൂട്ടുകുടുംബമായിരുന്നു അത്... ... സ്വന്തം വീടുപോലെ ഇഷ്ടമുള്ളൊരിടം....
പിന്നീട് എടത്തിമാരുടെ വേളി കഴിഞ്ഞതോടെ അവിടത്തെ ട്യൂഷനും പൂർണ്ണവിരാമമിട്ടു. ഇതിനോടൊപ്പം ഞാൻ ചേർത്തിരിക്കുന്ന ഫോട്ടോക്ക് രണ്ടരപതിറ്റാണ്ടത്തെ കാലപ്പഴക്കം വരുത്തിയ കേടുപാടുകളോ മങ്ങലോ കണ്ടേക്കാം. എന്നാൽ ഇതിലെ ഓരോരുത്തരുടെയും ഉള്ളിലൊരുകോണിൽ ഒട്ടും ഒളിമങ്ങാതെ ആ ഓർമ്മകൾ എന്നും ജ്വലിച്ചു കിടപ്പുണ്ടാവുമെന്ന് എനിക്കുതീർച്ചയാണ്.......
*ബിനി ഭരതൻ *

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo