Slider

ഓർമ്മയിലെന്നും...

0
ഓർമ്മയിലെന്നും...
:=:=:=:=:=:=:=:=:=:=:
എന്റെ നാട്ടില് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിച്ചു പോരുന്ന ഒരു മനയുണ്ട്. " ചന്ദനവേലി മന ".
പലതലമുറകൾക്കു മുൻപ് അവിടത്തെ മനയിൽ നിത്യവൃത്തിക്കുതന്നെ വകയില്ലാത്ത അവസ്ഥയായിരുന്നത്രെ... കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന അവസ്ഥ. അന്ന് അവർ വിശപ്പടക്കാൻ കവുങ്ങിൻ പൂക്കുലകൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് ഭക്ഷണമായി കഴിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്ന തിരുമേനിയുടെ അടുത്ത് വിശന്നുവലഞ്ഞ ഒരു ബാലൻ ഭിക്ഷക്കു വരുകയും ദയാലുവായ തിരുമേനി തന്റെ ഭക്ഷണം ആ ബാലന് നൽകുകയും ചെയ്തത്രേ !! ഭക്ഷണം കഴിച്ചു ക്ഷീണമകറ്റിയ ബാലൻ ഇനിയിവിടെ ദാരിദ്രമുണ്ടാകില്ലെന്ന് അനുഗ്രഹിച്ചിട്ട് പെട്ടന്ന് മറഞ്ഞുകളഞ്ഞുവത്രേ. പിന്നീടൊരവസരത്തിൽ അഷ്ടമംഗല്യ പ്രശ്‍നം വെച്ചപ്പോൾ അന്ന് ബാലനായി വന്നത് സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി ആണെന്നും അദ്ദേഹത്തിന്റെ ചൈതന്യം ആ മനയിൽ കുടികൊള്ളുന്നുണ്ടെന്നും ജ്യോത്സ്യർ പ്രവചിച്ചതായി ഐതിഹ്യം.... !!!!!
പക്ഷേ ഐതിഹ്യങ്ങളുടെയൊന്നും പിൻബലമില്ലാതെത്തന്നെ സാക്ഷാൽ സരസ്വതിദേവി കൂടി അവിടെ വാണരുളുന്നു എന്നതാണ് ഞങ്ങളുടെ അനുഭവസാക്ഷ്യം....
എന്റെയൊക്കെ കുട്ടിക്കാലത്ത് ആ മനയിൽ കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന പതിവുണ്ടായിരുന്നു. വീട്ടിൽ ട്യൂഷനെടുക്കുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും അവിടെ അതൊരു കിടിലൻ സംഭവമായിരുന്നു ട്ടോ..... ...
വലിയൊരു പറമ്പിലാണ് മന സ്ഥിതി ചെയ്യുന്നത്. കാവും, കുളവും, കവുങ്ങിൻപറമ്പും, നിറയെ മാവുകളും, പശുത്തൊഴുത്തും ഒക്കെയായി വലിയൊരു പുരയിടം. അതിലാണ് മൂന്ന് നിലയുള്ള ഈ മന. നടുമുറ്റം, കോലായി, തെക്കിനി, വടക്കിനി, തളം, ഇടനാഴി എന്നിവ കൂടാതെ ചെറുതും വലുതുമായ അറകൾ....എല്ലാം തട്ടിട്ട മുറികൾ. മുന്നിലെ തളത്തിൽ നിന്നും, നടുമുറ്റത്തുനിന്നും രണ്ടു മരഗോവണികൾ മുകളിലേക്കുണ്ട്. എല്ലായിടത്തുമായി ഓരോ ക്ലാസ്സുകാർക്കും ഓരോ മുറികൾ.... ക്ലാസ്സ് മുറി മുകളിലത്തെതാണെങ്കിൽ സംഗതി കുശാലായി... അവിടെയാണെങ്കിൽ ആട്ടുകട്ടിലിൽ ഇരുന്നു പഠിക്കാം... ഇടക്ക് ഓരോ ചൂരൽകഷായം കിട്ടുമെന്നതൊഴിച്ചാൽ അവിടത്തെ പഠനവും ബാക്കിയെല്ലാതും മധുരതരം...
അവിടെ അച്ഛൻ തിരുമേനിയും, അന്തർജനവും, മൂന്നു പെൺമക്കളും രണ്ടാണ്മക്കളും ആണ്. തിരുമേനിയും മുതിർന്ന രണ്ടു പെണ്മക്കളുമാണ് ട്യൂഷനെടുക്കുക. അവിടത്തെ ഇളയമകൾ രശ്മിച്ചേച്ചി വിളിക്കുന്നപോലെ ഞങ്ങളും അവരെ "ഏടത്തി " എന്നാണ് വിളിച്ചിരുന്നത്.
കണക്കും, ഇംഗ്ലീഷും പൊതുവെ അല്പം വിഷമം പിടിച്ച വിഷയമാകയാൽ കർക്കശക്കാരിയായ ഉഷേടത്തി യാണ് അവ കൈകാര്യം ചെയ്തിരുന്നത്. ഹിന്ദി, സയൻസ് എന്നിവ ലീലേടത്തിം. ഇംഗ്ലീഷിലും സംസ്കൃതത്തിലും നല്ല പാണ്ഡിത്യമുള്ള അച്ഛൻ തിരുമേനിയും കുട്ടികളെ പഠിപ്പിക്കാൻ സഹായിച്ചിരുന്നു.
സൗമ്യ ശീലയും നിഷ്കളങ്കയുമായ അവിടത്തെ അമ്മയാകട്ടെ.... കുട്ടികളോട് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറിയിരുന്നത്. കൃത്യനിഷ്ഠയും അച്ചടക്കവും കര്ശനമായി പാലിച്ചിരുന്നെങ്കിലും കളിക്കാനും ഉല്ലസിക്കാനുംകൂടി അവർ ഞങ്ങൾക്ക് സമയം അനുവദിച്ചു തന്നിരുന്നു, ആ വലിയവീട്ടിൽ അനുവാദമില്ലാതെ എവിടെവേണമെങ്കിലും ഞങ്ങൾക്ക് കയറിയിറങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ജാതി ചിന്തയോ ഉച്ച നീചത്വമോ അവിടെ ഒരു വിഷയമേ അല്ലായിരുന്നു.
ഓണാവധിക്ക് ട്യൂഷനില്ലെങ്കിലും ഞങ്ങൾ കുട്ടികൾ അവിടെ ഹാജരാണ്. പറമ്പിലെ വലുതും ചെറുതുമായ മാവുകളിൽ പല വലുപ്പത്തിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ടാവും.ഊഞ്ഞാലാടാൻ ധൈര്യമില്ലാത്തവർ വേറെ എന്തേലും കളിക്കും. കളികഴിഞ്ഞു വിശ്രമിക്കുമ്പോ അവിടത്തെ 'അമ്മ ഞങ്ങൾക്കു മധുരമൂറുന്ന പഴം നുറുക്കും, കായ വറുത്തതും, ശർക്കര ഉപ്പേരിയും (അവിടെ മനപ്പറമ്പിലെ നേന്ദ്രക്കായകൊണ്ടുണ്ടാക്കിത്) കഴിക്കാൻ തരും. അതിന്റെയൊന്നും രുചി ഇപ്പകിട്ടുന്നെനില്ലാട്ടോ....
സ്റ്റഡി ലീവിനും, പരീക്ഷയടുക്കുന്ന ശനി, ഞായർ ദിവസങ്ങളിലും ഞങ്ങൾ അവിടെയാവും... ട്യൂഷനൊന്നും ഉണ്ടാവില്ല.... പക്ഷേ പഠിക്കണം. വീട്ടിലല്ല ട്ടാ ..... തൊടിയിൽ; ഞാറു പാവിനിർത്തിയ ഞാറ്റടിയുടെ വരമ്പിലോ, മാവിന്റെ താഴത്തെ കൊമ്പിലോ, കടപ്ലാവിൻ ചോട്ടിലോ, കുളത്തിന്റെ പടിക്കെട്ടിലോ, കവുങ്ങിൻതോട്ടത്തിലെ നിരപ്പായ സ്‌ഥലത്തു പഴയ പുൽപ്പായ വിരിച്ചോ ഇരുന്നു പഠിക്കാം. പഠിക്കുന്നില്ലേ എന്നറിയാൻ ഇടക്കാരെങ്കിലും ചെക്കിങ്ങിനു വരും. വെറും കയ്യോടെ യല്ലാ....... പഴുക്കാറായ മൂവാണ്ടൻ മാങ്ങ ചെത്തി ഉപ്പ്, മുളക്, വെളിച്ചെണ്ണ ഒക്കെ പുരട്ടി ഒരു പ്ലേറ്റിൽ നിറച്ചുണ്ടാവും. അല്ലെങ്കിൽ ചെറുപഴം, അവിലുവിളയിച്ചത്, അതുമല്ലെങ്കിൽ സംഭാരം.....എല്ലാത്തിലും സ്നേഹത്തിന്റെ ഒരു മെമ്പൊടീം..... ഇതൊക്കെ പങ്കിട്ടു കഴിക്കുമ്പോ പഠിപ്പിന്റെ വിരസത മറന്ന് ഞങ്ങൾ വീണ്ടും ഉഷാറായിട്ടുണ്ടാവും.
ഏറ്റവും ഓർമയിൽ നിൽക്കുന്ന സംഗതി അവിടത്തെ പൂജവെപ്പാണ്. ട്യൂഷന്‌വരുന്ന എല്ലാ കുട്ടികളും അവിടെത്തന്നെയാണ് പൂജവെക്കുക. പൂജവെക്കുന്ന അന്ന്‌ എല്ലാവരും പുസ്തകം പൊതിഞ്ഞു കെട്ടി സന്ധ്യയാവും മുമ്പേ അവിടെ യെത്തും. എല്ലാരുടേം പുസ്തകങ്ങൾ ഒതുക്കിവെച്ച്, അവിടത്തെ ഗ്രന്ഥങ്ങളും എല്ലാം അടുക്കി ചുവന്ന പട്ടുതുണി കൊണ്ടു മൂടി, കിണ്ടി, വിളക്ക്, ധൂപം, പൂവ് എന്നിവയൊക്കെ കൊണ്ടു പൂജ,അത് കഴിഞ്ഞു ഞങ്ങൾ തൊഴുത് വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ മയങ്ങും.
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു കുളിച്ചു പൂജക്കു വെച്ചത് തൊഴാൻ പോവും. പിന്നെ ഉച്ചവരെ അവിടെ കളിയാണ്. വരിവരിയായി നട്ടുവളർത്തിയ ഓറഞ്ചും മഞ്ഞയും ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് അമ്മാനമാടിക്കളിക്കും.എത്ര പൊട്ടിച്ചാലും തീരാത്തത്ര പൂക്കളുണ്ടാവും.
പിറ്റേന്ന് പൂജക്കെടുക്കുന്നത് ഒരു വലിയ ആഘോഷം തന്നെയാണ്. രാവിലെ എല്ലാവരും നേരത്തെ ത്തന്നെ എത്തിച്ചേരും. തിരുമേനി പുസ്‌തകം വെച്ചത് പൂജിച്ച ശേഷം, ഓരോരുത്തരുടെയായി പുസ്‌തകപ്പൊതി തരും. എല്ലാരും നിലത്ത് ചമ്രംപടിഞ്ഞിരുന്ന് മണലിൽ "ഹരിശ്രീഗണപതയെ നമഃ "എന്നും അക്ഷരമാലയും എഴുതും. അതിനുശേഷം കൈകഴുകി വന്നാൽ ഇലയിൽ പ്രസാദം....
നേദിച്ച അട, കദളിപ്പഴം, അവൽ നിവേദ്യം, ശർക്കരപ്പായസം, പാൽപ്പായസം, നെയ്യപ്പം എല്ലാമുണ്ടാവും. പിന്നെ എല്ലാരും പുസ്‌തകമെടുത്തു പഠിക്കണം ഒരുമണിക്കൂറെങ്കിലും പഠിച്ചാലേ ഞങ്ങളെ വിടുള്ളൂ....
അവിടെ നിന്ന് ഞങ്ങൾ പഠിച്ചത് സിലബസ്സിലെ വെറും പാഠഭാഗങ്ങൾ മാത്രമല്ല മറിച്ച് സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പുതിയ ജീവിത പാഠങ്ങൾ കൂടിയായിരുന്നു... രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞനിയത്തി മാരായ ജ്യോതി, സുജ, മുതൽ പത്താം ക്ലാസ്സിലെ വല്യേട്ടൻ മാരടക്കമുള്ള പത്തറുപതു പേരുള്ള ഒരു കൂട്ടുകുടുംബമായിരുന്നു അത്... ... സ്വന്തം വീടുപോലെ ഇഷ്ടമുള്ളൊരിടം....
പിന്നീട് എടത്തിമാരുടെ വേളി കഴിഞ്ഞതോടെ അവിടത്തെ ട്യൂഷനും പൂർണ്ണവിരാമമിട്ടു. ഇതിനോടൊപ്പം ഞാൻ ചേർത്തിരിക്കുന്ന ഫോട്ടോക്ക് രണ്ടരപതിറ്റാണ്ടത്തെ കാലപ്പഴക്കം വരുത്തിയ കേടുപാടുകളോ മങ്ങലോ കണ്ടേക്കാം. എന്നാൽ ഇതിലെ ഓരോരുത്തരുടെയും ഉള്ളിലൊരുകോണിൽ ഒട്ടും ഒളിമങ്ങാതെ ആ ഓർമ്മകൾ എന്നും ജ്വലിച്ചു കിടപ്പുണ്ടാവുമെന്ന് എനിക്കുതീർച്ചയാണ്.......
*ബിനി ഭരതൻ *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo