
"എന്താ ജാനുവേച്ചി"
"മോനെ ചന്ദ്രാ..ഹരി ഇതുവരെ വന്നില്ല"
"ഓനെട പോയതാണ്...ഓനാ റോഡുമിലേ ഇരുത്തിയിൽ ഇരിക്കുന്നത് കണ്ടതാണല്ലാ"
"ചന്ദ്രേട്ടാ"ഇരുട്ടിൽ നിന്ന് ഒരു ശബ്ദം... ബഷീറാണ്....
"എന്താ ബഷീറേ"ജാനുവേച്ചിയെ കണ്ടത് കൊണ്ടാണൊന്ന് അറിയില്ല അവൻ പറയാൻ വന്നത് വിഴുങ്ങി....അവൻ്റെ വെപ്രാളം കണ്ടപ്പോൾ എനിക്കെന്തോ പന്തിക്കേട് തോന്നി...
"ചന്ദ്രേട്ടാ ഇങ്ങള് ബേഗൊരു കുപ്പായിട്ട് ഇങ്ങ് വന്നേ...നമുക്കൊരിടം വരെ പോണം"...
"സുമേ നീ വാതിലടച്ചു കിടന്നോ...ജാനുവേച്ചി നിങ്ങളും വീട്ടിലേക്ക് പോയ്ക്കോ...ഞങ്ങളൊന്ന് അന്വേഷിക്കട്ടെ"
"എന്താടാ ബഷീറേ പ്രശ്നം"
"എന്താന്നൊന്നും നമ്മക്കറിയില്ല...ഹരീനാ ആരോ വെട്ടീന്നൊക്കെ കേട്ടു"
ഉള്ളിൽ നിന്നൊരു കാളൽ..."അയിന് ഓൻ ഒരു പാർട്ടീലും ഇല്ലാത്തോനല്ലെ,എന്നിട്ട് ഓൻ ഇപ്പ ഏട്യ ഉള്ളത്"
"തീർന്നൂന്നാ കേട്ടത് ആശുപത്രിയിൽ കൊണ്ടോവാൻ പറ്റില്ലാത്രേ കപ്പാലത്തിൻ്റെ അടിയിലുണ്ട്"
കാലുകൾക്ക് ആകെ ഒരു തളർച്ച...ഹരി നല്ലൊരു ചെറുപ്പക്കാരനായിരുന്നു...ഇന്നത്തെ ചെറുപ്പക്കാരെ പോലെ യാതൊരു ദുശീലങ്ങളും ഇല്ലാത്തവൻ...അവൻ്റെ അച്ഛൻ കോരേട്ടൻ അവന് പത്ത് വയസ്സുള്ളപ്പോൾ കാൻസർ വന്ന് മരിച്ചതാ...അതിനുശേഷം ജാനുവേച്ചി രണ്ട് പിള്ളേരയും പഠിപ്പിക്കാൻ ഒരു പാട് കഷ്ടപ്പെട്ടു...ഹരിയുടെ ഇളയത് ഒരു പെൺകുട്ടിയാ...രണ്ട് മാസം മുമ്പായിരുന്നു അവളുടെ കല്ല്യാണം... വാർപ്പ് മേസ്തിരി വേണുവേട്ടൻ്റെ കൂടയാ അവൻ പണിക്ക് പോകുന്നത്...വേണുവേട്ടൻ ഒരു സാധു മനുഷ്യൻ. ഹരി ഒരു അനുജനെപോലെയാണ്...ഇന്നുവരെ അവൻ ഒരു പാർട്ടിയുടെ പരിപാടിയിലും പങ്കെടുക്കുന്നത് കണ്ടിട്ടില്ല... അവനും അവൻ്റെ കുടുംബവുമുള്ള ഒരു കൊച്ചുലോകം....അതായിരുന്നു അവൻ.....അങ്ങനെയുള്ള അവനെ ആര് കൊല്ലാനാണ്....?
"ചന്ദ്രേട്ടാ....ബഷീർ വിളിച്ചപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്....വെട്ടി നുറുക്കിയിട്ട ഒരു മാംസപിണ്ടം...ഒരു നോക്കെ നോക്കിയുള്ളു...ശരീക്കും ഓക്കാനം വന്നു...
"വീട്ടിൽ അറിയിക്കണ്ടേ"ആരുടെയോ ശബ്ദം... പോലീസിൽ അറിയിച്ചിട്ടുണ്ട്... അവരിപ്പോൾ എത്തും...പോലീസ് വന്ന് ഇൻക്വസ്റ്റ് തയ്യറാക്കി...പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി....
"ഇനിയിപ്പോൾ രാത്രിയല്ലേ...രാവിലെ എല്ലാവരും അങ്ങോട്ട് വാ...."ആബുലൻസിൽ കയറ്റി ഹരിയുടെ ശവശരീരം കൊണ്ടുപോയപ്പോഴും എനിക്ക് അവിടെനിന്ന് അനങ്ങാൻ പറ്റിയില്ല...ദേഹം മൊത്തം തളരുന്നു.... ജാനുവേച്ചിയോട് ഇനി എന്ത് പറയും...?.നിങ്ങളുടെ മകനെ ആരൊക്കെയോ ചേർന്ന് വെട്ടി കൊന്നെന്നോ?...എങ്ങനെയൊക്കെയോ വീട്ടിലെത്തിയപ്പോൾ ജാനുവേച്ചിയുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ടു...ആരോ പറഞ്ഞ് അറിഞ്ഞ് കാണും പാവം...
സുമതി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു....അവളുടെ കണ്ണുകളും ചുവന്നിരുന്നു... എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല....
"സുമേ....കുറച്ച് വെള്ളം"ഉമ്മറത്തേ ചാരുകസേരയിൽ വീണതാണോ ഇരുന്നതാണോ അറിയില്ല....വിറക്കുന്ന കൈകളോടെ സുമതി എനിക്ക് വെള്ളം തന്നു..."നീ ജാനുവേച്ചിടടുത്ത് പോയ്ക്കോ"....
അവിടെ കിടന്ന് എപ്പോഴോ ഉറങ്ങിപോയി....രാവിലെ ആരുടെയൊക്കെയോ അലമുറ കേട്ടാണ് ഉണർന്നത്....
"ഹരിത വന്നെന്ന് തോന്നുന്നു" സുമതിയുടെ ആത്മഗതം.... വേഗം പല്ല് തേച്ച് ചായപോലും കുടിക്കാതെ മെഡിക്കൽ കോളേജിലേക്ക് ഓടി....പോസ്റ്റ്‌മോർട്ടം ചെയ്ത് തുന്നിക്കെട്ടിയ ഹരിയുടെ ശവവുമായി അവൻ്റെ,അവൻ ജനിച്ചു വളർന്ന വീട്ടിലേക്ക്....
ഹരിയുടെ ദേഹം മുറ്റത്ത് വച്ച ടേബിളിൽ കിടത്തി...സ്ത്രീകൾ അലമുറയിട്ട് കരയുന്നു...അവരാരും തന്നെ ഹരിയുടെ കൂടപ്പിറപ്പുകളല്ല..."എൻ്റെ കുഞ്ഞേട്ടാ"അകത്ത് നിന്ന് ഹരിതയുടെ നെഞ്ച്പൊട്ടിയുള്ള കരച്ചിൽ.... ഉള്ളിൽ തികട്ടിവന്ന കരച്ചിൽ കടിച്ചൊതുക്കി....പെട്ടെന്ന് കുറച്ചു ചെറുപ്പക്കാർ ഓറഞ്ച് കൊടിയുമായി കൈയിൽ ഒരു റീത്തുമായി വന്നു....
"ഇത് ഞങ്ങളുടെ ഹരിയാണ്....ഞങ്ങളുടെ പ്രസ്ഥാനത്തിന് വേണ്ടി ബലിദാനിയായ നമ്മുടെ ഹരി...ഇവനെ കൊന്നവരെ ഒന്നും ഞങ്ങൾ വെറുതെ വിടില്ല...സ്വർഗ്ഗീയ ഹരിയുടെ ചോരയ്ക്ക് ഞങ്ങൾ പകരം വീട്ടും...ഹരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ ഹർത്താൽ"അവരുടെ കൂട്ടത്തിൽ വന്ന കുറച്ചു പേർ മാറിനിന്ന് എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ട്...ആർക്കും ഒന്നും ചോദിക്കാനുള്ള ധൈര്യമില്ല.....
കുറച്ച് ചെറുപ്പക്കാർ ഓടി വന്നു.അവരുടെ കൈയിലും റീത്തുണ്ട്...ഒപ്പം വലിയൊരു നീല കൊടിയും.....
"ഏതാവനാടാ നമ്മുടെ ഹരിയെ കൊന്നത്.ഒരുത്തനെയും വെറുതേ വിടൂലാ...നമ്മുക് വേണ്ടി രക്തസാക്ഷിയായ ഹരിക്ക് വേണ്ടി ഞങ്ങൾ നാളെ ഹർത്താൽ പ്രഖ്യാപിക്കുന്നു"...
"അതങ്ങ് പള്ളിപോയി പറഞ്ഞാൽ മതി...ഹരി നമ്മുടെ ബലിദാനിയാണ്""അല്ല ഇത് നമ്മുടെ ഹരിയാണ്"....രണ്ട് കൂട്ടരും ഹരിയുടെ അവകാശത്തിനായി തമ്മിലടി....നാട്ടുകാർ രണ്ട് ചേരിയായി....ഹരിയുടെ മൃതദേഹം അനാഥമായി ആ മുറ്റത്ത് കിടന്നു....
"നിർത്ത്...നിർത്ത് ആദ്യം ആ കിടക്കുന്ന ദേഹത്തോട് ഇത്തിരി ബഹുമാനം കാണിക്കു...എന്നിട്ട് എന്ത് കർമ്മമാണ് ചെയ്യേണ്ടത്...അത് ചെയ്യ്....അതിനുശേഷം നിങ്ങൾ അടികൂടുകയോ എന്ത് വേണമെങ്കിലും ചെയ്തോ".....
ഹരിയുടെ അന്ത്യകർമ്മത്തിനെത്തിയവർ ഓരോരുത്തരായി പിരിഞ്ഞുപോയി....ഹരിയുടെ അവകാശികളായ രണ്ട് കൂട്ടരെയും എവിടെയും കണ്ടില്ല....ഞാനും പതുകെ വീട്ടിലേക്ക് നടന്നു...നല്ല ക്ഷീണമുണ്ട്....ശ്മശാനത്തിൻ്റെ അടുത്തുള്ള കപ്പണയിൽ നിന്നും ചില ശബ്ദങ്ങൾ..... ഹരിയുടെ അവകാശത്തിന് വേണ്ടി മത്സരിച്ച രണ്ട് കൂട്ടരും ഒന്നിച്ചിരുന്ന് മദ്യസേവ നടത്തുന്നു....
"ഹ.ഹ.ഹ....അങ്ങനെ ആ ചത്ത ഹരിയുടെ പേരിൽ ഒരു ഹർത്താൽ ഒത്തുകിട്ടി....എന്നാലും ആരായിരിക്കും അവനെ കൊന്നത്?ഞങ്ങളല്ല....നിങ്ങളാണോ?"
"ഏയ് ഞങ്ങൾ അവനെ കണ്ടിട്ട് പോലുമില്ല...അതിന് അവൻ ഏതാ പാർട്ടി"....
"ആ....ആർക്കറിയാം...എന്തായാലും ഇന്നത്തെ കാര്യം ജോറായി" "ഈശ്വരാ നാളെയും ആരെയെങ്കിലും കൊന്ന് ഇതുപോലെ കൂടാനുള്ള അവസരം ഉണ്ടാക്കി തരണേ".......എനിക്കെന്തോ പേടി തോന്നി...ഒന്നും മിണ്ടാതെ ഞാൻ നടന്നു....നാളെ ഒരുപക്ഷെ ഞാനായിരിക്കുമോ....????.....
ബിജു പിവി പെരിഞ്ചല്ലൂർ.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക