നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൊണാലിസ

Image may contain: 1 person, closeup and outdoor

രാത്രിയുടെ ഇരുട്ട് ഒരു നല്ല പുതപ്പാണ്. വെളിച്ചം വീഴുന്ന ലോകത്ത് കാണപ്പെടാത്ത വെറും സത്യങ്ങളെ അപ്പാടെ മറച്ചു പിടിക്കുന്ന പുതപ്പ്. അതുകൊണ്ടാണ് സ്വപ്നങ്ങൾ തങ്ങൾക്ക് സഞ്ചരിക്കുവാൻ രാത്രികൾ തിരഞ്ഞെടുത്തത്. കാരണം ഇരുട്ടിൽ കാണുന്നതെല്ലാം സത്യമാണ് അവയിൽ കളവില്ല അവയിൽ പലതിനേയും പകലിൽ കാണാനുമാവില്ല. അതുകൊണ്ട് പ്രകാശം നിങ്ങൾ കരുതുന്നതു പോലെ സത്യമല്ല അതൊരു സുന്ദരമായ നുണയാണ്... " അത്രയുമായപ്പോൾ അയാൾ ആ പുസ്തകം മടക്കി. കാരണം വീണ്ടും ആ ശബ്ദം കേൾക്കുന്നു. പക്ഷെ പെട്ടെന്നത് നിലച്ചു.ഭിത്തിയിലേക്ക് ഒന്നു കൂടി കണ്ണോടി
ക്കുമ്പോൾമൊണാലിസയുടെ ചിത്രം മാത്രം അയാൾ ഒഴിവാക്കി. കാരണം ഒരിക്കൽ പോലും ആ ചിത്രത്തിനു മുകളിൽ അതിനെ കണ്ടിട്ടില്ല. അപ്പോൾ ആ ഭാഗത്തേക്ക് നോക്കണ്ട കാര്യമില്ല അത്ര തന്നെ .
വീണ്ടും അതേ ശബ്ദം …..
അലമാരയുടെ പിന്നാമ്പുറത്ത് കുറേ മഹാഗണി പലകകൾ അടുക്കി വച്ചിട്ടുണ്ട് അതിനു പിന്നിൽ നിന്നും വീണ്ടും വീണ്ടും ശബ്ദം കേട്ടപ്പോൾ ഒരോ പലക തട്ടും സാവധാനം പുറത്തേക്ക് മാറ്റി. മനസ്സിലാവാത്ത കാര്യം ഇതാണ് ഒരു ചാൺ വലിപ്പമില്ലാത്ത ഈ ജന്തു ഇത്രയും വലിപ്പമുള്ള മനുഷ്യന്റെ കൈ പിന്നാലെ നീണ്ടു ചെല്ലുമ്പോൾ
എങ്ങനെയാണ് ഓടിയൊളിക്കുന്നത്. ആലോചിച്ചപ്പോൾ അയാൾക്ക് ദേഷ്യം വന്നു. അടുങ്ങിയ മരപ്പലകകൾക്കിടയിലെ ചിതൽ വീടുകൾ പൊളിഞ്ഞു നിലംപൊത്തുമ്പോൾ അച്ഛന്റെ പാതി പ്രായമുള്ള കഷായ കുപ്പികളിൽ ചിലത് ഭിത്തിയുടെ അരികിലൂടെ പ്രതിക്ഷേധ സൂചന കാട്ടി ദൂരേക്കുരുണ്ടു. അവിടെയും ഇവിടെയും പറ്റി പിടിച്ച മാറാല വലകൾ അന്യായമായി നീണ്ടു വന്ന കൈ നിറയെ പശ പൊതിഞ്ഞു കെട്ടിയപ്പോൾ ആ ജന്തുവിന് രക്ഷപെടാൻ ഇവയെല്ലാംകൂട്ടു നിൽക്കുന്നതോർക്ക് അയാളുടെ ഉള്ളിൽ വീണ്ടും കലികയറി. എത്ര നാളായി തുടങ്ങിയതാണ് ഈ അഴിച്ചുപണി കൈവിരലിന്റെ തുമ്പത്തു നിന്നും ആ സാധനം എന്നും രക്ഷപെട്ടു നിന്നു.
“ നിശാന്ത് നീ വീണ്ടും ഒരു പല്ലിക്ക് മുന്നിൽ തോറ്റു. അറ്റംപ്റ്റ് നമ്പർ 5 ...."
കഥ കേട്ട അലക്കുകാരൻ അയാളെ നോക്കി ഉറക്കെ ചിരിച്ചു .ആദ്യം ചെറുതായി പിന്നെ വേഗത്തിൽ വളരെ ഉച്ചത്തിൽ അയാൾ ചിരിക്കുമ്പോൾ ആ ശബ്ദം അവർ നിന്ന തടാകത്തിന്റെ മറുകരയിൽ മുഴുവൻ ഓടി നടന്നിട്ട് തിരികെ വന്നു. അയാളുടെ കൈയിൽ ചുറ്റി വരഞ്ഞ പുതപ്പിൽ നിന്നും ഇറ്റുവീഴുന്ന ഇളം കാവി നിറമുള്ള ചെളിവെള്ളം.
ഇതിലെന്താ ഇത്ര ചിരിക്കാൻ..
എനിക്കത്ര തമാശയായി തോന്നുന്നില്ല. മനസ്സിൽ അയാൾ ചൊടിച്ചു. ആ മുഖഭാവം കണ്ടപ്പോൾ വീണ്ടും അട്ടഹസിച്ച് ചിരിക്കുകയാണ് അലക്കുകാരൻ ചെയ്തത്.
.. ഡാ ഞാൻ പറയുന്നത് കേൾക്ക്
നിനക്കതിനെ കൊല്ലാനാവില്ല…..
തലങ്ങും വിലങ്ങും വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കയറുകളിൽ വെള്ളം തോരാത്ത വിവിധ തരം തുണികൾ നിവർത്തിയിട്ട അലക്കുകാരൻ തിരികെ നടന്ന് അയാൾക്കരികിലേക്കെത്തി. നിർവികാരനായ ആ മനുഷ്യൻ തന്റെ രണ്ടുളളംകൈകളും വിഷമിച്ചിരിക്കുന്ന ആ ചെറുപ്പക്കാരനു നേരെ നീട്ടി.
ഡോ താൻ ഒന്നു തൊടുനോക്കു..
അലക്കുകാരൻ അയാളോട് ആവശ്യപ്പെട്ടു.
അയാൾ തൊട്ടു നോക്കി. ഒരു മുയലിന്റെ പഞ്ഞി കെട്ടുപോലുള്ള ശരീരം പോലെ മാർദ്ദവമായ ഉള്ളം കൈ .അത് ഇളം ചുവപ്പു നിറത്തിൽ നനഞ്ഞു കുതിർന്നിരുന്നു. ആ കൈകളിൽ സ്പർശിച്ച ശേഷം അയാൾ അലക്കുകാരന്റെ മുഖത്തേക്ക് നോക്കി. അതിൽ ഒരു ചോദ്യഭാവം ഉണ്ടായിരുന്നു.
നോക്ക് ശരിക്ക് നോക്ക് ഇപ്പോ
ജനിച്ച കുഞ്ഞിന്റെ ഉള്ളംകൈ
നീ കണ്ടിട്ടില്ലെ ഇത് അതുപോലെയില്ലെ ?
അയാൾക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് അലക്കുകാരൻ ചോദിച്ചു. ആ സമയം പിന്നിൽ നീണ്ട് നിവർന്നു കിടക്കുന്ന കയറുകളിലെ വസ്ത്രങ്ങളിലായിരുന്നു അയാളുടെ കണ്ണുകൾ.ഒരു ചെറുകാറ്റിൽ അവയെല്ലാം ആടികളിക്കുന്നു.
അടുത്തടുത്ത് കറുത്ത ഗൗണും കാക്കി യൂണി
ഫോമും വെളുത്ത കോട്ടും കാവി കളസവുമെല്ലാം പരസ്പരം പുണർന്ന് സഹോദരങ്ങളെ പോലെ കിടന്നിരുന്ന അയയിൽ നിന്നും തുള്ളിതുള്ളിയായി താഴേക്ക് വീഴുന്ന വെള്ളം.ആദ്യം ഇളം കാവി നിറമുണ്ടായിരുന്ന വെള്ളതുള്ളികൾക്ക് ഇപ്പോൾ മഞ്ഞുതുള്ളിയുടെ നിറം .തുണികളിൽ പറ്റിയ വീഴാൻ വെമ്പുന്ന കുഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ നല്ല വെള്ളി നിറത്തിൽ മിന്നി.
നീ കേൾക്കുന്നില്ലെ ….? അലക്കുകാരന്റെ
ശബ്ദമാണ് ആ നോട്ടത്തിൽ നിന്നും അയാളെ
പിൻതിരിപ്പിച്ചത്.
“…..നിങ്ങൾക്ക് ഭ്രാന്താണ് ഒരൽപ്പം ആശ്വാസത്തിനാണ് നിങ്ങളുടെ അടുത്തെത്തിയത്. അതിപ്പോ അബദ്ധമായി …. “ അയാൾ സ്വയംപിറുപിറുത്തു.
പിന്നെ അവരോടു പിണങ്ങിയെന്നതു പോലെ ആ തീരത്തു നിന്നും മാറി ദൂരെ സ്റ്റാന്റിലിരിക്കുന്ന തന്റെ ബൈക്കിനരികിലേക്ക് ശര വേഗത്തിൽ നടന്നു നീങ്ങി. “ഇങ്ങേരുടെ അരികിലിരുന്നാൽ അത് ശരിയാവില്ല" ആരോടെന്നില്ലാതെ പിറു
പിറുത്തപ്പോൾ പിറകിൽ വീണ്ടും അലക്കുകാരന്റെ ഉച്ചത്തിലുള്ള ചിരി മുഴങ്ങി.
പല്ലി മനസ്സിൽ വെറുതെ ചിലച്ചുകൊണ്ടെയിരുന്നു. ബൈക്കിന്റെ യാത്രപ്രത്യേകലക്ഷ്യങ്ങളൊന്നുമില്ലാ
തെ റോഡിൽ നിരയിട്ട വെളുത്ത പാടുകൾക്ക് മുകളിലൂടെ ഏറെ ദൂരം മുന്നോട്ടു പോയി.ഏതോ ഒരു വളവിൽ വച്ച് നിറം മങ്ങിയ സ്ട്രീറ്റ് ലൈറ്റിന് താഴെ ഇളം നീല നിറമുള്ള പഴഞ്ചൻ സാരിയിൽ അവളെ കണ്ടു. സതിക്ക് സാരിയുടുക്കാൻ അറിയില്ല. അവൾക്ക് വൃത്തിയായി ചോറും കറിയും ഉണ്ടാക്കാനാവില്ല. വല്ലപോഴും തന്റെ ചെറിയ ഗ്രാമത്തിൽ നിന്നും ഇടക്കിടെ നഗരത്തിലെത്തു
മ്പോൾ മൂക്കിൽ തുളഞ്ഞു കേറുന്ന ഏതോ വില കൂടിയ സെന്റിന്റെ മണം മാത്രമാണ് അവൾക്കുള്ളത്
നിനക്ക് സാരി ഉടുക്കാനറിയില്ലെ….?
ഏതോ വലിയ കെട്ടിടം നോക്കി ബൈക്ക് പറ പറക്കുമ്പോൾ തന്റെ നെഞ്ചിനു താഴെ ചുറ്റിപ്പിടിച്ചിരുന്ന ക്യൂട്ടസിട്ട കൈകൾ ഒന്നു പാളി നോക്കിയിട്ട് അയാൾ ചോദിച്ചു.
എന്തേ …? വളരെ പതുക്കെ പിന്നിൽ നിന്നും മറു ചോദ്യം
നിന്റെ വയർ മുഴുവൻ കാണാമായിരുന്നു. ഇങ്ങനെയാണൊ സാരി ഉടുക്കുക….? അയാൾ വീണ്ടും ചോദിച്ചു.
നീ നോക്കിയോ എന്റെ വയറിൽ .. വീണ്ടും വന്ന ചോദ്യം കേട്ടെങ്കിലും അയാൾ അതിന് മറുപടി പറഞ്ഞില്ല. “ വെറുതെ നോക്കുമ്പോൾ വിശപ്പ് കാണാനാവില്ല. വയർ വിശക്കുന്നത് നോക്കാനാ
ണല്ലൊ എല്ലാവർക്കും താൽപ്പര്യം … “.അയാളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ തുടർന്നു പറഞ്ഞു. പിന്നെ കുറേ നേരം എൻഫീൾഡ് ബൈക്കിന്റെ ശബ്ദം മാത്രമായിരുന്നു അവർക്കിടയിൽ
രാത്രി വീണ്ടും തണുത്തു വിറച്ച് കുറേ ദൂരം മുന്നോട്ടു പോയി. വഴിയിൽ കണ്ട ഏതോ ഒരു തട്ടുകടയുടെ മുന്നിൽ വിശ്രമിച്ച മോട്ടോർ ബൈക്കിനടുത്ത് കറുത്ത ദോശക്കല്ലിൽ നിന്നും പുക പൊങ്ങുന്ന കാഴ്ച നോക്കി നിന്ന അവളുടെ കൈയ്യിലേക്ക് വാഴയിലക്കു മുകളിൽ കടലാസു ചുറ്റിയ ചൂടുള്ള ഒരു പൊതിക്കെട്ടെത്തി.
വാ പോകാം .. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു
വീണ്ടും ബുള്ളറ്റിന്റെ ശബ്ദം സംസാരിച്ച കുറേ മിനുട്ടുകൾ. ഒടുവിൽ അതും അവസാനിച്ചു. സമയം മുൻപോട്ട് മാത്രമാണ് യാത്ര ചെയ്യുക
വിശപ്പടങ്ങിയ വയറുകൾക്ക് ഭക്ഷണം നൽകിയ രാത്രിയുടെ തണുപ്പ്. തണുപ്പ് കരിമ്പടം പുതച്ച രാത്രിയുടെ കീഴെ അയാളുടെ ചെവിയും മുഖവും വിശപ്പു മാറിയ നാഭിയോട് ചേർന്നുകിടക്കുമ്പോൾ ആ മുറിയുടെ ചുവരിലെ ചില്ലിട്ട ഫോട്ടോ യിൽ ഒരു പുരുഷനും സ്ത്രീയും മാത്രമാണ് അവരെ നോക്കിയിരുന്നത്.
“.....സത്യത്തിൽ ഇതെന്താ നിന്റെ മുഖം
ഇങ്ങനെ..? നീ ചിരിക്കുകയാണോ അതൊ കരയുകയാണൊ അറ്റ്ലീസ്റ്റ് ഒരു ഫോട്ടോ എടുക്കുമ്പോളെങ്കിലും ഒന്നു വൃത്തിയായി ചിരിച്ചു കൂടെ നിനക്ക് ഇതേതാണ്ട് കൊല്ലാൻ കൊണ്ടു പോയതുപോലെ….". ആ ചിത്രത്തിലെ സ്ത്രീയുടെ നിർവികാരമായ മുഖത്തേക്ക് തന്നെനോക്കി അയാൾ അവളിൽ നിന്നെഴുന്നേൽ
ക്കാതെ ചോദിച്ചു.
“..നീ വരുമ്പോഴൊക്കെ ഞാൻ ഉള്ളിൽ ആത്മഹത്യ ചെയ്യാറുണ്ട് വരുൺ. ചിലപ്പോ അതാവും …".അവൾ പറഞ്ഞ മറുപടി കേട്ട് അയാൾ മുഖമുയർത്തി അവളെ നോക്കി .അവളുടെ നോട്ടവും അതേ വശത്തേക്കായിരുന്നു.ചിത്രം തൂക്കിയിരുന്ന ഭിത്തിയിൽ നിന്നും കുറച്ചു മാറി നിലനിന്നിരുന്ന ചില്ലലമാരയിലെ വെളുത്ത കുപ്പികളിൽ നിറയെ വിദേശ നിർമ്മിത സെന്റുകളായിരുന്നു. അവയുടെ മണം നിറയുമ്പോൾ ആ മുറിയിൽ അസ്വസ്തത പടരും.
എനിക്കും കൊല്ലണം…അതു പറഞ്ഞ് അയാൾ അവളിൽ നിന്നും എഴുന്നേറ്റിരുന്നു.
ആ പല്ലിയെ അല്ലെ ... എത്ര കാലമായി നീ അതിന് ശ്രമിക്കുന്നു എന്നിട്ട് സാധിച്ചുവൊ വിട്.ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ ..?.അവൾ ചോദിച്ചു.
ഇല്ല ഇന്ന് എനിക്കതിനെ കൊല്ലണം. ...അതു പറഞ്ഞ് അയാൾ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് തന്റെ മുണ്ട് അരക്കു ചുറ്റും വാരിപുതച്ചു. ബൈക്ക് സ്റ്റാന്റിൽ നിന്നും എടുക്കുമ്പോൾ വീണ്ടും വരാന്തയിലേക്ക് അയാൾ നോക്കി. അവൾ അവിടെ നിൽക്കുന്നു. ചിരിക്കാത്ത കരയാത്ത അതേ മുഖവുമായി. അതു കണ്ടപ്പോൾ അയാൾ എന്തോ പറയാൻആഞ്ഞു പിന്നെ വേണ്ടാന്നു വച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ദൂരേക്ക് പോയി.
യാത്രയിൽ അയാൾ പല്ലിയെക്കുറിച്ച് മാത്രമാണ്
ചിന്തിച്ചത്. പുറത്തേക്ക് പോവുമ്പോൾ അതു പിന്നിൽ നിന്ന് ചിലയ്ക്കാറുണ്ട്. കുടിവെള്ളം വച്ചിരിക്കുന്ന പാത്രത്തിനരികിൽ. എപ്പോഴോ പെട്ടിക്കുള്ളിൽ കയറിയ തന്റെ പഴയ സർട്ടിഫിക്കറ്റു കൾക്ക് മുകളിലിരുന്ന് ,പിന്നെ എന്നോ തീർന്ന ഒരു റെയ്ഗൾ ബോട്ടിൽ പണ്ട് ഇട്ടു കൊണ്ടുവന്ന കട്ടി കൂടിനകത്തിരുന്ന് ,അങ്ങനെ പല സമയത്ത് അത് ചിലക്കുന്നത് കേൾക്കാം. എന്നും ഉറക്കം കണ്ണിലെത്തുംവരെ മുറിയിലെ ഭിത്തിയിൽ അത് തലങ്ങും വിലങ്ങും ഓടി കളിക്കും. യാത്രയിൽ അയാൾ ഓർത്തു കൊണ്ടെയിരുന്നു. എന്നാൽ മൊണാലിസയുടെ ചിത്രത്തിനു മുകളിൽ അതുകയറാറില്ല. എന്താവും അതിനു കാരണമെന്നറിയില്ല പക്ഷെ അതു കയറാറില്ല അയാൾ മനസ്സിൽ പറഞ്ഞു.
ആ രാത്രിയിലും വളരെ വൈകിയാണ്
വീട്ടിലെത്തിയത്. വന്നപാടെ ആ ശബ്ദം
കേട്ടു തുടങ്ങി. ടീ പോയിൽ നിന്ന് സാവധാനം ഭിത്തിയിൽകൂടി നീങ്ങി മച്ചു വരെയെത്തിയ ശബ്ദം കേട്ടില്ല എന്നു നടിച്ച് വസ്ത്രം മാറി. പിന്നെ ലൈറ്റ് ഓഫ് ചെയ്തു കിടന്നു. അപ്പോഴും ശക്തമായി ചിലക്കുകയായിരുന്നു ആപല്ലി. പെട്ടെന്ന് ചാടിയെഴുന്നേറ്റ അയാൾ ദേഷ്യത്തോടെ ലൈറ്റിട്ടു എവിടെ ആ നശിച്ച ജന്തുഭിത്തിയിലേക്ക് കണ്ണോടിച്ചു. അത്ഭുതം അപ്പോൾ ആ കാഴ്ച കണ്ടു.
മോണാലിസയുടെ ചിത്രത്തിനു നടുവിൽ അനങ്ങാതെ നിൽക്കുകയാണ് വാലില്ലാത്ത ആ നശൂലം. ഇപ്പോൾ പാകമാണ് ഒറ്റയടിക്ക് കഥ കഴിക്കാം.പക്ഷെ ചിത്രം നശിച്ചുപോകുമല്ലൊ അതോർത്തപ്പോൾ ഒന്നു മടിച്ചു.പിന്നെ തീരുമാനിച്ചു ചിത്രം പോയാലും വേണ്ടില്ല കൊല്ലുക തന്നെ. ശബ്ദമുണ്ടാക്കാതെ മുറിയുടെ അരികിൽ ചാരി വച്ചിരുന്ന പലക കഷണങ്ങളിൽ ഒന്ന് കൈക്കലാക്കി പൂച്ചയുടെ കാൽവയ്പ്പോടെ ചിത്രത്തിനടുത്തെത്തി.ഇപ്പോഴും അത് അനങ്ങാതെ ഇരിക്കുകയാണ്.
പക്ഷെ ചിലക്കുന്നത് അവസാനിച്ചിരിക്കുന്നു.
ഒട്ടും താമസിക്കാതെ ഫ്രെയിം ചെയ്ത ചില്ലുതകർത്ത് ആ പലക തുണ്ട് ചിത്രം താഴെ വീഴ്ത്തി. അത് ചിതറി കിടക്കുമ്പോൾ ആവേശത്തോടെ ആ ചില്ല് തരികളിൽ കൂടി കണ്ണോടിച്ചു. അതാ ഒരു ചെറിയ മാംസതുണ്ടായി
തന്റെ ശത്രു ചതഞ്ഞ് കിടക്കുന്നു. അതു കണ്ട് അയാൾ ഉറക്കെ ചിരിച്ചു. വർഷങ്ങൾക്കു ശേഷം ഇതാ വിജയം കൈ വന്നിരിക്കുന്നു. ഇന്ന് സ്വസ്തമായി ഉറങ്ങാം .അലക്കുകാരന്റെയും സതിയുടേയും മുന്നിൽ തല ഉയർത്തി നിൽക്കാം അയാൾ മനസ്സിൽ തിളച്ചു മറിഞ്ഞു. ലൈറ്റ് ഓഫ് ചെയ്ത് കിടന്നെങ്കിലും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഇത് ആരോടെങ്കിലും പറയണം അല്ലാതെ ഉറക്കം വരില്ല അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ പാതിരാത്രി ഫോൺ കൈയ്യിലെടുത്ത് അലക്കുകാരന്റെ നമ്പർ അമർത്തി. അയാൾ ഫോൺ എടുത്തില്ല. അതുകൂടി ആയപ്പോൾ രാത്രി തന്നെ അലക്കുകാരനെ കാണണമെന്ന് ഭ്രാന്തമായി അയാൾക്കു തോന്നി. ആ നിമിഷം വീടിന്റെ മുറ്റത്തിരുന്ന ബൈക്ക് വലിയ ശബ്ദത്തോടെ പുറത്തേക്ക് പാഞ്ഞു പോയി.
രാത്രി അതിന്റെ പുതപ്പു മാറ്റിയ പ്രഭാതം. ആ പുലരിയിൽ പൊളിഞ്ഞു വീഴാറായ ആ പഴയ വീടിന്റെ പിന്നാമ്പുറത്തെ വാതിൽ തുറന്നു കിടന്നിരുന്നതായി കാണപ്പെട്ടു .എപ്പോഴൊ അകത്തേക്ക് പോയ ആ പട്ടിയുടെ മുഖത്ത് തിരിച്ചു വരുമ്പോൾ ചോരയുടെ അംശം പറ്റി പിടിച്ചിരുന്നത് കണ്ടപ്പോൾ നാട്ടുകാരിൽ ചിലർക്ക് സംശയം. അത് ബലപ്പെട്ടപ്പോൾ അവരിൽ ചിലർ അകത്തു കയറി നോക്കി. ആദ്യ കാഴ്ചയിൽ ഒരു സ്ത്രീയുടെ ജഡം ഭിത്തിയോട് ചേർന്ന് കമഴ്ന്നു കിടക്കുകയായിരുന്നു
വെന്നാണ് പോലിസ് റിപ്പോർട്ട്. അവരുടെ തലയിൽ നിന്നു വാർന്നൊഴുകിയ ചോര കൊണ്ട് തറയിൽ നനവ് പടർന്നിരിന്നു.
അയാളുടെ പേര് നിങ്ങൾക്കറിയാമോ ?
അന്വേഷണ ഉദ്യോഗസ്ഥൻ ചുറ്റും കൂടി നിന്നവരോട് ചോദിച്ചു. അവരിൽ ചിലർ രാജുഎന്നു പറഞ്ഞു. മറ്റു ചിലർ വരുൺ എന്നും. അതു പറയുമ്പോൾ തൊട്ടടുത്ത് ഒന്നും പറയാതെ നിവർന്നു കിടന്നിരുന്ന സ്ത്രീക്ക് നിസംഗമായ ഭാവം മാത്രമാണുണ്ടായി
രുന്നത്.ചിരിക്കാത്ത കരയാത്ത നിസംഗത.
നന്ദി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot