Slider

എക്സോർസിസ്റ്റ്

0


ഹോസ്റ്റലിൽ താമസിക്കുന്ന കാലത്തെ എന്റെ പ്രധാന ഹോബി പ്രേതകഥകൾ വായിക്കുകയും അത് നല്ല ഭാവാഭിനയത്തോടെ എന്റെ കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുകയും അവരെ പേടിപ്പിച്ച് ഉറക്കം കളയിക്കുകയുമായിരുന്നു. അതിനായി കിട്ടാവുന്ന പുസ്തകങ്ങളെല്ലാം ഞാൻ വാങ്ങി വായിക്കും.( പഠിക്കാനുള്ള പുസ്തകങ്ങളോടീ സ്നേഹം ഉണ്ടായിരുന്നേൽ) അത് മാത്രമല്ല നാട്ടിൽ വയസായവരുടെ കൈയിലുള്ള പ്രേത സ്റ്റോക്കും അവധിക്ക് കഴിഞ്ഞു ചെല്ലുമ്പോൾ കൊണ്ടു പോരും - ഹോസ്റ്റലിൽ എനിക്കും ചുറ്റും എപ്പോഴും സുഹൃത്തുക്കളുടെ ഒരു കൂട്ടമുണ്ടാകും. പ്രേതകഥകൾ ഒറ്റയ്ക്ക് കേൾക്കാനാർക്കും ധൈര്യമില്ല. ഇതിന്റെയൊക്കെ രക്തസാക്ഷികൾ ഇന്നും മുഖപുസ്തകത്തിൽ എന്റെ കട്ട ചങ്ങാതിമാരാണ്. പാവങ്ങൾ. ഞാൻ പറഞ്ഞു വരുന്നത് ഒറ്റയ്ക്ക് ഞാൻ നേരിടേണ്ടി വന്ന ഒരു പ്രേതാനുഭവമാണ്. സത്യത്തിൽ ഞാൻ ധൈര്യശാലിയാണ് എന്ന എന്റെ അഹങ്കാരത്തെ പൊളിച്ചടുക്കിയ ഒരു പ്രേതകഥ.
കല്യാണം കഴിഞ്ഞ കാലം HBOചാനലിൽ 'എക്സോർസിസ്റ് " എന്ന ഇംഗ്ലീഷ് സിനിമ രാത്രി 11 മണിക്ക് .പ്രേതസിനിമകളിൽ ഏറ്റവും മുന്തിയ ഇനം. രാത്രിയിൽ ഒറ്റയ്ക്ക് ഇരുന്ന് ധാരാളം പ്രേതസിനിമകൾ കണ്ടിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ "ഇതൊക്കെ എന്ത്?" (feels പുഛo) എന്ന ഭാവത്തിൽ ഈ സിനിമയും കാണാനിരിക്കുമ്പോൾ സന്തോഷേട്ടൻ സെറ്റിയിൽ വന്നിരുന്നു. എനിക്ക് നിലത്തിരിക്കാനാണ് ഇഷ്ടം-ചമ്രം പടുത്തിട്ട് രസിച്ച് അടുത്ത് ഫ്ലാസ്കിൽ കാപ്പി, ഒരു ഹോർലിക്സ് കുപ്പിയിൽ ഉപ്പേരി. ഇങ്ങനെയാണ് ഞാൻ വീട്ടിലിരുന്നു സിനിമ കാണാറ്. ഒറ്റയ്ക്ക് കാണുന്നതാണ് ഇഷ്ടം നല്ല ഏകാഗ്രത വേണം ന്നേ (പിന്നേ പരീക്ഷയല്ല ?ഇതല്ലേ ഇപ്പോ നിങ്ങള് ചിന്തിച്ചത്?) എനിക്ക് അത്ര ഇഷ്ടമാണ് സിനിമ.
പാവം സന്തോഷേട്ടൻ ഈ പ്രേത സിനിമ കണ്ട് പേടിച്ചാലോ. എന്റെ അത്ര ധൈര്യം പാവത്തിന് കാണൂല എന്ന മനോവിചാരത്തിൽ ഞാൻ പുള്ളിയോട് പറഞ്ഞു
"സന്തോഷേട്ടൻ പോയി കിടന്നോ പ്രേതസിനിമയാ"
"ഓ സാരമില്ല താൻ ഒറ്റയ്ക്കല്ലേ ഞാൻ കൂടിയിരിക്കാം "
പുള്ളിക്ക് എന്നെ കെട്ടിയതോടെ പ്രേതത്തിലുള്ള വിശ്വാസവും പേടിയുമൊകെ പോയെന്നാ തോന്നണേ
"ഓ കെ.പേടിക്കല്ലെ " ഞാൻ സ്നേഹത്തോടെ പറഞ്ഞ് ടിവിയിലേക്ക് നോക്കി
സിനിമ തുടങ്ങി.ഞാൻ ഫ്ലാസ്കിൽ നിന്ന് കാപ്പി ഗ്ലാസ്സിലൊഴിച്ചു വെച്ചു.ക്രമേണെപ്രേതം കുട്ടിയിലേക്ക് പ്രവേശിക്കുന്ന രംഗം വന്നു. അലർച്ച തുടങ്ങി. കുട്ടിയുടെ അസാമാന്യമായ അഭിനയത്തിന്റെ മികവ് കൊണ്ടായിരിക്കും എന്റെ കയ്യും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങി.കാപ്പി ഗ്ലാസ്സ് എടുക്കാൻ ശ്രമിച്ചു.ഈയലുപോലെ വിറയ്ക്കുന്ന കൈ കാപ്പി താഴെപ്പോയി. കണ്ണടച്ചാൽ രംഗം കാണാതെയിരിക്കാം പക്ഷെ അടയ്ക്കാൻ പറ്റുന്നില്ല. കൺപോളകളിലെ മാംസപേ ശികളുടെ ചലനശേഷി നഷ്ടപ്പെട്ടോ ദൈവമേ!
"ഈശ്വരാ എവിടെ സന്തോഷേട്ടൻ? റിമോട്ട് പുള്ളിയുടെ കൈയിലാ. ചാനൽ മാറ്റാം"
ഞാൻ പാടുപെട്ട് തല തിരിച്ചു നോക്കി. ഒരു കൂർക്കംവലിയുടെ ശബ്ദം അപ്പോഴാണ് ശ്രദ്ധിച്ചത്.പുള്ളി റിമോട്ടിന്റെ മുകളിൽ കിടന്ന് സുഖായി ഉറങ്ങുന്നു. എനിക്ക് ഇരിക്കുന്നിടത്ത് നിന്ന് മെല്ലെ ഒന്നെത്തിയാൽ മതി. അനങ്ങാൻ പറ്റുന്നില്ല. ടിവിയിൽ പ്രേതം അലറി വിളിക്കുന്നു. എനിക്കും അലറിയാൽ കൊള്ളാം. ശബ്ദമില്ല. ഉപ്പേരിയെ ഞാൻ ദയനീയമായി നോക്കി. കൂട്ടിരിക്കാമെന്ന് പറഞ്ഞ ആൾ ചരിത്രത്തിലെ ഏറ്റവും ഭീകര സിനിമ കണ്ട് ഉറങ്ങുന്നു. ദൈവമെ! എന്ത് വി ശ്വസിച്ച് ഈ മനുഷ്യന്റെ കൂടെ ജീവിക്കും?
സിനിമയിൽ പ്രേതം ചടുലതാളം തുടങ്ങി. എന്നെ വിയർഞ്ഞൊഴുകി തുടങ്ങി. തല പെരുക്കുന്നു. ഇന്നായിരിക്കും എന്റെ അവസാനം ദൈവമെ" പ്രേതസിനിമ കണ്ട് മരിച്ച അമ്മു. " പത്രത്തിൽ വരും. കണ്ണിൽ കൂടിവെള്ളം വരുന്നു. ഞാൻ കരയുവാ എന്നെനിക്ക് മനസ്സിലായി.ഏങ്ങലടിച്ച് കരയുവാ.ആരും രക്ഷിക്കാനില്ല. സിനിമ തീരുന്നുമില്ല - വീടിനു വെളിയിൽ നായ്ക്കളുടെ ഓലിയിടൽ - സിനിമയിലെ പ്രേതത്തിന്റെ കാര്യം ഇവരും അറിഞ്ഞോ ?എന്റെ ചുറ്റും ഞാൻ പണ്ട് പേടിപ്പിച്ച എന്റെ കൂട്ടുകാരു ടെ പൊട്ടിച്ചിരികേൾക്കാം. എനിക്ക് ഭ്രാന്തായി എന്നെനിക്ക് ഉറപ്പായി. ഊളമ്പാറ മെന്റൽ ആശുപത്രിയിലേക്ക് നടക്കാവുന്ന ദൂരമേയുള്ളു എന്നതാണ് ആകെ ഒരു സമാധാനം
സന്തോഷേട്ടൻ സുഖനിദ്ര. ഞാൻ "ശ്ശൂ" "ശ്ശൂ" എന്ന് വിളിക്കുന്നുണ്ട് പക്ഷെ കാറ്റും ശബ്ദ വുമില്ല. ആംഗ്യം മാത്രം. ഒടുവിൽ സിനിമ തീർ ന്നു.നേരിയ ശ്വാസം മാത്രമേ ഉള്ളെനിക്ക്. എഴുന്നേറ്റ് ടി.വി ഓഫ് ചെയ്യാൻ പോയിട്ട് അനങ്ങാൻ പറ്റണ്ടെ? അവിടെത്തന്നെ കിടന്നു.ഉറങ്ങാൻ ആഗ്രഹമുണ്ട്. എവിടുന്ന് ? അന്ന് എന്നല്ല മൂന്ന് രാത്രിയാ ഉറങ്ങാതെ കണ്ണും മിഴിച്ച് കിടന്നത് കണ്ണടയ്ക്കുമ്പോ കുട്ടിപ്രേതം കണ്ണിനുള്ളിൽ വന്ന് തില്ലാന കളിക്കുക. അതോടെ പ്രേതം കൊണ്ടുള്ള കളി ഞാൻ നിർത്തി.
എന്ന് കരുതി പ്രേത സിനിമ കാണാതിരിക്കില്ല.കാണും നട്ടുച്ചക്ക്. അല്ല പിന്നേ ഞാൻ ആരാ മോൾ !
BY Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo