നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെള്ളിക്കൊലുസ്സ്

Image may contain: 1 person, beard

പെണ്‍കുട്ടി മെല്ലെ പുഴക്കരയിലേക്ക് നടന്നു. അവളുടെ വെള്ളിക്കൊലുസ്സ് നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു. കണ്ണുകളിൽ നിന്ന് ആയിരം ടൂലിപ്പ് പൂക്കൾ ചിതറി വീണു. ആ പൂക്കൾ പൂമ്പാറ്റകളായി പുഴയോരത്ത് ഒഴുകി നടന്നു. പുഴയും പൂമ്പാറ്റകളും തിമർത്താടിയപ്പോൾ പുഴയിലേക്ക് മഴ പട്ടുനൂൽ ഇഴകളായി പെയ്തിറങ്ങാൻ തുടങ്ങി.
പുഴയുടെ തീരം മുഴുവൻ താഴ്വാരമാണ്. താഴ്വാരത്തിൽ മുഴുവൻ പച്ചയും മഞ്ഞയും ഇലകളുള്ള മരങ്ങളാണ്. മരങ്ങളിൽ മുഴുവൻ നീലയും ചുവപ്പും നിറമുള്ള കിളികളാണ്. കിളികളുടെ കണ്ണുകളിൽ മുഴുവൻ പ്രണയമാണ്.
.
അവൾ പുഴയുടെ തീരത്തു വന്നു നിന്നു ഉന്മാദിനിയെപ്പോലെ ആരെയോ തിരയാൻ തുടങ്ങി. പുഴ കണ്ണിറുക്കി അവൾക്ക് അവനെ കാണിച്ചു കൊടുത്തു.
താഴ്വാരത്തിന്റെ അങ്ങേയറ്റത്ത് ഒരു വള്ളിക്കുടിലിൽ ഏകാകിയായി ഇരിക്കുകയായിരുന്നു അവൻ. അവൾ പാഞ്ഞു വള്ളിക്കുടിലിലേക്ക് കയറി. അന്യയായ, അപരിചിതയായ അവളെ കണ്ട് തന്റെ പുരാതനമായ കടലാസ് ചുരുളുകൾ മടക്കിവെച്ചവൻ എഴുന്നേറ്റു. ചുറ്റും പച്ചില മരുന്നുകളുടെ പലതരം നിശ്വാസങ്ങൾ. തോളറ്റം എത്തിനിൽക്കുന്ന അവന്റെ മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണു. അവൾ അവന്റെ കയ്യിൽ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു:
"വരൂ...പോകാം "
അവന്റെ ഹൃദയം നിശ്ചലമായതുപോലെ. കൈകൾ വിടുവിക്കാൻ നോക്കുമ്പോഴേക്കും അവൾ അവന്റെ മുടിയിഴകളിൽ പിടിച്ചു
”അരുത്...എന്നെ തൊടാൻ പാടില്ല.. നീ.. നീ....ആരാണ് ?! " അവൻ ഉച്ചത്തിലാണ് പറഞ്ഞത്, പക്ഷെ ശബ്ദം പുറത്തേക്ക് വന്നത് ഒരു സാരംഗി ഈണം പോലെയാണ്. അവൾ കിതക്കുകയാണ് :
"നീ ഇവിടെ എന്റെ കണ്ണുകളിലേക്ക് നോക്കൂ...."
ഉറക്കമൊഴിച്ചതിന്റെ ആലസ്യത്തിലും തിളങ്ങുന്ന അവന്റെ കണ്ണുകൾ അവളുടെ വിടർന്ന കണ്ണുകളിലേക്ക് ലാവയായി പ്രവഹിച്ചു. ഒരു മിന്നൽപ്പിണർ എവിടെയോ തുളച്ചു പാഞ്ഞു.
"”നീ....നീ.....ഇവിടെ....." കാലങ്ങളായി അവളെ കാണുന്നത് പോലെ തോന്നി അവന്. അവന്റെ കൈകൾ അയഞ്ഞു, കണ്ണുകൾ കൂമ്പിയടഞ്ഞു, മുഖം ശാന്തമായി.
”ഇല്ല, നിന്നോടൊപ്പം നക്ഷത്രക്കൂട്ടങ്ങളിലേക്കും നറുനിലാവിലേക്കും എനിക്ക് പോരാൻ പറ്റില്ല....നോക്കൂ ഈ ഗ്രന്ഥച്ചുരുളുകൾ എനിക്കായി കഴിഞ്ഞ തലമുറ ഇട്ടേച്ചു പോയതാണ്. പുറത്ത് കാത്തു നിൽക്കുന്നൊരു പുതു തലമുറക്ക് വേണ്ടി ഞാനിതിനെ പഠിക്കുകയാണ്. പ്രകൃതി എന്നെ ഏൽപ്പിച്ച ദൗത്യം ചെയ്തേ മതിയാവൂ... നീ തിരിച്ചു പോകൂ " അവസാനത്തെ വാക്കുകൾ പറയുമ്പോൾ അവനൊന്നു ഇടറി
അപ്പോഴേക്കും പുഴയില്‍ മഴ പെയ്യുന്നത് നിലച്ചിരുന്നു. താഴ്‌വാരം മുഴുവന്‍ മഞ്ഞു മൂടാന്‍ തുടങ്ങി. മരങ്ങള്‍ക്ക് മീതെ മഞ്ഞും നിലാവിന്റെ പൊട്ടുകളും ഒളിച്ചു കളി തുടങ്ങി. അവൾ അവന്റെ മുടിയിഴകളിൽ ഒന്നെടുത്തു ചുംബിച്ചു.
അവൻ അവളുടെ ചെവിയിൽ മൃദുവായി വിരലുകള്‍ കൊണ്ടൊന്ന് അമര്‍ത്തി. . അപ്പോള്‍ അവളുടെ കവിളുകളില്‍ ഒരു ചുവന്ന നദി പുളഞ്ഞു വന്നു. അവള്‍ തന്‍റെ മുഖം അവന്‍റെ മാറിടത്തിലേക്ക്‌ ചായ്ക്കാന്‍ ആഞ്ഞപ്പോള്‍ അവന്‍ വിലക്കി :
"”പാടില്ല ....ഈ താഴ്വാരത്തിന് അതിന്റെതായ നിയമാവലിയുണ്ട് . അത് പാലിക്കപ്പെടണം"
“പുരുഷന്‍റെ വിജയത്തിന് പിന്നിലെല്ലാം ഒരു സ്ത്രീ ഉണ്ടാവുമെന്ന് നീ കേട്ടിട്ടില്ലേ .നിന്‍റെ പെണ്ണ് ഞാനാണ്‌ “ അവന്‍ മറുപടി പറയാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു:
“യുഗങ്ങളോളം നമുക്ക് യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. മൌനമാണ് ഇനിയുള്ള നമ്മുടെ ഭാഷ. പ്രണയമാണ് ശ്വസിക്കേണ്ട ജീവ വായു. “
“നീ വീണ്ടും വീണ്ടും നിറമില്ലാത്ത സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നു. .ഈ താഴ്വാരത്തില്‍ സ്വപ്നത്തിനു നൂറു വര്‍ണ്ണങ്ങള്‍ ഉണ്ട്. ആ സ്വപ്‌നങ്ങള്‍ സ്വന്തമാക്കാനാണ് നോക്കേണ്ടത് “
“അപ്പോള്‍ ....നീ എനിക്കൊപ്പം വരില്ലേ?! ഞാന്‍ ഒറ്റക്ക് തിരിച്ചു പോകില്ലെന്ന്‍ നിനക്കറിയില്ലേ ?” ഈര്‍ഷ്യയോടെയാണ് അവള്‍ ചോദിച്ചത്.
“പ്രകോപനവും വാശിയും കൊണ്ട് മാറാന്‍ പറ്റുന്നവനല്ല ഞാന്‍” അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.... ടൂലിപ്പ് പൂക്കള്‍ പൊഴിച്ചിരുന്ന അവളുടെ കണ്ണുകളില്‍ മഴ മേഘങ്ങള്‍ വന്നടിഞ്ഞു.
അവന്‍ അവളുടെ വിരലുകളില്‍ നോക്കിക്കൊണ്ട്‌ പറഞ്ഞു :
“നോക്കൂ....നിനക്ക് ചിറകുകള്‍ മുറിക്കാന്‍ പറ്റുമോ ? ഭൂതകാലത്തെ ഈ പുഴയിലേക്ക് എറിഞ്ഞുടക്കാന്‍ പറ്റുമോ? ഈ താഴ്‌വാരം വിട്ടു ഇനി എങ്ങോട്ടും പോവില്ലെന്ന് വാക്ക് തരാന്‍ പറ്റുമോ? ......എങ്കില്‍ ഇവിടെ ഞാനും നീയുമില്ല. നമ്മള്‍ ഒന്നേയുള്ളൂ. ഇല്ലായെങ്കില്‍ ഓര്‍മകളിലായി എനിക്കും നിനക്കും പാറി നടക്കാം – എന്നും . “
അവള്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ ഉയര്‍ത്തി എന്തോ പറയാന്‍ വെമ്പി. പെട്ടെന്ന് അവര്‍ക്കിടയിലേക്ക് ഒരു മിന്നല്‍ പിണര്‍ പാഞ്ഞു വന്നു – ആകാശത്ത് ശക്തമായൊരു ഇടി വെട്ടി. രണ്ടു പേര്‍ക്കും പരസ്പരം മുഖം കാണാന്‍ വയ്യാതായി.
*****
എഴുത്തുകാരന്‍ പെട്ടെന്ന് ഉറക്കില്‍ നിന്നുണര്‍ന്നു ക്ലോക്കിലേക്ക് നോക്കി. എന്ത്?! പാതിര കഴിഞ്ഞിരിക്കുന്നു ! തന്‍റെ അവസാനത്തെ കഥ ഇതുവരെ ആരും പറയാത്തെ മാജിക്‌ റിയലിസം ആയിരിക്കണം എന്ന സ്വപ്നവും കണ്ടായിരുന്നു അയാള്‍ ഉറങ്ങിയത്.
എങ്കിലും ... അവള്‍ എന്തായിരിക്കും അവനോട് മറുപടി പറഞ്ഞിട്ടുണ്ടാവുക?
പെട്ടെന്ന് വാതിലില്‍ ശക്തിയായി ആരോ മുട്ടി. ഈ സമയത്ത് ആരാവും? നെരിപ്പോടില്‍ നിന്നുള്ള ചൂടിലും ആയാല്‍ വിയര്‍ത്തു. ദൂരെ ഡ്രാക്കുളയെ അടക്കം ചെയ്ത കാർപെത്യൻ മലനിരകളിൽ നിന്നും മഞ്ഞില്‍ കുതിര്‍ന്ന കാറ്റ് ആഞ്ഞുവീശി. മേൽക്കൂരയ്ക്ക് മുകളില്‍ ആലിപ്പഴം വീഴുന്ന ശബ്ദം. ഇടതു കൈയ്യില്‍ ഇരുമ്പ് ദണ്ട് പിടിച്ചു വലത് കൈകൊണ്ട് അയാള്‍ വാതില്‍ തുറന്നു.
പെട്ടെന്നയാള്‍ ഞെട്ടി പിറകോട്ടേക്ക് മറിഞ്ഞു വീണു. തുറന്ന വാതിലൂടെ അയാളുടെ കഥയിലെ പെണ്‍കുട്ടിയും യുവാവും മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി. തൊട്ടു പിറകില്‍ ആര്‍ത്തലച്ചു പുഴയും.
(ഹാരിസ് )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot