നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പടിപ്പുരകൾക്കുള്ളിൽ ഇരുട്ട് പടരുമ്പോൾ

പടിപ്പുരകൾക്കുള്ളിൽ ഇരുട്ട് പടരുമ്പോൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഉഗ്രപ്രതാപികളായ ഒരുപാട് തമ്പുരാക്കൻമാരും
തമ്പുരാട്ടിമാരും ജനിച്ചു വളർന്ന തറവാട്. കണ്ണെത്താ ദൂരത്തോളം കൃഷിഭൂമിയും,പടുകൂറ്റൻ കയ്യാലകളും,കളവും, അനുബന്ധ സൗകര്യങ്ങളുമുള്ള നാലുകെട്ട്. അനേകം സേവകരും വാല്യക്കാരും കാര്യസ്ഥൻമാരും. സമ്പത്സമൃദ്ധി മാത്രമല്ല കലകളും,സംഗീതവും, സാഹിത്യവും നിറഞ്ഞു നിന്നിരുന്ന ഇല്ലം.ഇപ്പോഴും നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും മനഃപാഠമായ, പ്രസിദ്ധമായ ഇല്ലപ്പേര്.സൂര്യ മംഗലത്തില്ലം.
കാലം കുറേയേറെ കടന്നുപോയിരിക്കുന്നു.
ഇല്ലത്ത് തലമുറകൾ ഒരുപാട് വന്നു പോയിരിക്കുന്നു.
ജന്മിമാരും കുടിയാന്മാരും തുല്യരായിരിക്കുന്നു.
പണ്ടത്തെ കുടിയാന്മാർ പുതു തലമുറ ജന്മിമാരായി മാറിയിരിക്കുന്നു.പേരുകേട്ട ഒരുപാട് ഇല്ലങ്ങൾ ക്ഷയിച്ചു നാമാവശേഷമായിരിക്കുന്നു.
കാഴ്ചക്കുലകളും,നെല്ലും, പച്ചക്കറികളും നിറഞ്ഞു കവിഞ്ഞിരുന്ന കലവറകളിൽ ഇന്ന് പത്തു കിലോ അരി പോലും തികച്ചില്ലാതായിരിക്കുന്നു. ആശ്രിതർക്കും, ജോലിക്കാർക്കും ഓണക്കോടിയും ഓണ സദ്യയും യഥേഷ്ടം കൊടുത്തിരുന്ന ഇല്ലത്ത്‌ ഇന്ന് അരപ്പട്ടിണിയും ദുരിതങ്ങളും മാത്രം.
പഴയ കാലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് മച്ചിന് മുകളിൽ കൂടിക്കിടക്കുന്ന പഴയ ഓട്ടു പാത്രങ്ങളിൽ മാറാലയും പൊടിയും എലികളുടെയും, ഇഴ ജന്തുക്കളുടെയും സ്ഥിര തമസവും മാത്രം.
അനേകം നില വിളക്കുകൾ വെളിച്ചം ചൊരിഞ്ഞിരുന്ന അകത്തളങ്ങളിൽ പകൽ സമയത്തു പോലും വെളിച്ചമില്ലാതായിരിക്കുന്നു.
പടിപ്പുരയ്ക്കു മുന്നിൽ നേരം പുലരും വരെ കെടാതെ കത്തിയിരുന്ന വലിയ തിരി വിളക്കുകളും ഇന്നില്ല.
കറന്റ് ബിൽ അടക്കുവാനാകാതെ വന്നതോടെ ഇല്ലത്തെ വൈദ്യുതി കണക്ഷൻ പോലും
വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോൾ മണ്ണെണ്ണ വിളക്കുകളാണ് ഏക ആശ്രയം.
നാടും ഒരുപാട് മാറിയിരിക്കുന്നു.ഇല്ലത്തെ നാലുകെട്ടിനേക്കാൾ മനോഹരമായ കോൺക്രീറ്റു കെട്ടിടങ്ങളും അപ്പാർട്ട്മെന്റുകളും യഥേഷ്ടം ഉയർന്നു വന്നിരിക്കുന്നു.
ഇല്ലത്തിനു മുന്നിലൂടെ രണ്ടുവരിപ്പാതയായ വലിയ റോഡ് വന്നിരിക്കുന്നു. അതിലൂടെ അനേകം കാറുകളും ബസുകളും മറ്റു വാഹനങ്ങളും ധാരാളം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
പക്ഷേ ഒരു മോട്ടോർ വാഹനം പോലും ഇതുവരെ ഇല്ലത്തിന്റെ പടി കടന്നെത്തിയിട്ടില്ല.
പണ്ട് ഗ്രാമത്തിലെ ഒരേയൊരു വാഹനമായ കാളവണ്ടി ഈ ഇല്ലത്തിലേതായിരുന്നു. ഇല്ലത്തു ഇപ്പോഴും ആ വണ്ടി മാത്രമേ ഉള്ളൂ. ജീർണ്ണാവസ്ഥയിൽ ഇല്ലപ്പറമ്പിനു പിന്നിൽ ഇപ്പോഴും അത് കിടപ്പുണ്ട്.
ഇല്ലത്ത് എല്ലാവർഷവും നവരാത്രി കാലത്തു പതിവുള്ള എഴുത്തിനിരുത്തൽ ചടങ്ങ് ഗംഭീരമായ ഉത്സവം തന്നെയായിരുന്നു.സംഗീതവും നൃത്ത പരിപാടികളും നിറഞ്ഞു നിന്ന രാവുകൾ.
ഒരുകാലത്ത് ഒരുപാട് കുട്ടികൾക്ക് പുസ്‌തകങ്ങളും പുത്തൻ വസ്ത്രങ്ങളും സമ്മാനിച്ചു പള്ളിക്കൂടങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നത് ഇല്ലത്തെ തമ്പുരാക്കന്മാരായിരുന്നു. ഇന്ന് ഇല്ലത്തെ അംഗങ്ങളായ കുട്ടികളുടെ
പഠനം പോലും പാതി വഴിയിൽ നിലച്ചിരിക്കുന്നു.
ഒരുപാട് പണ്ഡിത കവികളും,അക്ഷര ശ്ലോക
വിദഗ്ധരും, നർത്തകികളും കലാകാരന്മാരും ഉണ്ടായിരുന്ന ഇല്ലത്ത്‌ ഇന്ന് രണ്ടു അംഗങ്ങൾ
ചിത്തഭ്രമക്കാരാണ്.
നാട്ടുകാർ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രശസ്ത നർത്തകി കൂടിയായിരുന്ന ശ്രീദേവി തമ്പുരാട്ടിയുടെ ഒരേയൊരു മകനാണ് ഉണ്ണി. അമ്മയുടെ മുഖം പോലും ഉണ്ണി കണ്ടിട്ടില്ല. ഉണ്ണിയെ ഈ ലോകത്തിന്റെ കൈകളിലേക്കു സമ്മാനിച്ച ഉടനെ തന്നെ അവർ ഈ ലോകം വിട്ടു യാത്രയായി.
ഭക്ഷണത്തിനും വെള്ളത്തിനും പോലും ബന്ധുക്കളെയും നാട്ടുകാരെയും ആശ്രയിച്ചുകൊണ്ട്
തീർത്താലും തീരാത്ത കടപ്പാടുകളുമായാണ് ഉണ്ണി വളർന്നത്. ഉണ്ണി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായങ്ങൾ സ്വീകരിച്ചു കൊണ്ടാണ്. ഇപ്പോൾ ഇല്ലത്തെ ഒരേയൊരു ബിരുദ ധാരിയും ഉണ്ണിയാണ്.
ഇളം തലമുറക്കാരനായ ഉണ്ണിക്കാണ് ഇപ്പോൾ തമ്പുരാൻ സ്ഥാനം.തമ്പുരാൻ പട്ടം ഇപ്പോൾ വെറുമൊരു ആലങ്കാരിക പദവി മാത്രം. പലപ്പോഴും ഉണ്ണി ആ വാക്കിനെ വെറുത്തിട്ടുണ്ട്. പ്രത്യേകിച്ചും പട്ടിണി കിടക്കുന്ന തമ്പുരാൻ എന്ന് സഹപ്രവർത്തകർ തമാശയ്ക്കായെങ്കിലും വിളിക്കുമ്പോൾ.
ഒരേ ഷർട്ട് അനേകം ദിവസങ്ങൾ ധരിക്കുമ്പോൾ പഴന്തുണി തമ്പുരാൻ എന്ന് രഹസ്യമായി ചെല്ലപ്പേര് വിളിക്കപ്പെടുമ്പോൾ.
പൊട്ടിയ ചെരിപ്പുകൾ തുന്നിക്കൂട്ടി വീണ്ടുമുപയോഗിക്കുമ്പോഴും, തകരാറുള്ള കുട ഉപയോഗിക്കുമ്പോഴും അതു പോലെ പുതിയ ചെല്ലപ്പേരുകൾ ഉണ്ടായിക്കൊണ്ടിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉണ്ണി ജോലിക്കു പോകുന്നുണ്ട്. അവിടെ നിന്നു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ഇപ്പോൾ ഇല്ലത്തെ കാര്യങ്ങൾ ഒരുവിധം നടന്നു പോകുന്നത്.ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും ദൂരെയുള്ള ഒരു ക്ഷേത്രത്തിൽ സഹ പൂജാരിയായും ഉണ്ണി ജോലി ചെയ്യുന്നുണ്ട്.
ശമ്പളം എല്ലാ കാര്യങ്ങൾക്കുമായി പങ്കു വെച്ചു തീരുമ്പോൾ ഉണ്ണിക്ക് ബസു കൂലിക്കുള്ള പണം പോലും തികയാറില്ലെന്നതാണ് വാസ്തവം. സമയത്തിനു തന്നെ ജോലിക്ക് കയറുവാനായി ബസിലാണ് ഉണ്ണി പോകാറുള്ളത്.
പക്ഷെ മടക്കയാത്ര കാൽനടയായാണ്.ഒന്നൊന്നര മണിക്കൂറോളമുള്ള നടത്തം.
പലപ്പോഴും സഹപ്രവർത്തകർ ഉണ്ണിക്ക് ഭക്ഷണം പകുത്തു കൊടുക്കുമായിരുന്നു .പിന്നീട് അഭിമാനം മുറിപ്പെട്ടു തുടങ്ങിയപ്പോൾ ഉണ്ണി നുണ പറഞ്ഞു തുടങ്ങി. തനിക്കു വിശപ്പില്ലെന്ന്.
പക്ഷേ മെലിഞ്ഞുങ്ങിയ ശരീരവും ഒരു കുഴിയിലേക്കെന്ന പോലെ ആണ്ടു പോയ കണ്ണുകളും ഉണ്ണിയുടെ വിശപ്പ് എന്ന സത്യത്തെ വിളിച്ചു പറയുന്നുണ്ടായിരുന്നു .
നാലു മണി നേരത്തു ചായയുമായി ജോലി സ്ഥലത്തു വരുന്ന ചായക്കാരൻ ഗോപിയേട്ടനിൽ നിന്നു വാങ്ങി കഴിക്കുന്ന ഒരു കട്ടൻ ചായയിലും ഒരു ഉഴുന്നു വടയിലും ഉണ്ണി ഉച്ച വിശപ്പിനെ അടക്കി നിർത്തി.
പതിവുപോലെ, വേദനകളും അടക്കിപ്പിടിച്ച രോദനങ്ങളുമായി,ചിത്ത ഭ്രമമുള്ള ഇളമുറ തമ്പുരാക്കന്മാരുടെ അവനവനോട് തന്നെയുള്ള തുടർന്നു കൊണ്ടേയിരിക്കുന്ന സംഭാഷണങ്ങളുമായി
സൂര്യ മംഗലം ഇല്ലത്തെ അന്നത്തെ പകലും കഴിഞ്ഞു.
മൺ കൂജയിൽ നിന്ന് അഞ്ചാറ് കവിൾ വെള്ളം കുടിച്ചു കൊണ്ട് വായനശാലയിൽ നിന്നു കടം വാങ്ങി കൊണ്ടു വന്നിരുന്ന പത്രവുമായി ഉണ്ണി
പടിപ്പുരയിലേക്കു നടന്നു. അവിടെയാകുമ്പോൾ നല്ല നാട്ടു വെളിച്ചം ലഭിക്കും. അകത്തെ ബഹളങ്ങളൊന്നും ശ്രദ്ധിക്കുകയും വേണ്ട.
ഉണ്ണി തീരെ അവശനായിരുന്നു. രണ്ടു ദിവസം മുൻപാണ് വയറു നിറയെ ചോറ് കഴിച്ചത്. അതും ഒരു വിവാഹ സൽക്കാര ചടങ്ങിൽ ബാക്കി വന്ന ഭക്ഷണത്തിന്റെ പകർച്ച ആരോ ദയാപൂർവം ഇല്ലത്തു കൊണ്ടു വന്നു കൊടുത്തപ്പോൾ മാത്രം..
ഇന്നലെയും ഇന്നും ഇല്ലത്തു പ്രഭാത ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കഞ്ഞിയും ചമ്മന്തിയും.
പിന്നെ ഇതുവരെ പിടിച്ചു നിന്നിരുന്നത് നാലു മണിക്ക് കഴിച്ച കട്ടൻ ചായയുടെയും ബിസ്കറ്റിന്റെയും ബലത്തിലായിരുന്നു.
പണ്ടൊക്കെ,ഇല്ലത്തെ കുട്ടികൾ വിശപ്പു സഹിക്കാതാകുമ്പോൾ കരയുമായിരുന്നു.കുട്ടികൾ മാത്രമല്ല. മുത്തശ്ശിയും... ചിലപ്പോൾ താനും....
കരയുന്നത് കേൾക്കാനും സാന്ത്വനിപ്പിക്കാനും ആരും വരാനില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ആരും കരായതായി. പക്ഷേ ചിത്ത ഭ്രമമുള്ള അമ്മാവന്മാർ വിശന്നാൽ ഉറക്കെയുറക്കെ സംസാരിക്കും. അവനവനോട് തന്നെ. ഭിത്തിയിലും വാതിലിലും കൈകാലുകൾകൊണ്ടടിക്കും.വെറ്റിലച്ചെല്ലം എടുത്തു തറയിലടിച്ചു ഒച്ചകൂട്ടും...
സന്ധ്യയും കഴിഞ്ഞു ഇരുട്ട് കൂടുതൽ വ്യാപിച്ചിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ കണ്ടു കൊണ്ടിരുന്ന തെരുവിലെ കാഴ്ചകൾ ഇരുട്ടിന്റെ കറുപ്പിൽ അവ്യക്തമായിക്കൊണ്ടിരിക്കുന്നു.
അകത്തു നിന്നും വൃദ്ധയായ മുത്തശ്ശിയുടെ പരിക്ഷീണമായ സ്വരം ഉണ്ണിയെ തേടിയെത്തി.
--ഉണ്ണീ പടിപ്പുര അടയ്ക്കാറായി.
പത്രത്തിന്റെ അവസാനത്തെ താളും വായിച്ചു തീർത്തു ഉണ്ണി എഴുന്നേറ്റു.
പണ്ടു മുതലേ ഉള്ള ഒരാചാരമുണ്ട്. പടിപ്പുര വാതിലുകൾ കൊട്ടിയടയ്ക്കും മുൻപ് മൂന്നു പ്രാവശ്യം ഉള്ള ഒരു വിളിച്ചു ചോദിക്കൽ.
--അത്താഴപട്ടിണിക്കാർ ആരെങ്കിലും ഉണ്ടോ.. ?
ഇരുട്ടിൽ നിന്നു ഒരു പ്രതികരണവും ഉണ്ടായില്ല.
രണ്ടാമതും ഉണ്ണി ചോദിച്ചു.
--അത്താഴപട്ടിണിക്കാർ ആരെങ്കിലും ഉണ്ടോ.. ?
ഇല്ല.ആരുമില്ല അത്താഴപ്പട്ടിണിക്കാരായി.
മൂന്നാം വട്ടം ചോദിക്കുവനായി ഉണ്ണി വാ തുറന്നതാണ്. സ്വരം ഉയരും മുൻപേ അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.തല കറങ്ങി. ഇല്ലവും പടിപ്പുരയും അല്പാല്പമായി മങ്ങി മങ്ങി ഇല്ലാതായി.
പടിക്കെട്ടിൽ തലയടിച്ചു വീണതിന്റെ വേദന പോലും ഉണ്ണിയറിഞ്ഞില്ല. പെട്ടെന്ന് ശക്തി പ്രാപിച്ചു ദ്രുത ഗതിയിലായ ആ ശ്വാസം മെല്ലെ മെല്ലെ ഇല്ലത്തു കെട്ടിക്കിടക്കുന്ന പഴമയുടെ ഗന്ധവുമായി അലിഞ്ഞു ചേർന്നു.
ഉമ്മറക്കോലായിൽ കത്തിയിരുന്ന കൊച്ചു തിരിവിളക്കു കാറ്റിൽ ഒന്നുലഞ്ഞു, പിന്നെ അണഞ്ഞു.
പടിപ്പുര വാതിൽ പിന്നെയും ഏറെ നേരം തുറന്നു കിടന്നു. എന്നിട്ടും അത്താഴത്തിനായി ആരും പടികൾ കയറി വന്നില്ല. അത്താഴപ്പട്ടിണിക്കാർ പടിപ്പുരയുടെ ഉള്ളിലായിരുന്നല്ലോ.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, തൃശ്ശൂർ
=======================©

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot