Slider

ആദ്യ പ്രണയം

0

ആദ്യ പ്രണയം
-------------------------
ഇന്നെന്റെ ആദ്യരാത്രിയാണ്. മണിയറയിൽ എന്റെ പ്രിയതമയെ കാത്തിരിക്കുമ്പോൾ ആദ്യം ഓർമ്മ വന്നത് ശ്രീനിവാസൻ വടക്കു നോക്കി യന്ത്രത്തിൽ നിൽക്കുന്നതാണ്. ആ സിനിമയിൽ ശ്രീനിവാസൻ ഭാര്യയോട് എന്ത് പറയണമെന്നാണ് ആലോചിച്ചത്. പക്ഷെ എനിക്കിവിടെ ഓർമ്മ വന്നത് എന്റെ ആദ്യ പ്രണയത്തെകുറിച്ചാണ്. ഇത് ചിന്തിക്കേണ്ട സമയം ഇതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. എന്നാലും മനസ്സ് ചിന്തകളിൽ ഊളിയിട്ടുകൊണ്ടിരുന്നു.
ഞാനവളെ ആദ്യം കാണുന്നത് ബസ് സ്റ്റോപ്പിൽ വച്ചാണ്. ഒന്നും ചിന്തിക്കാനില്ലാതെ എന്തൊക്കെയോ ആലോചിച്ചു അലസമായി നിൽക്കുമ്പോൾ അവൾ എന്റെ മുമ്പിലൂടെ നടന്നു നീങ്ങി. ഒറ്റനോട്ടത്തിൽ തന്നെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. അവളെ കണ്ടാൽ ആരും ഒന്ന് നോക്കി പോകും. അത്രക്ക് സുന്ദരിയാണവൾ. ആദ്യമായിട്ടാണ് ഇത്രക്കും അത്ഭുതത്തോടെ ഒരു പെണ്ണിനെ നോക്കുന്നത്. കണ്ണെടുക്കാൻ തോന്നിയില്ല. പിന്നീടുള്ള എല്ലാ ദിവസവും ഉണരുന്നത് തന്നെ അവളെ കാണാമെന്ന ചിന്തയിലായിരുന്നു. അവളെ നോക്കി നിൽക്കുമ്പോൾ ചുറ്റും നടക്കുന്നത് ഒന്നും എന്നെ ബാധിക്കുന്നുണ്ടായില്ല. എന്റെ നോട്ടം സഹിക്കാഞ്ഞിട്ടാണോ എന്തോ രൂക്ഷമായിട്ടൊന്നു നോക്കി. ആ നോട്ടം വന്നു തറച്ചത് എന്റെ നെഞ്ചിലാ. അന്ന് ഞാൻ തീരുമാനിച്ചു, ഇവൾ ഇല്ലാതെ ഇനി എനിക്കൊരു ജീവിതമില്ലാന്നു.
ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു. ഒരു ദിവസം എന്നെ നോക്കിയതിനേക്കാൾ ദേഷ്യത്തിൽ അവൾ വേറെ ആരെയോ നോക്കുന്നു. അപ്പോളാണ് ഞാനല്ലാതെ മറ്റു ചിലരും അവളെ നോക്കുന്നുണ്ടെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. പക്ഷെ അവന്മാർ എന്നെപോലെ അല്ല. നോക്കുക മാത്രമല്ല ചില കമന്റുകളും പറയുന്നുണ്ട്. അതത്ര രസകരമല്ല എന്ന തിരിച്ചറിവ് എന്നെ രോഷാകുലനാക്കി. നേരെ ചെന്ന് നാല് ഡയലോഗ്. അവന്മാരും വിട്ടില്ല. എന്റെ നേരെ വന്നു. അവരോട് തല്ലി നിൽക്കാനുള്ള ശക്തി ഒന്നും എനിക്കില്ല. എന്നാലും അവളുടെ മുമ്പിൽ ആളാവാൻ എതിർത്ത് നിന്നെ പറ്റൂ. ഇടക്കൊന്നു പാളി നോക്കി ഞാനവളെ. എന്ത് സംഭവിക്കുമെന്നറിയാതെ ഉള്ള അങ്കലാപ്പ് ആ മുഖത്ത് വ്യക്തമായി കാണാം. പിന്നെ ഒന്നും നോക്കിയില്ല. പൊരിഞ്ഞ അടി. രംഗം വഷളായപ്പോ നാട്ടുകാർ ഇടപെട്ടു. എന്റെ ഭാഗ്യം അവളെന്നെ കൈയൊഴിഞ്ഞില്ല. കുഴപ്പം എന്റെ ഭാഗത്തല്ലെന്ന സത്യം അവൾ വെളിപ്പെടുത്തി. ഒപ്പം എന്തിനായിരുന്നു ഇതൊക്കെ എന്ന ഭാവത്തിൽ ഒരു നോട്ടവും.
പിന്നേയുള്ള ദിനങ്ങൾ അവളെനിക്കൊരു ചിരി സമ്മാനിച്ചു. അതെനിക്ക് കൂടുതൽ ഊർജ്ജം നൽകി. സാഹചര്യം നന്നായി വന്ന ഒരു ദിവസം അവളോട് സംസാരിച്ചു. ദീർഘകാലമായി പരിചയമുള്ള പോലെ ഒരു മടിയും കൂടാതെ അവളെന്നോട് സംസാരിച്ചു. മീര എന്ന അവളുടെ പേര് എന്റെ ഹൃദയത്തിൽ കല്ലിലെന്ന പോലെ കൊത്തി വക്കപ്പെട്ടു.
ദിവസങ്ങൾ പോകവെ ഞങ്ങൾ നല്ല കൂട്ടുകാരായി. എന്റെ പ്രണയം പറയാതെ പറഞ്ഞു കൊണ്ട് ഓരോ നാളുകളും നീങ്ങി. അവളുടെ മനസ്സെന്താണെന്നു അറിയാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും എനിക്ക് പിടി തരാതെ അവൾ ഒഴിഞ്ഞു മാറി. അനുകൂല മറുപടി കിട്ടാതെ ഉറക്കം വരാത്ത അവസ്ഥ എത്തിയപ്പോൾ തുറന്ന് ചോദിച്ചു. എനിക്കുള്ള മറുപടി എന്നോണം ഒന്ന് ചിരിച്ചു. കണ്ണുകൾ കൊണ്ട് ഒരായിരം തവണ എന്നെ ഇഷ്ടമാണെന്ന് പറയും പോലെ എനിക്ക് തോന്നി. ആ സന്തോഷത്തിൽ മതിമറന്ന് ഞാൻ നിന്ന് പോയി. പക്ഷെ പെട്ടെന്നാണത് സംഭവിച്ചത്. ഒരു കാർ നിയന്ത്രണം വിട്ട് ഞങ്ങൾ നിന്നിടത്തേക്ക് പാഞ്ഞു വന്നു. എന്നെയും അവളെയും അത് തട്ടി തെറിപ്പിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധം മറയുന്നതിനു മുൻപ് അവൾക്കായി ഞാൻ തിരഞ്ഞെങ്കിലും കണ്ടില്ല.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വന്നത്. കൈയിൽ പാൽ ഗ്ലാസ്സുമായി നില്കുന്നു എന്റെ ഭാര്യ. ഓർമ്മകളിൽ നിന്ന് തിരിച്ചുവരാൻ അവളുടെ നിറനിലാവ് പോലത്തെ ചിരി ധാരാളമായിരുന്നു. മുഖമുയർത്തി അവളെന്നെ നോക്കി. അന്ന് നോക്കിയ അതേ നോട്ടം. എന്റെ മീര.

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo