നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#കുടുംബം

''ആട്ടു തൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണി പളുങ്കു കവിൾ തടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ...''
ഒന്നു നിർത്തുന്നുണ്ടോ മനുഷ്യാ...
ഇങ്ങളുടെ ഒരു ആട്ടുതൊട്ടില്....
ഒരു ഊഞ്ഞാലില് പോലും ഇതുവരെ എന്നെ ഒന്ന് ആട്ടിത്തന്നിട്ടില്ല...
പിന്നെയാ ആട്ടു തൊട്ടില്...
ഭർത്താവിന്റെ അനശ്വര സംഗീതത്തിനെതിരെ അവൾ അട്ടഹസിച്ചു...
''ഈ തേങ്ങയൊന്നു ചിരവിത്തരുന്നുണ്ടോ ഇങ്ങള്... പണിയെടുത്ത് എന്റെ നടുവൊടിഞ്ഞു... ലീവുള്ള ദിവസമെങ്കിലും എന്നെ ഒന്ന് വന്ന് സഹായിച്ചൂടെ ഇങ്ങക്ക്...
എപ്പൊ നോക്കിയാലും ഈ കുന്ത്രാണ്ടത്തിൽ തോണ്ടി കുത്തിരിന്നോളിം...
ഹും...''
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് എത്ര ശരിയാ...
രാവിലെ പോയ കറണ്ട് ഇതുവരെ വരാത്തതിലുള്ള ദേഷ്യമാണ് അവൾ ഭർത്താവിനോട് തീർക്കുന്നത്...
അവളുടെ കയ്യിലിരുന്ന തേങ്ങാ മുറി കുറച്ചു ഗൗരവത്തോടെ വാങ്ങി അവളോടൊപ്പം നേരെ അടുക്കളയിലേക്ക്...
ഇതെല്ലാം കണ്ടും കേട്ടും ഒരു കള്ളച്ചിരിയോടെ വരാന്തയിലെ ചാരു കസേരയിൽ നീണ്ടു നിവർന്നിരിക്കുന്ന അമ്മായച്ചനും,
മുറ്റത്തെ തുളസിത്തറക്കു ചുറ്റും സെെക്കിളിൽ റൗണ്ടടിക്കുന്ന ഏക സന്തതി മീനുവും....
''ഇന്നൊരു അടുക്കള യുദ്ധം ലെെവായിക്കാണാം മുത്തശ്ശാ...''
സെെക്കിൾ സ്‌റ്റാൻറിട്ട് നിർത്തി അവൾ മുത്തശ്ശനേം കൂട്ടി നേരെ അടുക്കള വശത്തേക്ക് നീങ്ങി...
''എടി ഭാര്യേ.... നീയെന്തിനാ ഇങ്ങനെ ഏത് സമയവും വെളിച്ചപ്പാട് ഉറഞ്ഞു തുള്ളുന്ന പോലെ കിടന്ന് തുള്ളുന്നത്...
ഒരു മയത്തിലൊക്കെ കാര്യങ്ങള് പറഞ്ഞൂടെ നിനക്ക്...
ഉദാഹരണത്തിന് ഈ തേങ്ങയൊന്ന് ചിരവിത്തരോ ഏട്ടാ... എന്ന് മാന്യമായി വന്ന് ചോദിച്ചിരുന്നേൽ കുറച്ച് റൊമാന്റിക്കായി ഞാൻ വന്ന് ചിരവിത്തരൂല്ലാർന്നോ...?
ഇതിപ്പോ എന്റെ വശ്യ സുന്ദരമായ വോയ്സിൽ പാടിയ പാട്ടിനെ പോലും അവഹേളിച്ച് നിന്റെ തേങ്ങ ചിരവൽ ഡയലോഗുണ്ടല്ലോ...
അതിത്തിരി കൂടിപ്പോയില്ലേന്നൊരു സംശയം ഇല്ലാതില്ല...''
ഭാര്യയെ അനുനയിപ്പിക്കാനുള്ള ഭർത്താവിന്റെ ശ്രമം...
''ഇങ്ങളുടെ പാട്ടു കേട്ടാൽ മനുഷ്യന് ഭ്രാന്തു പിടിക്കൂല്ലേ....
ഭർത്താവാണ് പോലും ഭർത്താവ്...
ഒഴിവുള്ള ദിവസമെങ്കിലും ഞങ്ങളെ ഒന്ന് പുറത്തേക്കൊക്കെ കൊണ്ടു പോയി ഭക്ഷണമൊക്കെ വാങ്ങിത്തരുകയൊക്കെ ചെയ്യാം...
ഏത് സമയവും കൂട്ടിലിട്ട കിളിയെ പോലെ,
ഈ അടുക്കളയുടെ കരിയും പുകയും കൊണ്ട് കഴിയാനാ എനിക്കു വിധി...
പാട്ടിൽ മാത്രം റൊമാന്റിക്കായാ പോര...
ജീവിതത്തിലും കൊണ്ടു വരണം....
അത് കിട്ടാതാവുമ്പോ ചിലപ്പോ വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളീ എന്നൊക്കെ വരും...''
സംഗതി കട്ടക്കലിപ്പിലാണല്ലോ ഭാര്യ...
ഇവളെ ഒന്ന് മയക്കിയെടുക്കാൻ എന്താ ഒരു വഴി എന്ന് തല പുകഞ്ഞിരുന്ന് ആലോചിച്ചിരുക്കുന്ന സമയത്താണ് മകളുടെ നുഴഞ്ഞു കയറ്റം...
''അമ്മ പറയുന്നതിലും കാര്യണ്ട് അച്ഛാ...
അച്ഛന്റെ റൊമാൻസ് ഈ പാട്ടിൽ മാത്രം തന്നെയുള്ളൂ...
ജീവിതത്തിലില്ല...
അതിനുള്ള ഏക തെളിവാണ് ആഴ്ച തോറും ഈ വീട്ടില് നടന്നു വരുന്ന യുദ്ധം...''
മകളുടെ മാസ്സ് ഡയലോഗ് കേട്ട് കണ്ണു മിഴിച്ചു നിൽക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് ഭാര്യ ഒന്ന് നോക്കി...
പാവം ശരിക്കും ചമ്മിപ്പോയി...
''നിനക്കെന്താ മീനൂ ഇവിടെ കാര്യം...?
ഞങ്ങള് വലിയവര് സംസാരിക്കുന്നിടത്ത് നീ അഭിപ്രായം പറയാൻ വരണ്ട...
ഞങ്ങള് തമ്മിൽ ഒരു വഴക്കൂല്ല...
നീ അപ്പുറത്തേക്ക് പോയേ..''
അതാണ് ഭാര്യ... സ്വന്തം ചോരയിൽ പിറന്ന മക്കളാണേലും തന്റെ ഭർത്താവിനെ പറയുമ്പോൾ ഏതൊരു ഭാര്യക്കും പൊള്ളും...
''ഓ... ഇപ്പോ നിങ്ങളൊന്നായി.... ഞാൻ പുറത്തും...
ഹും...''
കുടുംബത്തിലെ സന്തോഷം നിറഞ്ഞ കൊച്ചു കൊച്ചു വഴക്കുകൾ കണ്ട് മനസ്സിൽ പുഞ്ചിരിക്കുന്ന മുത്തശ്ശനേയും കൂട്ടി മീനു അടുക്കളയിൽ നിന്നു സ്കൂട്ടായി...
അവരുടെ സ്വകാര്യ ലോകത്തിലേക്ക് ഒരു കട്ടുറുമ്പാവാൻ നിൽക്കാതെ മീനുവും മുത്തശ്ശനും വരാന്തയിലേക്ക് തന്നെ തിരിച്ചു പോന്നു...
ഇത്രയും നേരം വെട്ടു പോത്തിനെ പോലെ കടിച്ചു കീറാൻ വന്ന അമ്മയുടെ ചിരിയും കളിയും അടുക്കളയുടെ ചുമരുകൾക്കുള്ളിൽ അലയടിച്ചുയരുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് മീനു മുത്തശ്ശന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി...
അതുകണ്ട മുത്തശ്ശൻ അവളോട് പറഞ്ഞു...
''വെറും ഒച്ചപ്പാട് മാത്രേയുള്ളൂ അവൾക്ക്...
ഉള്ള് ശുദ്ധാണ്...
നിന്റെ അച്ഛന്റെ ഭാഗ്യമാണ് അവൾ'' എന്ന്..
ഏതൊരു ഭാര്യയുടേയും ആഗ്രഹമാണ് ഭർത്താവിന്റെ സ്നേഹത്തോടെയുള്ള സാമീപ്യം...
അത് കിട്ടാതാവുമ്പോൾ പെണ്ണിന്റെ സ്വഭാവം പല രൂപത്തിലും പ്രതികരിക്കും...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot