നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിതൃതർപ്പണം

പിതൃതർപ്പണം
••••••••••••••••••••••••••••••••••••••
വർഷങ്ങൾക്കപ്പുറം...
കൗമാരത്തിനും മുന്നെ...
എട്ടോ ഒമ്പതോ വയസ്സ്‌ പ്രായം...
അന്ന് ആ നാട്ടിൽ എല്ലാ വീട്ടിലുമൊന്നും കിണറില്ല.. കുടിവെള്ളത്തിനും അലക്കാനും കുളിക്കാനും ഒക്കെ ദൂരെ പോയി വെള്ളം കൊണ്ടു വരുന്ന കാലം.. അലക്കി വരുന്നവർ കുഞ്ഞുമക്കളെയും കുളിപ്പിച്ച്‌ ഒരു കയ്യിൽ അലക്കിയ തുണികളും തലയിൽ കുടിവെള്ളവുമായി ഊരുകണ്ടികളിലൂടെ (ചെറിയ വഴികൾ) നനഞ്ഞൊലിച്ച്‌ വരുന്ന അമ്മമാരെ കണ്ട കുട്ടിക്കാലം...
സാധാരണ വൈകുന്നേരം അമ്മ തലചുമടായി വെള്ളം കൊണ്ടുവന്ന് മുറ്റത്തെ തെങ്ങിന്റെ ചോട്ടിലെ വലിയ ചാടിയിൽ (സിമന്റ്‌ ഭരണി)ഒഴിച്ച്‌ വെക്കും. അതാവുമ്പോ ഇത്തിരി ചൂടും കിട്ടും. വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ കുറച്ച്‌ നേരം വല്ലതും കളിച്ച്‌ വിളക്ക്‌ കത്തിക്കുന്നതിനു മുന്നെ കുളിച്ച്‌ "രാമരാമ" ചൊല്ലാനിരിക്കുന്ന ബാല്ല്യകാലം..
ചില ദിവസങ്ങളിൽ അച്ഛൻ നേരത്തെ വരും.
വരവ്‌ അത്ര സുഖത്തിലായിരിക്കില്ല,
ഇത്തിരി മണത്തോടെ വരുന്ന ദിവസം ഒത്തിരി അകലെ നിന്നോളണം.
എന്തെങ്കിലും കാരണവും അടിയും ഉറപ്പാണെന്നാലും ഒന്ന് ഒഴിവാകാൻ ആവത്‌ ശ്രമിക്കും.
എന്നാലും വല്ലതും ഉണ്ടാവും അച്ചനു ഓടിനിടയിലെ ആയുധങ്ങളിൽ കൈ വെക്കാൻ ...
ചൂരൽ, നെയിലോൺ കയർ എന്തിനു തെരണ്ടി വാൽ പോലും ഉണ്ടായിരുന്നു ആ ശേഖരത്തിൽ ....
എന്നിട്ടെന്താവാൻ തെരണ്ടി വാൽ പോലും നാണം കെട്ടു.. അടിക്കുന്ന കാര്യത്തിൽ അച്ഛനോടും കൊള്ളുന്ന കാര്യത്തിൽ എന്നോടും..
പക്ഷെ അന്ന് എത്ര അടി കിട്ടിയാലും ഒരാശ്വാസം "ആ ഞാൻ വണ്ണം വെക്കുമ്പോൾ നിങ്ങൾക്ക്‌ ഞാനിത്‌ തിരിച്ച്‌ തരും, അന്ന് വെണ്ണീറിടുന്ന കൂടയിൽ കെട്ടി ഞാത്തി ഞാൻ അടിച്ചോളാം.ഇപ്പൊ നിങ്ങൾ അടിച്ചോളൂ"(ആളുകൾ പ്രായമാകുമ്പോ ചെറുതാവുകയാ ചെയ്യാന്നും ആരും മരിക്കും ന്നും അന്നറിയില്ലാരുന്നു) എന്ന ഭാവത്തിൽ നിന്ന് കൊള്ളും .. ഉച്ചത്തിൽ കരഞ്ഞ്‌ അച്ഛന്റെ ചെവി പൊട്ടിക്കുമ്പോ അച്ഛനെ നിർത്തും.
പിന്നെ ഉണ്ടൊരു സ്നേഹപ്രകടനം , അടി കൊണ്ട സ്ഥലമെല്ലാം വെളിച്ചെണ്ണ ഇട്ട്‌ തടവി തന്ന് ഒന്നിച്ച്‌ കുളിക്കാൻ കൂട്ടി പോവും.
പതിവ്‌ പോലെ അന്നും അച്ഛൻ "അന്തകൻ പറക്കുന്ന" അടിയും അടിച്ച്‌ കാലിനൊക്കെ വെളിച്ചെണ്ണയുമിട്ട്‌ തന്ന് ഒരു കൈയ്യിൽ തോർത്തും എടുത്ത്‌ മുന്നിലും ഒരു ബക്കറ്റുമെടുത്ത് ട്രൗസറുമിട്ട്‌ പിന്നാലെ ഞാനും അടിക്കാനുണ്ടായ കാരണങ്ങളും ഇങ്ങനെ അടിച്ചിട്ടും നന്നാവാത്തതിലുള്ള അരിശവുമൊക്കെ അരച്ച്‌ കലക്കി ഉപദേശരൂപേണ എന്നെ തീറ്റിച്ച്‌ നടക്കും അച്ഛൻ, ഈ ഉപദേശങ്ങളൊക്കെ വഴി നീളെ മൂളി കേട്ട്‌ തുപ്പിക്കളഞ്ഞ്‌ ഞാനും കിണറ്റിൻ കരയിലെത്തി.
നമ്മൾ രണ്ട്‌ പേരും നല്ല നിലാവും മാത്രം കിണറ്റിൻ കരയിൽ...
കുറച്ച്‌ ഉയർന്ന പ്രദേശത്ത്‌ വീടിനു തറ മാത്രം ഉയർത്തി കിണർ മാത്രം കുഴിച്ച്‌ വച്ച ഒരു വിജനമായ പറമ്പിലെ വലിയ ആഴമുള്ള കിണറിന്റെ കര..
അച്ഛൻ ലുങ്കി അഴിച്ച്‌ വച്ച്‌ തോർത്തെടുത്തു, ഞാൻ ട്രൗസർ അഴിച്ച്‌ വച്ച്‌ കിണറ്റിൻ കരയിലെ തെങ്ങിൻ ചോട്ടിൽ റെഡി ആയി നിന്നു, അച്ഛൻ വെള്ളം കോരി അച്ഛന്റെ തലയിലൊഴിക്കുമ്പോ അച്ഛന്റെ കീഴിൽ അച്ഛന്റെ ദേഹത്ത്‌ കൂടി ഒഴുകി വരുന്ന വെള്ളത്തിൽ കുളിക്കുമ്പോ അത്‌ വരെ കിട്ടിയ എല്ലാ വേദനയും മറക്കും...
അച്ഛൻ രണ്ട്‌ പാള
( കിണറ്റിൽ വെള്ളം കോരാൻ അന്ന് ഉപയോഗിച്ചിരുന്നത്‌ കവുങ്ങിന്റെ പാള കൊണ്ട്‌ ഉണ്ടാക്കി്‌യ ഒരു വെള്ളം കോരി ആയിരുന്നു)
വെള്ളമൊഴിച്ച്‌ ലൈഫ്‌ ബോയ്‌ സോപ്പ്‌ എന്നെയും തേപ്പിച്ച്‌ വെള്ളം കോരാൻ പോയി.. ഈ സോപ്പാണെങ്കി‌ൽ കണ്ണിൽ വീണാൽ ഒടുക്കത്തെ നീറ്റലുമാണു പണ്ടാരം. പാള വെള്ളത്തിൽ വീഴുന്നതിൽ നിന്നും സാധാരണയിൽ കവിഞ്ഞ ശബ്ദം കേട്ട ഞാൻ വല്ല വിധേനയും കണ്ണു തുറന്ന് നോക്കുമ്പോൾ കിണറ്റിൻ കര ശൂന്യം വെള്ളം കോരാൻ കുഴിച്ചിട്ട മരക്കുറ്റിയും കാണാനില്ല,
"അയ്യോ അച്ഛൻ " അച്ഛൻ "
എന്നും നിലവിളിച്ച്‌ കിണറ്റിനു ചുറ്റും ഓടാൻ തുടങ്ങി.. ആ വലിയ ആൾമറ എന്റെ കിണറ്റിലേക്കുള്ള കാഴ്ച മറച്ചിരുന്നു.
എന്റെ ശബ്ദത്തിൽ കണ്ണീരും കലർന്നു.. ശബ്ദം ദയനീയമായ നിലവിളിയായി.. അടുത്ത വീട്ടിൽ വലിയ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്ന "വയലും വീടും" പരിപാടി പെട്ടെന്ന് നിലച്ചു..
"ആ ചെക്കനെ കുളിക്കുന്നേട്ത്തുന്നും അടിച്ചൂന്നാ തോന്നുന്നേ"
അവർ ഉച്ചത്തിൽ സഹതപിച്ചു,
എനിക്ക്‌ മനസ്സിലായി ആളുകൾ ആരും ഓടി എത്തില്ലാന്ന്.. ഞാൻ
"എന്റെച്ചൻ കിണറ്റിൽ വീണേന്നും"
പറഞ്ഞ്‌ പല വഴികളിലൂടെ ഒരു ഭ്രാന്തനേ പോലെ ഓടാൻ തുടങ്ങി ....
"എന്റെ അച്ഛൻ എന്റെച്ഛൻ"
കണ്ണീരാൽ ഏതൊക്കെയോ ദൈവങ്ങളേയും വിളിച്ച്‌ വീട്ടിലുമെത്തി ...
"ആ കുളിക്കാൻ പോയേട്ക്കുന്നും മാങ്ങിയോന്ന് "
അമ്മയും അച്ചമ്മയും
"അല്ലമ്മേ ഞമ്മള അച്ചൻ കിണറ്റിൽ"
പറഞ്ഞു തീരും മുന്നെ അനിയത്തിയെ ഒക്കത്തെടുത്ത്‌ എന്തോ തീറ്റിക്കുകയായിരുന്ന അമ്മ മറിഞ്ഞു വീഴുന്നതും അനിയത്തി "അമ്മേ" ന്നും വിളിച്ച്‌ അമ്മയെ കെട്ടി പിടിക്കുന്നതും കണ്ട്‌ അവിടുന്നും ഇറങ്ങി ഓടി ... എല്ലാ അറിയുന്ന വഴികളിലൂടെയും നിലവിവിളിച്ച് ഓടിയ ഞാൻ വീണ്ടും കിണറ്റിൻ കരയിലേക്കുള്ള വഴിയിലേക്കെത്തി,
വഴിയിൽ അച്ചമ്മ,അച്ചന്റെ ഒരു അനിയത്തി ഒക്കെയും നിലവിളിച്ച്‌ കുഴഞ്ഞ്‌ വീണു കിടക്കുന്നുണ്ടായിരുന്നു..
ആളുകൾ ഒക്കെയും കിണറ്റിൻ കരയിലേക്കൊഴുകിയെത്തി..
ആളുകൾ അടക്കം പറയുന്നുണ്ടായിരുന്നു..
"വീഴ്ചയിൽ തന്നെ പോയിട്ടുണ്ടാകും" എവിടേലും കല്ലിൽ തട്ടിയിട്ടുണ്ടാകും , അടുത്തൊരാൾ പറഞ്ഞു നീന്തലും അറിയില്ലാന്ന്" അന്ന് ആദ്യമായി ഞാൻ ‌മരണത്തെക്കുറിച്ച്‌ കേൾക്കുകയായിരുന്നു.
ആൾക്കൂട്ടത്തിൽ ഞാൻ ആശ്രയമില്ലാത്തവനായി,
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു,
അച്ഛന്റെ ശരീരത്തിൽ നിന്നുറ്റി എന്റെ ദേഹത്ത്‌ വീണ വെള്ളം വിയർപ്പും കണ്ണീരും ചേർന്ന് എന്നിൽ ഒട്ടിച്ചേർന്നിരുന്നു.. ആരൊക്കെയോ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..
വലിയ ടോർച്ചും ആളുകളും എത്തി കിണറ്റിൽ ടോർച്ച്‌ തെളിച്ച്‌ അവർ പറഞ്ഞു
"മേലെ പൊങ്ങി കിടക്കുന്നുണ്ട്‌, എന്ത്‌ നോക്കാനാ ഇതേതാ ആഴം ന്നൊക്കെ"
അച്ഛൻ മനസ്സിലൊരു തേങ്ങലായി പലതും ഓർമ്മിപ്പിച്ച്‌ കൊണ്ടിരുന്നു..
വടം കെട്ടി കിണറ്റിലിറങ്ങിയ ആൾ പെട്ടെന്ന് വിളിച്ച്‌ പറഞ്ഞു
"വേഗം തേങ്ങാ കൂട്ട കൊണ്ട്‌ വാ ആൾക്ക്‌ ജീവനുണ്ടെന്ന്"
കേട്ട ഉടനെ ഞാൻ ഒച്ചത്തിൽ വിളിച്ച്‌ പറഞ്ഞു
"അച്ഛാ വേഗം കേറി വാ അച്ഛാ"
"മോനേ മോനേന്ന്"
അച്ചൻ വിളിച്ചെന്ന് കേറി വന്ന ഏട്ടൻ പറഞ്ഞപ്പൊ ഞാൻ ഓടി ...
"അമ്മേ അച്ചമ്മേ ആരും കരയണ്ട അച്ചനൊന്നും പറ്റീട്ടില്ലാന്നും"
പറഞ്ഞ്‌ വീണ്ടും കിണറ്റിൻ കരയിലേക്കെത്തുമ്പോഴേക്കും തേങ്ങാക്കൊട്ടയിൽ അച്ചൻ മുകളിലേക്ക്‌ വരുന്നുണ്ടായിരുന്നു..
"അച്ഛനൊന്നും പറ്റീല്ലെടാ കരയണ്ട"
എന്നച്ഛൻ പറയുമ്പോ ആരോ പറയുന്നുണ്ടായിരുന്നു
"എന്ത്‌ ‌ പറ്റാനാ അനന്തശയനം പോലെ അല്ലേ കിടന്നിരുന്നേന്ന്"
"അയ്യേ പോയി ട്രൗസർ ഇടെടാ "
എന്ന് ആരോ പറഞ്ഞപ്പോളാ ഇത്ര നേരവും ഞാൻ അതില്ലാതെയാ ഈ പരാക്രമമൊക്കെ കാട്ടിയേന്നോർത്തേ..
അനന്തശയനം എന്താണെന്ന് അന്ന് മനസ്സിലായില്ലെങ്കിലും താഴോട്ട്‌ പോകും തോറും വ്യാസം കുറച്ച്‌ ചുരുക്കി പണിത കിണറിൽ വെള്ളത്തിനു തൊട്ട്‌ മുകളിൽ പാതി മുറിഞ്ഞ മരം വിലങ്ങനെ വീഴുകയും അതിന്റെ മുകളിലായി അച്ഛൻ വീണത്‌ കൊണ്ടുമാണു അച്ചനെ ഞങ്ങൾക്ക്‌ അന്ന് തിരിച്ചകിട്ടി്‌യേന്ന് മനസ്സിലായി..
പിന്നീട്‌ ഒരു പ്രാവശ്യം ലോട്ടറി വിൽപന കഴിഞ്ഞു വരുന്ന വഴിയിൽ രാത്രിയിൽ ഒരു മോട്ടോർ ബൈക്കുകാരൻ അച്ചന്റെ ബാഗ്‌ തട്ടിപ്പറിക്കാൻ വേണ്ടി അച്ചന്റെ കാലുകൾക്കിടയിലൂടെ ബൈക്ക്‌ ഓടിച്ച്‌ കയറ്റി അച്ഛനെ വല്ലാതെ മുറിവേൽപിച്ചിരുന്നു ..
ഭയത്താലും വേദനയാലും ദേഹം മുഴുവൻ ചോരയൊലിച്ചിരിക്കുന്ന അച്ഛനെ കെട്ടി പിടിച്ച്‌ കരഞ്ഞ ഞങ്ങളെ ചേർത്ത്‌ പിടിച്ച്‌ അഛൻ പറഞ്ഞു
"എന്റെ മക്കളെ കാണാനുള്ള ഭാഗ്യംകൊണ്ടാ അച്ഛനിന്ന് വീട്ടിലെത്തിയേന്ന്"
വർഷങ്ങൾ ഒരു പാട്‌ പിന്നിട്ടു,
ജീവിതത്തിലൊരുപാട്‌ ‌ കഷ്ടങ്ങൾ നമ്മളൊന്നിച്ച്‌ അനുഭവിച്ചു..
മനസ്സിലെന്നും ആശ്വസിച്ചിരുന്നത്‌ സമ്പാദ്യങ്ങളൊന്നും ഇല്ലെങ്കിലും കൊളസ്റ്റ്രോളോ ഷുഗറോ പ്രഷറോ ഒന്നുമില്ലാത്ത ആരോഗ്യവാനാണല്ലോ അച്ഛൻ എന്നോർത്തായിരുന്നു..
മൂന്ന് മാസങ്ങൾക്ക്‌ മുമ്പ്‌ ഒരു കൈ വേദനയുമായി ഡോക്ടറെ കാണിച്ചതാ..
എക്സറേയിൽ സംശയം തോന്നുകയും തുടർപരിശോധനയിൽ കാൻസർ ആണെന്ന് കണ്ടെത്തുകയും അതിനു മുന്നിൽ അച്ചൻ തോറ്റു കൊടുക്കുകയുമായിരുന്നു,.
ഒരു പാട്‌ കുടുംബങ്ങളെ അനാഥമാക്കുന്ന ഈ മാറാരോഗത്തിനെതിരിരെ ഇനിയും നമ്മുടെ സാങ്കേതിക വിദ്യ വളർന്നില്ലെന്നത്‌ എന്റെ നാടിന്റെ ദുര്യോഗവും ഞങ്ങളുടെ വിധിയുമായി....
ഇന്ന് ഞങ്ങളുടെ അച്ഛൻ പോയിട്ട്‌ നാലപ്ത്തൊന്നാം ദിവസമാണു, ജീവിതത്തിൽ ആരോടും ( ആ ബൈക്കുകാരനെതിരെ കേസ്സ്‌ കൊടുക്കാൻ പോലീസ്‌ ആവശ്യപ്പെട്ടപ്പോൾ അയാളോട്‌ പോലും ക്ഷമിച്ച ) ഒരു വൈരാഗ്യ ചിന്തയും ഒരു സ്വാർത്ഥ മോഹവും തൊട്ട്‌ തീണ്ടിയില്ലാത്ത ഞാൻ കണ്ടതിൽ വച്ച്‌ ഏറ്റവും വലിയ സത്യസന്ധനുമായ എന്റെ അഛനെ വാക്കുകളാൽ പൂർണ്ണമായും വരച്ചിടാനാകില്ലെങ്കിലും ആ ഓർമ്മകൾക്ക്‌ മുന്നിൽ ഞാൻ നടത്തുന്ന പിതൃതർപ്പണമാണിത്‌...
"കണ്ണടച്ചാൽ എൻ കണ്ണിലെത്തുമെന്നച്ഛനു
പിന്നെ ഞാനെങ്ങനെ ബലിചോറുരുട്ടേണ്ടൂ??
✍️ഷാജി എരുവട്ടി...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot