നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"പതറുകയില്ല ഈ മനമൊരിക്കലും നിന്നെ പിരിയുന്ന നാൾവരേക്കും"

"പാതിനഗ്നമായ എന്റെമേനിയിലവൾ വിരലുകളാൽ കൃസൃതി കാണിക്കുമ്പോളെന്റെ മനസ്സ് കുറ്റബോധത്താൽ നീറുകയായിരുന്നു.പാതിരാക്കാറ്റ് ജാലകവാതിലൂടെ മെല്ലെ അരിച്ചിറങ്ങിയപ്പോൾ സഹധർമ്മിണിയെന്നെയൊന്നു കൂടിചേർത്തണച്ചു...
ദൂരെയെവിടെയോ പാലപൂത്തിരിക്കുന്നു.പാലപ്പൂവിന്റെ നറുസുഗന്ധമെന്റെ നാസികാഗ്രന്ഥികളിൽ അറിഞ്ഞു തുടങ്ങിയപ്പോൾ ശരിക്കും തലപെരുത്തു കയറുന്നതു പോലെതോന്നി..
ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ പ്രിയതമയെ നോക്കുമ്പോൾ അവളാഗാധമായ നിദ്രയിലേക്കു വഴുതിവീണിരുന്നു..
നിശ്ചലമായ അന്തരീക്ഷത്തിൽ ഘടികാരം കൂടുവിട്ടു കൂടുമാറുന്നതിന്റെ ടിക് ടിക് ശബ്ദം മാത്രം മെല്ലെ പൊഴിക്കുന്നു...
എന്നെ ഗാഢമായി പുണർന്നിരുന്ന അവളുടെ കൈകൾക്കിപ്പോൾ അയവു വന്നിരിക്കുന്നു.മങ്ങിയ വെളിച്ചത്തിൽ ഞാനവളെ വീക്ഷിക്കുമ്പോൾ നറുപുഞ്ചിരി പൊഴിച്ചുകൊണ്ടവൾ ശാന്തമായി നിദ്രയെ പുൽകികൊണ്ടിരിക്കുന്നു..
ജോലിചെയ്തു തളർന്നു കിടക്കുന്ന പ്രിയതമയുടെ വിരലുകൾ ഞാനെന്റെ കൈകളിൽ ചേർത്തുവെച്ചൊരു ചുംബനവും നൽകി .ഇറ്റിറ്റുവീഴുന്നെന്റെ നീർമണി തുളളികൾ അവളുടെ വിരലുകളെ തഴുകിതലോടിയപ്പോളവൾ സാവധാനമൊന്നു കുറികിക്കൊണ്ടു കൂടുതൽ ചേർന്നു കിടന്നു...
പുണർന്നു കിടക്കുന്ന അവളുടെ കൈകകളെയെന്നിൽ നിന്നും മോചിതമാക്കി സാവധാനം കട്ടിലിലേക്കു താഴ്ത്തിവെച്ചു..
പതിയെ കാൽപ്പാദങ്ങൾ നിലത്തുറപ്പിച്ചു ഞാനെഴുന്നേറ്റു കുടിവെള്ളം പകർന്നുവെയ്ക്കുന്ന മൺകൂജയിലെത്തിപ്പിടിച്ചെന്റെ വദനത്തേക്ക് ചെറുതായി കമഴ്ത്തി.ഉളളറകൾ ശൂന്യമായിരുന്ന മൺകൂജയിൽ നിന്നും രണ്ടുതുളളി ജലമെന്റെ നാവിലേക്കിറ്റു വീണു..
കൂടുതൽ ദാഹാർത്തനായ ഞാൻ അടുക്കളയിൽചെന്നു മൺകലത്തിൽ നിന്നും വെളളം പകർന്നു ദാഹം തീർത്തു..
തുരമ്പുപിടിച്ച വിജാഗിരികൾ കറുമുറെ ശബ്ദമുണ്ടാക്കിയെങ്കിലും ഞാനാ കതകു മെല്ലെ തുറന്നു.പതിയെ ഞാനാകാശേക്കും കണ്ണുകളാൽ വീക്ഷിച്ചു.നിലവെളിച്ചം പരന്നൊഴുകി ഭൂമിയെയും വൃക്ഷലതാദികളെയും ചുംബിച്ചു കൊണ്ടിരിക്കുന്നു.വിണ്ണിലൊരായിരം താരകകുഞ്ഞുങ്ങൾ ഇമകൾ വെട്ടിത്തുറന്നു ചിരിക്കുന്നു..
നിശയുടെ സൗന്ദര്യത്തിനൊരു പ്രത്യേകഭംഗി കൈവന്നതുപോലെയയൊരു അനുഭൂതി..
ചിന്തകൾക്കു കനമേറിയപ്പോൾ മനസ്സു വല്ലാതെ പിടക്കുന്നു.ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു..
സാധുവായൊരു സ്ത്രീയെ വഞ്ചിച്ചതിനാലെന്റെ നെഞ്ഞു പിഞ്ഞിക്കീറുന്നു..ഒരുമനസ്സും ഒരുശരീരവുമായി ഏഴുവർഷം പിന്നിട്ടപ്പോളിന്നുവരെ എനിക്കായിമാത്രം ജീവിച്ചൊരു സാധുസ്ത്രീയായ എന്റെകുഞ്ഞിന്റെയമ്മയെ ഒരുനിമിഷാർദ്ധസുഖത്തിനായി ഞാൻ മറന്നുപോയി..
മനസ്സുകൊണ്ടാ പാദരവിന്ദങ്ങളിൽ നൂറുവട്ടം മുഖംചേർത്തു ഞാനെന്റെ തെറ്റുകളേറ്റു പറഞ്ഞു മാപ്പിരുന്നു..
മനസുവല്ലാതെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു.തെറ്റുകളേറ്റു പറഞ്ഞൊരു ആശ്വാസവാക്കുകൾ ലഭിച്ചിരുന്നെങ്കിൽ കനലുകളെരിയുന്നമനസിനു പുതുമഴപെയ്തു തോർന്നൊരനുഭവം കിട്ടുമായിരുന്നു..
പതിയെ ചുമലിലൊരു കരസ്പർശമേറ്റു ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പെയ്തൊഴിയാതെ നിറഞ്ഞു നിൽക്കുന്നൊരു പേമാരിയെയെ മനക്കണ്ണിൽ ദർശിച്ചു..
ആർത്തലച്ചവൾ എന്നിലേക്കു പെയ്തൊഴിയുംവരെ ഞാനുമാ മഴയിലങ്ങനെ അലിഞ്ഞു ചേർന്നു..
താലികെട്ടിയ നാൾമുതൽ നിഴലായി ഞാൻ നടന്നു.എന്റെശ്വാസത്തെക്കാളീദേഹിക്കു പ്രാണനും നൽകി.ഈശ്വര്യതുല്യനായി കണ്ട പ്രിയതമനൊരു തെറ്റു സംഭവിക്കുമ്പോളത് എന്റെയുമൊരു പാകപ്പിഴയാണ്.നിന്റെ മനസ് ഞാനറിഞ്ഞു ക്ഷമ നൽകിയില്ലെങ്കിൽ പിന്നെഞാനാർക്കായി ജീവിക്കും...നിന്റെ പാദങ്ങളിൽ അർപ്പിച്ചതാണെന്റെ ജീവിതം..
മനസുകൊണ്ടറിഞ്ഞു അവളെന്നിലേക്കു കുളിർമഴയായി നിറഞ്ഞപ്പോൾ എവിടെ നിന്നോ ഇലഞ്ഞിപ്പൂവിന്റെ നവ്യമായ സൗരഭ്യം ഞങ്ങളെ തേടിയെത്തി..
കാർമേഘങ്ങളൊഴിഞ്ഞ മനസ്സുമായി ഞാൻ അവളിലേക്കു ചേർന്നു നിന്നു മൂർദ്ധാവിലൊരു ചുംബനം നൽകുമ്പോൾ മനസിലാമന്ത്രം നൂറ്റൊന്നാവർത്തി ഏറ്റുചൊല്ലുകയായിരുന്നു...
"പതറുകയില്ല ഈ മനമൊരിക്കലും നിന്നെ പിരിയുന്ന നാൾവരേക്കും"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot