നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു അച്ഛന്റെ രോദനം

ഒരു അച്ഛന്റെ രോദനം
**********************
"വാതില്‍ തുറന്നിട്ട് നടന്നോളും എത്ര പറഞ്ഞാലും കേൾക്കില്ല..."
ഓഫീസില്‍ നിന്നും മടങ്ങിയെത്തിയ മഹേഷ് ഉറക്കെ പിറുപിറുത്തുകൊണ്ട് വീടിനകത്തു കയറി
ബൈക്കിന്റെ സ്വരം കേട്ട് അടുക്കളയില്‍ നിന്നും പുറത്തേക്ക് വന്ന കീർത്തിക്ക് മനസ്സിലായി ആളൽപം കലിപ്പിലാണ്..
""അടുക്കളയില്‍ ആയിരിക്കുമ്പോൾ മുൻവാതിൽ അടച്ചിടണമെന്ന് എത്ര തവണ പറഞ്ഞു ? കേൾക്കരുത്.. മാളൂട്ടി എവിടെ ?"" ഷർട്ടിൻ്റെ ബട്ടൻസ് അഴിക്കുന്നതിനിടെ മഹേഷ് ചോദിച്ചു
"അവള്‍ ഗോപിചേട്ടൻ്റെ വീട്ടില്‍ ...".കീർത്തി അത്രയും പറഞ്ഞ് വരുമ്പോഴേക്കും മഹേഷ് ചൂടായി പറഞ്ഞു
"ഏതു സമയത്ത് നോക്കിയാലും അപ്പുറത്തെ വീട്ടില്‍ , സ്വന്തം വീട്ടില്‍ ഇരുന്നാൽ പോരേ? എങ്ങനാ ഇതൊക്കെ നോക്കാന്‍ നിനക്ക് നേരമില്ലല്ലോ? "മഹേഷ് എണ്ണിപറഞ്ഞുകൊണ്ടിരുന്നു..
ംഗം പന്തിയെല്ലെന്ന് കണ്ട് കീർത്തി പതിയെ പുറത്തിറങ്ങി . ഇന്ന് ഓഫീസില്‍ ബോസിൻ്റെ അടുത്ത് നിന്നും ആവശ്യത്തിന് കിട്ടി കാണും അതിന്റെ ചൂടാവും അല്ലേല്‍ ആദ്യമായിട്ടല്ല അവള്‍ തൊട്ട് അടുത്ത ഗോപിചേട്ടൻ്റെ വീട്ടില്‍ പോകുന്നത് ..
ഗർഭിണിയായ തന്നേയും കൊണ്ട് ഈ നാട്ടില്‍ ജോലിക്കു മഹേഷ് വരുമ്പോള്‍ താമസിക്കാന്‍ ഒരു വീട് ശരിയാക്കി തന്നത് ഓഫീസിലെ പ്യൂണായ ഗോപിചേട്ടനായിരുന്നു ഗോപിയേട്ടനും കുടുംബവും പിന്നീട് സ്വന്തം ആയി മാറുകയായിരുന്നു...
മാളൂട്ടി ഉണ്ടായപ്പോൾ തൊട്ട് എപ്പോഴും ഗോപിയേട്ടൻ്റെ ഭാര്യ ഓടി വരും തന്നെ സഹായിക്കും .. അല്ലെങ്കില്‍ മോളെ എടുത്ത് കൊണ്ട് പോകും ...വളർന്ന് വന്നിട്ടും മോൾക്ക് അവരെ മതിയായിരുന്നു ...
ഇതൊക്കെ മഹേഷിനും അറിയാതെയല്ല...പിന്നെന്താണാവോ ഇന്ന് ഇങ്ങിനെ ?
കീർത്തി ഗോപിയേട്ടൻ്റെ വീട്ടിൽ വാതിൽക്കലെത്തിയപ്പോൾ തന്നെ മാളൂട്ടിയുടെ ഉച്ചത്തില്‍ ഉള്ള പൊട്ടിച്ചിരി കേട്ടു ...
അകത്ത് കേറിയപ്പോൾ കണ്ടു . ഗോപിയേട്ടൻ്റെ മൂത്ത മോൻ സനലിൻ്റെ പുറത്തു വേതാളത്തെ പോലെ തൂങ്ങി കിടക്കുന്നു മോൾ..തൊട്ടടുത്ത് ഇളയ മോന്‍ വിമലുമുണ്ട്...
മാളൂട്ടി വായാടിയാണ്....
"വാ മോളേ അച്ഛന്‍ വന്നു ..""കീർത്തി വിളിച്ചു ..
അത് കേട്ടു മനസ്സില്ലാമനസ്സോടെ മാളൂട്ടി പുറത്തു നിന്നും ഊർന്നിറങ്ങി അമ്മയെ കെട്ടി പിടിച്ചു
""നാളെ വരാട്ടാ... "അവള്‍ കൈകള്‍ ഉയര്‍ത്തി യാത്ര പറഞ്ഞു ..
വീട്ടില്‍ കയറി മഹേഷിനെ കസേരയില്‍ ഇരിക്കുന്നത് കണ്ടതും ഓടിചെന്ന് മടിയില്‍ കയറാന്‍ നോക്കി ..
മഹേഷ് അത് തടഞ്ഞു കൊണ്ട് ചോദിച്ചു
""നീ എവിടെയായിരുന്നു?""
അച്ഛൻ്റെ പതിവില്ലാത്ത ആ ചോദ്യം കേട്ട് മാളൂട്ടി പകച്ചുനിന്നു ..
"നിന്നോടല്ലേ ചോദിച്ചേ? "മഹേഷിൻ്റെ സ്വരം കനത്തിരുന്നു..
ഞാന്‍ അപ്പുറത്ത് ...സനലേട്ടൻ്റെ കൂടെ .....ഭയം കൊണ്ട് അവൾ വിക്കി വിക്കി പറഞ്ഞു
"നിന്റെ ഒരു സനലേട്ടനും വിമലേട്ടനും ഇനി ഇവിടെ ഇരുന്നു കളിച്ചാ മതി കേട്ടാ ..."കണ്ണുരുട്ടി ചൂണ്ടു വിരല്‍ ഉയര്‍ത്തി അത് പറയുമ്പോഴേക്കും മാളൂട്ടി കരച്ചില്‍ തുടങ്ങിയിരുന്നു ..മഹേഷ് അത് നോക്കാതെ കസേരയില്‍ നിന്നും എഴുന്നേറ്റു പോയി ..
കൈകെട്ടി അനുസരണയുള്ള കുഞ്ഞായി നിന്ന് ഏങ്ങലടിച്ചു കരഞ്ഞു മാളൂട്ടി...അച്ഛനെന്താ ഇങ്ങനെ പറഞ്ഞേ അവൾക്കൊന്നും മനസ്സിലായില്ല
കീർത്തി പതിയെ മോളുടെ അടുത്ത് ചെന്നു മുഖം തുടച്ചു .."മോള് കുളിക്കാന്‍ ഉടുപ്പു മാറ് അമ്മ ഇപ്പോള്‍ അച്ഛന് ചായ കൊടുത്തിട്ടു വരാം .."
ചായ കൊടുത്ത് കീർത്തി പതിയെ മഹേഷിനോട് കാര്യം ചോദിച്ചു ..
രാവിലെ പത്രത്തില്‍ വന്ന അഞ്ച് വയസ്സ് കാരി പീഡിപ്പിച്ച കേസ് ഓഫീസിലെ ഒരാളുടെ മോളാണെന്ന്....മഹേഷ് അത് പറയുമ്പോള്‍ വികാരാധീനനായി...
കീർത്തി മറുപടി ഒന്നും പറയാന്‍ ഉണ്ടായില്ല ..ഓരോ പീഡനകഥയും കേൾക്കുമ്പോൾ വിറകൊള്ളുന്നത് മാതാപിതാക്കളാണ് ...മക്കൾ വരാന്‍ ഒരൽപം വൈകിയാൽ ചങ്ക് പിടക്കും.. മഹേഷ് ഇങ്ങനെ ഒരു തിരുമാനം എടുത്ത് പോയതിൽ ഒന്നും പറയാനൊക്കില്ല...
കുളിപ്പിക്കുന്ന നേരം കീർത്തി മോളോടു പറഞ്ഞു ...
"കുട്ടികളെ ഒക്കെ ഉപദ്രവിക്കുവാ ഓരോരുത്തര്... അതോണ്ട് മോളിനി എവിടേം കളിക്കാന്‍ പോണ്ടട്ടാ..."
"അപ്പോ ഇനി ഞാന്‍ ഗോപിമാമൻ്റെ വീട്ടിലും പോണ്ടേ?"
"അമ്മേടെ കൂടെ മാത്രം പോയാ മതീട്ടാ..ആണുങ്ങടെ കൂടെ ഒന്നും കളിക്കാന്‍ പോണ്ടാട്ടാ.."
"അതെന്താ അമ്മേ ചേട്ടന്‍മാര് ചീത്തയല്ലോ
? ആണ്ങ്ങള് ഒക്കെ ചീത്തയാണോ?"
"ഹേയ് അല്ല മോളേ കുറച്ച് പേരെ ചീത്തയുള്ളൂ... പക്ഷേ നമ്മള്‍ പെണ്ണുങ്ങള് സൂക്ഷിക്കണം .....ആരേം മോളുടെ ശരീരത്തില്‍ തൊടാൻ കൂട്ടാക്കരുത്ട്ടാ..."
ഉം.. അവളൊന്നിരുത്തി മൂളി . പിന്നെ ചോദിച്ചു .. "അപ്പോ അച്ഛനും ? അച്ഛനും ഇനി എന്നെ തൊടാൻ പാടില്ലേ?"
അവളുടെ ആ ചോദ്യത്തിന് എന്തു മറുപടി എന്ന് പറയുമെന്നോർത്ത് കീർത്തി പരുങ്ങി..
അവരുടെ സംസാരം കേട്ടു നിന്ന മഹേഷ് തലതാഴ്ത്തി അവിടെ നിന്നും നടന്നു നീങ്ങി..
അച്ഛന്റെ വിരലുകളിൽ തൂങ്ങി നടക്കുന്ന മകള്‍ ..
അച്ഛന്‍്റെ മടിയില്‍ ഇരുന്നു നെഞ്ചില്‍ ചാഞ്ഞു കിടന്നുറങ്ങിയ എത്രയോ രാത്രികള്‍ ..
അങ്ങനെ ഹൃദയത്തില്‍ ചേര്‍ത്ത് വളര്‍ത്തിയ പെൺകുട്ടികളോട് വളരുമ്പോ അച്ഛനെ സൂക്ഷിക്കണമെന്ന് എങ്ങനെ പറയും...
ഒരു അപരിചിതനെ പോലെ ....
ബാല്യം മുതല്‍ പുരുഷന്മാരെ ഭീതിയോടെ കാണണമെന്ന് എങ്ങനെ പറയും? അങ്ങനെ വളരുന്ന പെൺകുട്ടി നാളെയൊരിക്കൽ മറ്റൊരാളുടെ വധുവായി തീരണ്ടതല്ലേ? ഭയത്തോടെ ജീവിക്കുന്ന അവള്‍ ഈ സമൂഹത്തില്‍ എങ്ങനെ ആത്മാവിശ്വസത്തോടെ പെരുമാറാനാവും?
അവള്‍ ആരെ വിശ്വസിക്കണം? ജന്മം തന്ന പിതാവിനേയും കഥകള്‍ പറഞ്ഞു തരുന്ന അപ്പൂപ്പനേയും കൂടി പഠിക്കുന്ന സഹപാഠിയേയും ഹൃദയം കീഴടക്കുന്ന കാമുകനേയും സംശയത്തിൻ്റെ നിഴലോടെ മാത്രം കണ്ടു കൊണ്ട് ഒരു ജീവിതം ....
കുളിച്ച് കയറി വരുമ്പോള്‍ ഉച്ചത്തില്‍ വച്ച ടിവിയില്‍ പീഡനകഥവികൾ വിവരിക്കുന്നു.. മാളൂട്ടി കുറച്ചു നേരം അത് നോക്കി നിന്നു പിന്നെ നടന്നു പോയി .
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പെട്ടെന്ന് മാളൂട്ടി ചോദിച്ചു ..
"എന്നേം പീഡിപ്പിക്കോ?"
ആര്?
"അവര്...ആണുങ്ങള്..."
"ഇല്ല മോളേ.. മോളുറങ്ങിക്കോ അമ്മേടെ അടുത്തല്ലേ മോള്.."അതും പറഞ്ഞു കീർത്തി മോളെ ചേര്‍ന്ന് കിടന്നു..
പിറ്റേന്ന് സ്കൂളില്‍ പോകാന്‍ മുടി കെട്ടി നിൽക്കുമ്പോഴാണ് വിമൽ ആ വഴി വന്നത് ..
കണ്ടപ്പോള്‍ തന്നെ മാളൂട്ടി പറഞ്ഞു .."ഞാന്‍ ഇനി അങ്ങോട്ടു വരില്ലാ..ആണ്ങ്ങള് പീഡിപ്പിക്കുന്ന്..."
മോളുടെ പെട്ടെന്ന് മുഖത്തടിച്ച പോലെ ആ പറച്ചില്‍ കേട്ട് തരിച്ച് നിന്നു വിമൽ ..
കീർത്തി മോളുടെ വാ പൊത്തി പെട്ടെന്ന് .
മുഖം തിരിച്ചു മാളൂട്ടി അമ്മയെ നോക്കി ..
ഒരു നിമിഷം പകച്ചു നിന്ന വിമൽ പെട്ടെന്ന് മടങ്ങി ..
വിമലിൻ്റെ ഉള്ളില്‍ സങ്കടം തിരതല്ലുകയായിരുന്നു.
പിറക്കാതെ പോയ അനിയത്തികുട്ടി...ഒരു നിമിഷം കൊണ്ട് അവള്‍ അന്യയായി ..വളർന്നു പോയി അവളെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല..
ആരാണ് അവളെ അന്യയാക്കിയത്?
പ്രായമോ ? കാലമോ? സമൂഹമോ? കാഴ്ചപ്പാടോ?
ആ കുടുംബങ്ങള്‍ അകലുകയായിരുന്നു..
നിഷ്കളങ്കമായ ഹൃദയങ്ങളിൽ കരിനിഴൽ വീഴ്ത്തിയ
മുഖംമൂടി ധരിച്ച കാമവെറി പൂണട ചില ആത്മാക്കളുടെ ചെയ്തികൾ...

Shabna Felix

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot