Slider

#കൂടിക്കാഴ്ച.

0
ഉച്ചഭക്ഷണം കഴിക്കാനായിട്ട് ഹോട്ടൽ ലക്ഷ്യമാക്കി ഇറങ്ങിയതായിരുന്നു ഞാൻ, വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്ന റോഡിലെ എതിർ സൈഡിലേക്ക് വെറുതെയൊന്നു നോക്കിയതും ഞാനൊന്നു ഞെട്ടിയതും ഒരുമിച്ചായിരുന്നു,
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഈശ്വരാ..., ഞാനീ കാണുന്നത് സത്യമാണോ?, ഒരാളെപ്പോലെ ഏഴ് പേരുണ്ടെന്നൊക്കെ ആരൊക്കെയോ എവിടൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്, ഇതും അതുപോലെയൊരു അപരനാകമോ..? അതോ ഒറിജിനൽ തന്നെയാകുമോ? ഞാൻ റോഡിന്റെ ഇപ്പുറം നിന്നുകൊണ്ട് വീണ്ടും സൂക്ഷിച്ചു നോക്കി, അല്ല, ഇത് അപരനല്ല, ഒറിജിനൽ തന്നെയാ....,ഫോട്ടോയിൽ കണ്ടപ്പോഴും ഇതുപോലെ തന്നെയാ എനിക്ക് തോന്നിയിട്ടുള്ളത്, എന്തായാലും റോഡ് മുറിച്ചുകടന്ന് അടുത്തുചെന്ന് ഒന്നു പരിചയപ്പെടുക തന്നെ....,
റോഡ് മുറിച്ചുകടക്കാൻ വേണ്ടി റോഡിന്റെ ഒരു വശത്തു കയറിയതും വാഹനങ്ങൾക്ക് സ്പീഡ് കൂടിയതുപോലെ, തോന്നലല്ല, സത്യം തന്നെയാണ്, ആരെങ്കിലുമൊന്ന് റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നത് കണ്ടാൽ വാഹനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നവരാ ബഹുഭൂരിഭാഗം ഡ്രൈവർമാരും,
ഒരു രക്ഷയുമില്ല, വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുകയാണ്, അടുത്തെങ്ങും ഒരു സീബ്രാലൈനും കാണുന്നുമില്ല,
വയൽ വരമ്പിലിരുന്ന് തവളചാടുന്നപോലെ റോഡിലേക്ക് കയറിയും പുറകോട്ടുതന്നെ ചാടിയും കുറച്ചുസമയം കടന്നു പോയി..., ഇടക്ക് ഞാൻ റോഡിന്റെ മറുവശത്തേക്ക് നോക്കി അദ്ധേഹം അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി, ഒരു ബുക്ക്സ്റ്റാളിന് മുന്നിൽ നിന്ന് പുസ്തകങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അദ്ധേഹം.
അതിസാഹസികമായ പരിശ്രമത്തിനൊടുവിൽ ഞാൻ ഒരുവിധം റോഡിന്റെ മുവശത്തെത്തി.
പുറംതിരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തെ പതിയെ തൊട്ടുകൊണ്ട് ഞാൻ 'ഹലോ' പറഞ്ഞു,
ഞെട്ടിത്തിരിഞ്ഞുകൊണ്ടദ്ധേഹം എന്നെയൊന്നു സൂക്ഷിച്ചു നോക്കിയശേഷം ചൂണ്ടുവിരൽ തലയിൽ ചേർത്ത് പിടിച്ചുകൊണ്ട് മേലോട്ട് നോക്കി, അദ്ധേഹം നോക്കിയ അതേഭാഗത്തേക്കുതന്നെ ഞാനും നോക്കിയെങ്കിലും കുറച്ചു കാർമേഘങ്ങളെ മാത്രമെ എനിക്ക് കാണാൻ കഴിഞ്ഞതൊള്ളോ....,
അദ്ധേഹത്തിന്റെ നിൽപുകണ്ടപ്പോൾ ഞാൻ പറഞ്ഞു,
"ഞാൻ മുനീർ, മുനീർചൂരപ്പുലാക്കൽ,"
ഉടനെ അദ്ധേഹമെന്നോട്,
"ഓർമ കിട്ടുന്നില്ലല്ലോ അനിയാ...,"
ഞാൻ വീണ്ടും,
"ഉണ്ണി സാറല്ലേ, നല്ലെഴുത്തിൽ ഞങ്ങൾക്ക് മുന്നിൽനിന്ന് വഴികാട്ടുകയും, പുറകിൽ പോയിരിക്കുകയും ചെയ്യുന്ന ഉണ്ണിസാറല്ലേ?"
"അതെ...., നീ...?"
"ഞാൻ മുനീർ, ചില കഥകളൊക്കെ എഴുതാൻ ശ്രമിച്ചിരുന്നു... "
"കഥകളോ..? ഒന്നുരണ്ട് കഥകളുടെ പേര് പറഞ്ഞേ...,"
"അവസാനം എഴുതിയത് 'ചുരുളഴിയുന്ന രഹസ്യങ്ങൾ, മഴയിലും അണയാത്ത ദീപങ്ങൾ, അമ്മമനസ്സ്....... "
മുഴുവൻ പറഞ്ഞുതീരുന്നതിനു മുമ്പേ ഉണ്ണിസാറിടപെട്ടു,
"ഉം..,മതി മതി.., ആളെ മനസ്സിലായി.., ഞാനും തന്നെയൊന്നു കാണാനിരിക്കുയായിരുന്നു...,"
വർദ്ധിച്ച സന്തോഷത്തോടെ വിനീതനായി ഞ്യാൻ..,
"കണ്ടോളൂ സാർ..., ഞാനിതാ മുന്നിൽ..."
"എന്ത് എഴുത്താണടൊ നീ എഴുതുന്നത്..?, നിനക്ക് കഥകളെന്നാൽ എന്താണെന്നറിയോ?, വായനയുടെ കുറവ് നല്ലോണമുണ്ടെന്ന് നിന്റെ എഴുത്ത് കണ്ടാലറിയാം..."
ഉണ്ണിസാറിന്റെ വാക്കുകൾ കേട്ടതും മുഖത്ത് നവരസങ്ങൾ വോൾട്ടേജ് കുറഞ്ഞ റ്റ്യൂബ്ലൈറ്റ് പോലെ മിന്നി മറിയാൻ തുടങ്ങി, പണ്ട് സൈക്കിളിൽ നിന്നും വീണപ്പോൾ ചിരിച്ച അതേ ചിരിയുമായി ഞാൻ വേഗം പ്ലൈറ്റ് മാറ്റാനൊരു ശ്രമം നടത്തി,
"സാറ് ഒമാനിലാണെന്നല്ലേ പറഞ്ഞിരുന്നത്..? എന്നിട്ടെന്താ ഇവിടെ..?"
എന്നെ അടിമുടി ഒന്നു നോക്കിയ ശേഷമാണ് ഉണ്ണിസാറതിന് മറുപടി പറഞ്ഞത്,
"ആയിരുന്നു, പക്ഷേ, ഞാനവിടുന്ന്പോന്നു, ഇപ്പോൾ ദാ ഈ ബുക്ക്സ്റ്റാൾ നടത്തുന്നു.."
"ബുക്ക്സ്റ്റാളോ...?"
"എന്തെ...?"
"ഒന്നുമില്ല, ഇപ്പൊ ആരെങ്കിലും പുസ്തകമൊക്കെ വായിക്കോ? എല്ലാം ഓൺലൈന........."
ഇത്തവണയും പറഞ്ഞു മുഴുമിപ്പിക്കാൻ ഉണ്ണിസാറിന്റെ തീഷ്ണമായ കണ്ണുകളെന്നെ അനുവദിച്ചില്ല,
നാലഞ്ച് പുസ്തകം എന്റെ നേരെ നീട്ടിയിട്ടു ഉണ്ണിസാറ് പറഞ്ഞു,
"ഈ പുസ്തകങ്ങൾ വീട്ടിൽ പോയിരുന്നു വായിക്ക്, ഇതു തീർന്നാൽ വേറെ തരാം.., അതൊക്കെ വായിച്ചു തീർന്നതിനു ശേഷം മാത്രമെ നീയിനി എഴുതാവൂ...,"
"ഈ ബുക്ക്സ്റ്റാളിനു പകരം വല്ല കൂൾബാറോ, ഹോട്ടലോ ആയിരുന്നെങ്കിൽ....,"-ഞാൻ അടക്കിപിടിച്ച സ്വരത്തിൽ പറഞ്ഞു,
"എന്താ പറഞ്ഞത്?, ഞാൻ കേട്ടില്ല.., "
"ഹേയ് ഒന്നുമില്ല, ആ പുസ്തകങ്ങൾ വേഗംതരൂ.., ഞാൻ വായിച്ചു തീർക്കട്ടെ.., എനിക്ക് വായിക്കാൻ കൊതിയാകുന്നു എന്നു പറഞ്ഞതാ..,"
പുസ്തകങ്ങൾ വാങ്ങിക്കവാനായി ഞാൻ ഇരു കൈകളും നീട്ടിയതും കൈകളിൽ ആരോപിടുത്തമിട്ടു..., ശേഷം ഫ്രൈമിന് പുറത്തു നിന്നും ഒരശരീരിയും!
"നേരം വെളുത്തിട്ട് മണിക്കൂർ മൂന്നായി, ഇപ്പൊഴും എണീക്കാതെ കിടക്കയിൽ കിടന്ന് കൈകളുയർത്തി സർക്കസ് കളിക്കാ...,"
ഇരു കണ്ണുകളും തിരുമ്മിക്കൊണ്ട് കണ്ണ് തുറന്നപ്പോൾ മുന്നിൽ ബുർജ്ഖലീഫ പോലെ നിൽക്കുന്നു ഭാര്യ..!
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo