നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹം സ്ത്രീയോട് ചെയ്യുന്നത്


വിവാഹം സ്ത്രീയോട് ചെയ്യുന്നത്
......
ഞങ്ങളുടെ 'TN 55 C 6011' എന്ന് നമ്പറുള്ള കാർ ,കേരളത്തിന്റെ അതിർത്തി കടന്നു. കഥകളിയുടെയും തുള്ളലിന്റെയും ഓർമ്മയിൽ എന്റെ ഹൃദയം വാദ്യം മുഴക്കി. ആര്യ കൃഷ്ണൻ, എന്റെ ഭർത്താവ് ഒരു പുഞ്ചിരിയോടെ, 'ഭവതിയെയുമതികരുണമഴകിനൊരു വീണ്ടു നിൻ ഭർത്താവയോധ്യക്കെഴുന്നെള്ളുമാദരാൽ... ' എന്ന് തുടങ്ങി രാമായണ ശകലം മലയാളത്തിൽ ഭവ്യതയോടെ പാരായണം ചെയ്തു .വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മാത്രമേ അവനെന്നെ മലയാളം വ്യക്ത തയിൽ പറഞ്ഞ് ഞെട്ടിച്ചിരുന്നുള്ളൂ .പിന്നെപ്പിന്നെ എനിക്കത് ശീലമായി.
"നാളെത്തന്നെ തിരികെപ്പോവണം" ആര്യ ഡ്രൈവിംഗിൽ ശ്രദ്ധ പുലർത്തിക്കൊണ്ട് പറഞ്ഞു.
"വെറും 1 ദിവസം ?ഇങ്ങനെയാണെങ്കിൽ എന്തിനാ ഇങ്ങോട്ട് വന്നത്?" ഞാൻ നിസ്സഹായയായിരുന്നു.
അമ്മമ്മയും അമ്മയും അച്ഛനും ജോലിക്കാരുമുള്ള പൂങ്കാവനത്തിലേക്ക് കടന്നാൽ തിരികെ ചെന്നൈയിലേക്ക് പോവുക എന്നെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. ഞാൻ വിതുമ്പലടക്കാൻ അന്ന് ഒരുപാട് കഷ്ടപ്പെട്ടു. പിന്നീട് ഞങ്ങൾ ഒരു പാട് സംസാരിച്ചു. വീടെത്തിയപ്പോൾ അമ്മ ഓടി വന്നു. അമ്മയുടെ മുടിഴിയകൾക്ക് നര വന്നു തുടങ്ങിയിരുന്നു. അമ്മയെ വിവാഹശേഷം ഞാൻ ആദ്യമായാണ് കാണുന്നത്. അമ്മമ്മ കോലായിൽ സന്ധ്യാ വിളക്കിന് മുന്നിലിരുന്ന് " ശുക്ലാംബകധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേൻ
സർവ്വ വിഘ്നോഭ ശാന്തയേ "
എന്ന് പാടിക്കൊണ്ടിരുന്നു. എന്നെ കണ്ടപ്പോൾ 'ഇതാര് വൃന്ദമോളോ? 'എന്ന് കൗതുകപ്പെട്ടു. 3 മാസത്തെ എന്റെ വിശേഷങ്ങളെല്ലാം
അമ്മയോട് പങ്കുവെച്ച് ഞാൻ മുറിക്കകത്ത് കടന്നു ചെന്നു. വിവാഹിതയായി ചെന്നൈയിലേക്ക് ഞാൻ പടിയിറങ്ങിയപ്പോൾ എന്നെ യാത്രയാക്കിയ എന്റെ പ്രിയപ്പെട്ട മുറി. ഞങ്ങളുടെ 500 വർഷം പഴക്കമുള്ള തറവാട്ടിലെ പഴയ ഇരട്ടപ്പൊളി മരവാതിൽ ഞാൻ ചേർത്തടച്ചപ്പോൾ എന്റെ പഴകിയ ഷെൽഫിൽ നിന്നും ആര്യ ഒരു പുസ്തകവുമായി വന്നു. ഒറ്റ നോട്ടത്തിൽ ഞാനത് തിരിച്ചറിഞ്ഞു .നാലകത്തു വീട്ടിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനായ എന്റെ വലിയ വലിയ വലിയ മുത്തച്ഛൻ പത്നിക്ക് സമ്മാനിച്ച രാമായണപുസ്തകം. തലമുറകളായി കടന്നു വന്ന ഞങ്ങളുടെ തറവാട്ടിലെ പെൺകൊടികൾക്ക് ലഭിച്ച പഴയ പുസ്തകം. ഞാനത് ആര്യയുടെ കൈയ്യിൽ നിന്ന് വാങ്ങി, അതിൽ വിരലോടിച്ചു. പുസ്തകത്തിന്റെ പുറത്ത് സുഖവാസം നയിച്ച 3 മാസത്തെ പൊടി എന്റെ കൈത്തലങ്ങളിൽ പതിഞ്ഞു. 3 മാസത്തിന്റെ പഴക്കം.
അടുത്ത ദിവസം രാവിലെത്തന്നെ എനിക്ക് ചെന്നൈയിലേക്ക് പോകേണ്ടി വന്നു .ഞായറാഴ്ചയായിരുന്നു.
യാത്രയിൽ കാറിലിരുന്നു അവനോട് സംസാരിക്കെ ഞാൻ ഏറെ വിതുമ്പി.
"ആര്യ, വിവാഹം ഒരർത്ഥത്തിൽ ഒരു വ്യക്തിത്വത്തിന്റെയും സ്വപ്നത്തിന്റെയും മരണമാണ്. " ഞാൻ വിതുമ്പലിനിടയിൽ പറഞ്ഞു:
"എനിക്കുമില്ലേ ആര്യ അമ്മയും അച്ഛനും ?"
എന്റെ അച്ഛന്റെ ഗൾഫിലുള്ള കൂട്ടുകാരൻ സുരേന്ദ്രൻ അങ്കിളിന്റെ മകനാണ് ആര്യ.
സുരേന്ദ്രൻ അങ്കിളിന്റെ മരണം ഇന്നും വ്യക്തമല്ല.
" അച്ഛനെങ്ങനെയാ മരിച്ചത്?"
എന്നെ ചൂഴ്ന്നു നിന്ന ചോദ്യം ഞാൻ ചോദിക്കുക തന്നെ ചെയ്തു.
" അച്ഛന് ലുക്കീമിയയായിരുന്നു .മൂക്കിൽ നിന്നും കൊഴുത്ത രക്തം ചാടി അച്ഛൻ മരിച്ചു. കാൻസർ നീന്തിക്കുളിച്ച രക്തം."
ആ ദിവസത്തിന്റെ ഓർമ്മയിൽ അവന്റെ കണ്ണു നിറഞ്ഞു. ഞങ്ങളുടെ കാർ ഹൈവേയിലെ തിരക്കിനിടയിൽ നിന്നു പോയി.
അവനെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ അവന്റെ ഇടതു കൈത്തലത്തിൽ മൃദുവായി പിടിച്ചു.
പിറകിൽ നിന്നും മറ്റു വാഹനങ്ങൾ ഹോൺ മുഴക്കി. അവയുടെ ശബ്ദം താറാവിൻ കൂട്ടത്തെ അനുസ്മരിപ്പിച്ചു.
ആര്യ കാർ സ്റ്റാർട്ടാക്കി .ഞാൻ ആര്യയുടെ കുട്ടിക്കാലത്തെ ഓർക്കുകയായിരുന്നു.
ചെന്നൈയിലെ വീട്ടിലെത്തിയപ്പോൾ ഞാൻ തീർത്തും അവശയായിരുന്നു. എനിക്ക് ആര്യയുടെ വസ്ത്രങ്ങൾ ഇസ്തിരിയിടാനും ചിലത് അലക്കാനുമുണ്ടായിരുന്നു. ആര്യയാകട്ടെ വിയർത്ത വസ്ത്രങ്ങൾ മാറ്റാതെ നേരെ ബെഡ്ഡിലേക്ക് ചെരിഞ്ഞു. ജോലികൾ തീർത്ത് മേൽ കഴുകി നൈറ്റി ധരിച്ച് വന്നപ്പോൾ ആര്യ ഉറക്കത്തിലാണ്. പാന്റ്സിൽ നിന്നും ബെൽറ്റ് ഊരിയെടുത്തും സോക്സ് ഊരിയും ചുവന്ന കളംകളം ഷർട്ടിന്റെ ആദ്യത്തെ മൂന്ന് ബട്ടൺസ് അഴിച്ചും ആര്യയെ സ്വാതന്ത്രനാക്കി, ഞാൻ ചാരിതാർത്ഥയായി.
3 ആഴ്ചകൾ മിണ്ടാതെ കടന്നു പോയി.
ടെറസിൽ ചെടികൾ നനക്കുകയായിരുന്നു ഞാൻ. എന്നെ ഏകാന്തതയിൽ നിന്ന് രക്ഷിച്ച എന്റെ ചെടികൾ. പൊടുന്നനെ എന്റെ മൊബൈൽ ശബ്ദിച്ചത്. ആര്യയുടെ നമ്പറിൽ നിന്നായിരുന്നു. എടുത്ത ഉടനെ, "മിസ്സിസ് ആര്യയല്ലേ?" എന്ന് സ്ത്രീ ശബ്ദം അന്വേഷിച്ചു. ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു അവർ പറഞ്ഞത്.
ആര്യക്ക് ആക്സിഡന്റായി. ഞാൻ ഉലഞ്ഞു പോയി.
ഞാൻ വീട്ടിൽ ധരിക്കുന്ന സാരിയുടുത്ത് തന്നെ ആശുപത്രിയിലേക്ക് പോയി. ഉലഞ്ഞ മുടിയുമായി ഐ .സി .യുവിന്റെ വാതിൽ വരെയെത്തി. ഞാൻ തീർത്തും അവശയായിരുന്നു.
ആ നിമിഷം ഡോക്ടർ എന്നെ അകത്തേക്കാനയിച്ചു. ഐ. സി. യു വിൽ മരണത്തിന്റെ മുഷിപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിന്നിരുന്നു.
ഓക്സിജൻ മാസ്ക് ധരിച്ച ആര്യയുടെ മുഖം എന്നെ പരിഭ്രാന്തയാക്കി .അവന്റെ ശരീരം നിറയെ രക്തമായിരുന്നു.
" കൊണ്ടുവന്നപ്പോൾ ഇ. സി .ജി. ഫ്ലാറ്റ് ലൈനായിരുന്നു."
ഡോക്ടർ എന്റെ മുഖത്തേക്കുറ്റുനോക്കി.
എനിക്ക് ഒരു കൈത്താങ്ങാവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.
ജീവന്റെ തുടിപ്പുകൾ ഉള്ളിൽ അവശേഷിച്ചിട്ടും നിർജീവമെന്ന് തോന്നിപ്പിക്കുന്ന 5 അടി 8 ഇഞ്ച് ഉയരവും 90 കിലോ ഭാരവുമുള്ള ഒരു ശരീരമായിരുന്നു 1.C. Uവിലെ ആ കിടപ്പിൽ അവനെ തോന്നിച്ചത്. അവൻ എന്നാണ് എഴുന്നേൽക്കുന്നതെന്ന് ഞാൻ ഉൽകണ്ഠപ്പെട്ടപ്പോൾ " ഹീ ഈസ് ഇൻ കോമ സിറ്റ്വേഷൻ " എന്ന് ഡോക്ടർ ഭവ്യതയോടെ പറഞ്ഞു. എന്റെ ഹൃദയം കൊടുങ്കാറ്റടിച്ചതു പോലെ കിടുങ്ങി. കോമയിൽ നിന്ന് തിരിച്ചു വരാൻ 2 വർഷം വേണ്ടിവരും, അതുമല്ലെങ്കിൽ 4. എന്റെ നെഞ്ചിടിപ്പ് എനിക്കു തന്നെ കേൾക്കാമായിരുന്നു.
കഷടിച്ച് 300 ഗ്രാമുള്ള എന്റെ ഹൃദയഭാരം 3000ഗ്രാമായി വർദ്ധിച്ചു എന്നും ഒരു മിനുട്ടിലെ എന്റെ ഹൃദയത്തിന്റെ ശരാശരി സ്പന്ദനം 72 ൽ നിന്നും 82 ആയി വർദ്ധിച്ചു എന്നും ഞാൻ വിഭ്രമിച്ചു. 20 വർഷമായി മിടിക്കുന്ന ഹൃദയത്തിലെ സ്വപ്നജീവി വിതുമ്പുന്നത് ഞാൻ വ്യക്തതയിൽ കേട്ടു .
അവൻ പഴയ രൂപത്തിൽ എഴുന്നേൽക്കാൻ ഇനിയും രണ്ടു വർഷം , കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും രണ്ടു വർഷം അവൻ എഴുന്നേറ്റു വരികയാണെങ്കിൽ തന്നെ ഭൂതകാലത്തെ കുറിച്ച് അവന് ഓർമയുണ്ടാകുമോ?
അവൻ അബോധാവസ്ഥയിലെ ബോധാവസ്ഥയിൽ നിൽക്കുമ്പോൾ തീർച്ചയായും ഞാൻ ബോധാവസ്ഥയിലെ അബോധാവസ്ഥയിലായിരിക്കും.
അൽപ ദിവസത്തിന് ശേഷം അവനെ വീട്ടിലേക്ക് മാറ്റി. ഞങ്ങളുടെ വീട്ടിലെ വിശാലമായ രണ്ടു മുറികളുള്ള വലിയ ഹാളിലെ ഒരു മുറിയിൽ അവൻ ബെഡ്പാനിന് മുകളിൽ ഗർഭജലത്തിലെ ഭ്രൂണത്തെ പോലെ പുറത്തു നടക്കുന്നത് എന്തെന്നറിയാതെ കണ്ണടച്ചു കിടന്നു.
കഴിഞ്ഞു പോയ മൂന്നു മാസവും എന്റെ കൂടെ നടന്ന എന്റെ ഭർത്താവ്,.
'ആര്യ' ഞാൻ ഗദ്ഗദത്തോടെയാണ് വിളിച്ചത് .
എനിക്ക് പറഞ്ഞു തീർക്കാനുള്ളത് കഴിഞ്ഞ മാസങ്ങളിൽ ജോലി തിരക്കുമൂലമായിരിക്കാം അവൻ തള്ളി കളഞ്ഞത് .
വിവാഹ ശേഷം അമ്മക്ക് മുറ്റമടിച്ചു കൊടുക്കാതെ തിരക്കുള്ള ഈ ചെന്നൈ നഗരത്തിൽ വീട്ടിൽ വെറുതെ പുസ്തകം വായിച്ചിരുന്നപ്പോൾ എന്റെ വീട്ടുമുറ്റത്ത് കൊഴിഞ്ഞു വീണ ഇലകളെല്ലാം എന്റെ മനസിൽ തീർത്ത എന്തോ ഒരു വികാരം പോലെ ആയിരുന്നു, എനിക്ക് ആര്യയോട് പറയാനുള്ള വാക്കുകൾ; എല്ലാം നഷ്ടബോധങ്ങൾ.
"ആര്യ ഞാനും ഒരു വ്യക്തിയല്ലേ? എനിക്കും ബന്ധങ്ങളില്ലേ ?അമ്മയേയും അമ്മമ്മയേയും കാണാനെങ്കിലും നമ്മൾ കേരളത്തിലേക്ക് പോകേണ്ടതല്ലായിരുന്നോ? ഞാനും സ്വപ്നമുള്ളവളായിരുന്നു. പക്ഷേ ജീവിതം എന്തോ ഒരു വലിയ വസ്തുവാണെന്ന് കരുതി കുട്ടിക്കാലത്തെ പെട്ടെന്ന് അനുഭവിച്ചു തീർത്ത് 20 വയസിൽ കുടുംബ ജീവിതം നയിക്കാൻ തയാറെടുത്ത വെറും വിഡ്ഢി.
എന്റെ കൂട്ടുകാരെല്ലാം അവിവാഹിതരാണ്. ഈ വിവാഹത്തിന് മുതിർന്നതിന് ഞാൻ അവർക്കിടയിൽ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്.
അതും ഞാൻ വളർന്ന നാട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഈ നാട്ടിലേക്ക്. പഠിച്ചും വായിച്ചും എഴുതിയും അന്ന് ഞാൻ നയിച്ച എന്റെ വിദ്യാർത്ഥിനി ജീവിതം തന്നെയാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. ഒരു കുടുംബിനിയാവുന്നത് സ്ത്രീ ജീവിതത്തിന്റെ ഏറ്റവും വലിയ ഘട്ടമാണെന്ന് അമ്മ പറഞ്ഞത് ഇപ്പോഴാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. " ഞാൻ സംസാരത്തിനിടെ അവന്റെ കൈത്തലത്തിൽ എന്റെ മുഖം ചേർത്തു. വാടിക്കരിഞ്ഞതും മഴ പോലെ കണ്ണുനീർ ഒലിച്ചിറങ്ങി വെള്ളപ്പൊക്കം സൃഷ്ടിച്ചതുമായ എന്റെ മുഖം. ആ നിമിഷം, അവന്റെ വിരലുകളിൽ നേർത്ത വിറയലുണ്ടായി. ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി .മുഖം നിർജീവമായതു പോലെത്തന്നെ ഇരുന്നു .എനിക്കിനിയും പറയാനുണ്ടായിരുന്നു. അവന്റെ ഭാഗത്ത് നിന്നും മറുപടിയുണ്ടാകാത്തത് കൊണ്ട് ഒരു മൃതശരീരത്തോട് സംസാരിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത് .അതാണ് സംസാരിക്കുന്നതിന്റെ ഗുണം, നാം പറയുന്നത് നമുക്കെങ്കിലും കേൾക്കാം.
" പഠിക്കുന്ന കാലത്ത് ഞാൻ നല്ല മാർക്കുകൾ വാങ്ങി. നാട്ടുകാർക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും നല്ല കുട്ടിയായി, പലരും അമ്മയോട് എന്നെപ്പറ്റി പുകഴ്ത്തി. വിവാഹ ശേഷവും ആര്യ, ഞാൻ അങ്ങനെയൊരു ശ്രമം നടത്തി. അതുവരെ അറിയാത്ത ,ഒരു താലി കെട്ടിലൂടെ ശരീരത്തിന്റെ പകുതിയായിത്തീർന്നവന്റെ വസ്ത്രമലക്കി, എച്ചിൽ പാത്രങ്ങൾ കഴുകി, അവനു വേണ്ടി പ്രാർത്ഥിക്കുകയും അവന് വേണ്ടി ചോറുപൊതികെട്ടുകയും അവന് വേണ്ടി ജീവിക്കുകയും ചെയ്തു. അവന്റെ ആജ്ഞകൾ അനുസരിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. പക്ഷേ ആര്യ, എന്റെ പരാതിയും പരിഭവങ്ങളും കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ ജീവിതത്തെ നന്മയിലേക്ക് നയിക്കുന്ന വാതിൽ നീയാണെന്ന് കരുതി നിന്റെ കൂടെ വന്നു. നിനക്ക് വേണ്ടി സിന്ദൂരം കുത്തുകയും നിനക്കു വേണ്ടി അമ്പലത്തിൽ പോയി തൊഴുകയും ചെയ്തു. ആ ത്യാഗങ്ങളൊക്കെയല്ലേ ആര്യ, വലുത്?"
എനിക്ക് ഹൃദയം ശൂന്യമായതു പോലെ തോന്നി. എന്റെ ഹൃദയത്തിലുള്ള പരാതിയും പരിഭവങ്ങളുമെല്ലാം പറഞ്ഞു തീർത്ത് ഞാൻ ചാരിതാർത്ഥയായി.
ഞാൻ ആര്യയുടെ അപ്പോഴത്തെ അവസ്ഥയെ എന്റെ ശരീരത്തോട് തുലനം ചെയ്തു. അത് ഭയാനകമായിരുന്നു. ഒരു പെട്ടിക്കുള്ളിൽ അടഞ്ഞു പോകുന്ന അവസ്ഥ. പെട്ടിയുടെ ഇരട്ടറകളിൽ ഭയത്തോടെ കരഞ്ഞ്, പെട്ടി തുറക്കുന്നത് കാത്തിരിക്കുന്ന അവസ്ഥ. ആ നിമിഷം ഞാൻ അസ്തപ്രജ്ഞയായി. കോമ എന്നുള്ളത് മരണതുല്യമായ പ്രതിസന്ധിയാണെന്ന് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതെന്റെ ഹൃദയത്തെ വല്ലാതെ വ്രണപ്പെടുത്തി.
എന്റെ കണ്ണു നിറഞ്ഞു പോയി. ശരീരത്തിനുള്ളിൽ നിന്ന് പുറത്തുചാടാൻ വ്യഗ്രതപ്പെടുന്ന അവനോട് എന്റെ പരാതികൾ ബോധിപ്പിച്ചതിന് എനിക്ക് കടുത്ത കുറ്റബോധം അനുഭവപ്പെട്ടു.
ആ നിമിഷം അവനെ സ്നേഹിച്ചതു പോലെ ഞാൻ മറ്റാരെയും സ്നേഹിച്ചിട്ടില്ല.
അവൻ എന്റെ ഭർത്താവായിരുന്നു. ഒരു താലി കെട്ടിലൂടെ ശരീരത്തിന്റെ പകുതിയായ ഒരുവളെ സ്വന്തം ചെലവിൽ വളർത്താൻ സാഹസം കാണിച്ച ഒരുവൻ.25 വയസ്സ്.ആ പ്രായത്തിലേ കോമായിൽ കിടക്കണമെന്ന ദൈവവിധിക്ക് മുന്നിൽ പതറിപ്പോയ ഒരുവൻ. അതായിരുന്നു ആര്യ. എന്റെ ഹൃദയത്തിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു .
1 മാസം കഴിഞ്ഞു പോയി. ഇനിയും ഒരുപാട് ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ....
അതിനിടെ അച്ഛൻ എനിക്ക് വിളിച്ചു. അമ്മമ്മയുടെ മരണം വിറക്കുന്ന സ്വരത്തോടെ പറഞ്ഞു. എന്റെ ഹൃദയം പുകഞ്ഞുനീറി. ആര്യയെ ഈ അവസ്ഥയിൽ തനിയെ വിട്ട് പോകാൻ ആത്മാവ് അനുവദിച്ചില്ല.
ഒരു മാസം വീണ്ടും ഞാൻ തനിയെയായി.
പതിയെ ഒരജ്ഞാതമായ ഭയം എന്നെ വരിഞ്ഞുമുറുക്കിയിരുന്നു. ആര്യക്കെന്തെങ്കിലും സംഭവിച്ചാൽ......
ഞാൻ അപ്പോൾ തന്നെ അച്ഛന് വിളിച്ചു. ഇന്നു തന്നെ നാട്ടിലേക്ക് പുറപ്പെടണമെന്ന് ഏങ്ങലടിച്ചു കരഞ്ഞപ്പോൾ ഞാനൊരു 20 വയസുകാരിയായിരുന്നില്ല. വെറും 5 വയസ്സുള്ള കൊച്ചു കുട്ടിയായിരുന്നു.
ഒന്നര വർഷം കഴിഞ്ഞു. ഡോക്ടർ വന്ന് ആര്യയെ പരിശോധനക്ക് വിധേയനാക്കി. ഉടനെ എഴുന്നേൽക്കുമെന്ന് പറഞ്ഞു. ആ സമയം ഞാനനുഭവിച്ച ആഹ്ലാദം .......!
2 മാസം കഴിഞ്ഞ് ഒരുച്ചക്ക് ആര്യ പതിയെ കണ്ണു തുറന്നു. കൈകൾ അനക്കി. അവന് എഴുന്നേൽക്കാനോ നടക്കാനോ വ്യക്തമായി സംസാരിക്കാനോ സാധിച്ചില്ല.
പിന്നീട് എന്റെ കൈ പിടിച്ചാണ് അവൻ എഴുന്നേറ്റിരുന്നത് .എന്റെ തോളിലൂടെ കൈയ്യിട്ടാണ് അവൻ നടക്കാൻ ശീലിച്ചത്. അമ്മയുടെ ഗർഭപാത്രം പുറന്തള്ളപ്പെട്ട കുട്ടിയെപ്പോലെയായിരുന്നു അവൻ. അവന് ആരെയും മനസ്സിലായില്ല. പിന്നെ ഞങ്ങളൊക്കെ ആരാണ് എന്ന് അവൻ ഞങ്ങളിൽ നിന്നു തന്നെ ഗ്രഹിച്ചെടുത്തു. ഇപ്പോൾ അവൻ നന്നായി പഴയതുപോലെ സംസാരിക്കുന്നു.
കാലം കടന്നു പോകും. പഴയ യാഥാർത്ഥ്യങ്ങൾ പുതിയ ഓർമ്മകളാകും.
📌 Harsha TP

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot