Showing posts with label HarikumarPadmanabhakurup. Show all posts
Showing posts with label HarikumarPadmanabhakurup. Show all posts

ക്ഷണിക്കാതെ പോയാല്‍

By : ഹരികുമാർ പദ്മനാഭക്കുറുപ്പ്, 

ചെറുപ്പത്തില്‍
സദ്യ കൊതിയായിരുന്നു.
അപൂര്‍വ്വമായിരുന്നു.
അയലത്തെ ചേട്ടന്റെ കല്യാണത്തിന്
ഞാനും വരട്ടെയോ? എന്ന്
ഈണം നോക്കി.
അമ്മൂമ്മ കണ്ണുരുട്ടി
പെണ്ണേ നമ്മളെ വിളിച്ചിട്ടില്ല.
അപ്പോ കൊച്ചാട്ടന്‍ പോന്നതോ?
പെണ്ണുങ്ങളെ വിളിച്ചിട്ടില്ല.
അമ്മൂമ്മ ചപ്പിട്ട!
2
വര്‍ഷങ്ങള്‍ക്ക് ശേഷം-------
മോളോട് ഞാന്‍ :-
ആവശ്യപ്പെടാതെ
കവിതയെ അഭിനന്ദിക്കരുത്;
ആരാധികയെന്നു കരുതും
പതിവ് പ്രതീക്ഷിക്കും.
സീലിട്ട ക്ഷണമില്ലാതെ
കവിതക്ക്‌ പോകരുത്;
വിഡിയോ ഭിത്തിക്ക് പിന്നില്‍
പിടിച്ചിരുത്തും-------!.
പഴഞ്ചൊല്ലില്‍
പതിരില്ലൊട്ടും.

By: ഹരികുമാർ പദ്മനാഭക്കുറുപ്പ്

കോമഡി ടൈം


ചാനല്‍ച്ചിരി
നെഞ്ചുവിരിച്ച് ഉറക്കെ ചിരിച്ചു.
ചിരിയാണ് കല.
ചിരിയേ കല.
സോഫക്ലീസ്
മറുചിരിച്ചിങ്ങനെ:-
ഹ---ഹ-----
ചിരിയുണ്ടായിരം തരം;
തൊള്ള തൊട്ടും
ഉള്ളു തൊട്ടും.
ഉള്ളു തൊട്ടാലൊറപ്പ്
നനയാതെ വയ്യ കണ്ണുകള്‍!
---------------
പി. ഹരികുമാര്‍

അതിഭൂഷണം


ചിന്തകള്‍ക്കു
ശബ്ദം നല്‍കല്ലേ.
അത്
കാതുകളില്‍ ചീഞ്ഞ്
നാവുകളില്‍ നാറ്റമാകും.
അങ്ങനെ
ചിന്തയുടെ പരിമളം
നാറിപ്പരക്കും.
അതിമൌനം
അതിഭൂഷണം!
By: പി.ഹരികുമാര്‍

മുംബൈമണം


മുക്കിനും മൂലയ്ക്കുമുണ്ടായിരം
കണ്ണുള്ള
കാതുള്ള
നാവുള്ള
മണം.മണം.
മുംബൈമണം.
അപ്പര്‍ബര്‍ത്തില്‍
മൂടിപ്പുതച്ച കൂര്‍ക്കത്തെ
ഉറ്ത്തി ഉണര്‍ത്തുന്ന
അംബര്‍നാഥ് മണം.
ഉപ്പളങ്ങളില്‍
ചീഞ്ഞ പൊടിമീന്‍ മണം.
ഗോരെഗാവില്‍,
കടുകെണ്ണ കിനിയുന്ന
തബേല മണം.
നാക്കയില്‍,
കരിയുന്ന മണ്ണെണ്ണ മണം.
ലാല്‍ബാഗില്‍,
മുളകരച്ച തംബാക്കു മണം.
ശിവാജിപ്പാര്‍ക്കിനു കാവിമണം.
ഹാജിയാലിയിലെ വേലിയിറക്കത്തിന്
ഉറക്കച്ചടവുള്ള വേശ്യമണം.
ഫൌണ്ടന്റെ രാത്രി മൂലകളില്‍
കാമം കുമിയുന്ന മോഗ്രമണം.
കേലവണ്ടിയില്‍,
ഈച്ചയാട്ടുന്ന ധൂപമണം.
മുത്താരിയില്‍,
മൂക്കെരിയ്ക്കും അമോണിയ മണം.
വീറ്റിയില്‍ അങ്ങോട്ടു തിളക്ക ഷാമ്പൂ മണം.
വീറ്റിയില്‍ ഇങ്ങോട്ടു ചീഞ്ഞ വേര്‍പ്പു മണം.
വിശപ്പിന്‍റെ വിളിക്ക്
വഴിയോര വടപ്പാവ് മണം.
കരിമണ്ണില്‍ പൊരിയുന്ന കടല മണം.
ചോര്‍ബസാറില്‍
തിളച്ചു കുറുകുന്ന കട്ടിങ്ങ് മണം.
ബിഗ്ബസാറില്‍
മുഷിഞ്ഞലയും ഏസി മണം.
തിളയെണ്ണയില്‍ കുളിച്ച വെള്ളുള്ളി;
മറാഠി മണം.
ജമന്തി ചൂടിയ കാപ്പി
മാട്ടുംഗ മദ്രാസി മണം.
കുരുമുളകില്‍ ഉരുണ്ടു മൊരിയുന്ന മത്തി,
ഞായര്‍ മലയാളി മണം.
സ്റ്റേഷന്‍ മുക്കില്‍
പട്ടയില്‍ പുഴുങ്ങിയ മുട്ട മണം.
കാമാഠിത്തെരുവില്‍
ലഹരിപ്പാനിന്‍റെ ഏമ്പക്ക മണം.
മള്‍ട്ടിപ്ലെക്സില്‍ പോപ് ക്കോണ്‍ മണം.
നൂറുനിലലിഫ്റ്റില്‍ കോക്ക് ടെയില്‍ മണം.
മണങ്ങളായിരമെങ്കിലും ഇന്നോളം
മോഹമല്ലാതിരുന്നിട്ടില്ല മുംബൈ.
എന്നാല്‍
ആംചി മുംബൈയില്‍ ഇന്നുരസ്സുന്നു
ഉള്ളു പൊള്ളുന്നൊരു മൂര്‍ച്ച മണം;
കരിഞ്ഞ ചോര മണം!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo