Showing posts with label BinzySidhique. Show all posts
Showing posts with label BinzySidhique. Show all posts

ഒരു പിറന്നാളോർമ്മ



ഞാനും ഇക്കയും പ്രണയത്തിലായ ശേഷമുള്ള എന്റെ ആദ്യ പിറന്നാൾ,എനിക്ക് ഡിഗ്രി സെക്കന്റ്‌ സെമസ്റ്റർ ആദ്യ എക്സാം
നടക്കുകയായിരുന്നു അപ്പോൾ.
പിറന്നാളിന് എന്തായാലും കാണാൻ വരും, ബിഗ് സർപ്രൈസും തരുമെന്ന്
പുള്ളി പറഞ്ഞപ്പോൾ എക്സാമിലെ
കോൺസെൻട്രേഷൻ പോകും ആ
ഏരിയയിൽ കണ്ടു പോകരുതെന്ന് ഞാൻ ആദ്യമേ
വിലക്കിയിരുന്നു..
എക്സാം നടക്കുന്ന കോളേജിലേക്ക് മെയിൻ റോഡ് കഴിഞ്ഞു ഒന്നര കിലോ മീറ്ററോളം കുന്നു കയറി വേണം പോകാൻ.ഉച്ചയ്ക്ക് കഴിച്ചു പോയതൊക്കെ മുകളിൽ എത്തുമ്പോഴേക്കും ദഹിക്കുന്ന തരത്തിൽ ഉള്ള കയറ്റമായിരുന്നു .
ഞാനും കൂട്ടുകാരും പട്ടി കിതക്കുമ്പോലെ കിതച്ചു കോളേജിലേക്ക്
നടന്നു കൊണ്ടിരിക്കുമ്പോഴാണ്
ചില മരത്തിലൊക്കെ ഹാപ്പി ബർത്ഡേയ് സ്വീറ്റ് ഹാർട്ട്‌, സന്തോഷ ജന്മദിനം കുട്ടിക്ക്..
എന്നൊക്കെ വലിയ ബാനർ എഴുതി വെച്ചിരിക്കുന്നത് കണ്ടത്.
മിക്ക മരങ്ങളിലും ബർത്ഡേ വിഷസ് ഊഞ്ഞാലാടുന്നത് വളരെ താഴെ നിന്നു തന്നെ കാണാനുണ്ടായിരുന്നു.കോളേജ് ഫെസ്റ്റിന് അലങ്കരിച്ച പോലെ തോരണങ്ങളും..
ഒരു കൊച്ചു ഉത്സവ പ്രതീതി.
എനിക്കാണെങ്കിൽ ആകെ അമ്പരപ്പായി. അമ്പരപ്പെന്നു വെച്ചാൽ സന്തോഷവും സ്നേഹവും
അല്പം അഹങ്കാരവും കൂടിയാൽ എങ്ങനെയുണ്ടാവും അതെന്നെ.. എന്തായാലും കുറച്ചു കഷ്ടപ്പെട്ടു കാണും.,
ഇതെപ്പോ ചെയ്തു, എങ്ങനെ ചെയ്തു...
കോളേജ് എങ്ങനെ കണ്ടുപിടിച്ചു..
ഒരു നൂറു ചോദ്യം മിന്നി മറഞ്ഞു നിൽക്കുമ്പോഴാണ്,
ചങ്ക് സുഹ്‌റ ,അങ്ങോട്ട്‌ നോക്കെടീ എന്ന് പറഞ്ഞു മേലോട്ട് ചൂണ്ടിയത്.
വാട്ടർ ടാങ്കിൽ വരെ
വിഷസ് ഒട്ടിച്ചു വച്ചിരിക്കുന്നു..
നോട്ടീസ് ബോർഡും വെറുതെ വിട്ടിട്ടില്ല എന്ന് കണ്ടതോടെ,
ഉള്ള കോൺസെൻട്രേഷനും പോയിക്കിട്ടി...
..
മനസ്സ് നിറയെ എനിക്കു കിട്ടിയ ഈ സിനിമ സ്റ്റൈൽ സർപ്രൈസ് ആയിരുന്നു .
അങ്ങനെ,
അക്കൗണ്ടൻസി എക്സാമിൽ, ബാലൻസ് ഷീറ്റ് ഈക്വൽ ആവാത്ത പ്രോബ്ലം നോക്കി പെനും വിരലിലിട്ട് കറക്കി, കാൽകുലേറ്ററിലും കുത്തി സമയം കളഞ്ഞു.
ഒടുവിൽ സപ്പ്ളി രാഗത്തിൽ ഒരു അലക്കങ്ങട് അലക്കി.
എക്സാം ഫ്ലാറ്റ്..
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വിഷസ് എല്ലാം അപ്രത്യക്ഷമായിരുന്നെങ്കിലും,
ഇക്ക മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
' ഹലോ ഹാപ്പി ബർത്ഡേയ്..,
സർപ്രൈസ് ഇഷ്ടായോ.., ട്രീറ്റ്‌ താ മോളെ.. '
' ന്റെ റബ്ബേ ങ്ങള് ...
വല്ലാത്ത ആളന്നെ, ഞാൻ വരണ്ടാന്ന് പറഞ്ഞതല്ലേ..,
എക്സാം ആകെ കൊളായിക്കണ്, മനസ്സ്
മുഴുവൻ വാട്ടർടാങ്കിലും മരത്തിലുമായിരുന്നു..
ഇതൊക്കെ എപ്പഴാ ചെയ്തേ. !?'
' ഹാ എല്ലാം ഒപ്പിച്ചു.
ഒരു മരം കേറി ഫ്രണ്ടിനെ ഇന്നലെ കൂടെക്കൂട്ടി,
അതൊക്കെ പോട്ടെ ഇന്ന് എന്തായാലും എനിക്ക് ട്രീറ്റ്‌ തരണം '
.
'യ്യോ അപ്പൊ സമയം കുറെ ആവില്ലേ, ബസ് പോവുല്ലേ , സുഹ്‌റ കൂടെ വരുമെങ്കിൽ പോവാം നമുക്ക് '
ചുമ്മാ ഒരു ഗമയ്ക്ക് ഒഴിഞ്ഞു മാറാൻ ഒരു ശ്രമം നടത്തി.
സുഹ്‌റ യോട് ചോദിക്കേണ്ട താമസം,
നാളെത്തെയൊന്നും പഠിച്ചിട്ടില്ല, കാത്തു നിന്നാൽ വൈകും, അവൾ പോവാണെന്നും ഒരു ദയാ ദാക്ഷിണ്യവും
കൂടാതെ പറഞ്ഞു വഞ്ചകി..
എന്റെ കൈയിലാണേൽ
ബസിനുള്ള പൈസ ഒഴികെ കഷ്ടി മുപ്പതു രൂപ മാത്രേ ഉണ്ടായിരുന്നുള്ളൂ.
ഉള്ള പൈസയ്ക്ക്
മൂപരേം കൂട്ടി കൂൾബാറിൽ പോയി മുട്ട പഫ്‌സും ലൈമും വാങ്ങിക്കൊടുത്തു ഞാനെന്റെ മാനം കാത്തു.
കണ്ണും കണ്ണും നോക്കി പ്രണയിക്കാൻ സമയം തീരെ കുറവായത് കൊണ്ട് അതിനു നിന്നില്ല.
പഫ്സ് വിഴുങ്ങുന്നതിനിടയിൽ എനിക്കുള്ള രണ്ടു ബസ് പോയി..
ഇനിയും നിന്നാൽ വൈകുമെന്ന് ഉള്ളതോണ്ട് വേഗം സ്റ്റോപ്പിലേക്കോടി..
തൊണ്ടയിൽ കുടുങ്ങിക്കിടന്ന ബാക്കി പഫ്സും അയവിറക്കി കാത്തു നിൽപ്പ് തുടർന്നു.
കള്ളച്ചിരിയും പാസ്സാക്കി സ്റ്റോപ്പിലേക്ക് കൂടെ വന്ന പുള്ളിയുടെ പ്രാർത്ഥന പോലെ
കുറെ നേരം കാത്തുനിന്നതല്ലാതെ എനിക്കുള്ള ബസൊന്നും വന്നില്ല..
ആകെ പേടിയായിതുടങ്ങി,
സുഹ്‌റ അവൾടെ വീട്ടിൽ പെട്ടെന്ന് എത്തിയാൽ പണി പാളും.ആകെ ചോദ്യോത്തര മേള ആയിരിക്കും പിന്നെ വീട്ടിൽ.
ബസൊന്നും കിട്ടാതെ ഒടുവിൽ,
ഇക്കയുടെ കൂടെ ബൈക്കിൽ
സ്കൂട്ടായി ..
ഞാൻ ബൈക്കിൽ കയറാൻ
സുഹ്‌റയും മൂപരും ഒത്തു കളിച്ചതാണെന്നുള്ള ഞെട്ടിക്കുന്ന സത്യം ഞാൻ പിന്നീട് മനസ്സിലാക്കി.
ഞങ്ങളുടെ ആദ്യ ബൈക്ക് യാത്ര...
മുഖം മറച്ചും , മീറ്ററോളം വിട്ടിരുന്നും, ഞാനെന്റെ ഡീസെൻസി കീപ് ചെയ്തു.. 
എന്നെ അടുത്ത ബസ് സ്റ്റാൻഡിൽ കൊണ്ടു വിട്ടു.
കൈയിൽ ഒരു ബോക്സും വച്ചു തന്നു പൊക്കോളാൻ പറഞ്ഞു, എത്തിയിട്ട് വിളിക്കാനും..
അധികം നിക്കാതെ,
അവിടെ നിന്നും വീട്ടിലേക്കുള്ള ബസ് കയറുമ്പോൾ,
ഒന്നു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്
കൈ രണ്ടും പിണച്ചു കെട്ടി ബൈക്കിൽ ചാരി നിന്നെന്നെ തന്നെ നോക്കുകയായിരുന്ന എന്റെ
ഇക്കയെയായിരുന്നു.
നമ്ര ശിരസ്ക യായി പടവുകൾ കയറി
സൈഡ് സീറ്റിലിരുന്ന് ദിവാസ്വപ്നത്തിലലിഞ്ഞു പോയി ഞാൻ..
ആ തെണ്ടി സുഹ്‌റ യെക്കാൾ മുന്നേ ഞാനെന്റെ വീട്ടിലെത്തിയപ്പോഴാണ് പിന്നീട് ഒരാശ്വാസമായത്.

വീട്ടിലെത്തിയ ഉടനെ ബാഗും കെട്ടിപിടിച്ചു
മുന്നും പിന്നും നോക്കാതെ മുറിയിലേക്കോടി.
ബോക്സിലെന്താവും എന്നറിയാനുള്ള തിടുക്കത്തിൽ....

by: Binzy Siddique

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo