Showing posts with label AnnaShajeeVendar‎. Show all posts
Showing posts with label AnnaShajeeVendar‎. Show all posts

മരുഭുമികൾ ഉണ്ടാകുന്നത്..



ഇതൊരു നിബിഡ വനം
കാണികൾക്കെന്നും
കണ്ണിൽ കൗതുകമുണർത്തും
കാഴ്ചകൾ നിറഞ്ഞ സുന്ദര വനം
വിഷവിത്തുകൾ പൊട്ടി മുളച്ച്
വൻ വ്യക്ഷങ്ങൾ നിറഞ്ഞിരിക്കുന്നു.
ഘോര വിഷം വഹിക്കും
കാട്ടാറുകൾ.
ചേരാത്ത രാഗങ്ങൾ ചേർത്ത്
കാതുകൾക്ക് അസ്ലഹനീയമാം
അപശബ്ദങ്ങൾ പുറപ്പെടുവിക്കും
കിളി കൂട്ടങ്ങൾ
ഈ വനത്തെ സുന്ദരമെന്ന്
ഓതി.... ഓതി....
സുന്ദരവനമായ്
മാറ്റിടുന്നു മർത്യൻ
വെട്ടിനിരത്തി മരങ്ങളെ
മുള പൊട്ടാതിരിക്കാൻ
പിഴുതഗ്നിക്കിരയാക്കി
അശുദ്ധമാം ജലാശയങ്ങളെ
കോരി വറ്റിച്ചു
ദിശ മാറ്റിയൊഴുക്കിയും
ഇവിടം ശൂന്യമാക്കി
പിന്നെ മരുഭൂമിയാക്കി
ചില ആത്മാക്കൾ.
അവിടേക്കൊരു നാൾ
എത്തിനോക്കിയയെന്നോടായ്
ഒരാത്മാവ് ആശ്ചര്യത്തോടെ
ആരാഞ്ഞു
"എന്തിനു നീ ഇവിടേക്കാഗതയായ്?
നീ കൊതിക്കും വർണ്ണങ്ങളില്ല
നിന്നെ മോഹിപ്പിക്കും വാഗ്ദാനങ്ങൾ
ഏകാൻ ആരുമില്ല
ഇതു നിന്റെ ലോകമല്ല
എന്നാലിതൊരു മായാ തീരമല്ല
ചുറ്റിലും കാപട്യത്തിൻ
വിഷമെന്നറിഞ്ഞ്
ഞങ്ങൾ തീർത്തൊരു സ്വർഗ്ഗം
ഒരേ ദൂരം ഒരേ വേഗം
ഒരേ മാർഗ്ഗം ഒരേ ലക്ഷ്യം
ഒരേ മനമോടെ യാത്ര ചെയ്യും
യാത്രികർ ഞങ്ങൾ
മായാത്ത ഓർമ്മകൾക്കെന്നും
മൂക സാക്ഷികളായ്
മാഞ്ഞു പോകും വെയിലും, സാഗരത്തിൻ
മാറിൽ ചായും സൂര്യനും മാത്രം."
ശരിയാണെന്നെനിക്കും തോന്നി
ഇവിടം ശ്മശാന മൂകവും ശൂന്യവുമാണ്
നിലാവു പുഞ്ചിരി പൂക്കൾ പൊഴിക്കും
ഇവിടം സ്വർഗ്ഗമാണ്
ഈ സഞ്ചാര വീഥിയിലെ
സഞ്ചാരികളുടെ ഹൃദയങ്ങൾ
മരുഭുമിക്കു സമമെങ്കിലും
ഇവിടം വീശും കാറ്റ് പരിശുദ്ധം
ഈ മണൽത്തരികൾക്കും
പറയാനുണ്ടാകും സഹനത്തിൻ
കഥകളോരോന്നും
ഇവിടെ കാണും ശവങ്ങളിൽ
നിന്നും സത്യത്തിന്റെ
പരിമളമല്ലേ പരക്കുന്നത്?
ആത്മാക്കളവരുടെ സഞ്ചാരം
മൗനമായ് തുടർന്നു
എന്റെ ഇന്നലകളെ
കരിയില പോൽ,കാറ്റിൽ പറത്തി
ഞാനുമവരെ
പിന്തുടർന്നതിനു മുൻപായ്
പിന്തിരിഞ്ഞു നോക്കിടുമ്പോൾ
പിൻഗമിച്ചിടുന്നു എനിക്ക്
പിന്നിലായ് ചില പാദങ്ങൾ
നേരിന്റെ സുഗന്ധം തേടി...
അന്ന ഷാജി

എന്നെ തിരയുന്ന ഞാൻ



ഈ രാവിൽ നിദ്രയോട് കലഹിച്ച്
ഞാൻ എന്നിലെ എന്നെ
തേടുകയായിരുന്നു
ഒരു നിഴലായ് കൂടെ നടന്നവർ
മറുപാതിയായ് കൂടെ കഴിഞ്ഞവർ
അറിയാത്തൊരു ഞാനുണ്ടോ
എന്ന് തേടുകയായിരുന്നു
വിചാരങ്ങൾ വിചാരണയ്ക്ക്
വിധേയമായ വേളയിൽ
വികാരങ്ങളുടെ വേലിയേറ്റങ്ങൾ
വിഷാദ വിഷമുള്ളിൽ നിറച്ചീടവേ
ഭയമെന്നിൽ ഫണമുയർത്തി
നിരാശയുടെ ഗർത്തങ്ങളിൽ
ഞാൻ വീണിടവേ
കത്തിപ്പടർന്ന പ്രതികാര ജ്വാലയിൽ
എരിഞ്ഞടങ്ങിടാൻ വിധിക്കപ്പെട്ടവളെന്നു
ചുറ്റുമുള്ളവർ തൻ ശാപതീമഴയിൽ
ഞാൻ പിടഞ്ഞിടുമ്പോൾ
ഏതോ അജ്ഞാത കോണിൽ നിന്നും
ഒരു കുടയായെന്നെ രക്ഷിച്ചിടാൻ
അണഞ്ഞിടും
വർണ്ണ വിസ്മയങ്ങളേ...
മാറോടു ചേർക്കുന്നു നിങ്ങളെ സാദരം.....
അന്ന ഷാജി

നേർക്കാഴ്ച

Image may contain: 1 person, standing

ആർക്കോ വേണ്ടി
എന്തിനോ വേണ്ടി
നിമിഷങ്ങൾ തള്ളി നീക്കി
യാന്ത്രികമായ ചില ജീവിതങ്ങൾ.
തിരിച്ചുകിട്ടാത്ത സ്നേഹത്തിനു വേണ്ടി
തിരിച്ചു വരാത്ത ആർക്കോ വേണ്ടി
എത്ര മുട്ടിവിളിച്ചിട്ടും തുറക്കാത്ത
കൊട്ടിയടച്ച വാതിലുകൾക്ക് മുന്നിൽ
തേങ്ങലോടെ കാത്തിരിക്കുന്ന
ചില ജന്മങ്ങൾ.
ഉള്ളു നീറുമ്പോഴും
പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകൾ.
ഒരു പുഴ പോൽ
നിറഞ്ഞൊഴുകാൻ
കണ്ണീർ കൈമുതലായുള്ളപ്പോഴും
പീലി വിടർത്തി ശോഭയേകും മിഴികൾ.
അടുക്കും തോറും,
നെഞ്ചോട് ചേർക്കും തോറും
അടുത്ത് നിന്നവർ
ഏറെ അകലെയാണെന്ന
തിരിച്ചറിവുകൾ
അകതാരിൽ ഏകുന്ന നോവുകൾ.
മുന്നറിയിപ്പില്ലാതെ പിന്തുടർന്നവർ
മുന്നറിയിപ്പില്ലാതെ യാത്രയാകുന്നു.
കാണാതെ കണ്ട മുഖങ്ങളും
ആ മുഖങ്ങളിലെ അറിയാത്ത
ഭാവങ്ങളും തിരശ്ശീലയയ്ക്കു
പിന്നിലായ് മറയുന്നു
മിണ്ടാതെ മിണ്ടിയ മൗനങ്ങളും
കേട്ട സ്വരങ്ങളിൽ മറക്കാനാവാത്ത
പ്രിയമാം മധുമൊഴികളും
ഇന്നന്യമാകുന്നു
എത്ര നിരാശ ഹൃദയത്തെ പൊതിഞ്ഞ്
കൂരിരുട്ടിലാക്കിയാലും
സ്വയം ഉരുകി തെളിയാൻ
ശ്രമിക്കുന്ന ചില നാളങ്ങൾ.
അപരനു നിസ്സാരവും പുച്ഛവും
തോന്നുമെങ്കിലും
അനുഭവിക്കുന്നവർ മാത്രമറിയുന്ന
അനാഥത്വത്തിന്റെ നേർക്കാഴ്ചകൾ.
യാന്ത്രിക ജീവിതത്തിലെ
സങ്കടമേകും ചില സത്യങ്ങൾ.
പ്രതീക്ഷയുടെ പുൽനാമ്പുകൾ
ഉള്ളിൽ മുളച്ചാലും ഇല്ലെങ്കിലും
ഋതുഭേദങ്ങളുടെ താളത്തിനൊപ്പം
ആർക്കോ വേണ്ടി,എന്തിനോ വേണ്ടി
ജീവിതയാത്ര തുടരുന്ന ചില ജീവിതങ്ങൾ

By 

Anna Shajee Vendar 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo