Showing posts with label AnjaliRajan. Show all posts
Showing posts with label AnjaliRajan. Show all posts

ഹിഡുംബിയും ഭീമനും പിന്നെ ഞാനും (കഥ)


ഭീമനെ എനിക്ക് ഇഷ്ടമായിരുന്നു.
ഭക്ഷണപ്രിയനും വലിയ ശരീരമുള്ളവനും
അപരനോട് അലിവുള്ളതും
ഗദ പ്രയോഗത്തിൽ മിടുക്കനുമായ
ഭീമസേനൻ!
കുട്ടി ഭീമൻ പരിഹസിക്കപ്പെട്ടപ്പോഴും
ദുര്യോധനൻ ഓരോ അവസരങ്ങൾ ഉണ്ടാക്കി ഭീമനെ ദ്രോഹിച്ചപ്പോഴും
നൊന്തത് എനിക്കാണ്.
കാട്ടാളനായ ഹിഡുംബൻ ഭീമനാൽ വധിക്കപ്പെട്ടപ്പോൾ,
ഒറ്റയ്ക്കായി പോയ ഹിഡുംബന്റെ പെങ്ങൾ ഹിഡുംബിയെ ഭീമൻ ഭാര്യയാക്കി. ഹിഡുംബിക്കാവട്ടെ, അതിതീവ്രമായ പ്രണയമായിരുന്നു ഭീമനോട്.
പഞ്ചപാണ്ഡവരും കുന്തിയും ഏകചക്രയിലേക്ക് താമസം മാറ്റിയപ്പോൾ ഗർഭിണിയായിരുന്ന ഹിഡുംബിയെ കൂടെ കൂട്ടിയില്ല. അവിടെ വേഷപ്രഛന്നരായി (ബ്രാഹ്മണ വേഷത്തിൽ)കഴിയുമ്പോൾ,
ഹിഡുംബിയുടെ കാട്ടാളസ്ത്രീ രൂപം അനുയോജ്യമാവില്ലന്നതു കൊണ്ട് കുന്തിയുടെ നിർദ്ദേശപ്രകാരമാണ് ഒഴിവാക്കിയെന്നും
നിസ്സഹയനായ ഭീമൻ വളരെ വേദനയോടു കൂടിയാണ് ഹിഡുംബിയെ പിരിഞ്ഞതെന്നുമാണ്, രണ്ടാമൂഴത്തിൽ എം ടി പറഞ്ഞു വച്ചത്.
അങ്ങനെയല്ല, ഭീമന് കാട്ടാളത്തിയെ ഇഷ്ടമില്ലാതിരുന്നുതു മൂലം ഗർഭിണിയാവുന്നതു വരെ മാത്രമേ
ബന്ധം തുടരുകയുള്ളുവെന്നു ഭീമൻ പറഞ്ഞിരുന്നുവെന്നാണ് 'ഹിഡുംബി' യിൽ പറയുന്നത്.
ഇതിലേതാണ് സത്യമെങ്കിലും ഹിഡുംബി ഉപേക്ഷിക്കപ്പെട്ടു.
ഗർഭിണിയായ ഹിഡുംബിയെ ഉപേക്ഷിച്ചതും
ഭീമൻ ജീവിച്ചിരിക്കെ തന്നെ,
പുത്രനായ ഘടോൽക്കചൻ പിതാവില്ലാതെ
വളരേണ്ടി വന്നതും ഭീമനോടുള്ള എന്റെ സ്നേഹവും വിശ്വാസവും തകർത്തു.
ഞാൻ ഭീമനെ വെറുത്തു തുടങ്ങി.
പക്ഷേ, എത്രമേൽ അവഗണിക്കപ്പെട്ടിട്ടും ഹിഡുംബിയുടെ പ്രണയത്തിനു ആഴം കൂടിയതേയുള്ളു.
അതാണല്ലോ,ഒറ്റക്കായിപ്പോയ ഹിഡുംബിയെ കൂടെ കൂട്ടാൻ കിർമ്മീരൻ എത്തിയപ്പോൾ ഭീമനോട്‌ മാത്രമാണ് പ്രണയമെന്ന് പറഞ്ഞു തിരിച്ചയച്ചതും
അസ്ത്രവിദ്യയിൽ നിപുണനായ ഘടോൽക്കചനെ
കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാൻ പറഞ്ഞയച്ചതും!
ഞാൻ 'രണ്ടാമൂഴം' അടച്ചു വച്ച്, ഹിഡുംബിയുടെ സ്ഥാനത്ത് എന്നെ നിർത്തി നോക്കി.
എങ്കിൽ,ഘടോൽക്കചൻ അമ്മയുടെ മാത്രം പുത്രനായി s/o ഹിഡുംബി എന്ന വിലാസത്തിൽ വളർന്നേനെ.
പാഞ്ചാലിക്കു വേണ്ടി തന്റെ ഊഴത്തിനായി ഭീമൻ കാത്തിരുന്നതും,
ബലന്ധരയെ പരിണയിച്ചതും
ചിലപ്പോൾ പൊറുത്തേക്കും.
പക്ഷേ, അവഗണനയുടെ തീച്ചൂളയിലേക്കെടുത്തെറിയപ്പെട്ടത്
ഒരു കാലത്തും പൊറുക്കില്ല.
പക്ഷേ എന്നെങ്കിലും തന്റെ
'biological father' ആരാണെന്നറിയാനുള്ള ആഗ്രഹം ഘടോൽക്കചൻ പ്രകടിപ്പിച്ചാൽ,
ഭീമൻ എന്ന പേര് പറഞ്ഞു നൽകും. ആ അറിവ് അവന്റെ അവകാശമാണല്ലോ.
രക്തം വഴി മാത്രം ഒരു ബന്ധവും നിലനിൽക്കുന്നില്ല.
എങ്കിലും ഘടോൽക്കചന് ഭീമനെ സഹായിക്കണമെന്ന് തോന്നിയാൽ, പ്രായപൂർത്തിയായ ഒരുവന്റെ വ്യക്തിപരമായ താല്പര്യത്തിൽ ഞാൻ ഇടംകോലിടില്ല.
പക്ഷേ, അപ്പോഴും ഞാൻ
ഭീമനിൽ നിന്നും അകലെയായിരിക്കും.
ഒരിക്കൽ സ്നേഹിച്ചിരുന്നതിന്റെ ആയിരമിരട്ടി അകലെ...

ബാലൻസ് ഷീറ്റ് (കഥ)

ബാലൻസ് ഷീറ്റ്
****************

സിങ്കിൽ കുമിഞ്ഞു കൂടി കിടക്കുന്ന പാത്രങ്ങളാണ് എന്നും രാവിലെ കണി.

വീടിൻ്റെ ഒരു ഭാഗത്ത്, അടുക്കളയുണ്ടന്നും അവിടെ പാചകം നടക്കുന്നുണ്ടെന്നും മാത്രമേ, വിവാഹത്തിനു മുൻപ് അടുക്കളയെ കുറിച്ചു ധാരണയുണ്ടായിരുന്നുള്ളു.

ഒരു ചായ പോലും ഇടാനറിയാതിരുന്ന ഞാനിപ്പൊ,തേയിലയും പഞ്ചസാരയും 
വരെ ഉണ്ടാക്കും.

ഒരോന്നാലോചിച്ചു പാത്രം കഴുകവെ പത്രക്കാരൻ്റെ ബെൽ കേട്ടു.
സത്യത്തിൽ ഒളിമ്പിക്സിൽ 'ഡിസ്കസ് ത്രോ' മത്സരത്തിൽ വീടുകളിൽ  പത്രമിടുന്നവരെ പങ്കെടുപ്പിക്കണം,
ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ഉറപ്പ്.

ചായ ഇറക്കി കപ്പിലേയ്ക്ക് പകർത്തുമ്പോഴാണ് ബാലു വിളിച്ചത്.
ഹും..! ഒരു ദിവസം ഈ പത്രങ്ങളും,
ചായയും നിർത്തലാക്കിയാൽ ഇതിയാൻ എങ്ങനെ അപ്പീടുമോ എന്തോ.. ?

ചായകൊടുത്തു തിരികെ നടക്കവെ,
"എന്താടീ... ഇത്?"
എന്ന അലർച്ച കേട്ട് തിരിഞ്ഞു നോക്കുമ്പോഴുണ്ട് ചായക്കപ്പും നീട്ടി പിടിച്ചു ബാലു നിൽക്കുന്നു.

ഓ.! ഇന്നും ചായയ്ക്ക് കുറ്റം തന്നെ.

"കണ്ടിട്ട് നിങ്ങൾക്ക് മനസ്സിലായില്ലേ... അതെന്താണന്ന്... ?"

"കണ്ടാലുടനെ എന്താണെന്ന് മനസ്സിലാവുമായിരുന്നെങ്കിൽ നീ എൻ്റെ തലേലാവില്ലായിരുന്നല്ലോ....?

ഓ! ഇനി എൻ്റെ തലേലോട്ടാണ് കയറ്റം.

''എന്നെ തലേലോട്ട് എടുക്കാൻ,
വിളിച്ചാരുന്നോ ഞാൻ നിങ്ങളെ ...?"

"ഇല്ലടീ ഇല്ല.
എല്ലാം എൻ്റച്ഛൻ വരുത്തി വച്ചതാ,
അച്ഛനാണല്ലോ നിന്നെ തിരഞ്ഞെടുത്തത്."

നേരം വെളുത്തപ്പോഴെ, ഇങ്ങേര് ചൊറിച്ചില് തുടങ്ങിയല്ലോ തമ്പുരാനേ..!

"അത്ര ബുദ്ധിമുട്ടി നിങ്ങളെന്നെ സഹിക്കണോന്നില്ല. ഞാനെൻ്റെ വീട്ടിലോട്ട് പൊയ്ക്കോളാം.."

''ദേ....രാവിലെ, വെറുതേ മനുഷ്യനെ മോഹിപ്പിക്കല്ലേ..."

"എൻ്റെ വീട്ടീന്ന് തന്നതൊക്കെ ഇങ്ങ് തന്നേര്, ഞാനിപ്പൊ ഇറങ്ങിക്കോളാം."

"ഓ അങ്ങനെ..!"

"ആ അങ്ങനെ തന്നെ."

''എൻ്റെ കൈയ്യീന്ന് ഇവള് മേടിച്ചോണ്ടേ പോവൂ..!"

"എന്താ പറഞ്ഞെ...?''

''അതിനു മാത്രം നിൻ്റെ വീട്ടീന്ന് എന്തോന്നാ തന്നതെന്ന്...? "

"അത് ശരി...!
നിങ്ങൾക്കത് ഓർമ്മയില്ലല്ലേ...?സാരമില്ല, തന്നവരുടെ കൈയ്യിൽ കൃത്യമായി കണക്കുണ്ട്..!

"അയ്യ...! എടുത്തോണ്ട് വാ നീ...
കണക്കു ബുക്ക്.

എടി നീ...,എത്ര വർഷമായി,
ഈ വീട്ടിൽ താമസിക്കുന്നു.?
ഇതുപോലൊരു വീട്ടിൽ താമസിക്കുന്നമെങ്കിൽ എത്ര രൂപ വാടക കൊടുക്കണമെടീ...? ങേ...?

പിന്നെ ആഹാരം.
അരി ഗോതമ്പ് മീൻ, ഇറച്ചി, പച്ചക്കറി, പാൽ ഇതിനൊക്കെ എന്നാ വിലയാന്നു നിനക്കറിയ്യോ...അറിയ്യോടീ...? 

കറൻറ്, ഇൻ്റർനെറ്റ്,വാട്ടർ,പെട്രോൾ, ഗ്യാസ്, ഇതിൻ്റെയൊക്കെ ചാർജ് നിനക്കറിയ്യോ...?

പിന്നെ,ആ ഫങ്ഷൻ ഈ ഫങ്ഷൻ മറ്റേ ഫങ്ഷൻ മറിച്ച ഫങ്ഷൻ,എന്നു പറഞ്ഞു നീ എടുത്തു കൂട്ടുന്ന ഡ്രസ്സ്, 

കണ്ണീക്കണ്ട പുസ്തകങ്ങൾ,മാഗസിൻസ്,
സിനിമ,ബീച്ച്,പാർക്ക്, ഹോട്ടൽ,
ടോട്ടൽ എത്ര രൂപയാകുമെന്ന് നിനക്കു വല്ല ധാരണയുമുണ്ടോ,...ഉണ്ടോടീ..?

പതിനാറു വർഷത്തെ കണക്കെടുത്തു നോക്കിയാൽ നിൻ്റെ വീട്ടീന്ന് തന്നതിൻ്റെ ഇരട്ടി നിനക്കു വേണ്ടി ഞാൻ ചിലവാക്കിയിട്ടുണ്ട്. ഞാനൊരു മാന്യനായി പോയതോണ്ട് ആ ചിലവ് ഇങ്ങോട്ട് ചോദിക്കുന്നില്ല."

നിർത്തി നിർത്തി പറഞ്ഞിരുന്നേൽ ഭാവം വന്നേനെ...!

പച്ച നിറമുള്ള ഗോദ്റജ് അലമാരിക്കുള്ളിൽ, കറുത്ത ഫയലിലിട്ടു വച്ചിരിക്കുന്ന എൻ്റെ പിജി സേർട്ടിഫിക്കറ്റ്, ക്രാഷ് കോഴ്സുകളുടെ സേർട്ടിഫിക്കറ്റ്സ് ഒക്കെ മനസ്സിൽ നിരനിരയായി വന്നു നിന്നു. 

അവയ്ക്കു പുറകിൽ നവ വധുവരന്മാരായിരുന്ന ഞാനും ബാലുവും.

"എടോ.....എനിക്കത്യാവശ്യം നല്ല ഇൻകം ഉണ്ട്.
രണ്ടു പേരും എംപ്ലോയീസ് ആയാൽ ഫാമിലി ലൈഫ് സ്മൂത് ആവാൻ ബുദ്ധിമുട്ടാ.
സൊ, താൻ ജോലിക്ക് പോവണ്ട. ജോലിയില്ലാത്തതിൻ്റെ പേരിൽ തൻ്റെ ഒരാവശ്യങ്ങളും നടക്കാതിരിക്കില്ല. ഷ്വർ."
ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിലിരുന്നു എൻ്റെ കൈ പിടിച്ചു കൊണ്ട് ബാലു പറയ്യാണ്.

പി ജി കഴിയും വരെ, പാതിരാത്രിയും വെളുപ്പിനെയും പഠിക്കാനിരിക്കുമ്പോഴെല്ലാം,
കാപ്പിയും ഇട്ടു തന്നു അച്ഛനുമമ്മയും കൂട്ടിരിക്കുകയും,
പല തവണ പറഞ്ഞു തരികയും ചെയ്തു, സ്വന്തം കാലിൽ നിൽക്കണമെന്ന്.

കല്യാണത്തിനു മുന്നേ ആപ്ളിക്കേഷൻ അയച്ച ബാങ്ക് ടെസ്റ്റ്, കല്യാണം കഴിഞ്ഞു എഴുതാനേ ശ്രമിച്ചില്ല. ബാലു സമ്മതിച്ചില്ല.
ആ ബാലുവാണിപ്പോൾ ഈ കണക്കു പറയുന്നത്...

അല്ല എന്നെ പറഞ്ഞാൽ മതി. എനിക്കെന്തിൻ്റെ കേടായിരുന്നു...,
അന്ന് ഇങ്ങേരുടെ വാക്കും കേട്ട് 
ചൊറീം കുത്തീരിക്കാൻ...!
അതും സ്വയം തൊഴിൽ ചെയ്യാൻ ധാരാളം സാമൂഹ്യക്ഷേമപദ്ധതികളുമുള്ളപ്പോൾ...!

ബാലുവിൻ്റെ ദിവസേനയുള്ള ഈ ചൊറിച്ചിൽ നിർത്തിയേ പറ്റു.

"ബാലു ഒന്നു നിന്നേ..."

"ങും? എന്തേ...?"

"അതേ ബാലു ഇപ്പോൾ ചവിട്ടി നിൽക്കുന്ന ഈ തറയില്ലേ,അതു തൂത്തു തുടച്ചിട്ടത് ഞാനാ.
ഈ തറ മാത്രല്ല, ബാത്റൂം അടക്കം ഈ വീട്ടിലെ തറ മുഴുവൻ കഴുകുന്നതും തുടക്കുന്നതും ഞാനാ."

''അതിന്..?"

"പിടയ്ക്കാതെ..,മുഴുവനും പറയട്ടെ.."

"ബാലു ഇട്ടിരിക്കുന്ന ഈ നീല ഷേർട്ടും, നീലക്കരയുള്ള വെള്ളമുണ്ടും, അതിനടിയിലുള്ളതുമടക്കം, ഈ വീട്ടിലെ എല്ലാ തുണികളും അലക്കി തേച്ചു മടക്കി വയ്ക്കുന്നതും ഞാനാ.

പിന്നെ ചിക്കൻ പൊരിച്ചതു വേണം,
ഫിഷ് താഴെ വേണ്ട മോളി മതിയെന്നും പറയുമ്പോഴും നിങ്ങള് തരുന്ന മെനു അനുസരിച്ച് ഇഡലീം, ഇടിയപ്പോം,
ചായ, കാപ്പി, ജ്യൂസ്, ചോറ്, ചപ്പാത്തി, ഇവയെല്ലാം ഉണ്ടാക്കി തരുന്നതും
അതെല്ലാം വെട്ടി വിഴുങ്ങീട്ട്, അവിടവിടെ  
ഇട്ടിട്ടു പോവുന്ന പാത്രങ്ങളെടുത്ത് കഴുകി വയ്ക്കുന്നതും  ഈ ഞാനാ. ആരാ... ?
ഈ....ഞാൻ...!

പിന്നെ ഗ്യാസ് ബുക്ക് ചെയ്യുന്നതടക്കം,
ബാലു കുറച്ചു മുന്നേ പറഞ്ഞ ചാർജ്ജുകളെല്ലാം ഓൺലൈൻ വഴിയും അല്ലാതെയും കൃത്യസമയത്ത് അടയ്ക്കുന്നതും ഈ ഞാനാ... !

ബാലുവിൻ്റേം കൂടിയായ മോനെ വീട്ടിലിരുത്തി പഠിപ്പിയ്ക്കുന്നതും,അവൻ്റെ സ്കൂളിലെ കാര്യങ്ങൾ അന്വേഷിക്കാൻ പോകുന്നതും ഈ ഞാനാ. ആരാ....?

"ഈ....ഞാൻ....!"

"ങേ.....?"

'' അല്ല.... ഈ...നീ..!"

"നിങ്ങൾ ഓഫീസിലേയ്ക്കു ഇറങ്ങും മുന്നേ കുളിക്കാനുള്ള തോർത്തടക്കം,
ഷേർട്ട്, പാൻ്റ്സ്,ഷൂ,സോക്സ്, ചാവി ഇത്യാദികളൊക്കെ എടുത്ത് കൈയ്യിൽ പിടിപ്പിച്ച്, ഗേറ്റു തുറന്നു തരുന്നതും ഈ ഞാനാ..

പിന്നെ,ഞാൻ വാടകയില്ലാതെ താമസിക്കുന്നുവെന്ന് ബാലു പറഞ്ഞ 
ഈ വീട് വയ്ക്കാൻ എൻ്റെ വീട്ടിൽ നിന്ന്, കല്യാണത്തിനു തന്നതു കൂടാതെ വീണ്ടും  നല്ലൊരു എമൗൺട് തന്നിരുന്നു..
ബാലൂന് ഓർമ്മയില്ലായിരിക്കും ല്ലേ...? സാരമില്ല, അഹങ്കാരത്തിൻ്റയാ..!

ഈ വീട്ടിലെ ലൈറ്റ് ഇടണമെങ്കിൽ പോലും എൻ്റെ കൈ ചെല്ലണം.
ഈ വീട്ടിലെ പോയിട്ട് നമ്മുടെ മുറിയിലെ ലൈറ്റിൻ്റെയും ഫാനിൻ്റെയും സ്വിച്ച് ഏതൊക്കെയാണെന്നെങ്കിലും ബാലൂന് അറിയ്യോ..? 

പതിനാറ് കൊല്ലായിട്ട് ഞാൻ ചെയ്യുന്ന ഈ ജോലികളൊക്കെ പുറത്തു ചെയ്തിരുന്നെങ്കിലേ ഞാനിപ്പൊ കോടീശ്വരിയായേനെ...!

അതായത് ബാലു എനിക്ക് വേണ്ടി ചിലവാക്കുന്നതിൻ്റെ ഇരട്ടീടെ ഇരട്ടിയിലധികം തുകയ്ക്കാ ഞാനിവിടെ ജോലി ചെയ്യുന്നത്.
അപ്പൊ എൻ്റെ വീട്ടീന്ന് തന്നത് മാത്രല്ല തരേണ്ടത്..

ഞാനിവിടെ ചെയ്യുന്ന ജോലിയുടെ,
കൂലിയിൽ നിന്നും, ബാലു എനിക്കു വേണ്ടി മുടക്കിയത് ലസ് ചെയ്തു കഴിഞ്ഞാലും വലിയൊരു തുക എനിക്കിങ്ങോട്ടാണ് തരേണ്ടത്...

പക്ഷേ ഞാനൊരു മാന്യയായതോണ്ട് അത് ചോദിക്കുന്നില്ല.എൻ്റെ വീട്ടീന്ന് തന്നതു മാത്രം മതി എനിക്ക്. കേട്ടോ മാന്യാ..?''

''ങാഹാ...! അപ്പൊ നിൻ്റെ മനസ്സിൽ ഇതൊക്കെയായിരുന്നില്ലേ ടീ..?"

"അതെന്താ നിങ്ങൾക്കു മാത്രേ കണക്കു കൂട്ടാനറിയൂന്ന് കരുതിയോ..? "

"അങ്ങനെ കണക്കു കാട്ടിയൊന്നും നീ എന്നെ പേടിപ്പിക്കണ്ട,എൻ്റെ കിഡ്നിയോ,കരളോ വിറ്റിട്ടാണേലും നിൻ്റെ വീട്ടിന്നു തന്നതിനേക്കാൾ ഒരു രൂപ കൂടുതൽ ഞാൻ തരും..."

"ആ...തരണം. അന്നേരം ഞാൻ പോവാം."

"അപ്പൊ നീ പോവില്ലന്നു സാരം.."

"വല്ലതും പറഞ്ഞോ....?"

"അല്ല നീ...പോവണ്ടന്നു പറഞ്ഞതാ..,
നീ ഇല്ലാതെ, എനിക്കെന്തു ആഘോഷം.....!"

Written by,
Anjali Rajan

കരാട്ടനും, പാറ്റയും


Cockroach, Insect, Bug, Animal, Antenna
*******************
ഫെബ്രുവരിയിൽ, ശിവരാത്രിയുടെ പിറ്റേന്ന്, കൃഷ്ണൻ കരാട്ടെയിൽ മഞ്ഞ ബൽറ്റ് കരസ്തമാക്കി വീട്ടിലേക്ക് എത്തിയപ്പോൾ അങ്കം ജയിച്ച വന്ന വീരനെ സ്വീകരിക്കും പോൽ ഞാനവനെ ആരതിയുഴിഞ്ഞ് തിലകക്കുറിയണിയിച്ച് അകത്തേക്ക് ആനയിച്ചു.
ആ മഞ്ഞ ബൽറ്റിൽ തൊട്ടും തലോടിയും ഞാനും, ഞാനുമെന്റമ്മേം ഹർഷപുളകിതരായി നിൽക്കുമ്പോൾ ഇനി ഈ പടി കയറാൻ കാത്തു നില്ക്കുന്ന ബൽറ്റിന്റെ മറ്റ് നിറങ്ങളെ പറ്റി അവൻ പ്രസംഗിച്ചു.
അത് കേട്ട് വണ്ടറടിച്ച്, വായും പൊളിച്ച് നിൽക്കുന്ന ഞങ്ങളെ നോക്കി അവൻ അരുൾ ചെയ്തു
"ലേഡീസ് രണ്ടു പേരും ഇനി ഒട്ടും ഭയപ്പെടണ്ടതില്ല."
അത് കേട്ടതിൽ പിന്നെ ഇന്നലെ രാത്രി 8.45 വരെ ഞാനും അമ്മേം കിരീടത്തിലെ ഹൈദ്രോസും,സേതുവിന്റെ അളിയനും ആയിരുന്നു.
ഇവിടുത്തെ പറമ്പിലേക്ക്, സൂത്രത്തിൻ പ്ലാസ്റ്റിക് കവറുകളും, കുപ്പിച്ചില്ലുകളും എറിയുന്നവരേയും, സന്ധ്യ കഴിയുമ്പോൾ പ്ലാസ്റ്റിക് കത്തിക്കുന്നവരേയും,എല്ലാം അമ്മ വെല്ലുവിളിച്ചത് മഞ്ഞ ബൽറ്റ്കാരൻ വീട്ടിലുണ്ടന്ന ഒറ്റ ധൈര്യത്തിലാണ്.
ഞാനീ എഫ്.ബി.കലുങ്കിൽ കേറി കുത്തീരുന്ന് സകലമാന എഴുത്തിനേം കമന്റടിക്കുന്നതും മഞ്ഞബൽറ്റുകാരൻ ഇവിടുണ്ടല്ലോന്ന ധൈര്യത്തിലാണ്.
അതെല്ലാമാണ് ഇന്നലെ രാത്രി 8.57 ന് തകർന്ന് തവിടുപൊടിയായത്.
ഇന്നലെ രാത്രി പഠന മേശക്ക് ചുറ്റുമിരുന്ന് ഞാനും, കൃഷ്ണനും
' Kinds of Quadrilaterals 'ലേക്ക് ഇറങ്ങി നിൽക്കവെയാണ് കൃത്യം 8.45ന് ഞാനാ കാഴ്ച കണ്ടത്.
ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്ന പെഡസ്റ്റൽ ഫാനിന്റെ മുകളിൽ നെഞ്ചും വിരിച്ച് കൊമ്പും ആട്ടിക്കളിച്ച് ഒരു പാറ്റ.
ഞാനൊന്ന് വിറച്ചു.
ഛെ! പേടിച്ചിട്ടല്ല.
ദേഷ്യം വന്നിട്ടാ.
ദേഷ്യം വന്നാൽ ഒരു വിറവൽ, അത് നിർബന്ധാ !
ഞാനെന്റെ മഞ്ഞബൽട്ടനെ തോണ്ടി വിളിച്ച് പാറ്റയെ ചൂണ്ടിക്കാണിച്ചാജ്ഞാപിച്ചു
" അവന്റെ കൊമ്പേൽ പിടിച്ച് തൂക്കിവെളീലോട്ടെറിയടാ ടാ ടാ ടാ ടാ "
കൃഷ്ണൻ എണീറ്റ് നിന്ന് നെഞ്ച് വിരിച്ചു പാറ്റയെ നോക്കി, പിന്നെ എബൗട്ടേണടിച്ച്, ഞാൻ ലോക്ക് ചെയ്ത് വച്ചിരുന്ന വാതിൽ തുറന്ന്
"ഫോളോ മീ" എന്ന് എന്നോട് പറഞ്ഞിട്ട് അടുത്ത മുറി ലക്ഷ്യമാക്കി നടന്നു,, അല്ല ഓടി.
ആദ്യം ഒന്നമ്പരന്നെങ്കിലും, പാറ്റേനെ കില്ലാൻ എന്തേലും ആയുധമെടുക്കാൻ പോയതാവുംന്ന് കരുതി ഞാനും പിറകെ ചെന്നു മുറീലോട്ട് കയറി.
" അമ്മേ...... എന്റെ റ്റെക്സ്റ്റ് എടുക്കാഞ്ഞതെന്താ...? "
"റ്റെക്സ്റ്റ് എന്തിനാ ഇപ്പൊ ?"
" ആ പാറ്റ എന്റെ റ്റെക്സ്റ്റ് കടിച്ചു തിന്നുമമ്മേ... "
പിന്നെ പാറ്റക്ക് തിന്നാൻ എന്തോരം സാധനങ്ങൾ ഇവിടെ വേറെ ഉള്ളപ്പഴാ ഇവന്റെ റ്റെക്സ്റ്റ്.
"കൃഷ്ണാ..... എന്താന്ന് വച്ചാ വേഗം എടുത്ത് ചെന്ന് പാറ്റേനെ തട്ടിക്കള ."
"അയ്യോ! അമ്മേ എനിക്ക് പേടിയാ... പാറ്റ കടിക്കും"
" മോനതിന്റെ കൊമ്പേൽ പിടിച്ച് പുറത്തോട്ട് എറിഞ്ഞാൽ മതി"
"പിന്നെ, അപ്പൊ അതെന്റെ കൈയ്യേൽ കുത്തും അമ്മേ...."
ഹും! ഇവന്റെ ഈ പറച്ചിൽ എന്റെ മനസ്സിലാണ് ഇപ്പൊ കുത്തിക്കൊണ്ടത്.
എന്തൊക്കെയാര്ന്ന് .... മലപ്പുറം കത്തി, അമ്പും വില്ലും, ഒലക്കേടെ മൂട്.
"പിന്നെങ്ങനാ....... അതിനെ ഓടിക്കുന്നത്?"
"അമ്മ ചെന്നോടിക്ക്."
" ഞാ.. നോ ? എനിക്ക് ദേഷ്യം വന്നിരിക്കുന്നത് കൊണ്ട് കണ്ണ് കാണില്ലന്ന് നിനക്കറിയില്ലേ?
ആട് എനിക്കൊരു ഭീകരജീവിയല്ലങ്കിലും പാറ്റ എനിക്കൊരു ഭീകരജീവിയാ.
കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം ഞാനവനോട് ചോദിച്ചു ,
" ഇനി നമ്മളെങ്ങനെ ആ മുറീൽ കയറും?"
"അമ്മേ, പാറ്റ പോയിട്ട് നമുക്ക് കേറാം."
" അപ്പൊ നമ്മളെങ്ങനെ കിടക്കും ?"
" നമുക്ക് ഇവിടെ കിടക്കാമ്മേ... "
" ഇവിടുള്ളോര് അപ്പൊ എവിടെ കിടക്കും മോനേ ?"
''അവരപ്പുറത്തെ മുറീൽ കിടന്നോളൂന്നെ."
"യ്യയ്യയ്യയ്യേ ...... നീ എന്തൂട്ട് കരാട്ടൻ ആണെടാ..? ഒരു പാറ്റേനെ കൊല്ലാൻ കൂടറിയില്ല."
" അമ്മയ്ക്കൊന്നും അറിയില്ല, പാറ്റേനെ കൊല്ലാൻ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലമ്മേ, അറ്റാക്ക് ചെയ്യാൻ വരുന്നവരെ ഇടിക്കാനും, തൊഴിക്കാനുമാ ഞങ്ങളെ പഠിപ്പിച്ചത്.
"ങേ !!! ബസ്റ്റ് കണ്ണാ..... ബസ്റ്റ് "
ഇവനെ കരാട്ടെ ക്ലാസ്സിൽ വിട്ട രൂപ കൊണ്ട് അഞ്ചാറ് 'ഹിറ്റ്' വാങ്ങി വച്ചാൽ മതിയാര്ന്ന്..

By Anjali Rajan

ലവ് ഈസ് ആൻ എവർ ഫിക്സ്ഡ് മാർക്ക്.


*******************************************
ഇളം വെയിൽ പുതച്ചു നിൽക്കുന്ന മനോഹരമായ സായാഹ്നത്തിൽ,
ഒഴുകി നടക്കുന്ന വെൺമേഘങ്ങളെയും നോക്കി,
ചെറിയ ചൂടുള്ള കോഫി നുണഞ്ഞു ഞാൻ ടെറസ്സിലിരുന്നു..
എന്റെ മനസ്സിൽ ബാനുവും, ശ്രീകാന്തുമായിരുന്നു...
ഈ അൻപതാം വയസ്സിലും എന്റെ സിരകളിൽ ഒഴുകുന്നത് ഒരിക്കൽ ബാനു നിറച്ച പ്രണയമാണെങ്കിൽ,
ഇരുപത്തിമൂന്ന് വയസ്സു മുതൽ ഇന്നോളം സൗഹൃദം പകർന്നെന്റെ ഉള്ളു നിറയ്ക്കുന്നത് ശ്രീകാന്താണ്..
ബാനു മറ്റൊരു സ്ത്രീയുടെയും, ഞാൻ ശ്രീകാന്തിന്റെയും സ്വന്തമാണിന്ന്…
കുടുംബ സുഹൃത്തായിരുന്ന സോമനാഥ ബാനർജിയുടെ, പത്തു വയസ്സുകാരൻ മകൻ ബാനുവെന്ന മിലൻ ബാനർജിയും, ഞാനെന്ന എട്ടു വയസുകാരിയും കുടുംബങ്ങളുടെ സൗഹൃദ പാതയിലൂടെയാണ് ചുവടുകൾ വെച്ചത്..
ഇടയ്ക്കിടെ ഇരു കുടുംബങ്ങളും ഒരുമിച്ചു,
ഔട്ടിംഗ്, ഷോപ്പിംഗ്,ഫോട്ടോ സെഷനുകൾ..
ബാല്യം വിട്ടു കൗമാരത്തിന്റെ ഇടനാഴിയിലെത്തിയപ്പോൾ,
ഹൃദയത്തിൽ മാസ്മരികത സൃഷ്ടിച്ചു കൊണ്ട് പ്രണയം പുല്ലാങ്കുഴലൂതി ...
നാഷണൽ ലൈബ്രറിയുടെ മൂന്നാമത്തെ വരിയിലിരുന്ന്, എനിക്കു മാത്രം കേൾക്കാനായി എന്റെ കണ്ണുകളിലേയ്ക്കു നോക്കി, ജോൺ കീറ്റ്സ് ആയി മാറി ബാനു കവിത ചൊല്ലി..
കാളീഘട്ടിന് എതിർവശത്തെ മാളിൽ നിന്നും സന്ദേഷും,രസ്ഗുളയും,മിഷ്ടി ദൊയും, പ്രണയത്തിൽ പങ്കുചേർന്ന സായാഹ്നങ്ങൾ..
ഇന്ത്യൻ മ്യൂസിയത്തിന്റെ പുറകിലെ തണൽ വീഥിയിലൂടെ, കൈകൾ കോർത്ത് നടന്നിരുന്ന നിമിഷങ്ങൾ…
വിടവാങ്ങലിൻ്റെ വേദന സഹിക്കാനാവാതെ,
അസ്തമയം നോക്കി ഞാൻ വിതുമ്പുമ്പോൾ എന്റെ കൈ അവന്റെ നെഞ്ചിലേയ്ക്ക് ചേർത്തു കൊണ്ട് മൃദുവായി അവൻ പറയും,
“ഇഷാ..അമി സൊർബദാ തൊമാർ സാതി ആചി.. “
ബാനുവിന് വേണ്ടി വിരിഞ്ഞ പൂവായിരുന്നു ഞാൻ, അവനോടുള്ള പ്രണയമായിരുന്നെന്റെ സുഗന്ധവും..
ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പടികളിലൊന്നിൽ, കളി കഴിഞ്ഞെത്തുന്ന അവനെയും കാത്തിരുന്നത് എത്ര ആനന്ദത്തോടെയായിരുന്നു…!
ഞാൻ കണ്ട ഏറ്റവും
മനോഹരമായ കാഴ്ച അവന്റെ കണ്ണുകളിലായിരുന്നു...!!
പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞയുടനെ, കല്യാണാലോചന തുടങ്ങിയപ്പോഴാണ്,
ബാനുവിനെ മതിയെന്ന് ഞാൻ വീട്ടിൽ
തുറന്നു പറഞ്ഞത്..
പിന്നെ നടന്നത് ഭൂകമ്പമായിരുന്നു.
അതിൽ ഇരു വീടുകൾക്കുമിടയിലുള്ള,
ഉറപ്പാർന്നതും മനോഹരവുമായതെന്ന് വിശ്വസിച്ചിരുന്ന സൗഹൃദത്തിനു മേൽ, ജാതിയുടെ ഇരുമ്പ് മതിൽ മറിഞ്ഞു വീഴുകയും,സൗഹൃദം അതിന്റെ യാതൊരടയാളവും അവശേഷിപ്പിക്കാതെ തവിടുപൊടിയാവുകയും ചെയ്തു..
ഞാൻ ബാനുവിനൊപ്പമോ, അല്ലങ്കിൽ ഈ ലോകത്തു നിന്നു തന്നയോ പോയേക്കുമെന്ന കുടുംബത്തിന്റെ ഭയം, എന്നെ വീട്ടുതടങ്കലിലാക്കി..
കാളീപൂജയുടെ പിറ്റേന്ന് പകലാണ്,
ഗേറ്റു തള്ളി തുറന്നു വീടിനു മുന്നിൽ വന്നു എന്നെ അവന് നൽകണമെന്ന് അപേക്ഷിച്ചതും, ഒടുവിൽ,"ഇഷാ…. അമി ആപ്നകെ ചാര കിചൂയി നയി... “എന്നു പറഞ്ഞു നീറി പിടഞ്ഞു തിരികെ പോയതും…
അതോടെ ബാനുവും വീട്ടു തടങ്കലിലായി.
ജീവനു യാതൊരു ഉറപ്പുമില്ലങ്കിലും,സോഷ്യൽ സ്റ്റാറ്റസ് എന്ന ഇരുമ്പഴിക്കുള്ളിൽ നിന്നു പുറത്തിറങ്ങാൻ മനുഷ്യന് താത്പര്യമില്ല...
ജാതിയും, മറ്റു യോഗ്യതകളും,
പരിശോധിച്ച് തൃപ്തിപ്പെട്ട് ശ്രീകാന്ത് തിരഞ്ഞെടുക്കപ്പെടുകയും,
കൊഴിഞ്ഞു വീണ ഇല കാറ്റിന്റെ ഗതിയനുസരിച്ച് പറക്കും പോലെ ഞാൻ ശ്രീകാന്തിന്റെ ഭാര്യയാവുകയും ചെയ്തു.
ശ്രീകാന്ത് എനിക്കൊരു പ്ളസ് ആയിരുന്നു..
എന്നെ ഞാനായിരിക്കാൻ പ്രാപ്തയാക്കിയത് ശ്രീകാന്ത് ആണ്.
നഷ്ടപ്പെടലിന്റെ കൊടും ചൂടേറ്റു,
തരിശായി കിടന്നിരുന്ന എന്റെ മനസ്സിൽ സൗഹൃദത്തിന്റെ വിത്തുകൾ പാവുകയും, അത് മുളപ്പിച്ച് വിളവെടുക്കുന്നതിൽ
ശ്രീ വിജയിക്കുകയും ചെയ്തു..
ചില പുരുഷൻമാർ കിരീടമായി അണിയുന്ന സ്ത്രീക്ക് മേലയുള്ള അധികാരം,
ശ്രീ അണിഞ്ഞിരുന്നില്ല..
ശ്രീ എന്നും എന്നെ ചേർത്തു നിർത്തി.
അഭിപ്രായവ്യത്യാസങ്ങളും,പിണക്കങ്ങളും ഉണ്ടായപ്പോഴുമൊന്നും ബാനുവിന്റെ പേരു പറഞ്ഞു ശ്രീ എന്നെ ആക്ഷേപിച്ചിരുന്നുമില്ല.
ശ്രീ നല്ലൊരു ഭർത്താവും, അച്ഛനുമാണ്..
എന്റെ ശ്വാസവുമാണ്..
എന്നിട്ടും,വിവാഹിതയും അമ്മയും മധ്യവയസ്കയും ആയ ഞാൻ,വർഷങ്ങൾക്കു ശേഷം,
ആദ്യമായി ബാനുവിനെ കുടുംബമൊന്നിച്ച് നേരിട്ട് കണ്ട ഇന്നലെ രാത്രി,
ആ നഷ്ടം സഹിക്കാനാവാതെ തലയിണയിൽ മുഖമമർത്തി ആർത്തലച്ചു കരഞ്ഞു....
പെയ്തിട്ടും പെയ്തിട്ടും മതിവരാതെ പിന്നെയും പിന്നെയും ശക്തിയായി കുത്തിയൊലിച്ചു പെയ്യുന്ന മഴ പോലെ..
സിരകളിൽ രക്തം മാറ്റി നിറയ്ക്കുന്നതു പോലെ, പ്രണയം മാറ്റാനാവില്ല എന്നു ഞാൻ മനസ്സിലാക്കുന്നു.
എന്റെ ഹൃദയം മിടിക്കുവോളം ബാനുവിന്റെ പ്രണയം എന്റെ സിരകളിലൊഴുകും.. ഇന്നലെ,ബാനുവിന്റെ കണ്ണുകളിൽ നിന്നും അടരാൻ വെമ്പിയ തുള്ളികളും പറയാൻ ശ്രമിച്ചത് അതു തന്നെയാവും..
ബാനു നഷ്ടപ്പെട്ടതോർത്തു വേദനിക്കുമ്പോഴും,
ശ്രീയെ സ്നേഹിക്കാനാവാതെ,
ശ്രീയുടെ സ്നേഹമില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ല.
ശ്രീയുടെ സ്നേഹത്തിൻ്റെ ആഴങ്ങളിൽ മാത്രമേ, എനിക്ക് സന്തോഷത്തിൻ്റെ തിളക്കമുള്ള മുത്തുകൾ സ്വന്തമാവൂ...
അമി തുമാകെ ഭാലോ ഭാഷി ശ്രീ….!
Written by,
Anjali Rajan.

ഗുണ്ടുമണി

Image may contain: Anjali Rajan, smiling, text and closeup
ഉരുണ്ട് ഗുണ്ടുമണിയായി ചീർത്ത കവിളുകളോടെ സ്വന്തം കുടുംബത്തിലെ ഏതെങ്കിലും ഫങ്ഷനിൽ എത്തണം.
അവിടെ സന്നിഹിതരായിരിക്കുന്ന പ്രായമായവരുടെ മുഖമപ്പോൾ
പൂനിലാവ് പോലെ വിടർന്ന്
പ്രകാശം പൊഴിക്കും.
അവർ പരസ്പരമോ, അല്ലങ്കിൽ ആ വേദിയിൽ ഇല്ലാതിരുന്നയാളെ പിന്നീട് കണ്ടുമുട്ടുമ്പോഴോ പറയും,
"അതേ... ആ പെങ്കൊച്ച് ഇപ്പോൾ
നല്ലോണം മിടുക്കിയായിരിക്കുന്നു കേട്ടോ....!"
ശേഷം...,,
ഏതോ മുറിയുടെ മൂലയ്ക്ക് ഫോണിൽ തോണ്ടിയിരുന്നപ്പോൾ,
എങ്ങനയോ വെളിവോദയം ഉണ്ടായതിൻ്റെ വെട്ടത്തിൽ,
തടി കൂട്ടുന്ന ആഹാരങ്ങളോടുള്ള അടങ്ങാത്ത കൊതി ചങ്ങലയ്ക്കിട്ടു പൂട്ടി,
പട്ടിണി കിടന്നതിൻ്റെ പരിണിതഫലമായി
പലവട്ടം തല കറങ്ങിയെങ്കിലും തടി കുറച്ചു.
പത്തു മിനിട്ടു മാജിക് കൊണ്ട് വെളുത്ത മുടികളെ കറുപ്പിക്കാമെങ്കിലും,
രണ്ട് മൂന്ന് മണിക്കൂർ ഹെന്ന
തലയിൽ വാരി പൊത്തി മുടികൾ
നല്ല മെറൂൺ നിറവും കൈവരിച്ചു.
(ഹെന്നയിട്ട് ഇരിക്കുന്നതിനിടെ,
ആരെങ്കിലും വന്നു കോളിംഗ് ബൽ അമർത്തിയാൽ വാതിൽ തുറക്കാൻ പോണ്ട.
വന്നവർ കുറച്ചു നേരം ബെൽ
ഞെക്കി കളിച്ചു വിരലു കുഴയുമ്പോൾ തിരിച്ചു പൊക്കോളും.)
അടുക്കളയിലെ ആവശ്വത്തിനു വാങ്ങിയ
ഒട്ടു മുക്കാലും സാധനങ്ങൾ,
പാൽ പഴം മുട്ട വെണ്ണ തൈര് ഓട്സ് തക്കാളി വെള്ളരിക്ക നാരങ്ങ പഞ്ചസാര കടലമാവ് തുടങ്ങി കൊച്ചിനു കുടിക്കാൻ വാങ്ങി വച്ചിരുന്ന ശുദ്ധമായ തേനടക്കം മുഖത്ത് തേച്ച്, തിളങ്ങുന്ന മുഖവും സ്വന്തമാക്കി.
പുതിയ സൽവാർ കമ്മീസ് അണിഞ്ഞ് ഗോദ്റജ് അലമാരയുടെ മുന്നിലെ നീളൻ കണ്ണാടിക്ക് മുന്നിൽ ചാഞ്ഞും ചരിഞ്ഞും നോക്കി, ദീപികാ പദുക്കോൺ ഓർ
സോനം കപൂർ എന്ന് സ്വയം നിർവൃതി
പൂണ്ട് പുറത്തോട്ടിറങ്ങുമ്പോൾ,
"കൊള്ളാല്ലോടീ...!,
ഇതൊക്കെ എങ്ങനെ സാധിക്കുന്നടീ..ഉവ്വേ...?"
എന്ന കൂട്ടുകാരികളുടെ അതിശയഭാവത്തിന്,
''ഓ...ഇതൊക്കെ... യെന്ത്..!"
എന്ന മറു ഭാവം നൽകി,
"ദൈവമേ പാവത്തുങ്ങൾക്ക് എന്തിനിത്ര സൗന്ദര്യം നൽകി.., ഉണ്ടേൽ
കുറച്ചു കൂടി താ "
എന്ന് മനസ്സിൽ പറഞ്ഞ് വീണ്ടാമത്തെ, കുടുംബ ഫങ്ഷനിൽ എത്തണം.
മുൻപേ കണ്ട പ്രായമായവർ,ഇവിടെയും
മുന്നിൽ തന്നെ ആസനസ്ഥരായിട്ടുണ്ടാവും.
ഒന്നു രണ്ട് നിമിഷങ്ങൾക്ക് ശേഷം അവരുടെ പുരികങ്ങൾ ചാന്ദ്രയാൻ റ്റു പോലെ മേലോട്ടുയരും.
പിന്നെ,
"ഇതെന്നാ കോലമാടീ....കൊച്ചേ,
നിനക്കെന്നാ വല്ലതും
മേലാതിരിക്കുവാണോ...?
അതു കേട്ട കൃഷ്ണമണികൾ പുറത്തേക്കിറങ്ങി ഓടാൻ ശ്രമിക്കുമ്പോൾ അടുത്തത് വരും,
''ഇതെന്നാടീ...., ഈ മുടിയേല്...?കോഴിക്കുഞ്ഞുങ്ങൾക്ക് ചായം തേച്ച മാതിരി...!"
അതു കേട്ട് വലതു ഇടതു വശങ്ങളിൽ നിൽക്കുന്നവർ ചിരി ഒളിപ്പിക്കാനായി തലകൾ യഥാക്രമം
അക്യുട്ട് ,ഒബ്റ്റ്യൂസ് ആംഗ്ൾകളിലേക്ക്
തിരിക്കും.
അപ്പോൾ റൈറ്റ് ആംഗ്ളിൽ നിൽക്കുന്ന നമ്മോട് നമ്മുടെ മനസ്സ് മന്ത്രിക്കും, "തീർന്നടീ..., നീ...തീർന്ന്."
ഹൊ ! പിന്നെന്റെ സാറേ ചുറ്റും നടക്കുന്നതൊന്നും നമ്മളറിയില്ല.
നമ്മളപ്പോൾ നമ്രശിരസ്ക്കരായ് നിലത്തേയ്ക്കു നോക്കി നിൽക്കുകയാവും.
എന്തിനെന്നോ.., ?
കാൽനഖം കൊണ്ട് ചിത്രം വരയ്ക്കാനോ,
ഭൂമി പിളർത്തി താഴോട്ടു പോകാനോ അല്ല, വേറൊന്നും ചെയ്യാനില്ല അത്ര തന്നെ..!
Anjali Rajan

എന്റെ ശൗചാലയ സഞ്ചാരങ്ങൾ.

Image may contain: 2 people, including Anjali Rajan, people smiling, closeup

~~~~~~~~~~~~~~~~~~~~~
കാണം വിറ്റും ഉത്സവം ഉണ്ണുന്ന ഉത്സവക്കാലമെത്തി.
അന്നെന്റെ കൃഷ്ണന് പത്തു മാസം
പ്രായം.
ഉത്സവത്തിന് വീടുകളിൽ മത്സ്യ മാംസ്യാദികളാണ് മുഖ്യം.
അത് തന്നെയാണ് ഒരു കാന്തം പോലെ എന്നെ ഉത്സവത്തിലേക്കാകർഷിച്ചതും.
പ്രത്യേകിച്ചും പോത്തിറച്ചി .
ഞാൻ പാചകത്തിൽ പിച്ചവക്കുന്ന
ആ ഉത്സവക്കാലത്താണ് അത് നടന്നത്.
അടുക്കളയിലെ വലിയ ചരുവത്തിൽ ഗമയോടെ ഇരിക്കുന്ന പോത്തിറച്ചിക്കു ചുറ്റും നടന്ന്
"എന്തിനെന്നറിയില്ല, എങ്ങനെന്നറിയില്ല എപ്പഴോ നിന്നെയെനിക്കിഷ്ടമായി "
എന്ന വരികൾ മൂളുമ്പോഴാണ് ശൂ..ശൂ എന്ന വിളി കേട്ടത്.
തിരിഞ്ഞ് നോക്കുമ്പോൾ, മഞ്ഞ കിറ്റിൽ കളയാനായി മാറ്റി വക്കപ്പെട്ട ഇറച്ചീടെ നെയ്യാണ്.
എന്നെ കളയല്ലേന്ന നിലവിളി ഞാൻ കേട്ട പോലെ.
അല്ലേലും, അപേക്ഷ ഞാൻ ഉപേക്ഷിക്കാറില്ല.
അടുക്കളയിൽ നിന്നും അമ്മായിയമ്മ അരങ്ങത്തേക്ക് പോയതിനു ശേഷം ഞാൻ പാനെടുത്ത് കുറച്ചെണ്ണയൊഴിച്ച് ഉപ്പും കുരുമുളകും പുരട്ടി ഇറച്ചി നെയ്യ് പൊരിച്ചു.
നെയ്യ് മൊരിയാൻ എണ്ണേടാവശ്യം ഇല്ലന്നറിയാനുള്ള ബുദ്ധി വളർച്ച അന്നുണ്ടായിരുന്നില്ല.
വെന്ത നെയ്യ് പാത്രത്തിലാക്കി ഞാൻ തിന്നു, അല്ല മിഴുങ്ങി കാരണം ചവച്ചിട്ടതരയുന്നില്ല.
വയറിലേക്ക് അതെത്തിയപ്പോൾ സ്വീകരിക്കാനെന്നവണ്ണം, വയറിനകത്തുന്ന് വെടിക്കെട്ട്, പഞ്ചവാദ്യം എന്നിവ അരങ്ങേറുന്നു,
വയറിൽ നിന്ന് താഴേക്ക് സുനാമി അലയടിക്കുന്നതു പോലെ തോന്നി.
പിന്നൊന്നും ഓർമ്മയില്ല.
ഓർമ്മ വരുമ്പോൾ ഞാൻ ശൗചാലയത്തിലെ സിംഹാസനത്തിന്മേലാണ്.
ശൗചാലയത്തിൽ നിന്ന് മുറിയിലേക്കും, മുറിയിൽ നിന്ന് ശൗചാലയത്തിലേക്കും ചാടിക്കളിക്കുന്നതിനിടയിൽ
"നിനക്കും വേറൊന്നും കഴിക്കാനില്ലായിരുന്നിട്ടാണോടീ #$@&......?"
എന്ന കെട്ടിയോന്റലർച്ച കേട്ട് കുട്ടി മാമാ....ഞാൻ ഞെട്ടി.
ഹും! ഇനീപ്പൊ അലറീട്ടെന്തിനാ?
ഞാൻ ആ ഇറച്ചി നെയ്യ് പൊരിച്ചു മിഴുങ്ങണ നേരത്ത് ഇതിയാനൊന്ന് ഒച്ചവച്ചിരുന്നെങ്കിൽ ,
ഉറക്കെ കരഞ്ഞിരുന്നെങ്കിൽ , ഞാനുണർന്നേനെ!!
ബന്ധുവായ ഹോമിയോ ഡോക്ടർ രണ്ട് കുപ്പി ഗുളികകൾ കൊടുത്തയച്ച് നാലെണ്ണം വീതം മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കാൻ നിർദ്ദേശിച്ചു.
പക്ഷേ കാഞ്ഞ ഫുത്തീള്ള കെട്ടിയവൻ ഡോക്ടർ കഴിക്കാൻ നിർദ്ദേശിച്ച മൂന്ന് മണിക്കൂർ ഇടവിട്ട് എന്നത് മുപ്പതു മിനിട്ട് ഇടവിട്ട് കഴിക്കാനാണെന്നെന്നോട് തട്ടി.
അങ്ങേരെക്കാൾ കാഞ്ഞ ഫുത്തീള്ള ഞാൻ മുപ്പത് മിനുട്ട് ഇടവിട്ട് എന്നത് പതിനഞ്ച് മിനുട്ട് ഇടവിട്ട് കഴിച്ചും തുടങ്ങി.
അങ്ങനെ രണ്ട് മണിക്കൂറിനുള്ളിൽ ഗുളിക കുപ്പികൾ കാലിയായി.
ഇതിനിടയിൽ നേരം കിട്ടിയപ്പോഴൊക്കെ ഇഞ്ചിനീരും, സുലൈമാനിയും, കുടിച്ചു. ലോമോട്ടിൽ എന്ന ഗുളികയും കഴിച്ചു.
അന്ന് രാത്രിയോടെ കലാപരിപാടിക്ക് തിരശ്ശീല വീണു.
പക്ഷേ പിറ്റേന്ന് മുതലങ്ങോട്ട് വരണ്ട കാലാവസ്ഥയായി.
വായ്ക്കകത്തേക്ക് പോകുന്നതൊന്നും പുറത്തേക്ക് പോകാൻ കഴിയാതെ വയറിൽ കുടുങ്ങിക്കിടപ്പായി.
കുറച്ചു ദിവസങ്ങൾ ശൗചാലയത്തിലിരുന്ന് "വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാമെതന്നാലും "
പാടിയതിനു ശേഷം മറുമരുന്നിനായ് ഹോമിയോ ഡോക്ടറെ സമീപിച്ചപ്പോഴാണ്,
ഡോക്ടർ പറഞ്ഞ സമയവും, കെട്ടിയോൻ തീരുമാനിച്ച സമയവും ഞാൻ നടപ്പിലാക്കിയ സമയവും വെളിയിൽ വന്നത്.
കലണ്ടറിലെ പേജ് മറിഞ്ഞ് മറിഞ്ഞു പോയി. കൃഷ്ണൻ അഞ്ചാം വയസ്സിലേക്കെത്തി.
ആ ക്രിസ്തുമസ് രാവിൽ, ഞങ്ങൾ ചിറ്റപ്പന്റെ വീട്ടിലെത്തി.
അവിടെ പല തരത്തിലുള്ള കേക്ക്കളും, മുന്തിരി വൈനും ഉണ്ടായിരുന്നു.
കേക്കും തിന്ന്,കേക്ക്ന്റെ ക്രീമും തോണ്ടി തിന്ന്, വൈനും കുടിച്ച്, പിന്ന വിടുണ്ടായിരുന്നതുമൊക്കെ വലിച്ചു വാരി മിഴുങ്ങി ഉറങ്ങി, അതിരാവിലെ ഉണർന്ന് ഞങ്ങൾ തിരികെ വീട്ടിലേയ്ക്ക് പോയി.
ആ യാത്രയിൽ എനിക്കൊരു ഐഡിയ മൊട്ടിട്ടു, എന്തേലും കഴിച്ചിട്ടു പോയാൽ, വീട്ടിലെത്തി രാവിലത്തേയ്ക്ക് ഒന്നും ഉണ്ടാക്കണ്ട.
പക്ഷേ, അത്ര രാവിലെ,കടകൾ പലതും തുറന്നിട്ടുണ്ടായിരുന്നില്ലാ, മുന്നോട്ട് പോയപ്പോൾ ചെറിയൊരു കട,
' കേറി വാടാ മക്കളേ ' എന്ന മട്ടിൽ തുറന്നിരിപ്പുണ്ട്.
അവിടുത്തെ വിഭവങ്ങൾ അപ്പവും, മുട്ടയും ,മുട്ടയും അപ്പവും.
ഞാനെങ്ങനെ തലകുത്തി നിന്ന് നിർമ്മിച്ചാലും ശരിയാവത്ത സാധനമാണീ മുട്ടക്കറി.അതോണ്ട് പുറത്തൂന്ന് കിട്ടണ മുട്ടക്കറി തട്ടാൻ മ്മിണി ബല്യ ഇഷ്ടാ.
കള്ളി കൈലിയും, വരയൻ ബനിയനും ഇട്ട ചേട്ടന്റെ കൈയ്യിലിരുന്ന് കുണുങ്ങി കുണുങ്ങി വരുന്ന അപ്പോം മുട്ടേം കണ്ട് എന്റെ വയറിനുള്ളിൽ നടന്ന ആനന്ദ നൃത്തത്തിനൊടുവിൽ ക്ഷീണിച്ച് മറിഞ്ഞു വീണ തലേന്നത്തെ കേക്കും വൈനും പുറത്തേക്ക് ചാടാൻ വെമ്പൽ പൂണ്ടൂ.
"ചേട്ടാ, ടൊയ്ലറ്റ് എവിടാ ?"
"ഓംലറ്റാ? അതൊന്നും ഇവിടെ കിട്ടൂല്ലാ ട്ടാ."
"ചേട്ടാ കക്കൂസ്..... കക്കൂസ് "
കള്ളി കൈലിക്കാരൻ ചേട്ടൻ ചൂണ്ടിയ സ്ഥലം ലക്ഷ്യമാക്കി ഞാൻ പാഞ്ഞു.
ഹോട്ടലിനു പിന്നാമ്പുറത്ത്, ഇടുങ്ങിയ മുറിയും, മരക്കഷണം കൊണ്ടുള്ള വാതിലും ചേർന്നതായിരുന്നു ടൊയ്ലറ്റ്.
സ്വദേശി പ്രസ്ഥാനത്തിന്റെ അനുഭാവികളിലാരോ ഉടമയായിരുന്ന കൊണ്ടാവാം, പേരിലും അത് പുലർത്തി ഇൻഡ്യൻ ക്ലോസറ്റ് ആയിരുന്നു.
പൈപ്പ് ഉണ്ടായിരുന്നില്ല. ചളുങ്ങിയ അലുമിനി കുടം ഉണ്ട്. അതെടുത്ത് കുളത്തിൽ നിന്ന് വെള്ളം കോരിയെടുക്കണം.
വാതിലാണേലോ, ഇങ്ങോട്ട് വാന്ന് വിളിച്ചാൽ അങ്ങോട്ട് പോകും.അതായത് കുറ്റി ഇല്ലായിരുന്നൂന്ന് .
അകത്ത്, ഞാൻ അതീവ ശ്രദ്ധയോടെ, കൃത്യനിർവ്വഹണത്തിലേർപ്പെട്ടിരിക്കെ, പുറത്ത്, കുറ്റിയില്ലാത്ത വാതിൽ അടച്ചുപിടിച്ച് നിന്ന കെട്ടിയോൻ, ഏതോ ഭാഷയിൽ, എന്നെയും, വീട്ടുകാരെയും പ്രകീർത്തിച്ചു കൊണ്ട് മണിപ്രവാളം ചൊല്ലി.
കാലം കടന്നു പോയി. പത്ത് മാസക്കാരൻ കൃഷ്ണൻ പത്ത് വയസ്സുകാരനായി.
അപ്പഴേക്കും കണ്ണന്റെ കല്യാണമായി.
കല്യാണതലേന്ന് രാത്രിയിൽ ഞങ്ങളെല്ലാരും ഉറങ്ങാതെ വെളുപ്പിന് നാലുമണി വരെ ചളിയടിച്ചിരുന്നു.
ഉച്ചക്ക് കല്യാണസദ്യക്ക് വിളമ്പിയ ഫ്രൂട്ട് സലാഡ് പിന്നേം പിന്നേം ചോദിച്ച് മേടിച്ച് ഒടുവിൽ വിളമ്പുകാരൻ എന്നെക്കണ്ട് പാത്തു നിൽക്കണവരെ തിന്നു.
വൈകിട്ട് റിസപ്ഷനായ് "ബ്രൂട്ടീഷൻ " ചെയ്യുമ്പോൾ ദാ വയറ്റിൽ നിന്നും നാദസ്വരവായന ഉയരുന്നു,
കൂടെ തലയ്ക്ക് മത്തും.വയറിൽ നിന്നും താഴേക്ക് ഓഖിയും അലയടിക്കുന്നു.
വീണ്ടും, ശൗചാലയത്തിലെ സിംഹാസനത്തിന്മേലാസനസ്ഥയായി.
ഇടക്കൊരു ബ്രേക്ക് കിട്ടിയപ്പോൾ പുറത്തേക്ക് വന്ന ഞാൻ തകർന്നു പോയി.
എന്റെ പത്തു വയസ്സുകാരൻ അവന്റെ സ്വന്തം തള്ള ഏത് വഴിക്ക് പോയെന്ന് പോലും നോക്കാതെ ചിക്കന്റെ കാലുമായി മൽപിടുത്തം നടത്തുന്നു.
കൂടെയുണ്ടായിരുന്ന ഐഷുവും സേതുവും കണ്ണന്റേം പെണ്ണിന്റേം ചുറ്റും പൂച്ച നടത്തം ചെയ്യുന്നു.
ചുറ്റും ഫാഷൻ മേള നടക്കുന്നു.
അവരുടെ ഇടയിൽ ശൗചാലയ സഞ്ചാരത്തിനനുയോജ്യമായ വസ്ത്രധാരണം ചെയ്തു നിൽക്കുന്ന എന്നോട് എനിക്ക് തീർത്താൽ തീരാത്ത പുച്ഛം തോന്നി.
പക്ഷേ അവിടെ നിന്നുയർന്ന നോൺ വിഭവങ്ങളുടെ മണം എന്നെ തരളിതയാക്കി.ഞാൻ പൂത്തുലഞ്ഞു.
തീരെ സഹിക്കാൻ മേലാതായപ്പോൾ ഞാനാ ഭക്ഷണത്തിന്മേൽ കൈ തൊട്ട് വായിലോട്ട് വച്ചതും, ഗർഭകാലത്തു പോലും ഛർദ്ദിച്ചിട്ടില്ലാത്ത ഞാൻ വാളു വച്ച് വച്ച് വളഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞാണ് അതിൽ നിന്നും നിവർന്നത്.
പിന്നെയും കാലം ഓടിയും, ചാടിയും പോയി. പത്തു വയസ്സുകാരൻ കൃഷ്ണൻ പതിമ്മൂന്നിലേക്കെത്തി.
കഴിഞ്ഞ ഞായറാഴ്ച എന്റെ കസിൻബ്രോയുടെ കല്യാണമായിരുന്നു.
" നീ കല്യാണതലേന്നെ എത്തണം, എല്ലാരും വരും ,നമുക്കെല്ലാവർക്കും അടിച്ചു പൊളിക്കണം"
എന്നൊക്കെ കേട്ടതനുസരിച്ച് കല്യാണതലേന്ന് പോകാൻ സ്ഥാവരജംഗമ വസ്തുക്കളും കെട്ടിപ്പെറുക്കി നിൽക്കുമ്പോഴാണ് തലേ ദിവസം മൂക്ക്മുട്ടെ തട്ടിയ അയില വയറിൽ താണ്ഡവം തുടങ്ങിയതും, സുനാമി താഴേക്ക് അലയടിച്ചതും.
അങ്ങനെ ഞാൻ കല്യാണ യാത്ര റദ്ദാക്കി, ശൗചാലയ സഞ്ചാരത്തിനു തിരിച്ചു.
കല്യാണതലേന്ന് കല്യാണവീടിന്റെ പരിസരത്ത് പോലും എത്താൻ കഴിഞ്ഞില്ല, പോട്ടെ, പിറ്റേന്ന് കല്യാണത്തിനു പോലും പോകാൻ കഴിഞ്ഞില്ല.
ഒരു ബ്രേക്ക് കിട്ടിയപ്പോൾ ഞാൻ റിസപ്ഷന് എത്തി.
കസിൻബ്രോ കെട്ടും കഴിഞ്ഞ്, പച്ച ഉടുപ്പിട്ട്, പുത്തൻപെണ്ണുമായ് കൊച്ചുവർത്താനം പറഞ്ഞിരിക്കുന്നു.
എന്നെ കണ്ട പരിചയം പോലുമില്ല.
ഓ കല്യാണത്തിന് ചെല്ലാത്തതിന്റെ പരിഭവമായിരിക്കും!!
ഞാൻ പിറകിലെത്തി തോളിൽ തോണ്ടി വിളിച്ചു.
പൊടി തട്ടി കളയണ പോലെ എന്റെ കൈ തട്ടി മാറ്റി.
ഞാൻ മുൻപിൽ ചെന്നു നിന്നു.
ങ്ങൂം... ങ്ങൂം, അറിയണില്ല അവളുടെ ചെവിക്കകത്തു തന്നെ.
ഇതിനും മാത്രം എന്നതാണോ പറേണത് !!!
ഒടുക്കം ഞാനവരുടെ ഇടയിലേക്ക് തലനീട്ടി അവരുടെ മോന്ത തിരിച്ചെന്നെക്കാണിച്ചു കൊടുത്തു.
ഹല്ല പിന്നെ !!!
അതു കഴിഞ്ഞ് ഒരു ഭാഗത്ത് ഞാനും ഐഷുവും അടങ്ങിയൊതുങ്ങി കുലസ്ത്രീകളായിരിക്കുമ്പോഴാണ് ആരുടെയോ പ്ലേറ്റിൽ ഇരുന്ന് അതുവഴി പോയ കൊഴുത്ത് തുടുത്ത ബീഫ് എന്നെ നോക്കി കണ്ണിറുക്കിയത്.
കൺട്രോൾ കിട്ടാതായ ഞാൻ മേനകയുടെ നൃത്തത്തിൽ മയങ്ങിയ വിശ്വാമിത്രനെ പോലെ മൂക്കും കുത്തി വീണു.
പക്ഷേ ഉള്ളിലെ പേടി കാരണം സ്കിൽ മുഴുവനും പുറത്തെടുക്കാൻ കഴിഞ്ഞില്ല.
പക്ഷേ അന്ന് തൊട്ട് ദേ ഇപ്പ വരെ ഞാൻ കൂലംകലുഷിതമായ് ആലോചിക്കുന്നത് ഇതാണ്,എന്തുകൊണ്ടാണ് എന്റെ തോട്ടത്തിൽ ആലിൻക്കാ പഴുത്ത് തുടുത്ത് നിൽക്കുമ്പോൾ തന്നെ എനിക്ക് വയറിൽ പല്ലുവേദന വരുന്നത്!!
~~~~~~~
By,
ANJALY Anjali Rajan

ഫസ്റ്റ് ഇംപ്രഷൻ ഈസ് നോട്ട് ദ ബെസ്റ്റ് ഇംപ്രഷൻ.

Image may contain: 2 people, people smiling, selfie and closeup

~~~~~~~~~~~~~~~~~~~~~
ണിം.. ണിം.. ണിം... ണിം
"ഹലോ "
"ഗുഡ് മോണിംഗ്.."
"ഗുഡ് മോണിംഗ് ..."
താനെന്താ ഫോൺ എടുക്കാൻ താമസിച്ചത്..?, എവിടായിരുന്നു?"
" പുറത്തിരുന്ന്,
പത്രം വായിക്കുവായിരുന്നു. "
"അവിടെ ഏതൊക്കെ പത്രങ്ങൾ വരുത്തുന്നുണ്ട്?"
"കേരള കൗമുദി, മലയാള മനോരമ"
"ഇവിടെ മനോരമയും, ഹിന്ദുവും ഉണ്ട്.ഈ മാസം മുതൽ കേരളകൗമുദിയും ഇടീച്ചു തുടങ്ങി "
"അതെന്തിനാ ?"
" അതിനോടൊരു പ്രത്യേക സ്നേഹം തോന്നുന്നു. അതാ ."
"ങേ? അതെന്താ ?"
"അതിലെ മാട്രിമോണിയൽ വഴിയല്ലെ തന്നെ എനിക്ക് കിട്ടിയത്, അല്ലാ കിട്ടാൻ പോവുന്നത്?"
" ഹി ഹി ഹി "
"എങ്കിൽ ശരിയടോ.. ഞാൻ വൈകിട്ടു വിളിക്കാം.ഒ.കെ. ബൈ "
"ഒ.കെ "
വൈകിട്ട് .
ണിം... ണിം.. ണിം.. ണിം
"ഹലോ "
"എന്താടോ, റ്റി.വി കാണുവായിരുന്നോ ?"
"അല്ല. അടുക്കളയിൽ ആയിരുന്നു."
"ഓ! തനിക്ക് പാചകം അറിയുമോ?"
" ഇല്ല, അതോണ്ട് അമ്മേം അമ്മൂമ്മേം പാചകം പഠിപ്പിക്കുവാ."
"ആഹാ! ഇന്നെന്താ താൻ പഠിച്ചത് ?"
" ഇന്ന് പഠനം തുടങ്ങിയപ്പോ,കത്തി കൊണ്ട് കൈ ചെറുതായി മുറിഞ്ഞു. "
"അയ്യോ! എന്നിട്ട് ആശുപത്രിയിൽ പോയോ? സ്റ്റിച്ച് ഇട്ടോ? റ്റി.റ്റി. എടുത്തോ?,"
" അതിന് അത്രയ്ക്ക് മുറിഞ്ഞില്ലാ. ചെറുതായ് പോറി, ചോര പൊടിഞ്ഞു അത്രേയുള്ളൂ.ബറ്റാഡിൻ പുരട്ടിയിട്ടുണ്ട്."
"ഏയ് പോര, പോര അതൊന്നും പോര, ആശുപത്രിയിൽ പോണം, ഡോക്ടറെ കണ്ടേ പറ്റൂ "
"ശ്ശൊ ! ഒരു കുഴപ്പോമില്ല"
"എന്താടാ... ഇത് ശ്രദ്ധിക്കണ്ടേ? എന്റെ ദൈവമേ,ഞാനിതെങ്ങനെ സഹിക്കും?
താനെന്തായാലും ഇനി കിച്ചൺൽ കയറണ്ട."
" കയറാതിരിക്കാൻ അമ്മ സമ്മതിക്കില്ല.പാചകം പഠിച്ചില്ലേൽ കല്യാണം കഴിഞ്ഞെങ്ങനെ ആഹാരം കഴിക്കുമെന്നാ അമ്മ ചോദിക്കുന്നത് "
"പിന്നെ, അമ്മ അതൊക്കെ പറയും. കിച്ചൺൽ കയറി, തന്റെ കൈ മുറിയുവോ പൊള്ളുകയോ ഒക്കെ ചെയ്താൽ എനിക്കു സഹിക്കാൻ കഴിയില്ല."
" എന്നായാലും കല്യാണം കഴിഞ്ഞ് ഞാൻ അടുക്കളയിൽ കയറിയല്ലേ
പറ്റൂ."
" ഞാനില്ലേടോ, ഞാൻ കയറും അടുക്കളയിൽ.താനെന്തായാലും ഇപ്പൊ റെസ്റ്റ് എടുക്ക് കേട്ടോ, ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം."
"അയ്യോ അതു വേണ്ട, ഇനീപ്പോ ആഹാരം കഴിച്ചു എല്ലാവരും കിടക്കും. ലാൻഡ് ലൈൻ ആണല്ലോ, അടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും ഉണരും."
"ഒ.കെ.മൂന്നാഴ്ച കൂടി സഹിച്ചാൽ മതിയല്ലോ, പിന്നെ താനെപ്പഴും എനിക്കൊപ്പമുണ്ടല്ലോ. ഗുഡ് നൈറ്റ്. "
"സ്വീറ്റ് ഡ്രീംസ്. "
**. **. **. **. **
"തനിക്ക് ഈ വീട് ഇഷ്ടായോ?"
" ഉം, നിറയെ വെളിച്ചമുള്ള വീട്. "
"താനിവിടെ കുറച്ച് മുന്നേ വലതുകാൽ വച്ച് കയറിയപ്പൊ നിറഞ്ഞ വെളിച്ചമാ!!!
ഐ ആം സോ ലക്കി ടു ഹാവ് യു"
"ഐ ടൂ.."
** **. **. **
" പത്രം വന്നില്ലേ ടീ...?"
''ദേ .. ഞാൻ വായിക്കുവാ.''
" ഹിന്ദു എവിടേ..?"
" കണ്ടില്ല, ഇട്ടില്ലായിരിക്കും.
കേരള കൗമുദി മാത്രമേ ഇവിടുണ്ടായിരുന്നുള്ളു. "
" പത്രത്തിന്റെ പൈസ മേടിക്കാൻ അവനിങ്ങു വരട്ടെ."
"ഇന്നാ, തൽക്കാലം ഇതു വായിക്ക്."
"ഹും! ഈ നശിച്ച പത്രം കാരണാ എന്റെ ജീവിതം തകർന്നത്. എന്റെ മുൻപിൽ കണ്ടു പോകരുത് ഇത്. "
" എന്നാ നിങ്ങൾ വായിക്കണ്ട, ഞാൻ അടുക്കളയിലേയ്ക്ക് പോകുവാ,
മോനേ..... റ്റി വി ഓഫ് ചെയ്തിരുന്നു പഠിക്കു കേട്ടോ...."
" ഇന്ന് സൺഡെയല്ലേ അമ്മേ."
" ഹൈസ്ക്കൂളിൽ ആയി. എത്ര മാത്രം പഠിക്കാൻ ഉള്ളതാ മോന് ?"
"എടീ..... കഴിക്കാനൊന്നുമായില്ലേ? മണി ഒൻപത് കഴിഞ്ഞല്ലോ?"
"ഇന്നവധിയല്ലേ.....?"
" അതു കൊണ്ട്...?"
"എനിക്കാകെ രണ്ടു കൈയ്യേ ഉള്ളൂ"
"അതിന് ....?"
" ഈ വീട്ടിലെ സർവ്വ പണീം ചെയ്യണ്ടേ?എന്റെ കൈ മുറിഞ്ഞു, ദാ കെട്ടിവച്ചിരിക്കുന്നത് കണ്ടില്ലേ?"
" അടുക്കളയിൽ കൈ മുറിഞ്ഞന്നും, പൊള്ളിയെന്നുമൊക്കെ വരാം.''
" നിങ്ങൾക്കെന്തും പറയാലോ, മുറിഞ്ഞതെന്റെ കൈയ്യല്ലേ?"
" നിനക്ക് ഫോണിൽ കുത്തിക്കളിക്കാൻ കുഴപ്പമില്ലായിരുന്നല്ലോ?
അവളുടെയൊരു കഥേം, കമന്റും, റിപ്ലൈയും."
"നിങ്ങളും, ഇത്രേം നേരം ഫോണിലല്ലായിരുന്നോ?
അമ്മേടെ വയറ്റിൽ കിടന്നപ്പോഴുള്ള ഗ്രൂപ്പ്, ജനിച്ചപ്പോഴുള്ള ഗ്രൂപ്പ്, നഴ്സറി ഗ്രൂപ്പ്, കോളേജ് ഗ്രൂപ്പ്, ആ ഗ്രൂപ്പ്, ഈ ഗ്രൂപ്പ്.ഒരു ദിവസാവട്ടെ നിങ്ങടെ അലുമിനിം, സ്റ്റീലും, ഇരുമ്പും ഞാൻ ശരിയാക്കി തരാം"
" ഒന്നു ... പോടീ.."
" പതിനഞ്ച് വർഷായില്ലേ മനുഷ്യാ കല്യാണം കഴിഞ്ഞിട്ട്. ഇന്നുവരെ നിങ്ങളൊന്ന് എന്നെ സഹായിച്ചിട്ടുണ്ടോ എന്തിനെങ്കിലും "
"പിന്നെ.... ആകെ മൂന്ന് പേരുടെ കാര്യം ചെയ്യാനാ,ഇനി ഞാനും കൂടി അടുക്കളയിൽ കേറണ്ടത്....??
എടീ.... എന്റമ്മ, ഞങ്ങള് മൂന്നാൺ മക്കളുടെയും, അച്ഛന്റയും, അച്ഛന്റച്ഛനുമമ്മയുടെയും, കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ചെയ്തിട്ടാണ് സ്ക്കൂളിൽ പൊയ്ക്കൊണ്ടിരുന്നത് അറിയാമോ?"
"അതെന്നാ.... അമ്മയുടേത് ശൈശവ വിവാഹം ആയിരുന്നോ? "
"ങേ... എന്ത് ?"
"അല്ല, അമ്മ നിങ്ങളെയെല്ലാം നോക്കിയതിനു ശേഷം സ്കൂളിൽ..... "
" ദെ ദെ ദേ ..... കിളത്തല്ലേ...
എടീ... നിന്നെ പറഞ്ഞിട്ട് ഒരു കാര്യോല്ല. നിന്റമ്മേടെ വളർത്തുദോഷാ. പെൺമക്കളെ കെട്ടിച്ചു വിടും മുന്നേ വീടു നോക്കാനും കൂടി പഠിപ്പിക്കണം"
"നിങ്ങൾടമ്മേടെ വളർത്തു ഗുണമാണല്ലോ ഞാനിപ്പൊ അനുഭവിക്കുന്നത്. "
" നീ എന്ന് വലതുകാൽ വച്ച് കയറിയോ അന്നു തുടങ്ങിയതാ എന്റെ ദുരിതം! എന്നു തീരുമോ എന്തോ?"
"ഹൊ എന്റീശ്വരാ!! എനിക്കു മടുത്തു.വായിട്ടലച്ച് എന്റെ മൂഡ് കളയാതെ നിങ്ങളൊന്നു പോയേ.. അടുക്കളയിൽ നിന്ന് "
"എന്റെ മോനേ ഓർത്തിട്ടാടി, ഇല്ലേ പണ്ടേ ഞാൻ എങ്ങോട്ടേലും രക്ഷപെട്ടേനെ."
" ഞാനും മോനെ ഓർത്തിട്ടാ, ഇല്ലേൽ നിങ്ങൾ പോകാനിരുന്നതിനും രണ്ടു കൊല്ലം മുന്നേ ഞാൻ പോയേനെ."
"ഹും! ഠിം..ണിം. "
" ആഹാ! ഠിം.. ണിം."
അഞ്ജലി രാജൻ
26/9/2018.

അടിമയും, ഉടമയും.

Image may contain: 2 people, including Anjali Rajan, people smiling, closeup

..................................
ഉദയസൂര്യൻ ഇന്ന് പതിവിലേറെ തിളങ്ങുന്നു.
ആ വെളിച്ചത്തിൽ പൂവുകൾ അതിമനോഹരവും,അവയുടെ പരിമളം ലോകം മുഴുവൻ പരക്കാൻ ശേഷിയുള്ളവയും ആയിരുന്നു.
കിളികളുടെ ഉണർത്തുപാട്ടിനും ഇന്ന് മാധുര്യം കൂടുതലാണ്.
പച്ചപ്പട്ടുടുത്ത് പ്രകൃതിയും സുന്ദരിയായ് നിൽക്കുന്നു.
ഇന്ന് രാവിലെ പത്തിനും, പത്തരയ്ക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ എന്റെ കല്യാണമാണ്.
ഇന്നലെ, രാവിന്റെ ഓരോ അണുവിലും നിദ്രയെ തള്ളി മാറ്റി, നറുമണം തൂകുന്ന സ്വപ്നങ്ങളാൽ കൊരുത്ത മാല ഹൃദയത്തിലണിഞ്ഞു ഞാൻ മണ്ഡപത്തിലേക്ക് കയറി.
സന്തോഷാധിക്യത്താൽ തുടുത്തു നിന്നിരുന്ന എന്റെ മുഖം കുനിച്ചു താലിയേറ്റുവാങ്ങി.
ഹൃദയത്തിന്റെ ആകൃതിയുള്ള ആ താലി എന്റെ ഹൃദയത്തോടു ചേർത്തു വച്ചു പരസ്പരം ഹൃദയത്തിന്നുടമകളായി തീർന്നു ഞങ്ങൾ.
ജനിച്ചു വളർന്ന ചുറ്റുപാടും, അച്ഛനമ്മമാരെയും, കൂടെപ്പിറപ്പുകളെയും, കൂട്ടുകാരെയും പിന്നിൽ വിട്ടിട്ട്,എന്നിലെ സുമംഗലിയായ പെണ്ണ് മുന്നിലേക്കിറങ്ങിയത് എന്റെ ഹൃദയത്തിന്നുടമയോടുള്ള അളവില്ലാത്ത വിശ്വാസത്തിന്റെ ധൈര്യത്തിലാണ്.
അലങ്കരിച്ച കാറിൽ, ഞങ്ങളോടൊപ്പം അദ്ദേഹത്തിന്റെ പെങ്ങളും, അളിയനും ഉണ്ടായിരിന്നു.
എനിക്ക് തീരെ പരിചയമില്ലാത്തവരായ,ശശിമാമന്റെ മകൻ മുരളിക്ക് പെണ്ണുകാണാൻ പോയതും,ജയ മാമിയുടെ വണ്ണത്തെക്കുറിച്ചും, ചീനുവിന്റ ജാഡയെക്കുറിച്ചും അവർ മൂന്നു പേരും കൂടി സംസാരിച്ചു.
എന്നോട് സംസാരിക്കാനോ, എന്നെ പരിഗണിക്കാനോ ആരും മിനക്കെട്ടില്ല.
ആ യാത്രയിൽ ഞങ്ങൾ രണ്ടു പേരും മാത്രമായിരിക്കണമെന്നായിരുന്നു ഞാൻ ആശിച്ചത്.
മൈലാഞ്ചി ചുവപ്പുള്ള എന്റെ വിരലുകൾ അദ്ദേഹത്തിന്റെ നീണ്ട വിരലുകളാൽ കോർത്ത് വയ്ക്കാൻ ഞാൻ ആശിച്ചു.
വീടെത്തി, വണ്ടി നിർത്തിയപ്പോൾ അവരെല്ലാം ധൃതിയിൽ ഇറങ്ങി.
എന്തു ചെയ്യണമെന്നാശങ്കയിൽ ഇരുന്ന എന്നോട് കനത്ത മുഖത്തോടെ എന്റെ ഹൃദയത്തിനുടമ ആജ്ഞാപിച്ചു.
"ഇങ്ങോട്ടിറങ്ങ്....."
അതെന്നെ വേദനിപ്പിച്ചു.
സ്നേഹം നിറഞ്ഞ കണ്ണുകളാൽ, എന്നെ അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിളിയായിരുന്നു ഞാൻ ആഗ്രഹിച്ചത്.
നിറദീപം ഏറ്റുവാങ്ങുമ്പോൾ " ഇനി എന്റെ കടമ തീർന്നല്ലോ " എന്ന് പറഞ്ഞദ്ദേഹം എവിടയ്ക്കോ നടന്നു.
നിരാശയുടെ നിറമുള്ള കാറ്റെന്നെ തഴുകി കടന്നു പോയി.
ഉരുകി തുടങ്ങുന്ന ഹൃദയവുമായി ഞാനൊറ്റയ്ക്ക് വലതുകാൽ വച്ചകത്തു കയറി.
ആ വീടിനകം ഇരുട്ട് കട്ടപിടിച്ചിരുന്നു.
കിലോ കണക്കിനു പിന്നും, സ്ലൈഡും ഊരിയെടുത്ത് ഞാൻ സാരിയും, ആഭരണങ്ങളും, മുല്ലപ്പൂവും അഴിച്ചുമാറ്റി.
കല്യാണത്തിൽ പങ്കെടുത്ത ബസുക്കൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നു.
എന്നെ പരിചയപ്പെടാനോ, അവരെ പരിചയപ്പെടുത്താനോ ആരും ശ്രമിച്ചില്ല.
കല്യാണത്തിനു പങ്കെടുക്കാൻ കഴിയാതിരുന്ന ചില ബന്ധുക്കൾ കയറി വന്ന് എന്നെ ഉഴിഞ്ഞ് നോക്കി, പുരികം ചുളിച്ചു ചോദിച്ചു "ഞങ്ങൾ കാണും മുന്നേ ആഭരണങ്ങൾ അഴിച്ചു മാറ്റിയതെന്തിനാ?"
അവർക്കും എന്നെ പരിചയപ്പെടണ്ടന്നവർ പറയാതെ പറഞ്ഞു.
ഞാനോരോ മുറിയിലും എന്റെ ഹൃദയത്തിന്നുടമയെ തിരഞ്ഞു നടന്നു.
ആ വീടിനെയും, അവിടുള്ളവരെയും എനിക്കു പരിചയമില്ലായിരുന്നു.
പെണ്ണുകാണലിന്റന്നു കിട്ടിയ അഞ്ചു മിനിട്ടും, ഇന്ന് കല്യാണമണ്ഡപം മുതൽ ഇവിടെ കയറും വരെയും എന്നോടൊപ്പമുണ്ടായിരുന്നത്ര സമയവും മാത്രമേ എനിക്കദ്ദേഹത്തെയും പരിചയമുള്ളു. എന്നിട്ടും എന്റെ ഹൃദയം ഞാനദ്ദേഹത്തെ ഏല്പ്പിച്ചു കഴിഞ്ഞു.
എന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടി. അതൊരു പ്രളയമായി മാറാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാനടുക്കളയിലേയ്ക്ക് നടന്നു.
അവിടെ മെലിഞ്ഞ്, ഇരുണ്ട്, റോൾഡ് ഗോൾഡ് ആഭരണങ്ങളുമണിഞ്ഞ് ചുളുങ്ങിയ നൈറ്റിയിട്ട ഒരു സ്ത്രീ ജോലിയിലേർപ്പെട്ടിരിന്നു.
എനിക്കവരെ മുൻ പരിചയമില്ലായിരുന്നു. എങ്കിലും അവരുടെ മുഖത്തെ സൗമ്യത എന്നെ ആകർഷിച്ചു.
ആ അടുക്കളയുടെ ഭിത്തിയും ചാരി ഞാൻ വെറും നിലത്തിരുന്നു.
എനിക്കപ്പോൾ ആരുടെയെങ്കിലും സ്നേഹം നിറഞ്ഞ സ്വരം കേൾക്കുകയും, ആർദ്രത നിറഞ്ഞ നോട്ടം കിട്ടുകയും വേണമായിരിന്നു.
പറിച്ചു നടപ്പെടുന്ന ചെടിക്ക് പരിഗണനയും കരുതലും കൂടുതൽ വേണം. അല്ലങ്കിലത് എളുപ്പം വാടി കരിയും.
സന്ധ്യക്ക് അമ്മായി അമ്മക്കൊപ്പം, കാവിലും ,പൂജാമുറിയിലും വിളക്ക് വയ്ക്കാൻ ഞാനും കൂടി.
അദ്ദേഹം അളിയനും ,കൂട്ടുകാർക്കും ഒപ്പം ആയിരുന്നു.
എനിക്കൊന്നും പ്രാർത്ഥിക്കാൻ തോന്നിയില്ല.
എന്റെ മനസ്സപ്പോൾ അപരിചിതത്തവും, നിരാശയും നിറഞ്ഞ്, സന്തോഷം വറ്റിത്തുടങ്ങുന്ന പുഴ പോലായിരുന്നു.
അത്താഴ മേശയിൽ മറ്റുള്ളവരോടൊപ്പം ഞങ്ങൾ ഒരുമിച്ചായിരുന്നു ഇരുന്നത്.അതെന്നെ സന്തോഷിപ്പിച്ചു.
കല്യാണസദ്യയിലെ പായസങ്ങളുടെ എണ്ണവും, പപ്പടത്തിന്റെ വലിപ്പവും, രസത്തിന്റെ രസവും ഒക്കെയായിരുന്നു അന്നേരത്തെ ചർച്ച.
അപ്പോഴും ഞാൻ ആൾക്കൂട്ടത്തിൽ തനിയെ ആയി.
കളിപ്പാട്ടക്കടയിലേക്ക് കൊതിയോടെ നോക്കി നിൽക്കുന്ന കൊച്ചു കുട്ടിയെ പോലെ, ഒരു പുഞ്ചിരിക്കായി, കരുണയാർന്ന നോട്ടത്തിനായി ഞാൻ വെമ്പിയിരുന്നു.
പകലിന്റെ ശോഭ തീർത്തും വറ്റി, ഇരുളിന് കനം വച്ചു.അതിലും ഇരുട്ട് ആ വീട്ടിലുള്ളവരുടെ മനസ്സിലാണെന്ന് ഞാനറിഞ്ഞു.
മുല്ലപ്പൂ വിതറിയിരുന്ന കിടക്കമേലിരുന്ന്, എന്റെ നേർക്ക് നീണ്ട ഗ്ലാസിലെ, പകുതിയായ പാൽ കുടിക്കുമ്പോൾ ഹൃദയം പങ്കിട്ടതിന്റെ അലിഖിത പ്രഖ്യാപനമാണ് ഞാൻ അതിലൂടെ നടത്തിയത്.
പക്ഷേ ,ഇരുട്ടി വെളുത്തപ്പോഴേക്കും ഞാൻ മാഞ്ഞു പോയിരുന്നു.
എന്റെ ഹൃദയം അയാളുടച്ചു കളയുകയും, അയാളുടെ ഹൃദയം എന്നിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു.
എന്റെ സ്വപ്നങ്ങൾ ചതച്ചരച്ച് അയാളെന്റെ മനസ്സ് കുത്തിക്കീറി.
അവഗണനയും, പുച്ഛവും എനിക്കു മേൽ വാരിയെറിഞ്ഞു കൊണ്ടയാൾ രസിച്ചു.
എന്റെ കാഴ്ചയും, കേൾവിയും, ചിന്തയും തടഞ്ഞുവച്ചു കൊണ്ട് അയാളുടെ നീതി മാത്രം നടപ്പിലാക്കി.
അങ്ങനെ അയാൾ ഉടമയും ഞാൻ അടിമയും ആയി മാറി.
അഞ്ജലീ രാജൻ
29/8/2018.

ഒറ്റക്ക് പാടുന്നവൻ

Image may contain: 2 people, people smiling, selfie and closeup

................................
കർക്കിടകത്തിൽ പത്ത് ഒണക്കൊണ്ടാവും. ആ ഒണക്കുകളിലൊന്നിൽ,പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനായി, ഞാറക്കലെ മുറ്റം ചെത്തിമിനുക്കലായിര്ന്ന് ഇന്നത്തെ പണി.
പണി തീർത്ത് തൂമ്പയും, ചവറു വരണ്ടിയും, മമ്മട്ടിയും പറമ്പീന്നെട്ത്ത് പെരേടെ എറമ്പിലേക്ക് വയ്ക്കവെയാണ് മഴ ആർത്തലച്ചോടി വന്നത്.
ഞാനപ്പിടീം നനഞ്ഞ്.
നെറുകേ രണ്ട് തൊള്ളി വെള്ളം നിന്നാലപ്പം ജലദോഷോം തുമ്മലും വരും.
എന്റെ മിശിഹായേ,മേലാഴിക ഒന്നും വരുത്തല്ലേ, വേലേടുക്കാനുള്ള ആരോഗ്യം തരണേ.ഓണമാ വരുന്നത്. എന്തോരം ചെലവ്ളളതാ. അതിന്റെടേ ഉണ്ണികൃഷ്ണൻ ഡോക്ടറുടടുത്തേക്ക് ഓടണ്ടി വരല്ലേ.
" എന്നതാ മോനച്ചാ, എങ്ങോട്ടോടുന്ന കാര്യാ നീ പറയുന്നത്?"
ഓ! പലിശക്കാരൻ രാജപ്പനാണ്.
ഹും! അവന്റൊരിളി.ഇവനോടൊന്നും മറുപടി പറയാൻ പോകണ്ട.
നനഞ്ഞ പുല്ലിമ്മേല് ചെരിപ്പിടാത്ത പാദം അമർത്തി ചവുട്ടി വേഗത്തിൽ ഞാൻ നടന്നു.
ഞാൻ തന്നത്താൻ വർത്താനം പറയുമെന്നാ എന്നെപ്പറ്റീള്ള ആക്ഷേപം.
എനിക്ക് പിരിയാണെന്നാ ഇവറ്റോള് പറേണത് .
ശ്ശെടാ ! ഞാൻ എന്നോട് വർത്താനം പറേന്നതിന് ഇവമ്മാർക്കെന്നാ?
പണിയെടുക്കാതെ, കുടിച്ച് പൂസായി, കണ്ടടം നെരങ്ങി നടക്കുന്നില്ലല്ലോ ഞാൻ.
എന്റെ കാര്യങ്ങൾ ഇവമ്മാരോട് പറഞ്ഞാ ഇവമ്മാര് എന്നെ സഹായിക്കുവാ.?
ഇല്ല, അപ്പപ്പിന്നെ എന്നാ കാര്യത്തിനാ ഇവമ്മാരോട് പറേണത് ?
സർക്കാറ് പള്ളിക്കൂടത്തി ഒന്നാം ക്ലാസ്സി ഞാൻ ചേരുമ്പോ ഒരുടുപ്പും നിക്കറുമേ ഒണ്ടാര്ന്നുള്ളു.
ചെല ദെവസി, പണീം കഴിഞ്ഞേച്ച് വന്ന് വൈകുന്നേരം അമ്മച്ചി നിക്കറുമുടുപ്പും കഴുകീടും .
കഴുകീട്ടാലും നല്ലോണമൊണങ്ങാത്തോണ്ട് കനച്ച നാറ്റോണ്ടാവും, കഴുകാത്തപ്പൊ വിയർപ്പു നാറ്റോമുണ്ടാവും.
മോനിച്ചനെ നാറുന്നെന്ന കൂട്ടുകാരുടെ പറച്ചില് കേട്ടാണ് സാറെന്നെ തറേലിരിത്തീത്.
കൂട്ടുകാരാരും കൂടെ കൂട്ടാഞ്ഞപ്പൊ ഒറ്റക്ക് കളിക്കാനും, ചിരിക്കാനും തൊടങ്ങി.
പത്താമത്തെ വയസ്സ് തൊട്ട് പണിക്ക് പോയി തൊടങ്ങിയപ്പോ പ്രായത്തിന് ചേരണ കൂട്ടുകാരാരും ഇല്ലായിരുന്ന്.മുതിർന്നവരൊട്ട് കൂടെ കൂട്ടിയതുമില്ല. അന്ന് തൊട്ട് ഞാൻ എന്നോട് തന്നെ മിണ്ടീം, പറഞ്ഞും തൊടങ്ങി.
എന്റെ സങ്കടങ്ങള് ഞാനെന്നോട് പറഞ്ഞു, എന്നെ ഞാൻ തന്നെ ആശ്വസിപ്പിക്കേം ചെയ്ത് .
എന്റെ ചോദ്യവും പറച്ചിലും എന്നോട് തന്നേയായിര്ന്ന് .
ഞാൻ എടുക്കേണ്ടതായ് തീർന്ന തീരുമാനങ്ങളെല്ലാം ഞാൻ എന്നോട് മാത്രം കൂടിയാലോചിച്ചു.
എന്റെ ഒരേ ഒരു കൂട്ടുകാരൻ ഞാൻ തന്നെയാണ്.
ചെല നേരത്ത് എന്നോടുള്ള എന്റെ വർത്താനം ഇച്ചിരി ഒറക്കെ ആയിപ്പോകും.
ഇന്നാള്, കുന്നേലെ സതീശൻ മൊതലാളീടെ വീട്ടില് ബംഗാളികളെ പണിക്കെറക്കിച്ചപ്പോ ഞാനവിടെച്ചെന്ന് എനിക്കും പണി വേണോന്ന് പറഞ്ഞ്. അന്നേരം മൊതലാളി "ഈരെട്ത്താ മോനച്ചൻ തള്ളപ്പേൻ കൂലീ മേടിക്കൂന്ന് " പറഞ്ഞ് എനിക്ക് പണി തന്നില്ല.ആ പണിക്കാരെ പണിയെടുക്കാൻ സമ്മതിക്കാതെ ഞാൻ അവിടെ നിന്ന് ബഹളോണ്ടാക്കി.ഒടുവില് എന്നെ പണി ക്കെട്ത്ത്.
അതീപ്പിന്നെ, എവിടേലും പണീം തെരക്കിച്ചെന്നാ, പണി തന്നില്ലേ ഞാൻ അലമ്പൊണ്ടാക്കുന്ന് പേടിച്ച് എനിക്ക് പണി തരാറൊണ്ട് .
രണ്ടാം ക്ലാസ്സി, രണ്ട് കൊല്ലം പഠിച്ചേച്ചും പണിക്ക് പോയി തൊടങ്ങീതാ. ഇന്ന് വയസ്സ് പത്തമ്പത് കഴിഞ്ഞു.
ഇതിനെടേ, പള്ളീന്ന് സഹായം കിട്ടീട്ടാണേലും പെരേം വച്ചു, ചാകോളം അപ്പനേമമ്മച്ചീനേം നോക്കിയേം ചെയ്ത് .
ചേട്ടന്റെം കൂടെ സഹായത്തോടെ രണ്ട് പെങ്ങമ്മാരേം കെട്ടിച്ചയച്ചു.
എനിക്കൊര് പെണ്ണിനേം തെരക്കി കൊറെ നടന്നെങ്കിലും, ഞാൻ തന്നത്താൻ വർത്താനം പറയുമെന്നും എനിക്ക് പിരിയാണെന്നും പറഞ്ഞ് ചെലര് കല്യാണം മൊടക്കിച്ച് .
എന്നിട്ടും മഞ്ഞ അലുവാ പോലിരിക്കണ ലിസമ്മയെ അവടപ്പൻ എന്നാ കണ്ടിട്ടാ, കറുത്ത്, വെറക് കൊള്ളി പോലിരിക്കണ എനിക്ക് കെട്ടിച്ച് തന്നതെന്ന് ചോദിച്ചോരൊടൊക്കെ അങ്ങേര് പറഞ്ഞത്,
"മോനച്ചൻ ആണൊരുത്തനാ, അവന് തണ്ടും തടീം ഒള്ളടൊത്തോളം കാലം വേലേട്ത്ത് എന്റെ കൊച്ചിനെ നോക്കിക്കോളും."
ലിസമ്മ വീട്ടീര്ന്ന് കയറ് പിരിക്കും, പിന്നെ ഒള്ള സ്ഥലത്ത് ശകലം പച്ചക്കറി കൃഷീമൊണ്ട് .പൊറമ്പണിക്കൊന്നും ഞാനവളെ വിടാറില്ല.
എനിക്ക് രണ്ട് പെമ്മക്കള് ജനിച്ചപ്പോഴും ചെലര് പറഞ്ഞ്,
"ഹൊ! ഇനി മോനച്ചന്റെ പിരി മൂക്കും, രണ്ടും പെണ്ണല്ലേ? പ്രാരാബ്ദം കൂടില്ലേ?"
ആണായാലും, പെണ്ണായാലും അതുങ്ങക്ക് എന്നും ആരോഗ്യം ഒണ്ടാവണേന്ന ഒരു പ്രാർത്ഥനേ എനിക്ക് മിശിഹായോടൊണ്ടാര്ന്നൊള്ള്.
മൂത്തവള് പഠിക്കാൻ മണ്ടിയാര്ന്ന്. പത്തീ പഠിത്തം നിർത്തി അവള് തുണിക്കടേ പണിക്ക് പോയി.
അവക്ക് കല്യാണാലോചനകൾ വന്നു തൊടങ്ങിയപ്പൊ, നാട്ടിലെ കൊറെ അവമ്മാര് പെണ്ണിന്റപ്പന് പിരിയാന്നും പറഞ്ഞ് അതെല്ലാം മൊടക്കിച്ച്.
എബിമോന്റാലോചന വന്നപ്പൊ മൊടക്കാൻ ചെന്നവരോട് അവനും, അവന്റപ്പനും പറഞ്ഞത് -
" പിരി പെണ്ണിനല്ലല്ലാ, അവടപ്പനല്ലേ? അത് സാരമില്ല."
ഇപ്പം ദേ മാസം രണ്ട് കഴിഞ്ഞാ അവർക്ക് കൊച്ചൊന്നാ .
എളേ മോള് ഷാലി നല്ലോണം പഠിക്കും.അവക്കിനി നേഴ്സ് ആകണോന്നാ പറയണത്.
ആ പണി എനിക്കുമിഷ്ടാ.
ഉണ്ണികൃഷ്ണൻ ഡോക്ടറുടെ ആശൂത്രീല് അന്നമ്മ നേഴ്സൊണ്ട് .
ഡോക്ടറ് ചീട്ടേലെഴുതി പറേണതെല്ലാം, ഒന്നും കൂടി അന്നമ്മ നേഴ്സ് പറഞ്ഞു തരും. എന്നേച്ചും " ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ മോനിച്ചാ" എന്നു പറയും.
എനിക്കന്നേരം എടവകപ്പളളീലെ ചൊമരിൽ തൂക്കിയ മാലാഖേടെ മൊഖം ഓർമ്മ വരും.
ഷാലി മോള് പഠിച്ച് പണി കിട്ടി കഴിഞ്ഞാ, ചങ്കൊറപ്പുളള ചെറുക്കനെ കൊണ്ട് അവളെ കെട്ടിക്കണം.
പിന്നെ, ഞാനുമെന്റെ ലിസമ്മപ്പെണ്ണും കൂടി അടുക്കള തിണ്ണേലിരുന്ന്, തേങ്ങേം, കാന്താരീം, മഞ്ഞളും,ഉപ്പും ചേർത്തരച്ചിട്ട് വേവിച്ച കപ്പ, കൊടമ്പുളീട്ട് പൊള്ളിച്ച മത്തീല് മുക്കിതിന്ന് വർത്താനം പറഞ്ഞിരിക്കും. കൊറേ പറയാനുണ്ട്.
" ഇച്ചായോ.... കൊറച്ചൂടൊറക്കെ പറ. എനിക്ക് തിരിഞ്ഞില്ല "
ലിസമ്മയാണല്ലാ, ഓഹോ! ഞാൻ എന്നോട് വർത്താനം പറഞ്ഞ് പറഞ്ഞ് വീടെത്തീത് അറിഞ്ഞില്ല.
നനഞ്ഞ് നാറിയ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചപ്പോ,കണ്ണുകളിൽ കരുണ നിറഞ്ഞ മാതാവിന്റെ മൊഖായിരുന്നു അവൾക്ക്.
അഞ്ജലീ രാജൻ.
14/8/2018.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo