The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Friday, December 27, 2019

കരാട്ടനും, പാറ്റയും


Cockroach, Insect, Bug, Animal, Antenna
*******************
ഫെബ്രുവരിയിൽ, ശിവരാത്രിയുടെ പിറ്റേന്ന്, കൃഷ്ണൻ കരാട്ടെയിൽ മഞ്ഞ ബൽറ്റ് കരസ്തമാക്കി വീട്ടിലേക്ക് എത്തിയപ്പോൾ അങ്കം ജയിച്ച വന്ന വീരനെ സ്വീകരിക്കും പോൽ ഞാനവനെ ആരതിയുഴിഞ്ഞ് തിലകക്കുറിയണിയിച്ച് അകത്തേക്ക് ആനയിച്ചു.
ആ മഞ്ഞ ബൽറ്റിൽ തൊട്ടും തലോടിയും ഞാനും, ഞാനുമെന്റമ്മേം ഹർഷപുളകിതരായി നിൽക്കുമ്പോൾ ഇനി ഈ പടി കയറാൻ കാത്തു നില്ക്കുന്ന ബൽറ്റിന്റെ മറ്റ് നിറങ്ങളെ പറ്റി അവൻ പ്രസംഗിച്ചു.
അത് കേട്ട് വണ്ടറടിച്ച്, വായും പൊളിച്ച് നിൽക്കുന്ന ഞങ്ങളെ നോക്കി അവൻ അരുൾ ചെയ്തു
"ലേഡീസ് രണ്ടു പേരും ഇനി ഒട്ടും ഭയപ്പെടണ്ടതില്ല."
അത് കേട്ടതിൽ പിന്നെ ഇന്നലെ രാത്രി 8.45 വരെ ഞാനും അമ്മേം കിരീടത്തിലെ ഹൈദ്രോസും,സേതുവിന്റെ അളിയനും ആയിരുന്നു.
ഇവിടുത്തെ പറമ്പിലേക്ക്, സൂത്രത്തിൻ പ്ലാസ്റ്റിക് കവറുകളും, കുപ്പിച്ചില്ലുകളും എറിയുന്നവരേയും, സന്ധ്യ കഴിയുമ്പോൾ പ്ലാസ്റ്റിക് കത്തിക്കുന്നവരേയും,എല്ലാം അമ്മ വെല്ലുവിളിച്ചത് മഞ്ഞ ബൽറ്റ്കാരൻ വീട്ടിലുണ്ടന്ന ഒറ്റ ധൈര്യത്തിലാണ്.
ഞാനീ എഫ്.ബി.കലുങ്കിൽ കേറി കുത്തീരുന്ന് സകലമാന എഴുത്തിനേം കമന്റടിക്കുന്നതും മഞ്ഞബൽറ്റുകാരൻ ഇവിടുണ്ടല്ലോന്ന ധൈര്യത്തിലാണ്.
അതെല്ലാമാണ് ഇന്നലെ രാത്രി 8.57 ന് തകർന്ന് തവിടുപൊടിയായത്.
ഇന്നലെ രാത്രി പഠന മേശക്ക് ചുറ്റുമിരുന്ന് ഞാനും, കൃഷ്ണനും
' Kinds of Quadrilaterals 'ലേക്ക് ഇറങ്ങി നിൽക്കവെയാണ് കൃത്യം 8.45ന് ഞാനാ കാഴ്ച കണ്ടത്.
ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്ന പെഡസ്റ്റൽ ഫാനിന്റെ മുകളിൽ നെഞ്ചും വിരിച്ച് കൊമ്പും ആട്ടിക്കളിച്ച് ഒരു പാറ്റ.
ഞാനൊന്ന് വിറച്ചു.
ഛെ! പേടിച്ചിട്ടല്ല.
ദേഷ്യം വന്നിട്ടാ.
ദേഷ്യം വന്നാൽ ഒരു വിറവൽ, അത് നിർബന്ധാ !
ഞാനെന്റെ മഞ്ഞബൽട്ടനെ തോണ്ടി വിളിച്ച് പാറ്റയെ ചൂണ്ടിക്കാണിച്ചാജ്ഞാപിച്ചു
" അവന്റെ കൊമ്പേൽ പിടിച്ച് തൂക്കിവെളീലോട്ടെറിയടാ ടാ ടാ ടാ ടാ "
കൃഷ്ണൻ എണീറ്റ് നിന്ന് നെഞ്ച് വിരിച്ചു പാറ്റയെ നോക്കി, പിന്നെ എബൗട്ടേണടിച്ച്, ഞാൻ ലോക്ക് ചെയ്ത് വച്ചിരുന്ന വാതിൽ തുറന്ന്
"ഫോളോ മീ" എന്ന് എന്നോട് പറഞ്ഞിട്ട് അടുത്ത മുറി ലക്ഷ്യമാക്കി നടന്നു,, അല്ല ഓടി.
ആദ്യം ഒന്നമ്പരന്നെങ്കിലും, പാറ്റേനെ കില്ലാൻ എന്തേലും ആയുധമെടുക്കാൻ പോയതാവുംന്ന് കരുതി ഞാനും പിറകെ ചെന്നു മുറീലോട്ട് കയറി.
" അമ്മേ...... എന്റെ റ്റെക്സ്റ്റ് എടുക്കാഞ്ഞതെന്താ...? "
"റ്റെക്സ്റ്റ് എന്തിനാ ഇപ്പൊ ?"
" ആ പാറ്റ എന്റെ റ്റെക്സ്റ്റ് കടിച്ചു തിന്നുമമ്മേ... "
പിന്നെ പാറ്റക്ക് തിന്നാൻ എന്തോരം സാധനങ്ങൾ ഇവിടെ വേറെ ഉള്ളപ്പഴാ ഇവന്റെ റ്റെക്സ്റ്റ്.
"കൃഷ്ണാ..... എന്താന്ന് വച്ചാ വേഗം എടുത്ത് ചെന്ന് പാറ്റേനെ തട്ടിക്കള ."
"അയ്യോ! അമ്മേ എനിക്ക് പേടിയാ... പാറ്റ കടിക്കും"
" മോനതിന്റെ കൊമ്പേൽ പിടിച്ച് പുറത്തോട്ട് എറിഞ്ഞാൽ മതി"
"പിന്നെ, അപ്പൊ അതെന്റെ കൈയ്യേൽ കുത്തും അമ്മേ...."
ഹും! ഇവന്റെ ഈ പറച്ചിൽ എന്റെ മനസ്സിലാണ് ഇപ്പൊ കുത്തിക്കൊണ്ടത്.
എന്തൊക്കെയാര്ന്ന് .... മലപ്പുറം കത്തി, അമ്പും വില്ലും, ഒലക്കേടെ മൂട്.
"പിന്നെങ്ങനാ....... അതിനെ ഓടിക്കുന്നത്?"
"അമ്മ ചെന്നോടിക്ക്."
" ഞാ.. നോ ? എനിക്ക് ദേഷ്യം വന്നിരിക്കുന്നത് കൊണ്ട് കണ്ണ് കാണില്ലന്ന് നിനക്കറിയില്ലേ?
ആട് എനിക്കൊരു ഭീകരജീവിയല്ലങ്കിലും പാറ്റ എനിക്കൊരു ഭീകരജീവിയാ.
കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം ഞാനവനോട് ചോദിച്ചു ,
" ഇനി നമ്മളെങ്ങനെ ആ മുറീൽ കയറും?"
"അമ്മേ, പാറ്റ പോയിട്ട് നമുക്ക് കേറാം."
" അപ്പൊ നമ്മളെങ്ങനെ കിടക്കും ?"
" നമുക്ക് ഇവിടെ കിടക്കാമ്മേ... "
" ഇവിടുള്ളോര് അപ്പൊ എവിടെ കിടക്കും മോനേ ?"
''അവരപ്പുറത്തെ മുറീൽ കിടന്നോളൂന്നെ."
"യ്യയ്യയ്യയ്യേ ...... നീ എന്തൂട്ട് കരാട്ടൻ ആണെടാ..? ഒരു പാറ്റേനെ കൊല്ലാൻ കൂടറിയില്ല."
" അമ്മയ്ക്കൊന്നും അറിയില്ല, പാറ്റേനെ കൊല്ലാൻ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലമ്മേ, അറ്റാക്ക് ചെയ്യാൻ വരുന്നവരെ ഇടിക്കാനും, തൊഴിക്കാനുമാ ഞങ്ങളെ പഠിപ്പിച്ചത്.
"ങേ !!! ബസ്റ്റ് കണ്ണാ..... ബസ്റ്റ് "
ഇവനെ കരാട്ടെ ക്ലാസ്സിൽ വിട്ട രൂപ കൊണ്ട് അഞ്ചാറ് 'ഹിറ്റ്' വാങ്ങി വച്ചാൽ മതിയാര്ന്ന്..

By Anjali Rajan

No comments:

Post Top Ad

Your Ad Spot