Slider

വാവൂട്ടീ

0
ഒന്നു വേഗം റെഡിയായി വാ എന്റെ വാവൂട്ടീ...
ഇതെത്ര നേരായി അപ്പായി നിന്നേം കാത്തുവണ്ടിയിൽ ഇരിക്കുന്നു...
അവിടെ എല്ലാരും എത്തിയിട്ടുണ്ടാകും....
അതെങ്ങനാ അപ്പൻ പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കുവല്ലേ...... ആരുടെ എങ്കിലും കൈയിൽ പിടിച്ചേൽപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കാൻ മോള്‌ തന്നയെ കാണൂ, അപ്പൻ ഉണ്ടാവില്ല...
അമ്മയുടെ പതം പറച്ചിൽ കേട്ടുകൊണ്ട് അവൾ മുകളിലെ നിലയിൽ നിന്നും ഓടിയിറങ്ങി താഴെ എത്തി..
അമ്മയെ വട്ടം കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.. എന്നിട്ട് പറഞ്ഞു..
തൊഴി മേടിക്കാതിരിക്കാനുള്ള ടിപ്സ് ഒക്കെ അപ്പായി പറഞ്ഞുതന്നിട്ടുണ്ടെന്റെ സിസിമോളെ....
അക്ഷമനായി ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിൽ കാത്തിരിക്കുന്ന പപ്പയെ വണ്ടിക്ക് പുറത്തു നിന്ന് കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മകൊടുത്തുകൊണ്ട് അവൾ ചോദിച്ചു.. ഞാൻ ലേറ്റ് ആയില്ലല്ലോ...
ഇല്ലാന്നേ.. വെളുപ്പാൻകാലത്തുള്ള ഉറക്കം പോയതിന്റെ കലിപ്പാ അമ്മയ്ക്ക്... മോള് വണ്ടിയിൽ കയറ്..
വണ്ടിയിൽ കയറുന്നതിനിടയിൽ എല്ലാം എടുത്തു വച്ചിട്ടില്ലേ എന്നവൾ അമ്മയോട് വിളിച്ചു ചോദിച്ചു...
ഉണ്ടെന്നവർ മറുപടി പറഞ്ഞു തീരും മുൻപേ അവളുടെ അടുത്ത ചോദ്യമെത്തി...
അമ്മയുണ്ടാക്കിയത് ഒന്നുമില്ലല്ലോ അല്ലേ... വിലാസിനിയേടത്തി ഉണ്ടാക്കിയതല്ലേ ഒള്ളു !!!...
വണ്ടിയുടെ അടുത്തേക്ക് പറന്നടുക്കുന്ന അമ്മയെക്കണ്ടവൾ അപ്പാ വേഗം വണ്ടിവിട് എന്ന് വിളിച്ചു കൂവി....
എറണാകുളത്തെ പ്രശസ്തമായ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് വീട്ടുകാരുടെ വാവൂട്ടിയായ ആൻ മരിയ അലക്സ്‌......
പഠിപ്പിലും സാഹിത്യത്തിലും സ്കൂളിൽ പഠിക്കുന്ന കാലത്തേ നല്ലൊരു മേൽവിലാസം ഉണ്ടാക്കിയെടുത്തിട്ടുണ്ടാവൾ...
അപ്പന്റെ സാഹിത്യവാസന അതിന്റെ തീവ്രത ഒട്ടും ചോരാതെ കിട്ടിയിരിക്കുന്ന പൊന്നുമോൾ..
അലക്സ്‌ വള്ളിക്കാടൻ...
കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരമാരിൽ ഒരാൾ..
പ്രശസ്തപുസ്തക പ്രസാധകരുടെയെല്ലാം കണ്ണിലുണ്ണി...
ജന്മം ഇടുക്കിയുടെ മലമടക്കിലെവിടെയോ ആയിരുന്നെങ്കിലും നന്നേ ചെറുപ്പത്തിലേ എറണാകുളത്തേക്ക് പറിച്ചു നടപ്പെട്ടു...
രണ്ടു സഹോദരിമാർ... രണ്ടു പേരും ഭർത്താക്കന്മാരോടും മക്കളോടുമൊപ്പം യു കെ യിൽ സ്ഥിരതാമസം ആയിക്കഴിഞ്ഞു...
കോളേജിൽ നിന്നും ഇടുക്കിയിലേക്ക് ടൂർപോകുന്നതിനു വേണ്ടി മോളെ കോളേജിൽ ആക്കാൻ ആണ് അപ്പനും മോളും തിടുക്കപ്പെട്ട് വീട്ടിൽ നിന്നും ഇറങ്ങിയത്.....
കോളേജിൽ എത്തി കാറിൽ നിന്നും ബാഗും സാധനങ്ങളും എടുത്തവൾ മുറ്റത്തുവച്ചിട്ട് അപ്പനെ കെട്ടിപ്പിടിച്ചുമ്മവച്ചുകൊണ്ട് യാത്ര ചോദിച്ചു..
എങ്ങനെയാ മോളെ.. രണ്ടു ദിവസം നിന്നെ കാണാതെ...
അയാൾ അർധോക്തിയിൽ നിർത്തി... വേഗം കാറെടുത്തോടിച്ചുപോയി....
അവൾ കൂട്ടുകാരോടൊപ്പം കൂടി...
ആർപ്പുവിളികളും ആഘോഷങ്ങളും....
കൂടുതലും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ ആയതിനാൽ, വാർഡന്റെ പോലീസ്മുറയ്ക്കപ്പുറം.....ഹോസ്റ്റലെന്ന അധോലോകത്തിന്റെ തടങ്കൽ പാളയത്തിൽ നിന്നും, സ്വാതന്ത്ര്യത്തിന്റെ വീഞ്ഞുനുകരാൻ കിട്ടിയ അസുലഭ മുഹൂർത്തം ആഘോഷിക്കാതെങ്ങനെ... ....
പാട്ടും കൂത്തും മേളവും...
മൂന്നാറിലെ തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും കോടമഞ്ഞും...... ഇടുക്കിയിലെ വിശ്വപ്രസിദ്ധ അണക്കെട്ടുമെല്ലാം നയനാനന്ദകരമായപ്പോൾ, കുട്ടിക്കാനാവും, വാഗമണ്ണും അഞ്ചുരുളിയുമെല്ലാം നവ്യാനുഭവങ്ങൾ സമ്മാനിച്ചു ......
അപ്പായുടെ ഇടുക്കിക്ക് മാത്രമെന്താ ഇത്രവലിയ പ്രത്യേകത എന്നുള്ള ചോദ്യം ഇനിയൊരിക്കലും അപ്പയോടു ചോദിക്കില്ല എന്നുറപ്പിച്ച ദിവസങ്ങൾ...
പ്രകൃതിയുടെ വശ്യസൗന്ദര്യത്തിനുമപ്പുറം നിഷ്കളങ്കതയുടെ നിർമലത മുഖാവരണമാക്കിയ ജനത....
രണ്ടാമത്തെ ദിവസം തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയ സമയത്താണ് കൂടെ വന്ന സാർ അഭിപ്രായപ്പെടുന്നത്...
നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതത്തിനുമപ്പുറം നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്...
ഇടുക്കിയുടെ വിവിധ മേഖലകളിൽ ആയി നിരവധി അനാഥാലയങ്ങൾ ഉണ്ട്.... ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത്..
ആരെയും നിർബന്ധിക്കുന്നില്ല എല്ലാവരും ഒരേമനസ്സോടെ സമ്മതിച്ചാൽ നമുക്ക് അതിലൊന്നിൽ പോകാം...
പോയാൽ മാത്രം പോരാ.. നമ്മെക്കൊണ്ടാവുന്ന വിധത്തിൽ അവരെ സന്തോഷിപ്പിക്കാനും കഴിയുന്ന സഹായങ്ങൾ ചെയ്യാനും നമുക്കാവുമെങ്കിൽ യാത്ര തുടങ്ങാം...
കൈയ്യടികളോടെയാണ് എല്ലാവരും സാറിന്റെ വാക്കുകളെ വരവേറ്റത്...
വളരെ സന്തോഷത്തോടെയാണ് എല്ലാവരും അവിടെ ചെന്നെത്തിയതെങ്കിലും അവിടുത്തെ അന്തരീക്ഷം പലരുടെയും മനസ്സിനെ നൊമ്പരത്തിലാഴ്ത്തി..
അംഗവൈകല്യം സംഭവിച്ചവർ... ബുദ്ധിസ്ഥിരതയില്ലാത്തവർ..... ജനിപ്പിച്ച മക്കളാൽ തിരസ്കൃതരായവർ... ജനിച്ചപ്പോഴേ അനാഥത്വത്തിന്റെ മാറാപ്പും പേറിയെത്തിയവർ... മദ്യവും മയക്കുമരുന്നും ശരീരത്തെ അസ്ഥികൂടമാക്കി സ്വയം നശിച്ചവർ... അങ്ങനെ കണ്ണുനീരിന്റെ നനവുകൾക്കിടയിലും മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന നിഷ്കളങ്കമാനസങ്ങൾ...
വീട്ടലെ ചെറിയ കുറവുകൾക്ക് പോലും അപ്പനെയും അമ്മയെയും കുറ്റം പറഞ്ഞിരുന്നവരിൽ ചിലരുടെയെങ്കിലും മുഖം കുറ്റബോധത്താൽ കുനിഞ്ഞു...
ആരുമറിയാതെ തൂവല്കൊണ്ട് കണ്ണുനീർ ഒപ്പുന്നവരും കുറവായിരുന്നില്ല..
എങ്കിലും പാട്ടും മറ്റുമൊക്കെയായ് അവിടുത്തെ അന്തേവാസികളെ പരമാവധി സന്തോഷിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു.....
കുട്ടികൾ ചേർന്നു നൽകിയ ഒരു സ്നേഹോപഹാരം ഓഫീസിൽ ഏൽപ്പിക്കുവാൻ അധ്യാപകർ പോയസമയത്താണ് ആന്മരിയ ബോധമറ്റു വീഴുന്നത്..
അന്തേവാസികളെ നോക്കുന്ന നേഴ്സ് ഓടിവന്നു....
തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തീരുമാനം ആയി...
ബോധം തെളിഞ്ഞിട്ടും അവൾ സംസാരിക്കാൻ തയ്യാറാകാത്തത് അവരെ പരിഭ്രമത്തിലാഴ്ത്തി....
മനസ്സിന് പെട്ടന്നുണ്ടായ ഷോക്ക് ആണ് കാരണമെന്നും നന്നായി റസ്റ്റ്‌ എടുത്തു മനസ്സ് ശാന്തമാകുമ്പോൾ നേരെയായിക്കൊള്ളുമെന്ന ഡോക്ടറുടെ ഉറപ്പിന്മേൽ അവർ മലയിറങ്ങി...
യാത്ര തുടങ്ങിയപ്പോൾ ഉള്ള ആഘോഷങ്ങൾ തിരിച്ചുള്ള യാത്രയിൽ ഉണ്ടായില്ല.....
ആന്മരിയയുടെ തളർച്ചയും, അനാഥാലയത്തിലെ നൊമ്പരകാഴ്ചകളും എല്ലാവരെയും തെല്ലൊന്ന് തളർത്തിയപോലെ...
ടീച്ചർ തന്നെയാണ് തങ്ങൾ തിരിച്ചെത്തിയതും മോളെ കൊണ്ടുപോകാൻ വണ്ടിയുമായി വരാൻ പറഞ്ഞതുമെല്ലാം ..
അലക്സ്‌ വളരെ വേഗം തന്നെ വണ്ടിയുമായെത്തി...
അസുഖത്തെക്കുറിച്ചു ഫോണിലൂടെ പറഞ്ഞിരുന്നില്ല...
വണ്ടിയെത്തിയതും ഒന്നും മിണ്ടാതെ അവൾ പിറകിലെ സീറ്റിൽ കയറിയിരുന്നു.....
കൂട്ടുകാരികൾ ആരൊക്കെയോ അവളുടെ സാധനങ്ങൾ എടുത്തു വണ്ടിയിൽ വച്ചു.. യാത്രാക്ഷീണത്തിന്റെയാകാം ചെറിയൊരു തലകറക്കം ഉണ്ടായെന്നുള്ള ടീച്ചറിന്റെ വാക്കുകൾ അയാളെ സംഭീതനാക്കി ...
ഹോസ്പിറ്റലിൽ പോണോ എന്നുള്ള അയാളുടെ ചോദ്യത്തിന് വിധൂരതയിലേക്കുള്ള നോട്ടം മാത്രമായിരുന്നു മറുപടി...
വീട്ടിലെത്തിയതും അവൾ രണ്ടാം നിലയിലേക്കോടിക്കയറി......
സ്വന്തം മുറിയിൽ കയറി.....
അവർ പിന്നാലെയെത്തിയപ്പോഴേയ്ക്കും അവൾ വാതിലടച്ചു കഴിഞ്ഞിരുന്നു...
പെട്ടന്നുതന്നെ വാതിൽ തുറന്ന് അവൾ അലറി....
ഇന്ന് ഞാൻ കണ്ടു.. നമ്മളെയൊന്നും വേണ്ടാന്ന് പറഞ്ഞു പെണ്മക്കളുടെ അടുത്തേക്ക് പോയെന്ന് പപ്പാ പറഞ്ഞ എന്റെ അച്ഛമ്മയെ... ഞാൻ കണ്ടു.. ഞാൻ കണ്ടു...
മോളെ.....
അയാൾ വിഹ്വലതയോടെ അവളെ വിളിച്ചു....
വിളിക്കരുതെന്നെ അങ്ങനെ....
എന്തിനായിരുന്നു പപ്പാ, ഈ നാടകം....
അച്ഛമ്മയെ നോക്കാൻ പപ്പയ്ക്ക് പൈസ ഇല്ലായിരുന്നുവെങ്കിൽ ഞാൻ പഠിപ്പു നിർത്തി വീട്ടിലിരിക്കുമായിരുന്നല്ലോ......
ബോധപൂർവം അമ്മായിമാരെ ഞങ്ങളിൽ നിന്നകറ്റുകയും ഇങ്ങോട്ടും അങ്ങോട്ടും ഒരു ബന്ധവും ഇല്ലാതാക്കിയിട്ട്..... പെങ്ങന്മാരോടുള്ള അപ്പയുടെ സമീപനം മോശമാണെന്ന കാരണം പറഞ്ഞച്ചമ്മ അമ്മായിമാരുടെ അടുത്തേക്ക് പോയെന്ന കള്ളം എത്ര വിദഗ്ധമായി അപ്പ ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു....
കഴിഞ്ഞ മൂന്നുവർഷമായി എത്രയോ തവണ ഞാൻ കരഞ്ഞുചോദിച്ചിരിക്കുന്നു അച്ഛമ്മയെ ഒന്ന് ഫോണിലെങ്കിലും വിളിച്ചുതരാൻ.....
കല്യാണം കഴിഞ്ഞു മൂന്നുമക്കളും പാറക്കമുറ്റിയപ്പോൾ ഒരുളുപ്പും ഇല്ലാതെ അനാഥാലയത്തിൽ കൊണ്ടുപോയി ആക്കാൻ ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ലേ....
പത്തുമാസം ചുമന്നു പ്രസവിച്ചതിന്റെ കണക്കിൽ വേണ്ട..... പട്ടിണികൊണ്ടു പാലുവറ്റിയ മുലയിൽ നിന്നും വലിച്ചുകുടിച്ച ചോരയുടെ കണക്കിലും വേണ്ട.... ഇവിടുത്തെ ഹോസ്പിറ്റലിൽ നിലംതുടച്ചു നിങ്ങളെ വളർത്തി വലുതാക്കിയ കണക്കിലും പെടുത്തണ്ട ......
അമ്മ ബ്യൂട്ടിപർലറുകളിലും മുന്തിയ ക്ലബ്കളിലും കറങ്ങുമ്പോൾ നിങ്ങളുടെ മക്കളെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ കാത്തുപാലിച്ച ഒരു പിച്ചക്കാരിതള്ളയായിട്ടെങ്കിലും അച്ഛമ്മയെ ഇവിടെ താമസിപ്പിക്കാമായിരുന്നില്ലേ....
ഇനിയുമൊരു പകൽ തെളിഞ്ഞാൽ ഇരുട്ടുന്നതിനു മുൻപ് എന്റെ അച്ഛമ്മയിവിടെ എത്തിയിരിക്കണം....
ഇല്ലെങ്കിൽ പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കേണ്ടി വരും.....

ഇനിയും അമ്മേടെ തലയിണമന്ത്രം കേട്ട് വ്യക്തിത്വം പണയപ്പെടുത്തി ജീവിക്കാനാണ് ഭാവമെങ്കിൽ......
സാഹിത്യം വിരൽ തുമ്പിൽ മാത്രം പോരാ...
വിരിയുന്ന ഓരോ പൂക്കളും കൊഴിയാറുണ്ടപ്പാ.....മറക്കണ്ട.....അയാൾക്കൊന്നും പറയുവാൻ ഇടംകൊടുക്കാതെ അവൾ റൂമിൽ കയറി വാതിലടച്ചു....

BY: Shien Kattamkottil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo