-ചെറുകഥ-
"ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.. മിക്കവാറും ഇന്ന് തന്നെ പിരിച്ചു വിടും..
താൻ എന്തൊക്കെയാടോ കാണിച്ചു കൂട്ടിയത്?
താൻ എന്തൊക്കെയാടോ കാണിച്ചു കൂട്ടിയത്?
മനസ് പ്രക്ഷുബ്ധമായ ഒരു കടലായി മാറിയിട്ടുണ്ട്. എങ്കിലും കുറ്റബോധം ഒന്നും തോന്നുന്നില്ല.. എന്തിനാ കുറ്റബോധം? ശെരിയെന്നു തോന്നിയതല്ലേ ചെയ്തിട്ടുള്ളു...
അകത്തേക്ക് വരട്ടെ,
വന്നോളൂ വീര നായകന്‍.. ഒറ്റ ദിവസം കൊണ്ട് വൈറൽ ആയല്ലോ.. മാളിൽ പെണ്‍കുട്ടിയെ ശല്യപെടുത്തിയ ചെറുപ്പക്കാരനെ മർദിക്കുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ജോറായിട്ടുണ്ട്...
താൻ തല്ലിയത് ആരെ ആണെന്ന് അറിയുമോ??
ഈ മാളിന്റെ ഉടമസ്ഥരിൽ ഒരാളുടെ ബന്ധുവിന്റെ മകനെ...
തനിക്ക് എന്തിന്റെ കേടായിരുന്നു??
ലെച്ചുവിന്റെ പ്രായം അല്ലെ ആ കുഞ്ഞിനും വരികയുള്ളൂ. ഏറിയാൽ ഒരു പതിനേഴു വയസ്സ്..
ഓരോ നിലയിലും ഒരു മണിക്കൂര്‍ വീതമാണ് ക്രിസ്മസ് പാപ്പന്റെ സ്ഥാനം... വലിയ വയറും ഒക്കെ കെട്ടി വച്ച് ചായം ഒക്കെ പൂശി തലയും കുലുക്കി എല്ലാരേയും അഭിവാദ്യം ചെയത് മുന്നേറുകയാണ്.. അപ്പോഴാണ് ഈ പയ്യന്‍ ലെച്ചുവിന്റെ പ്രായം ഉള്ള പെണ്‍കുട്ടിയുടെ നിതംബത്തില്‍ കയറി പിടിച്ചത്.. പിന്നെ ഒക്കെ കാട്ടി കൂട്ടിയത് ആ മാളിലെ കോമാളി ആയ ജോലിക്കാരൻ അല്ലായിരുന്നു എന്നിലെ അച്ഛൻ ആണ്..
മറ്റുള്ളവര്‍ക്ക് പിച്ചാനും മാന്താനും ഒന്നുമല്ലല്ലോ നമ്മുടെ പെണ്‍കുട്ടികളെ വളര്‍ത്തുന്നത്.. ഒന്നും നോക്കിയില്ല ദേഷ്യം സിരകളിൽ അരിച്ചു കയറി.. പയ്യനിട്ട പൊട്ടിച്ചു സോറി യും പറയിപ്പിച്ചു... ഇതൊക്കെ വീഡിയോ എടുത്തതും വൈറൽ ആക്കിയതും ചുറ്റും കൂടി നിന്ന ആൾക്കാരാണ്...
വേണു താൻ എന്ത് ആലോചിച്ചു നില്‍ക്കുകയാണ്? തനിക്ക് ഇവിടെ ജോലി വേണമെങ്കിൽ ആ പയ്യനോട് മാപ്പ് പറയണം.. മനപ്പൂര്‍വ്വം ആ പയ്യനോട് അങ്ങനെ ചെയ്താണ് എന്ന് മീഡിയ യിലും പറയണം... അങ്ങനെ ചെയ്താൽ മാത്രം തനിക്ക് ഇവിടെ ജോലി ഉണ്ട്.. അല്ലേലും നിനക്കൊക്കെ ഈ അൻപതാം വയസില്‍ ആരു ജോലി തരും.. ഇത്രയും സാലറി ഉള്ള ഒരു ജോലി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കണ്ട
താൻ സോറി പറയാൻ റെഡി അല്ലെ ??
ജോലി പോയാൽ ലെച്ചുവിന്റെ പഠിപ്പ് നടക്കില്ല.. ഗീതയുടെ മരുന്നും വാങ്ങാൻ കഴിയില്ല.കോളേജ് ഫീസ് അടയ്ക്കണം എന്ന് ലെച്ചു പറഞ്ഞിരുന്നു... ഇതൊക്കെ എങ്ങനെ നടക്കും.വേറെ ജോലി എങ്ങനെ വേഗത്തിൽ ശെരിയാകും.. പ്രായം ഒത്തിരി ആയല്ലോ ? കുലത്തൊഴിൽ കൃഷിയായിരുന്നു... അതൊക്കെ വെള്ളപ്പൊക്കത്തിൽ പോയില്ലേ. കടവും കടത്തിന് മീതെ കടവും ആയി എല്ലാം വിറ്റു.. ഇനി ഈ ചെറിയ പുരയല്ലേ ഉള്ളു...
ചിന്തകള്‍ കാട് കയറുന്നുണ്ട്
താൻ പറ സോറി പറയാൻ റെഡി അല്ലെ??
കുറച്ചു ആലോചനകൾക്ക് ശേഷം
സർ ഞാന്‍ എന്തിനാണ് സോറി പറയേണ്ടത്? തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല...
ഡോ താൻ കൂടുതൽ ന്യായം ഒന്നും പറയേണ്ട... അവരൊക്കെ വലിയ വീട്ടിലെ പിള്ളേരാണ്.. അപ്പോൾ ഇങ്ങനെയുള്ള വികൃതികള്‍ ഒക്കെ കാട്ടിയെന്ന് വരും.. നമ്മൾ അങ്ങ് കണ്ണടയ്ക്കണം.. നഷ്ടപ്പെടാൻ നമുക്കാണ് കൂടുതൽ..നിന്റെ മോളെ അല്ലല്ലോ... വഴിയെ പോയ ഒരു കുട്ടിയെ അല്ലെ?
സർ എന്തൊക്കെ പറഞ്ഞാലും ഇതിന് മാപ്പു പറയാന്‍ എന്നെ കിട്ടില്ല.. ഇനി തെരുവില്‍ പോയി തെണ്ടേണ്ടി വന്നാലും.. ആ പെണ്‍കുട്ടി എനിക്ക് വഴിയേ പോയ ഒരാൾ അല്ല.. എന്റെ മകള്‍ തന്നെയാണ്... ജന്മം കൊടുക്കാതെയും അച്ഛൻ ആകാം കര്‍മ്മം കൊണ്ട്... ജോലി എനിക്ക് വേണ്ട.. ദാ ഈ ക്രിസ്മസ് പാപ്പന്റെ വേഷങ്ങൾ പുതിയൊരാൾക്ക് കൊടുത്തേക്ക്...
മാളിൽ നിന്നും ഇറങ്ങി പോരുമ്പോൾ ഗീതയുടെ ടാബ്ലറ്റ് തീര്‍ന്ന വിവരം ഓര്‍ത്തു... ഇന്ന് ലെച്ചുവിന് ഐസ് ക്രീം വാങ്ങി കൊടുക്കാമെന്നും പറഞ്ഞിരുന്നതാണ്...
വീട്ടിലേക്ക് ചെല്ലുമ്പോൾ ലെച്ചു മുറ്റത്ത് തന്നെ ഇരിപ്പുണ്ട്...
അച്ഛാ എന്ന് വിളിച്ചു കൊണ്ട് ഓടി അവൾ എന്നെ ചേര്‍ത്തു പിടിച്ചു
മോളെ ഐസ് ക്രീം വാങ്ങിയില്ല..
അതൊന്നും അല്ല അച്ഛാ
എന്റെ അച്ഛനൊരു സൂപ്പർ ഹീറോ ആണ്.. അപ്പുറത്ത് നിന്നും ടിവി യിൽ ഞങ്ങള്‍ ഒക്കെ കണ്ടു...
സൂപ്പർ ഹീറോ ആ വാക്ക് ഒരായിരം വട്ടം മനസില്‍ ഉച്ചരിച്ചു
--------------------
അശ്വതി ഇതളുകൾ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക