"മാഷേ....മാഷെന്താ ഓടുന്നെ?!!"
അവർ രാത്രിയിലാണ് വന്നത്. ഉപ്പയെ കാണാൻ ഉദ്ദേശിച്ചാണത്. വന്ന കാര്യം പറഞ്ഞപ്പോൾ ഉപ്പ എന്നോട് പറഞ്ഞു:
"നീ ഏതായാലും ഇപ്പോൾ വെറുതെ നിൽക്കുകയല്ലേ ? ഇവർ പറയുന്നതുപോലെ ചെയ്തൂടെ ?"
വന്നവർ പറഞ്ഞു:
"ജോലി കിട്ടിയാൽ നിങ്ങൾ പൊയ്ക്കോ ...ഇപ്പോൾ കോളജ് തുറക്കുമ്പോൾ ഇംഗ്ലീഷ് വിഷയം എടുക്കാൻ ആളില്ലെന്നു അറിഞ്ഞാൽ ആരും കുട്ടികളെ അയക്കില്ല..രാമൻ മാഷ് പെട്ടെന്ന് ഇങ്ങിനെ പോകുമെന്ന് ഞങ്ങൾ കരുതിയില്ല.”
അടുത്ത പ്രദേശത്തെ അറിയപ്പെടുന്ന ട്യൂട്ടോറിയൽ കോളജിന്റെ നടത്തിപ്പുകാരാണ്. സ്‌കൂൾ ഗോയിങ്, ടെൻത് പാരലൽ, പ്രീ-ഡിഗ്രി (പ്ലസ് ടു) തുടങ്ങിയ ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് എടുക്കാൻ എന്നെ ക്ഷണിക്കാൻ
വന്നതാണ്. മലയാള സാഹിത്യം നെല്ലിക്ക പോലെ വലതുകൈയ്യിൽ ചുരുട്ടിപ്പിടിച്ചു ആംഗലേയ സാഹിത്യത്തിൻറെ മുന്തിരിച്ചാറിൽ മുങ്ങിത്തപ്പി നടുവൊടിഞ്ഞു നില്കുന്ന എന്റെ സ്വപ്നം വല്ലതുമുണ്ടോ ഈ പാവങ്ങൾ അറിയുന്നു ?! വാരികകളിലും പത്രത്താളുകളിലും വിളമ്പിയ വിരലിലെണ്ണാവുന്ന വിഭവങ്ങൾ വെച്ചു ഒരു പത്രപ്രവർത്തകനെ മനസ്സിലിട്ടു താലോലിക്കുന്ന എന്നോട് ഈ പീറപ്പിള്ളേർക്ക് ക്‌ളാസ് എടുക്കാൻ !!? (വെറും റിപ്പോർട്ടർ വേണ്ട... ഒരു തീപ്പൊരി ജേർണലിസ്റ്റ്)
"ഓൻ വരും... നിങ്ങൾ പൊയ്ക്കോ ". എന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും എന്നും കൂട്ടായിരുന്ന ഉപ്പ അങ്ങിനെ അവരോട് പറഞ്ഞപ്പോൾ മറുത്തൊന്നും മൊഴിയാൻ എനിക്കും തോന്നിയില്ല.
അടുത്ത ദിവസം തന്നെ കവലയിലെ തെങ്ങിലും കവുങ്ങിലും കോളജിന്റെ പരസ്യവും വന്നു...മറ്റു മാഷുമാരുടെ കൂടെ എന്റെ പേരും ഉണ്ട്..
ആകെ രണ്ടു ദിവസമേ ഇനി ഉള്ളൂ... ഇത് വരെ ചെയ്യാത്ത ഒരു പണിക്കാണ് പോകുന്നത്.. അനിയത്തി കാലുപിടിച്ചു കേണാലും അവൾക്കൊന്നും പറഞ്ഞു കൊടുക്കാറില്ലായിരുന്നു. സ്‌കൂളിൽ "ഓട്ടോറിക്ഷ" എന്ന് വിളിച്ചിരുന്ന ഹിന്ദി ടീച്ചർ മുതൽ ലിറ്ററേച്ചർ ക്‌ളാസ്സിലെ വേണു സാർ (ഈ സാറിന്റെ ക്ലസ്സിനിടയിൽ നിന്ന് പുറത്തേക്ക് ചാടാൻ ഞങ്ങൾ ബെറ്റ് വെക്കാറുണ്ടായിരുന്നു) വരെയുള്ള മുഖങ്ങൾ ചിരിച്ചുകൊണ്ട് എന്റെ മുന്നിൽ അണി നിരന്നു.
"ആ മുടിയും കോലവുമൊക്കെ ഒന്ന് ശരിയാക്ക് " ഉപ്പയാണ്.
അതേതായാലും ഞാൻ നടത്തിയില്ല .ക്‌ളാസ്സെടുക്കാൻ പോകുന്ന അന്നാണ് കണ്ണാടിയൊക്കെ ശരിക്ക് നോക്കിയത്.. എനിക്ക് തന്നെ ചിരി വന്നു...അധ്യാപകനാണത്രെ അധ്യാപകൻ ! അങ്ങോട്ട് വിളിക്കുമ്പോൾ ഇങ്ങോട്ട് ചാടുന്ന മുടി, ഒരു ചാക്ക് കാൽസ്രായി.. ലുങ്കിത്തുണിപോലുള്ള ഒരു ഷർട്ട്.. അന്നത്തെ ഫ്രീക്കൻ കോലം.
ശ്ശൊ ...ആദ്യത്തെ ദിവസം തന്നെ വൈകി എത്തിയാൽ മോശമല്ലേ ? ബസ് വരാറായി.. ഓടാൻ പണ്ടേ ഇഷ്ടമായതുകൊണ്ട് നട വരമ്പിലൂടെ നടക്കാൻ മറന്നുപോയി
"മാഷെ...എന്താ ഓടുന്നെ ? ...നടന്നാ മതി ...ബസ് കിട്ടും" പറമ്പിനക്കരെ നിന്നും കുഞ്ഞിരാമേട്ടൻ വിളിച്ചു പറഞ്ഞു. ങേ ...മാഷിന് ആദ്യത്തെ പാഠം കിട്ടി... അധ്യാപകന്മാർ അങ്ങിനെ ഓടാനൊന്നും പാടില്ല...ശരിയാണ് ...നാണു മാഷോ, മുഹമ്മദ് മാഷോ സാവിത്രി ടീച്ചറോ ഇതുവരെ ഓടുന്നത് ഞാൻ കണ്ടിട്ടില്ല.. ഭൂമിയെ നോവിക്കാതെ എന്നാൽ മാന്യമായി നടക്കുന്നവർ.. ഗുരുക്കന്മാരുടെ പേര് കളയാൻ പോകുന്ന എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
ആദ്യത്തെ ക്‌ളാസ് - ആദ്യ രാത്രിയെക്കുറിച്ചുള്ള കവിതകൾ വെറുതെ മനസ്സിൽ ചൊല്ലിയപ്പോൾ വല്ലാത്ത നാണം വന്നു..
"മാഷെ . .ഇരിക്ക് .. പത്തു മണിക്ക് പത്താം ക്‌ളാസ് പാരലൽ തുടങ്ങാം"
ശബ്ദം കേട്ട് പ്രിൻസിപ്പലിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി... എന്റെ ഓർമ്മകൾ ഏഴാം ക്‌ളാസ്-ബി യിലേക്ക് മടങ്ങി...കണക്കിന്റെ ക്‌ളാസിൽ എഴുതിയ കവിത കാരണം രണ്ടു ദിവസം എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയ അന്നത്തെ ഹെഡ് മാഷാണ് ഇവിടുത്തെ പ്രിൻസിപ്പൽ ! ഇതറിഞ്ഞിരുന്നെങ്കിൽ ?!
രണ്ടു പിന്തിരിപ്പൻ ന്യായങ്ങൾ പറഞ്ഞാണ് അന്നെന്നെ പുറത്താക്കിയിരുന്നത് - ഒന്ന് : കണക്കിന്റെ ക്‌ളാസിൽ കവിത എഴുതി അടുത്തിരിക്കുന്നവന് വായിക്കാൻ കൊടുത്തു. രണ്ട്: മലയാള ഭാഷയിൽ "ജല സുന്ദരി" എന്ന പുതിയ ശൃംഗാര പദം കണ്ടു പിടിച്ചു ("ജ" യിൽ തുടങ്ങുന്ന പതിനാറോളം വരികളുള്ള ആ കവിതയിൽ അങ്ങിനെയൊരു വാക്കുണ്ടായിരുന്നു)
"മാഷെ ...ഇംഗ്ലീഷിൽ എല്ലാവരും വളരെ വീക്ക് ആണ്.. ഇനി മാഷുടെ കയ്യിലാണ് എല്ലാം "
ഞാൻ “സുന്ദരി”യെ പറത്തി വിട്ടു സാറിനെ നോക്കി..മാഷിന് എന്നെ മനസ്സിലായില്ലേ ? അതോ ഭാവിക്കുന്നതാണോ ? എന്തായാലും സാറിന്റെ ആ "മാഷ്" വിളി ആദ്യ രാത്രിയിലെ ഇരട്ടി മധുരം പോലെ എന്നെ ആവേശഭരിതനാക്കി
" ശരി സാർ.. ശ്രമിക്കാം .." അദ്ദേഹത്തിന്റെ കഷണ്ടി നോക്കി ഞാൻ പുഞ്ചിരിച്ചു.
(ഹാരിസ്)
മുന്നറിയിപ്പ്: തുടരാന്‍ സാധ്യതയുണ്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക