നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അത്രമേൽ ഇഷ്ടമായ്‌...

"'അമ്മ ചുരിദാർ ഇടാറില്ല ?"
അലമാരയിലെ വസ്ത്രശേഖരത്തിലേക്കു നീലനിറമുള്ള കോട്ടൺ സാരി മടക്കി വെയ്ക്കവേ അനുപമ ചോദിച്ചു
"ഇല്ല എനിക്ക് സാരികൾ മാത്രമേയുള്ളു "'അമ്മ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു
"അമ്മയ്ക്ക് ചുരിദാർ ഇഷ്ടം ല്ലേ ?"
"ഉവ്വല്ലോ മോൾക്ക് നന്നായി ചേരുമല്ലോ ചുരിദാർ ?"
"അതല്ലമ്മേ അമ്മയ്ക്ക് ധരിക്കാൻ ഇഷ്ടമല്ലെന്ന്? ...യു ഹാവ് എ ബ്യൂട്ടിഫുൾ ഫിഗർ. ജീൻസും ടോപ്പുമിട്ടാൽ വിവേകിന്റെ അമ്മയാണെന്ന് കൂടി പറയില്ല "
"അയ്യോ അത് വേണ്ട ..ഞാൻ വിവേകിന്റെ അമ്മയാണെന്ന് കേൾക്കുന്നതല്ലേ സുഖം ?"
"ഈ 'അമ്മ.. "അവൾ ചിരിച്ചു "അതല്ലാന്നേ you look so young. അമ്പത് വയസുണ്ടെന്ന് കണ്ടാൽ പറയില്ല ട്ടോ "
"മോളെ അനുക്കുട്ടി. പുത്തനച്ചി..
ആ ചൊല്ല് ഓർമ്മയുണ്ടോ? "
"അയ്യോ പുരപ്പുറം തൂക്കാൻ ഒന്നും ശ്രമിക്കുവല്ല അമ്മെ അമ്മയെ കാണാൻ നല്ല ഭംഗിയാണ്. അത് കൊണ്ട് പറഞ്ഞതാ :"
'അമ്മ വീണ്ടും ചിരിച്ചതേയുള്ളു
"അച്ഛൻ ഭയങ്കര സ്ട്രിക്ട് ആണല്ലേ ?"
"ഉം കുറച്ച്. ശ്രീയേട്ടനിഷ്ടമല്ല ഞാൻ ഇതൊന്നും ഇടുന്നതു ..സാരി ആണിഷ്ടം"
"എനിക്ക് തോന്നി "അനുപമ കള്ളച്ചിരി ചിരിച്ചു.
"എന്നാലും സ്വന്തം ഇഷ്ടം കൂടി നോക്കാം കേട്ടോ അമ്മെ" അവൾ കൂട്ടിച്ചേർത്തു
"ചിലപ്പോഴൊക്കെ കുടുംബ ജീവിതത്തിൽ സ്ത്രീ അത് മറന്നു പോകും മോളെ. തന്റെ ഇഷ്ടം എന്തായിരുന്നു, എങ്ങനെ ആയിരുന്നു , എന്തൊക്കെ ആയിരുന്നു എന്നൊക്കെ ..ഞാൻ ഒരു കൂട്ടം പറയട്ടെ. പണ്ടൊക്കെ എനിക്ക് ചൂണ്ട ഇട്ടു മീൻ പിടിക്കാൻ വലിയ ഇഷ്ടമായിരുന്നു പുഴയിൽ നീന്താൻ ,മഴ നനയാൻ , നൃത്തം ചെയ്യാൻ ..പിന്നെയുണ്ടല്ലോ ഉറക്കെ കൂക്കി വിളിക്കാൻ. 'അമ്മ അടക്കി ചിരിച്ചു "ആൺകുട്ടികളെ കൂക്കിവിളിച്ചു നല്ലോണം പരിഹസിക്കും. അതിലവർക്കു ദേഷ്യം ഒന്നുമില്ല ട്ടോ. അവരും തിരിച്ചു അങ്ങനെ തന്നെ. അന്ന് ഇത് പോലെത്തെ വാശിയോ വൈരാഗ്യമോ വല്ലോം ഉണ്ടോ .? .പ്രണയം ആണെങ്കിൽ കൂടി കിട്ടിയില്ലെങ്കിൽ ആസിഡ് ഒഴിക്കുകെ, പെട്രോൾ ഒഴിക്കുകെ, തച്ചു കൊല്ലുകെ ഒന്നുമില്ല ..കൂടി വന്നാൽ താടി ഒന്ന് നീട്ടി വളർത്തും അത്രതന്നെ. കവിത എഴുതുന്നവരാണെങ്കിൽ രണ്ടെണ്ണം കൂടുതൽ
എഴുതും "'അമ്മ പൊട്ടിച്ചിരിച്ചു.പെട്ടെന്ന് സ്വന്തം വാ പൊത്തുകയും ചെയ്തു.
അമ്മ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളുടെ ഭംഗിയിൽ ലയിച്ചിരിക്കുകയിരുന്നു അനുപമ. ഇതാണ്.
ഈ ഭംഗിയാണ് വിവേകിനും.. ഈ നുണക്കുഴിയുണ്ട് വിവേകിനും. അവൾ ഓർത്തു
"കല്യാണി "
"അയ്യോ അച്ഛൻ വിളിക്കുന്നു ബ്രേക്ഫാസ്റ്റിനു ടൈം ആയി മോൾ ഇതൊന്നും അവിടെ പറയരുത് കേട്ടോ"
'അമ്മ അടക്കി പറഞ്ഞുകൊണ്ട് എഴുനേറ്റ് പോയി
ഭക്ഷണം കഴിക്കുമ്പോൾ ആരും സംസാരിക്കുന്നില്ല .അനു ചുറ്റും ഒന്ന് നോക്കി .യുദ്ധം വല്ലോം ആണോ ഇങ്ങനെ സീരിയസ് ആകാൻ ..ഇവിടെ പൊതുവെ ആരും പരസ്പരം അത്രക്കൊന്നും മിണ്ടുന്ന കാണാറില്ല .വിവേക് പറഞ്ഞിരിക്കുന്നത് കുറച്ചു കഴിഞ്ഞാൽ നഗരത്തിലെ ഫ്ലാറ്റിലേക്ക് മാറാം എന്നാണ്. തനിക്കിവിടെ മുഷിയുമത്രെ.
വീട് ഒരേക്കർ സ്ഥലത്താണ് . നിറയെ മരങ്ങളും കിളികളും, വീടിനു പിന്നിലൂടെ ഒഴുകുന്ന പുഴയും. ഇവിടെം വിട്ടു ഫ്ലാറ്റ്. ഓർക്കാൻ കൂടി വയ്യ.
അച്ഛന്റെ പറമ്പിൽ കൃഷിയിടത്തു അവൾ വന്നു നിന്നു.
അച്ഛൻ കുഞ്ഞിനെയെന്നവണ്ണം ഓരോന്നിനെയും പരിപാലിക്കുന്നു ..എല്ലാം നല്ല വിളവ് തരുന്നുണ്ട്. അച്ഛൻ പയർ പൊട്ടിച്ചിടാൻ തുടങ്ങിയപ്പോൾ അവൾ കൂടി സഹായിച്ചു
"എന്ത് രസാ ല്ലേ കൃഷി ?"
"അത്ര രസം ഒന്നുമില്ല നല്ല അധ്വാനമുള്ള
ജോലിയാണ് "അച്ഛൻ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു
"അതിപ്പോ ഏതിനും അധ്വാനം വേണമല്ലോ? പക്ഷെ ബാക്കിയുള്ള ജോലി പോലെ അല്ല. ജീവനുള്ള റിസൾട്ട് അല്ലെ ഇവിടെ കിട്ടുന്നെ അതാ ഞാൻ പറഞ്ഞത് നമ്മുക്ക് നല്ല സന്തോഷമല്ലേ ഇത് കാണുമ്പോൾ? '
അച്ഛൻ വിസ്മയത്തോടെ അവളെ ഒന്ന് നോക്കി.
"സത്യത്തിൽ ഫ്ലാറ്റ് ജീവിതം എന്ത് മുഷിപ്പിക്കുന്നതാണെന്നോ ?സിറ്റിയില് പൊടിയും വണ്ടികളുടെ ഹോണും ഒച്ചയും. ഇവിടെ എന്ത് സമാധാനമാണ്. അച്ഛൻ പറയാമോ വിവേകിനോട് ഇവിടെ തന്നെ നില്ക്കാൻ .? .എനിക്കിവിടെ നല്ല ഇഷ്ടമായി ..ഇവിടെ നിന്നു കഷ്ടിച്ചു അരമണിക്കുർ അല്ലേയുള്ളു ട്രെയിനിൽ ഓഫീസിലേക്ക് ..അച്ഛൻ പറഞ്ഞാലേ വിവേക് കേൾക്കു "
അച്ഛന്റെ മുഖത്ത് അഭിമാനവും വാത്സല്യവും കലർന്ന ഒരു ചിരി വന്നു. ഒന്ന് മൂളി അച്ഛൻ ജോലിയിലേക്ക് തിരിഞ്ഞു
അമ്മയുടെ ഇഷ്ടങ്ങളിലേക്ക്, അച്ഛന്റെ പരുക്കൻ പുറന്തോട് പൊട്ടിച്ചു അലിവാർന്ന ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് അവൾ കയറി ചെല്ലുന്നത് വിവേക്
അതിശയത്തോടെ നോക്കി നിന്നു.
"അച്ഛാ ഇത് കണ്ടോ ?"ഒരു ജോഡി പഴയ പൊടിപിടിച്ച ചിലങ്കകൾ എടുത്തു കാട്ടി അനു
"അമ്മയുടെ പെട്ടിയിൽ നിന്നു കിട്ടിയതാ "ഇതിങ്ങനെ പൊടി പിടിച്ചു കിടക്കണ്ടതാണോ അച്ഛാ ?"
അച്ഛൻ ഒന്നും പറഞ്ഞില്ല.
പിന്നെ ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം.
"'അമ്മ ഒന്നും മറന്നിട്ടില്ല. അല്ലെ അച്ഛാ ?"
അമ്മയുടെ താളലയങ്ങളിലേക്ക് , അഭൗമ സൗന്ദര്യത്തിലെക്ക് ,അത് വരെ കാണാതിരുന്ന അറിയാതിരുന്ന ലാസ്യവശ്യതയിലേക്ക് ലയിച്ചിരുന്ന അച്ഛനാ ചോദ്യം കേട്ടതുമില്ല.
അനുപമയുടെ കണ്ണുകളിലേക്കു നോക്കിയിരിക്കുകയായിരുന്നു വിവേക്
"എന്തെ ?"
"ഒന്നൂല്ല നിന്നെ അങ്ങ് കടിച്ചു തിന്നാനുള്ള സ്നേഹം തോന്നുവാ ഇപ്പൊ "
"ആണോ "അവൾ കുസൃതിച്ചിരിയോടെ അവന്റെ അരികിൽ ചെന്ന് നിന്നു.
"ഉം ശരിക്കും ഈ പെണ്ണ് എന്ന് പറഞ്ഞാൽ വലിയ സംഭവം ആണ് കേട്ടോടി "
"ഉവ്വോ? "
അവൾ ചിരിച്ചു
"ഇപ്പോഴാ ഇതൊരു വീടായെ"അവൻ നിറകണ്ണുകളോടെ പറഞ്ഞു "എന്ത് മാജിക് ആണ് അനു നീ ഇവിടെ കാട്ടിയത്? "
അവൾ അവന്റ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു പിന്നെ മെല്ലെ ആ മടിയിലേക്ക് തല വെച്ചു കിടന്നു.
"പണ്ടൊക്കെയുണ്ടല്ലോ എനിക്കിവിടെ നിന്നു ഓടി പോകാൻ തോന്നും. കല്പനകൾ ..കല്പനകൾ ..കല്പനകൾ. അത് ചെയ്യരുത് ഇത് ചെയ്യരുത്
മുള്ളിൽ നിൽക്കും പോലെയാ ..കൽപ്പിക്കാൻ മാത്രമാ അച്ഛൻ മിണ്ടുന്നേ ...അമ്മയാണെങ്കിൽ ഒന്നുറക്കെ തുമ്മുക പോലുമില്ല ..വീട് ഒരു ജയിലായിരുന്നു ..സ്നേഹത്തോടെ ഇവരൊന്നു എന്നെ തൊട്ടിരുന്നെങ്കിൽ എന്ന് എത്ര തവണ ആശിച്ചിട്ടുണ്ടെന്നോ "
"സ്നേഹമില്ലാത്തതല്ല വിവേക്.പ്രകടിപ്പിക്കാൻ അതൊന്നും
അറിയാഞ്ഞിട്ടാകും "
"ആകും . .അന്നൊക്കെ ഇരുട്ടായിരുന്നു എങ്ങും..പകൽ പോലും.. സൂര്യൻ ഉള്ളപ്പോൾ പോലും ഇരുട്ട് ..ദാഹിച്ചു വലഞ്ഞിരിക്കുന്നവന് കുളിർജലം കിട്ടിയപോലാരുന്നു എനിക്ക് നീ ..ദിവസങ്ങളോളം പട്ടിണി കിടന്നവന്റെ മുന്നിൽ കിട്ടിയ അന്നം പോലെ . ആർത്തിയായിരുന്നു നിന്നെ സ്നേഹിക്കാൻ ..നിന്റെ സ്നേഹം അനുഭവിച്ചപ്പോ ..പിന്നേം പിന്നേം കൊതിയായി ..സ്നേഹം അത്രമേൽ ഭ്രാന്ത് പിടിപ്പിച്ച കൊണ്ടാണ് അച്ഛൻ നിന്റെ കാര്യം എതിർത്തപ്പോ ഞാൻ വാശി പിടിച്ചത്.. മരിക്കാൻ ശ്രമിച്ചത് "
അനു ഞെട്ടിപ്പോയി. അവൾ ചാടിയെഴുന്നേറ്റു.
"എന്താ പറഞ്ഞത് ?"
"ഒന്നുമില്ല "അവൻ ചിരിക്കാൻ ശ്രമിച്ചു
"എന്താ വിവേകിപ്പൊ പറഞ്ഞെ ?"അവളുട ശബ്ദം ഇടറി .
"ഒന്നുല്ലാടി അത് കഴിഞ്ഞില്ലേ ?"
"എന്നോട് പറഞ്ഞില്ല ?"
അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി .
"അതങ്ങനെ പറയാൻ മാത്രം ഒന്നല്ല മോളെ ...നീ ഇല്ലാതെ ഞാൻ എന്തിനാ ഭൂമിയില് എന്ന് ചിന്തിച്ച ഒരു നിമിഷമുണ്ടായിരുന്നു ...അന്ന് ഞാൻ ...അത് പോട്ടെ ഇന്ന് നീയുണ്ടല്ലോ. ഇപ്പൊ അതെനിക്ക് ഓർക്കാൻ കൂടി ഇഷ്ടമല്ല "
അനുപമ അവനെ കെട്ടിപ്പുണർന്നു തെരുതെരെ ഉമ്മ വെച്ച് പൊട്ടിക്കരഞ്ഞു
ചിലയിഷ്ടങ്ങളെ അത്ര മേൽ ഇഷ്ടപ്പെടുന്നത് കൊണ്ടാകും സ്വന്തം പ്രാണൻ അതിലും താഴെയാണെന്നു നമുക്ക് തോന്നുക.
ശ്വാസം പോലും പകുത്തു കൊടുക്കുന്ന ആ ഇഷ്ടങ്ങൾക്കു നമ്മളിടുന്ന വിലയാവും നമ്മുടെ ജീവിതം തന്നെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot