നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മക്കളാണ്.

.

അച്ചു പത്താം ക്ലാസ്സിലാണ്. C.B.S.E. സിലബസ്. പത്താം ക്ലാസ്സിൽ കയറിയ അന്ന് മുതൽ നാട്ടുകാരുടെ കണ്ണിലെ അത്ഭുതവസ്തുവാണ് അച്ചു.
“ശ്ശ്യോ പത്താംക്ലാസ്സായോ, ദൈവമേ, ഇനി ഇങ്ങനെയൊന്നും നടന്നാൽ പോരാട്ടോ”
അച്ചു തലയാട്ടും, അണപ്പല്ലുകൾ ഉള്ളിൽ ഞെരിച്ചുപിടിച്ച്, പുറമെ ചിരിക്കും. എന്നിട്ട് ആരും കേൾക്കാതെ പിറുപിറുക്കും,
“എന്ന ഞാൻ ഇന്നുമുതൽ കാലുമുകളിലും കൈ താഴെയുമായി നടക്കാം. ഇങ്ങനെ നടന്നാ പോരാത്രേ, പിന്നെ ചാടി ചാടി നടക്കണോ?”
അടുത്ത ചോദ്യം.
“പത്താം ക്ലാസ്സു കഴിഞ്ഞാൽ എന്താ പ്ലാൻ?”
“തീരുമാനിക്കണം, ഒരു കൺഫ്യൂഷൻ ഉണ്ട്.”
“അയ്യോ ഇതുവരെ തീരുമാനിച്ചില്ലേ, എന്തൊരു കഷ്ടമാണ്. ഇതൊക്കെ നേരെത്തെ തീരുമാനിക്കണ്ടേ. ഇനി എന്നാ? വൈകിയാൽ സീറ്റൊന്നും കിട്ടില്ല. ഇപ്പോഴാണെങ്കിൽ, ബ്രില്യൻസ് അക്കാദമിയുടെ എൻട്രൻസ് വരുന്നുണ്ട് സെപ്റ്റംബറിൽ. അത് എഴുതണം. പതിനൊന്നിലേക്കുള്ള അഡ്മിഷൻ കിട്ടാനാണ്.”
“അതിനു സെപ്റ്റംബറിൽ എന്റെ പത്താം ക്ലാസ്സിലെ ഫസ്റ്റ് ടേം എക്സാം നടക്കുകയേ ഉള്ളൂലോ? പിന്നെങ്ങനെയാ പതിനൊന്നിലേക്കു എൻട്രൻസ് എഴുതണേ?”
“അയ്യോ ഈ കുട്ടിക്ക് ഇതൊന്നും അറിയില്ലേ? ഇത് ഒമ്പതാം ക്ലാസ്സിലെ സിലബസ് വച്ച് നടത്തുന്ന പരീക്ഷയാ. അതിന്റെ മാർക്ക് അനുസരിച്ചാണ് അഡ്മിഷൻ തരണേ. പിന്നെ നന്നായി പഠിച്ചാൽ മാത്രം മതി. ബോർഡ് എക്സാം കഴിയുമ്പോഴേക്കും അഡ്മിഷൻ റെഡി ആയിരിക്കും.”
“ആണോ ശരി.”
“എന്റച്ചൂ, തലയാട്ടി ഇരിക്കാതെ എത്രയും വേഗം ഡോക്ടർ ആണോ എൻജിനീയർ ആണോ എന്ന് തീരുമാനിക്കൂ. എന്നിട്ടു എൻട്രൻസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് തയ്യാറെടുക്കൂ.”
“ങേ അപ്പോൾ പത്താം ക്ലാസ്സിലെ പഠിക്കണ്ടേ?”
“അത് പഠിക്കാൻ ഇനിയും സമയം ഉണ്ട്. അടുത്ത മാർച്ച് വരെ. എൻട്രൻസ് ഈ സെപ്റ്റംബറിലാണ്.”
“ഓ ശരി…”
അച്ചൂന് കൺഫ്യൂഷൻ ആയി. സ്കൂളിലെ ടീച്ചർ പറയുന്നു, ഓരോ ദിവസവും എടുക്കുന്നത് അന്ന് തന്നെ പഠിക്കണം എന്ന്. അപ്പയും അമ്മയും നാട്ടുകാരും പറയുന്നു, എൻട്രൻസ് പരീക്ഷക്ക് പഠിക്കണം എന്ന്. എന്ത് ചെയ്യും.
അച്ചൂന് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആകാനാണ് ഇഷ്ടം.
അത് പറഞ്ഞപ്പോൾ അമ്മ വലിയ വായിൽ നിലവിളിച്ചു. ഒരാഴ്ച പട്ടിണികിടന്നു. അച്ചുവിനോട് മിണ്ടാതെ നടന്നു. അവസാനം അച്ചു തീരുമാനം മാറ്റി. ഡോക്ടർ ആവാൻ പഠിച്ചോളാം. അതോടെ അമ്മയ്ക്ക് പഴയ പോലെ തന്നെ വലിയ സ്നേഹം. അപ്പോൾ എനിക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിൽ അമ്മ എന്നെ വെറുക്കുമോ?
ഒൻപതിൽ പഠിക്കുമ്പോൾ തന്നെ, പ്രശസ്‌തമായ ട്യൂഷൻ സെന്ററിലെ അഡ്മിഷൻ എടുത്തു കഴിഞ്ഞിരുന്നു. ഫൈനൽ എക്സാം കഴിഞ്ഞു പിറ്റേന്ന് മുതൽ പത്തിലേക്കുള്ള ട്യൂഷൻ തുടങ്ങി.
“ഒരു വിശ്രമം ഇല്ലേ, എനിക്ക്?”
അച്ചുവിന്റെ ചോദ്യം അന്തരീക്ഷത്തിൽ അലിഞ്ഞതേയുള്ളൂ. ഉത്തരം ആരും പറഞ്ഞില്ല.
പരീക്ഷ കഴിയുമ്പോൾ പോകാനിരുന്ന സ്ഥലങ്ങൾ, കാണാനിരുന്ന സിനിമകൾ, അപ്പൂപ്പന്റെ കൂടെ കഴിയാൻ കാത്തിരുന്ന ദിനങ്ങൾ.... എല്ലാം നഷ്ടമായിരിക്കുന്നു. ഇനിയും ഒന്നര മാസം കഴിഞ്ഞു തുടങ്ങാനിരിക്കുന്ന പത്താം ക്ലാസ്സിന്റെ പേരിൽ.
ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം നുള്ളിക്കളഞ്ഞു എത്തിയതാണ് പത്തിൽ. ടീച്ചർമാരുടെ വക ഭീഷണിയും പേടിപ്പിക്കലും എല്ലാം സ്കൂളിൽ, പുറത്തു നാട്ടുകാരും ബന്ധുക്കളും. പത്താം ക്ലാസ് എന്താ ഭൂതമാണോ?
ഭാവി നിർണയിക്കുന്നത് പത്താം ക്ലാസ്സാണത്രെ? ആരുടെ ഭാവി? എന്റെയോ….? എന്റെ ഭാവി ഞാനല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് പക്വതയില്ലത്രേ. അതിനാൽ എന്റെ ഭാവി അവരങ്ങോട്ട് തീരുമാനിച്ചു. ഡോക്ടർ... രക്തം കണ്ടാൽ തല കറങ്ങുന്ന, ഇൻജെക്ഷൻ എടുക്കാൻ പേടിക്കുന്ന, കോഴിയുടെ കുടൽമാല കണ്ടാൽ പോലും പേടിസ്വപ്നം കാണുന്ന ഞാൻ എങ്ങനെ ഒരു ഡോക്ടർ ആകും.
അടുത്ത ഓപ്ഷൻ എഞ്ചിനീയർ ആണ്. എത്തുന്ന എനിക്കിഷ്ടമില്ല. പക്ഷെ ആരോട് പറയാൻ....?, ആര് കേൾക്കാൻ...?
ദേ വരുന്നു അടുത്ത കടമ്പ. ഈ തവണ മുതൽ കണക്കിന് രണ്ടു തരം എക്സാം ഉണ്ടത്രേ, C.B.S.E. കുട്ടികളോട് കാരുണ്യം കാട്ടിയിരിക്കുന്നു. കണക്കു ബുദ്ധിമുട്ടുള്ളവർക്കായി ഒരു മാത്തമാറ്റിക്സ് ബേസിക് എക്സാം കൂടി വച്ചിരിക്കുന്നു. അതുകൊണ്ടു ഒരു ഗുണമുള്ളതു ടോട്ടൽ മാർക്സ് കൂടുതൽ കിട്ടും എന്നതാണ്. കടുകട്ടി മാത്‍സ് പഠിക്കേണ്ട. ഒരു പ്രശ്നം, പതിനൊന്നാം ക്‌ളാസിൽ മാത്‍സ് എടുക്കാൻ പറ്റില്ല എന്ന് മാത്രം.
അച്ചൂന് മാത്‍സ് വേണ്ട. ബുദ്ധിമുട്ടാണ് എന്ന് മാത്രമല്ല, പഠിക്കാനും ഇഷ്ടമില്ല. അച്ചു ബേസിക് മാത്‍സ് തെരഞ്ഞെടുത്തു. ഉടൻ വന്നു ബന്ധുക്കളുടെ കമെന്റ്.
“അച്ചൂ, ബേസിക് മാത്‍സ് എടുക്കല്ലേട്ടാ, സ്റ്റാൻഡേർഡ് എടുത്താൽ മതി.”
“എനിക്ക് മാത്‍സ് ഇഷ്ടമില്ല.”
“ഇഷ്ടമില്ലെങ്കിലും പഠിക്കണം. സ്റ്റാൻഡേർഡ് എടുത്താലേ ഇനി മുന്നോട്ടുള്ള പഠനത്തിന് ഉപകാരം ഉണ്ടാവൂ. മാത്‍സ് ഇല്ലെങ്കിൽ പിന്നെ എന്ത് പഠിക്കാനാണ്. നിന്റെ ഭാവി പാതാളത്തിൽ പോകും.”
അച്ചു വീണ്ടും സംഘർഷത്തിലായി. രാത്രിയിൽ പഠിക്കാനിരിക്കുമ്പോൾ അക്ഷരങ്ങൾ അച്ചൂന് ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി. ഓരോ അക്ഷരങ്ങളും അച്ചുവിന് നേരെ വിരൽ ചൂണ്ടി.
“സ്റ്റാൻഡേർഡ് എടുക്കൂ., ബേസിക് എടുത്തവർ സീറോ ആണ്. മണ്ടന്മാരാണ്.”
“പഠിക്കൂ, നിന്റെ ഭാവിയാണ്.”
“പത്താം ക്‌ളാസ്സ്‌ ഭീകരമാണ്. പരീക്ഷ, എൻട്രൻസ്, അഡ്മിഷൻ...”
എവിടെ നോക്കിയാലും കുറെ ചോദ്യങ്ങൾ... ചൂണ്ടുവിരലുകൾ, തുറുപ്പിച്ച കണ്ണുകൾ, ചലിക്കുന്ന വായകൾ...
ഇന്നലെ ദോശ തിന്നാനിരുന്നപ്പോൾ, ദോശയിൽ കുറെ ചോദ്യങ്ങൾ..
അച്ചുവിന്റെ മനസ്സ് കൈവിട്ടു പോകാൻ തുടങ്ങി. ഒന്നിലും മനസ്സുറക്കുന്നില്ല. പഠിച്ചത് മറന്നു പോകുന്നു. പാഠഭാഗങ്ങൾ മനസ്സിലാവുന്നില്ല. ക്ലാസ്സിലെ ശ്രദ്ധിക്കാനാവുന്നില്ല. ടീച്ചർമാർ പരാതികൾ എഴുതിവിടാൻ തുടങ്ങി. ടെസ്റ്റ് പേപ്പറുകളിൽ മാർക്ക് കുറഞ്ഞു. അച്ഛനെയും അമ്മയെയും സ്കൂളിലേക്ക് വിളിപ്പിച്ചു.
“Meet Principal on Monday, 22/02/2019.”
ചുവന്ന മഷിയിൽ ഡയറിയിൽ എഴുതി വിട്ടിരിക്കുന്നു. അച്ഛനും അമ്മയും വന്നു.
“എന്താ നിങ്ങൾ കണ്ടിരിക്കുന്നത്, ഈ കുട്ടി ഇങ്ങനെയാകാൻ എന്താണ് കാരണം. നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു. ഇപ്പോൾ തോൽക്കാൻ വേണ്ടിയാണ് സ്കൂളിൽ വരുന്നത് എന്ന് തോന്നുന്നു. എന്ത്‌ ചോദിച്ചാലും മിണ്ടില്ല. തുറിച്ചു നോക്കി നിൽക്കും. സ്കൂളിന്റെ പേര് കളയാൻ പറ്റില്ല, ഞങ്ങൾക്ക് ഒരു റെപ്യുട്ടേഷൻ ഉണ്ട്. എല്ലാ വർഷവും ഫുൾ എ+ കിട്ടുന്നതാണ്, ഇതിപ്പോൾ ഈ കുട്ടി അത് കലയും എന്ന് മാത്രമല്ല, തോൽക്കുക കൂടി ചെയ്യും. ഇങ്ങനെയാണെങ്കിൽ ഈ വർഷം പരീക്ഷയ്ക്കിരിക്കാൻ പറ്റില്ല.”
മാതാപിതാക്കൾ തലയും കുമ്പിട്ടിരുന്നു കേട്ടു എല്ലാം. അവസാനം പറഞ്ഞു.
“ഞങ്ങൾ ശ്രദ്ധിച്ചോളാം. അച്ചു ഇനി ഒരു പ്രശ്‌നവും ഉണ്ടാക്കില്ല.”
അച്ചുവിന്റെ മേൽ വീണ്ടും വീണ്ടും സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ട്യൂഷൻ ടീച്ചർമാർ വീട്ടിലേക്കു വന്നുതുടങ്ങി. ഒരു നിമിഷം പോലും ഒഴിവില്ല. ഒരു ദിവസം പോലും വിട്ടുപോയില്ല. ക്ലാസ്, ട്യൂഷൻ ക്ലാസ്, വീട്ടിലെ ട്യൂഷൻ..
സിനിമയില്ല, കളിയില്ല, ടി വി യില്ല, പുറത്തുപോക്കില്ല…
പുസ്തകം, പഠനം, പ്രോബ്ലം സോൾവിങ്, വരയ്ക്കൽ, നോട്ടെഴുതൽ...
അവസാനം, മോഡൽ എക്സാം തുടങ്ങാറായി. അച്ചുവിന്റെ മേൽ കൂടുതൽ കൂടുതൽ പ്രഷർ.. ഉപദേശങ്ങൾ, ശാസനങ്ങൾ, തുറിച്ചു നോട്ടങ്ങൾ, അലമുറകൾ, അലർച്ചകൾ, അലാറം,....
ഉറങ്ങാൻ രണ്ടുമൂന്ന് മണിക്കൂറുകൾ മാത്രം. രാത്രി ഒരു മണി വരെ പഠിത്തം കഴിഞ്ഞ്, ഉറങ്ങാൻ കിടന്നാൽ നാലു മണിക്ക് അലാമടിക്കും. കട്ടൻ കാപ്പിയുമായി അമ്മ റെഡിയാകും. ബക്കറ്റിൽ വെള്ളവുമായി അച്ഛൻ പിന്നാലെ…
തണുത്ത വെള്ളത്തിൽ കാൽ വച്ച് പഠിച്ചാൽ ഉറക്കം വരില്ലത്രേ...
ഒരു ദിവസം, രാത്രിയിൽ അച്ചു, ഒരു മണിക്ക്, പഠനം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. എല്ലാവരും കിടന്ന് ലൈറ്റ് കെടുത്തി. ഒരു മണിക്കൂർ അച്ചു കാത്തിരുന്നു. പിന്നെ പതുക്കെ എണീറ്റ്, വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി…..
നാലു മണിക്ക് അലാമടിച്ചപ്പോൾ അമ്മ കട്ടൻകാപ്പിയുമായി വന്നു. കട്ടിലിൽ അച്ചുവില്ല. ബാത്‌റൂമിലുമില്ല. മേശയിൽ ഒരു കത്ത് മാത്രം, ഒറ്റവരിയുള്ള കത്ത്.
"ഞാൻ പോകുന്നു പരീക്ഷയില്ലാത്ത സ്ഥലത്തേക്ക്… അച്ചു."
************************
ഇതിന്റെ അനന്തര ഫലങ്ങളോ, തുടർച്ചയോ ഞാൻ എഴുതുന്നില്ല. ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനേക്കാൾ, ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഇന്നത്തെ ലോകത്തിൽ നടക്കുന്ന ഒന്നാണിത്. പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. പത്താം/പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയാണ് ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത് എന്ന നിലയിൽ, പാവം കുട്ടികളെ ശ്വാസം മുട്ടിക്കുന്ന മാതാപിതാക്കളും നാട്ടുകാരും ബന്ധുക്കളും....
എന്റെ മകളും പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. മാത്‍സ് ഇഷ്ടമില്ല. ബേസിക് മാത്‍സ് ആണെടുത്തത്. അപ്പോൾ ഒരാൾ ഉപദേശത്തിന് വന്നു. ഞാൻ പറഞ്ഞു,
“എന്റെ മോള് അവളുടെ ഇഷ്ടത്തിനാണ് പഠിക്കുന്നത്. അവൾക്കിഷ്ടമില്ലാതെ ഒന്നും അവൾ പഠിക്കേണ്ട ആവശ്യമില്ല. മാത്‍സ് അവൾക്കു വേണ്ടെങ്കിൽ വേണ്ട. ബാക്കി നാലു വിഷയം ഉണ്ട് അതിൽ ഏതെങ്കിലും പഠിച്ചോളും. ഇതും പറഞ്ഞു എന്റെ മോളെ ആധിപിടിപ്പിക്കാൻ വരണ്ട.”
അതോടെ ആ വായ അടഞ്ഞു.
എന്റെ മോൾക്ക് ഇഷ്ടം ഫാഷൻ ഡിസൈനിങ് പഠിക്കാനാണ്, ഞാൻ സമ്മതിച്ചു. അവൾ മനസമാധാനത്തോടെ പഠിക്കുന്നു. പതിനൊന്നാം ക്ലാസ്സിലേക്ക് മെറിറ്റ് അഡ്മിഷൻ കിട്ടാൻ എൺപതു ശതമാനം മാർക്ക് വേണം. ഞാൻ പറഞ്ഞു
“മാത്‍സ് ഇഷ്ടമില്ല, ബുദ്ധിമുട്ടാണ് എങ്കിൽ, മാത്‌സ്‌നു നീ ജയിച്ചാൽ മതി, പക്ഷെ മറ്റു വിഷയങ്ങൾക്ക് കൂടുതൽ മാർക്ക് വാങ്ങി, ഈ എൺപതു ശതമാനം നേടണം. അല്ലെങ്കിൽ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടാണ്.”
“സാരമില്ല അമ്മെ ഞാൻ പഠിച്ചോളാം എനിക്ക് കിട്ടും.”
അവൾ ശ്രമിക്കുന്നു. പഠിക്കുന്നു. തയ്യാറെടുക്കുന്നു. നോ ടെൻഷൻ.
മക്കളാണ്, ഒരു കീ കൂടുതൽ തിരിച്ചാൽ കൂടുതൽ പ്രൊഡക്ഷൻ ഉണ്ടാകുന്ന യന്ത്രങ്ങളല്ല.. നമ്മുടെ സ്റ്റാറ്റസ് ഖൊ കാണിക്കാനുള്ള സാധനങ്ങൾ അല്ല അവർ. അവർക്കും മനസ്സുണ്ട്, ഇഷ്ടങ്ങൾ ഉണ്ട്. അവർ പഠിക്കട്ടെ സമാധാനത്തോടെ, കളിക്കട്ടെ ഇഷ്ടത്തോടെ, ആവശ്യത്തിന് ഉറങ്ങട്ടെ, കുത്തിനോവിക്കല്ലേ ആ മനസ്സുകൾ...
എൻട്രൻസ് എന്ന പേരിൽ ദ്രോഹിക്കുന്ന രീതി അവസാനിപ്പിക്കൂ… ബ്രില്ലിയൻസ് അല്ലെങ്കിൽ മറ്റ് സ്ഥാപനം നടത്തുന്ന സ്കൂൾ, പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ, എൻട്രൻസിന് തയ്യാറെടുപ്പിക്കുന്നു, എന്ന പേരിൽ വർഷത്തിൽ ആകെ എട്ടു ദിവസമാണ് ഒഴിവുകിട്ടുന്നത്.
ഓർക്കുക മക്കളാണ്, ഈ ദ്രോഹം ഒക്കെ കഴിഞ്ഞിട്ടു നാളെ ഈ മക്കൾ നമ്മളെ നോക്കിയില്ല എന്ന് പറഞ്ഞു കരയരുത്.. അതിനവകാശമില്ല നമ്മൾക്ക്.
സ്നേഹത്തോടെ,
ട്രിൻസി ഷാജു
കുവൈറ്റ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot