Slider

നിയതി

0

(ചെറുകഥ )
'സ്നേഹത്തിന്റെ പല മുഖംമൂടികളിലൊന്നാണ് ജിജ്ഞാസ എന്ന് അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല.”
Gabriel Garcia Marquez
ചേതൂ , എനിക്കൊന്നു കാണണം . പണ്ടത്തെ പോലെ കുറച്ചു നേരം നിന്നോട് സംസാരിക്കണം .ഒന്ന് വരുവോ .
മാളൂനെ പാർക്കിൽ കളിക്കാൻ വിട്ടിട്ടു നിറയെ പൂവിട്ടു നിൽക്കുന്നൊരു സകൂറ മരത്തിനു കീഴെ പിങ്ക് പൂക്കളാൽ അലങ്കരിക്കപ്പെട്ട ബെഞ്ചിൽ അലസമായ മനസ്സോടെ മൊബൈലിൽ നോക്കി ഇരിക്കുമ്പോഴാണ് ഒരു മഞ്ഞുകണം പുൽത്തുമ്പിൽ വന്നു വീഴും പോലെ ആ സന്ദേശം ഫോണിലേക്കു വന്നു വീണത് . ഒരല്പ സമയം ആത്‌മാവ്‌ വേർപെട്ടൊരു ശരീരം പോലെ സ്വയം ഇല്ലാതെയാവുകയും വീണ്ടും ശരീരത്തിലേയ്ക്ക് ചേക്കേറുകയും ചെയ്തു മനസ്സ് . പരിചയമില്ലാത്ത നമ്പറിൽ നിന്നുമുള്ള സന്ദേശമാണെങ്കിലും അതാരാണെന്ന് തിരിച്ചറിയാൻ ഒരു നിമിഷത്തിന്റെ നൂറിലൊരംശം പോലും വേണ്ടി വന്നില്ല. ഓരോ അക്ഷരങ്ങളും തന്റെ ഹൃദയത്തോട് സംവദിക്കുന്നതായി എനിക്ക് തോന്നി . തന്റെ തൊട്ടടുത്തു നിന്നും തൻ്റെ ഹൃദയത്തിനു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ തനിക്കു ,മാത്രം മനസ്സിലാകുന്ന ഭാഷയിലും ശബ്ദത്തിലും ഓരോ അക്ഷരങ്ങളും തന്നോട് സംസാരിക്കുന്നതു പോലെ . വളരെ പതിഞ്ഞ മൃദുവായ വ്യക്തമായ ആ ശബ്ദം തനിക്കു ഇപ്പോഴും എത്ര വ്യക്തമായി ഓർമ്മിക്കുവാൻ കഴിയുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു .
എത്ര വേഗമാണ് ഇരുപതു വർഷങ്ങൾ മുന്നിൽ നിന്നും മാഞ്ഞു പോയത് .ആളൊഴിഞ്ഞ വാകമരങ്ങൾക്കു കീഴെ സംസാരിക്കാനാകാതെ വിരലുകളിൽ തൊട്ടു നിറഞ്ഞ മിഴികളോടെ ആ മുന്നിൽ നിന്നും നടന്നു മറഞ്ഞത് ഇന്നലെയെന്നവണ്ണമാണ് ചാരുത ഓർത്തെടുത്തത് . അകലെ പൊട്ടു പോലെ വാകമരവും രണ്ടു നിഴലുകളും മായുന്നതിനു മുൻപേ ഒന്ന് കൂടി തിരഞ്ഞു നോക്കിയിരുന്നു . ഒരു വിളിയ്ക്കു ചെവിയോർത്തെന്ന പോലെ . എന്നാൽ ചുവന്നെരിഞ്ഞു നിൽക്കുന്ന സൂര്യന് കീഴെ വാകമരവും നിഴലും തനിച്ചാണെന്ന തിരിച്ചറിവിൽ അവിടെന്നു ഓടിമറയുമ്പോൾ നെഞ്ചിൽ നിന്നും ചുണ്ടോളാമെത്തി വന്നൊരു കരച്ചിലടക്കാൻ എത്ര പാടുപെട്ടെന്നോ . എത്ര ദിവസമാണ് ഭക്ഷണം കഴിയ്ക്കാതെ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കരഞ്ഞു കൊണ്ട് കഴിച്ചു കൂട്ടിയത് .
"'അമ്മാ ..."
മാളുവിന്റെ ഉറക്കെയുള്ള വിളിയാണ് ഓർമ്മകളിൽ നിന്നും തിരിച്ചു കൊണ്ടു വന്നത് . നിറഞ്ഞു നിന്ന കണ്ണുകൾ പെട്ടെന്ന് തുടച്ചു. ഓടി വന്ന മാളുവിനെ നെഞ്ചോട് ചേർത്ത് ചുംബിക്കുമ്പോൾ എന്തിനെന്നറിയാതെ വീണ്ടും കണ്ണു നിറഞ്ഞു . ചിലരുടെ ഓർമ്മകൾക്ക് മാത്രം സാധിക്കുന്ന ഒരു ജാലവിദ്യയാണത് എത്രയൊക്കെ ശ്രമിച്ചാലും ചില ഓർമ്മകളുടെ അവസാനം കാരണം പോലുമറിയാതെ കരഞ്ഞു പോകും .
'are you crying ?
ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നതെങ്കിലും വായിൽ എപ്പോഴും ഇംഗ്ളീഷേ വരും .അവളുടെ പപ്പയെ പോലെ .
അല്ലാ പൊന്നെ .. കണ്ണിൽ പൊടി പോയതാ ...
ചിരിച്ചു കൊണ്ട് അവളുടെ കൈയ്യിൽ പിടിച്ചു പുറത്തേയ്ക്കു നടന്നു . ഈ നഗരത്തിനു സന്ധ്യകളില്ല . ഇരുളിന്റെ മൂടുപടം പൊതിഞ്ഞൊരു പകൽ അതാണിവിടത്തെ സന്ധ്യ . തിരക്കെല്ലാം എപ്പോഴും ഒരേ പോലെ. ഇനി പത്തു ദിവസം കൂടി കഴിഞ്ഞാൽ മാളുവിന്‌ അവധി തുടങ്ങുകയാണ് . നാട്ടിലൊന്നു പോയി വന്നാലോ . ധീരജിനു സന്തോഷമേ ഉണ്ടാകൂ . കുറച്ചു നാൾ എന്റെ പരിഭവങ്ങൾ കേൾക്കാതെ പിണക്കങ്ങൾക്കു ചെവി കൊടുക്കാതെ ജോലിയ്ക്ക് പുറകേ ഓടാമല്ലോ .
ചിന്തകൾ തന്നെ വീണ്ടും നാട്ടിലേക്ക് തന്നെയാണ് കൊണ്ട് പോകുന്നതെന്ന് ചേതനയ്ക്കു ഉറപ്പായി . ഇനി എത്രയൊക്കെ ശ്രമിച്ചാലും തനിയ്ക്ക് പോകാതിരിയ്ക്കാനാവില്ല . പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും . എന്തോ ഒരുപാട് നാളുകൾക്കു ശേഷം വല്ലാത്തൊരുത്സാഹം തോന്നിയവൾക്കു.
ഏകദേശം ഒരു മാസം മുൻപേയാണ് പഴയ സഹപാഠികളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ കോളേജ് കാലത്തെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്ന മീര അവളെ ക്ഷണിക്കുന്നത് . സമയമില്ല എന്നൊക്കെ ആദ്യം പറഞ്ഞു ഒഴിഞ്ഞതാണ് . ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്നു ചോദിക്കണമെന്ന് പലവട്ടം ആഗ്രഹിച്ചെങ്കിലും എന്തോ ആ ചോദ്യം എന്നും തൊണ്ടക്കുഴിയിൽ തന്നെ തളം കെട്ടി കിടന്നു . അതി രാവിലെ ധീരജ് ഓഫിസിലേക്കു പോകും . ചിലപ്പോൾ ആഴ്ചകളോളം ആള് ഔട്ട് ഓഫ് സ്റ്റേഷൻ ആയിരിക്കും . മാളു സ്‌കൂളിലും പോയാൽ പിന്നെ ആ വലിയ വീട്ടിൽ ചേതന ഒറ്റയ്ക്കാണ് . പഴയ കൂട്ടുകാരെ ഇഷ്ടമില്ലാഞ്ഞിട്ടല്ല . ആ ഗ്രൂപ്പിൽ ചെന്നെത്തപ്പെട്ടാൽ വീണ്ടും താൻ ആ പഴയ ചേതന ആകുമോ എന്ന ഭയമാണ് അവളെ വിലക്കിയത് . പക്ഷെ എന്നിട്ടും എത്രയൊക്കെ മനസ്സ് വേണ്ടെന്നു വെച്ചിട്ടും പുറത്തു നന്നായി മഴ പെയ്തു കൊണ്ടിരുന്ന ഒരു ദിവസം . ഊണൊക്കെ കഴിഞ്ഞു മുറിയൊന്നൊതുക്കി വെച്ച് വെറുതെ പുസ്തകവും വായിച്ചു കിടക്കുകയായിരുന്നു .വായനയ്ക്കിടയിലെ ഏതോ ഒരു നിമിഷത്തിൽ ഓർമ്മയിലേക്കവൾ കാലിടറി വീഴുകയും വളരെ പെട്ടെന്ന് തന്നെ ഫോണെടുത്തു മീര അയച്ചു കൊടുത്ത ഗ്രൂപ്പ് ഇൻവെയ്റ്റ് വഴി ഗ്രൂപ്പിൽ ചേരുകയും ചെയ്തു . അംഗങ്ങളുടെ നീണ്ട നിരയിൽ അവളാ പേര് തിരഞ്ഞു . ഇല്ലാ അങ്ങനെ ഒരു പേര് ആ കൂട്ടത്തിലില്ല . പേരില്ലാത്ത ഏകദേശം പത്തോളം അംഗങ്ങൾ . അവരിൽ ഓരോരുത്തരെയും എ , ബി ,സി ക്രമത്തിൽ അക്ഷരങ്ങളിൽ സേവ് ചെയ്തു ഗ്രൂപ്പിലെ സംഭാഷങ്ങൾക്കു അവൾ കണ്ണ് തുറന്നു . ഏകദേശം രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ അതിൽ ഏഴു പേരുടെ യഥാർത്ഥ പേരുകൾ അവൾക്കു മനസ്സിലായി . ഇനിയും മൂന്നു പേരുണ്ട് . ഇതുവരെ ഗ്രൂപ്പിൽ ഒന്നും മിണ്ടാത്തവർ . കാത്തിരിപ്പിനു നീളമേറി .ആ മൂന്നു പേരിൽ അവനുണ്ടാകുമോ . അതോ അവനീ ഗ്രൂപ്പിൽ ഇല്ലായിരിക്കുമോ .തന്നെക്കാൾ രണ്ടു വയസ്സ് കൂടുതലായിരുന്നിട്ടും ഒന്നിച്ചാണ് പത്താംതരം എഴുതിയത്. മടുപ്പിക്കുന്ന ഏകാന്തതയും കാത്തിരിപ്പും വല്ലാതെ അസ്വസ്ഥയാക്കാൻ തുടങ്ങി . അവധി ദിവസങ്ങളിൽ മാളുവിനൊപ്പം കൂടി എല്ലാം മറക്കാൻ ശ്രമിച്ചു . അപ്പോഴാണ് വളരെ അപ്രതീക്ഷിതമായൊരു നിമിഷത്തിൽ ആ സന്ദേശം തേടി എത്തുന്നത് . ഓർമ്മകളിൽ വീണു സ്വയം നഷ്ടപ്പെട്ടവളെ പോലെ ഓരോ ദിവസവും തള്ളി നീക്കുമ്പോൾ തോന്നി കാലം തന്നെ വീണ്ടും പിന്നോട്ട് വിളിയ്ക്കുകയാണെന്ന് . തിരിച്ചു പോകാൻ മനസ്സ് കൊതിയ്ക്കുകയാണ് . ഒന്നിനും വേണ്ടിയല്ല . വെറുതെ ഒന്ന് കാണാൻ . അടുത്തിരിയ്ക്കാൻ . വെറുതെ സംസാരിയ്ക്കാൻ . സുഖായിരിക്കുന്നോ എന്നൊന്ന് അറിയാൻ മാത്രം.
കണ്ണുകൾ ചേർത്തടച്ചപ്പോൾ ഒരു കണ്ണിനീർ തുള്ളി കവിളിലൂടെ ഒഴുകിയിറങ്ങി ചുണ്ടുകളിൽ ചുംബിച്ചു.
ഒരു മഴ പോലെ അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു.
നിങ്ങൾക്ക് ഒരാളെ ഒരുപാട് സ്നേഹിക്കാൻ സാധിക്കും.. എന്നാൽ അയാളുടെ അഭാവം നമ്മിലുണ്ടാക്കുന്ന ശൂന്യതയോളം വരില്ല അത്‌.
John Green .
ഗ്രാമത്തിലേക്കുള്ള യാത്രയിൽ മാളുവിനെ ചേർത്തു പിടിച്ചു കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ചാറി പെയ്യുന്ന മഴയിലേക്ക് മുഖം വെച്ച് തണുത്ത ഓരോ തുള്ളിയെയും കണ്ണുകളിൽ സ്വീകരിച്ചു പുറത്തേയ്ക്കു നോക്കിയിരുന്നു . ആകാശം തൊട്ടൊരു മലയിലേക്ക് മഞ്ഞു കൂടാരങ്ങൾ ഒഴുകിയിറങ്ങും പോലെ മനസ്സിലേക്ക് ഓർമ്മകൾ ആർത്തലച്ചു വീണുകൊണ്ടിരുന്നു. വീണ്ടും പട്ടുപാവാടയുടുത്തു മുടി രണ്ടായി പിന്നിയിട്ടു റിബൺ കെട്ടി അവന്റെ പിന്നാലെ നടന്നു കാഴ്ചകൾ കാണാൻ, അവന്റെ സംസാരം കേൾക്കാൻ വല്ലാതെ കൊതിച്ചു മനസ്സ് താളം കൊട്ടുന്നു. ഇരുട്ട് മൂടി കിടക്കുന്ന മലകളും ആകാശം തൊട്ടു നിൽക്കുന്ന വൃക്ഷങ്ങളും കണ്ടു കൗതുകം കൊണ്ടിരിക്കുന്ന മാളുവിന്റെ മുഖത്തേക്ക് കുസൃതിയോടെ മഴവെള്ളം തട്ടിത്തെറിപ്പിച്ചു. താൻ വീണ്ടും കുട്ടിയാവുകയാണ്. തന്റെ മുഖത്തു നോക്കി കൊഞ്ഞനം കുത്തി വീണ്ടും ചുറ്റും കാണുന്ന കൗതക കാഴ്ചകളിലേക്ക് മാളു മുഖംതിരിച്ചപ്പോൾ തനിക്കു ലഭിച്ച എന്തെല്ലാം സൗഭാഗ്യങ്ങളാണ് മാളുവിന്‌ നഷ്ടമാകുന്നതെന്നു വേദനയോടെ ഓർത്തു. മഴ.. പുഴ.. കാട്.. അമ്പലം ഉത്സവങ്ങൾ നിറയെ ആമ്പൽപ്പൂ നിറഞ്ഞു നിൽക്കുന്ന കുളങ്ങളും പച്ചപ്പായൽ പിടിച്ചു വഴുതി കിടക്കുന്ന കൽപ്പടവുകൾ. ആ ഓർമ്മയിൽ തന്നെ മനസ്സിലൊരു ആമ്പൽ പൂക്കാലം നിറഞ്ഞു തുളുമ്പുകയാണ്. യാത്ര ഇപ്പോൾ പച്ച പിടിച്ചു ഇരുണ്ടു കിടക്കുന്ന പാടത്തിന്റെ നടുവിലൂടെയാണ്. കൊയ്ത്തും വിതയുമില്ലാതെ ആകെ ഒറ്റപ്പെട്ട കാട് പിടിച്ച പോലെ കിടക്കുന്ന പാടം. ചുറ്റും ഇരുട്ട് മൂടി തുടങ്ങി. തറവാട്ടിൽ ഇപ്പോൾ അച്ഛന്റെ ഏറ്റവും ഇളയ അനിയനും ഭാര്യയും മാത്രമാണുള്ളത്. അന്നും കൂട്ടു ഇളയമ്മയായിരുന്നു. ഇളയമ്മയ്ക്കു എല്ലാം അറിയാമായിരുന്നു. അമ്മയില്ലാത്ത വിഷമം ഒരിക്കൽ പോലും അറിഞ്ഞിട്ടില്ല. എത്രയോ ആളുകൾ ഒന്നിച്ച് താമസിച്ച വീടായിരുന്നു. ഭാഗം കിട്ടിയതെല്ലാം വിറ്റ് എല്ലാവരും പല സ്ഥലങ്ങളിലേക്ക് ചേക്കേറിയിക്കുന്നു . ദൂരെയിടങ്ങളിൽ ആയിരിക്കുമ്പോൾ ആണത്രേ സ്നേഹം അതുപോലെ നിൽക്കുക. ആരാണ് ഇത്തരം പുതിയ പഴഞ്ചൊല്ലുകളൊക്കെ ഉണ്ടാക്കിയത് എന്നോർത്ത് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട് .
ഇളയച്ഛനും ഇളേമ്മക്കും ഒരു മാറ്റവുമില്ല. ആ സ്നേഹത്തിനും വാത്സല്യത്തിനും ഒരു കുറവും വന്നിട്ടില്ല. വലിയ ചിരിയോടെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ നെഞ്ചിലെ ചൂടും താളവും അറിയാൻ ഇപ്പോഴും കഴിയുന്നുണ്ട്. കറ പുരളാത്ത ഈ സ്നേഹത്തിന്റെ മുൻപിലും മനസ്സിൽ ആകെ ഒരു വിഷാദം നിറയുന്നുണ്ട് . ഈ നാടും വീടും ചുറ്റുപാടിലും പതിയിരിക്കുന്ന ഓർമ്മകളും സംസാരിക്കുന്നത് എന്നോ നഷ്ടപ്പെട്ടുപോയ തന്റെ പ്രണയത്തെ പറ്റി തന്നെയാണെന്ന് തോന്നി പോകുന്നു . മുറിക്കുള്ളിലെ അടച്ചിട്ട ജനാലകൾ പുറത്തെ തൊടിയിലേക്ക് തുറന്നപ്പോൾ തണുത്ത കാറ്റിനൊപ്പം തന്നെ ചേർത്തു പിടിക്കുന്നത് അന്നും ഇന്നും പ്രാണനിൽ അലിഞ്ഞു ചേർന്ന പ്രണയമല്ലാതെ മറ്റൊന്നുമല്ലെന്നു എനിക്ക് തോന്നി. ഉപ്പ് ചേർത്ത് ഇളക്കിയ കഞ്ഞിയിലേക്ക് ഇളയമ്മയുടെ സ്പെഷ്യൽ ചുട്ടരച്ച ചമ്മന്തി പതിയെ ഇളക്കി ചേർക്കുമ്പോൾ ഈ ചമ്മന്തിയുടെ രുചിക്ക് വേണ്ടി കാത്തിരുന്ന ആരൊക്കെയോ മനസ്സിലൂടെ കടന്നു പോയി.
ഊണിനു ശേഷം കോലായിലിരുന്നു കഥകളും വിശേഷങ്ങളും പങ്കുവെക്കുമ്പോൾ മനപ്പൂർവ്വം ഒരാളെ ഒഴിവാക്കുന്നത് എനിക്ക് തോന്നി. അല്ലെങ്കിൽ അങ്ങനെ മാറ്റിനിർത്തപ്പെടേണ്ട ഒരാളായിരുന്നില്ലല്ലോ ദാസേട്ടൻ. ഇളേമ്മക്ക് ദാസേട്ടൻ സ്വന്തം അനിയനെ പോലെയായിരുന്നു. ചോദിക്കാൻ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോയി. പറ്റുന്നില്ല. താനിന്നൊരു അമ്മയും ഭാര്യയുമാണെന്ന ബോധം എല്ലാം ചോദ്യങ്ങളിൽ നിന്നും പിന്നോട്ട് വലിക്കുന്നു. ചിലപ്പോൾ ചില കാര്യങ്ങൾ അങ്ങനെയാണ് എത്രയൊക്കെ ആഗ്രഹിച്ചാലും ചില ചോദ്യങ്ങൾ തൊണ്ടയുടെ അറ്റത്തു അങ്ങനെ കോർത്തു കിടക്കും. ഒരു ചൂണ്ട കൊളുത്തു പോലെ ഊരാനും എടുക്കാനും വയ്യാതെ. വല്ലാത്ത വേദന പടർത്തി അങ്ങനെ.
മാളു ഇളേമ്മയുടെ കൂടെയാണ് കിടന്നത്. ഇത്രയും നല്ല മനുഷ്യരായിട്ടും എന്താണ് ഈശ്വരൻ അവർക്കൊരു കുഞ്ഞിനെ കൊടുക്കാത്തത്. ഇങ്ങനെ ഉത്തരങ്ങളില്ലാത്ത എത്ര എത്ര ചോദ്യങ്ങളാണ് ഓരോ മനുഷ്യന്റെ കയ്യിലും ഉണ്ടാവുക . എല്ലാത്തിനും ഒരുപക്ഷേ ദൈവത്തിന്റെ കയ്യിൽ ഉത്തരം കാണുമായിരിക്കും. മച്ചിലേക്ക് നോക്കി വെറുതെ കിടക്കുമ്പോൾ നെഞ്ചിൽ വലിയൊരു ഭാരം അമർത്തി വെച്ചത് പോലെ തോന്നി. ഇല്ല ഇവിടെ ഈ നാട്ടിലെത്തിയാൽ പിന്നെ അയാളെ കാണാതെ അയാളെപ്പറ്റി സംസാരിക്കാതെ അയാളെപ്പറ്റി ചിന്തിക്കാതെ തനിക്ക് ഒരു നിമിഷം പോലും കഴിയാൻ ആകില്ലെന്ന് വേദന കലർന്ന അത്ഭുതത്തോടെ മനസ്സിലാക്കുകയാണ് .എത്രയോ ചെറുപ്പം മുതൽ കണ്ടു ശീലിച്ചതാണ് ആ മുഖവും നിഷ്കളങ്കമായ ചിരിയും. വീട്ടിലെ പുറം പണിക്കു വരുന്ന അമ്മണിയമ്മയുടെ കൂടെ പലപ്പോഴും അവനും ഉണ്ടാകും. നീണ്ടു മെലിഞ്ഞു ഇരു നിറത്തിൽ കണ്ണിൽ നിറയെ കൗതകങ്ങൾ ഒളിപ്പിച്ച ചിരിയുമായി. അമ്മിണിയമ്മയുടെ മകളുടെ മകനാണ്. യേശുദാസ്. എല്ലാരും ദാസ് എന്നാണ് വിളിക്കുന്നത്‌. ദാസിന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചു. ക്യാൻസർ ആയിരിന്നു. അതിനു ശേഷം അച്ഛൻ നാട് വിട്ടു പോയതാണ്. ആദ്യമായി അവനെ കാണുമ്പോൾ തനിക്കു മൂന്നും ദാസിനു അഞ്ചും വയസ്സാണ്. തന്നെ ആദ്യമായി അക്ഷരം എഴുതിച്ചതും ദാസാണ്. കൈയിൽ ചേർത്തു പിടിച്ചു മുറ്റത്തെ മണലിൽ ആ എന്നെഴുതിച്ചുവെന്നു ഇളേമ്മ പറഞ്ഞു തന്ന അറിവാണ്. അന്ന് അമ്മിണിയമ്മയുടെ കൈയിൽ നിന്നു കണക്കിന് തല്ലും കിട്ടി. പക്ഷെ പിന്നീട് അങ്ങോട്ട്‌ തന്റെ നിഴലായി എന്നും ദാസ് ഉണ്ടായിരുന്നു. ദാസേ എന്ന നീട്ടി വിളിക്കപ്പുറം എന്നും നിറഞ്ഞ ചിരിയുമായി അവനുണ്ടാകും. പിന്നെ എന്നു മുതലാണ് ദാസ്, ദാസേട്ടനായത്. കുറച്ചു കൂടി മുതിർന്നപ്പോൾ അവൾക്കു തന്നെ തോന്നി. അതാണ് നല്ലതെന്ന്. വീട്ടിലുള്ളോരു എതിർത്തപ്പോഴും അച്ഛൻ പറഞ്ഞത് " മിടുക്കീ "ന്നാണ്. ഒരു സുഹൃത്തെന്ന വേഷത്തിനു എന്നാണ് മാറ്റം വന്നത്. അമ്പലക്കുളത്തിൽ ചുവന്നു വിരിഞ്ഞു നിന്ന ആമ്പലിനോട് ആശ തോന്നി പറിയ്ക്കാൻ ഇറങ്ങിയതും കാൽ വഴുതിയതും അവൾക്കു ഓർമ്മയുണ്ട്. വഴു വഴുപ്പുള്ള വെള്ളത്തിലേക്ക് ആണ്ടു പോകുമ്പോൾ ആമ്പൽ തണ്ടിൽ കാലുകൾ കുടുങ്ങി പേടിച്ചു ബോധം മറയുന്നതിനു തൊട്ടു മുൻപ് മുന്നിലേക്ക്‌ ഊളിയിട്ടു വന്ന ആ കറുത്ത മുഖം അന്ന് മുതലാണ് സ്വപ്നങ്ങളെ ആർദ്രമാക്കാൻ തുടങ്ങിയത്. പിറ്റേന്ന് പനിച്ചു വിറച്ചു കിടക്കുമ്പോൾ ജനാല വിടവിലൂടെ നീട്ടി പിടിച്ച ആമ്പൽ പൂക്കളുമായി ദാസ് നിന്നു ചിരിച്ചു.
." എന്നോട് പറഞ്ഞാൽ പോരായിരുന്നോ ചേതൂ… "
ന്നൊരു ചോദ്യവും. അന്ന് ആ നിമിഷം മുതലാണ് എല്ലാം മാറി മറിഞ്ഞത്. ലോകവും സമയവും എല്ലാം തിരിച്ചു കറങ്ങാൻ തുടങ്ങിയത്. എല്ലാം എതിരായിരുന്നു. ജാതി.. മതം. വിശ്വാസങ്ങൾ.. അഭിമാനം.. ഒരു പുലയ ചെറുക്കനെ ഒരു നായർ പെൺകുട്ടി വിവാഹം ചെയ്യുക എന്നൊന്ന് ചിന്തിക്കാൻ പോലും ഭയപ്പെട്ടിരുന്ന കാലം. ചേതനയുടെ മനസ്സ് അറിഞ്ഞ അന്ന് മുതലാണ് ദാസ് മെല്ലെ അകന്നു തുടങ്ങിയത്. വിശന്നപ്പോൾ അന്നമൂട്ടിയ വീടാണ്. ആളുകളാണ്. അവരെ വിഷമിപ്പിക്കാൻ അയാൾ തയ്യാറല്ലായിരുന്നു. അന്ന് മുതൽ ചേതന ഇരുട്ടിലാണ്. അച്ഛനെങ്കിലും കൂടെ നിൽക്കുമെനാണവൾ കരുതിയത് . പക്ഷെ പഠിപ്പു തീർന്നയുടനെ അച്ഛനൊപ്പം പുതിയൊരു നാട്ടിലേയ്ക്ക് പറിച്ചു നട്ടു . പതിയെ പതിയെ എല്ലാം മറന്നു. അല്ലെങ്കിൽ മറന്ന പോലെ ജീവിക്കാൻ പഠിച്ചു. ആ മഴയുള്ള ദിവസം വരെ.
#മൂന്ന് .
"ജീവിച്ചിരിക്കുന്നവർക്കുള്ളതാണ് ജീവിതം.
മരണം മരണപ്പെട്ടവരുടെയും .
ജീവിതം സംഗീതം പോലെയാകട്ടെ.
മരണം അത് ആരും ഇതുവരെ പറയാത്തൊരു സന്ദേശം പോലെയും . ”
Langston Hughes.
രണ്ടു ദിവസം തറവാട്ടിൽ നല്ല തിരക്കായിരുന്നു. ചേതനയെയും മോളെയും കാണാൻ ബന്ധുക്കളുടെ ഒരു നിര തന്നെ എത്തി. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നല്ലോ താൻ . മാളുനെ കണ്ടാൽ തന്നെ വരച്ചു വെച്ചതു പോലെയുണ്ടെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. പ്രിയപ്പെട്ടവർ ഒരുപാട് പേർ ചുറ്റിനും നിന്നിട്ടും ചേതനയുടെ കണ്ണുകൾ ദാസിന് വേണ്ടി തിരഞ്ഞു കൊണ്ടേ ഇരുന്നു. ഒരുപക്ഷെ താൻ വന്നത് അറിഞ്ഞില്ലായിരിക്കുമോ. മൂന്നാം ദിവസം എല്ലാവരുടെയും കണ്ണ്‌ വെട്ടിച്ചു അടുക്കള വശം വഴി തൊടിയിലേക്കിറങ്ങി. വീടിന്റെ പുറകു വശത്തെ ജാതി തോട്ടം കടന്നു പാടത്തേക്കു ഇറങ്ങി. കാലിൽ പറ്റിയ മണ്ണ് പാടത്തേക്കു വെള്ളം കേറ്റി വിടുന്ന ചെറിയ തോടിൽ കഴുകി. മഞ്ഞു വീണു കിടന്ന പാട വരമ്പിലൂടെ മുന്നോട്ടു നടന്നു. കുറച്ചകലെ തെങ്ങിൻ തോപ്പിനപ്പുറത്തു ഇപ്പോഴും കാണാം ഓട് മേഞ്ഞ വീടിന്റെ മോന്തായം. തെങ്ങിൻ തോപ്പ് വരെ എത്തിയത് അവൾ അറിഞ്ഞതേയില്ല. ചെമ്പരത്തി വേലി പടർത്തിയ ആ കൊച്ചു വീടിന്റെ അതിരിൽ നിന്നവൾ കിതച്ചു. മുറ്റം നിറയെ പൂച്ചെടികളാണ്. കാട് പോലെ വളർന്നു കിടക്കുന്നു. ആൾവാസം ഉണ്ടെന്നു തോന്നിക്കുന്ന ഒരടയാളവും കാണാനില്ല. കരിയിലകളാണ് മുറ്റം നിറയെ. പുറത്ത് നിന്നു താഴിട്ട് പൂട്ടിയിട്ടിരിക്കുന്ന വാതിലിനു മുന്നിൽ കുറച്ചു നേരം നിന്നു. കണ്ണിലിരുട്ടു കേറുന്നത് പോലെ തോന്നി. ഒന്ന് കാണാൻ വേണ്ടി മാത്രം ആശിച്ചാണ് ഇത്രടം വരെ വന്നത്. എവിടെയും പോകാതെ കാത്തിരിക്കും എന്നൊരു ഉറപ്പിന്മേലാണ് മറുപടി പോലും അയക്കാതിരുന്നത്. ദാസ് വിളിച്ചാൽ ചേതനയ്ക്കു വരാതിരിക്കാൻ ആവില്ലെന്ന സത്യം എന്തേ ദാസേട്ടൻ മറന്നു പോയി. വരാം എന്നൊരു മറുപടി അയക്കാൻ തോന്നാതിരുന്ന ഓരോ നിമിഷത്തെയും ചേതന മനസ്സ് കൊണ്ടു ശപിച്ചു. വീടിനു ചുറ്റും വെറുതെ നടക്കുമ്പോഴും ഏങ്ങലടിച്ചു കരയുകയായിരുന്നു. നിറം മങ്ങി തുടങ്ങിയ തിണ്ണയിൽ ഭിത്തിയിലേക്കു ചാഞ്ഞിരുന്നു കരയുമ്പോൾ ഒരു മഞ്ഞുകാലം ഉരുക്കി കളഞ്ഞൊരു വേനലാവുകയായിരുന്നു അവളുടെ ഉള്ളം.
എത്ര നേരം ആ ഇരിപ്പു അങ്ങനെ ഇരുന്നെന്നറിയില്ല. പുറത്തേയ്ക്കു ഇറങ്ങുമ്പോഴാണ് തൊടിയിൽ കുറച്ചകലെ മാറി അധികകാലമാകാത്തൊരു മൺകൂന കണ്ടത്. പച്ചമണ്ണിനു മീതെ അഴുകി തുടങ്ങിയ വയലറ്റ് പൂക്കൾ. ചുറ്റിനും വെച്ചു പിടിപ്പിച്ചിരിക്കുന്നു ചുവന്ന റോസാപ്പൂക്കൾ. മുകൾ ഭാഗത്തായി കുറേ ആമ്പൽ പൂക്കൾ. അമ്മിണിയമ്മയുടേതാകും. ഒരു നിമിഷം കണ്ണുകളടച്ചു. സ്നേഹത്തോടെ മോളെ എന്നൊരു വിളി കാതിൽ മുഴങ്ങി. പിന്തിരിയുമ്പോൾ പടർന്നു നിന്നൊരു റോസാമുള്ളിൽ ഉടുപ്പുടക്കി. ആരോ പിടിച്ചു നിർത്തും പോലെയാണ് തോന്നിയത്. മുള്ളുകൾ വിടുവിച്ചു നടക്കും മുൻപേ, നിറം മങ്ങി തുടങ്ങിയ ആമ്പൽ പൂവിലൊരെണ്ണം കൈയ്യിലെടുത്തു. ആരും ഇല്ലാതെ ആയപ്പോൾ നാട് വിട്ടു പോയതാകും ദാസേട്ടൻ. തിരിച്ചു പോകും മുൻപേ ഒരു പ്രാവശ്യമെങ്കിലും ഒന്ന് കാണാൻ പറ്റിയാൽ മതിയായിരുന്നു എന്ന പ്രാർത്ഥനയോടെ ചേതന തിരിച്ചു നടന്നു. ആത്മാവ് നഷ്ടപ്പെട്ടത് പോലെയാണവൾ തിരിഞ്ഞു നടന്നത്. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. പറയാൻ ഒരുപാട് ഉണ്ടായിരുന്നു വിശേഷങ്ങൾ. ഒരിക്കൽ കൂടി ആ കൈയിൽ പിടിച്ചു നടക്കണമെന്ന് മോഹിച്ചിരുന്നു. അമ്പലപ്പറമ്പിലും പാടത്തും കുളക്കടവിലും ഒരിക്കലും കൂടി. മോഹിക്കാൻ മാത്രമേ തനിക്ക് ഭാഗ്യമുള്ളൂ. സ്വപ്നങ്ങളിലൂടെ മാത്രം ഇഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കുന്ന ഒരുപാട് പെണ്ണുങ്ങളിൽ ഒരുവൾ മാത്രമാണ് താനും എന്ന് തോന്നലിൽ ഉള്ളം നീറി പിടഞ്ഞു.
പുറത്തെ പൈപ്പിൽ കാൽ കഴുകി അകത്തേയ്ക്കു നടക്കുമ്പോൾ, ഇളേമ്മയുടെ ചോദ്യം
" കണ്ടോ അവനെ……"
മറുപടി ഒന്നും പറയാതെ വെറുതെ ഇളയമ്മയെ നോക്കി. ദാസേട്ടൻ പോയത് ഇളേമ്മ അറിഞ്ഞു കാണില്ലായിരിക്കും.
" പാവമായിരുന്നു. ഉപകാരിയും.. ക്യാൻസർ ആയിരുന്നു ത്രേ. അവന്റെ അമ്മയ്ക്കും അത് തന്നെ ആയിരുന്നൂലോ.. അറിഞ്ഞപ്പോൾ ഒത്തിരി വൈകി.. "
ഉള്ളിൽ ഒരു അഗ്നിപർവതം പുകഞ്ഞു നീറുകയും തിളച്ചു മറിഞ്ഞ ലാവ പോലെ കണ്ണുനീർ പൊട്ടി ഒലിച്ചൊഴുകാൻ ഒരു ഉറവക്കണ്ണു തിരയുകയും ചെയ്യുന്നു. ബോധം പൂർണമായി നിലയ്ക്കുന്നത് പോലെ. ശ്വാസം വിടാൻ വല്ലാത്തൊരു ബുദ്ധിമുട്ട്. കേട്ടത് ഒന്ന് സത്യമല്ല.. തനിക്കു വെറുതെ ഓരോന്ന് തോന്നുകയാണ്. ഞാൻ വെറുതെ തല കുടഞ്ഞു. കുറച്ചു നിമിഷങ്ങൾക്കപ്പുറം ആകെ മരവിച്ചു ഒന്ന് കരയാൻ പോലും ആകാതെ കസേരയിലേക്ക് വീണു. മേശയിൽ കൈകൾ പിണച്ചു വെച്ചു മുഖം ചേർത്തു കിടക്കുമ്പോൾ കൈയ്യിലിരുന്ന ആമ്പൽ പൂവിൽ കൈവിരലുകൾ കൂടുതൽ ശക്തിയോടെ അമർന്നു.
" അവസാനമായപ്പോൾ ഏതാണ്ട് ഭ്രാന്ത് പോലെ ആയി പോയിരുന്നു ന്നു പറയുന്ന കേട്ടു. ഇവിടെ പലവട്ടം വന്നു, നെന്നെ തിരക്കി. കുഴിമാടമൊക്കെ അവൻ തന്നെയാ കുത്തി വെച്ചേ.. ചുറ്റിനും റോസാച്ചെടികളൊക്കെ വെച്ചു. മരിയ്ക്കണെന്റെ തലേ ദിവസവും ഇവിടെ വന്നിരുന്നു. കൈയിൽ നിറയെ ആമ്പൽ പൂക്കലൊക്കെയായിട്ട്.. ആകെ നനഞ്ഞു. നെന്നെ ഒത്തിരി ഇഷ്ടായിരുന്നു പാവത്തിന്… നിന്റെ അച്ഛനാ….. "
കസേരയിൽ നിന്നും ഒഴുകി നിലത്തേക്ക് വീഴുമ്പോഴും അവളുടെ കൈയിൽ ആ ആമ്പൽപ്പൂ മുറുകെ പിടിച്ചിരുന്നു.
പുറത്ത് മഴ ആർത്തു പെയ്യുകയാണ്. മുറിയ്ക്കുള്ളിൽ കൈകൾ പിണച്ചു മുഖം അമർത്തി കാലുകൾ മടക്കി കിടക്കുമ്പോഴും കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. . കണ്ണിൽ നിന്നും തോരാത്തൊരു മഴ പോലെ കണ്ണുനീർ പെയ്തു കൊണ്ടേയിരിക്കുന്നു. മുന്നിലെ മേശയിൽ വെള്ളം നിറച്ചൊരു സ്ഫടിക കുപ്പിയിൽ ചുവപ്പിൽ നിന്നും വെളുപ്പിലേക്കു നിറം മാറ്റിയൊരു ആമ്പൽ പൂവിരിക്കുന്നു. ചേതനയുടെ കണ്ണുകൾ ആ പൂവിലേക്ക് തന്നെ പതിഞ്ഞിരിക്കുകയാണ്.
" വയ്യാന്നു ഒന്ന് പറഞ്ഞിരുന്നെങ്കിൽ പറന്നു വരില്ലായിരുന്നോ ദാസേട്ടാ ഞാൻ….. അവസാനമായി ഒന്ന് കാണാനെങ്കിലും അനുവാദം തന്നൂടായിരുന്നോ…. "
മഴയുടെ ശബ്ദത്തിനു മീതെ ചേതനയുടെ കരച്ചിലിന്റെ ചീളുകൾ മുറിയിൽ നിറഞ്ഞു നിന്നു. തുറന്നിട്ട ജാലകത്തിലൂടൊരു തണുത്ത പാതിരാകാറ്റ് കൈകൾ നീട്ടി ചേതനയുടെ മുടിയിൽ തൊട്ടു തലോടി. മയങ്ങി പോയൊരു കണ്ണുകളിൽ നിറം മങ്ങിയൊരു സ്വപ്നം ബാക്കിയായി. നിറയെ ആമ്പൽ പൂക്കൾ പൂത്തു നിൽക്കുന്നൊരു കുളത്തിന്റെ പടവിൽ ദാസിന്റെ മടിയിൽ തല ചായ്ച്ചവൾ കിടന്നു. അയാളുടെ കൈകൾ അവളുടെ മുടിയിലൂടെ പരതി നടന്നു. അവൾ ഇനിയൊരിക്കലും ഉണരാൻ ആഗ്രഹിക്കാത്തൊരു മയക്കത്തിലേക്ക് ആഴ്ന്നിറങ്ങി പോയി.
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം.
12-12-2019.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo